ആ മറവിയുടെ മേലെയാണ് ഫാസിസം ജൈത്രയാത്ര നടത്തുക

ആ മറവിയുടെ മേലെയാണ് ഫാസിസം ജൈത്രയാത്ര നടത്തുക

Summary

കല്പാത്തിത്തെരുവില്‍ നിന്ന് അഞ്ചുവിളക്കിലേക്ക് (തിരിച്ചും)

കല്പാത്തിയടക്കം അറുപത്തിനാല് അഗ്രഹാരങ്ങളാണ് പാലക്കാട്ടുള്ളത്. ഈ പ്രദേശത്താകട്ടെ, കേരളീയ ബ്രാഹ്മണരായ നമ്പൂതിരി ഇല്ലങ്ങള്‍ ഒട്ടുമില്ല താനും. നമ്പൂതിരിമാര്‍ പാലക്കാട്ടു രാജാവിനോട് പിണങ്ങി മലബാറിന്റെയും കൊച്ചി തിരുവിതാംകൂറിന്റെയും മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറിയപ്പോള്‍, പൂജാദി കര്‍മ്മങ്ങള്‍ക്കും മറ്റുമായി തഞ്ചാവൂരില്‍ നിന്ന് പ്രത്യേകം ക്ഷണിച്ചു കൊണ്ടുവന്നവരാണ് പട്ടന്മാര്‍ എന്ന് നാട്ടുഭാഷയില്‍ വിളിക്കുന്ന പാലക്കാട്ടെ പരദേശിബ്രാഹ്മണര്‍.

അയിത്തപ്പട്ടര്‍( Untouchable Brahmin) എന്നു പരിഹസിക്കപ്പെട്ടു വിളി കേട്ട ടി ആര്‍ കൃഷ്ണസ്വാമി അയ്യരെപ്പോലെയുള്ള ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവിനെയും സംഭാവന ചെയ്ത സമുദായവും നഗരവുമാണിത്. അദ്ദേഹം സ്ഥാപിച്ച ശബരി ആശ്രമം, ദളിതരടക്കമുള്ളവരെ ബ്രഹ്മത്വത്തിലേക്ക് ആനയിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തി. ഇതറിഞ്ഞ ഗാന്ധിജി അദ്ദേഹത്തെ നേരില്‍ കാണാന്‍ 1935ല്‍ പാലക്കാട്ടെത്തുകയും ആശ്രമം സന്ദര്‍ശിക്കുകയും ചെയ്തു. താരേക്കാട്ടുള്ള മോയന്‍സ് സ്‌കൂളിന് തൊട്ടുമുമ്പിലായി കൃഷ്ണസ്വാമി അയ്യരുടെ പ്രതിമയും അതിന്റെ ചുറ്റുമായി ഒരു പൂന്തോട്ടവുമുണ്ട്.

കല്പാത്തിയില്‍ നിന്ന് അഞ്ചുവിളക്കു വരെ നീളുന്ന നെടും പാതയിലാണ് ഈ പ്രതിമയും പൂന്തോട്ടവുമുള്ളത്. അതിനു തൊട്ടു വടക്കായിട്ടാണ് ഗവണ്മെന്റ് വിക്‌റ്റോറിയ കോളേജ്. ഇഎംഎസ്സും എംടിയും ഒ വി വിജയനുമടക്കം നിരവധി പ്രമുഖ കേരളീയര്‍ പഠിച്ച മഹത്തായ കലാലയം.

