ഷെജിനും ജോയ്‌സ്‌നയ്ക്കുമൊപ്പമാണ് ഡിവൈഎഫ്‌ഐ, ലവ് ജിഹാദ് നിര്‍മിത കഥ: വി.കെ സനോജ്

ഷെജിനും ജോയ്‌സ്‌നയ്ക്കുമൊപ്പമാണ് ഡിവൈഎഫ്‌ഐ, ലവ് ജിഹാദ് നിര്‍മിത കഥ: വി.കെ സനോജ്
Summary

''ഭീഷണിയുണ്ടെന്ന് ഷെജിനും ജോയ്‌സ്‌നയും പറഞ്ഞ് കേട്ടിരുന്നു. അത്തരം ഭീഷണികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഉണ്ടാകും. അവരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ലവ് ജിഹാദ് എന്നൊക്കെ പറയുന്ന ആരോപണം രാജ്യത്ത് സംഘപരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയിട്ടുള്ള കെട്ടുകഥയാണ്''.

കോടഞ്ചേരിയില്‍ ഷെജിനും ജോയ്‌സ്‌നയും വിവാഹം കഴിച്ചതിന്റെ പേരില്‍ ഉയര്‍ന്നുവന്ന ലവ് ജിഹാദ് ആരോപണങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ദ ക്യുവിനോട് പ്രതികരിക്കുന്നു.

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി പലതരത്തിലുള്ള വിവാദങ്ങള്‍ ജിഹാദിന്റെ പേരിനോട് കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. അത് ബോധപൂര്‍വ്വം നമ്മുടെ രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ വേണ്ടി സംഘപരിവാര്‍ ഉണ്ടാക്കിയ നിര്‍മിത കഥകളില്‍ ഒന്ന് മാത്രമാണ്. ലവ് ജിഹാദ് എന്ന ഒന്ന് ഇല്ല.

ഷെജിന്‍ ഡി.വൈ.എഫ്.ഐയുടെ മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്. പ്രണയവിവാഹം ചെയ്തു എന്നതിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യത്ത് ഭരണഘടനയനുസരിച്ച് പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. വിവാഹം ചെയ്തിട്ടില്ലെങ്കില്‍ പോലും രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് കോടതിയുള്‍പ്പെടെ വിധി പ്രസ്താവിച്ചിട്ടുണ്ട്.

നമ്മള്‍ പഴയകാലത്തില്‍ നിന്നും മുന്നോട്ടാണ് പോകുന്നത്. അപ്പോള്‍ ഈ മുന്നോട്ട് പോക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ എല്ലാ ഘട്ടത്തിലും മത പൗരോഹിത്യവും വ്യവസ്ഥാപിത ആശയക്കാരൊക്കെ നടത്തിയ ഇടപെടലുകള്‍ നമ്മള്‍ കണ്ടതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ നിലപാടുകള്‍ ചിലയാളുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനോട് ഡി.വൈ.എഫ്.ഐക്ക് യോജിപ്പില്ല. ഡി.വൈ.എഫ്.ഐ സെകുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ച ചരിത്രം മാത്രമേയുള്ളു. ഒരു ഘട്ടത്തില്‍ ഡി.വൈ.എഫ്.ഐ സെക്യുലര്‍ മാട്രിമോണി ആരംഭിച്ച സംഘടനയാണ്. ഡി.വൈ.എഫ്.ഐയുടെ ഒരുപറ്റം നേതാക്കള്‍ തന്നെ മതരഹിത ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് ഈ ഒരു വിവാഹത്തെ മുന്‍നിര്‍ത്തി നടത്തുന്ന ചല മതതീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള ഭീഷണികളൊന്നും വക വെച്ചുകൊടുക്കാന്‍ കേരളം തയ്യാറാകില്ല. ഭീഷണിയുണ്ടെന്ന് ഷെജിനും ജോയ്‌സ്‌നയും പറഞ്ഞ് കേട്ടിരുന്നു. അത്തരം ഭീഷണികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഉണ്ടാകും. അവരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ലവ് ജിഹാദ് എന്നൊക്കെ പറയുന്ന ആരോപണം രാജ്യത്ത് സംഘപരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയിട്ടുള്ള കെട്ടുകഥയാണ്.

മതതീവ്രവാദ സംഘടനകള്‍ ആളുകളെ ആകര്‍ഷിക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണ്. അതിനെയൊന്നും പ്രണയവിവാഹത്തെ മുന്‍ നിര്‍ത്തി ലവ് ജിഹാദാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. നേരത്തെ കേരള നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയിട്ടുള്ള ഒരു പ്രസംഗമുണ്ട്. അതിനകത്ത് അദ്ദേഹം വളരെ കൃത്യമായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണകളെ പൊളിച്ചടുക്കികൊണ്ട് സംസാരിച്ച കണക്കുകള്‍ കാണാന്‍ കഴിയും.

അതിനകത്ത് കൃത്യമായി പറയുന്നുണ്ട്, 2019വരെ ഐ.എസില്‍ ചേര്‍ന്ന നൂറ് പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയി അവിടെ നിന്ന് ഐ.എസില്‍ ആകൃഷ്ടരായതാണ്. അതില്‍ കോഴിക്കോട് സ്വദേശി ദാമോദരന്‍ മകന്‍ പ്രജു ഒഴികെ എല്ലാം മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്. അവരെ ആരെയും 'ലവ് ജിഹാദ്' നടത്തി കൊണ്ടുപോയതല്ല. മറ്റുള്ള 28 പേര്‍ കേരളത്തില്‍ നിന്ന് ഐ.എസില്‍ നിന്ന് ആകൃഷ്ടരായി പോയവരാണ്. ഇതില്‍ അഞ്ച് പേര്‍ മാത്രമാണ് മറ്റു മതത്തില്‍ നിന്നുള്ളവര്‍. ബാക്കിയുള്ളവര്‍ മുസ്ലിം മതത്തില്‍ നിന്നുള്ളവരാണ്. അല്ലാതെ ലവ് ജിഹാദ് എന്ന് പറയുന്നത് ഇവിടെയില്ല എന്ന് തന്നെയാണ് ഡി.വൈ.എഫ്‌.ഐയുടെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in