സുരേഷ്‌ഗോപിയുടേത് പ്രാര്‍ത്ഥനയല്ല; കൊല്ലാനുള്ള ആഹ്വാനം- ഡോ. സി. വിശ്വനാഥന്‍

സുരേഷ്‌ഗോപിയുടേത് പ്രാര്‍ത്ഥനയല്ല; കൊല്ലാനുള്ള ആഹ്വാനം- ഡോ. സി. വിശ്വനാഥന്‍
Summary

'ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്നേഹിക്കും. അത് എല്ലാ മതത്തിലെയും വിശ്വാസികളെ സ്നേഹിക്കും. അതേ സമയം അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നും ഞാന്‍ ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കാനാവില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഞാന്‍ ശ്രീകോവിലിന് മുന്നില്‍ പ്രാര്‍ഥിക്കും. എല്ലാവരും അങ്ങനെ തന്നെ ചെയ്യണം'.

ബി.ജെ.പി നേതാവും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളാണിത്. സുരേഷ്ഗോപിയുടെ പ്രസംഗത്തിലെ വെറുപ്പിന്റെ രാഷ്ട്രീയത്തെയും ഹിന്ദുത്വ അജണ്ടയെയും കുറിച്ച് സ്വതന്ത്രചിന്തകന്‍ ഡോ. സി. വിശ്വനാഥന്‍ സംസാരിക്കുന്നു.

Q

വിശ്വാസികളുടെ അവകാശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ശക്തിയോടും പൊറുക്കാനാവില്ലെന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചിരിക്കുന്നത്. അവിശ്വാസി വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണോ?

A

വീക്ഷണത്തിലുള്ള അടിസ്ഥാന വ്യത്യാസം നമ്മള്‍ കാണേണ്ടതുണ്ട്. എല്ലാ വിശ്വാസ പ്രസ്ഥാനങ്ങളും, അത് മതാടിസ്ഥാനത്തിലുള്ളതോ പ്രത്യായശാസ്ത്രാടിസ്ഥാനത്തിലുള്ളതോ ആകട്ടെ, എപ്പോഴും ലോകത്തെ രണ്ട് ഗംഭീര പാളയങ്ങളായി കാണുക എന്ന രീതി സ്വീകരിക്കുന്നു. രക്ഷിക്കപ്പെട്ടവരും അല്ലാത്തവരും/എന്റെ മതത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരും , അതല്ലെങ്കില്‍ ' അനിവാര്യമായ ചരിത്ര നിയമങ്ങളുടെ 'പ്രവര്‍ത്തനഫലമായി പരാജയപ്പെടാന്‍ പോകുന്ന വര്‍ഗ്ഗവും വിജയിക്കാന്‍ പോകുന്ന വര്‍ഗ്ഗവും എന്നിങ്ങനെയെല്ലാം മനുഷ്യരെ രണ്ടായി വിഭജിച്ച് കാണുകയെന്നത് എല്ലാ വിശ്വാസ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന സ്വഭാവമാണ്. ഇതില്‍ നിന്നും മാറുകകയെന്നതാണ് സ്വതന്ത്രചിന്തക/ സ്വതന്ത്ര ചിന്തകന്‍ സ്വീകരിക്കുന്ന രീതി. വിശ്വാസ പ്രസ്ഥാനങ്ങളെ വലിച്ചെറിഞ്ഞ് സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്നതാണ് സ്വതന്ത്ര ചിന്തകരുടെ വഴി. ആ നിലപാടില്‍ നില്‍ക്കുമ്പോള്‍ വ്യക്തിയാണ് പരമ പ്രധാനം വര്‍ഗങ്ങളോ ഗോത്രങ്ങളോ മതമോ രാഷ്ട്രമോ തുടങ്ങിയ ഗ്രൂപ്പുകളാണ് പ്രധാനമെന്നതാണ് പഴയ രീതി. അങ്ങനെ ഒരു ഗോത്രീയ ചിന്താ രീതിയിലാണ് മനുഷ്യന്‍ ദീര്‍ഘകാലം പുലര്‍ന്നത്. ഗോത്രത്തിനാണ് പ്രാധാന്യം. വ്യക്തി അതിന്റെ ഒരു ഘടകം മാത്രമാണ്. ജ്ഞാനോദയാനന്തര കാലത്ത് മാത്രമാണ് അതില്‍ നിന്നും വ്യത്യസ്തമായ ചിന്ത വരുന്നത്. മനുഷ്യന്‍ സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്നതില്‍ നിന്നാണ് യുക്തിചിന്ത, സ്വതന്ത്രചിന്ത എന്നൊക്കെ പറയുന്നത് വരുന്നത്. അന്നേവരേയുള്ള എല്ലാ സംഘടനാരൂപങ്ങളും മതാടിസ്ഥാനത്തിലായിരുന്നു. മതങ്ങളുടെ റിപ്ലേസ്മെന്റ് എന്ന രീതിയിലാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രത്യായശാസ്ത്രങ്ങളും വരുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. അതില്‍ നിന്നും വ്യത്യസ്തമായ വഴിയാണ് സ്വതന്ത്രചിന്തയുടേത്.

