അടൂർ ദളിത് വിരുദ്ധനും സ്ത്രീ വിരുദ്ധനും മാത്രമല്ല, മനുഷ്യ വിരുദ്ധന്‍ കൂടിയാണ്

അടൂർ ദളിത് വിരുദ്ധനും സ്ത്രീ വിരുദ്ധനും മാത്രമല്ല, മനുഷ്യ വിരുദ്ധന്‍ കൂടിയാണ്
Published on

സിനിമ കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ഒന്നര കോടി രൂപയ്ക്ക് അര്‍ഹരാകുന്ന ദളിത്, സ്ത്രീ സംവിധായകര്‍ക്ക് വിദഗ്ധരുടെ കീഴില്‍ പരിശീലനം നല്‍കണമെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. അടൂരിന്റേത് ദളിത്, സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന് വിലയിരുത്തലുണ്ടായപ്പോള്‍ അദ്ദേഹം നടത്തിയ ന്യായീകരണങ്ങള്‍ കൂടുതല്‍ വിവാദമാകുകയും ചെയ്തു. അടൂർ സ്ത്രീ വിരുദ്ധനും ദളിത് വിരുദ്ധനും മാത്രമല്ല, മനുഷ്യ വിരുദ്ധന്‍ കൂടിയാണെന്ന് പറയുകയാണ് ചലച്ചിത്ര പ്രവര്‍ത്തകനായ അജിത്ത് വേലായുധന്‍. കെ.എസ്.എഫ്.ഡി.സിയുടെ വനിതാ, പട്ടികജാതി പട്ടിക വര്‍ഗ്ഗ സിനിമാ നിര്‍മ്മാണ പദ്ധതിക്ക് 2022-23 കാലഘട്ടത്തില്‍ അർഹരായ നാല് സംവിധായകരില്‍ ഒരാളാണ് അജിത്ത് വേലായുധന്‍

അടൂര്‍ നടത്തിയ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനയോട് എന്താണ് പറയാനുള്ളത്?

അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതുപോലെ കെ.എസ്.എഫ്.ഡി.സിയുടെ പദ്ധതി പ്രകാരമുള്ള ഒന്നര കോടി രൂപയ്ക്ക് അര്‍ഹരാകുന്നവര്‍ക്ക് പരിശീലനം ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ അദ്ദേഹം അത് പറഞ്ഞ രീതിയാണ് പ്രശ്‌നം. ദളിതരും സ്ത്രീകളും എന്ന് എടുത്ത് പറഞ്ഞത് മാത്രമല്ല, അത് പറഞ്ഞപ്പോഴുള്ള ശരീരഭാഷയും പ്രശ്‌നമാണ്. അപ്പോഴാണ് അത് ജാതീയ പരാമര്‍ശമാകുന്നത്. പുഷ്പവതിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധിച്ചാലും എല്ലാത്തരത്തിലും വിരുദ്ധനായ വ്യക്തിയാണ് അടൂരെന്ന് വ്യക്തമാകും. അദ്ദേഹത്തിന് അത് മര്യാദയ്ക്ക് പറയാമായിരുന്നു. പക്ഷെ മാടമ്പിത്തരം നിറഞ്ഞ് തുളമ്പുന്ന ശരീരഭാഷയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്ന് മാത്രമാണ് പറഞ്ഞതെങ്കില്‍ അവിടെ ജാതീയത ഉയരുന്നില്ല. പിന്നീടും തന്റെ വാക്കുകളെ ന്യായീകരിക്കാന്‍ വീണ്ടും വീണ്ടും കൂടുതല്‍ ജാതി അധിക്ഷേപങ്ങള്‍ നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ആ പദ്ധതിയുടെ ഔദ്യോഗിക നാമം 'വനിതാ, പട്ടികജാതി പട്ടിക വര്‍ഗ്ഗ സിനിമാ നിര്‍മ്മാണ പദ്ധതി'യെന്നാണ്. എന്നാല്‍ അതിന്റെ ക്രമം തെറ്റിച്ച് ആദ്യം പട്ടികജാതി പട്ടിക വര്‍ഗ്ഗം എന്ന് മാത്രം പറഞ്ഞ അടൂർ രണ്ടാമത് സ്ത്രീയെന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ഉപബോധ മനസ്സില്‍ ആദ്യം വന്നത് കണ്ട പെലയനും പറയനും വഴിപ്പോക്കരും എന്ന് തന്നെയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ പൊതുസമൂഹവും നിയമവും ഇപ്പോള്‍ ഉപയോഗിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ്ഗം എന്ന വാക്ക് ഉപയോഗിച്ചുവെന്നേ ഉള്ളൂവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനൊപ്പം സ്ത്രീകള്‍ക്കും എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ധനസഹായത്തിനുള്ള സിനിമ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ തന്നെ അഞ്ച് ദിവസത്തെ പരിശീലനം ലഭിക്കുന്നുണ്ട്. സിനിമ എടുക്കുന്ന ഏതൊരാളെയും സംബന്ധിച്ച് ഈ പരിശീലനം വളരെ ഗുണകരമാണ്.

