ഞങ്ങളുടെ എണ്ണം കുറവായിരിക്കാം, പക്ഷേ രാജ്യം പറയാന്‍ ആഗ്രഹിക്കുന്നത് പാര്‍ലമെന്റില്‍ മുഴങ്ങുന്നുണ്ട്- എ.എ റഹീം അഭിമുഖം

ഞങ്ങളുടെ എണ്ണം കുറവായിരിക്കാം, പക്ഷേ രാജ്യം പറയാന്‍ ആഗ്രഹിക്കുന്നത് പാര്‍ലമെന്റില്‍ മുഴങ്ങുന്നുണ്ട്- എ.എ റഹീം അഭിമുഖം
Q

എം.എ ബേബിക്ക് ശേഷം സി.പി.എം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ അംഗം. സ്ഥാനാര്‍ത്ഥിയാരാണെന്ന് സി.പി.എം പറയുമ്പോഴാണ് പേര് പുറത്ത് വരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നോ?

A

തീര്‍ച്ചയായും. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിന് തൊട്ട് മുമ്പാണ് എന്നെ പാര്‍ട്ടി കേന്ദ്രത്തില്‍ നിന്നും തീരുമാനം അറിയിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു പാര്‍ട്ടി ഈ വലിയ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചത്. വീട്ടില്‍ പോലും അത്തരം സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ രാഷ്ട്രീയജീവിതത്തിലെ വലിയ ഉത്തരവാദിത്തം. അതിലേക്ക് എന്നെ നിയോഗിച്ചുവെന്നത് അഭിമാനകരവും സന്തോഷവുമാണ്. കൂടുതല്‍ വിനീതനാകാനും ഉത്തരവാദിത്ത ബോധമുള്ളവനാകണമെന്ന തിരിച്ചറിവിലേക്ക് എത്താനും ആ നിമിഷം മുതല്‍ തയ്യാറേടുക്കേണ്ടതുണ്ട്. അതിലേക്ക് ഞാന്‍ പ്രാപ്തനാകണമെന്ന ചിന്തയാണ് അതിന് ശേഷമുള്ളത്. നന്നായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ വര്‍ഷങ്ങളാണ് കടന്നു വരാന്‍ പോകുന്നത്. 2025ല്‍ ആര്‍.എസ്.എസിന്റെ രൂപീകരണത്തിന്റെ നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നു. 2024ലെ തെരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ സാഹചര്യങ്ങളും പ്രധാനമാണ്. നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ എത്രയും വേഗം തങ്ങളുടെ തീവ്ര ഹിന്ദുത്വ അജണ്ടകളെല്ലാം നടപ്പിലാക്കണമെന്ന് കരുതുന്ന ഇന്ത്യന്‍ സംഘപരിവാര്‍. വളരെ നിര്‍ണായകമാണ് ഈ കാലമെന്ന് ഏത് ഇന്ത്യക്കാരനും അറിയാം. അത്രയും തീക്ഷണമായ ദിവസങ്ങളില്‍ രാജ്യത്തിന്റെ പരമോന്നതമായ നിയമനിര്‍മ്മാണ സഭയില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഭാഗമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ അസുലഭമായ അവസരമായാണ് കാണുന്നത്. രാജ്യത്തിന് വേണ്ടിയും രാജ്യത്തിന്റെ ഭരണഘടനയുടെ നിലനില്‍പ്പിന് വേണ്ടിയുമുള്ള പോരാട്ടത്തില്‍ നേരിട്ട് പോരാളിയാകാന്‍ കഴിയുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. രാഷ്ട്രീയ വിദ്യാര്‍ത്ഥിയെന്ന നിലയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമെന്ന നിലയിലും അതന്നെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവനാക്കി മാറ്റുന്നു.

Q

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ താങ്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കണ്ടു. ചാനലിലെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തിയും അതിന്റെ ഭാഗമായി. ഇത്തരം അനുഭവങ്ങള്‍ ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് കാണുന്നത്. അല്ലെങ്കില്‍ അതിനെ മറികടക്കുന്നത് എങ്ങനെയാണ്?

