അംബേദ്‌കറിന് ലഭിക്കുന്ന 'സവർണ' ഐക്യദാർഢ്യം

അംബേദ്‌കറിന് ലഭിക്കുന്ന 'സവർണ' ഐക്യദാർഢ്യം

അംബേദ്‌കർ എന്ന വ്യക്തിയിൽ നിന്നും അംബേദ്‌കർ എന്ന രാഷ്ട്രീയ ആശയത്തിലേക്കുള്ള പരിണാമം അടിച്ചമർത്തപ്പെട്ടവരുടെ പരിണാമം കൂടെയാണ്. ഈ കാലഘട്ടത്തിൽ മറ്റു രാഷ്ട്രീയ മുന്നേറ്റങ്ങളിൽ എല്ലാം അരികുവത്കരണം നേരിടുകയും ജനാധിപത്യം പുലർത്താത്തതുമായപ്പോൾ ആണ് ആളുകൾ കൂടുതലായി അംബേദ്കറിസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാകുന്നത്. ദളിത് ബഹുജന മുന്നേറ്റങ്ങളെ സവർണ ഫാസിസ്റ്റ് വിഭാഗം അടിച്ചമർത്തുമ്പോഴെല്ലാം അംബേദ്‌കർ എന്ന ഐക്കൺ ഉപയോഗിച്ചു അവർ കൂടുതൽ ശക്തിയാർജ്ജിച്ച് വരികയുണ്ടായി. ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ ജനാധിപത്യ മുന്നേറ്റങ്ങളിലും അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങളിലും അംബേദ്കറുടെ ആശയങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം. ഇന്ത്യയിൽ ഇത്തരം മുന്നേറ്റങ്ങളെ കായികപരമായി ഒരുപരിധിവരെ മാത്രമേ സവർണർക്ക് അടിച്ചമർത്താൻ കഴിഞ്ഞുള്ളു.

ഈ അവസ്ഥയിൽ സവർണ വിഭാഗം കണ്ടുപിടിച്ച മറ്റൊരു വഴിയാണ് ഇത്തരം മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യുക എന്നത്. ദളിത് ബഹുജന മുന്നേറ്റങ്ങളിൽ ഒരു രക്ഷകനായി കടന്ന് വരുകയും സവർണർ ഈ മുന്നേറ്റങ്ങളെ മൊത്തമായും ഏറ്റെടുക്കുകയും പിന്നീട് അവരുടെ കീഴിൽ ദളിത് മുന്നേറ്റങ്ങളെ ഒതുക്കുകയും ചെയ്യുന്ന രീതി കാണാം. ഇന്ത്യയിലെ ലെഫ്റ്റ് ലിബറൽസ് ഇത്തരം പ്രക്രിയക്ക് ഉത്തമ ഉദാഹരണമാണ്.

ഉയർന്ന ജാതിയിലെ ഒരു വ്യക്തി ജാതി വെടിയുകയും 'എനിക്ക് ജാതിയില്ല' എന്ന് പ്രഖ്യാപിച്ച് ദളിത് മുന്നേറ്റത്തിന്റെ ഭാഗമാവുകയും ചെയ്യുമ്പോൾ കിട്ടുന്ന സ്വീകാര്യത ദളിത് മുന്നേറ്റത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന ദളിത് മനുഷ്യർക്ക് ഉണ്ടാവുകയില്ല. ഈ സ്വീകാര്യത തന്നെ ജാതിയുടെ മറ്റൊരു പ്രിവിലേജ് ആണ് എന്ന ബോധം ഈ മനുഷ്യർ മറച്ചു വെക്കുകയും ചെയ്യുന്നു. അയാൾ ഉയരങ്ങളിൽ നിന്ന് ജാതി ഉപേക്ഷിച്ചു താഴേക്ക് വരുന്നു എന്ന മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. മുന്നേറ്റങ്ങൾക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രക്രിയ അല്ല ഇത്, പകരം അവർ അവരുടെ ജാതി പ്രിവിലേജ് ഉപയോഗിച്ചു ഇത്തരം മുന്നേറ്റങ്ങളെ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്.

