ലൈംഗിക ബന്ധങ്ങളില്‍ എങ്ങനെ കണ്‍സെന്റ് ചോദിക്കാം? ചില ആവര്‍ത്തിത ചോദ്യങ്ങള്‍ക്കുള്ള മറുപടി

ലൈംഗിക ബന്ധങ്ങളില്‍ എങ്ങനെ കണ്‍സെന്റ് ചോദിക്കാം? ചില ആവര്‍ത്തിത ചോദ്യങ്ങള്‍ക്കുള്ള മറുപടി

ലൈംഗിക ബന്ധത്തിന് പങ്കാളി സമ്മതം നല്‍കിയോ ഇല്ലയോ എന്നത് എങ്ങനെ അറിയാന്‍ സാധിക്കും? ചില ആളുകളുടെ 'നോ' 'യെസ്' ആയി കണക്കാക്കാം എന്ന് പറയുന്നത് സത്യമാണോ? ഇതും ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിലൂടെ എന്താണ് 'കണ്‍സെന്റ്' അഥവാ സമ്മതം എന്നത് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കാം.

ലൈംഗികതയെപറ്റിയുള്ള തുറന്ന ചര്‍ച്ചകളെപോലും പാപമായി കണക്കാക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ 'സമ്മതം' (consent) നല്‍കല്‍ എന്നാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് തോന്നുക സ്വാഭാവികം മാത്രമാണ്. വളര്‍ന്ന് വരുന്ന യുവതലമുറക്ക് ശിക്ഷിക്കപ്പെടാതെയും കുറ്റപ്പെടുത്തല്‍ കേള്‍ക്കാതെയും തങ്ങളുടെ ലൈംഗികതയുടെ യാഥാര്‍ഥ്യം അല്ലെങ്കില്‍ അതിനെപ്പറ്റിയുള്ള ആധികാരികമായ

അറിവ് ലഭ്യമാക്കുക ഇവിടെ സാധ്യമല്ല. ലൈംഗിക ചിന്തകള്‍ ഉണ്ടാകുമ്പോഴോ തങ്ങള്‍ക്ക് തോന്നുന്ന വികാരങ്ങള്‍ താല്‍പര്യം തോന്നിയ ഒരാളോട് പ്രകടമാക്കുന്നതെങ്ങനെ എന്ന പേടി തോന്നുമ്പോഴോ ഒക്കെ അവരില്‍ കുറ്റബോധം ഉണരുകയും ചെയ്യും. മുഖ്യധാരാ മാധ്യമങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരവും പ്രണയത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ഉണ്ടാക്കി വെച്ചിട്ടുള്ളത് തെറ്റായ ആശയങ്ങളാണ് താനും.

ഉദാഹരണത്തിന് സിനിമയില്‍, ഇഷ്ടമില്ല എന്ന് തുറന്നു പറഞ്ഞ പെണ്‍കുട്ടിയുടെ പുറകെ നടന്ന് പ്രണയിക്കുന്ന പൗരുഷം തുളുമ്പുന്ന ആണിനെ ഏറ്റവും നല്ല കാമുകനായി ചിത്രീകരിച്ചിരിക്കും.

സ്ത്രീയെ ബലമായി ചുംബിക്കുക, അവളുടെ സമ്മതമില്ലാതെ തൊടുക, അവളറിയാതെ അവള്‍ വസ്ത്രം മാറുന്നത് നോക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പ്രണയമോ തമാശയോ ആയാണ് മുഖ്യധാരാ സിനിമകളില്‍ കാണിച്ച് പോരുന്നത്. ഈയിടെ പുറത്തിറങ്ങിയ ചുരുക്കം ചില സിനിമകള്‍ ഈ മാതൃക പിന്തുടരുന്നില്ല എന്ന് മാത്രം.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത നമ്മുടെ സമൂഹത്തിന് വേണ്ടത്ര ബോധ്യം വന്നിട്ടില്ലാത്തതിനാല്‍ പല യുവാക്കളും നീലച്ചിത്രങ്ങളില്‍ നിന്നാണ് ലൈംഗിക കാര്യങ്ങളിലെ അവരുടെ ആദ്യ അറിവ് സമ്പാദിക്കുന്നത്. തങ്ങള്‍ കാണുന്നത് ചില നടീനടന്മാരുടെ അഭിനയം മാത്രമാണെന്നും യഥാര്‍ഥ ജീവിതത്തില്‍ തങ്ങളുടെ പങ്കാളിയില്‍ നിന്നും ഇത്തരം കാമനകള്‍ പൂര്‍ത്തിയാക്കപ്പെടില്ല എന്നതും അവര്‍ മനസ്സിലാക്കുന്നില്ല.

