വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ മലപ്പുറം എനിക്ക് 'മൂരി'കളുടെ നാടിന്റെ പേരല്ല

വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ മലപ്പുറം എനിക്ക് 'മൂരി'കളുടെ നാടിന്റെ പേരല്ല
Summary

ആന മരണപ്പെട്ട സംഭവത്തില്‍ മാത്രമല്ല മലപ്പുറം ജില്ലയെ മുന്‍നിര്‍ത്തിയുള്ള വംശീയ വിദ്വേഷ പ്രചരണം. അപരവല്‍ക്കരണത്തിന്റെയും വംശീയ വിരുദ്ധതയുടെയും ഭാഷയില്‍ മലപ്പുറം ജില്ലയെ ആക്രമിക്കുന്നവരോട്. എന്‍.വി മുഹമ്മദ് റാഫി എഴുതുന്നു

കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് എം.എ പഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് 'മലപ്പുറത്തെ' ഒരു അണ്‍എയ്ഡഡ് വിദ്യാലയത്തില്‍ ഞാന്‍ ജോലിക്കെത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന അതേ ശമ്പള സ്‌കെയില്‍ കിട്ടുന്നു എന്നതായിരുന്നു പ്രകോപനം. എം.ഇ.എസ് നടത്തുന്ന സ്ഥാപനമാണെങ്കിലും അറബി ഇതര മുസ്ലിം അധ്യാപകര്‍ ഞാനടക്കം മുന്നോ നാലോ പേര്‍ മാത്രം! കോട്ടും ടൈയും അച്ചടക്കവും സഹിക്കാന്‍ വയ്യാതായപ്പോള്‍ മറ്റ് ജോലി കിട്ടാതെ തന്നെ കോട്ടൂരി പ്രിന്‍സിപ്പാള്‍ സദയ് കുമാറിനെ ഏല്‍പ്പിച്ചു ഒരു വര്‍ഷത്തിനകം പടിയിറങ്ങി. അടുത്ത വര്‍ഷം തന്നെ പ്ലസ് ടു അധ്യാപകനായി വീണ്ടും ജോലി കിട്ടി, അതും മലപ്പുറത്ത്! ക്‌ളാസിലുള്ള അന്‍വറിന് എന്നെക്കാള്‍ ഒരു വയസ്സ് കൂടുതലുണ്ട് എന്ന രഹസ്യം ഒരിക്കല്‍ എന്റെ ചെവിയില്‍ അവന്‍ തന്നെ പറഞ്ഞു. പറഞ്ഞു വന്നത് മലപ്പുറത്തെപ്പറ്റിയാണ്. അവിടുത്തെ മനുഷ്യരെപ്പറ്റിയാണ്. അപരവല്‍ക്കരണത്തിന്റെയും വംശീയ വിരുദ്ധതയുടെയും ഭാഷയില്‍ മലപ്പുറത്തെപ്പറ്റി മേനക ഗാന്ധി അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്യുമ്പോള്‍ ഔദ്യോഗിക ജീവിതത്തില്‍ ഏതാണ്ട് മുഴുവന്‍ കാലവും അവിടെ ജോലി ചെയ്യേണ്ടി വന്ന വ്യക്തി എന്ന നിലക്കു തന്നെയാണ് ഇത് പറയുന്നത്.(ഗവ: സര്‍വീസില്‍ ട്രാന്‍സ്ഫര്‍ വഴി കുറച്ചു കാലം സ്വദേശമായ കോഴിക്കോടേക്ക് തെറിച്ചെങ്കിലും മലപ്പുറം വീണ്ടും സര്‍വകലാശാലയുടെ രൂപത്തില്‍ പിന്‍വിളി വിളിച്ചു). മതാചാരങ്ങള്‍ (നമസ്‌കാരം , വ്രതം, തുടങ്ങിയവ, സക്കാത്ത് പോലുള്ളവ ഞാന്‍ നിര്‍വഹിക്കാറുണ്ട് ) പുലര്‍ത്താത്ത, പടച്ചോനെ പേടിയില്ലാത്ത മുസ്ലിമായ എന്നെ അതിന്റെ പേരില്‍ മലപ്പുറം ഒട്ടും ചോദ്യം ചെയ്തിട്ടില്ല. എടപ്പാളില്‍ ജോലി ചെയ്യുന്ന കാലത്ത് വ്രതമെടുക്കാതെ പരസ്യമായി ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിക്കുന്നു എന്ന പരാതി ഉണ്ടായപ്പോള്‍ സ്‌കൂള്‍ മാനേജര്‍ പറഞ്ഞത് അക്കാര്യത്തില്‍ ഇടപെടാന്‍ പറ്റില്ല, അയാളെ ലക്ചററര്‍ ആയാണ് , പള്ളിയിലെ മുക്രി ആയിട്ടല്ല നിയമിച്ചത്! എന്നാണ്. നേരെ മറിച്ചുള്ള അനുഭവമാണ് സ്വന്തം ജില്ലയായ കോഴിക്കോട്ടെ സലഫി കളില്‍ നിന്നും ജമാഅത്തു കാരില്‍ നിന്നും ഉണ്ടായത്!