കുറേ മനുഷ്യരെ ശത്രുപക്ഷത്ത് നിര്‍ത്തുകയെന്നതും എതിര്‍ക്കുകയെന്നുമുള്ളത് സുരേഷ്ഗോപി പ്രതിനിധാനം ചെയ്യുന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉള്‍പ്പെടെയുള്ള രീതിയാണ്. പിതൃഭൂമിയും പുണ്യഭൂമിയുമായി ഭാരതത്തെ കാണുന്നവര്‍ ഒരു ഗ്രൂപ്പും പുണ്യഭൂമിയായി കാണാത്തവരെന്ന മുദ്ര ചാര്‍ത്തപ്പെട്ടവര്‍ (അതില്‍ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമെല്ലാം വരും) എതിര്‍ ഗ്രൂപ്പുമെന്നതാണ് സവര്‍ക്കറിന്റെ സിദ്ധാന്തം. ഇത് പഴയ ഗോത്രീയ / സെക്ടേറിയന്‍ രീതിയാണ്. ആ രീതിയില്‍ കാണുന്നത് കൊണ്ടാണ് ഞങ്ങള്‍ വിശ്വാസികള്‍ എന്നവര്‍ക്ക് പറയാന്‍ കഴിയുന്നത്. സാധാരണ ഞങ്ങള്‍ ഹിന്ദുക്കള്‍ എന്നാണ് അവര്‍ പറയാറുള്ളതെങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ എല്ലാ ' വിശ്വാസി 'കളെയും തല്‍ക്കാലം ഉള്‍ക്കൊള്ളിക്കുകയാണ്. പുറത്തൊരു ശത്രുവില്ലാതെ ഈ രീതിയിലുള്ള ചിന്താരീതിക്കും രാഷ്ട്രീയത്തിനും മുന്നോട്ട് പോകാനാകില്ല. എന്നിട്ട് ഗോത്രീയമായി സംഘടിക്കണം. ഇവിടെ മനുഷ്യന് / വ്യക്തിക്ക് പ്രാധാന്യമില്ല.. അവരെ സംബന്ധിച്ച് ഗ്രൂപ്പാണ് വിഷയം. ശത്രുവിനെതിരെയുള്ള വിരോധം ഊതി കത്തിച്ച് കൊണ്ട് ഗോത്രീയമായ അടിസ്ഥാന മനോനിലയെ ഉപയോഗിക്കാന്‍ എളുപ്പമാണ്. എല്ലാ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങളും ചെയ്യുന്നത് ഇതാണ്. മതവിശ്വാസികളെ സംബന്ധിച്ച് മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരും അവിശ്വാസികളാണ്.നിരീശ്വരവാദം എന്ന് പറയുന്നതിനെയും വേണമെങ്കില്‍ ഗോത്രീയമായ പ്രസ്ഥാനമായി വളര്‍ത്താന്‍ കഴിയും. പരമ്പരാഗത രീതിയിലുള്ള ശത്രുവിനെ മുന്നില്‍ നിര്‍ത്തി അവനവന്റെ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സംഘടനാരൂപമാക്കി മാറ്റാനും കഴിയും. (അല്‍ബേനിയ എന്ന രാജ്യത്ത് പണ്ട് നടന്നത് ഓര്‍ക്കുക ! )