സമ്മതം യഥാര്‍ത്ഥത്തില്‍ എന്താണെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ചോദ്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

സമ്മതം അഥവാ കണ്‍സന്റ് എന്നാല്‍ എന്താണ്?

കണ്‍സന്റ് എന്നാല്‍ അനുവാദം അല്ലെങ്കില്‍ കരാര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. സാഹചര്യം പ്രണയത്തിന്റെയോ ലൈംഗികതയുടെയോ ആണെങ്കില്‍ അതിന്റെ അര്‍ഥം ഒരു വ്യക്തി നിങ്ങളുമായി അത്തരം ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതം നല്‍കിയിരിക്കുന്നു എന്നാണ്.

ഇത് ലൈംഗികപരമായുള്ള സംഭാഷണങ്ങളില്‍ തുടങ്ങി ശാരീരിക ബന്ധം വരെ ആകാം. ഇതില്‍ ഏതിലെങ്കിലും ഏര്‍പ്പെടാന്‍ അവര്‍ക്ക് സമ്മതമാണ് എന്ന് പറഞ്ഞാല്‍ മറ്റെല്ലാ പ്രവര്‍ത്തികള്‍ക്കും സമ്മതം ആണെന്ന് അര്‍ത്ഥം ആക്കാന്‍ സാധിക്കില്ല.

ഉദാഹരണത്തിന് ഫോണ്‍ സെക്സിന് തയ്യാറാകുന്ന ഒരു വ്യക്തി അവരുടെ വിവസ്ത്ര ചിത്രങ്ങള്‍ അയക്കാന്‍ തയ്യാറായെന്ന് വരില്ല. അവര്‍ നിങ്ങളുമായി ശാരീരിക ബന്ധത്തിന് തയ്യാറായിരിക്കും എന്നാല്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സാധ്യമല്ലെന്ന് പറഞ്ഞേക്കാം. അവര്‍ നിങ്ങളോട് ലൈംഗികമായ താല്‍പര്യം പ്രകടിപ്പിച്ചു എന്ന് കരുതി നിങ്ങളുമായി എല്ലാത്തരം ലൈംഗിക പ്രവര്‍ത്തികളിലും പങ്കാളിയായി എന്നു വരില്ല.

ആരില്‍ നിന്നെല്ലാം എനിക്ക് സമ്മതം ചോദിക്കാം?

നിങ്ങളുടെ ചുറ്റുമുള്ള ആരോടും നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നാം. അതൊരു സുഹൃത്താകാം, കുടുംബാംഗമാകാം ഒരുമിച്ച് ജോലി ചെയ്യുന്ന ആളാകാം. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ വികാരങ്ങള്‍ മാത്രമല്ല പ്രധാനം. അവരോട് ഒരു ലൈംഗികപ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ അനുവാദം ചോദിക്കും മുമ്പേ അവരുമായി ഇടപഴകി അവര്‍ക്ക് നിങ്ങളോടും അത്തരം ഒരു താല്‍പര്യമുണ്ടോ എന്ന് മനസ്സിലാക്കണം.

നിങ്ങളുടെ ഒരു സുഹൃത്തിനോട് ഒരാകര്‍ഷണം തോന്നിയാലുടനെ നിങ്ങളുടെ കൂടെ ഉറങ്ങാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയല്ല വേണ്ടത്. പകരം അവരുടെ താല്‍പര്യം അറിയാന്‍ നിങ്ങളുടെ കൂടെ അല്‍പ്പം സമയം ചിലവിടാന്‍ പുറത്തേക്ക് ക്ഷണിക്കാം. എന്നാല്‍ ഇത്തരം ഇടപെടലുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ല.