'Nine Decades of Marxism in the land of Brahmanism' എന്ന സൗഘാട് കെ. ബിസ്വാസിന്റെ ഇന്ത്യൻ കമ്മ്യൂണിസത്തെ വിമർശിക്കുന്ന പുസ്തകത്തിന് കാഞ്ച ഇലയ്യ എഴുതിയ പ്രീഫേസിൽ അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അടിച്ചമർത്തപ്പെട്ടവന്റെ ഉള്ളിൽ നിന്നല്ലാതെ എങ്ങനെയാണ് ഒരു വിപ്ലവം ഉണ്ടാവുക എന്നത്. അടി കൊള്ളുന്നവന് മാത്രമേ തിരിച്ചടിക്കുന്നതിന്റെ മുന്നേറ്റങ്ങളെ കുറിച്ച് ചിന്തിക്കാനാകൂ. അല്ലാത്ത മനുഷ്യർക്ക് അതിന് ഐക്യപ്പെടാൻ മാത്രമേ സാധിക്കൂ. പക്ഷെ ദളിത് -ആദിവാസി മുന്നേറ്റങ്ങളിൽ പലപ്പോഴും ഇത്തരം ഐക്യപ്പെടലിന്റെ പേരിൽ ഈ മുന്നേറ്റങ്ങളെ അവർ ഏറ്റെടുക്കുന്ന അവസ്ഥ ആണ് ഉണ്ടാകുന്നത്.

'ജാതിനിർമൂലനം' എന്ന അംബേദ്കറുടെ പുസ്തകം 1936ൽ പ്രസിദ്ധീകരിക്കപ്പെടുകയും ഇന്നും ഇന്ത്യയിൽ വിറ്റഴിക്കപ്പെടുകയും ഇന്ത്യൻ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കൃതിയാണ്.  ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക് തർജമ ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത പുസ്തകം കൂടിയാണ്. ഇന്ത്യയിലെ ജനതക്ക് ഇത്രയും സുപരിചിതമായ ഒരു പുസ്തകത്തിനാണ് പിന്നീട് അരുന്ധതി റോയ് എന്ന ലെഫ്റ്റ് ലിബറൽ 'ഡോക്ടറും വിശുദ്ധനും' എന്ന ആമുഖവുമായി വരുന്നത്. 

ഇന്ത്യൻ സാമൂഹികാവസ്ഥയിൽ ജാതിയെ പറ്റി സംസാരിക്കാതെ ഇനി നിലനിൽക്കാൻ കഴിയില്ല എന്ന ബോധ്യം സവർണരെ കൊണ്ട് ജാതിയെ പറ്റി പറയാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലെ സവർണ വിഭാഗത്തിലെ പ്രൊഫസർമാർ അവരുടെ Phd ചെയ്തത് ദളിത് സാഹിത്യത്തിലും ദളിത് മുന്നേറ്റങ്ങളെ കുറിച്ചും ഒക്കെ തന്നെ ആയിരിക്കും. അതെ സമയം അവർ അക്കാദമിക് ഇടങ്ങളിൽ ജാതീയത വളരെ ഭീകരമായി പ്രയോഗിക്കുകയും ചെയ്യും.

അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി അവർ ദളിത് എഴുത്തും അറിവുകളും എല്ലാം ഉപയോഗിക്കുകയും അവ നേടി കഴിഞ്ഞാൽ ഇതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന കാപട്യം നമുക് ഇന്ത്യൻ അക്കാദമിക് ഇടങ്ങളിൽ കാണാൻ കഴിയും. പിന്നീട് ജാതിയെ പറ്റിയുള്ള ആധികാരിക രേഖ അവരുടേതായി മാറുകയും ചെയ്യും. ജാതിയെ, അതിന്റെ അനുഭവത്തെ ഉൾക്കൊള്ളാതെ ഇവർ സൈദ്ധാന്തവത്കരിക്കുകയും ചെയ്യുന്നു. ഇത് അനുഭവിച്ച മനുഷ്യർ അക്കാദമിക് ഇടങ്ങളുടെ പുറത്തു നിൽകുമ്പോൾ ആണ് അവരെ കുറിച്ച് പുസ്തകങ്ങൾ എഴുതി അവർ നേട്ടങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം ഒരു പ്രക്രിയ തന്നെയാണ് അരുന്ധതി റോയ് തന്റെ എഴുത്തിലൂടെ ചെയ്യുന്നതും.