A

അവഗണിക്കുക. നമ്മള്‍ നമ്മുടെ വഴിയെ പോകുക. അതൊന്നും ഒരു പ്രതികരണ വിഷയമേയല്ല.നമുക്ക് അപശബ്ദങ്ങളെ മറക്കാം. അപകടകരമായ വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയുമാവാം. അപകടകരമായ രാഷ്ട്രീയത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നതെങ്ങനെയെന്ന് ചിന്തിക്കാം. അക്കാര്യങ്ങളൊക്കെയാണ് ഇപ്പോള്‍ മനസിലുള്ളത്. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമുണ്ട്. രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരിടത്തേക്കാണ് ഞാന്‍ പോകുന്നത്. അപ്പോള്‍ അവിടെ എന്ത് ചെയ്യാന്‍ കഴിയുമെന്നും എങ്ങനെയാണ് എന്നെ അതിനായി രൂപപ്പെടുത്തേണ്ടതെന്നുമാണ് ഞാന്‍ ആലോചിക്കുന്നത്. ഇത്തരം അപശബ്ദങ്ങള്‍ക്ക് കാതുകൊടുക്കാതിരിക്കാം. അതാണ് ഞാന്‍ ചെയ്യുന്നത്. അപശബ്ദങ്ങള്‍ എന്നെ ബാധിക്കുന്ന കാര്യമല്ല. ഇനിയും ബാധിക്കില്ല.

Q

പാര്‍ലമെന്റില്‍ ബി.ജെ.പി കൂടുതല്‍ കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു. പ്രതിപക്ഷത്തിന് അവിടെ എന്താണ് ചെയ്യാന്‍ കഴിയുക. ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി പ്രതികരിക്കാനുള്ള അവസരമാണിതെന്ന് താങ്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയുള്ള പ്രതികരണമാണ് ഈ ഘട്ടത്തില്‍ ആവശ്യം?

A

ഇന്ത്യന്‍ ജനാധിപത്യത്തിന് അതിന്റെതായ കരുത്തുണ്ട്. പാര്‍ലമെന്റിലെ എണ്ണത്തില്‍ നിശ്ചയമായും ബി.ജെ.പിക്ക് മേല്‍കൈയുണ്ട്. പക്ഷേ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയനുസരിച്ച് എണ്ണത്തില്‍ കൂടുതല്‍ പാര്‍ലമെന്റില്‍ ഇരിക്കുന്ന പാര്‍ട്ടി രാജ്യത്തിന്റെയാകെ ശബ്ദമാണെന്ന നിലയില്ല. മറുഭാഗം നോക്കൂ. ചിന്നിച്ചിതറിയ വോട്ടുകള്‍ നോക്കൂ. ബി.ജെ.പിക്ക് ലഭിച്ച ജനപിന്തുണയോടൊപ്പമോ അതിനേക്കാളോ ഉണ്ടാകും. ഇന്ത്യയിലെ നിര്‍ണായകമായ വലിയ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം ഇങ്ങനെയുള്ള സംസ്ഥാനങ്ങളൊക്കെ സംഘപരിവാറിന്റെ അവിടുത്തെ എണ്ണവുമായി എന്തെങ്കിലും ബന്ധമില്ലല്ലോ. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായത് കൊണ്ട് അവര്‍ ഭരിക്കുന്നു. അത് അംഗീകരിക്കുന്നു. ശക്തമായ ഇടപെടലുകള്‍ വേണം. ആയിരം കാതങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രകള്‍ ആദ്യമായി ആരംഭിച്ചത് ചുവടുവെപ്പില്‍ നിന്നാണ്. ഞാന്‍ മാത്രമേയുള്ളു, അല്ലെങ്കില്‍ ഞങ്ങളില്‍ എണ്ണം കുറവാണെന്ന് കരുതി നിശബ്ദമാകാനാകില്ലല്ലോ. അവിടെ ഞങ്ങള്‍ ചെറിയ, ഒറ്റപ്പെട്ട ശബ്ദമായിരിക്കാം. അതാണ് പിന്നീട് മഹാശബ്ദങ്ങളായി മാറി മാറ്റങ്ങള്‍ക്ക് ഊര്‍ജ്ജമായും തുടക്കമായും മാറുന്നത്. ഇടതുപക്ഷത്തിന്റെ അംഗങ്ങളുടെ എണ്ണം രാജ്യസഭയിലും ലോക്‌സഭയിലും ഇപ്പോള്‍ വളരെ കുറവാണ്. ഉള്ളവരുടെ ശബ്ദം രാജ്യം കേള്‍ക്കുന്നുണ്ട്. രാജ്യം പറയാന്‍ ആഗ്രഹിക്കുന്നത് ഇടതുപക്ഷത്തെ ഇപ്പോഴത്തെ അംഗങ്ങളുടെ നാവിലൂടെ പാര്‍ലമെന്റില്‍ പ്രതിഫലിക്കുന്നുണ്ട്. പാര്‍ലമെന്റിലെ ശബ്ദത്തിന് അതുകൊണ്ട് വലിയ പ്രാധാന്യമുണ്ട്. എണ്ണം വെച്ച് അതിനെ വിലയിരുത്തേണ്ടതില്ല.