നിങ്ങള്‍ ഒരു കോളേജ് അധ്യാപകനും നിങ്ങള്‍ക്ക് താല്‍പര്യം തോന്നുന്നത് അതേ കോളേജിലെ ഒരു കുട്ടിയോടും ആണെങ്കില്‍ അവിടെ ഉറപ്പായും അധികാരം ഒരു ഘടകമാകും. നിങ്ങള്‍ അവളുടെ പഠനത്തിന് ഭീഷണി ആകുമോ എന്ന് ആ കുട്ടി നിശ്ചയമായും ഭയപ്പെടും. ഇത് ലൈംഗികാതിക്രമത്തില്‍ ചെന്നേ

അവസാനിക്കൂ. നിങ്ങളുടെ ഇത്തരം ചോദ്യങ്ങള്‍ മറ്റൊരു വ്യക്തിയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും എന്ന് ഉറപ്പാണ് എങ്കില്‍ ആ വഴിക്ക് പോകാതെയിരിക്കുക. സാവധാനം സമയമെടുത്ത് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക, അവര്‍ക്ക് നിങ്ങളോട് ഇടപഴകുന്നതില്‍ പ്രശ്നമില്ലെങ്കില്‍ മാത്രം മുന്നോട്ട് പോകുക. ലൈംഗികത പല വ്യക്തികള്‍ക്കും പലതാണ്. ചിലര്‍ക്ക് ലൈംഗികതയും പ്രണയവും രണ്ടാണ്, ചിലര്‍ക്ക് പരസ്പരം നല്ലൊരു ബന്ധമില്ലാതെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. വേറെ ചിലര്‍ക്ക് ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ സമ്മതമായിരിക്കും എന്നാല്‍ സമൂഹം അനുശാസിക്കുന്ന ചിട്ടവട്ടങ്ങളില്‍ വിശ്വാസമുണ്ടാകില്ല. നിങ്ങളുടെ അതേ ചിന്താഗതിയാകും എല്ലാവര്‍ക്കും എന്ന് കരുതരുത്.

എങ്ങനെയാണ് ഒരു വ്യക്തിയോട് സമ്മതം ചോദിക്കേണ്ടത്?

നിങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടോ എന്ന് നേരിട്ട് ചോദിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. ഏത് അപരിചിതരോടും നേരിട്ട് ചെന്നു സമ്മതം ചോദിക്കാം എന്നതല്ല ഇതിനര്‍ഥം. അത്തരം ചോദ്യങ്ങളും ലൈംഗിക പീഡനത്തിന്റെ വകുപ്പില്‍പ്പെടും. ആ വ്യക്തിക്ക് നിങ്ങളോടുള്ള താല്‍പര്യവും അഭിപ്രായവും മനസ്സിലാക്കിയ ശേഷം മാത്രം അത്തരം ചോദ്യങ്ങള്‍ മുന്നോട്ടുവെക്കുക. അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളോട് ആകര്‍ഷണം ഉണ്ടാകാം എന്നാല്‍ ഒരു ലൈംഗികപ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ അവര്‍ മാനസികമായി തയ്യാറെടുത്തുകാണില്ല. അവര്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഒരാളെ നിര്‍ബന്ധിക്കരുത്.

ഒരു വ്യക്തി സമ്മതം നല്‍കിയോ എന്ന് എങ്ങനെ മനസ്സിലാക്കും?

വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ സമ്മതം പ്രകടിപ്പികുക എന്നതാണ് ഒരു വ്യക്തി ചെയ്യേണ്ടത്. അവര്‍ നല്‍കുന്ന സൂചനകള്‍ അവ്യക്തമാണെങ്കില്‍ ഒരിക്കലും സമ്മതം ആണെന്ന് വിചാരിക്കരുത്. മുന്നോട്ട് പോകുന്നതിന് മുന്‍പെ ഒരിക്കല്‍ കൂടി ചോദിച്ച് വ്യക്തത വരുത്തുക. അങ്ങനെ ചെയ്താല്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയാണ് നിങ്ങളെന്ന് അവര്‍ക്ക് ഉറപ്പ് വരുത്താന്‍ സാധിക്കും.

എപ്പോഴും സമ്മതം ചോദിക്കേണ്ടതുണ്ടോ?

ഉണ്ട്. സ്വമനസ്സാലേ ഒരാള്‍ നിങ്ങളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതമാണെന്ന് പറയാതെ ഒരിക്കലും അത്തരം തിരുമാനങ്ങളിലേക്ക് എടുത്തുചാടരുത്. ഒരു സുഹൃത്തോ സഹപാഠിയോ നിങ്ങളോട് അടുപ്പം കാണിച്ചു എന്നിരിക്കട്ടെ, അവരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ലൈംഗികചുവയോടെ ഇടപെടാന്‍ നിങ്ങള്‍ക്ക് ലൈസെന്‍സ് ആയി എന്നല്ല അതിനര്‍ഥം.

സമ്മതം ചോദിക്കുമ്പോള്‍ ആ നിമിഷത്തിന്റെ സ്വാഭാവികത നഷ്ടപ്പെടില്ലെ?