അഞ്ചുവിളക്ക്
അഞ്ചുവിളക്ക്coutesy : manorama online

അഞ്ചുവിളക്ക് സ്ഥാപിക്കപ്പെട്ടത് 1881ല്‍ പാലക്കാട്ട് നടന്ന ഒരാത്മഹത്യയുടെ സ്മരണയ്ക്കായിട്ടാണ്. നിയമത്തില്‍ ബാരിസ്റ്ററായ പി രത്‌നവേലു ചെട്ടിയാര്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ബാര്‍ അറ്റ് ലോ പാസായത്. പാലക്കാട്ടെ ഹെഡ് അസിസ്റ്റന്റ് കലക്ടറും പാലക്കാട് നഗരസഭയുടെ വൈസ് പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരനായ മലബാര്‍ കലക്ടര്‍ (അന്നത്തെ മദിരാശി പ്രസിഡന്‍സിയിലെ കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ ജില്ലയില്‍ പെട്ട താലൂക്കും നഗരവുമായിരുന്നു പാലക്കാട്) പാലക്കാട് സന്ദര്‍ശിച്ചപ്പോള്‍ ഹെഡ് അസി. കലക്ടറും മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ രത്‌നവേലു ചെട്ടിയാര്‍ അദ്ദേഹത്തിന് ഹസ്തദാനം നല്‍കി. ഇത് സായിപ്പിന് ഇഷ്ടപ്പെട്ടില്ല. സായിപ്പ് തന്റെ കൈ കുടഞ്ഞ് വെള്ളമെടുത്ത് കഴുകി. വര്‍ണവെറിയുടെയും വംശീയതയുടെയും അപമാനം താങ്ങാനാവാതെ രത്‌നവേലു ചെട്ടിയാര്‍ ആത്മഹത്യ ചെയ്തു. 1881 സെപ്തംബര്‍ 28നാണ് സംഭവം. 1892ല്‍ നാട്ടുകാരനായ റാവു ബഹദൂര്‍ ചിന്നസ്വാമി പിള്ള നഗരസഭാ ചെയര്‍മാനായി.


അദ്ദേഹമാണ് രത്‌നവേലു ചെട്ടിയാരുടെ സ്മരണയ്ക്ക് അഞ്ചു വിളക്ക് സ്ഥാപിച്ചത്. നാട്ടുകാരില്‍ നിന്ന് പണം പിരിച്ചാണ് കോട്ടമൈതാനത്തോടു ചേര്‍ന്ന് വിളക്ക് സ്ഥാപിച്ചത്. അഞ്ചു വിളക്ക് എടുത്തു മാറ്റണമെന്ന് ബ്രിട്ടീഷുകാരനായ കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍, നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങിയതോടെ ഉത്തരവ് റദ്ദാക്കി. കീഴ്ജാതിയില്‍ പെട്ട രത്‌നവേലു ചെട്ടിയാര്‍ എന്ന ഉദ്യോഗസ്ഥനോട് ബ്രിട്ടീഷുകാര്‍ കാണിച്ച അവഗണനയും അതിനെതിരായ നാടിന്റെ ചെറുത്തു നില്‍പ്പും അഞ്ചുവിളക്കില്‍ തെളിയുന്നുണ്ട്.

ഇവിടെ ഇരുപത്തിനാല് മണിക്കൂര്‍ വേണ്ടി വന്നില്ല. അതിനു മുമ്പു തന്നെ നഗരസഭാ ആപ്പീസിനു മുകളില്‍ നടന്ന അക്രമസാക്തമായ അനീതി ചോദ്യം ചെയ്യപ്പെട്ടു. പുരോഗമന യുവജന സംഘടനയായ ഡി വൈഎഫ് ഐ, ദേശീയ പതാക ഉയര്‍ത്തിവീശിക്കൊണ്ടാണ് പാലക്കാടിന് നേരിട്ട അപമാനം തിരുത്തിയത്.

അഞ്ചുവിളക്ക് കോട്ടമൈതാനത്തിനു മുന്നില്‍ മാത്രമല്ല, പാലക്കാട് നഗരസഭാ ആപ്പീസിനും തൊട്ടുമുമ്പിലാണ്. ഈ നഗരസഭാ ആപ്പീസിനു മുകളിലാണ് ഏതാനും ഡിവിഷനുകള്‍ കൂടുതല്‍ കിട്ടി എന്ന ബലത്തില്‍, വോട്ടു ചെയ്തവരും അല്ലാത്തവരും ആയവര്‍ മാത്രമല്ല, സംസ്ഥാനത്തെയാകെ ജനങ്ങളെയും ഭയപ്പെടുത്തിക്കൊണ്ട് ജയ്ശ്രീരാം എന്ന ബാനര്‍ ബിജെപിക്കാര്‍ ഉയര്‍ത്തിയത്.

