എന്താണ് സ്റ്റാ​ഗ്ഫ്ലേഷൻ? ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ ‌ മാന്ദ്യത്തിന് വളമിടുന്നതെങ്ങനെ?

എന്താണ് സ്റ്റാ​ഗ്ഫ്ലേഷൻ?
ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ ‌
മാന്ദ്യത്തിന് വളമിടുന്നതെങ്ങനെ?
Summary

നിലവിൽ നമ്മൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരു പ്രക്രിയയാണ്. ഇപ്പോൾ സംഭവിക്കുന്ന പ്രതിസന്ധിയുടെ പേര് സ്റ്റാഗ്ഫ്‌ളേഷൻ എന്നാണ്. എന്താണ് സ്റ്റാഗ്ഫ്‌ളേഷൻ? തൊഴിലില്ലായ്‌മ, വിലക്കയറ്റം, പതുക്കെയുള്ള വളർച്ച എന്നീ മൂന്ന് കാര്യങ്ങളുടെ സംയോജനമാണ് സ്റ്റാഗ്ഫ്‌ളേഷൻ എന്ന് ലളിതമായി പറയാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളുടെ ഒരു പ്രശ്നം സാധാരണ ജനത്തെ പരിഗണിക്കുന്നില്ല എന്നതാണ്. അലൻ പോൾ വർഗ്ഗീസ് എഴുതുന്നു.

2023ന്റെ രണ്ടാം പകുതിയോടെ സാമ്പത്തിക മാന്ദ്യം ശക്തമാകും എന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. ഐഎംഎഫ്‌, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ വർഷത്തിന്റെ ആരംഭത്തിൽ തന്നെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള അപായ സൂചനകൾ നൽകിയിരുന്നു. കോവിഡ് മൂലം വർധിച്ച സാമ്പത്തിക പ്രശ്നങ്ങളും റഷ്യ-ഉക്രൈൻ സംഘർഷവുമാണ് ഇപ്പോൾ സംഭവിക്കുന്ന മാന്ദ്യത്തിന് കാരണമെന്ന് ഐഎംഎഫ്‌ പറയുമ്പോഴും ഒരുപക്ഷം സാമ്പത്തിക ശാസ്ത്രജ്ഞർ മറ്റ് ചില കാരണങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്.

കോവിഡിന് മുൻപേ ആഗോള സമ്പത്ത് വ്യവസ്ഥയിൽ ക്ഷീണങ്ങൾ ഉണ്ടായിരുന്നു. വാസ്തവത്തിൽ കോവിഡ് പുതിയ പ്രശ്നങ്ങൾക്ക് ജന്മം കൊടുക്കുന്നതിന് ഒപ്പം തന്നെ നിലനിന്നിരുന്ന പ്രശ്നങ്ങളെ തുറന്നു കാണിക്കുകയും അവയെ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തു.

2018ൽ തന്നെ ആഗോള സമ്പദ് വ്യവസ്‌ഥ കിതയ്ക്കുന്നുണ്ട് എന്ന പഠനങ്ങൾ വന്നിരുന്നു. 2018 മാർച്ചിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടിൽ കേന്ദ്ര ധനകാര്യ വകുപ്പും ആഗോള തലത്തിൽ അനുഭവപ്പെട്ട തളർച്ചയെ കുറിച്ചും അതിന്റെ ഫലങ്ങളെ കുറിച്ചും സൂചനകൾ നൽകിയിരുന്നു.

