ജനാധിപത്യത്തിന്റെയല്ല തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഷ, രാജഭരണത്തിലെ വിധേയത്വത്തിന്റെയാണ് : ഡോ ടി എസ് ശ്യാം കുമാർ

ജനാധിപത്യത്തിന്റെയല്ല തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഷ, രാജഭരണത്തിലെ വിധേയത്വത്തിന്റെയാണ് : ഡോ ടി എസ് ശ്യാം കുമാർ

ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസിൽ വിനീത വിധേയത്വമാണ് കാണാൻ കഴിയുന്നത്. അതിന്റെ ഭാഷ 19,20 നൂറ്റാണ്ടുകളിൽ തിരുവിതാംകൂർ രാജാക്കന്മാർക്ക് സമർപ്പിക്കുന്ന അപേക്ഷകളിൽ കാണുന്ന അതെ വിധേയത്വത്തിന്റെ ഭാഷയാണ്. ജനാധിപത്യത്തിന്റേതായ ഒരു ഭാഷയും ആ നോട്ടീസിൽ ഇല്ല. കേരളത്തിൽ നിലനിൽക്കുന്ന ജാതീയതയുടെ കടുത്ത തിരയിളക്കം തന്നെയാണ് ഈ തമ്പുരാട്ടി വിളികളിൽ നമ്മൾ ഇപ്പോഴും കൊണ്ട് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തെ ബ്രാഹ്മണ അധിനിവേശത്തിന് കീഴ്പെടുത്തുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം .

ഇപ്പോൾ ഇതിൽ പുണ്യ ശ്ലോകന്മാരെന്നും ധന്യാത്മകൻ എന്നും അഭിസംബോധന ചെയ്ത ചിത്തിര തിരുനാളും ഹെർ ഹൈനസ്സ്മാരും ഒന്നും കേരള സമൂഹത്തിനോ, ജനാധിപത്യ കേരളത്തിനോ യാതൊരു സംഭാവനകളും നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം .

കേരളത്തിൽ പപ്പടം വറുക്കാൻ പോലും താഴ്ന്ന സമുദായങ്ങളെ ഈ തിരുവതാംകൂർ രാജാക്കന്മാർ സമ്മതിച്ചിട്ടില്ല , വെള്ള വസ്ത്രം ധരിക്കാൻ പറ്റില്ല , ഇനി ഉടുക്കണമെങ്കിൽ ചെളിയിൽ മുക്കിയെ ഉടുക്കാൻ പാടുള്ളു , ഒരു പശുവുണ്ടെങ്കിൽ അതിന്റെ പാൽ കുടിക്കാൻ പോലും പാടില്ല, ഇങ്ങനെ കൊള്ള നടത്തിയ രാജ കുടുംബത്തെയാണ് ഇപ്പോൾ ഈ രീതിയിൽ ചിത്രീകരിക്കുന്നത് . ജനക്ഷേമപരമായ പ്രവർത്തനങ്ങൾ ചെയ്‌തെന്നാണ് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ നോട്ടീസിൽ പറയുന്നത്. എന്താണ് ആ ജനക്ഷേമ പ്രവർത്തനങ്ങൾ ?

കോടതികൾ നിർമ്മിച്ചതും ആശുപത്രികൾ നിർമ്മിച്ചതും കൊളോണിയൽ ഭരണത്തിൽ വഴങ്ങിയാണ് അല്ലാതെ സ്വന്തം ഇഷ്ട പ്രകാരം അല്ല .

ഇവർ ധർമ്മരാജ്യം എന്നാണ് പറയുന്നത് , വർണ്ണാശ്രമ ധർമത്തിന് കീഴ്‌പെട്ട് സനാതന വർണ്ണാശ്രമത്തിന് അനുസരിച്ച് രാജ ഭരണം നടപ്പിലാക്കിയ കുടുംബമാണത് .

ക്ഷേത്ര പ്രവേശന വിളംബരം ഇവരുടെ ഒരു ഔദാര്യമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് , എന്നാൽ ആരുടേയും ഔദാര്യമല്ല മഹാത്മാ അയ്യങ്കാളിയെ പോലെയുള്ളവർ വലിയ സമരം നടത്തിയിട്ടാണ് അത് നേടിയെടുത്തത്. ഈഴവ സമുദായത്തിന്റെ നേതൃത്വത്തിൽ അന്ന് വലിയ സമരങ്ങൾ നടന്നിരുന്നു .ആ സമരങ്ങളൊക്കെയും ക്ഷേത്രത്തിൽ കയറാൻ വേണ്ടി മാത്രമായിരുന്നില്ല, പകരം തങ്ങൾ തുല്യ ശരീരം ഉള്ളവരാണ് എന്ന് ബോധ്യപ്പെടുത്താൻ കൂടിയായിരുന്നു. തുല്യതക്ക് വേണ്ടിയാണ് ആ സമരങ്ങളൊക്കെ നടന്നത്. കേരളത്തിൽ നിലനിൽക്കുന്ന ക്ഷേത്രങ്ങൾ അടിസ്ഥാനപരമായി അവർണരെ പുറന്തള്ളുന്ന വ്യവസ്ഥയായി നിലനിൽക്കുന്നു. സവർണരെ പൂർണ ശുദ്ധ ആത്മാക്കളായി കാണുകയും അവർണരെ അയിത്തമുള്ള ആത്മാക്കളായി ചിത്രീകരിക്കുകയും ചെയ്തു . ഇത്തരത്തിലുള്ള ക്ഷേത്ര സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മാത്രമേ തുല്യത ഉള്ള ഒരു സാമൂഹ്യ അവസ്ഥ നിർമ്മിക്കാൻ കഴിയൂ എന്ന് ടി കെ മാധവനെയും , സഹോദരൻ അയ്യപ്പനെയും ശ്രീ നാരായണ ഗുരുവിനെയും പോലെയുള്ള മഹത് വ്യക്തിത്വങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മേല്പറഞ്ഞ മഹത് വ്യക്തികളുടെ നിരന്തരമുള്ള സമരങ്ങളുടെ ഫലമായിട്ടാണ് ക്ഷേത്രപ്രവേശനം സാധ്യമായത്. അത് ഒരിക്കലും ആരുടെയും ഔദാര്യം അല്ല .