ഒരു നഗരത്തില്‍ ഒരു അനീതി നടന്നാല്‍, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അവിടെ ഒരു കലാപം നടക്കണം, ഇല്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലത് എന്ന ബ്രെഹ്റ്റിന്റെ വാക്കുകള്‍, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് (ഏതാണ്ട് നാല്പതു കൊല്ലം മുമ്പ്) ചുമരുകളില്‍ പുരോഗമന വിദ്യാര്‍ത്ഥി സംഘടനകള്‍ എഴുതി വെക്കുമായിരുന്നു.

ഇവിടെ ഇരുപത്തിനാല് മണിക്കൂര്‍ വേണ്ടി വന്നില്ല. അതിനു മുമ്പു തന്നെ നഗരസഭാ ആപ്പീസിനു മുകളില്‍ നടന്ന അക്രമസാക്തമായ അനീതി ചോദ്യം ചെയ്യപ്പെട്ടു. പുരോഗമന യുവജന സംഘടനയായ ഡി വൈഎഫ് ഐ, ദേശീയ പതാക ഉയര്‍ത്തിവീശിക്കൊണ്ടാണ് പാലക്കാടിന് നേരിട്ട അപമാനം തിരുത്തിയത്. അവിടെയെത്താന്‍ ഡിവൈഎഫ് ഐക്ക് അധികം സമയം വേണ്ടി വന്നില്ലെന്നത് സുപ്രധാനമായ കാര്യമാണ്.

ഇനി നമുക്ക് കല്പാത്തിയിലേക്ക് ഒരിക്കല്‍ കൂടി പോകാം. അവിടത്തെ ചരിത്രമെന്തെന്ന് പഠിക്കാം. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലം. കല്പാത്തിയിലെ തെരുവീഥിയിലൂടെ നടക്കാനോ അവിടത്തെ ക്ഷേത്രത്തില്‍ ആരാധിക്കാനോ ഉള്ള അവകാശം പാലക്കാട്ടെ ഈഴവര്‍ക്കുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണകൂടം ഈഴവരെ കല്പാത്തിയില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടിട്ടും അവിടത്തെ ബ്രാഹ്മണ സമൂഹം അതിനനുവദിച്ചില്ല. ചെങ്ങന്നിയൂരിലെയും തേങ്കുറുശ്ശിയിലെയും പനയൂരെയും കൊട്ടേക്കാട്ടെയും വിളയഞ്ചാത്തന്നൂരിലെയും ഈഴവര്‍ 1917 ഒക്ടോബര്‍ 24ന് യാക്കര അമ്പലത്തിന്റെ പരിസരത്ത് തടിച്ചു കൂടുകയും പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്തു. തമിഴ് പണ്ഡിതനായ നടേശ പിള്ളയായിരുന്നു ആ യോഗത്തിന് നേതൃത്വം കൊടുത്തത്.