ഞാന്‍ പ്രാഥമികമായി 'അവിശ്വാസി ' എന്ന് സ്വയം അടയാളപ്പെടുത്താറില്ല. മറ്റു പലതുമാണ് എന്നത് പോലെ അവിശ്വാസിയുമാണ്. വിവിധ സ്വത്വങ്ങളിലെ ഒരു ഐഡന്റിറ്റിയാണ് എന്നെ സംബന്ധിച്ചിടത്തോളം അവിശ്വാസി എന്നത്. വിശ്വാസി- അവിശ്വാസി എന്ന ബൈനറി പഴയ രീതിയാണ്. സ്വന്തം സ്വത്വത്തിന്റെ കൊടിയടയാളമായി അവിശ്വാസിയെന്നതിനെ കണ്ട് ആ കൊടിക്ക് പിന്നില്‍ അണിനിരക്കാത്തവരെ ശത്രുക്കളായി കാണുക എന്നത് ഒരു സ്വതന്ത്രചിന്തകന് ഒരിക്കലും പറ്റാത്ത കാര്യമാണ്. ഒരു സ്വതന്ത്ര ചിന്തകന്‍ /യുക്തിവാദി എന്നാണ് ഞാന്‍ സ്വയം അടയാളപ്പെടുത്താന്‍ താല്പര്യപ്പെടുന്നത്. പ്രപഞ്ചത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അറിവ് നേടാനുള്ള ഏകമാര്‍ഗം method of science ആണ് , വെളിപാടുകളോ പൂര്‍വിക ശാസനകളോ സാധുവായ അറിവിനുള്ള വഴിയല്ല എന്ന നിലപാട് സ്വീകരിക്കുന്നയാള്‍ എന്നാണതിനര്‍ത്ഥം.

വിശ്വാസികള്‍ക്കെതിരല്ല അവിശ്വാസികള്‍. തെറ്റായ ചിന്താഗതിയാണ്. ഒരു സ്വതന്ത്ര ചിന്തകനെ സംബന്ധിച്ചിടത്തോളം മനുഷ്യനാണ് പ്രധാനം. ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ട് വന്നിട്ടുള്ള ഒരു ചെറുസംഘത്തിന്റെ അനന്തര തലമുറയാണ് നമ്മള്‍ എല്ലാ മനുഷ്യരും എന്ന നിലയില്‍ സാര്‍വ്വ ലൗകിക മാനവികതയിലാണ് നമ്മള്‍ ഊന്നേണ്ടത്. ലിബര്‍ട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി എന്നത് മൂന്നൂറ് വര്‍ഷം പഴക്കമുള്ള മുദ്രാവാക്യമാണെങ്കിലും പ്രസക്തമാണ്. അബേദ്ക്കര്‍ ആവര്‍ത്തിച്ച് പറയുന്ന മുദ്രാവാക്യമായിരുന്നു. സാഹോദര്യം എന്നത് പ്രധാനമാണ്. മതങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്കും സാഹോദര്യം എന്നതില്ല. സ്വന്തക്കാരും ശത്രുക്കളും മാത്രമേ ഉള്ളൂ.. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ശത്രുക്കള്‍ ആരെന്നത് മാറിക്കൊണ്ടിരിക്കും. സമാനമായ സന്തോഷങ്ങളില്‍ ആഹ്ലാദിക്കുന്നവരും സമാനമായ ദുംഖങ്ങളില്‍ സങ്കടപ്പെടുന്നവരുമായ, തുല്യരും സ്വതന്ത്രരുമായ സഹോദരങ്ങളുമാണ് സകല മനുഷ്യരും എന്നു കരുതുന്ന 'ആധുനിക ' മനുഷ്യര്‍ വിശ്വാസികള്‍ക്കെതിരെ തിരിയുകയോ അവരെ ശത്രുക്കളായി കാണുകയോ ചെയ്യുന്നില്ല. ഗോത്രമായി നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്ക് മാത്രമേ അങ്ങനെ ശത്രുക്കളായി കാണാന്‍ കഴിയുകയുള്ളു. അത് സ്വതന്ത്രചിന്തകരുടെ വഴിയല്ല.