ട്രംപ് തുടക്കമിട്ട വാണിജ്യ യുദ്ധവും അമേരിക്കയുടെ സംരക്ഷണവാദ(protectionist)നയങ്ങളും അതിനോടുള്ള ചൈനയുടെ പ്രതിരോധ പരിപാടികളുമാണ് പെട്ടെന്ന് ഒരു സ്ലോഡൗണിന് കാരണം എന്ന് ഐഎംഎഫ്‌ ബ്ലോഗിൽ പ്രസദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ പറയുന്നു. (Oya Celasun, Gian Maria Milesi-Ferretti, Maurice Obstfeld എന്നിവർ ഡിസംബർ 20 2018ൽ എഴുതിയ ലേഖനം)കോവിഡും അതിന് ശേഷമുള്ള പ്രതിഭാസങ്ങളുമാണ് ഇപ്പോൾ സംഭവിക്കുന്ന മാന്ദ്യത്തിന് കാരണം എന്ന് ആരെങ്കിലും ധരിച്ചാൽ അത് തെറ്റാണ്. എന്ത് കൊണ്ട് ഞാൻ 2018ലെ റിപ്പോർട്ടുകളെ ഇതിനായി വിശകലനം ചെയ്തു? അത് കോവിഡിന് മുൻപായത് കൊണ്ടല്ല മറിച്ച് 2008ൽ സംഭവിച്ച ആഗോള സാമ്പത്തിക തകർച്ചയുടെ പത്താം കൊല്ലം എന്ന സവിശേഷത ഉള്ളത് കൊണ്ടാണ്. 2018 ലെ World Economic Outlook-ന്റെ രണ്ടാം ചാപ്റ്റർ മുഴുവനായും 2008 മാന്ദ്യത്തിൽ നിന്ന് രാജ്യങ്ങൾ എവിടെ എത്തി നിൽക്കുന്നു എന്നത് പരിശോധിക്കുന്നുണ്ട്.

അത് പ്രകാരം പത്ത് കൊല്ലം കഴിഞ്ഞിട്ടും 2008ന് മുൻപുള്ള മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിപ്പെടാൻ ഒട്ടുമിക്ക രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. 2007-08ൽ ബാങ്കിങ് പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ 80 ശതമാനവും അതിന് മുൻപ് ഉണ്ടായിരുന്ന ഔട്ട്പുട്ടിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിട്ടില്ല. ജനന നിരക്ക്‌ വരെ സാരമായി ബാധിക്കപ്പെട്ടു എന്ന് റിപ്പോർട്ട് പറയുന്നു. (റിപ്പോർട്ട് തയ്യാറാക്കിയവർ : Wenjie Chen, Mico Mrkaic, and Malhar Nabar (lead), from Deniz Igan, Christopher Johns, and Yuan Zeng,Luisa Calixto, Meron Haile, and Benjamin Hilgenstock)

ഇതിന് പുറകെയാണ് കോവിഡ് വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധി സംഭവിക്കുന്നത്. ഇതിൽ നിന്ന് കരകയറാൻ ശ്രമിക്കവേയാണ് സാമ്പത്തിക മാന്ദ്യം വീണ്ടും ശക്തമാകുന്നത്. നിലവിൽ നമ്മൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരു പ്രക്രിയയാണ്. ഇപ്പോൾ സംഭവിക്കുന്ന പ്രതിസന്ധിയുടെ പേര് സ്റ്റാഗ്ഫ്‌ളേഷൻ എന്നാണ്. എന്താണ് സ്റ്റാഗ്ഫ്‌ളേഷൻ? തൊഴിലില്ലായ്‌മ, വിലക്കയറ്റം, പതുക്കെയുള്ള വളർച്ച എന്നീ മൂന്ന് കാര്യങ്ങളുടെ സംയോജനമാണ് സ്റ്റാഗ്ഫ്‌ളേഷൻ എന്ന് ലളിതമായി പറയാം.

ആദ്യമായി reccession ൽ വീണു എന്ന് ഔദ്യോദികമായി പ്രഖ്യാപിച്ചത് ജർമനിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇന്റർനെറ്റിലെ ഏറ്റവും പ്രധാന ചർച്ച വിഷയവും ഇത് തന്നെയാണ്. ജർമനി എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഗൂഗിളിൽ മാന്ദ്യത്തെ കുറിച്ചുള്ള വാർത്തകൾ വരും. രണ്ട് ക്വാട്ടറുകളിലായി വളർച്ച ഇടിയുമ്പോഴാണ് ജർമനി മാന്ദ്യത്തിൽ വീണു എന്ന് പ്രഖ്യാപിക്കുക. 2022ൽ ജർമൻ സമ്പദ് വ്യവസ്‌ഥ 0.3 ശതമാനവും ഈ കൊല്ലം 0.5 ശതമാനവും ഇടിഞ്ഞു. ഇതിനെ തുടർന്നാണ് മാന്ദ്യം പ്രഖ്യാപിച്ചത്. ( കടപ്പാട് : The Guardian)

