ബ്രഹ്മപുരം; അധികാരികളെ, നിങ്ങൾ പ്രതിക്കൂട്ടിലാണ്

ബ്രഹ്മപുരം; 
അധികാരികളെ, 
നിങ്ങൾ പ്രതിക്കൂട്ടിലാണ്
Summary

ഉത്തരങ്ങൾ വേണം, ഒരു ചോദ്യത്തിനെങ്കിലും . അതിതാണ്. എന്നുണ്ടാവും കൊച്ചി നഗരത്തിലെ ഈ മാലിന്യ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം? പദ്ധതിയുണ്ടോ ?

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം മൂലമുള്ള വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതം പേറുമ്പോൾ, എൻ.ഇ.സുധീർ എഴുതുന്നു

കൊച്ചി നഗരം കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നാണ്. ഏകദേശം ഒൻപതുലക്ഷത്തോളം മനുഷ്യർ തിങ്ങിപാർക്കുന്ന ഒരിടം. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം. കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം. ആ നഗരത്തിൻ്റെ മാലിന്യ പ്ലാൻ്റിന് തീപ്പിടിച്ചത് മൂന്നു ദിവസം മുമ്പാണ്. ഞാനിതെഴുതുന്നത് നാലാം ദിവസമാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും പത്തൊമ്പത് കിലോമീറ്ററിനിപ്പുറമാണ് കൊച്ചിയിൽ ഞാൻ താമസിക്കുന്ന കടവന്ത്രയിലെ വിദ്യാനഗർ. കഴിഞ്ഞ മൂന്നു ദിവസമായി രാവിലെ എഴുന്നേറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ കാണുന്നത് വെറും പുകമറ മാത്രം. ആദ്യദിവസം വിചാരിച്ചത് കടുത്ത മഞ്ഞാണെന്നായിരുന്നു. പത്രം കണ്ടപ്പോഴാണ് മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെത്തുടർന്നുണ്ടായ പുകയാണ് എന്ന് മനസ്സിലായത്. ജനൽ തുറന്നതോടെ ശ്വസിക്കുമ്പോൾ വിമ്മിഷ്ടമുണ്ടായിത്തുടങ്ങി. കണ്ണിന് എരിച്ചിലും. ഇന്നും അതു തുടരുന്നു. പുറത്ത് ഒന്നും വ്യക്തമായി കാണാൻ പറ്റാത്തത്ര പുക നിറഞ്ഞു നിൽക്കുന്നു. പ്ലാസ്റ്റിക് കത്തിക്കരിഞ്ഞ രൂക്ഷഗന്ധത്തോടെ ബ്രഹ്മപുരത്തു നിന്നും ആ വിഷപ്പുക കാറ്റിന്റെ ഗതിയനുസരിച്ച് നഗരത്തിലേക്ക് വന്നതാണ്. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. മുമ്പൊരിക്കലും ഇത്തരമൊരനുഭവം ഓർമ്മയിലുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ തീപ്പിടിച്ചതോടെ നഗരത്തിലെ മാലിന്യ നീക്കവും നിലച്ചു കാണും. അതുണ്ടാക്കുന്ന പുതിയ പ്രശ്നം വേറെയുണ്ട്. എന്തുകൊണ്ട് ഇതെല്ലാം സംഭവിച്ചു? കൊച്ചി ഒരു തുറമുഖ നഗരം കൂടിയാണ്. അടുത്ത കാലത്തായി മെട്രോ റെയിൽ പോലും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഹൈക്കോടതിയുണ്ട്.നഗരത്തിനു തൊട്ടു പുറത്തായി ഒരന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്. ഇതെല്ലാമുള്ള കൊച്ചിക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ഒരു മാലിന്യ സംസ്ക്കരണ സംവിധാനമില്ലത്രേ! മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചതു നിയന്ത്രിക്കാനാവാതെ സ്കൂളുകൾക്ക് അവധി കൊടുത്തും ആളുകളെ വീടിനകത്തിരുത്തിയും മാസ്സ്ക് നിർദ്ദേശിച്ചം സംരക്ഷണം നൽകുക എന്ന അസംബന്ധ നാടകത്തിന് ശ്രമിക്കുകയാണ് ഈ മഹാനഗരത്തിൻ്റെ ഭരണാധികാരികൾ. എന്തൊരു ദുരന്തമാണിത്.