ചേന്നമംഗലൂരിലെ വിദ്യാലയത്തില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന പോസ്റ്റിന് മാനേജ്‌മെന്റ് 'ബോധപൂര്‍വ്വം' അഭിമുഖത്തിന് വിളിച്ചത് വെള്ളിയാഴ്ച പന്ത്രണ്ട് മണിക്കാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അഭിമുഖം ഉച്ചക്കു ശേഷം നടത്തുമെന്നും നിസ്‌കരിക്കാനൊക്കെയുള്ള സൗകര്യം ഇവിടെ തന്നെയുണ്ടെന്നും പള്ളി ചൂണ്ടി ഓര്‍മപ്പെടുത്താന്‍ മറന്നില്ല! ഉച്ചസമയത്ത് പള്ളി കയറാതെ സര്‍ബത്ത് കടയില്‍ നിന്ന് വലിച്ച സിഗരറ്റ് പുക ബിരുദത്തിന് കിട്ടിയ റാങ്കും യു.ജി സി യുമെല്ലാം സ്വാഹയാക്കി മാറ്റി എന്നു ചുരുക്കം ! മറ്റൊരനുഭവം നൊച്ചാട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നാണ്. ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും പള്ളിയില്‍ കയറാത്ത എന്നെ സ്‌കൂളിന്റെ അകത്ത് കയറ്റാന്‍ അവര്‍ തയ്യാറായില്ല!

മലപ്പുറത്തെ 'അപരിഷ്‌കൃത'മായും അപരത്വമായും സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടി ലീഗിതര രാഷ്ട്രീയക്കാരുടെ നിരന്തര പരിശ്രമങ്ങളെ സാംസ്‌കാരിക മൂലധനമാക്കി സ്വീകരിച്ചു കൊണ്ടാണ് പലപ്പോഴും മേനക ഗാന്ധിയെ പോലെയുള്ള ഉത്തരേന്ത്യന്‍ അര്‍ണാബ് ഗോസാമിമാര്‍ ആശയ രൂപീകരണം നടത്തുന്നത്.

മലപ്പുറം എല്ലാം തികഞ്ഞ നന്മ മരമാണ് എന്നൊന്നുമല്ല സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പുറമെ നിന്നുള്ള വിലയിരുത്തലുകളും മുന്‍വിധികളും എത്രമാത്രം ശരിയാണ് എന്ന ആലോചനയാണ്.