Organisation for Economic Co-operation and Development (OECD)യുടെ കണക്കുകൾ പ്രകാരം യുഎസ് ജിഡിപി വളർച്ച 2023ൽ 1.5 ശതമാനമായും 2024ൽ 0.9 ശതമാനമായും കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. യൂറോപ്പിൽ 2023ൽ വളർച്ച 0.8% ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

അതിജീവിക്കാൻ തന്നെ ദുഷ്കരമായ സാഹചര്യത്തിലേക്കാണ് റഷ്യ-ഉക്രൈൻ സംഘർഷം എന്ന ഇടിത്തീ വീഴുന്നത്. റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ചുമത്തിയതോടെ യൂറോപ്പിൽ ഊർജ പ്രതിസന്ധി ആരംഭിച്ചു. ഇപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന ഊർജം യൂറോപ്യൻ രാജ്യങ്ങൾ വാങ്ങുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ എണ്ണ കമ്പനികൾ ഒരു ഇടത്താവളമായി മാറി. റഷ്യയിൽ നിന്ന് നേരിട്ടല്ലേ വാങ്ങാൻ പ്രശ്നം. ഇന്ത്യയിൽ നിന്ന് വാങ്ങുമ്പോൾ പ്രശ്നമില്ലല്ലോ.

പെട്ടെന്നുള്ള മാർക്കറ്റ് തകർച്ചയ്ക്ക് പകരം പതിയെ പതിയെ സമ്പദ് വ്യവസ്ഥകളെ ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് മാന്ദ്യം മുന്നോട്ട് പോകുന്നത്. 2008ലെ പോലെ ഒരു ബാങ്കിംഗ് തകർച്ചയല്ല ഇപ്പോഴത്തെ മാന്ദ്യത്തിന്റെ കാരണ ഹേതു. മറിച്ചു അനേകം കാരണങ്ങൾ ഇതിനുണ്ട്. അതിലെ ചിലതിനെ കുറിച്ചു നമുക്ക് ചർച്ച ചെയ്യാം

1. കോവിഡ്

2. റഷ്യ-ഉക്രൈൻ സംഘർഷം

3. തെറ്റായ സാമ്പത്തിക നയങ്ങൾ

കോവിഡ് മഹാമാരി ഏൽപിച്ച ആഘാതങ്ങളിൽ ഒന്ന് സാമ്പത്തിക പ്രതിസന്ധിയാണ്. കോവിഡ് മൂലം സ്റ്റാഗ്ഫ്‌ളേഷൻ ഉണ്ടാകും എന്ന് 2020 മുതലേ ലോകം ഭയപ്പെട്ടിരുന്നു. 2020 മുതൽ വിലക്കയറ്റം ഒട്ടുമിക്ക രാജ്യങ്ങളിലും വർധിച്ചു. സാമ്പത്തിക അസമത്വങ്ങളും 2008ലെ ആഗോള മാന്ദ്യത്തിൽ നിന്ന് കരകയറാത്ത ജനങ്ങൾ കൂടുതൽ തൊഴിൽരഹിതർ ആയതോടെ സാമ്പത്തിക ശേഷിയിൽ വലിയ ഇടിവുണ്ടായി. ഉപഭോഗ നിരക്ക് കുറഞ്ഞതോടെ വളർച്ചയും കുറഞ്ഞു.

അതിജീവിക്കാൻ തന്നെ ദുഷ്കരമായ സാഹചര്യത്തിലേക്കാണ് റഷ്യ-ഉക്രൈൻ സംഘർഷം എന്ന ഇടിത്തീ വീഴുന്നത്. റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ചുമത്തിയതോടെ യൂറോപ്പിൽ ഊർജ പ്രതിസന്ധി ആരംഭിച്ചു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 80% ഇല്ലാതായതോടെ യൂറോപ്പിലെ വ്യവസായങ്ങൾ കഷ്ടത്തിലായി. ഇത് വളരെ വേഗം ഒരു സാമ്പത്തിക പ്രതിസന്ധിയായി മാറി. ജർമനിയുടെ തകർച്ചയ്ക്കും കാരണം ഇത് തന്നെയാണ്. ഇപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്ന ഊർജം യൂറോപ്യൻ രാജ്യങ്ങൾ വാങ്ങുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ എണ്ണ കമ്പനികൾ ഒരു ഇടത്താവളമായി മാറി. റഷ്യയിൽ നിന്ന് നേരിട്ടല്ലേ വാങ്ങാൻ പ്രശ്നം. ഇന്ത്യയിൽ നിന്ന് വാങ്ങുമ്പോൾ പ്രശ്നമില്ലല്ലോ.