പ്രണയാതുരവും ആവേശമുണര്‍ത്തുന്നതുമായി ഒരാള്‍ക്ക് തോന്നുന്ന ഒരു കാര്യം ചിലപ്പോള്‍ മറ്റൊരാള്‍ക്ക് ഭയാനകമായൊരു അനുഭവമായേക്കാം, തെറ്റിദ്ധാരണ മൂലം. സമ്മതം നല്‍കുന്നതും ചോദിക്കുന്നതും വിശ്വാസത്തിന്റെ സൂചനയാണ്. അതിനെ എന്തിനാണ് ഒരു രസം കൊല്ലിയായി കണക്കാക്കുന്നത്.

ചിലരുടെ 'നോ', 'യെസ്' ആയി കണക്കാക്കാം എന്നത് സത്യമാണോ?

ചില ആളുകളെ മനസ്സിലാക്കുവാന്‍ പ്രയാസമാണ്. ചിലപ്പോള്‍ അവര്‍ ഒരു കാര്യം പറയുകയും മറ്റൊന്ന് ഉദ്ദേശിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ക്ക് സമ്മതമായിരിക്കും എന്ന് വിചാരിക്കുവാന്‍ നമുക്ക് സാധ്യമല്ല കാരണം അവസാന തീരുമാനം അവരുടേത് മാത്രമാണ്.

ഒരാള്‍ പറ്റില്ല എന്ന് പറഞ്ഞു, എന്നാലും അവരുടെ മനസ്സ് മാറ്റാന്‍ സാധിക്കും എന്നെനിക്ക് ഉറപ്പുണ്ടെങ്കിലോ?

അതിനെയാണ് സമ്മര്‍ദ്ദം ചെലുത്തുക എന്ന് പറയുന്നത്. ഇമോഷണല്‍ ഇ-മെയില്‍ അയക്കുക, വിസമ്മതം പ്രകടിപ്പിച്ചാലും പിന്നാലെ നടക്കുക, ഗ്യാസ് ലൈറ്റിങ് അഥവാ അവര്‍ പ്രേരിപ്പിച്ചു എന്ന് പറയുക, വരാന്‍ പോകുന്ന പ്രയാസങ്ങളെ പറ്റി പറഞ്ഞു ഭീഷണിപ്പെടുത്തുക തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ബലമായി പിടിച്ചുവാങ്ങുന്നതിനെ കണ്‍സെന്റ് ആയി കണക്കാക്കില്ല.

ഒരിക്കല്‍ ഞാനുമായി ശാരീരിക ബന്ധത്തിന് ഒരാള്‍ സമ്മതിച്ചു, എന്നാല്‍ ഇനി തുടരാന്‍ താല്പര്യമില്ല എന്നു പറയുന്നു. അത് തെറ്റല്ലേ?

തീര്‍ച്ചയായും തെറ്റല്ല. ഒരു വ്യക്തിക്ക് ഏത് നേരത്തും തന്റെ കണ്‍സെന്റ് പിന്‍വലിക്കാന്‍ സാധിക്കും, അത് ശാരീരിക ബന്ധത്തിന് ഇടയില്‍ ആയാല്‍ പോലും. ഉദാഹരണത്തിന് നിങ്ങളെ ചുംബിക്കാന്‍ ഒരാള്‍ തയ്യാറായേക്കാം, എന്നാല്‍ വിവസ്ത്രരാകാനോ ഓറല്‍ സെക്സിനോ സമ്മതിക്കണമെന്നില്ല. കണ്‍സെന്റ് പിന്‍വലിക്കാനുള്ള അവരുടെ അവകാശത്തെ അടുത്തയാള്‍ ബഹുമാനിക്കണം, മറിച്ചാണെങ്കില്‍ അത് ലൈംഗികാതിക്രമം ആകും.

ഒരാളുടെ കണ്‍സെന്റിനെ ഞാന്‍ മറികടന്നു എന്ന് ഒരാള്‍ പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യണം?

അവര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കുക. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ വീണ്ടും ആലോചിക്കുക. അവരുടെ സമ്മതത്തോടെയാണോ പ്രവര്‍ത്തിച്ചത് എന്ന് ചിന്തിക്കുക. ചെയ്ത പ്രവര്‍ത്തിയിലെല്ലാം അവര്‍ തുറന്നു സമ്മതം തന്നിരുന്നോ? അവരുടെ അസ്വസ്ഥത പ്രകടമാക്കുന്ന ഏതെങ്കിലും സൂചനകള്‍ നിങ്ങള്‍ അവഗണിച്ചോ? അവര്‍ നുണ പറയുകയാണെന്ന് ചിന്തിക്കാതെയിരിക്കുക. നിങ്ങളുടെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ പ്രശ്നമാണെങ്കില്‍ ക്ഷമ പറയുക, ഈ പ്രശ്നം പരിഹരിക്കാന്‍ എന്താണ് നിങ്ങള്‍ ചെയ്യേണ്ടതെന്ന് തുറന്നു ചോദിക്കുക.

