ഇന്ത്യ - കാനഡ ശീതയുദ്ധം എന്താണ് സംഭവിക്കുന്നത് ?

ഇന്ത്യ - കാനഡ ശീതയുദ്ധം
 

എന്താണ് 
സംഭവിക്കുന്നത് ?
Summary

ഇന്ന് വാർത്ത മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഒരു കാര്യമാണ് ഇന്ത്യയും കാനഡയും തമ്മിൽ വഷളായ ബന്ധം. ഇതിന്റെ സൂചനകൾ ജി 20 ഉച്ചകോടിയിൽ തന്നെ വ്യക്തമായി ലഭിച്ചിരുന്നെങ്കിലും ഇന്നാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. കാനഡ സർക്കാർ ഇന്ത്യൻ പ്രതിനിധിയെ പുറത്താക്കുകയും രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യ ഇവിടെയുള്ള കനേഡിയൻ പ്രതിനിധിയോടു രാജ്യം വിടാൻ കല്പിച്ചു. എന്താണ് ഇതിനു കാരണം ? ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സമയമാണ് ഇപ്പോൾ. അതിനു കാനഡയിലെ രാഷ്ട്രീയത്തിലെ ചില അന്തർ നാടകങ്ങൾക്ക് വലിയ പങ്കുണ്ട്.

കുറച്ചു നാളുകൾക്ക് മുൻപ് ഖാലിസ്ഥാനി തീവ്രവാദിയായ ഹർദീപ് സിങ് നിജ്ജാറിനെ അജ്ഞാത സംഘം കാനഡയിൽ വച്ച് കൊലപ്പെടുത്തുകയുണ്ടായി. ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ പ്രതിനിധിയെ പുറത്താക്കിയത്. ഇന്ത്യയുടെ രഹസ്യ അന്വേഷണ ഏജൻസിയുടെ ഏജെന്റുകൾക്ക് പങ്കുണ്ടെന്നാണ് കാനഡ വാദിക്കുന്നത്. എന്നാൽ ഇതിനെ ഇന്ത്യ തള്ളി പറഞ്ഞു.

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലം മുതലേ സിഖ് വംശജർ കുടിയേറിയ സ്ഥലമാണ് കാനഡ. ഇപ്പോഴും അവിടുത്തെ പ്രബലമായ സമുദായമാണ് സിഖ് സമുദായം. പല കാലങ്ങളിലായി അങ്ങോട്ട് കുടിയേറിയ സിഖുകാരാണ് ഗദ്ദർ പാർട്ടിയുടെ നട്ടെല്ല്. സ്വാതന്ത്ര്യ സമര കാലത്ത് ഗദ്ദർ പാർട്ടിയുടെ വിപ്ലവ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും കാനഡയിലെ സിഖുകാർ നൽകിയിരുന്നു. കാനഡ സിഖുകാരുടെ 'അമ്മവീട് പോലെയാണ് എന്ന് തമാശ രൂപേണ പലരും പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഈ കുടിയേറ്റം തുടർന്നു. പഞ്ചാബ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പല നേതാക്കളും കാനഡയിൽ നിന്ന് തിരിച്ചു വന്നവർ ആയിരുന്നു. ഖാലിസ്ഥാൻ ഭീകരവാദികൾ കൊലപ്പെടുത്തിയ സിപിഐ നേതാവായ ദർശൻ സിംഗിന്റെ പേരിനൊപ്പം കാനഡ ചേർത്ത് ദർശൻ സിങ് കനേഡിയൻ എന്ന് വിളിച്ചിരുന്നതും അദ്ദേഹത്തിന്റെ കനേഡിയൻ ജീവിതവും ബന്ധവും കൊണ്ടാണ്.