എന്നാലതുകൊണ്ടും കാര്യം നടന്നില്ല. 1923 മാര്‍ച്ച് 31ന് കേരളത്തില്‍ നിന്നങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ പങ്കെടുത്ത ഒരു പൊതുയോഗം പാലക്കാട്ട് നടന്നു. മിതവാദി സി കൃഷ്ണനായിരുന്നു അദ്ധ്യക്ഷന്‍. സഹോദരന്‍ അയ്യപ്പന്‍, സത്യവ്രത സ്വാമി, സാധു ശിവപ്രസാദ് എന്നിവരായിരുന്നു മുഖ്യ പ്രാസംഗികര്‍. സഹോദരന്‍ അയ്യപ്പന്‍ തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ സംസാരിക്കുന്നതിനിടെ, നമുക്കെല്ലാവര്‍ക്കും ഇന്നിവിടെ വെച്ച് നമ്മുടെ ജാതിവാലുകള്‍ ഉപേക്ഷിക്കാമെന്നും, പുതിയ പേരുകള്‍ സ്വീകരിക്കാമെന്നും ആഹ്വാനം ചെയ്തു. ഉദാഹരണത്തിന് മുന്‍നിരയിലിരിക്കുന്ന കേശവപ്പിള്ളയ്ക്ക് ആ ജാതിവാല്‍ ഉപേക്ഷിച്ച് കേശവദാസന്‍ എന്ന് പേരു സ്വീകരിക്കാമെന്ന് സഹോദരന്‍ അയ്യപ്പന്‍ നിര്‍ദ്ദേശിച്ചു. ഇത് കേട്ട് ചാടിയെഴുന്നേറ്റ പരാമര്‍ശിത വ്യക്തിത്വം അലറി: ഞാനാരുടെയും ദാസനല്ല. ഞാന്‍ ദേവനാണ്. അതുകൊണ്ട് ഞാനെന്റെ പേര് കേശവദേവ് എന്നാക്കി മാറ്റുന്നു. അദ്ദേഹമാണ് മലയാള സാഹിത്യചരിത്രത്തിലെ സുപ്രധാനമായ വ്യക്തിത്വമായ കേശവദേവ്. ഓടയില്‍ നിന്ന്, നദി, ഭ്രാന്താലയം, അയല്‍ക്കാര്‍, എതിര്‍പ്പ്, ഒരു സുന്ദരിയുടെ ആത്മകഥ എന്നിങ്ങനെ നൂറിലധികം കൃതികളുടെ കര്‍ത്താവായ കേശവദേവ് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രാരംഭ കാല നേതാവുമാണ്.

ചരിത്രം മാറിമറിയുക തന്നെ ചെയ്യും. അതില്‍ അന്ധാളിക്കേണ്ടതില്ല. എന്നാല്‍, ചരിത്രം മറക്കരുത്. അങ്ങിനെ മറന്നാല്‍, ആ മറവിയുടെ മേലെക്കൂടിയാണ് ഫാസിസം ജൈത്രയാത്ര നടത്തുക. പാലക്കാട്ടിന്റെ ചരിത്രം പ്രതിരോധത്തിന്റെയും വിമോചനവാഞ്ഛയുടേതും തന്നെയാണ്

1924 സെപ്തംബര്‍ 25ന് മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായ സെന്റ് ജോര്‍ജ്ജ് കോട്ടയില്‍ നിന്ന്, പൊതുനിരത്തിന്റെയും പൊതുകിണറുകളുടെയും ഉപയോഗം ഏതെങ്കിലും ജാതിക്കാര്‍ക്ക് വിലക്കിക്കൊണ്ടുള്ള നടപടികളെ നിരോധിക്കുകയും കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ വര്‍ഷത്തെ കല്പാത്തി തേരിന് (രഥോത്സവം) നവംബര്‍ 13 മുതല്‍ 15വരെ നൂറു കണക്കിന് ഈഴവന്മാര്‍ പാലക്കാട്ടെത്തിച്ചേരുകയും കല്പാത്തിയുടെ തൊട്ടുമുമ്പില്‍ തടിച്ചുകൂടുകയും ചെയ്തു. ബ്രാഹ്മണര്‍ അവരെ തടയുകയും നേതാക്കളെ അടക്കം കല്ലെറിയുകയും ചെയ്തു. തച്ചമൂച്ചിക്കല്‍ ചാമി, ദാമോദരന്‍, പത്മനാഭന്‍ എന്നിവരടക്കം നിരവധി പേര്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ഈഴവന്മാര്‍ തിരിച്ചടി തുടങ്ങി. അതിനെയാണ് കല്പാത്തി ലഹള എന്നു വിളിക്കുന്നത്. വൈക്കം സത്യാഗ്രഹത്തിന് സമാനമായ സമരമാണെങ്കിലും പല കാരണങ്ങളാല്‍ - അതില്‍ ഏറ്റവും പ്രധാനം പൊതുബോധത്തിന്റെ ബ്രാഹ്മണ വിധേയത്വം തന്നെ - കല്പാത്തി ലഹളയ്ക്ക് കേരള ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണുന്നില്ല.