ഈ നഗരത്തിനിതെന്തു പറ്റി? പ്രശ്നങ്ങൾ വെറെയുണ്ട്. അതൊക്കെ പറഞ്ഞ് ഇപ്പോഴത്തെ അടിയന്തര വിഷയത്തിൽ നിന്ന് ശ്രദ്ധ കളയുന്നില്ല. നിലവിലെ മാലിന്യ പ്ലാൻ്റിന് യാതൊരു ആധുനിക സംവിധാനങ്ങളുമില്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതൊരു മാലിന്യ കംപോസ്റ്റിങ്ങ് പ്ലാൻറ് മാത്രമാണ്. ജൈവ മാലിന്യങ്ങൾ മാത്രമെ അവിടെ കൈകാര്യം സാധിക്കുകയുള്ളൂ. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മറ്റ് മാലിന്യങ്ങൾ അവിടെ തന്നെ കൂട്ടിയിടുന്ന പതിവാണത്രേ! പത്തിലേറെ വർഷങ്ങളായി അതിങ്ങനെയാണ് പ്രവർത്തിക്കുന്നത്. അങ്ങനെ കൂടിക്കിടന്ന കൂനയ്ക്കാണ് ഇപ്പോൾ തീപ്പിടിച്ചത്. വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. കാരണങ്ങളും അവിടെ നിൽക്കട്ടെ. പല അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. അഴിമതിക്കഥയുടെ നാറ്റം വല്ലാതെ വന്നു തുടങ്ങിയിട്ടുണ്ട്. മാലിന്യത്തിൽ നിന്നും ധനസമ്പാദനം നടത്തുന്ന മ്ലേച്ഛന്മാരെയാണല്ലോ നമ്മൾ അധികാരത്തിലിരുത്തുന്നത് എന്നത് ആലോചിക്കാവുന്ന വിഷയമാണ്. തിരഞ്ഞെടുപ്പിനു മുമ്പ് വോട്ട് ചോദിച്ചു വരുമ്പോൾ ആ ചിന്ത മനസ്സിലുണ്ടാവണം.

ഇതിൻ്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരായ സാധാരണ മനുഷ്യരെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? കൊച്ചിയുടെയും കേരളത്തിൻ്റെയും വികസനത്തിൻ്റെ തമ്പുരാക്കന്മാർ എന്നാണാവോ ഈ മാലിന്യ കൂമ്പാരത്തെ ഓർക്കുക?

അവർ വലിയ വലിയ കാര്യങ്ങളെപ്പറ്റി നാടുനീളെ സംസാരിച്ചു നടക്കുന്നു. കൊച്ചിയിലെ ഈ ദുരന്തത്തെപ്പറ്റി ആർക്കും ഒന്നും പറയാനില്ലെന്നാണോ ? അത് അവരുടെ നിയന്ത്രണത്തിന്, അധികാര ഭൂമിശാസ്ത്രത്തിന് പുറത്തായിരുന്നെങ്കിൽ ഞെട്ടലുകളുണ്ടാവുമായിരുന്നു. പ്രതിഷേധങ്ങൾ ഉയരുമായിരുന്നു. മുറ്റത്തെ വിഷപ്പുകയിൽ ഞെട്ടാൻ അവരുടെ മനസ്സ് തയ്യാറാവുന്നില്ല. ഇത്രയേ ഉള്ളൂ ഇവരുടെയൊക്കെ രാഷ്ട്രീയം. ഒഴിഞ്ഞു മാറലിൻ്റെയും അവഗണനയുടെയും രാഷ്ട്രീയം.

കൊച്ചിക്കാരുടെ ശ്വാസകോശങ്ങൾ രോഗാതുരമാവുന്നതിൽ അവർക്ക് വിഷമമില്ല.

ഈ പുക പടരുന്ന പ്രദേശങ്ങളിലാണ് നഗരത്തിലെ പ്രധാന ആശുപത്രികളെല്ലാം സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള രോഗികളെല്ലാം കഴിഞ്ഞ നാലു ദിവസമായി വിഷപ്പുകയാണ് ശ്വസിച്ചത്. അവിടെ ശ്വാസകോശ രോഗികളുണ്ടാവും. ഗർഭിണികളും കുട്ടികളുമുണ്ടാവും. അവരുടെയൊക്കെ അവസ്ഥ എന്തായിരിക്കും? ഇതിനൊന്നും ഉത്തരമില്ലാത്ത, ഇവരെയൊന്നും കണക്കിലെടുക്കാത്ത വികസനം വെറും അസംബന്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാത്രം വികസനമാണ്. ചോദ്യങ്ങൾ അസ്വസ്ഥമാക്കുന്നുണ്ടാവാം.

