കവര്‍ ചിത്രത്തിന് കടപ്പാട്: ദ വയര്‍വര: നിന / നിപിന്‍ നാരായണന്‍ 
കവര്‍ ചിത്രത്തിന് കടപ്പാട്: ദ വയര്‍വര: നിന / നിപിന്‍ നാരായണന്‍ 

‘മുസ്ലീം ആയതിനാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടേനെ, പെണ്ണായതിനാല്‍ പീഡിപ്പിക്കപ്പെട്ടേനെ’ 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപമേഖലയായ മൗജ്പൂരില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ ഫസ്റ്റ് പോസ്റ്റിലെ മാധ്യമപ്രവര്‍ത്തക ഇസ്മത് അറ എഴുതിയ അനുഭവക്കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ. 

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഒരിടമായിരുന്നു മൗജ്പൂര്‍. കലാപം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അവിടെ എത്തിയ ഞാന്‍ കണ്ടത് പല സംഘങ്ങളായി തിരിഞ്ഞ്, റോഡില്‍ പലയിടത്തായി കൂട്ടം കൂടി നില്‍ക്കുന്ന ആളുകളെയാണ്. മാധ്യമപ്രവര്‍ത്തകയാണെന്ന് അറിഞ്ഞാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അക്രമം നടന്ന സ്ഥലങ്ങളിലൂടെ ഞാന്‍ മുന്നോട്ട് നടന്നു.

വഴിയില്‍ ഒരാളെ കണ്ട് ഞാന്‍ നിന്നു. 'ഭയ്യാ, ഇവിടെ എന്താണ് നടക്കുന്നത്?' ഞാന്‍ ചോദിച്ചു. 'കലാപമാണ് നടക്കുന്നത്, കലാപം. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ തന്നെ പോയി നോക്കൂ'- ഒരു തരം വഷളച്ചിരിയോടെ അയാള്‍ പറഞ്ഞു. ഈ സമയത്ത് റോഡിന്റെ ഒരു വശത്ത് മനുഷ്യരെ എറിയാന്‍ കല്ലുകള്‍ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.

മൗജ്പൂരില്‍ എന്നെ ഡ്രോപ് ചെയ്യാന്‍ വന്ന സുഹൃത്ത് താരിഖാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. ആരെങ്കിലും ചോദിച്ചാല്‍ പറയേണ്ട ഹിന്ദു പേരും എന്തിനാണ് ഇവിടെയെത്തിയതെന്ന് ചോദിച്ചാല്‍ പറയേണ്ട ഉത്തരവും ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. മൗജ്പൂറില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്ന് പറയാനായിരുന്നു എന്റെ തീരുമാനം.

ഏതാണ്ട് 200 മീറ്ററോളം മുന്നോട്ട് പോയപ്പോഴാണ് ഒരു സംഘം ആളുകള്‍ വഴിയുടെ ഒരു മൂലയിലായി കൂടി നില്‍ക്കുന്നത് കണ്ടത്. അവരൊരു പണ്ഡിറ്റിന്റെ പ്രസംഗം കേള്‍ക്കുകയാണ്. അവരുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്ന് ആ പ്രസംഗം ഞാന്‍ ശ്രദ്ധിച്ചു. 'മുസല്‍മാന്മാമാരെ എവിടെ കണ്ടാലും അടിച്ചോളൂ,മുകളില്‍ നിന്ന് ഉത്തരവ് വന്നിട്ടുണ്ട്,' ഇത് കൂടി പറഞ്ഞ ശേഷം അയാള്‍ തിടുക്കത്തില്‍ അവിടെ നിന്നും നടന്നകന്നു. ഞാന്‍ ഞെട്ടിപ്പോയി!അയാളാരാണെന്ന് അവിടെ കൂടി നിന്നവരില്‍ ഒരാളോട് ചോദിച്ചു. അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയാണൊയിരുന്നു മറുപടി. ഒപ്പം ഞാനാരാണെന്ന ചോദ്യവും അയാള്‍ ചോദിച്ചു. ഇവിടെ അടുത്തൊരു ലെയിനിലാണ് താമസമെന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങിനെയെങ്കില്‍ എന്നെ എന്റെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാമെന്നായി അയാള്‍.