ഇന്ത്യയിലെയും വിദേശത്തെയും മികച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ അല്ലെങ്കില്‍ ഏറ്റവും മികച്ച സിനിമാ പ്രവര്‍ത്തകരെക്കൊണ്ടോ അവരവരുടെ സിനിമയ്ക്ക് ചേരും വിധത്തിലുള്ള പരിശീലനം നല്‍കുന്നത് വളരെ നല്ല കാര്യം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് പറയേണ്ടത് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ രീതിയിലല്ല.

അടൂർ ഗോപാലകൃഷ്‍ണൻ
അടൂർ ഗോപാലകൃഷ്‍ണൻ

കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ അദ്ദേഹം ഇങ്ങനെ പറയുമ്പോള്‍ ഞാന്‍ ഹാളിന് പുറത്ത് നില്‍ക്കുകയായിരുന്നു. മന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അകത്തേക്ക് ചെന്നത്. അദ്ദേഹം അടൂരിന് മറുപടി നല്‍കുന്നുണ്ടായിരുന്നെങ്കിലും എന്താണ് സംഭവമെന്ന് മനസ്സിലായില്ല. അവിടെയിരുന്ന് ഫോണില്‍ ഫേസ്ബുക്ക് എടുത്ത് പരിശോധിച്ചപ്പോഴാണ് അടൂര്‍ ഇങ്ങനെയൊക്കെ പറഞ്ഞത് അറിഞ്ഞത്. അകത്തുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പുഷ്പവതി ഒറ്റയ്ക്കാകില്ലായിരുന്നു. അകത്ത് ഉണ്ടാകാതിരുന്നതിലും അവിടെ പ്രതികരിക്കാന്‍ പറ്റാതിരുന്നതിലും എനിക്ക് സത്യസന്ധമായും വിഷമമുണ്ട്. പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

അതുപോലെ തന്നെ ചാലയില്‍ നിന്നുള്ള തൊഴിലാളികളെക്കുറിച്ച് നടത്തിയ പ്രസ്താവനയും എന്തൊരു മോശമാണ്. തൊഴിലാളികള്‍ മ്ലേച്ഛന്മാരാണെന്നാണോ അടൂര്‍ കരുതിയിരിക്കുന്നത്. തൊഴിലാളികള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടവരല്ല, അവര് വരുന്നത് സിനിമയിലെ ലൈംഗികത ആസ്വദിക്കാനാണ് എന്നാണ് അദ്ദേഹം ഇതിലൂടെ പറഞ്ഞ് വെക്കുന്നത്. എത്രമാത്രം മനുഷ്യവിരുദ്ധത ഉള്ളിലുള്ളതുകൊണ്ടാകും ഒരാള്‍ക്ക് ഇങ്ങനെ പറയാനാകുന്നത്? സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഒരുപോലെ ചലച്ചിത്ര മേളകള്‍ ആസ്വദിക്കുന്ന കാലമുണ്ടാകണമെന്നും ഗൗരവമേറിയ സിനിമകള്‍ എല്ലാവരിലേക്കും എത്തിച്ചേരണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതാണല്ലോ ജനാധിപത്യ മര്യാദയും.

2022ല്‍ ഈ ഫണ്ട് ലഭിക്കാന്‍ യോഗ്യത നേടിയിട്ടും എന്തുകൊണ്ടാണ് താങ്കളുടെ സിനിമ ഇനിയും ആരംഭിക്കാത്തത്? എന്താണ് ഈ ഫണ്ട് ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍?