പൂര്‍ണമനസ്സോടെ, സംശയമില്ലാതെ അവരോടു സഹകരിക്കുക. എതിര്‍ക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട് പക്ഷേ അതിനു മുമ്പേ ആ വ്യക്തിയുടെ ലൈംഗിക ഭൂതകാലം, അവരുടെ വ്യക്തിത്വം ഇതൊന്നും ഇപ്പോഴുള്ള കണ്‍സെന്റിനെ നിര്‍ണയിക്കില്ല എന്ന് മനസ്സിലാക്കുക.

ഇതുകൊണ്ട് തന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഐ.സി അഥവാ ഇന്റേണല്‍ കമ്മിറ്റി അത്യാവശ്യമാണെന്ന് പറയുന്നത്. ഐ.സി രണ്ടു പേരുടെയും ഭാഗം വ്യക്തമായി കേട്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു തീരുമാനത്തില്‍ എത്തു. നിങ്ങളുടെ സ്ഥാപനത്തില്‍ ഐ.സി ഇല്ലെങ്കില്‍ അത് രൂപീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.

ഒരു വ്യക്തി സമ്മതം നല്‍കിയാലും ഒരു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത ഏതെങ്കിലും സാഹചര്യം നിലവിലുണ്ടോ?

നിയമപ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ കണ്‍സെന്റ് നല്‍കാന്‍ സാധിക്കൂ, 18 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് സാധിക്കില്ല. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇത്തരം ബന്ധങ്ങള്‍ക്ക് സാഹചര്യമുണ്ടെങ്കിലും ഒരു മുതിര്‍ന്ന വ്യക്തിക്ക് കൗമാരപ്രായക്കാരുമായി ഉണ്ടാകുന്ന ബന്ധം പീഡനമായി കണക്കാക്കും.

ഭീഷണിക്കു മുകളിലോ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ ഉള്ള സമ്മതവും കണക്കില്‍ പെടില്ല. ഉദാഹരണത്തിന് കീഴ്ജീവനക്കാരെ സമ്മര്‍ദ്ധത്തിലാക്കി അവരില്‍ നിന്നും ലൈംഗീകാനുകൂല്യങ്ങള്‍ പിടിച്ചു വാങ്ങുന്നത് അതിക്രമത്തിന് കീഴെ വരും.

നിയമപ്രകാരം വിവാഹ വാഗ്ദാനം നല്‍കി സമ്മതം വാങ്ങുന്നത് പീഡനമായി കണക്കാക്കും. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോട് കൂടി ലൈംഗികബന്ധത്തില്‍ എര്‍പ്പെട്ട പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അതില്‍ നിന്നും സ്വതന്ത്രമായി ഇറങ്ങിപ്പോകാനുള്ള അവകാശം ഇവിടെ

നിഷേധിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും സ്ത്രീയുടെ ചാരിത്ര്യശുദ്ധിയിലും വിവാഹത്തിന് മുമ്പേ ലെംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റാണ് എന്നതിലുമുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ ഉറച്ച ചിന്തയില്‍ നിന്നുമാണ് ഈ നിയമം ഉണ്ടാകുന്നത്, അല്‍പ്പം അന്യായം എന്ന് തോന്നാമെങ്കിലും മേല്‍ വിവരിച്ച സാഹചര്യങ്ങളില്‍ നിന്ന് വേണം ഈ നിയമത്തെയും വായിക്കാന്‍.

ദ ന്യൂസ് മിനുറ്റില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളിന്‍റെ മലയാള പരിഭാഷ

പരിഭാഷ: ശില്‍പ്പ ടി. അനിരുദ്ധ്

Sowmya Rajendran writes on gender, culture and cinema. She has written over 25 books, including a nonfiction book on gender for adolescents. She was awarded the Sahitya Akademi’s Bal Sahitya Puraskar for her novel Mayil Will Not Be Quiet in 2015.

Related Stories

No stories found.
logo
The Cue
www.thecue.in