അംബേദ്‌കർ പോലുള്ള മനുഷ്യന്, അല്ലെങ്കിൽ 'ജാതിനിർമൂലനം' പോലെ ഉള്ള ഒരു കൃതിക്ക് ഒരിക്കലും ഒരു ആമുഖത്തിന്റെ ആവശ്യം ഇല്ല. എന്നിട്ടും അരുന്ധതി റോയ് അതിനെ പരിചയപ്പെടുത്തുന്നത് തന്റെ കടമയാണ് എന്ന് തോന്നിപ്പിക്കുന്ന പോലെയാണ്.  അരുന്ധതിയുടെ ആമുഖം ഉൾക്കൊള്ളിച്ച പുസ്തകം പുറത്തു വന്നപ്പോൾ ഇന്ത്യ ഒട്ടാകെ ഉള്ള ദളിത്  ഇന്റലിജൻഷ്യ അതിനെ വിമർശിച്ചിട്ടും അരുന്ധതി അംബേദ്കറെ ഏറ്റെടുക്കുന്നതിൽ എന്താണ് പ്രശ്നം എന്നാണ് സവർണ വിഭാഗം ചോദിച്ചു കൊണ്ടിരുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അംബേദ്കറെ ആരെല്ലാം അംഗീകരിച്ചിട്ടുണ്ട് എന്ന് നമുക് വ്യക്തമായി അറിയാം. പിന്നീട് ഈ ഏറ്റെടുക്കൽ ഒരു ബ്രാഹ്മണിക്കൽ രാഷ്ട്രീയ തന്ത്രമായി മാത്രമേ കാണാൻ കഴിയൂ.

'I have taken the trouble to read Ambedkar' - അരുന്ധതി റോയ്

അരുന്ധതിയുടെ ഈ വാക്കുകൾ മതി ഈ ഏറ്റെടുക്കലിന് തള്ളി കളയാൻ.  അംബേദ്കറെ വായിക്കുക എന്ന ബുദ്ധിമുട്ടുള്ള പണി ഒരു സവർണ സുറിയാനി ക്രിസ്ത്യൻ ആയ അരുന്ധതി എടുത്തു എന്ന ഭാവമാണ് ഈ വാക്കുകളിൽ. അംബേദ്കറെ വായിക്കാൻ സവർണ വിഭാഗം എടുക്കുന്ന സഹനത്തെ പറ്റി അരുന്ധതി പറയുമ്പോൾ, അത് വായിക്കാതെ ഇനി നിങ്ങൾക് നിലനിൽപ്പില്ല എന്ന ബോധം കൂടെ നിങ്ങൾക് ഉണ്ടാവേണ്ടതാണ്.  ജാതിനിർമൂലനം ഒരു ഉട്ടോപ്യൻ ആശയമാണ് എന്നും അരുന്ധതി ആമുഖത്തിൽ പറഞ്ഞു വെക്കുന്നുണ്ട്.  അറിഞ്ഞോ അറിയാതെയോ അരുന്ധതിയുടെ സവർണ മനോഭാവം പുറത്തു വരുന്നത് ഇത്തരം വാക്കുകളിലൂടെയാണ്.  ഗാന്ധിയിലൂടെ പരിചയപ്പെടുത്തുന്ന അംബേദ്കറെ അരുന്ധതി ഏതു രീതിയിൽ ആണ് പ്രതിഷ്ഠിക്കുന്നത് എന്ന് 180 ഓളം വരുന്ന പേജിലൂടെ കടന്നു പോയാൽ മാത്രമേ മനസ്സിലാവൂ.