ഉത്തരങ്ങൾ വേണം, ഒരു ചോദ്യത്തിനെങ്കിലും . അതിതാണ്. എന്നുണ്ടാവും കൊച്ചി നഗരത്തിലെ ഈ മാലിന്യ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം? പദ്ധതിയുണ്ടോ ?

പണമുണ്ടോ? ഇച്ഛാശക്തിയുണ്ടോ? മറ്റെല്ലാം മാറ്റി വെച്ച് ഇതേറ്റെടുക്കുവാൻ.

ഇതിനെല്ലാം കാരണം ഒന്നു മാത്രമാണ്. ഈ നഗരത്തെ അറിഞ്ഞുള്ള വികസനം അധികാരികളുടെ അജണ്ടയിൽ ഇല്ലായിരുന്നു. ഇന്നലെവരെയല്ലായിരുന്നു. ഇനിയും അതങ്ങനെ തന്നെ തുടർന്നേക്കാം. കൊച്ചിക്ക് സുസജ്ജമായ ഒരു മാലിന്യ നിർമ്മാർജന സംവിധാനമില്ല എന്ന തുറന്നു പറച്ചിലെങ്കിലും നടത്തിക്കൂടെ? മാലിന്യ സംസ്കരണം എന്നത് ഒരു പ്രധാന വിഷയമായി ഭരണകൂടം കണക്കിലെടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ദുരന്തങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിക്കുവാൻ നാണമില്ലാത്ത ഒരു ഭരണ സംവിധാനം ജനാധിപത്യത്തിൻ്റെ പേരിൽ കൊച്ചിയിൽ നിലനിൽക്കുന്നു എന്നും ഇതിൽ നിന്നും വായിച്ചെടുക്കണം. മാലിന്യങ്ങൾ മാനേജ്ചെയ്യപ്പെടാത്ത ഒരു നഗരത്തിൽ

ആരോഗ്യകരമായ മനുഷ്യവാസമെങ്ങനെ സാധിക്കും? നഗരത്തിലെ വികസന പരിപ്രേക്ഷ്യത്തിൽ ഇതൊന്നും ഉൾപ്പെടുന്നില്ല എന്നതാണ് ദു:ഖകരമായ സത്യം. മെട്രോയും ലുലുമാളുകളും കൊണ്ട് മാത്രം ജീവിതം മുന്നോട്ടു പോവുകയില്ലല്ലോ! മാറ്റം അനിവാര്യമായിരിക്കുന്നു. ഉത്തരവാദപ്പെട്ടവർ കണ്ണ് തുറന്നു പ്രവർത്തിക്കണം. തൽക്കാലികമായ തട്ടിക്കൂട്ടു പരിഹാരങ്ങൾക്കപ്പുറം ദീർഘവീക്ഷണത്തോടെ പ്രശ്നങ്ങളെ നേരിടാൻ സംവിധാനങ്ങളുണ്ടാക്കണം. മിടുക്കരായ ജനപ്രതിനിധികളുള്ള നഗരമാണ് ഇങ്ങനെ ഇരുട്ടിൽ തപ്പുന്നത്. ഇതൊക്കെ തുച്ഛമായ കാര്യങ്ങൾ എന്ന മനോഭാവത്തോടെ കൈകാര്യം ചെയ്യരുത്.

ഒരു നഗരത്തിലെ ജനതയുടെ പ്രാഥമികമായ ഒരാവശ്യമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അത്രയെങ്കിലും മനസ്സിലാക്കുക. ഇത്തരം കാര്യങ്ങളിൽ സമയോചിതമായും ശാസ്ത്രീയമായും ഇടപെടുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.

ഭരണകൂടത്തിൻ്റെ രാഷ്ട്രീയം ഒരു പൗരനെയും വിഷപ്പുകയിൽ നിന്നും മുക്തനാക്കുന്നില്ല.

അധികാരികളെ, നിങ്ങൾ പ്രതിക്കൂട്ടിലാണ്. 9 ലക്ഷം മനുഷ്യർ നിങ്ങൾക്കെതിരെ മൊഴി നൽകാനുണ്ട്. അവരാണ് ഈ നഗരത്തെ നഗരമാക്കിയത്. അവരാണ് നിങ്ങളുടെ സൗകര്യങ്ങളുടെ അടിത്തറ. അവർ മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നുണ്ട്. അത് നൽകുക എന്നത് നിങ്ങളുടെ കടമയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in