
ജൂണ്‍ 16 അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനമാണ്. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച ILO കണ്‍വെന്‍ഷന്‍ നമ്പര്‍ 189 അംഗീകരിച്ചതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 16ന് അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനം ആചരിക്കുന്നത്. ആദ്യം തന്നെ പറയട്ടെ, ഇന്ത്യ ഈ കണ്‍വെന്‍ഷന്‍ നമ്പര്‍ 189 അഗീകരിച്ചിട്ടില്ല.
'എന്റെ ഭക്ഷണത്തെക്കുറിച്ച് ഞാന്‍ ഭക്ഷണം ഉണ്ടാക്കുന്ന വീടുകളില്‍ ആരും ഓര്‍ക്കാറില്ല'. ഞങ്ങളോടുള്ള സഭാഷണത്തിനിടയില്‍ ആമിന എന്ന 47 വയസ്സുകാരി പറഞ്ഞതാണിത്. ഡല്‍ഹിയിലെ വീട്ടുജോലിക്കാരിയാണ് ആമിന. ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യുന്നു. ആമിനയുടെ ദിവസം രാവിലെ 4 മണിക്ക് ആരംഭിക്കും. എല്ലാ വീട്ടുജോലികളും പൂര്‍ത്തിയാക്കി രാവിലെ 5.30ന് ഒരു കപ്പ് ചായ കുടിച്ച ശേഷം ജോലിക്ക് പോകും. ഏകദേശം രണ്ട് കിലോമീറ്റര്‍ നടക്കണം. നാല് വ്യത്യസ്ത വീടുകളില്‍ ജോലി ചെയ്തു ശേഷം ഉച്ചയ്ക്ക് 2 മണിയോടെയാണ് അവള്‍ വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടിലെത്തിയ ശേഷമാണ് ആ ദിവസത്തെ ആദ്യത്തെ ഭക്ഷണം അവര്‍ കഴിക്കുന്നത്. ആമിന ജോലി ചെയ്യുന്ന നാല് വീടുകളില്‍ നിന്നും കഴിക്കാന്‍ അവര്‍ക്ക് ഒന്നും നല്‍കുന്നില്ല. ജോലിസ്ഥലങ്ങളിലെ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. അവളുടെ തൊഴിലുടമകള്‍ അവരോട് 'അവരുടെ' ടോയ്ലറ്റ് ഉപയോഗിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ജോലി സമയത്ത് അവളുടെ ഒരു ജോലിസ്ഥലത്തും വിശ്രമിക്കാന്‍ അവള്‍ക്ക് അനുവാദമില്ല. ഈ നഗരത്തിലെ പല കോളനികളിലെയും റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ വീട്ടുജോലിക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇരിക്കുന്നത് വിലക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വീട്ടുജോലിക്കാരുടെ തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് അധിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടതില്ല. സാഹചര്യങ്ങളിലും, ഇല്ലാത്തത് 'അനുമതി' മാത്രമാണ്. തൊഴില്‍ കരാറുകളുടെയും പൊതു നിയന്ത്രണങ്ങളുടെയും അഭാവത്തില്‍, തൊഴില്‍ സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കുന്നത് തൊഴിലുടമകളുടെ നന്മയും നല്ല മനസും ആണ്. ഇതുതന്നെയാണ് പ്രശ്‌നം!
ജൂണ്‍ 16 അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനമാണ്. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച ILO കണ്‍വെന്‍ഷന്‍ നമ്പര്‍ 189 അംഗീകരിച്ചതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 16ന് അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനം ആചരിക്കുന്നത്. ആദ്യം തന്നെ പറയട്ടെ, ഇന്ത്യ ഈ കണ്‍വെന്‍ഷന്‍ നമ്പര്‍ 189 അഗീകരിച്ചിട്ടില്ല. മിക്ക ഗാര്‍ഹിക തൊഴിലാളികളും ഈ കണ്‍വെന്‍ഷന്‍ എന്താണെന്നോ ജൂണ്‍ 16 ഗാര്‍ഹിക തൊഴിലാളി ദിനമാണെന്നോ അറിഞ്ഞുകൊള്ളണമെന്നില്ല. ജീവിക്കാനുള്ള ദൈനംദിന നെട്ടോട്ടത്തില്‍ ഇങ്ങനെയൊരു ദിനം ആചരിക്കാനുള്ള ജോലിസുരക്ഷിതത്വം ഉള്ളവരല്ല ഗാര്‍ഹികത്തൊഴിലാളികള്‍. അന്ന് ലീവ് എടുത്താല്‍ കൂലി അവര്‍ക്ക് നഷ്ടമാകും. ചിലപ്പോള്‍ ജോലി തന്നെ നഷ്ടമാവും. എന്നാല്‍ തൊഴിലാളി സംഘടനകള്‍ക്കും പൊതുമണ്ഡലത്തിനും ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ദിവസം തോറും നഗരീകരിക്കപ്പെടുന്ന ജീവിതങ്ങളില്‍ അവിഭാജ്യ ഘടകമായിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശമില്ലായ്മയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയട്ടെ, നഗരങ്ങളിലെ പല ദാമ്പത്യങ്ങളും തുല്യതയുടെ പതാക ഏറുന്നതിന്റെ പ്രധാന കാരണം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തില്‍പ്പെട്ട വേറൊരു സ്ത്രീയുടെ ഗാര്‍ഹികത്തൊഴില്‍ ആണ്.
ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ശമ്പളം ലഭിക്കുന്ന വീട്ടുജോലിക്കാര്‍, അല്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളികള്‍. കേരളത്തിലെ ഗാര്‍ഹികത്തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇന്ത്യയിലെ മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും അവരില്‍ ഏകദേശം 75% സ്ത്രീകളാണെന്നും കണക്കാക്കപ്പെടുന്നു. പലരും പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങിയ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ പെട്ടവരാണ്. ജോലി ലഭിക്കുന്ന ഇന്‍ഫോര്‍മല്‍ ശൃംഖലകള്‍, ലഭിക്കുന്ന അപര്യാപ്തവും ക്രമരഹിതവുമായ വേതനം, നിര്‍വചിക്കപ്പെടാത്ത ജോലി വിഭാഗങ്ങള്‍, ജോലിസ്ഥല നിയന്ത്രണങ്ങള്‍, നേരിയ സുരക്ഷാ സംവിധാനങ്ങള്‍, ഒട്ടുമേ ഇല്ലാത്ത പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവയൊക്കെ ഗാര്‍ഹിക തൊഴിലിന്റെ ദുര്‍ബലത വ്യക്തമാക്കുന്നു. ഇന്നുവരെ, വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമഗ്ര നിയമനിര്‍മ്മാണ ചട്ടക്കൂട് ഇന്ത്യ സ്വീകരിച്ചിട്ടില്ല.
സുപ്രീം കോടതി നിരീക്ഷണവും പ്രതീക്ഷയും
പ്രശ്‌നങ്ങള്‍ അനവധി ആയിരിക്കെത്തന്നെ, 2025 ജനുവരി 29ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. പട്ടികവര്‍ഗത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ ഒരു പ്ലേസ്‌മെന്റ് ഏജന്‍സി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഒരു കേസ് പരിശോധിക്കുന്നതിനിടെ, ഇന്ത്യയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളുടെയും സംരക്ഷണത്തിന്റെയും അഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്വമേധയാ ഏറ്റെടുക്കാന്‍ കോടതി തീരുമാനിച്ചു. 'രാജ്യമെമ്പാടും വ്യാപകമായി കാണപ്പെടുന്ന ഈ പീഡനത്തിനും വ്യാപകമായ ദുരുപയോഗത്തിനും കാരണം ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച നിയമപരമായ ശൂന്യതയാണ്' എന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ നിരീക്ഷണം ഗാര്‍ഹികത്തൊഴിലാളികളെ സംബന്ധിച്ചു പ്രതീക്ഷ നല്‍കുന്നതാണ്.
ലോകമെമ്പാടുമുള്ള തൊഴില്‍ നിയമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഐഎല്‍ഒയുടെയും അതിന്റെ വിവിധ മാര്‍ഗനിര്‍ദേശങ്ങളും കോടതി ഉത്തരവില്‍ പരമര്‍ശിക്കുന്നു. കണ്‍വെന്‍ഷനുകള്‍ 87 (സംഘടിപ്പിക്കാനുള്ള അവകാശം), 100 (തുല്യ വേതനം), 111 (വിവേചനം), 173 (തൊഴിലുടമയുടെ പാപ്പരത്ത നിയമം), 189 (ഗാര്‍ഹിക തൊഴിലാളികള്‍), കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള മറ്റ് പ്രധാന അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍, Convention on the Elimination of All Forms of Discrimination against Women (CEDAW). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണവും തുല്യതയും നല്‍കാന്‍ ഉതകുന്ന സമകാലിക അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇവ പാലിക്കുക എന്ന കടമയെ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ ഇന്ത്യ ഇതൊന്നും നടപ്പിലാക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി, തൊഴില്‍ മന്ത്രാലയത്തോടും സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തോടും നിയമ, നീതി മന്ത്രാലയത്തോടും ചേര്‍ന്ന്, ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളുടെ പ്രയോജനം, സംരക്ഷണം, നിയന്ത്രണം എന്നിവയ്ക്കായി ഒരു നിയമ ചട്ടക്കൂട് ശുപാര്‍ശ ചെയ്യുന്നത് പരിഗണിക്കുന്നതിനായി വിഷയ വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ആറ് മാസത്തിനുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിനായി ഫലപ്രദമായ ഒരു നിയമം അവതരിപ്പിക്കണമെന്നും കോടതി പറയുകയുണ്ടായി. ഇതൊരു അവസരമായി, സാധ്യത ആയി എടുത്തുകൊണ്ടു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ പുത്തനാര്‍ജ്ജവത്തോടെ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള നിയമ നിര്‍മാണത്തെ സമീപിക്കുന്നത് 2007ലാണ്. അന്നത്തെ രാജ്യസഭാംഗവും സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ശങ്കര്‍ ദത്തയാണ് സ്വകാര്യ അംഗ ബില്ലായി അവതരിപ്പിച്ച അവസാന ഗാര്‍ഹിക തൊഴിലാളി കരട് ബില്ല് അവതരിപ്പിച്ചത്. ഈ മാതൃകയില്‍ പുതിയ ഒരു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കേണ്ടത് മാറുന്ന കാലഘട്ടത്തിന്റെ അനിവാര്യത ആണ്. പ്രതീക്ഷ നല്‍കുന്നത് കേരളമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം, നിയന്ത്രണം, ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിനായുള്ള ബില്‍, 2023 (The Kerala Domestic Workers (Regulation of Employment and Conditions of Service Bill, 2023) പല ഇടങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. ഇത് നിലവില്‍ വരിക ആണെങ്കില്‍ ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃക ആവും എന്നു നിസംശയം പറയാം.
ഗാര്‍ഹിക തൊഴിലാളികളും ലേബര്‍ കോഡുകളും
നമ്മുടെ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും തൊഴിലാളിയുടെ പദവിയോ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമോ ആസ്വദിച്ചിട്ടില്ല. 2011-ല്‍ ILO കണ്‍വെന്‍ഷന്‍ 189 പാസാക്കിയപ്പോള്‍, നമ്മുടെ രാജ്യത്തെ വ്യത്യസ്ത തൊഴില്‍ നിയമങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഒരു നയരേഖയും ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കി. അന്നുമുതല്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി അത്തരം നിരവധി രേഖകളും കരട് ബില്ലുകളും ഉണ്ടായിട്ടുണ്ട്, പക്ഷേ അവയൊന്നും യാഥാര്‍ത്ഥ്യമായില്ല. പകരം, ഇപ്പോള്‍ നാല് ലേബര്‍ കോഡുകള്‍ ഉണ്ട്. തൊഴിലാളികള്‍ എന്ന നിലയില്‍ ഗാര്‍ഹിക തൊഴില്‍ അവകാശങ്ങള്‍ കൂടുതല്‍ വിദൂരമാക്കുന്നതാണ് ഈ കോഡുകള്‍. വാസ്തവത്തില്‍ ഈ കോഡുകള്‍ നടപ്പിലാക്കുന്നതോടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള ഏതൊരു പ്രതീക്ഷയും ഇല്ലാതാവും.
വീട് ഒരു തൊഴിലിടമായി കണക്കാക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ഇതിനര്‍ത്ഥം സ്വകാര്യ വീടുകളില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ല എന്നാണ്. മിനിമം വേതനത്തിന് അര്‍ഹതയുള്ള 681 സ്‌കില്‍സെറ്റ് വിഭാഗങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളെ കാണുന്നില്ല.
കോഡുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍, അവര്‍ യഥാര്‍ത്ഥത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ എങ്ങനെ ഒഴിവാക്കുന്നുവെന്ന് കാണാന്‍ കഴിയും. ഉദാഹരണത്തിന്, വേതന നിയമവും (Code on Wages) തൊഴില്‍ സുരക്ഷയും ആരോഗ്യ നിയമവും (Occupational Safety, Health and Working Conditions Code) ജീവനക്കാരന്റെയോ തൊഴിലാളിയുടെയോ നിര്‍വചന സ്ഥാപനങ്ങളിലോ വ്യവസായങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തുന്നു. ചുരുക്കി പറഞ്ഞാല്‍ വീട് ഒരു തൊഴിലിടമായി കണക്കാക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ഇതിനര്‍ത്ഥം സ്വകാര്യ വീടുകളില്‍ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമല്ല എന്നാണ്. മിനിമം വേതനത്തിന് അര്‍ഹതയുള്ള 681 സ്‌കില്‍സെറ്റ് വിഭാഗങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളെ കാണുന്നില്ല. അതിനാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കു കോഡുകള്‍ നിലവില്‍ വരുന്നതോടുകൂടി മിനിമം വേതനം ലഭിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
