അക്കാദമിക സ്ഥാപനങ്ങളിലേയ്ക്ക് നീങ്ങുന്ന നീരാളിക്കൈകള്‍

അക്കാദമിക സ്ഥാപനങ്ങളിലേയ്ക്ക് നീങ്ങുന്ന നീരാളിക്കൈകള്‍

ഒരു രാജ്യത്തിലെ ഭരണകൂടം അതിനുള്ളിലെ സര്‍വ്വകലാശാലകളിലെയോ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ അക്കാദമികമായ സ്വാതന്ത്ര്യത്തിനുമേല്‍ ഇടപെടുന്നത് വിദ്യാഭ്യാസമേഖലയുടെ സ്വതന്ത്രമായ വികാസത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ക്ക് തീരെ നിരക്കുന്ന ഒന്നല്ല. എന്നാല്‍ അതിനുമപ്പുറം മറ്റൊരു രാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണസ്ഥാപനം നടത്തുന്ന ഏതെങ്കിലും പരിപാടിയില്‍ ഇടപെടുകയും, തങ്ങള്‍ ആവശ്യപ്പെട്ട രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് അങ്ങേയറ്റം അനാശാസ്യമാണ് എന്നതോടൊപ്പം, അക്കാദമിക സ്വാതന്ത്ര്യത്തെ ആഗോളതലത്തില്‍ തന്നെ വെല്ലുവിളിക്കുന്ന ഒന്നു കൂടിയാണ് എന്ന് കാണാം.

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായുള്ള 'ഓസ്‌ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്' എന്ന സ്ഥാപനത്തിലെ 16 ഗവേഷകപ്രതിഭകള്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം ആ സ്ഥാപനത്തില്‍ നിന്ന് കൂട്ടമായി രാജി വയ്ക്കുകയുണ്ടായി. ആ രാജ്യത്തിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്തുത സ്ഥാപനത്തിന്റെ അക്കാദമിക സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന കാരണത്താലായിരുന്നു ഈ കൂട്ടരാജി. അക്കാദമിക സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രസ്തുത സ്ഥാപനം മാത്രമല്ല, അതിനു സഹായകരമായ നിലപാടുകള്‍ കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്ന മെല്‍ബണ്‍ സര്‍വ്വകലാശാല അടക്കം ഇക്കാര്യത്തില്‍ എങ്ങനെ പിന്നോട്ട് പോയി എന്നും അവര്‍ തങ്ങളുടെ പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചു കൊണ്ടിരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുനതിന്റെ ഭാഗമായി 2008ല്‍ സ്ഥാപിതമായ അക്കാദമിക് സ്ഥാപനമാണ് ഓസ്‌ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. ഓസ്‌ട്രേലിയയിലെ ഒരു പൊതുസര്‍വ്വകലാശാലയായ മെല്‍ബണ്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെയും, വിക്ടോറിയ സ്റ്റേറ്റ് ഭരണകൂടത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കെവിന്‍ റഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ ഭരണത്തില്‍ നിന്ന് ലഭിച്ച നല്ല രീതിയിലുള്ള സാമ്പത്തിക പിന്തുണയാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന് പിന്നില്‍ ഉണ്ടായിരുന്നത്.

ബ്ലോം ഹാന്‍സന്‍
ബ്ലോം ഹാന്‍സന്‍

ഈ സ്ഥാപനം, 2019ല്‍ പൊതുജനങ്ങള്‍ക്കു കൂടി പങ്കെടുക്കാവുന്ന രീതിയില്‍ നടത്താനിരുന്ന ഒരു സെമിനാറിലെ വിഷയവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെട്ടതാണ് അക്കാദമിക് സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമായി വ്യാഖ്യാനിക്കപ്പെട്ടത്. 'ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെ ഹിന്ദു ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍' ചര്‍ച്ച ചെയ്യുന്ന ഒരു പ്രമേയത്തെ ആധാരമാക്കിയ ആ സെമിനാറില്‍ ഡാനിഷ് നരവംശശാസ്ത്രജ്ഞനും സ്ടാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നരവംശശാസ്ത്ര വകുപ്പ് അധ്യാപകനും, 'The Saffron Wave: Democracy and Hindu Nationalism in Modern India' എന്ന കൃതിയുള്‍പ്പടെ നിരവധി ശ്രദ്ധേയങ്ങളായ രചനകളും നടത്തിയിട്ടുള്ള തോമസ് ബ്ലോം ഹാന്‍സന്‍ ആണ് പ്രഭാഷണം നടത്താനായി ക്ഷണിക്കപ്പെട്ടത്. എന്നാല്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപെടുകയും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഒരു പരിപാടിയില്‍ നിന്ന് സ്വകാര്യമായ ക്ഷണം കിട്ടിയ അതിഥികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നായി അതിനെ ചുരുക്കുകയും ചെയ്തു. പരിപാടിയുടെ തലേന്ന് സ്ഥാപനത്തിന്റെ മേധാവിയായ ക്രെയിഗ് ജഫ്രി, ബ്ലോം ഹാന്‍സനെ വിളിച്ചു പറഞ്ഞത് പ്രസ്തുത വിഷയം 'വളരെ വിവാദസ്വഭാവമുള്ളതാ'യത് കൊണ്ടാണ് ഇങ്ങനെ അത് ചുരുക്കുന്നതെന്നാണ്.