ഓറിയന്റല്‍ ചിന്തയുടെ വിമര്‍ശകനായ എഡ്വഡ് സെയ്ദ് മിഡില്‍ ഈസ്റ്റിനെപ്പറ്റിയുള്ള മുന്‍വിധികള്‍ പൊതുബോധത്തില്‍ രൂപപ്പെടുത്തുന്ന സാഹിത്യ സിനിമാ കലാ വിഷ്‌കാരങ്ങളെപ്പറ്റിയും ചിന്തകളെ പ്പറ്റിയും പറയുന്നുണ്ട്. സെയ്ദിന്റെ വീക്ഷണത്തില്‍ 'കിഴക്ക്' (The Orient) പടിഞ്ഞാറിന്റെ ഒരു നിര്‍മിതിയാണ്. തങ്ങളുടെ ഒരപര (Other) സ്വത്വമായി പടിഞ്ഞാറന്‍ ഓറിയന്റലിസ്റ്റുകള്‍ 'കിഴക്കി'നെ രൂപപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് അധീനപ്പെടുത്തുകയും നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യാനുള്ള ഒരു വിധേയ സ്വത്വം എന്ന നിലയിലാണ് കിഴക്കിനെ അവര്‍ കണ്ടത്. 'കിഴക്ക്', 'പടിഞ്ഞാറ്' എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളെ സൃഷ്ടിച്ച ശേഷം കിഴക്കിനെ 'അവര്‍' ആയും പടിഞ്ഞാറിനെ 'നമ്മള്‍' ആയും ഓറിയന്റലിസം സ്ഥാപിച്ചു. അവരേ(കിഴക്ക്)ക്കാള്‍ യോഗ്യരാണ് നമ്മള്‍ (പടിഞ്ഞാറ്) എന്നു സിദ്ധാന്തിക്കുന്നതിന് ഇങ്ങനെ രണ്ട് വിരുദ്ധാസ്തിത്വങ്ങളെ ആദ്യമേ സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ഇങ്ങനെ സൗകര്യപൂര്‍വം സൃഷ്ടിക്കപ്പെട്ട അസ്തിത്വമാണ് 'കിഴക്ക്' എന്ന അപരം. തുടര്‍ന്ന് പടിഞ്ഞാറിന്റെ വിപരീതമായി കിഴക്കിനെ അടയാളപ്പെടുത്തി. പാശ്ചാത്യന്‍ മാന്യനും യുക്തിബോധമുള്ളവനും പരിഷ്‌കൃതനുമാണെങ്കില്‍ പൗരസ്ത്യന്‍ ഇവയുടെയെല്ലാം വിപരീതമായ കൊള്ളരുതാത്തവനും അന്ധവിശ്വാസിയും അപരിഷ്‌കൃതനുമാണ്! അപരിഷ്‌കൃതനെ പരിഷ്‌കരിക്കേണ്ട ചുമതല സ്വാഭാവികമായും പരിഷ്‌കൃതന്റെ ചുമലിലാണ്. പരിഷ്‌കരിക്കണമെങ്കില്‍ നിയന്ത്രണാധികാരം വേണം. ഇതാണ് കൊളോണിയല്‍ അധിനിവേശത്തിന്റെ യുക്തി. വെള്ളക്കാരന്‍ ത്യാഗമനസ്സോടെ ചുമലിലേറ്റിയ 'ഭാര'മാണ് ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും കീഴ്പ്പെടുത്തി നന്നാക്കിയെടുക്കുക എന്ന ദൗത്യം.

മുസ്ലിം ലീഗിനെ മൂരികള്‍ എന്ന് വിളിക്കാത്ത സൈബര്‍ പോരാളികള്‍ നന്നേ കുറവാണ്. ' മലപ്പുറത്തെ' മൂരികള്‍ ആണ് ' കിഴക്കി' ന് 'പടിഞ്ഞാറ് '! അത് സെയ്ദ് ഉപയോഗിച്ച അതേ വ്യാഖ്യാനത്തില്‍ തന്നെ വിലയിരുത്താന്‍ അധികം പ്രയാസപ്പെടേണ്ടതില്ലാത്ത വിധം ഈ അപരത്വം ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