എണ്ണമെല്ലാം മാറിമറയാന്‍ അധികം സമയം വേണ്ട. എത്രയോ സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ കരുത്ത് കാട്ടിയിട്ടുണ്ട്. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നൊരു കാലമുണ്ടായിരുന്നില്ലേ. യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് തന്നെ ഇന്ദിരാഗാന്ധിക്കും കൂട്ടര്‍ക്ക് ജയിക്കാന്‍ വേണ്ടിയാണെന്നുണ്ടായിരുന്നില്ലേ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇന്ദിരാഗാന്ധി എത്ര ശക്തയായിരുന്നു. അമിതാധികാര പ്രയോഗം അത്രമേല്‍ ശക്തമായി അവര്‍ നടത്തി. പക്ഷേ അടിയന്തരാവസ്ഥയ്ക്ക് ശേഷം എന്ത് സംഭവിച്ചു. ലോകചരിത്രത്തിലും ഇന്ത്യയുടെ ചരിത്രത്തിലും എത്രയോ ഉദാഹരണങ്ങളുണ്ട്. ഇപ്പോഴുള്ള എണ്ണം നീണാള്‍ വാഴും എന്നതിന്റെ തെളിവല്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. അതിശക്തമായ പ്രതിരോധങ്ങളുണ്ടാകും. തിരിച്ചുവരവുകളുണ്ടാകും. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പുണ്ടാകും ഈ രാജ്യത്തെന്നതില്‍ യാതൊരു സംശയവും വേണ്ട. അതിന് കൂടുതല്‍ കൂടുതല്‍ കരുത്ത് പകരാന്‍ പാര്‍ലമെന്റിലെ ഇടപെടലുകള്‍ക്ക് കഴിയും.

Q

ശക്തമായ എതിര്‍ശബ്ദങ്ങള്‍ പാര്‍ലമെന്റില്‍ ഉയരുന്നില്ലെന്ന ആശങ്ക പുറത്തുണ്ട്. ഇതിനെ മറികടക്കാന്‍ കഴിയുമോ