അടുത്തിടെ 'ദ വയര്‍' എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി കരന്‍ ഥാപ്പറുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പരിപാടിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച ക്രെയിഗ് ജഫ്രിയുടെ നിലപാട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എന്ന് വ്യക്തമാണെന്ന് എടുത്തു പറയുകയുണ്ടായി. തികഞ്ഞ ക്ഷമാപണസ്വരത്തിലാണ് ജഫ്രി തന്നോട് സംസാരിച്ചത് എന്ന് ബ്ലോം ഹാന്‍സന്‍ പറയുന്നുണ്ട്. ഒരു പക്ഷെ അത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉയര്‍ന്ന ഏതെങ്കിലും അധികാരിയെ വിളിച്ചായിരിക്കും അവര്‍ പറഞ്ഞിട്ടുണ്ടാകുക എന്നും അതനുസരിച്ചാണ് ജഫ്രി പ്രതികരിച്ചിരിക്കുക എന്നും താന്‍ കരുതുന്നതായി ബ്ലോം ഹാന്‍സന്‍ ചൂണ്ടിക്കാട്ടുന്നു.

ഹാന്‍സന്‍ സൂചിപ്പിച്ച ഒരു കാര്യം, ഈ പ്രഭാഷണത്തിന് രണ്ടു ദിവസം മുന്‍പ് താന്‍ ഇതേ വിഷയത്തില്‍ ഓസ്‌ട്രേലിയയിലെ തന്നെ ഡീക്കിന്‍ സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്തിയിരുന്നുവെന്നതാണ്. ഇതൊരു പക്ഷെ ഇന്ത്യന്‍ കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ കേട്ടിട്ടുണ്ടാകാമെന്നും അതായിരിക്കാം ഇന്‍സ്റ്റിറ്റ്യൂട്ടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്ക് പ്രേരണയായത് എന്നും ഹാന്‍സന്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെയും ഹിംസയുടെയും ഭീഷണി ഇന്ത്യയില്‍ എങ്ങനെ രാഷ്ട്രീയ സമ്മര്‍ദ്ദമായി ഉപയോഗിക്കുന്നുവെന്നതിനെ കുറിച്ചാണ് താന്‍ സംസാരിച്ചത് എന്ന് ഹാന്‍സന്‍ പറയുന്നുണ്ട്. അതായത് ഹിംസ എന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെ പ്രയോഗിക്കപ്പെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അത് ഒരു ന്യൂനപക്ഷ വിരുദ്ധ സ്വഭാവമുള്ളതായി തീര്‍ന്നു എന്നും ഹാന്‍സന്‍ സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്തിന്റെ ഭരണത്തിനും, വിമര്‍ശകരെ നിശ്ശബ്ദരാക്കാനുമുളള ഒരു ഉപകരണമായി ഹിംസ പ്രയോഗിക്കപ്പെടുന്നു.

ഇന്ത്യയിലെ ഹിന്ദു ദേശീയവാദത്തെ കുറിച്ച് നിരവധി വര്‍ഷങ്ങളായി പഠനങ്ങള്‍ നടത്തുകയും, അതുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള ഒരു പണ്ഡിതന്‍ മാത്രമല്ല തോമസ് ബ്ലോം ഹാന്‍സന്‍. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലും, ഒട്ടേറെ സര്‍വ്വകലാശാലകളിലും പ്രഭാഷണം നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. അപ്പോഴൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു അനുഭവമാണ് ഇതെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്.

ഇതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ഗവേഷകര്‍ മാര്‍ച്ച് അവസാനം രാജി സമര്‍പ്പിക്കുന്നത്. രാജിവച്ച ഗവേഷകരില്‍ ഒരാളായ ഇയന്‍ വൂള്‍ഫോര്‍ഡാകട്ടെ ഭോജ്പുരി, മൈഥിലി ഭാഷകളിലുള്ള നാടോടി സംഗീതത്തില്‍ സവിശേഷ ഗ്രാഹ്യം ഉള്ള ഒരു ഹിന്ദി അധ്യാപകനാണ്. അദ്ദേഹം തന്റെ രാജിക്കാര്യം സാമൂഹ്യമാധ്യമം വഴി പരസ്യമാക്കുകയും ചെയ്തു. ''അക്കാദമിക്കുകളെ സംബന്ധിച്ചിടത്തോളം ഒരു സര്‍വ്വകലാശാല എന്ന് പറയുന്നത് ചിന്തിക്കാനും എഴുതാനും വിയോജിക്കാനും അവസരമൊരുക്കുന്ന ഒരിടമാണ്. അവര്‍ക്ക് ഭയത്തിന്റെ ഏതെങ്കിലും ഒരു സാഹചര്യം നേരിടേണ്ടി വരുമ്പോള്‍ പിന്തുണ നല്‍കേണ്ടത് സര്‍വ്വകലാശാലകളുടെ ചുമതലയാണ്. ഇന്ത്യയിലെ എന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഭയത്തിന്റെ ഒരവസ്ഥയെ നേരിടേണ്ടി വരുന്നുവെങ്കിലും സര്‍വ്വകലാശാലകള്‍ പിന്തുണ നല്‍കുന്നില്ല എന്നു മനസ്സിലാകുന്നു. പലര്‍ക്കും ചിന്തിക്കാനോ, എഴുതാനോ, വിയോജിക്കാനോ കഴിയാതെ വരുന്നു....' വൂള്‍ഫോര്‍ഡ് ഒരു സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

ഇന്ത്യയെ കുറിച്ച് ചിന്തിക്കുകയോ, എഴുതുകയോ വിയോജിക്കുകയോ ചെയ്യണമെങ്കില്‍ ഹിന്ദുത്വ വാദികളുടെ സമ്മതപത്രം വാങ്ങണം എന്ന അവസ്ഥ സൃഷ്ടിക്കാന്‍ 'വിശ്വഹിന്ദു'ക്കള്‍ മാത്രമല്ല, ഒരു ജനാധിപത്യ ഭരണകൂടവും ശ്രമിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്.

ആഗോളതലത്തില്‍ തന്നെ അക്കാദമികസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളുടെ ഒരു ചിത്രം വൂള്‍ഫോര്‍ഡിന്റെ വാക്കുകളില്‍ ഉണ്ട്. സര്‍വ്വകലാശാലകള്‍ അക്കാദമിക സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള ശക്തമായ നിലപാടുകള്‍ സ്വീകരിക്കുക മാത്രമാണ് അവരുടെ മുന്നിലുള്ള പോംവഴി എന്ന് വൂള്‍ഫോര്‍ഡ് ഊന്നിപ്പറയുന്നു. മെല്‍ബണ്‍ സര്‍വ്വകലാശാലയെ പോലെ ഒരു സ്ഥാപനം അക്കാദമിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതില്‍ നിന്ന് പിന്‍വലിഞ്ഞു എന്ന് ബ്ലോം ഹാന്‍സനും ചൂണ്ടിക്കാട്ടുന്നു. അതായത് സ്വതന്ത്രമായി 'ചിന്തിക്കാനും എഴുതാനും വിയോജിക്കാനും' സഹായിക്കുന്ന ഒരിടം എന്ന നിലയില്‍ സര്‍വ്വകലാശാലകളുടെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്നു.

സ്വകാര്യ സര്‍വ്വകലാശാലകള്‍ അടക്കം ആധുനികകാലത്ത് പ്രവര്‍ത്തിക്കുന്നത് പലപ്പോഴും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സാമ്പത്തിക സഹായത്തോടെയാകും. ജ്ഞാനോത്പാദന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രസ്തുത സര്‍വ്വകലാശാലകളുടെ സ്വതന്ത്രമായ നിലനില്‍പ്പിനുമേല്‍ ഏതെങ്കിലും രീതിയില്‍ ഈ വ്യക്തികളോ സ്ഥാപനങ്ങളോ ഇടപെടില്ല എന്ന ധാരണ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന മൂല്യമായി കരുതപ്പെടുന്നു. പൊതുപ്പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ ആണെങ്കില്‍ ഈ മൂല്യം ഉയര്‍ത്തിപ്പിടിക്കുക എന്നത് അവരുടെ ഉത്തരവാദിത്തം കൂടിയാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് മെല്‍ബണ്‍ സര്‍വ്വകലാശാലയിലെ അധികാരികള്‍ അക്കാദമികമായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയുന്നത് എന്ന് ബ്ലോം ഹാന്‍സന്‍ അടക്കമുള്ള അക്കാദമിക് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.