ഗദ്ദർ പാർട്ടിയുടെ ശോഷണവും പിന്നീട് ഉയർന്നു വന്ന അകാലി രാഷ്ട്രീയത്തിനും കാനഡയിലുള്ള മധ്യവർഗ്ഗ, സമ്പന്നരുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ വലിയൊരു ശതമാനം കനേഡിയൻ സിഖുകാർ ഇടതുപക്ഷ പുരോഗമനവാദികളായിരുന്നു എന്നുള്ള യാഥാർഥ്യം പറഞ്ഞെ പറ്റൂ. ഇന്ത്യയിൽ ഖാലിസ്ഥാൻ ആശയങ്ങൾക്ക് വലിയ തിരിച്ചടി ഉണ്ടായതോടെ അനേകം ഖാലിസ്ഥാൻ അനുകൂലികൾ കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. കാനഡയിലും ഇന്ത്യയിലും ഇന്നും ഖാലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ നൽകുന്നത് കാനഡയിലും മറ്റും സ്ഥിരതാമസമാക്കിയ ഖാലിസ്ഥാനികളാണ്. ഇത്തരത്തിലുള്ള പല സംഘടനകളെയും ഇന്ത്യ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിട്ടുണ്ടെങ്കിലും പലർക്കും കാനഡയിൽ സ്വൈര്യ വിഹാരമാണ്. ഒരു വലിയ വോട്ട് ബാങ്കായി ഖാലിസ്ഥാനികൾ കാനഡയിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് വളരെ പെട്ടെന്ന് സംഭവിച്ച കാര്യമല്ല. എങ്കിലും ഇപ്പോൾ കനേഡിയൻ സർക്കാരിനെ ഇത്രമേൽ അവർ നിയന്ത്രിക്കുന്നത് ശുഭകരമല്ല. പ്രത്യേകിച്ച് കാനഡയിലേക്ക് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം വർധിച്ചു വരുന്ന സമയത്ത്.

2022 ൽ ട്രൂഡോ തന്റെ രാഷ്ട്രീയ എതിരാളിയായ ജഗമീത് സിംഗിന്റെ ന്യൂ ഡെമോക്രറ്റിക് പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ടു. ഇനി മൂന്ന് കൊല്ലത്തെ കാലാവധി തികയ്ക്കണമെങ്കിൽ ലിബറൽ പാർട്ടിയ്ക്ക് എൻ.ഡി.പിയുടെ പിന്തുണ ആവശ്യമാണ്.

എത്രത്തോളമാണ് ട്രൂഡോയുടെ ലിബറൽ പാർട്ടിയെ ഖാലിസ്ഥാനികൾക്ക് സ്വാധീനിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്ന് പരിശോധിക്കാം.

2018 ൽ കനേഡിയൻ സർക്കാർ പുറത്തിറക്കിയ Public Report on Terrorist Threat to Canada എന്ന റിപ്പോർട്ടിൽ ആദ്യമായി ഖാലിസ്ഥാൻ ഭീകരവാദത്തെ കുറിച്ച് പരാമർശം ഉണ്ടായി. എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. സർറിയിൽ നടന്ന ബൈസാഖി ആഘോഷത്തിൽ ലിബറൽ പാർട്ടിയുടെ ഒരു നേതാവിനെയും അഭിസംബോധന ചെയ്യാൻ സമ്മതിക്കില്ല എന്ന് സംഘാടകർ തീരുമാനിച്ചതും നിരവധി ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയതും ട്രൂഡോയെ വല്ലാതെ ഭയപ്പെടുത്തി. റിപ്പോർട്ട് പരിഷ്കരിച്ചു ഖാലിസ്ഥാൻ പരാമർശം പിൻവലിക്കുകയും പുതിയ റിപ്പോർട്ട് 2019 ൽ പ്രസദ്ധീകരിക്കുകയും ചെയ്തു. 2022 ൽ ട്രൂഡോ തന്റെ രാഷ്ട്രീയ എതിരാളിയായ ജഗമീത് സിംഗിന്റെ ന്യൂ ഡെമോക്രറ്റിക് പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ടു. ഇനി മൂന്ന് കൊല്ലത്തെ കാലാവധി തികയ്ക്കണമെങ്കിൽ ലിബറൽ പാർട്ടിയ്ക്ക് എൻ.ഡി.പിയുടെ പിന്തുണ ആവശ്യമാണ്. കാനഡയിൽ ഖാലിസ്ഥാൻ ഹിതപരിശോധന വേണമെന്നും അത് അന്താരാഷ്ട്ര തലത്തിൽ സിഖുകാരുടെ അവകാശവുമാണെന്നും പരസ്യമായി വാദിച്ച രാഷ്ട്രീയ പാർട്ടിയാണ് എൻ.ഡി.പി.