നാല് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഈ ഫണ്ടിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ നല്‍കുന്നവരില്‍ നിന്നും ആദ്യം പതിനാല് പേരെയാണ് തെരഞ്ഞെടുക്കുന്നത്. കുറച്ച് ദിവസം പരിശീലനം നല്‍കിയ ശേഷം തിരക്കഥ തയ്യാറാക്കാനായി രണ്ട് മാസം അനുവദിക്കും. ഡയറക്ഷനെയും ക്യാമറയെയുമെല്ലാം കുറിച്ചുള്ള ക്ലാസാണ് ഈ പരിശീലനത്തില്‍ നല്‍കുന്നത്. തിരക്കഥ തയ്യാറായി കഴിഞ്ഞ് അത് ഒരു ജൂറി വിലയിരുത്തിയ ശേഷമാണ് അഭിമുഖത്തിന് വിളിക്കുന്നത്. തിരക്കഥ നമ്മള്‍ തന്നെ എഴുതിയതാണോയെന്ന് അറിയാന്‍ ആ അഭിമുഖത്തില്‍ അവര്‍ നമ്മെ സമഗ്രമായി പരിശോധിക്കുന്നുണ്ട്.

സിനിമയെ നമ്മള്‍ നോക്കിക്കാണുന്നതും ഷൂട്ടിംഗ് പ്ലാനും എയ്‌സ്തറ്റിക്‌സും എല്ലാം പരിശോധിച്ചിട്ടാണ് അവര്‍ അന്തിമ തീരുമാനമെടുക്കുന്നത്. ആറ് പേരെയോ മറ്റോ ആണ് അഭിമുഖത്തിന് വിളിച്ചത്. അതില്‍ നിന്നാണ് നാല് പേരെ തെരഞ്ഞെടുക്കുന്നത്. രണ്ട് വനിതകളെയും പട്ടികജാതി, വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് രണ്ട് പേരെയുമാണ് തെരെഞ്ഞെടുക്കുന്നത്.

വിജയിക്കുന്ന എല്ലാവര്‍ക്കും ഒന്നര കോടി രൂപ വീതമാണ് ലഭിക്കുന്നത്. ഇതില്‍ നാല്‍പ്പത് ലക്ഷം രൂപ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ചലച്ചത്ര വികസന കോര്‍പ്പറേഷന്‍ നീക്കിവയ്ക്കുന്നത്. ബാക്കിയുള്ള 1.10 കോടി രൂപ ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ബജറ്റ് അനുസരിച്ച് തരികയാണ് ചെയ്യുന്നത്. അതും അവര്‍ നിയമിക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുഖേനെയാണ് പണം ചെലവഴിക്കുന്നത്. അല്ലാതെ ഇവിടെ പറഞ്ഞു പരത്തുന്നത് പോലെ തുക മുഴുവനായും സംവിധായകനെ ഏല്‍പ്പിക്കുകയല്ല ചെയ്യുന്നത്. ഇതിന്റെ പ്രക്രിയകളെല്ലാം വളരെ സുതാര്യമാണ്.

2022-23 സാമ്പത്തിക വര്‍ഷത്തിലാണ് ഞങ്ങള്‍ വിജയികളായത്. ഓക്‌സിജന്‍ തിയറ്ററിലെ അംഗമായ ആതിരയും പാലക്കാട് സ്വദേശിയായ മിനിയുമാണ് വനിതാ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍. കുന്നംകുളം ചാലിശേരി സ്വദേശിയായ സുമേഷും ഞാനും പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടു. ഞങ്ങള്‍ നാല് പേരും സിനിമയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ്.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായും ഫണ്ട് അനുവദിക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സിനിമ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ സിനിമയെ സംബന്ധിച്ച് സീസണ്‍ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും മഴക്കാലം. സെപ്തംബറിനുള്ളില്‍ സിനിമ ആരംഭിച്ചാല്‍ മാത്രമേ എനിക്ക് ഇതിലേക്ക് പ്രകൃതിയെ കൂടി ഉപയോഗിക്കാനാകൂ.

