സർവകലാശാലാ പഠനവകുപ്പുകൾക്ക് ഇനിയെന്ത് പ്രസക്തി?

സർവകലാശാലാ പഠനവകുപ്പുകൾക്ക് ഇനിയെന്ത് പ്രസക്തി?
Summary

പ്രഥമദൃഷ്ട്യാ വിദ്യാർത്ഥികൾക്ക് അനുകൂലമാണെന്ന പ്രതീതി ജനിപ്പിക്കുവാൻ യുജിസിയുടെ പുതിയ ബിരുദ പഠനപദ്ധതിക്ക് സാധിക്കുന്നു. എന്നാൽ, ഇത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗവേഷണ മേഖലയിലും  ഉണ്ടാക്കുവാനിടയുള്ള വിഭവശോഷണം കാണാതിരിക്കാനാവില്ല. ഡോ. ബ്ലെയ്സ് ജോണി എഴുതുന്നു

ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം ഉന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങൾക്ക് യുജിസി തുടക്കം കുറിച്ചിരിക്കുകയാണ്. അവയിൽ നിലവിൽ സജീവമായി ചർച്ച ചെയ്യേണ്ടത് ബിരുദതലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില പഠനപദ്ധതികളെക്കുറിച്ചാണ്. ത്രിവത്സര ബിരുദ പദ്ധതികൾക്ക് ബദലായി നാല് വർഷം ദൈര്‍ഘ്യമുള്ള ബിരുദ സമ്പ്രദായമാണ് യുജിസി പുതിയതായി വിഭാവനം ചെയ്തിരിക്കുന്നത്.

പരിഷ്കരിച്ച ബിരുദ വിദ്യാഭ്യാസ പദ്ധതിപ്രകാരം നിരവധി ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്നാണ് യുജിസിയുടെ ഭാഷ്യം. പഠനകാലയളവിൽ എപ്പോൾ വേണമെങ്കിലും വിദ്യാർത്ഥിക്ക് കോഴ്സ് അവസാനിപ്പിക്കുവാനും പിന്നീട് നിശ്ചിത കാലയളവിനുള്ളിൽ പുനഃപ്രവേശനം നേടുവാനും കഴിയും. കോഴ്സ് അവസാനിപ്പിക്കുന്ന കാലത്ത്  വിദ്യാർത്ഥി ആര്‍ജിക്കുന്ന വിദ്യാഭ്യാസമനുസരിച്ച് യോഗ്യത നിര്‍ണയിക്കുന്ന പദ്ധതിയാണ് ഇപ്രകാരം ആവിഷ്കരിച്ചിരിക്കുന്നത്. അതായത്, ഒന്നാം വർഷ പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് കോഴ്സ്, രണ്ടാം വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമ, മൂന്നാം വർഷം പൂർത്തിയാക്കിയാൽ ബിരുദം, നാലാം വർഷം പൂർത്തിയാക്കിയാല്‍ ഓണേഴ്സ് ബിരുദം എന്നിങ്ങനെ യോഗ്യതാപട്ടിക ക്രമപ്പെടുത്തിയിരിക്കുന്നു.

പ്രഥമദൃഷ്ട്യാ വിദ്യാർത്ഥികൾക്ക് അനുകൂലമാണെന്ന പ്രതീതി ജനിപ്പിക്കുവാൻ യുജിസിയുടെ പുതിയ ബിരുദ പഠനപദ്ധതിക്ക് സാധിക്കുന്നു. എന്നാൽ, ഇത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗവേഷണ മേഖലയിലും  ഉണ്ടാക്കുവാനിടയുള്ള വിഭവശോഷണം കാണാതിരിക്കാനാവില്ല. 