A

നിലവില്‍ രാജ്യസഭയിലും ലോക്‌സഭയിലുമുള്ള ഇടതുപക്ഷത്തിന്റെ എം.പിമാര്‍ ശക്തമായി പ്രതികരിക്കുന്നവരാണ്. സമീപകാലത്ത് രാജ്യസഭയില്‍ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്ന് ജോണ്‍ ബ്രിട്ടാസിന്റെതാണ്. വെങ്കയ്യ നായിഡുവിന് പോലും എടുത്ത് പറയേണ്ടതായി വന്നു. നിയമവ്യവസ്ഥയെ ചൂഴ്ന്ന് നില്‍ക്കുന്ന സാമൂഹ്യനീതിയില്ലായ്മ എത്ര ഗംഭീരമായാണ് അവതരിപ്പിച്ചത്. എളമരം കരീമിന്റെയും ശിവദാസിന്റെയും ഇടപെടലുകള്‍ ഇത്തരത്തില്‍ എടുത്തു പറയേണ്ടതാണ്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള സി.പി.എമ്മിന്റെ ഏക അംഗം ആരിഫ് ശക്തമായി ഇടപെടുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര മികവ് കാണിക്കുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷ് രാജ്യസഭയിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അംഗീകരിക്കപ്പെടുന്നു. ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന അവാര്‍ഡിന് അര്‍ഹനാകുന്നു. അതേസമയം എ.കെ ആന്റണി എത്ര പരിചയ സമ്പന്നനായ രാഷ്ട്രീയ നേതാവാണ്. പാര്‍ലമെന്റിലെ പ്രകടനം എത്ര ദയനീയമായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് സംവിധാനങ്ങളെ തന്ന അപമാനിക്കുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എന്നാണ് തോന്നുന്നത്. ഇതിനെ ഓര്‍ണമെന്റലായിട്ടല്ല ഇടതുപക്ഷത്തെ അംഗങ്ങള്‍ കാണുന്നത്. പ്ലോസ്‌മെന്റായി കാണുന്നവര്‍ അതിനെ ആസ്വാദിക്കും. തന്നെ ഏല്‍പ്പിച്ച ഭാരിച്ച ഉത്തരവാദിത്തമാണെന്ന് കരുതുന്നവര്‍ അത് നിറവേറ്റും. ഞാനുള്‍പ്പെടെ ഇടതുപക്ഷത്തെ അംഗങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റാനാണ് പോകുന്നത്. അത് നിര്‍വഹിക്കും.

G PRAMOD
Q

സി.പി.എം പുതുമുഖങ്ങളെ, യുവാക്കളെ പാര്‍ട്ടി നേതൃത്വത്തിലേക്കും പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്കും പരിഗണിക്കുകയാണല്ലോ. കൃത്യമായ നേതൃമാറ്റമല്ലേ സി.പി.എമ്മില്‍ നടക്കുന്നത്

A

നേതൃമാറ്റമെന്ന് പറയുന്നത് ശരിയല്ല. പരിചയ സമ്പന്നരും പുതിയ തലമുറയും ചേരുന്നതാണ് പാര്‍ട്ടി. കേരളത്തിലെ സി.പി.എം പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് തീരുമാനിച്ചിട്ടുണ്ട. അത് അധികാരത്തിലായാലും പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കായാലും. സ്ത്രീകളും യുവതീ-യുവാക്കളും പാര്‍ശ്വവ്തകരിക്കപ്പെട്ടവരും മുഖ്യധാരയിലേക്ക് വരുന്നതിനുള്ള ഇടപെടല്‍ എല്ലാ കാലത്തും സി.പി.എം നടത്തിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ സഖാവ് സ്വരാജും റിയാസും പി.കെ ബിജുവും പരിചയ സമ്പന്നരായ വി.എന്‍ വാസവന്‍, സജി ചെറിയാനും എത്തുന്നു. പരിചയ സമ്പന്നനും സംഘടനാ വൈഭവുമുള്ള ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടുന്നു. കറക്ട് കോപിനേഷനാണ്. ഇത് പാലിച്ച് പോകുന്നത് ജനങ്ങളും സ്വീകരിക്കുന്നു.

