അന്ന്, ജീവിച്ചിരിക്കുക എന്നത്‌ പോലും ഒരു സമരമായിരുന്നു

അന്ന്, ജീവിച്ചിരിക്കുക എന്നത്‌ പോലും ഒരു സമരമായിരുന്നു

ശ്രദ്ധ മരണപ്പെടുമ്പോൾ ആ കാലം പിന്നെയും മനസ്സിലേക്ക്‌ ഒരു വേവോടെ കടന്നു വരുന്നു. എന്റെ കോളേജ്‌ കാലം. ജിഷ്ണു പ്രണോയിയുടെ ജീവനെടുത്ത കോളേജിൽ ജിഷ്ണുവിനും മുമ്പ്‌ പഠിച്ചിറങ്ങിപ്പോന്നപ്പോൾ കിട്ടിയത്‌ ഒരു സർട്ടിഫിക്കറ്റ്‌ മാത്രമല്ല, ജീവനും കൂടിയാണെന്ന് ആശ്വസിച്ചിട്ടുണ്ട്‌. ആ നാലു വർഷക്കാലം കൊണ്ട്‌ ഉണ്ടായ ഏറ്റവും വലിയ തിരിച്ചറിവ്‌, സെൽഫ്‌ ഫിനാൻസിംഗ്‌ കോളേജ്‌ എന്നാൽ സ്വപ്നങ്ങളുടെ മൃതഭൂമിയാണെന്നത്‌ മാത്രമായിരുന്നു.

ചുറ്റിലും ഭീഷണികളുടെ അശരീരികൾ സദാ മുഴങ്ങിക്കൊണ്ടിരിക്കും. ഇന്റേണൽ മാർക്ക്‌ അണ്ടർ ആക്കുമെന്ന്, അന്റൻഡസ്‌ പിടിച്ച്‌ ഇയർ ഔട്ട്‌ ആക്കുമെന്ന്, പരീക്ഷ എഴുതിപ്പിക്കില്ലെന്ന്… അങ്ങനെ പലതും. മധ്യ വർഗ്ഗമെന്ന് പൂർണമായും പറയാൻ കഴിയാത്ത സാമ്പത്തിക ചുറ്റുപാടിൽ നിന്ന്, എജ്യുക്കേഷന്‍ ലോണെന്ന കിരീടവും കൊണ്ട്‌ പഠിക്കാൻ ചെന്നവന് ആ ഭീഷണികൾ കൊന്നുകളയുമെന്നതിനു തുല്യമായി അനുഭവപ്പെടും. മിണ്ടാതിരിക്കുക എന്നത്‌ മാത്രം ചെയ്യാൻ കഴിയുമ്പോൾ ജീവിച്ചിരിക്കുക എന്നത്‌ പോലും ഒരു സമരമായി തോന്നും.

നീയൊന്നും പാസാവണ്ടെടോ എന്ന് കലിതുള്ളുന്നത്‌ എച്ച്‌.ഒ.ഡി തന്നെ ആകുമ്പോൾ, ആ എച്ച്‌.ഒ.ഡി തന്നെ കോളേജിന്റെ പ്രിൻസിപ്പാളുമായിരിക്കുമ്പോൾ പരാതിപ്പെടുന്നത്‌ ആരോടാണ് ? എവിടെയാണ് ? പ്രിൻസിപ്പാളിന്റെ നിർദ്ദേശമുണ്ട്‌, ഇന്റേണൽ മാർക്ക്‌ അണ്ടറാക്കാനെന്ന് പറഞ്ഞ്‌ നിസ്സഹായനായി നിന്ന ഒരു അധ്യാപകനോട്‌, സാരമില്ലെന്ന് പറഞ്ഞ്‌ തിരിച്ച്‌ നടക്കാനേ കഴിയുമായിരുന്നൊള്ളു. ഇതിന്റെ അടിയിൽ എന്തിനാ മാഷേ ചുവന്ന വര വരച്ചിട്ടതെന്ന് ആടുതോമയുടെ കുട്ടിക്കാലം അധ്യാപകനെ ചോദ്യം ചെയ്തത്‌ കണ്ട്‌ കണ്ണ് നിറഞ്ഞ നമുക്ക്‌, അങ്ങനെ പോയി ചോദിക്കാൻ പോലും ഒരു പോയന്റില്ലാത്ത അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല.

ഇതിന്റെ അടിയിൽ എന്തിനാ മാഷേ ചുവന്ന വര വരച്ചിട്ടതെന്ന് ആടുതോമയുടെ കുട്ടിക്കാലം അധ്യാപകനെ ചോദ്യം ചെയ്തത്‌ കണ്ട്‌ കണ്ണ് നിറഞ്ഞ നമുക്ക്‌, അങ്ങനെ പോയി ചോദിക്കാൻ പോലും ഒരു പോയന്റില്ലാത്ത അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല.

അമർഷമായിരുന്നു എപ്പോഴും. പകപോക്കലിനോട്‌ അമർഷം. സസ്പെൻഷൻ അണ്ടർ എങ്ക്വൈറിയോട്‌ അമർഷം. ലേഡീസ്‌ ഹോസ്റ്റലിൽ രാത്രി സമയത്ത്‌ പുരുഷ അധ്യാപകനുൾപ്പെടെ ചെന്ന് റൂമുകളിൽ കയറി ഫോൺ റെയിഡ്‌ ചെയ്തെന്ന് കേൾക്കുമ്പോൾ അമർഷം. പ്രിൻസിപ്പാളിന്റെ മുറിയോട്‌ ചേർന്ന മുറിയിൽ വെച്ച്‌ മാനേജ്മെന്റിന്റെ ആൾ സഹപാഠിയുടെ മുഖത്ത്‌ അടിച്ചെന്ന് കേട്ടപ്പോൾ അമർഷം. ഇടിമുറിയോട്‌ അമർഷം. അമർഷമാണ്. അതിന്റെ പര്യായം നിസ്സഹായത എന്നാണ്.