ബിരുദതലത്തിൽ നടപ്പിലാക്കുന്ന പ്രധാന പരിഷ്കാരങ്ങളിലൊന്ന് ഗവേഷണത്തോടു കൂടിയ ഓണേഴ്സ് ബിരുദം നൽകുകയെന്നതാണ്. ഇത്തരത്തിൽ ഓണേഴ്സ് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് ബിരുദാനന്തരബിരുദം നേടാതെ പിഎച്ച്.ഡി. ബിരുദത്തിന് ചേരാം എന്നത് സവിശേഷ ശ്രദ്ധയർഹിക്കുന്നു. കൂടാതെ, ഓണേഴ്സ് ബിരുദധാരികൾക്ക് രണ്ടാം വർഷ ബിരുദാനന്തര ബിരുദ ക്ലാസിലേക്ക് ലാറ്ററൽ എൻട്രിക്കും ശ്രമിക്കാവുന്നതാണ്. എന്നാൽ, നാല് വർഷത്തെ ബിരുദം നേടുന്ന വിദ്യാർത്ഥി പിഎച്ച്.ഡി. ബിരുദത്തിന് അപേക്ഷിക്കുവാനുള്ള യോഗ്യത നേടുന്ന പക്ഷം ബിരുദാനന്തരബിരുദ പഠനം തെരഞ്ഞെടുക്കാനുള്ള സാധ്യത വിരളമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ രാജ്യത്തെ ബിരുദാനന്തരബിരുദ പഠനത്തിന്‍റെ പ്രസക്തി ഏറെക്കുറെ ഇല്ലാതാകുന്നു (പഠനകാലയളവിൽ ഒരു വർഷം ഇളവ് ലഭിക്കുമെന്ന സാധ്യത ഗവേഷണതത്പരരായ വിദ്യാർത്ഥികൾ കൂടുതലായി പ്രയോജനപ്പെടുത്തും). ഇത്തരമൊരു സാഹചര്യത്തിലാണ് ബിരുദാനന്തരബിരുദം, പിഎച്ച്.ഡി. ബിരുദം എന്നിവയിൽ കേന്ദ്രീകരിക്കുന്ന സർവകലാശാലാ പഠന വകുപ്പുകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. ബിരുദപഠനം നിലവിൽ ഭൂരിപക്ഷം കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെയും പഠനവകുപ്പുകളിൽ ഇല്ലാത്തതിനാൽ തന്നെ പുതിയ പഠന സമ്പ്രദായത്തിന്‍റെ ആനുകൂല്യങ്ങൾ അവയ്ക്ക് ലഭിക്കില്ല. നിലവിൽ ദ്വിവല്‍സര ബിരുദാനന്തരബിരുദത്തിനും ഉന്നതപഠനത്തിനുമായി സർവകലാശാലകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്ക് നാല് വർഷ ഓണേഴ്സ് ബിരുദം നേടിയ ശേഷം അത്തരമൊരു ആവശ്യം ഉയർന്നു വരേണ്ട സാങ്കേതിക സാഹചര്യം ഇല്ലാതായിരിക്കുന്നു.

യു.ജി.സി
യു.ജി.സി

നാല്  വർഷ ബിരുദ കോഴ്സുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും അവശേഷിക്കുന്നു. 2022 നവംബർ 7-ന് യുജിസി ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ച Minimum Standards and Procedures for Award of Ph.D. Degree- Regulations 2022- ല്‍ പിഎച്ച്.ഡി. ബിരുദത്തിന് അപേക്ഷിക്കേണ്ടതിന്‍റെ യോഗ്യതകളിലൊന്നായി നൽകിയിരിക്കുന്നത് 75% മാർക്കോടു കൂടിയ നാല് വര്‍ഷ ബിരുദത്തോടൊപ്പം ഒരു വർഷം/2 സെമസ്റ്റർ ബിരുദാനന്തരബിരുദം എന്നാണ്. എന്നാൽ, 2022 ഡിസംബർ 14-ന് യുജിസി ചെയർമാൻ ഡോ. എം. ജഗദീഷ് കുമാർ നടത്തിയ പ്രസ്താവനയിൽ നാല് വര്‍ഷ ഓണേഴ്സ് ബിരുദമുള്ളവർക്ക് ബിരുദാനന്തരബിരുദം ഇല്ലാതെ തന്നെ പിഎച്ച്.ഡി. ബിരുദത്തിന് അപേക്ഷിക്കാനാകും എന്ന് വ്യക്തമാക്കുന്നു. പ്രസ്തുത വാർത്ത നിരവധി ദേശീയ പത്രമാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിലെ കോളേജ് അധ്യാപകരുടെ യോഗ്യതയായ 55% മാർക്കോടു കൂടിയ ബിരുദാനന്തരബിരുദവും നെറ്റ്/ പിഎച്ച്.ഡി. എന്ന മാനദണ്ഡവും പുനഃപരിശോധിക്കേണ്ടതായി വരുന്നു.