'യുനെസ്‌കോ' പോലുള്ള അന്താരഷ്ട്രസ്ഥാപനങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ മേഖലയുടെ അത്യന്താപേക്ഷിതമായ ഒരു ഘടകമായി എടുത്തു പറയുന്ന ഒന്നാണ് അക്കാദമിക സ്വാതന്ത്ര്യത്തിന്റെ കാര്യം. അറിവിന്റെയും, ഗവേഷണത്തിന്റെയും സൂക്ഷ്മതയും വസ്തുനിഷ്ഠതയും നിലനിര്‍ത്താന്‍ അക്കാദമിക സ്വാതന്ത്ര്യമാണ് ഏറ്റവും ശക്തമായ ഉറപ്പു നല്‍കുന്നതെന്നും അത് കൊണ്ട് തന്നെ അത് ഉന്നത വിദ്യാഭ്യാസത്തിന്റെ കാതലായ ഒരു ഭാഗമാണെന്നും ഒരു യുനെസ്‌കോ രേഖ വ്യക്തമായി പറയുന്നു. 'ഉന്നത വിദ്യാഭ്യാസമേഖലയിലെ അദ്ധ്യാപകസമൂഹത്തിന്റെ നില സംബന്ധിച്ച 1997ലെ നിര്‍ദ്ദേശങ്ങള്‍' എന്നറിയപ്പെടുന്ന ഈ രേഖ പുറത്തിറങ്ങിയ ശേഷം കാല്‍ നൂറ്റാണ്ടു കഴിഞ്ഞുവെങ്കിലും അത് ഇപ്പോഴും പ്രസക്തമായിത്തന്നെ തുടരുന്നുവെന്ന് കാണാന്‍ കഴിയും. അധ്യാപകരുടെ തൊഴില്‍പരമായ സുരക്ഷിത്വം അടക്കം ഉറപ്പാക്കണം എന്ന് വ്യക്തമായി പറയുന്ന ഈ രേഖ, അക്കാദമിക സ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം നടത്തുന്ന കയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ടതാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഈ രേഖ പുറത്ത് വന്നു കാല്‍ നൂറ്റാണ്ടിനു ശേഷവും ആഗോളതലത്തില്‍ തന്നെ അക്കാദമികമേഖല നേരിടേണ്ടി വരുന്ന വെല്ലുവിളി എത്രമേല്‍ ആഴത്തിലുള്ളതാണ് എന്ന് വ്യക്തമായി തന്നെ വെളിവാകുന്നുണ്ട്. ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല അടക്കമുള്ള സ്ഥാപനങ്ങളെ തകര്‍ക്കുന്ന നീക്കങ്ങള്‍ പലപ്പോഴും ഭരണാധികാരികളുടെ പിന്തുണയോടെ തന്നെ നടക്കുന്നുവെന്ന് കാണാന്‍ കഴിയും. എന്നാല്‍ ഒരു രാജ്യം മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതും, തങ്ങളുടെ രാഷ്ട്രീയതാല്പര്യത്തിനനുസരിച്ചു പ്രവര്‍ത്തിക്കണം എന്ന് പറയുന്നതും ഒരു പക്ഷെ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇന്ന് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്തുകയോ അധ്യാപനം നടത്തുകയോ ചെയ്യുന്ന പല വിദേശീയ പണ്ഡിതര്‍ക്കും സമാനമായ രീതിയില്‍ ഭീഷണികള്‍ നേരിടേണ്ടി വരുന്നു.

കേരളത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പ് ഒസ്സല്ലെയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത് ഇക്കഴിഞ്ഞ മാസമാണ്. ചരിത്രകാരിയും അധ്യാപികയുമായ ഓഡ്രീ ട്രുഷ്‌കെ രചിച്ച 'Aurangzeb: The Man and the Myth' എന്ന കൃതിയുടെ പേരില്‍ വിമര്‍ശനത്തോടൊപ്പം വലിയ സാമൂഹ്യ മാധ്യമ ആക്രമണമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. അമേരിക്കന്‍ ചരിത്രകാരിയായ വെണ്ടി ഡോനിഗേര്‍ രചിച്ച 'The Hindus: An Alternative History' എന്ന രചനയുടെ പേരില്‍ അവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവന്നുവെന്ന് മാത്രമല്ല, പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് ആ കൃതി പിന്‍വലിക്കുന്ന നടപടിയിലേക്ക് നീങ്ങുക പോലുമുണ്ടായി. ഇന്ത്യയെ കുറിച്ച് ചിന്തിക്കുകയോ, എഴുതുകയോ വിയോജിക്കുകയോ ചെയ്യണമെങ്കില്‍ ഹിന്ദുത്വ വാദികളുടെ സമ്മതപത്രം വാങ്ങണം എന്ന അവസ്ഥ സൃഷ്ടിക്കാന്‍ 'വിശ്വഹിന്ദു'ക്കള്‍ മാത്രമല്ല, ഒരു ജനാധിപത്യ ഭരണകൂടവും ശ്രമിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in