Q

സുരേഷ് ഗോപി വിശ്വാസികള്‍ക്ക് മുന്നില്‍ നടത്തിയ ഈ പ്രസംഗത്തില്‍ അവിശ്വാസികളുടെ നാശത്തിനായി പ്രാര്‍ഥിക്കുമെന്നാണ് പറയുന്നത്. ഉത്തരേന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടത്തിയ പോലുള്ള വിദ്വേഷ പ്രചരണം തന്നെയല്ലേ ഇത്?

A

വെറുപ്പ് സൃഷ്ടിക്കാനുള്ള ശ്രമം തന്നെയാണ്. ഉത്തരേന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ പറയുന്നത് പോലെയാണെന്നതില്‍ എനിക്ക് സംശയമില്ല. ജൂതനെ, മുസ്ലിംമിനെ, കമ്യൂണിസ്റ്റിനെ ചൂണ്ടിക്കാട്ടി കൊണ്ട് തന്റെ ഗോത്രത്തെ ശക്തിപ്പെടുത്തി അധികാരത്തിലേക്കുള്ള വഴി കണ്ടെത്തുക എന്നത് ഫാസിസ്റ്റുകളുടെ സ്ഥിരം തന്ത്രമാണ്. അതാണ് സുരേഷ്ഗോപിയും കാണിക്കുന്നത്. സമാധനത്തോടെ ജീവിച്ച് മരിക്കരുതെന്ന് പറയുന്നത് കൃത്യമായി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. അതിനായി 'പ്രാര്‍ത്ഥിക്കും ' എന്ന് പറഞ്ഞത് വെറും കണ്ണില്‍ പൊടിയിടലാണ്. സമാധാനത്തോടെ ജീവിച്ച് മരിക്കാന്‍ അനുവദിക്കരുതെന്നത് പ്രാര്‍ത്ഥനയല്ല. ആഹ്വാനമാണ്. ഇത്തരക്കാര്‍ എന്റെ സഹോദരങ്ങളല്ല, ശത്രുക്കളാണ് എന്ന് പറഞ്ഞു വെക്കുകയാണ്. അവരെ അക്രമിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കുകയില്ലെന്നുമാണ് പറയുന്നത്. ആരും കേസ് കൊടുക്കേണ്ടെന്ന് കരുതിയാണ് ' പ്രാര്‍ത്ഥന 'എന്ന് കൂട്ടിച്ചേര്‍ക്കുന്നത്.