'ജാതിനിർമൂലനം' എന്ന കൃതിയുടെ രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യത്തെ കുറിച്ച് ഒരു വരി പോലും എഴുതാതെ അരുന്ധതി ആമുഖം അവസാനിപ്പിക്കുന്നു. സത്യത്തിൽ അരുന്ധതി എഴുതിയ ആമുഖം ജാതിനിർമൂലനത്തിനുള്ളതല്ല. നവായന പബ്ലിക്കേഷൻസും അരുന്ധതിയും അത്തരമൊരു പരീക്ഷണം നടത്തിയപ്പോൾ അരുന്ധതിയുടെ ആമുഖം ജാതിനിർമൂലനം എന്ന കൃതിയെ തെറ്റായി വായിക്കപ്പെടുന്ന അവസ്ഥ ആണ് ഉണ്ടാക്കിയത്.

എന്തുകൊണ്ട് അരുന്ധതി എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. കമ്പോളം! ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി ആമുഖം എഴുതിയ ഒരു പുസ്തകം ഇന്റർനാഷണൽ മാർക്കറ്റിൽ വളരെയധികം വിറ്റഴിക്കപ്പെടും. അരുന്ധതി തീർത്ത സവർണ വായനയിലൂടെയാണ് ഇന്ന് പുറത്തുള്ളവർ അംബേദ്കറെ വായിക്കുന്നത്. നവായാനയും അരുന്ധതിയും അംബേദ്കറെ പോലെ ഉള്ളവരെയും അവരുടെ എഴുത്തുകളെയും ഏറ്റെടുത്ത് ആഗോള മാർക്കറ്റിൽ വിൽക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നവായാന എന്ന പബ്ലിഷിംഗ് കമ്പനി ആന്റി-കാസ്റ്റ് പുസ്തകങ്ങൾ ആണ് വിൽക്കുന്നത് എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അവരുടെ പുസ്തകങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഇവയിൽ ഭൂരിഭാഗം എഴുത്തും സവർണ വിഭാഗത്തിൽ നിന്ന് ഉള്ളവരുടേതാണ് എന്ന് മനസിലാവും. 

അറുപത്തിയൊന്ന് പുസ്തകങ്ങളിൽ 10-12 പുസ്തകങ്ങൾ മാത്രമേ ദളിത് വിഭാഗത്തിൽ നിന്നുള്ള എഴുത്തുകാരുള്ളൂ. ജാതിയെ പറ്റിയുള്ള മറ്റു പുസ്തകങ്ങൾ എല്ലാം സവർണ എഴുത്തുകാരുടേതാണ് എന്ന് നരേൻ ബെഡിടെ (കുഫിർ) 'From Manusmriti to Navayana Publishing: A history of appropriation' എന്ന ലേഖനത്തിൽ പറയുന്നുണ്ട്. ഈ മാർക്കറ്റ് ലക്ഷ്യത്തിനു പുറകിൽ വലിയ ചതി ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നരേൻ ബെഡിടെ പറയുന്ന പോലെ നാളെ ചേതൻ ഭഗത് ആയിരിക്കും നമുക്  'Caste in India: Their Mechanism, Genesis and Development' എന്ന പുസ്തകം പരിചയപ്പെടുത്തുന്നത്.  ലോകം അറിയപ്പെടുന്ന സവർണ മനുഷ്യർ അംബേദ്കറെയും അദ്ദേഹത്തിന്റെ എഴുത്തുകളെയും തട്ടിയെടുത്ത് ആഗോള മാർക്കറ്റിൽ വിറ്റുകൊണ്ടിരിക്കുകയാണ്. പിന്നീട് ദളിത് ബഹുജന മനുഷ്യർ തന്നെ ഗവേഷണത്തിന്റെ ഭാഗമായി ഈ സവർണ മനുഷ്യരുടെ പുസ്തകം വായിക്കേണ്ടി വരുന്നു.