ഞങ്ങള്‍ക്ക് കിട്ടിയ ശേഷം ഈ പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടില്ല. അതിന് കാരണം, ഇതുവരെയും ഞങ്ങളുടെ ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് അതിന് കാരണമെന്നാണ് അറിയുന്നത്. അല്ലാതെ കെ.എസ്.എഫ്.ഡി.സിയുടെ നിരുത്തരവാദിത്വമൊന്നുമല്ല. സാമ്പത്തിക മാന്ദ്യം മാത്രമാണ് പ്രൊജക്ട് വൈകാന്‍ കാരണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തന്നെ പ്രൊജക്ട് ആരംഭിക്കാനാകുമെന്ന് കെ.എസ്.എഫ്.ഡി.സി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഫണ്ട് ലഭിക്കാത്തത് ഇത്തവണ വിജയികളായവരെ സാരമായി ബാധിച്ചിട്ടുണ്ട്. സിനിമ ഉടന്‍ ആരംഭിക്കാമെന്ന് കരുതി ജോലി രാജിവച്ചവരാണ് മറ്റ് മൂന്ന് പേരും. എന്നെ സംബന്ധിച്ച് ജോലി രാജിവയ്‌ക്കേണ്ട ആവശ്യം വന്നില്ല. മറ്റ് സിനിമകളുടെ ജോലിയില്‍ തന്നെയായിരുന്നു ഞാന്‍. എങ്കിലും മെയ് മാസം മുതല്‍ ഞാനും പുതിയ ജോലികളൊന്നും ഏറ്റെടുക്കുന്നില്ല. സിനിമ എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാനാകും എന്ന പ്രതീക്ഷയിലാണ് അത്.

അജിത്ത് വേലായുധൻ
അജിത്ത് വേലായുധൻ

ഇത്തരം നടപടിക്രമങ്ങളെല്ലാം വിജയിച്ച് വന്നവര്‍ കഴിവില്ലാത്തവരാണ് എന്ന് പറയുന്നതിന് തുല്യമല്ലേ അടൂരിന്റെ പ്രസ്താവന? അത് സിനിമ ചെയ്യാനുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയല്ലേ ചെയ്യുക?

തീര്‍ച്ചയായും. പരിശീലനം ആവശ്യമാണെങ്കിലും അടൂരിനെപ്പോലെ ഒരാള്‍ ഇത്തരത്തിലല്ല ഈ പ്രസ്താവന ഇറക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്ന് മാത്രം പറഞ്ഞാല്‍ സ്ത്രീയായതുകൊണ്ടും ദളിതരായതുകൊണ്ടും ഇവര്‍ക്ക് കഴിവില്ല എന്ന രീതിയില്‍ ഇത് വായിക്കപ്പെടുകയില്ല.

ഓരോരുത്തര്‍ക്കും അവരുടെ സിനിമ ചെയ്യാനുള്ള ശേഷി എത്രമാത്രമുണ്ടെന്ന് ജൂറി മനസ്സിലാക്കിയിട്ടാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. എന്റെ പ്രൊഫൈല്‍ എന്താണെന്ന് അവര്‍ക്ക് ആദ്യം അറിയില്ലായിരുന്നെങ്കിലും അഭിമുഖത്തിലൂടെ ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെയാണെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു. അതുപോലെ തന്നെയാണ് മറ്റുള്ളവരുടെ കാര്യവും. എന്നാല്‍ അടൂരിനെപ്പോലൊരു മുതിര്‍ന്ന സംവിധായകന്‍ വിജയികളെ വിലകുറച്ച് കാണുന്നത് അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുക തന്നെ ചെയ്യും.

ഞാന്‍ കെ.എസ്.എഫ്.ഡി.സിക്ക് സമര്‍പ്പിച്ച തിരക്കഥ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടോയെന്ന് മാത്രമാണ് നോക്കിയത്. അതുണ്ടെന്ന് ജൂറിക്ക് ബോധ്യമായതിനാലാണ് ആ സിനിമ അവര്‍ തെരഞ്ഞെടുത്തതും

ഈ പദ്ധതിക്ക് അപേക്ഷിക്കാനുള്ള താങ്കളുടെ യോഗ്യതകള്‍ എന്തെല്ലാമായിരുന്നു?