അമേരിക്ക, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വിലക്കയറ്റം രൂക്ഷമാണ്. ആഗോള വിലക്കയറ്റ നിരക്ക് 2020ൽ 3.50% ആയിരുന്നെങ്കിൽ 2021 ൽ അത് 4.7 ശതമാനമായി. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ)യുടെ World Employment and Social Outlook: Trends 2023 പ്രകാരം ആഗോള തൊഴിലില്ലായ്‌മ നിരക്ക് 5.8 ശതമാനമാണ്. തൊഴിലുകളുടെ നിലവാരം നശിക്കുന്നതോടെ തൊഴിലാളികൾ കുറഞ്ഞ വേതനമുള്ള ജോലികൾ സ്വീകരിക്കാൻ നിർബന്ധിതരാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്റ്റാഗ്ഫ്ലേഷന്റെ ഒരു പ്രധാന പ്രത്യേകത Stagnation അഥവാ നിശ്ചലതയാണ്. ലോക സാമ്പത്തിക ഫോറം ജനുവരി 2023 ൽ പുറത്ത് വിട്ട ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം COVID-19 ന്റെ സാമ്പത്തിക അനന്തരഫലങ്ങളും ഉക്രെയ്നിലെ യുദ്ധവും പണപ്പെരുപ്പം കുതിച്ചുയരുന്നതിന് കാരണമായി, പണ നയങ്ങളുടെ ദ്രുതഗതിയിലുള്ള സ്വാഭാവികവൽക്കരണവും താഴ്ന്ന വളർച്ചയും കുറഞ്ഞ നിക്ഷേപ നിരക്കുകളുടെ കാലവും ആരംഭിച്ചു.

സർക്കാരുകൾക്കും അവരുടെ സെൻട്രൽ ബാങ്കുകൾക്കും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കടുത്ത പണപ്പെരുപ്പ സമ്മർദങ്ങൾ നേരിടേണ്ടി വന്നേക്കാം. ഉക്രെയിനിൽ നീണ്ടുനിൽക്കുന്ന യുദ്ധത്തിനുള്ള സാധ്യതയും, സാമ്പത്തിക വാണിജ്യ യുദ്ധവും വിതരണ ശൃംഖലകളെ വിഘടിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തിക, ധനനയങ്ങൾ തമ്മിലുള്ള കുഴപ്പങ്ങൾ മനസിലാക്കാതെ പോകുന്നത്, ആഗോളതലത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തെയും കടക്കെണിയെയും സൃഷ്ടിക്കും. തുടർച്ചയായ വിതരണത്തെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സ്തംഭനാവസ്ഥയിലേക്ക് നയിച്ചേക്കാം, ചരിത്രപരമായി ഉയർന്ന അളവിലുള്ള പൊതു കടം ഉണ്ടായാൽ അതിന്റെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ഗുരുതരമായേക്കാം.

ഇപ്പോൾ സംഭവിക്കുന്ന പണപ്പെരുപ്പത്തെ സപ്ലൈസൈഡ് ഇൻഫ്ലേഷൻ എന്നാണ് വിശേഷിപ്പിക്കുക. ഉത്പാദന മേഖലയിൽ ചിലവുകൾ കൂടുന്നത് മൂലം ഉണ്ടാവുന്ന പണപ്പെരുപ്പമാണ് ഇത്.

മാന്ദ്യങ്ങളിലെ "അമേരിക്കൻ" ഘടകം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന സാമ്പത്തിക തകർച്ചയുടെ ഒരറ്റത്ത് എപ്പോഴും അമേരിക്കയുണ്ടാകും. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിച്ചത് അമേരിക്കയിലെ ബാങ്കുകൾ തകരുന്നതോടെയാണ്. ഇപ്രാവശ്യവും മാന്ദ്യത്തിന്റെ ആഘാതം വർധിപ്പിക്കാൻ ഉതകുന്ന ബാങ്ക് തകർച്ച അമേരിക്കയിൽ സംഭവിച്ചു. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയോടെയാണ് ഇതിന് ആരംഭം കുറിച്ചത്. സിലിക്കൺവാലി ബാങ്കിന് പുറകെ സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക്, ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് തകർന്നു. അമേരിക്കയുടെ ഫെഡറൽ റിസെർവ് വിലക്കയറ്റം നേരിടാൻ പലിശ നിരക്ക് വർധിപ്പിക്കുന്നതോടെയാണ് ബാങ്കുകളിൽ പ്രശ്നങ്ങളുടെ ആദ്യ ഘട്ടമാരംഭിക്കുന്നത്. ശക്തമായ ബാങ്കിങ് നയങ്ങളുടെ അഭാവവും പ്രശ്നങ്ങളുടെ തോത് കൂട്ടി.