മലപ്പുറത്തെ 'അപരിഷ്‌കൃത'മായും അപരത്വമായും സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടി ലീഗിതര രാഷ്ട്രീയക്കാരുടെ നിരന്തര പരിശ്രമങ്ങളെ സാംസ്‌കാരിക മൂലധനമാക്കി സ്വീകരിച്ചു കൊണ്ടാണ് പലപ്പോഴും മേനക ഗാന്ധിയെ പോലെയുള്ള ഉത്തരേന്ത്യന്‍ അര്‍ണാബ് ഗോസാമിമാര്‍ ആശയ രൂപീകരണം നടത്തുന്നത്. കേരളത്തിലെ മൂന്നാം തലമുറ മുസ്ലിം വിദ്യാഭ്യാസ വിപ്‌ളവത്തിന്റെ മുന്നേറ്റ കാലത്ത് വി.എസ് അച്യുതാനന്ദന്‍ മലപ്പുറത്തെ കുട്ടികള്‍ കോപ്പി അടിച്ച് എസ് എസ് എല്‍ സി പാസ്സായി എന്ന് യാതൊരു അടിസ്ഥാനവുമില്ലാത്ത തറപ്പേച്ച് നടത്തിയത് ഇപ്പോള്‍ ഓര്‍മ വരുന്നു. ഏറ്റവും അവസാനം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന വണ്ടൂരിനെ 'മലപ്പുറ ഭാഗം' എന്നത് ഹൈഡ് ചെയ്തതും ലീഗിന്റെ കൊടി തനിക്ക് 'ബാധ്യത' യായി മാറിയതും ഓര്‍ക്കുക. ഏതാണ്ട് അതേ കാലത്ത് തന്നെ ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി മാറ്റി ചിലരുടെ പേരില്‍ കേസുണ്ടാവുന്നു. കോളേജില്‍ എം.എസ് എഫിന്റെ വിജയാഹ്‌ളാദ പ്രകടനത്തില്‍ പങ്കെടുത്തവരെ പതാകയുടെ പേരില്‍ പോലീസ് അന്വേഷിക്കുന്നു! എന്തെല്ലാം പുകിലുകള്‍ ! മുസ്ലിം ലീഗിനെ മൂരികള്‍ എന്ന് വിളിക്കാത്ത സൈബര്‍ പോരാളികള്‍ നന്നേ കുറവാണ്. ' മലപ്പുറത്തെ' മൂരികള്‍ ആണ് ' കിഴക്കി' ന് 'പടിഞ്ഞാറ് '! അത് സെയ്ദ് ഉപയോഗിച്ച അതേ വ്യാഖ്യാനത്തില്‍ തന്നെ വിലയിരുത്താന്‍ അധികം പ്രയാസപ്പെടേണ്ടതില്ലാത്ത വിധം ഈ അപരത്വം ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഓറിയന്റലിസത്തെപ്പറ്റി സെയ്ദ് പറയുന്നത് അതൊരു കൊളോണിയല്‍ ചിന്താ പദ്ധതി ആണ് എന്നാാണ്. മലപ്പുറത്തിന്റെ കാര്യത്തി ല്‍ അതൊരു ഹെജിമണിക്കല്‍ രാഷ്ടീയ പദ്ധതിയാണ്. 'നിങ്ങള്‍' മൂരികളാണ്! (അപരിഷ്‌കൃതര്‍) അത് കൊണ്ട് നിയന്ത്രണാധികാരം കൈയാളാനുള്ള ശേഷി ഇല്ല! (ലീഗിന് അഞ്ചാം മന്ത്രി നല്‍കുന്നതുമായുണ്ടായ പുകിലുകള്‍ ഓര്‍ക്കുക! ) ഇപ്പറഞ്ഞ 'മൂരി' അല്ലാത്ത കോണ്‍ഗ്രസ് മുസ്ലിം (ദേശീയ മുസ്ലിം) ആയതു കൊണ്ടാണ് ആര്യാടന്‍ അംഗീകരിക്കപ്പെടുന്നത് എന്നത് വഴിയേ ഓര്‍ക്കുന്നു.

യു.ഡി എഫ് കേരളത്തില്‍ ഭരിച്ച മിക്ക മന്ത്രിസഭയിലും മുസ്ലിം ലീഗ് ആണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്. എങ്കിലും മലപ്പുറത്ത് ഇന്നും പത്താം ക്‌ളാസ് പാസാവുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ പ്‌ളസ് ടു സീറ്റുകള്‍ ഇല്ല. എം. ഇ എസിന് കൃസ്ത്യന്‍ കോര്‍പ്പറേറ്റ് സഭകള്‍ക്കും എന്‍ എസ് എസ് , എസ് എന്‍, ഡി പി തുടങ്ങിയ ജാതി സംഘടനകള്‍ക്കും ഉള്ളതിന്റെ നാലിലൊന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. അവിടങ്ങളില്‍ വിരലിലെണ്ണാവുന്ന മുസ്ലിം അധ്യാപകരെ കാണു എങ്കിലും എം.ഇ.എസില്‍ പകുതിയില്‍ അധികം പേരും നോണ്‍ മുസ്ലിങ്ങളാണ് താനും! എന്നാലും എല്ലാം 'മൂരി ' കള്‍ കൊണ്ടു പോകുന്നു എന്ന പഴി വേറെ. ഈ പട്ടികയില്‍ അവസാനം നടന്ന അട്ടിമറി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ പതിനാല് സര്‍വകലാശാലകളില്‍ ഒന്നില്‍ പോലും വി.സി സ്ഥാനത്ത് മുസ്ലിം ഇല്ല. കാലിക്കറ്റ് സര്‍വകലാശാല വി.സി സ്ഥാനത്ത് നിയമിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട പ്രൊഫ. സീതിയുടെ നിയമന ഫയലില്‍ 'ദേശീയ മുസ്ലിം' ഗവര്‍ണര്‍ ഒപ്പു വെക്കാത്തതു കാരണം അദ്ദേഹത്തിന് നിയമനം നഷ്ടപ്പെട്ടു.