ഒരു കഥയുണ്ട്, ആമയെ പിടിച്ച് ഒരാള്‍ തീയിലിട്ട് ചുടാന്‍ നോക്കുമ്പോള്‍ അത് ഓടി പോകും. അതുവഴി വന്ന സന്യാസി പറയും, ആമയും ചകിരിയും മലര്‍ത്തിയിട്ടാണ് ചുടുകയെന്നും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്നും കൂട്ടിച്ചേര്‍ക്കും. അതു പോലെയാണ് സുരേഷ് ഗോപി പറയുന്നത്. കൃത്യമായി ചെയ്യേണ്ടതെന്തെന്ന് കേള്‍വിക്കാരോട് പറയുകയും കൈയടി വാങ്ങുകയും ചെയ്തിട്ട് ദൈവത്തിനെ വെറുതെ മൂകസാക്ഷിയാക്കുകയാണ്. 'സനാതന ധര്‍മ്മം ' പിന്‍തുടരാത്ത എല്ലാവരും അവിശ്വാസികള്‍ എന്നതില്‍ ഉള്‍പ്പെടും. കാസക്കാരും നാളെ അവിശ്വാസികള്‍ എന്നതില്‍ വരും. നോര്‍ത്തില്‍ മിഷണറികള്‍ ഇവരുടെ ശത്രുക്കളാണ്. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. കേരളത്തില്‍ അതില്ലല്ലോ. തല്‍ക്കാലം ശത്രു സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയിരിക്കയാണ്. ശക്തി കൂടുന്നതിന് അനുസരിച്ച് എല്ലാവരെയും ഉള്‍പ്പെടുത്തും. ഇറാനില്‍ സോകോള്‍ഡ് ഇസ്ലാമിക വിപ്ലവം നടക്കുമ്പോള്‍ കൂടെ നിന്ന കമ്യൂണിസ്റ്റുകളെയാണ് അവര്‍ ആദ്യം കൊന്നു കളഞ്ഞത്. ഗോത്രീയമായ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇന്നത്തെ ഒക്കച്ചങ്ങായി നാളെ ശത്രുവാകും. ലെനിന്റെ കാലത്തെ പാര്‍ട്ടി സെന്‍ട്രല്‍ കമ്മററിയിലെ മിക്കവാറും അംഗങ്ങളെയും പ്രസ്ഥാന ശത്രുക്കളായി മുദ്രകുത്തി സ്റ്റാലിന്‍ കൊന്നുകളഞ്ഞതോര്‍ക്കുക !

Q

ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും നിന്ദിക്കുന്ന ഒരാള്‍ പോലും നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ അന്തരീക്ഷം ഒരുങ്ങിക്കൂടായെന്ന സുരേഷ് ഗോപിയുടെ പറച്ചിലില്‍ വെറുപ്പ് സൃഷ്ടിക്കാനുള്ള ശ്രമമല്ലേയുള്ളത്. എംപിയായിരുന്ന, തെരഞ്ഞെടുപ്പുകളില്‍ ഇനിയും മത്സരിക്കാന്‍ സാധ്യതയുള്ള ഒരാള്‍ ഇതുപോലെ വെറുപ്പ് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണോയുള്ളത്?