തെറ്റായ സാമ്പത്തിക നയങ്ങളാണ് എല്ലായ്പോഴും മാന്ദ്യങ്ങൾക്ക് കാരണമായി മാറുക. സാമ്പത്തിക യാഥാസ്ഥിതികവാദങ്ങൾ ഉയർത്തി പിടിക്കുന്ന ഭരണകൂടങ്ങൾ പ്രശ്നങ്ങളെ സങ്കീർണമാക്കി മാറ്റും. ഡൊണാൾഡ് ട്രംപിന്റെ സംരക്ഷണവാദ നയങ്ങൾ ഇപ്പോൾ സംഭവിക്കുന്ന മാന്ദ്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഡോളർ ആധിപത്യം മൂലം അമേരിക്കയിൽ സംഭവിക്കുന്ന പ്രശ്‌നങ്ങൾ ലോകത്തിന്റെ മുഴുവൻ പ്രശ്നമായി മാറും. ട്രംപ് സർക്കാർ കച്ചവട തീരുവകൾ ഏർപ്പെടുത്തിയതോടെ അമേരിക്കയിൽ പെട്ടെന്ന് തന്നെ തൊഴിൽ നഷ്ടങ്ങൾ സംഭവിച്ചു.

ചില കമ്പനികൾ അമേരിക്കയിൽ നിന്ന് മാറി യൂറോപ്പിൽ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുവാൻ തുടങ്ങി. നിർമാണ മേഖലയിൽ ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കാനുള്ള സമ്മർദ്ദം രൂപപ്പെട്ടു. ഇതിനെ തുടർന്ന് കൺസ്യൂമേർ കോൺഫിഡൻസ് കുറയാൻ തുടങ്ങുകയും ബാങ്കുകൾ ലോണുകൾക്കുള്ള പലിശ നിരക്ക് വർധിപ്പിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് വിലക്കയറ്റം ശക്തമായി പിടിമുറുക്കി. ജോ ബൈഡന്റെ നയങ്ങൾക്ക് വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സാധിച്ചില്ല. സിലിക്കൺവാലി ബാങ്ക് തകർന്നപ്പോൾ ഒരുപാട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളെ അത് രൂക്ഷമായി ബാധിച്ചു.

ഇന്ത്യയ്ക്ക് എന്ത് സംഭവിക്കും ?

മുൻ റിസെർവ് ബാങ്ക് ഗവർണറും ലോക പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ ഈയടുത്ത് പ്രകടപ്പിച്ച ഒരു ആശങ്ക ഇന്ത്യ പഴയ ഹിന്ദു റേറ്റ് ഓഫ് ഗ്രോത്തിലേക്ക് മടങ്ങുമോ എന്നാണ്. എന്താണ് ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത് ? ആഗോളവത്കരണത്തിന്റെ വക്താക്കളായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞർ 1950 മുതൽ 80 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യയുടെ ജിഡിപിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പേരാണ് ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത്. 4-5% മാത്രം വരുന്ന ജിഡിപി വളർച്ചയെയാണ് ഇങ്ങനെ വിളിക്കുന്നത്.

രഘുറാം രാജൻ പ്രകടപ്പിക്കുന്ന ഈ ആശങ്കയ്ക്ക് പുറകിലെ ചില കാരണങ്ങൾ നമുക്ക് പരിശോധിക്കാം.

1. സ്വകാര്യ മേഖലയുടെ നിക്ഷേപ നിരക്കിൽ സംഭവിച്ച ഇടിവ്.