മലപ്പുറത്ത് ജോലി കിട്ടി ഇവിടെ ബേജാറോടു കൂടി വന്ന് ഇവിടെയുള്ളവരുടെ ആഥിത്യ മര്യാദയും സ്‌നേഹവും അനുഭവിച്ചവരെ ധാരാളം കണ്ടിട്ടുണ്ട്. എന്റെ അനുഭവത്തില്‍ മലപ്പുറം എല്ലാം തികഞ്ഞ നാട്ടു ഭരണ പ്രദേശമൊന്നുമല്ല. എല്ലായിടത്തുമുള്ള സ്ത്രീ വിരുദ്ധനും പരിസ്ഥിതി വിരുദ്ധനും ജാതി മത യാഥാസ്ഥികനുമൊക്കെയായ പാട്രിയാര്‍ക്കി പുരുഷന്‍മാര്‍ കുറെയൊക്കെ ഇവിടെയുമുണ്ട്. എന്നാല്‍ ഊതി വീര്‍പ്പിക്കപ്പെട്ട മലപ്പുറം പലപ്പോഴും ഒരു കീരിക്കാടന്‍ ജോസിന്റെ സ്ഥാനത്ത് , മേജര്‍ രവിയുടെ സിനിമയിലെ 'പാക്കിസ്ഥാന്‍' പോലെ വില്ലന്റെയും അപരത്വത്തിന്റെയും കൊടിയടയാളമായിട്ടാണ് നമ്മുടെ രാഷ്ട്രീയ അബോധത്തിലും സിനിമാ അബോധത്തിലുമൊക്കെ കുടിയേറിയത്. മലപ്പുറത്തിന്റെ ആ ഇല്ലാ 'കത്തി' ബ്രിട്ടീഷ് പട്ടാളത്തിനു നേരെ ഊരിയതിനു ശേഷം ഊരിയത് സിനിമയിലാണ് എന്ന് മാത്രം! മലബാറിലെ ധീരനായ കാര്‍ഷിക ലഹള (,സ്വാതന്ത്ര്യ സമര ) പോരാളിയും, അന്നത്തെ ഡപ്യൂട്ടി കലക്ടര്‍ സി. ഗോപാലന്‍ നായരാല്‍ 'ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയന്‍ കുന്നന്‍ ചമഞ്ഞിരുന്നത് ' എന്ന് വിശേഷിപ്പിക്കപ്പെട്ടവരുമായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് തന്നെ വെടിവെച്ചു കൊല്ലാന്‍ വിധിക്കപ്പെട്ട് അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോള്‍ പറഞ്ഞ പോലെ ഉള്ള വാക്കുകള്‍ മറ്റൊരു ജില്ലയിലെയും ' ആണായി പിറന്നവന്‍ മാര്‍ ' പറഞ്ഞിട്ടില്ല. അദ്ദേഹം എനിക്ക് മൂരിയല്ല. അത് കൊണ്ട് മലപ്പുറത്തുള്ള മൂരികളെ പോലും ഞാന്‍ മൂരികള്‍ എന്ന് വിളിക്കില്ല.

'എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം'

ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം മലഞ്ചരി റോഡിന്റെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവില്‍ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയില്‍ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.

''നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാല്‍ എന്റെ കണ്ണുകള്‍ കെട്ടാതെ, ചങ്ങലകള്‍ ഒഴിവാക്കി മുന്നില്‍ നിന്ന് വെടിവെക്കണം. എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകള്‍ വന്നു പതിക്കേണ്ടത് എന്റെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം''

എന്ന് ഹാജി ആവശ്യപ്പെട്ടു. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പില്‍ വരുത്തി.. മറവു ചെയ്താല്‍ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേര്‍ച്ചകള്‍ പോലുള്ള അനുസ്മരണങ്ങള്‍ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തില്‍ വിപ്ലവ സര്‍ക്കാരിന്റെ മുഴുവന്‍ രേഖകളും അഗ്‌നിക്കിരയാക്കി. ഇനി ഒരിക്കലും വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മ്മകള്‍ തിരിച്ചു വരരുത് എന്ന് സാമ്രാജ്യത്വ തീരുമാനം നടപ്പിലാക്കാന്‍ കത്തിത്തീര്‍ന്ന ചാരത്തില്‍ ബാക്കിയായ എല്ലുകള്‍ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി.

Related Stories

No stories found.
logo
The Cue
www.thecue.in