അതുപോലെ, സാമൂഹിക സുരക്ഷാ നിയമവും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി, ഇപിഎഫ്, പ്രസവാനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ സംഘടിത മേഖലാ തൊഴിലാളികള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ. ഗാര്‍ഹിക തൊഴിലാളികളും മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികളും ഭാവിയില്‍ രൂപീകരിക്കേണ്ട ചില അവ്യക്തമായ പദ്ധതികളുടെ പരിധിയില്‍ വരുമെന്ന് കരുതപ്പെടുന്നു. ഏറ്റവും പ്രധാനമായി, വ്യാവസായിക ബന്ധ നിയമസംഹിത (Industrial Relations Code) ട്രേഡ് യൂണിയനുകളുടെ രൂപീകരണത്തിനും അംഗീകാരത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തൊഴിലാളികളില്‍ കുറഞ്ഞത് 10% പേരെങ്കിലും നിര്‍ദ്ദിഷ്ട യൂണിയനില്‍ അംഗങ്ങളായിരിക്കണമെന്ന് ഈ കോഡ് ആവശ്യപ്പെടുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നിവയുള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനും അവര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമായി ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അസംഘടിത മേഖലയിലെ മറ്റ് നാല് തൊഴില്‍ ഗ്രൂപ്പുകള്‍ക്കൊപ്പം വീട്ടുജോലിക്കാര്‍ക്കും കുറഞ്ഞ സാമൂഹിക സുരക്ഷാ പരിരക്ഷ നല്‍കുന്നതിനായി 2016ല്‍ കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് രൂപീകരിച്ചു. 2018 മുതല്‍ ബോര്‍ഡ് ഗാര്‍ഹിക തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തുവരുന്നു. എന്നിരുന്നാലും, ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ പരിമിതി, നിര്‍മ്മാണ തൊഴിലാളികള്‍, കള്ള് ചെത്തുകാര്‍, ബീഡി, സിഗാര്‍ തൊഴിലാളികള്‍ എന്നിവരുടെ മറ്റ് ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി തൊഴിലുടമകളില്‍ നിന്ന് ബോര്‍ഡിന് ഒരു സംഭാവനയും ലഭിക്കുന്നില്ല എന്നതാണ്.
മുന്നോട്ട്
ജൂണ്‍ 16, വര്‍ഷാവര്‍ഷം ഉള്ളോരു ഓര്‍മപ്പെടുത്തല്‍ കൂടി ആണ്. എട്ട് മണിക്കൂര്‍ ജോലിക്ക് 26,000 രൂപ മിനിമം വേതനവും ആഴ്ചയില്‍ ഒരു തവണ അവധിയും അനുവദിക്കണമെന്നാണ് All India Coordination Committe for Domestic Workers (AICCDW) യുടെ ആവശ്യം. ഈ നിര്‍ണയിച്ച മിനിമം വേതനത്തില്‍ നിന്നു എത്രയോ ദൂരെയാണ് യാഥാര്‍ത്ഥ്യം. ഒരു ഒഴിവുദിനം ആരുടേയും ഔദാര്യമല്ല എന്ന അവബോധം ജീവനക്കാരനും തൊഴിലുടമയ്ക്കും ഉണ്ടാവണം. തുടക്കം ചെറുതാവാം.
ഗാര്‍ഹിക തൊഴിലാളികള്‍ വീടുകളുടെ, പ്രത്യേകിച്ച് നഗരങ്ങളിലെ വീടുകളുടെ നടത്തിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നു ഇതിനോടകം വ്യക്തമാണ്. നഗരങ്ങളിലെ തൊഴില്‍ ശക്തിക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെങ്കിലും, ഗാര്‍ഹിക തൊഴിലാളികള്‍ ആസൂത്രിത വികസനത്തിന്റെയും, നിയമ പരിരക്ഷകളുടെയും പുറത്താണ്. സങ്കീര്‍ണ്ണമായ സാമൂഹിക ബന്ധങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന വര്‍ഗ്ഗ സ്ത്രീകള്‍ വീട്ടുജോലികള്‍ സബ്ലെറ്റ് ചെയ്യുന്നത് ഗാര്‍ഹിക തൊഴിലാളികള്‍ ആണ്. ഈ സബ്ലെറ്റിംഗ് സാമൂഹിക പുനരുല്‍പാദന പ്രക്രിയകളുടെ ഒരു ഭാഗമാണ്. മാറിയ തൊഴില്‍ അതിരുകള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ നഗരങ്ങള്‍ക്ക് കഴിവുണ്ടെങ്കിലും, വ്യവസ്ഥാപരമായ തടസ്സങ്ങള്‍ കാരണം ചില വിഭാഗം സ്ത്രീകള്‍ വീട്ടുജോലികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായി കാണുന്നു. അതുകൊണ്ടുതന്നെ, ഗാര്‍ഹിക തൊഴിലിനെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ അന്വേഷണങ്ങളിലേക്ക് കൂടുതലായി കൊണ്ടുവരേണ്ടതുണ്ട്.