ബിരുദപഠനവുമായി ബന്ധപ്പെട്ട മറ്റൊരു ആശങ്ക നെറ്റ് (National Eligibility Test) പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. നാല് വർഷ ബിരുദപഠനം പൂർത്തിയാക്കി പിഎച്ച്.ഡി. ഗവേഷണത്തിന് യോഗ്യത നേടുന്നവർക്ക് നെറ്റ് പരീക്ഷ എഴുതാനാകുമോ എന്ന കാര്യത്തിൽ യുജിസി വ്യക്തത വരുത്തിയിട്ടില്ല. പിഎച്ച്.ഡി. റെഗുലേഷൻസ് 2022 പ്രകാരം നാല് വർഷ ബിരുദവും ഒരു വർഷ ബിരുദാനന്തരബിരുദവുമുള്ള അപേക്ഷകർക്ക് യുജിസി നെറ്റ് പരീക്ഷ പാസാവുക വഴിയോ സർവകലാശാലകൾ നടത്തുന്ന പ്രവേശന പരീക്ഷ വഴിയോ പിഎച്ച്.ഡി. ബിരുദത്തിന് ചേരാവുന്നതാണ്. ഇവയെ സംബന്ധിച്ച അവ്യക്തത ഇപ്പൊഴും നിലനില്‍ക്കുന്നു.

കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ബിരുദ-ബിരുദാനന്തരബിരുദ വിദ്യാഭ്യാസം നടക്കുന്നുണ്ട്. കേരളത്തിന് പുറത്തുള്ള പല സ്വകാര്യ സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണപദവിയുമുണ്ട് (Autonomous). എന്നാല്‍, ഇവയില്‍ പലയിടങ്ങളിലും നിർദ്ദിഷ്ട യോഗ്യത നേടിയവരല്ല അധ്യാപകരായി പ്രവർത്തിക്കുന്നത്. കുറഞ്ഞ വേതനത്തിൽ ബിരുദാനന്തരബിരുദ യോഗ്യത മാത്രമുള്ള അധ്യാപകരെ (നെറ്റ്/ പിഎച്ച്.ഡി. യോഗ്യതയില്ല) ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളിൽ നിയമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഗവേഷണത്തോട് കൂടിയ നാല് വർഷ ബിരുദ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ പ്രസ്തുത അധ്യാപകർക്ക് യോഗ്യതയുണ്ടോയെന്ന വസ്തുതയും പരിശോധിക്കേണ്ടിയിരിക്കുന്നു.

ഡൽഹി സർവ്വകലാശാല
ഡൽഹി സർവ്വകലാശാല

യുജിസി ചെയർമാൻ മാധ്യമങ്ങളോട് നടത്തിയ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ നിരവധി അക്കാദമിക് പ്രതിസന്ധികൾ ഉയർന്നു വരാനിടയുണ്ട്. നാല് വർഷ ഓണേഴ്സ് ബിരുദം നേടിയ വിദ്യാർഥിക്ക് നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകുമോ എന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ പിഎച്ച്.ഡി. ബിരുദത്തിന് ചേരുവാനാകുമെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവന വെളിവാക്കുന്നു. അങ്ങനെയെങ്കിൽ, നിലവിലെ കോളേജ് അധ്യാപകരുടെ യോഗ്യതയായ 55% മാർക്കോടു കൂടിയ ബിരുദാനന്തരബിരുദവും നെറ്റ്/ പിഎച്ച്.ഡി. എന്ന മാനദണ്ഡവും പുനഃപരിശോധിക്കേണ്ടതായി വരുന്നു. നാല് വർഷ ഓണേഴ്സ് ബിരുദവും പിഎച്ച്.ഡി. ബിരുദവുമുള്ള വ്യക്തിക്ക് കോളേജ് അധ്യാപകനാകാമോ എന്ന വിഷയത്തിലും അവ്യക്തത അവശേഷിക്കുന്നു.

കൺകറന്‍റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഏകപക്ഷീയമായ കാഴ്ചപ്പാടിനോട് പലമട്ടിൽ വിയോജിക്കുമ്പോഴും, അത് നടപ്പിലാക്കാൻ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും നിർബന്ധിതരാകുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന ആശയത്തെ മുൻനിർത്തി പ്രാബല്യത്തില്‍ വരുവാനിരിക്കുന്ന നാല് വർഷ ബിരുദ പഠനപദ്ധതിയിൽ ഒന്നാം വർഷം, രണ്ടാം വർഷം എന്നിവ കൊണ്ട് പഠനം അവസാനിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ് എന്നിവ നൽകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. എന്നാൽ ഇത്തരം കോഴ്സുകളിലൂടെ എന്തു തൊഴിൽ സാധ്യതയാണ് സർക്കാർ/സ്വകാര്യ മേഖലകളിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് എന്നത് കൂടി വ്യക്തമാകേണ്ടിയിരിക്കുന്നു. ഉയർന്ന മികവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവർ തൊഴിലിനായി കാത്തിരിക്കുമ്പോൾ തൊഴിലന്വേഷകരുടെ എണ്ണത്തിൽ ഭീമമായ വർധനവുണ്ടാകാൻ ഇടയായേക്കാവുന്ന  നീക്കമായി ഈ പരിഷ്കരണം മാറുവാനുള്ള സാധ്യതയുമേറുന്നു. 

