ഇരുണ്ട ലോകത്തേക്ക് കണ്ണ് തുറക്കേണ്ട പതിമൂന്നുകാരന്‍, അശാന്തിയുടെ ലങ്ക

ഇരുണ്ട ലോകത്തേക്ക് കണ്ണ് തുറക്കേണ്ട പതിമൂന്നുകാരന്‍, അശാന്തിയുടെ ലങ്ക

: ശ്രീലങ്കയില്‍ നിന്ന് ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍

ബാറ്റിക്കലോവയിലെ ആശുപത്രിയിലെ ഐസിയുവില്‍ ഇപ്പോഴും ബോധം വന്നിട്ടില്ലാത്ത പതിമൂന്ന് വയസ്സുകാരനുണ്ട്. കുട്ടിയുടെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ചില്ലുകള്‍ കണ്ണിനകത്തേക്ക് തറച്ചു കയറിയതാണ്. കാഴ്ച തിരിച്ചു കിട്ടില്ല. ആ കുട്ടിയുടെ കിടപ്പ് നമ്മളെ ഉലയ്ക്കും. സ്‌ഫോടനത്തില്‍ പരിക്ക് പറ്റിയവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ ചെന്നാല്‍ കാണാന്‍ കഴിയുന്നത് കുട്ടികളെയും ചെറുപ്പക്കാരേയുമാണ്.

ബാറ്റിക്കലോവയില്‍ 125 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ 35 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. കുട്ടികളും യുവതിയുവാക്കളുമാണ് ഇതിലുള്ളത്. സ്‌ഫോടനം നടക്കുമ്പോള്‍ കുട്ടികളുടെ പ്രോഗ്രാം നടക്കുകയായിരുന്നു. ഞാന്‍ പോയ ആശുപത്രികളില്‍ പ്രായമായവരെ അധികം കണ്ടിട്ടില്ല.

ബാറ്റിക്കലോവയാണ് തമിഴര്‍ കൂടുതലുള്ള പ്രദേശം. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ആശുപത്രികളില്‍ പോലും അത് കാണാം. നേഴ്സുമാരും ഡോക്ടര്‍മാരും കുറവാണ്. സ്ഥിതി പഴയതിനേക്കാള്‍ മെച്ചമാണ്. എന്നാല്‍ ഇത്തരമൊരു കാഷ്വാലിറ്റിയെ മാനേജ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ മാറിയിട്ടില്ല. 125 പേരെ ചികിത്സിക്കാനുള്ള സംവിധാനമൊന്നുമില്ല. പൊള്ളല്‍ ഏറ്റവര്‍ കൂടുതലുണ്ട്. അവരെ ചികിത്സിക്കാനുള്ള സ്പെഷ്യലിസ്റ്റുകള്‍ ഇവിടെയില്ല. ശസ്ത്രക്രിയ നടത്താനുള്ള സംവിധാനവും ഇല്ല. അത്തരം സൗകര്യമൊരുക്കാനാണ് എം എസ് എഫ് ശ്രമിക്കുന്നത്. കൂടാതെ പരിക്ക് പറ്റിയവര്‍ക്കും ബന്ധുക്കള്‍ക്കും ഇത്ര വലിയ അപകടം മുന്നില്‍ കണ്ടതിന്റെ മാനസിക പ്രശ്‌നങ്ങളുണ്ട്. അതിനെ മറികടക്കാനുള്ള സഹായവും ചെയ്യണം.

സ്‌ഫോടനം നടന്ന പള്ളികളിലും പോയിരുന്നു. അകത്തേക്ക് പ്രവേശനമില്ല. ഫോട്ടോ എടുക്കാന്‍ പോലും അനുവദിക്കില്ല. ദൂരെ നിന്ന് കാണാനെ പറ്റുകയുള്ളൂ. സുഹൃത്ത് രഹസ്യമായി എടുത്ത് തന്ന ഫോട്ടോയാണ് ഈ കുറിപ്പിനൊപ്പമുള്ളത്.

സ്‌ഫോടനം നടന്ന പള്ളി 
സ്‌ഫോടനം നടന്ന പള്ളി 

അവിടെ കണ്ട ഒരാള്‍ പറഞ്ഞത് സ്‌ഫോടനം നടത്താന്‍ വന്ന ആളെ തള്ളി പുറത്തേക്കാക്കിയതാണെന്നാണ്. ഇല്ലായിരുന്നെങ്കില്‍ ദുരന്തം ഇതിലും ഭീകരമായിരുന്നേക്കുമെന്നും അയാള്‍ പറഞ്ഞു.

എല്‍ ടി ടി ഇയുടെ കാലത്തും സുനാമിയുണ്ടായപ്പോഴും ഇവിടെ ആരോഗ്യദൗത്യവുമായി എത്തിയിട്ടുണ്ട്. എം എസ് എഫിന്റെ മിഷന്‍ 2018ലാണ് അവസാനിച്ചത്. അന്നും വന്നിരുന്നു. ശ്രീലങ്ക മുഴുവനായും സഞ്ചരിച്ചതാണ്. പക്ഷേ അന്നൊന്നും കാണാത്ത ഭീതി ഇവിടെ ഇപ്പോള്‍ കാണാന്‍ കഴിയുന്നു. വന്‍കലാപത്തിന്റെ തുടക്കമാണോയെന്ന് സംശയം തോന്നുന്നു.

2009 ലെ വംശീയ കലാപ കാലത്ത് എം എസ് എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹകരിച്ചിട്ടുള്ളത് മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളാണ്. അവരില്‍ തീവ്രമായ മതവികാരം ഉണ്ടായിരുന്നില്ല. പത്ത വര്‍ഷത്തിനിടയില്‍ പല തവണ വന്നിട്ടും അത്തരം ചിന്ത അവരില്‍ കണ്ടിട്ടില്ല. ആ അമ്പരപ്പാണ് ഇവിടെ ഉള്ളവര്‍ക്കും ഉള്ളത്. ആ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന എന്തെങ്കിലും ഇവിടെയുള്ളതായി പുറത്തേക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in