Q

യുവാക്കളെ പരിഗണിക്കുമ്പോഴും സ്ത്രീകള്‍ ഇല്ലെന്ന വിമര്‍ശനമുണ്ട്. സെക്രട്ടറിയേറ്റിലേക്കും സ്ത്രീകളെ പരിഗണിച്ചിരുന്നില്ലല്ലോ

A

ആ പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ സംസ്ഥാന സമിതിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് നിശബ്ദരാകുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിനെക്കുറിച്ച് ധാരണയുള്ളവര്‍ ഇത് മനസിലാക്കും. കേന്ദ്ര കമ്മിറ്റിയിലെയും പി.ബിയിലെയും അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാം. കേരളത്തില്‍ നിന്നും കേന്ദ്ര കമ്മിറ്റിയിലുള്ള പലരും നേരത്തെ സെക്രട്ടറിയേറ്റിലുണ്ടായിരുന്നു. പുതിയ ആളുകള്‍ക്ക് കടന്നു വരാന്‍ വേണ്ടി അവരെ സെക്രട്ടറിയേററില്‍ നിന്നും മാറ്റി. അവര്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായി തുടരുന്നുണ്ട്. ശൈലജ ടീച്ചര്‍ക്കും ജോസഫൈന്‍ സഖാവിനും സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമല്ലോ. അവര്‍ കൂടി ചേര്‍ന്നാണ് ദൈനദിന സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തന്നെയുമല്ല സംസ്ഥാന കമ്മിറ്റിയിലും സ്ത്രീകളുടെ എണ്ണം കൂടി. പതിനാല് ജില്ലാ സെക്രട്ടറിയേറ്റിലും സ്ത്രീകളുണ്ട്. ലോക്കല്‍ കമ്മിറ്റികളുടെയും ബ്രാഞ്ചുകളുടെയും സെക്രട്ടറിമാരായും സ്ത്രീകളുണ്ട്. ഇതില്‍ പുതിയ തലമുറയില്‍പ്പെട്ടവരുണ്ട്. ചലനാത്മകമായ മാറ്റമാണ് ഈ രംഗത്തുണ്ടാകുന്നത്. ലിംഗസമത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് സി.പി.എം മാത്രമാണ്. മറ്റൊരു പാര്‍ട്ടിക്കും അത് സാധിക്കില്ല.

Q

കര്‍ഷക സമരം, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഇതെല്ലാം നടക്കുമ്പോള്‍ ബി.ജെ.പി അധികാരത്തിന് പുറത്തേക്ക് പോകാനുള്ള രാഷ്ട്രീയ സാഹചര്യം ഒരുങ്ങുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ഷക സമരം ഉഴുതുമറച്ച പ്രധാന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. അവിടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാകുമ്പോള്‍ വിദൂര ഭാവിയില്‍ പോലും ബി.ജെ.പി ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തില്ലെന്ന് വേണോ കരുതാന്‍?

A

ഒരിക്കലുമല്ല. അഖിലേഷ് യാദവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധിക്കണം. യു.പി പോലൊരു സംസ്ഥാനത്ത് നിന്ന് ബി.ജെ.പിയിലെ മന്ത്രിമാര്‍ വരെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് നമ്മള്‍ കണ്ടു. അതൊന്നും ചെറിയ മാറ്റമല്ല. കര്‍ഷക സമരം യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നതും ബി.ജെ.പി കൂടുതല്‍ ശക്തിപ്പെടുകയാണെന്നുമുള്ള നരേഷന്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ബി.ജെ.പിക്ക് എന്തുകൊണ്ടാണ് പഞ്ചാബില്‍ നേട്ടമുണ്ടാക്കാനാകാത്തത്. യു.പിയിലെ പല മണ്ഡലങ്ങളിലും ബി.ജെ.പി ചെറിയ വോട്ടിനാണ് വിജയിച്ചത്. മതേതര പാര്‍ട്ടികള്‍ ഒറ്റയ്ക്ക് നേടിയ വോട്ടുകള്‍ നോക്കണം. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന പൊതുബോധമാണ് 2024ല്‍ ഈസി വാക്കോവറിലൂടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നത്. അത് പൂര്‍ണമായും തെറ്റാണ്.

Related Stories

No stories found.
logo
The Cue
www.thecue.in