A

സുരേഷ്ഗോപിക്ക് താല്‍ക്കാലിക രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം. കൂടുതല്‍ ശ്രദ്ധ കിട്ടാനുള്ള ശ്രമവുമുണ്ടാവാം. പക്ഷേ അതിനപ്പുറം , അയാളുടെ ഹേറ്റ് സ്പീച്ച് എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദീര്‍ഘവും വ്യാപകവുമായ പദ്ധതിയുമായി കണ്ണി ചേരുന്നൊരു ഭാഷണം തന്നെയാണ്. ജനാധിപത്യ സമ്പ്രദായം പരിമിതമായെങ്കിലും 'മേല്‍ജാതി ' മേധാവിത്തത്തിന് ഏല്‍പ്പിച്ച തിരിച്ചടികളെ ചെറുത്തു തോല്പിക്കുക, ബ്രാഹ്‌മിനിക സാമൂഹ്യ വ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്നതാണ് ആ രാഷ്ട്രീയ പദ്ധതി. കഴിഞ്ഞ നൂറു കൊല്ലമായി ആര്‍.എസ്.എസ് ശ്രമിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. ഹിന്ദു എന്ന ഇല്ലാത്ത ഐഡന്റിറ്റിയെ ഉണ്ടാക്കി കൊണ്ടുവരികയും അതിനപ്പുറത്തുള്ളവരെ പുറത്ത് നിര്‍ത്തുകയുമാണ് അവരുടെ വഴി. ഗുജറാത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഉപയോഗിക്കുന്ന സ്ട്രാറ്റജിയാണ്. യു.പിയിലും വിജയിച്ച് വരുന്നു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും ഇതാണ് ശ്രമം. പെര്‍മനന്റ് മെജോറിറ്റി ഉണ്ടാക്കിയെടുത്ത് ജനാധിപത്യം എന്ന വ്യവസ്ഥയെ തന്നെ പുറംതോട് മാത്രമാക്കുകയാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി ഫാസിസ്റ്റ് രാഷ്ട്രത്തിലേക്ക് പോകാനുള്ള ദീര്‍ഘകാല പദ്ധതിയുടെ നരേറ്റീവ് ആണ് സുരേഷ് ഗോപിയും ആവര്‍ത്തിക്കുന്നത്. അവിശ്വാസിയെന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ മാത്രമല്ല, അര്‍ബന്‍ നക്സലൈറ്റുകളെന്ന് ഇവര്‍ വിളിക്കുന്നവരും ഉള്‍പ്പെടും. അതായത് സ്വതന്ത്ര ചിന്തകര്‍ , പൗരാവകാശപ്രവര്‍ത്തകര്‍ , ജനാധിപത്യവാദികള്‍ .....ഇവര്‍ വെടിവെച്ച് കൊന്ന ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും ധബോല്‍ക്കറും കമ്യൂണിസ്റ്റുകാരായിരുന്നില്ലല്ലോ. ലിബറല്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍, വ്യക്തി സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കുമെല്ലാം വേണ്ടി വാദിക്കുന്നവര്‍ , എല്ലാവരും ശത്രുക്കളാണ്.

Q

ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കാന്‍ എട്ട് ലോകസഭ മണ്ഡലങ്ങളില്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. വിശ്വാസി വേഴ്സസ് അവിശ്വാസി എന്ന വൈരുദ്ധ്യം ഉണ്ടാക്കാനാണോ ഇവര്‍ ശ്രമിക്കുന്നത്?

A

തല്‍ക്കാലം അത്തരമൊരു വിഭജമുണ്ടാക്കുകയെന്നതാണ് അവര്‍ക്ക് എളുപ്പമുള്ള കാര്യം. കേരളത്തിലെ demography വെച്ച് മറ്റേത് അവര്‍ക്ക് അത്ര എളുപ്പമല്ല. നോര്‍ത്തിലൊക്കെ ആണെങ്കില്‍ എണ്‍പത് ശതമാനവും സോകോള്‍ഡ് ഹിന്ദുക്കളാണ്. അവിടെ എളുപ്പമാണ്. ഇവിടെ മറ്റൊരു സ്ട്രാറ്റജി വേണ്ടി വരും. അത്തരമൊരു സ്ട്രാറ്റജി കണ്ടുപിടിക്കാനുള്ള ശ്രമമാകാം ഇത്. കേരളത്തില്‍ ബി.ജെ.പിക്ക് സഖ്യമുണ്ടാക്കാന്‍ പറ്റിയ അന്തസ്സുള്ള രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗ് ആണെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നല്ലോ. അതൊരുതരം അടവുനയം ആവാം എന്നാണ് എനിക്ക് തോന്നുന്നത്. താല്‍ക്കാലികമായി അവരുടെ ഇലക്ടറല്‍ ശക്തി പൂര്‍ണമായും തങ്ങള്‍ക്കെതിരാവുന്നത് തടയാനുള്ള ശ്രമം. ദീര്‍ഘകാലത്തേക്ക് അവരുടെ മനസിലുള്ളത് ഹിന്ദുത്വ രാഷ്ട്രീയം തന്നെ. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഉള്‍പ്പെടെ 'വിദേശ ആശയങ്ങള്‍ പിന്തുടരുന്നവരെ ' ശത്രുക്കളായല്ലാതെ അവര്‍ക്ക് കാണാന്‍ പറ്റില്ല !

Related Stories

No stories found.
logo
The Cue
www.thecue.in