ട്രൂഡോ ഇന്ത്യയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ സർറിയിലും വാൻകോറിലും എൻ.ഡി.പി ഖാലിസ്ഥാൻ അനുകൂല പരിപാടികൾ നടത്തുകയും ഇന്ത്യൻ സർക്കാർ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവ് ഗുരുപത്വന്ത് സിങ് പന്നും പങ്കെടുത്തു. ഇയാൾ മോദിയെയും അമിത് ഷായെയും അജിത് ഡോവലിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്നു ഒക്ടോബറിൽ ഇന്ത്യയുമായി നടക്കേണ്ട ഒരു വ്യാപാര ചർച്ച കനേഡിയൻ സർക്കാർ റദ്ദാക്കി

ജി 20 ഉച്ചകോടിയിൽ കാനഡയിൽ വളർന്ന് വരുന്ന ഖാലിസ്ഥാൻവാദികളെ കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലിമെന്റിൽ പറഞ്ഞത് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് നരേന്ദ്രമോദിയുമായി ഉച്ചകോടിയിൽ സംസാരിച്ചുവെന്നാണ്. ഇന്ത്യൻ സർക്കാർ ഇടപെടൽ ഉണ്ടെങ്കിൽ അത് ശരിയല്ല എന്നും അന്വേഷണത്തിൽ ഇന്ത്യയുടെ പൂർണ സഹകരണം താൻ തേടിയെന്നുമാണ് ട്രൂഡോ പറഞ്ഞത്.

ഇപ്പോൾ സംഭവിക്കുന്ന വിഷയങ്ങളെ ഒരു ജിയോ പൊളിറ്റിക്കൽ ചട്ടക്കൂടിൽ വായിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യ നേരിടേണ്ടി വരുന്നതായ ചില പ്രശ്നങ്ങൾ ഉണ്ട്. പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ ഇന്ത്യ മനസിലാക്കേണ്ട അതിപുലരി നയതന്ത്രത്തെ വായിക്കുന്നവർ മനസിലാക്കേണ്ട കാര്യമുണ്ട്.

ട്രൂഡോ ഈ വിഷയം ജോ ബൈഡനുമായും യു. കെ പ്രധാനമന്ത്രി ഋഷി സൂനക്കുമായും ചർച്ച ചെയ്തു. വിഷയത്തിൽ ഒരു സമവായ നിലപാടിനേക്കാൾ കാനഡയെ തഴുകുന്ന നിലപാടാണ് ഈ രാജ്യങ്ങൾ സ്വീകരിച്ചത്. യു.എസ്.എ, യു.കെ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ കാനഡയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജസ്റ്റിൻ ട്രൂഡോയുടെ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കാനഡയുടെ അന്വേഷണങ്ങൾ നല്ല രീതിയിൽ നടന്നു കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നുമാണ് വൈറ്റ് ഹൌസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഔദ്യോദിക വക്താവായ അഡ്രിയെന്നെ വാട്സൺ പറഞ്ഞത്. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചുവെന്നാണ് ഓസ്‌ട്രേലിയ അറിയിച്ചത്.

ഓസ്‌ട്രേലിയ, യു.കെ , ന്യൂസിലാൻഡ്, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഫൈവ് ഐസ് അലയൻസ് സഖ്യം ഒരു പൊതുനിലപാട് ഇറക്കണം എന്ന് കാനഡ ആവശ്യപ്പെട്ടെങ്കിലും അംഗ രാജ്യങ്ങൾ തയാറായില്ല. ഏറെ പുകഴ്ത്തലുകൾ നേടിയ യു.എസ് - ഇന്ത്യ സൈനിക കരാറും , ജി ട്വൻറിയിൽ വച്ച് അംഗീകരിച്ച ഇരുകക്ഷി കരാറിന്റെയും പശ്ചാത്തലത്തിൽ യു.എസ്.എ ഒരു നിഷ്പക്ഷ നിലപാടെങ്കിലും സ്വീകരിക്കുമെന്നാണ് പലരും കരുതിയത്. സമാനമായ ഒരു നിലപാട് ഇന്ത്യൻ വംശജനായ ഋഷി സുനാകിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മോദിയെ ബോസ് എന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ്. എന്നാൽ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ താൻ അങ്ങനെ പറഞ്ഞത് പ്രസ്‌തുത പരിപാടിയിലെ കാണികളെ ആവേശത്തിലാക്കാൻ വേണ്ടിയിട്ടാണ് എന്ന് പത്രപ്രവർത്തകരോട് പറയുകയുണ്ടായി.