2. 2023 ഫെബ്രുവരി 28 ന് പുറത്തു വിട്ട എൻ എസ് ഒ റിപ്പോർട്ട് പ്രകാരം. 2022-23 സാമ്പത്തിക വർഷത്തിലെ നാലാം ക്വാട്ടറിൽ ഇന്ത്യയുടെ 4%മായി ചുരുങ്ങി. അതിന് മുൻപുള്ള പാദങ്ങളിൽ യഥാക്രമം 15.61% , 9.2%, 5.2 % എന്നിങ്ങനെയായിരുന്നു.

എങ്ങനെ മാന്ദ്യത്തെ നേരിടാം?

സാമ്പത്തിക ശാസ്ത്രത്തിൽ മന്ത്രവിദ്യകൾ ഇല്ല. നല്ല പദ്ധതികൾക്ക്‌ പോലും അതിന്റെതായ സമയം വേണം ഫലപ്രദമാകാൻ. മാന്ദ്യത്തിന്റെ ആഘാതങ്ങൾ കുറയ്ക്കുവാൻ ദേശീയ തലത്തിലും ആഗോളതലത്തിലും കൂടിയാലോചനകൾ ആവശ്യമാണ്. 2008 ലെ ആഗോള മാന്ദ്യത്തിന്റെ പ്രശ്നങ്ങൾ നേരിടാൻ ഐക്യ രാഷ്ട്ര സഭ ഒരു ഉന്നത തല കമീഷൻ രൂപീകരിച്ചിരുന്നു. ജോസഫ് സ്റ്റിഗ്ലിറ്സ് ആയിരുന്നു അതിന്റെ ചെയർമാൻ. പ്രഭാത് പട്നായിക്ക് ആ കമീഷനിൽ അംഗമായിരുന്നു. ആ കമീഷൻ പുറത്ത് വിട്ട റിപ്പോർട്ട് അറിയപ്പെടുന്നത് സ്റ്റിഗ്ലിറ്സ് റിപ്പോർട്ട് എന്നാണ്. ബാങ്കിംഗ്, പൊതുമേഖല തുടങ്ങിയവയെ കുറിച്ച് ആ റിപ്പോർട്ടിൽ പറയുന്ന പോളിസികൾ ഇപ്പോഴും പ്രസക്തമാണ്. അതിനോടൊപ്പം തന്നെ പുതിയ സാഹചര്യങ്ങളെ കുറിച്ചുള്ള പഠനം ആവശ്യമാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളുടെ ഒരു പ്രശ്നം സാധാരണ ജനത്തെ പരിഗണിക്കുന്നില്ല എന്നതാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ രണ്ട് കാര്യങ്ങളിലാണ് നിർമല സീതാരാമൻ ഊന്നൽ നൽകിയത്. ഉപഭോഗവും നിക്ഷേപങ്ങളും (consumption and investment). ഇതിനായി ക്യാപിറ്റൽ എക്സ്പെൻഡീച്ചർ അഥവാ CapEx-ലൂടെ ഇൻവെസ്റ്റ്മെന്റുകൾ വർധിപ്പിക്കാനും നികുതി സ്ലാബുകൾ പുനക്രമീകരിച്ച് ഉപഭോഗം വർധിപ്പിക്കാനുമാണ് ബഡ്ജറ്റ് ശ്രമിച്ചത് എന്ന് നിർമല സീതാരാമൻ പറഞ്ഞു. മുതിർന്ന സാമ്പത്തിക കാര്യ മാധ്യമ പ്രവർത്തകൻ വി ശ്രീധർ ഈ പ്രസ്താവനയിലെ ചില കുഴപ്പങ്ങളെ കുറിച്ചു എഴുതിയിട്ടുണ്ട്.