പതിനഞ്ച് വര്‍ഷമായി സിനിമാ രംഗത്തുള്ളയാളാണ് ഞാന്‍. അമല്‍ നീരദ് ഉള്‍പ്പെടെയുള്ളവരുടെ ചീഫ് അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ആ അനുഭവ സമ്പത്ത് ഉപയോഗിച്ചാണ് തിരക്കഥ തയ്യാറാക്കി കെ.എസ്.എഫ്.ഡി.സിയുടെ ഫണ്ടിനായി അപേക്ഷിച്ചത്. അടൂര്‍ പറഞ്ഞ അനുഭവ സമ്പത്ത് ആവോളം വച്ചിട്ടാണ് ഞാന്‍ ഈ ഫണ്ട് ഉപയോഗിക്കാനൊരുങ്ങുന്നത്.

ടെലിവിഷന്‍ സീരിയലുകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഹൃസ്വ സിനിമ ചെയ്യുകയും ആ ചിത്രം ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ (ഐ.ഡി.എസ്.എഫ്.കെ) മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ഷോര്‍ട്ട് ഫിലിം നിരവധി ചലച്ചിത്ര മേളകളില്‍ പുരസ്‌കാരത്തിന് അര്‍ഹമായി. പിന്നീട് മനോരമയുടെ യുവ അവാര്‍ഡും ലഭിച്ചു. അതിന് ശേഷമാണ് ഫീച്ചര്‍ ഫിലിമിലേക്ക് എത്തിച്ചേര്‍ന്നത്. ആദ്യം അസിസ്റ്റന്റ് ഡയറക്ടറും പിന്നീട് അസോസിയേറ്റ് ഡയറക്ടറുമായി പലരുടെയും കൂടെ പ്രവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ കുഞ്ചാക്കോ ബോബന്‍ നായകനായ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റ് ആയാണ് പ്രവര്‍ത്തിച്ചത്.

അമല്‍ നീരദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍, രത്തീന, ശ്രീബാല കെ. മേനോന്‍, റോജിന്‍ തോമസ് തുടങ്ങി മലയാളത്തിലെ പ്രതിഭാധനരായ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്ത് നിരവധി വാണിജ്യ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2018ല്‍ ദേശീയ അവാര്‍ഡ് കിട്ടിയ സിന്‍ജാര്‍ എന്ന സിനിമ ഉള്‍പ്പെടെയുള്ളവയുടെ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച് സമാന്തര സിനിമ എന്ന് വിളിക്കപ്പെടുന്ന സിനിമകളുടെയും ഭാഗമായിട്ടുണ്ട്.

അമൽ നീരദ്
അമൽ നീരദ്

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ നാടക പ്രവര്‍ത്തകനായിരുന്നു. സ്വന്തമായി അമേച്വര്‍ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ രണ്ട് വെബ്‌സീരീസുകള്‍ സംവിധാനം ചെയ്തു. ചീഫ് അസോസിയേറ്റായി ജോലി ചെയ്യുമ്പോള്‍ യൂണിറ്റ് രണ്ടായി പിരിയേണ്ട സാഹചര്യം വരാറുണ്ട്. ആ സമയത്ത് സംവിധായകര്‍ ഷൂട്ടിംഗ് ചുമതല ചീഫ് അസോസിയേറ്റുകളെ ഏല്‍പ്പിക്കുക.

ഞാനും അത്തരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്. അത് എനിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ദൃശ്യമാധ്യമത്തിന്റെ എല്ലാ മേഖലകളിലും ഞാന്‍ നേടിയ അനുഭവ സമ്പത്താണ് സ്വതന്ത്ര സംവിധായകനാകാനുള്ള പ്രചോദനം. ഈ അനുഭവങ്ങളെയെല്ലാം എന്റെ സ്വന്തം സിനിമയില്‍ കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസമുണ്ട്.

ദളിത്, വനിതാ സിനിമാ സംവിധായകരെ ആക്ഷേപിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളെക്കുറിച്ച് ഒരു ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയിലുള്ള അഭിപ്രായം എന്താണ്?