ചൈനയെ നേരിടാൻ ഉള്ള ആയുധമാണ് ഇന്ത്യ എന്ന ചിന്തയിലാണ് ഫൈവ് ഐസ് രാജ്യങ്ങൾ തങ്ങളുടെ നയതന്ത്രങ്ങളെ രൂപപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യ തങ്ങളോട് മുഖം തിരിക്കുമെന്ന് തോന്നിയാൽ സുപ്രധാന കാര്യങ്ങളിൽ ഇന്ത്യയെ ഒറ്റപ്പെടുത്താൻ മടിക്കില്ല എന്ന് അവർ വ്യക്തമാക്കുകയാണ് പുതിയ നിലപാടുകളിലൂടെ. എന്നാൽ ഇന്ത്യയെ പരിപൂർണമായി സമകാലിക ആഗോള രാഷ്ട്രീയത്തിൽ തള്ളി പറയാൻ ഇവർ തയ്യാറാകില്ല.

യു.കെ യിൽ അടക്കം തങ്ങൾക്ക് സുരക്ഷയേർപ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ചു ഖാലിസ്ഥാനി സംഘടനകൾ പ്രകടനങ്ങൾ നടത്തുന്നുണ്ട്. വീണു കിട്ടിയ അവസരം ഉപയോഗിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തമാക്കാനും തങ്ങളുടെ ആവശ്യങ്ങളെ സ്വാഭാവികവത്കരിക്കാനുമാണ് ഇവരുടെ ശ്രമം. ഇന്ത്യൻ എംബസികളെയും ഉദ്യോഗസ്ഥരെയും ആക്രമിക്കാനുള്ള പ്രവണതകൾ ഈയിടെയായി വർധിച്ചു വരുന്നുണ്ട്. ഇതിനെ ശക്തമായി ചെറുക്കാൻ യു. കെ അടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കാത്തത് ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

നിലവിൽ ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ എന്നത് കൊണ്ട് ഈ പ്രശ്നങ്ങൾക്ക് വേഗം തന്നെ ഒരു പരിഹാരം കാണേണ്ടതുണ്ട്. ഇന്ത്യയുടെ പതിനെട്ടാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യം കാനഡയാണ്. 3306 മില്യൺ ഡോളറാണ് നിക്ഷേപമായി കഴിഞ്ഞ ഇരുപത്തി മൂന്നു കൊല്ലത്തിൽ കാനഡയിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ കൊല്ലം ഇന്ത്യയുടെ ഒൻപതാമത്തെ വലിയ കച്ചവട പങ്കാളിയാണ് കാനഡ. അറുനൂറോളം കനേഡിയൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം ആയിരത്തോളം കനേഡിയൻ കമ്പനികൾക്ക് ഇന്ത്യൻ കമ്പോളത്തിൽ ബിസിനസ്സ് ഉണ്ട്. ഇന്ത്യയിൽ നിന്ന് മരുന്നുകൾ, രത്നങ്ങൾ, ആഭരണങ്ങൾ തുണികൾ എന്നിവ കാനഡയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവിടെ നിന്ന് ടിംബർ, പേപ്പർ, മൈനിങ് പ്രൊഡക്ടുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നു.

നിലവിലെ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഈ വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യ കണക്ക് കൂട്ടുന്നത്. ബന്ധം വഷളാകുന്നത് കാനഡയ്ക്കും ഗുണകരമല്ല. ഇപ്പോൾ ഇന്ത്യ വിദേശകാര്യ മന്ത്രാലയം കാനഡയിലുള്ള ഇന്ത്യക്കാരോടും അങ്ങോട്ട് യാത്ര ചെയ്യുന്നവരോടും ജാഗ്രത പുലർത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്.

വാട്സ്ആപ് യൂണിവേഴ്‌സിറ്റികൾ അടച്ചു പൂട്ടണം

പൊതുവെ മോദി അനുകൂല നയങ്ങൾ പുലർത്തുന്ന ഒബ്സർവേർ റീസേർച്ച് ഫൗണ്ടേഷൻ ( ഇതിന്റെ തലവൻ എസ് ജയശങ്കറിന്റെ മകൻ ആണ് ) അതിലെ മുൻ ഫെല്ലോ ആയിരുന്ന ശശാങ്ക് അടക്കമുള്ളവർ പറയുന്നത് കാനഡ ആരോപിക്കുന്ന ഇന്ത്യയുടെ പങ്ക് തെളിയിക്കാൻ വേണ്ട തെളിവുകൾ ഒന്നും തന്നെ ട്രൂഡോയുടെ കൈയിൽ ഇല്ല എന്നാണ്. അത് കൊണ്ട് തന്നെ കാനഡയുടെ ക്രെഡിബിലിറ്റി സംശയ നിഴലിലാണ് എന്നാണ്.