2023 അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കുവാൻ തുടങ്ങുമെന്ന പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടായിട്ടുണ്ട്. കൺകറന്‍റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഏകപക്ഷീയമായ കാഴ്ചപ്പാടിനോട് പലമട്ടിൽ വിയോജിക്കുമ്പോഴും, അത് നടപ്പിലാക്കാൻ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും നിർബന്ധിതരാകുന്നു. എന്നാൽ, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംബന്ധിക്കുന്ന പ്രസ്തുത വിഷയത്തിൽ തങ്ങളുടെ ആശങ്കകൾ അറിയിക്കുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ തേടുകയെന്നത് ബിജെപി ഇതര സംസ്ഥാന സർക്കാറുകളുടെ ധാർമിക ഉത്തരവാദിത്വമാണ്.

നാലുവർഷ ബിരുദ സമ്പ്രദായം നടപ്പിലാക്കുമ്പോൾ തന്നെ കേരളത്തിലെ സർവകലാശാലാ പഠന ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പും അതീവ പ്രധാനമാണ്. ഗവേഷണം കൂടി ഉള്‍പ്പെടുന്നതും ബിരുദാനന്തരബിരുദ പഠനത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതുമായ നിലയിലാണ് നാല് വർഷ ബിരുദത്തിന്‍റെ ഘടനയെന്നതിനാൽ, പരമ്പരാഗത ബിരുദപഠനത്തിന്‍റെ മാതൃക ഇവിടെ അഭികാമ്യമാകുന്നില്ല. രാജ്യത്തെ മികച്ച ഗവേഷകരെയും പരിചയസമ്പന്നരായ അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ബിരുദ പഠനബോർഡുകളായിരിക്കണം പുതിയ കോഴ്സിനെ നിര്‍വചിക്കേണ്ടത്. കൂടാതെ, പഠനസാമഗ്രികളുടെ ബാഹുല്യമുള്ള സിലബസ് നിർമ്മാണത്തെക്കാൾ ആഴത്തിലുള്ള പഠനത്തിന് ഊന്നൽ നൽകുന്ന തരത്തിലാകണം പുതിയ ബിരുദപഠനപദ്ധതി വിഭാവനം ചെയ്യപ്പെടേണ്ടത്.

സർവകലാശാലകളെയും അവയുടെ ഹൃദയവും മസ്തിഷ്കവുമായി പ്രവർത്തിക്കുന്ന വിദ്യാർഥി/ഗവേഷക സമൂഹത്തെയും നിഷ്ക്രിയരാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സർവകലാശാലകളിൽ പൊതുവിൽ പ്രാബല്യത്തിലില്ലാത്ത ബിരുദതല വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അരങ്ങേറുന്നത്.

മുൻപ് സൂചിപ്പിച്ചതുപോലെ, നാല് വർഷ ഓണേഴ്സ് ബിരുദം കോളേജുകൾക്ക് ഗുണകരമാകുമെങ്കിൽ, സർവകലാശാലാ പഠനവകുപ്പുകളെ അത് ദോഷകരമായി ബാധിക്കും. ബിരുദ ക്ലാസുകൾ ആരംഭിക്കാനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നിലവിൽ സർവകലാശാല പഠനവകുപ്പുകളിലില്ല എന്ന വസ്തുത ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മറ്റൊന്ന്, ഇത്തരം പഠന വകുപ്പുകൾ പ്രധാനമായും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് ബിരുദാനന്തരബിരുദ- ഗവേഷണപഠനങ്ങൾക്കായി മാത്രമാണ്. 2022-ലെ പരിഷ്കരിച്ച ഗവേഷണ മാർഗനിർദേശങ്ങളിൽ എം.ഫില്‍ പഠനം പൂർണമായും അവസാനിപ്പിക്കാന്‍ യുജിസി ആവശ്യപ്പെട്ടിരിക്കുന്നു. ഇതും ഗവേഷണമേഖലയില്‍ സവിശേഷ ശ്രദ്ധയൂന്നുന്ന സര്‍വകലാശാല പഠനവകുപ്പുകള്‍ക്ക് തിരിച്ചടിയായ തീരുമാനമാണ്.