ക്ഷേത്ര പ്രവേശനം സാധ്യമായിട്ട് പോലും അന്നത്തെ റീജന്റായി ഭരിച്ചിരുന്ന സേതു ലക്ഷ്മി ഭായ് തന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ അവർണ ജനതയ്ക്കായി തുറന്ന് കൊടുക്കുവാൻ തയാറായിരുന്നില്ല. അന്ന് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അവർണർ പ്രവേശിച്ചതിനാൽ പദ്മനാഭൻ അശുദ്ധനായി എന്ന് പറഞ്ഞ് ക്ഷേത്രത്തിൽ പോലും പ്രവേശിക്കാതെ തിരുവിതാംകൂറിൽ നിന്ന് അവർ മടങ്ങിയെന്നാണ് ചരിത്രത്തിൽ ഉള്ളത് . അതിന്റെ അർഥം അത്രമാത്രം അയിത്തവും ജാതിവെറിയും വെച്ച പുലർത്തിയ പാരമ്പര്യത്തിന്റെ ഉടമകളാണ് ഈ തമ്പുരാട്ടിമാർ എന്നാണ്.

ഈ ബ്രാഹ്മണ മതത്തിന്റെ ഹിംസ മേൽക്കോയ്മയ്ക്ക് എതിരേയായിട്ടാണ് ക്ഷേത്രപ്രവേശന വിളംബരം നടന്നത്.

സേതുലക്ഷ്മി ഭായ് റീജന്റായി നിന്നിരുന്ന കാലത്ത് വൈക്കം സത്യാഗ്രഹത്തെ തന്ത്രപരമായി പരാജയപെടുത്താനാണ് ശ്രമിച്ചിരുന്നത് .രാജ കുടുംബവും അങ്ങനെ തന്നെയാണ് ശ്രമിച്ചത് . ജാതിവ്യവസ്ഥയെ സമ്പൂർണമായി കൊണ്ടുനടന്ന, അതിനെ ആചാരപരമായി കീഴ്വഴക്കങ്ങളിൽ നിലനിർത്തിയിരുന്ന കുടുംബമായിരുന്നു ഈ രാജകുടുംബം. തിരുവതാംകൂർ ഹിന്ദു രാജ്യം എന്നാണ് അറിയപ്പെട്ടിരുന്നത് , ഹിന്ദുരാജ്യം നഷ്ടപെട്ടാൽ അതൊരു ക്രിസ്തുമത രാജ്യമാകുമോ എന്ന ഭയപ്പെട്ട ചിത്തിര തിരുനാളും അമ്മയും ഒരു രാഷ്ട്രീയ അടവ് നയമായി ആണ് ക്ഷേത്രപ്രവേശന വിളംബരത്തെ കണ്ടത്. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക പരിഷ്കരണമോ ഔദാര്യമോ ലക്ഷ്യമാക്കിയല്ല അവർ അത് ചെയ്തത് .

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ 90 ശതമാനവും സവർണരാണ്, അവിടെ പിന്നോക്ക ദളിത ജാതിയിലുള്ളവർ വളരെ കുറവാണ്, അത്രത്തോളം കടുത്ത സവർണ വൃന്ദം നിലനിൽക്കുന്നിടത് നിന്ന് ഇത്തരം ഒരു നോട്ടീസ് അല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കണ്ടത്. ജാതിവാലുകൾ ഇപ്പോഴും ആത്മാഭിമാനത്തോടെ കൊണ്ട്നടക്കുന്ന നാടാണ് കേരളം , ജാതി തിരിച്ചുള്ള വിവാഹ ആലോചനകളും സമ്പ്രദായങ്ങളും നിലനിൽക്കുന്ന കേരളം ഇപ്പോഴും അടിസ്ഥാനപരമായി ജനാധിപത്യത്തിലേക്കോ സഹജീവനത്തിലേക്കോ നടന്നെത്തിയിട്ടില്ല എന്നാണ് ഈ സംഭവികാസങ്ങൾ ചൂണ്ടി കാട്ടുന്നത്.

അഖിലേന്ത്യ തലത്തിൽ തന്നെ ഹിന്ദുത്വ ഭരണകൂടത്തിന് മേൽകൈ വന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും അതിയാഥാസ്ഥിതിക കൂടുതൽ ബലപ്പെട്ടുകൊണ്ടിരിക്കുന്നു ,അത് ജനാധിപത്യപരമായിട്ട് നേരിട്ടില്ലെങ്കിൽ ഈ സമൂഹം വളരെ വേഗത്തിൽ സാമൂഹികവും സാമ്പത്തികവുമൊക്കെയായി ഹിന്ദുത്വ മേൽക്കോയ്മക്ക് വിധേയപെട്ട് വളരെ വേഗത്തിൽ ജനാധിപത്യ വ്യവസ്ഥയിൽ നിന്ന് സമ്പൂർണമായി പുറന്തള്ളപ്പെടാനുള്ള എല്ലാ സാധ്യതയും ഉണ്ട് .അത് പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയെയും ജീവിത്തെയുമാവും കൂടുതൽ ബാധിക്കാൻ പോവുമെന്നതിൽ സംശയമില്ല .

Related Stories

No stories found.
logo
The Cue
www.thecue.in