സൂപ്പര്‍ സ്റ്റാറുകളെ വെച്ച് സിനിമയെടുക്കാനല്ല സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതെന്നാണ് അടൂര്‍ പറഞ്ഞ ഒരു കാര്യം. അതേക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ ചോദ്യത്തിന് മറുപടി നല്‍കാം. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ആരൊക്കെയായിരുന്നു നായകന്മാര്‍ എന്ന് പരിശോധിച്ചാല്‍ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകും. ചില സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അക്കാലത്തെ സൂപ്പര്‍ താരങ്ങള്‍ തന്നെയായിരുന്നു അടൂര്‍ സിനിമകളിലെ നായകന്മാര്‍ എല്ലാം.

ബലാത്സംഗ ക്വട്ടേഷന്‍ കേസില്‍ പ്രതിയായായ നടനെ ചലച്ചിത്ര രംഗത്തേക്ക് തിരികെയെത്താന്‍ സഹായിച്ചതും അടൂരാണ്. ആ നടന്‍ ആരോപണ വിധേയനാണ് പ്രതിയല്ല എന്നാണ് അതിനെക്കുറിച്ച് അദ്ദേഹം ന്യായീകരിച്ചത്. അദ്ദേഹത്തിന്റെ മൂല്യബോധം എത്രത്തോളമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അതിജീവിതയെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ആ ന്യായീകരണം നിരത്തുന്നത്. അതുകൊണ്ടുതന്നെയാണ് അടൂര്‍ ദലിത് വിരുദ്ധന്‍ മാത്രമല്ല, സ്ത്രീ വിരുദ്ധനുമാണെന്ന് പറയേണ്ടി വരുന്നത്.

ഫണ്ട് ലഭിക്കുന്നവര്‍ക്ക് വേണ്ടി മറ്റ് പലരുമാണ് സിനിമ ചെയ്തുകൊടുക്കുന്നതെന്ന് അടൂര്‍ എം.ജെ.രാധാകൃഷ്ണന്റെ പേരെടുത്ത് പറഞ്ഞിരുന്നു. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?

ഈ പ്രസ്താവനയില്‍ എം.ജെ.രാധാകൃഷ്ണന്‍ സാറിന്റെ പേരാണ് അടൂര്‍ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അദ്ദേഹം ലക്ഷ്യമിട്ടത് ആരെയാണെന്ന് പൊതുസമൂഹത്തിന് മനസ്സിലാകും. ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ സിനിമ ചെയ്യുകയും വിവിധ വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങുകയും ജൂറി അംഗമാകുകയും ചെയ്യുന്നതിലുള്ള അസ്വസ്ഥതയാണ് അടൂരിനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്. അടൂരിന്റെ പേരിനൊപ്പമോ അതിനപ്പുറമോ ഇന്ത്യന്‍ സിനിമയെന്നാല്‍ ആ പേരും ഇപ്പോള്‍ ഉയരുന്നുണ്ട്. അടൂരിനുള്ളിലെ സവര്‍ണ്ണ ബോധമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

എം.ജെ.രാധാകൃഷ്ണൻ
എം.ജെ.രാധാകൃഷ്ണൻ

ആദ്യമായി സിനിമ ചെയ്യുന്ന ഏതൊരാളും ഏറ്റവും നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുന്ന സിനിമാട്ടോഗ്രാഫറെയാകും സമീപിക്കുക. എം.ജെ.രാധാകൃഷ്ണന്‍ സര്‍ ബജറ്റിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയായതിനാലായിരിക്കണം പലരും അദ്ദേഹത്തെ സമീപിക്കാറുള്ളത്. അത് അദ്ദേഹത്തെക്കൊണ്ട് സിനിമയെടുപ്പിക്കാനോ ഡയറക്ടര്‍ക്ക് പണി അറിയില്ലാത്തതുകൊണ്ടോ അല്ല. കൂടാതെ സമാന്തര സിനിമയുടെ മൂഡിലുള്ള കഥ മനസ്സിലാക്കാനുള്ള രാധാകൃഷ്ണന്‍ സാറിന്റെ ശേഷിയും ഇവിടെ പ്രധാനമാണ്. എത്ര പുതുമുഖത്തിനൊപ്പമാണെങ്കിലും സെറ്റില്‍ ഒത്തുപോകാനുള്ള അദ്ദേഹത്തിന്റെ മനസ്സും ഡയറക്ടര്‍മാര്‍ക്ക് അനുഗ്രഹമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in