ബിരുദാനന്തരബിരുദത്തിനായി സര്‍വകലാശാല പഠനവകുപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടാകുമെന്ന പ്രതീക്ഷയും കേന്ദ്ര സര്‍ക്കാറിന്‍റെ നയരൂപീകരണത്തിന്‍റെ പിന്നിലുണ്ടെന്ന് അനുമാനിക്കാം.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബിരുദാനന്തരബിരുദത്തേക്കാൾ പ്രാധാന്യത്തോടെ ബിരുദ വിദ്യാഭ്യാസത്തെ ലക്ഷ്യംവയ്ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ സംശയമുണർത്തുന്നത്. കേന്ദ്ര സർക്കാരിന്‍റെ പല ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധ ശബ്ദമുയര്‍ന്നത് രാജ്യത്തിലെ സർവകലാശാലാ ക്യാമ്പസുകളിൽ നിന്നാണ്. ജാതി-മതവിദ്വേഷ പ്രചരണങ്ങൾക്കെതിരെ സമരമുന്നണിയിൽ പുരോഗമന ചിന്താപദ്ധതികളോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി സംഘടനകൾ രാഷ്ട്രീയ ഭേദമെന്യേ ഒന്നിച്ചു നിന്ന് പോരാടിയത് കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയായി. അതിനാൽ തന്നെ, സർവകലാശാലകളെയും അവയുടെ ഹൃദയവും മസ്തിഷ്കവുമായി പ്രവർത്തിക്കുന്ന വിദ്യാർഥി/ഗവേഷക സമൂഹത്തെയും നിഷ്ക്രിയരാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സർവകലാശാലകളിൽ പൊതുവിൽ പ്രാബല്യത്തിലില്ലാത്ത ബിരുദതല വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അരങ്ങേറുന്നത്. അത് വഴി, ബിരുദാനന്തരബിരുദത്തിനായി സര്‍വകലാശാല പഠനവകുപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടാകുമെന്ന പ്രതീക്ഷയും കേന്ദ്ര സര്‍ക്കാറിന്‍റെ നയരൂപീകരണത്തിന്‍റെ പിന്നിലുണ്ടെന്ന് അനുമാനിക്കാം.

ജെ.എൻ.യു സമരം
ജെ.എൻ.യു സമരം

രാഷ്ട്രീയവിമുക്തമായതും പ്രതികരണശേഷിയില്ലാത്തതുമായ ഒരു വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുകയും മുതലാളിത്ത വ്യവസ്ഥയ്ക്ക് അനുയോജ്യരായ തൊഴിലാളികളായി അവരെ പരുവപ്പെടുത്തുകയും ചെയ്യാനുള്ള പദ്ധതിയുടെ ആമുഖമായി മാത്രമേ യുജിസിയുടെ പുതിയ ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തെ കാണുവാൻ സാധിക്കുകയുള്ളൂ. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനവും സ്വകാര്യ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കാനുള്ള നയവും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവി ശോഭനമായിരിക്കില്ലയെന്ന സൂചന നൽകുന്നു. നിരവധി ആശങ്കകളും സംശയങ്ങളും അവശേഷിപ്പിച്ചുകൊണ്ട് നാല് വർഷ ബിരുദപഠനത്തിന്‍റെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കാതെ അത് നടപ്പിലാക്കാൻ തിടുക്കം കൂട്ടുന്ന സർക്കാർ നടപടികളെ “ചെരുപ്പിനൊപ്പിച്ച് കാല്‍ മുറിക്കുക” എന്ന് ആലങ്കാരികമായി വിശേഷിപ്പിക്കാം. ഉപരിപ്ലവവും പ്രായോഗിക തലത്തില്‍ പലപ്പോഴും പരാജയവുമാകുന്ന ഇത്തരം പല നടപടികളും ഉന്നത സമിതികളിലെ ചിലരുടെ ഏകപക്ഷീയമായ രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രമാണ്. ഇത്തരം വികല നയരൂപീകരണങ്ങളുടെ  പ്രത്യാഘാതങ്ങള്‍ പുരോഗമന ആശയങ്ങളോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥി - ഗവേഷക- അക്കാദമിക സമൂഹം തിരിച്ചറിയേണ്ടതും ശക്തമായ തിരുത്തൽ ശബ്ദമുയര്‍ത്തേണ്ടതുമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍ അത്തരമാവശ്യങ്ങളുന്നയിക്കുന്ന വിമതശബ്ദങ്ങൾ പരാജയം നേരിട്ടാലും ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ നിർണായക പ്രതിധ്വനികളായി അവ അവശേഷിക്കുമെന്നതിൽ സംശയമില്ല.

(ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കല്‍പിത സര്‍വകലാശാലയിലെ (തമിഴ്നാട്) ICSSR പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ് ലേഖകന്‍)

Related Stories

No stories found.
logo
The Cue
www.thecue.in