മദ്രാസ് അസംബ്ലിയില്‍ ആര്‍ വീരയ്യന്‍ അനീതിയ്‌ക്കെതിരെ ഗംഭീരമായ പ്രസംഗം നടത്തി. ശ്രീനാരായണഗുരുവും ടി കെ മാധവനുമടക്കമുള്ള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ പാലക്കാട് സന്ദര്‍ശനം നടത്തി. 1924 ഡിസംബര്‍ 10ന് സമാധാന പരമായ മാര്‍ഗത്തില്‍ വീണ്ടും കല്പാത്തിയില്‍ പ്രവേശിക്കാന്‍ ഈഴവര്‍ ശ്രമം നടത്തി. സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്ന് അത് റദ്ദാക്കി.

ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ടിനെ തുടര്‍ന്ന് 1925 ജനുവരി 9ന് കല്‍പ്പാത്തിയിലെ എല്ലാ നിരത്തുകളും എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തു. നൂറ്റാണ്ടുകളായി നിലനിന്ന വിവേചനമാണ് അന്ന് അവസാനിച്ചത്. പാലക്കാട് പ്രദേശത്തെ അയിത്തജാതിക്കാര്‍ക്ക് ദൃശ്യത കൊടുക്കുന്നതില്‍ കല്പാത്തി ലഹള വഹിച്ച് പങ്ക് നിസ്തുലമാണ്. അപമാനം താങ്ങാനാവാതെ നിരവധി പേര്‍ അന്ന് ക്രിസ്തുമതം സ്വീകരിക്കുകയുമുണ്ടായി. അവരില്‍ ജോണ്‍ കിട്ടയെ പോലുള്ളവര്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി ടിക്കറ്റില്‍ നിയമസഭാംഗം വരെയായിട്ടുണ്ട്. ആലത്തൂര്‍ ആര്‍ കൃഷ്ണന്റെയും ജോണ്‍ കിട്ടയുടെയും നേതൃത്വത്തില്‍ മാറു മറയ്ക്കുന്നതിനും വഴി നടക്കുന്നതിനും വേണ്ടി പാലക്കാട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്.

ചരിത്രം മാറിമറിയുക തന്നെ ചെയ്യും. അതില്‍ അന്ധാളിക്കേണ്ടതില്ല. എന്നാല്‍, ചരിത്രം മറക്കരുത്. അങ്ങിനെ മറന്നാല്‍, ആ മറവിയുടെ മേലെക്കൂടിയാണ് ഫാസിസം ജൈത്രയാത്ര നടത്തുക. പാലക്കാട്ടിന്റെ ചരിത്രം പ്രതിരോധത്തിന്റെയും വിമോചനവാഞ്ഛയുടേതും തന്നെയാണ്. അത് കേരളത്തിന്റെ ചരിത്രം തന്നെയാണ്. ഇന്ത്യയുടേതും. അതിനു മേലേക്ക് ഫാസിസത്തിന്റെ നീട്ടുകള്‍ നീണ്ടു വരുന്നുണ്ടെങ്കില്‍ അത് തടയപ്പെടുക തന്നെ ചെയ്യേണ്ടിയിരിക്കുന്നു.

Summary

റഫറന്‍സ് :·1. The Ezhava Uprising in Kalpathy K A Shaji·(August 18, 2019 (https://kochipost.com/2019/08/18/the-ezhava-uprising-in-kalpathy/)
2. The Untouchable Brahmin Who Saved Gandhi's Life (https://www.indianmemoryproject.com/84/)
3. രത്‌നവേലു ചെട്ടിയാരുടെ ജീവത്യാഗത്തിന് 139 വയസ്സ്- ശരത് കല്പാത്തി ( https://www.deshabhimani.com/news/kerala/news-palakkadkerala-28-09-2020/897797)

Summary

GP Ramachandran's column , BJP Unfurls "Jai Sri Ram" On Kerala Municipal Building

Related Stories

No stories found.
logo
The Cue
www.thecue.in