പക്ഷെ വാട്സാപ്പ് യുണിവേസിറ്റി റീസേർച്ച് വിദ്യാർഥികൾ ഇസ്രായേൽ മോഡലിൽ ഇന്ത്യ നിജ്ജാറിനെ വധിച്ചു എന്ന് പറഞ്ഞു ആഹ്ലാദം കൊള്ളുന്നുണ്ട്. ഇന്ത്യയുടെ രൂപവും ഭാവവും മാറി ഇസ്രയേലിനെ പോലെയായി എന്നൊക്കെ ട്വിറ്ററിലും മറ്റും ആഘോഷിക്കുന്നുണ്ട്. ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ നിഷേധിക്കുന്ന കാര്യം ഇവിടെ ഭരണ കക്ഷിയുടെ അനുകൂലികൾ നേരെ മറിച്ചാക്കി ആഘോഷിക്കുന്നത് മറ്റു രാജ്യങ്ങൾ കാണുക വേറെ രീതിയിലാണ്. തിരഞ്ഞെടുപ്പിന്റെ മറ്റോ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയാണ് നിജ്ജാറിനെ വകവരുത്തിയത് എന്നും അത് ബിജെപിയുടെ മികവിന്റെ തെളിവാണെന്നും ആഘോഷിക്കപ്പെട്ടാൽ അതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും.

ഇന്ത്യ മുൻ കാലങ്ങളിൽ റോ ( Research and Analysis Wing ) ഏജെന്റുകളെ ഉപയോഗിച്ച് ഓപ്പറേഷനുകൾ നടത്താറുണ്ട്. മൊറാർജി ദേശായിയുടെ വിഡ്ഢിത്തം കൊണ്ട് ഓപ്പറേഷൻ കാഹൂത്ത പരാജയപ്പെട്ട് ധാരാളം പേരെ പാകിസ്ഥാൻ പട്ടാളം കൊന്നത് മാറ്റി നിർത്തിയാൽ പല ഓപ്പറേഷൻസും വിജയകരമായി റോ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ കാനഡ പോലെയുള്ള രാജ്യത്തിൻറെ പരമാധികാരത്തെ ലംഘിച്ചു എന്ന ആരോപണം ഇന്ത്യയുടെ സുഹൃത്തുക്കളിൽ തന്നെ ആശങ്കകൾ ഉണ്ടാക്കും. കുൽഭൂഷൺ യാദവിന്റെ കേസിൽ അടക്കം ചിലപ്പോൾ അതിന്റെ സ്വാധീനം ഉണ്ടായേക്കാം. നിജ്ജാറിന്റെ കൊലപാതകത്തിൽ റോയ്‌ക്കോ അല്ലെങ്കിൽ ഇന്ത്യൻ ഇന്റലിജൻസിനോ പങ്കുണ്ടെങ്കിൽ വാട്സ്ആപ് യുണിവേഴ്സ്റ്റിറ്റികാർ അത് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടരുത് എന്നാണ് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം.

കാലങ്ങളായി തുടരുന്ന ഇന്ത്യയുടെ നയം പ്രകാരം യുദ്ധത്തിന്റെ സാഹചര്യത്തിൽ അല്ലാതെ മറ്റൊരു രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുകയോ മൊസാദ് നടത്തുന്ന പോലെ കൊലകളും മറ്റും നടത്തുകയും ചെയ്യില്ല. ഈ നിലപാട് ഇന്ത്യയ്ക്ക് നൽകുന്ന മേൽ കൈ വളരെ വലുതാണ്. അത് കൊണ്ട് തന്നെ നിജ്ജാറിന്റെ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ അംഗീകരിച്ച് പോകുന്നതാണ് അനുയോജ്യം. ഇന്ത്യയുടെ നിലപാടാണ് ശരിയും.

( ഡൽഹി യുണിവേഴ്സ്റ്റിറ്റിയിൽ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം )

Related Stories

No stories found.
logo
The Cue
www.thecue.in