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ട ക്യാമ്പസിൽ, വിദ്യാർത്ഥികളെ കേൾക്കാൻ ആരുമുണ്ടാവില്ല. കേൾക്കാൻ ആരുമില്ലാത്തത്‌ കൊണ്ടാണ്, പറയാൻ ഒന്നുമില്ലാത്തത്‌ കൊണ്ടല്ല ഈ നാണം കെട്ട നിശബ്ദതയെന്ന് ആര് മനസ്സിലാക്കും? ക്ലാസ്‌ മുറികളിലും ഇടനാഴികളിലും എല്ലായിടത്തും സിസിടിവികൾ കണ്ണുതുറന്നിരിക്കുമ്പോൾ ഒരു അടിമയാകാൻ, വിധേയത്വമുള്ളവനാകാൻ സദാ ജാഗ്രത പുലർത്തണം. ഇല്ലെങ്കിൽ നിങ്ങളുടെ മകന്റെ ‘വഴിവിട്ട സഞ്ചാരം’ വീട്ടിലെത്തും. പൊട്ടാൻ വെമ്പുന്ന ഒരു അഗ്നിപർവ്വതവും നെഞ്ചിൽ കൊണ്ട്‌ നടക്കുന്ന വിദ്യാർത്ഥിയിലേക്ക്‌ വീട്ടിൽ നിന്ന് വിളി വരും, നീയെന്താണ് അവിടെ ചെയ്യുന്നതെന്ന് ചോദിക്കും. അപ്പോൾ ആ അഗ്നിപർവ്വതം പൊട്ടും. ആരുമതറിയില്ല. അത്‌ ആന്തരികമായി മാത്രം സംഭവിക്കുന്നതാണ്.

പുറത്ത്‌ നിന്ന് നോക്കുമ്പോൾ എന്ത്‌ ഭംഗിയാണ് സെൽഫ്‌ ഫിനാൻസിംഗ്‌ കോളേജുകൾക്ക്‌. എത്ര മനോഹരമായ കെട്ടിടങ്ങൾ. തടാകങ്ങൾ. അരയന്നങ്ങൾ. മരങ്ങൾ. മരത്തണലിൽ ബെഞ്ചുകൾ. പക്ഷെ അതിലൊന്നിൽ പോലും ഒരു കുട്ടിയും വന്ന് ഇരിക്കാറില്ല. ആ ബെഞ്ചുകൾ ഇരിക്കാനുള്ളതല്ല. കോളേജിന്റെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കാനുള്ളത്‌ മാത്രമാണ്. ആ മനോഹാരിത കുറേ കുട്ടികളുടെ സ്വപ്നം കവർന്നെടുത്താണ് നിർമ്മിച്ചിരിക്കുന്നത്‌. അതുകൊണ്ടാണ് അതിനിത്ര ഭംഗി.

പുറത്തുള്ള ലോകം എത്ര സുന്ദരമാണെന്ന് തോന്നുമ്പോൾ അകപ്പെട്ട ജയിലിലെ അസ്വാതന്ത്ര്യങ്ങളോട്‌ കലഹിക്കാൻ ഒരു മോഹം തോന്നും. അങ്ങനെയായിരുന്നു വിദ്യാർത്ഥി യൂണിയൻ തുടങ്ങണമെന്ന ചിന്ത വരുന്നതും കോളേജിന് പുറത്ത്‌ വിദ്യാർത്ഥികൾ ഒരുമിച്ച്‌ കൂടുന്നതും. ആ സമയത്ത്‌ ഒരു വാഹനം ആ വഴി വന്നു. ഒരാൾ അതിൽ നിന്ന് ഞങ്ങളുടെ വീഡിയോ പകർത്തി. മറ്റൊരു പകപോക്കലിന്റെ ക്രൂര ദിനങ്ങളായിരുന്നു പിന്നീട്‌. ആ നാലുവർഷത്തിൽ അങ്ങനെ എന്തൊക്കെ സംഭവിച്ചിരിക്കുന്നു. പലരും ഇയർ ഔട്ടായി. പലരും കോഴ്സ്‌ പൂർത്തിയാക്കാതെ മടങ്ങി. പലരും ഇന്നും പാസാകാതെ… സപ്ലി എഴുതി അലഞ്ഞ്‌ അലഞ്ഞ്‌. എന്തൊരു ദുരിത ദിനങ്ങൾ. എന്തൊരു ദുരിതം പിടിച്ച ഓർമ്മകൾ.

ശ്രദ്ധയുടേത്‌ ഒരിക്കലുമൊരു ആത്മഹത്യയല്ല. അതൊരു ഇൻസ്റ്റിറ്റിയൂഷണൽ മർഡറാണ്. കൊന്നതാണ്. ശ്രദ്ധ അനുഭവിച്ചത്‌ എന്തായിരിക്കുമെന്നും അവൾ കടന്നുപോയ നിമിഷങ്ങൾ എങ്ങനെയായിരിക്കുമെന്നും മനസ്സിലാകാൻ അവൾക്ക്‌ മുന്നേ സഞ്ചരിച്ചൊരാളെന്ന നിലയിൽ എനിക്ക്‌ ഒരു നിമിഷം പോലും വേണ്ടതില്ല. കൊന്നത്‌ തന്നെയാണ്. അവളോട്‌, അവൾ ഇല്ലാതാകും മുമ്പേ ഇല്ലാതായ അവളുടെ സ്വപ്നങ്ങളോട്‌, ഞാൻ എന്റെ ചോര കൊണ്ട്‌ ഐക്യപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in