'വ്യവസായികളോട് നിക്ഷേപം നടത്താനുള്ള ധനമന്ത്രിയുടെ തന്നെ നിരാശാജനകമായ അഭ്യർത്ഥന സ്വകാര്യ നിക്ഷേപം വന്നിട്ടില്ലെന്ന ആധികാരിക യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ കിക്ക്‌സ്റ്റാർട്ട് ചെയ്യുന്നതിന് പൊതു നിക്ഷേപത്തിൽ നിന്നുള്ള കേന്ദ്രീകൃതവുമായ മൂലധന നിക്ഷേപം ആവശ്യമാണ്. സർക്കാരിന്റെ മൂലധന ചെലവുകളിൽ സവിശേഷമായ ഒരു നേട്ടം റെയിൽവേയിൽ ഉണ്ടായ നിക്ഷേപങ്ങൾ മാത്രമാണ്. 2023-24 ലെ ക്യാപിറ്റൽ എക്സ്പെൻഡീച്ചർ തുകയായ 10 ലക്ഷം കോടിയിൽ പകുതിയും പോകുന്നത് റെയിൽവേയിലും റോഡുകളിലുമാണ്. ബാക്കി തുകയെ കുറിച്ചു കൃത്യമായ വീക്ഷണങ്ങൾ ഇല്ല. ഹെലിപാഡ് തുടങ്ങിയ ഫാൻസി പദ്ധതികൾ ഒരു "multiplier effect” സൃഷ്ടിക്കുമോ എന്ന് സംശയമാണ്.'

ആദായനികുതിയുടെ സ്ലാബുകളിലും നിരക്കുകളിലും ധനമന്ത്രി വരുത്തിയ ക്രമീകരണങ്ങൾ ഉപഭോഗ നിരക്കിൽ വർധനവ് ഉണ്ടാക്കുമെന്ന അവകാശവാദം സംശയാസ്പദമാണ്. വലിയ കോർപ്പറേറ്റ് തലവൻമാർ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഡിമാൻഡ് സ്തംഭനാവസ്ഥയിലാണെന്ന് ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചു. നിരക്കുകളുടെയും നികുതി സ്ലാബുകളുടെയും പുനഃക്രമീകരണത്തിൽ നിന്ന് ഉയർന്നുവരുന്ന രണ്ട് ആശങ്കാജനകമായ പ്രശ്നങ്ങളുണ്ട്. ഒന്നാമതായി, പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിരക്കുകളിൽ നിന്ന് ഉയർന്ന വരുമാനമുള്ളവർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമാണ്.

സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു അടിസ്ഥാന തത്വം സാമാന്യബുദ്ധിയുള്ള യുക്തിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, ഒരാൾ വരുമാനത്തിൽ വർധനവ് ഉണ്ടാകുമ്പോൾ ഉപഭോഗം ചെയ്യാനുള്ള പ്രവണത കുറയുന്നു. നികുതി സ്ലാബുകൾ പുനർ സംഘടിപ്പിക്കുമ്പോൾ രാജ്യത്ത് നിലക്കുന്ന "savings regime " നെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. നിലവിലെ നികുതി സ്ലാബിന്റെ ഘടന മൂലം എൽ ഐ സി, വിവിധ സേവിങ്സ് സ്കീമുകളിൽ ആളുകൾ നിക്ഷേപം നടത്തിയിരുന്നു. കാരണം അത്തരം പദ്ധതികളിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ഇളവ് ഉണ്ടായിരുന്നു. പുതിയ നികുതി ഘടന മൂലം പൊതുമേഖല സേവിങ്സ് സൗകര്യങ്ങളിൽ നിന്നും ആളുകൾ പിൻവലിയും.” ( Introduction by V.Sridhar to “BUDGET 2023 TAKING PEOPLE FOR A RIDE ; A TASTE OF THE AMRIT KALYANAM” published by Centre for Financial Accountability)

ഒട്ടും തന്നെ മൂലധന നിർമാണം നടക്കാതെ പോകുന്നതും ഉപഭോഗ നിരക്ക് കുറയുന്നതും ജനങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയുടെ പ്രതിഫലനമാണ്. വ്യക്തമായ സാമൂഹിക സാമ്പത്തിക സഹായങ്ങൾക്കും പോളിസികൾക്കും പ്രാധാന്യം നൽകാതെ പിന്നെയും ചെലവ് ചുരുക്കൽ ( austerity) നയവുമായിട്ട് മുന്നോട്ട് പോവുകയാണ് പല രാജ്യങ്ങളും. ഈ രീതിയിൽ നിന്ന് മാറാതെ സമൂലമായ ഒരു പരിഹാരം സാധ്യമാവില്ല.

(ഡൽഹി യൂണിവേഴ്സിറ്റിയിലെ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയും എഐഎസ്എഫ്‌ കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലേഖകൻ)

Related Stories

No stories found.
logo
The Cue
www.thecue.in