അരുന്ധതിയും നവായാനയും പോലെ തന്നെ ആണ് ടി.എം കൃഷ്ണയെ പോലുള്ള മനുഷ്യർ ജാതിയെ പറ്റി സംസാരിക്കുന്നത്. കർണാടിക് സംഗീതത്തിലെ ജാതീയതയെ പറ്റി ടി.എം കൃഷ്ണ സംസാരിക്കുമ്പോൾ അത് അദ്ദേഹത്തിന് ഒരു ലിബറൽ ഇമേജ് ഉണ്ടാക്കി കൊടുക്കുകയും ജാതി പ്രിവിലേജ് കൊണ്ട് സ്വീകാര്യത കിട്ടുകയും ചെയ്യുന്നു. അദ്ദേഹം തന്റെ സ്വന്തം വിഭാഗത്തെ (സവർണ) ബോധവത്കരണം നടത്തുകയും അതിലൂടെ മാറ്റം സൃഷ്ടിക്കുകയും ചെയ്യുന്നിടത്ത് തോറ്റു പോകുന്നു.  ഈ തോൽവിയാണു ഭൂരിഭാഗം സവർണ ലിബറൽ മനുഷ്യർക്കും ഉണ്ടാവുന്നത്.  അത്തരം ഒരു മാറ്റം സൃഷ്ടിക്കാൻ കഴിയാത്തിടത്തോളം കാലം ഇവരുടെ ഐക്യദാർഢ്യം വെറും കാപട്യമാണ്.

ശശി തരൂർ അടക്കമുള്ള മനുഷ്യർ അംബേദ്കറെ പറ്റിയും അയ്യങ്കാളിയെ പറ്റിയും എല്ലാം പുസ്തകങ്ങൾ എഴുതി നമ്മളിലേക് കടന്നു വരുമ്പോൾ അവരുടെ കാപട്യം തിരിച്ചറിയാതെ അവരെ ദളിത് മുന്നേറ്റ സമരങ്ങളുടെ മുൻ നിരയിൽ പ്രതിഷ്ഠിക്കുന്നതിൽ ഭീകരമായ അപകടം ഉണ്ട് എന്ന തിരിച്ചറിവ് ഉണ്ടാവണം. ഇത്തരം ഏറ്റെടുക്കലും രക്ഷകൻ ചമയലും ഗാന്ധി, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ, മറ്റു രാഷ്ട്രീയ പാർട്ടികളിൽ എല്ലാം നമ്മൾ കണ്ടു തുടങ്ങിയതാണ്.

'Don’t jump on our heads in the name of solidarity!

Interrogate your own oppressor community first,

Put yourself in our shoes, walk with us

In our pain, in our sighs, quietly suffer with us

Look at the mirror each time!

After all, solidarity demands certain ethics!” – Gurinder Azad

കവിതയിൽ പറയുന്ന പോലെ ഇവരുടെ ഐക്യദാർഢ്യത്തിന് നീതിയും ധാർമിക ബോധവും ഉണ്ടെങ്കിൽ മാത്രമേ ഇവരെ കൂടെ നിർത്തേണ്ടതുള്ളൂ. അംബേദ്കറുടെ 132-ാമത്‌ ജന്മദിനത്തിൽ അദ്ദേഹത്തെ ഏറ്റെടുക്കുന്നവരുടെ ഉള്ള് നമ്മൾ അറിയേണ്ടതുണ്ട്. ഒരിക്കൽ തിരസ്കരിച്ചവർ ഇന്ന് ഏറ്റെടുക്കുന്നതിലും കൂടെ നില്കുന്നതിലും ചതി ഒളിഞ്ഞിരിപ്പുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. ഈ സവർണ മനുഷ്യർക്ക് അംബേദ്‌കർ അന്നേ മറുപടി നൽകിയതാണ്.

സെക്കുലർ/ലിബറൽ ബ്രാഹ്മണനും പൂജാരിയായ ബ്രാഹ്മണനും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും ഒരേ സമയം നിങ്ങൾക് ഒരു ലിബറലും ബ്രാഹ്മണനും ആവാൻ സാധ്യമല്ല എന്നും അംബേദ്‌കർ പറഞ്ഞതാണ്. ആന്റി-കാസ്റ്റ് മുന്നേറ്റങ്ങളെ ഇത്തരം മനുഷ്യർ ഹൈജാക്ക് ചെയ്യുന്നതിനെ കൂടി നാം കരുതിയിരിക്കണം. ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ ശത്രുവിനെ മനസ്സിലാക്കൽ അത്ര എളുപ്പമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in