വേണ്ട ഒറ്റയ്ക്ക് പോയ്ക്കൊള്ളാമെന്ന് പറഞ്ഞ്, ഉടന്‍ തന്നെ മുന്നില്‍ കണ്ട ഒരു ഇടവഴിയിലേക്ക് കയറി ഞാന്‍ നടന്നു. അപ്പോഴാണ് താരിഖ് എന്റെ മൊബൈലിലേക്ക് വിളിച്ചത്. ആ കോലാഹലങ്ങള്‍ക്കിടയില്‍ എവിടെയോ അയാള്‍ മറഞ്ഞിരുന്നു. 'നീ സംസാരിച്ച ആളുകള്‍ എന്നോട് നിന്നെപ്പറ്റി ചോദിച്ചു. ഞാന്‍ കള്ളത്തരമാണ് പറഞ്ഞത്, പക്ഷെ ഇപ്പോള്‍ അവര്‍ നിന്നെ പിന്തുടരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.' താരിഖ് തിടുക്കത്തില്‍ പറഞ്ഞു. ഞാന്‍ വളരെ സൂക്ഷിച്ച് പിന്തിരിഞ്ഞ് നോക്കി. ശരിയായിരുന്നു, നാല് പേര്‍, എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

ആ ഇടവഴികളിലൂടെ വളരെ വേഗത്തില്‍ ഒരു കിലോമീറ്ററോളം ഞാന്‍ നടന്നു. എന്നെ പിന്തുടരുന്നവരുടെ വഴി തെറ്റിക്കാനായിരുന്നു എന്റെ ശ്രമം. എന്നാല്‍ അത് ഫലം കണ്ടില്ല. അപ്പോഴാണ് ഒരു വീടിന് മുന്നില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടത്. അവരോട് ഞാന്‍ സംസാരിക്കുന്നത് എന്നെ പിന്തുടര്‍ന്ന ആ നാല് പേരും കണ്ടു. ഞാന്‍ അവിടെയല്ല താമസിക്കുന്നതെന്ന് അവര്‍ക്ക് മനസിലായി. ഉടന്‍ തന്നെ അവര്‍ എന്റെ അടുത്തേക്ക് വന്നു.

'നീ മാധ്യമപ്രവര്‍ത്തകയാണോ. എന്തിനാണ് നീ കള്ളം പറഞ്ഞത്, എന്തിനാണ് നീ പണ്ഡിറ്റ്ജീയെ കുറിച്ച് ചോദിച്ചത്?' ഒന്നിന് പുറകെ ഒന്നായി അവരെന്നോട് ചോദിച്ചു. ഞാനും അവരും തമ്മില്‍ ഒരു വാക്കുതര്‍ക്കം തന്നെ അവിടെ വച്ച് നടന്നു. കൂടുതല്‍ ഉറക്കെ അവര്‍ എന്നോട് ഞാനെന്തുകൊണ്ടാണ് പണ്ഡിറ്റ് ജീയെ കുറിച്ച് ചോദിച്ചതെന്ന് പറയാന്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ ഞാനവരോട് ക്ഷമാപണം നടത്തി. ഒരു പെണ്‍സുഹൃത്തിനെ കാണാന്‍ വന്നതാണെന്നും

അവള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും പറഞ്ഞു. അവിടെയുണ്ടായിരുന്ന സ്ത്രീകളും എന്നെ വിടാന്‍ അവരോട് ആവശ്യപ്പെട്ടു. ഒരു വിധം അവിടെ നിന്നും മുന്നോട്ട് നടക്കാന്‍ ശ്രമിച്ചങ്കെിലും അവരെന്നെ വീണ്ടും തടഞ്ഞു. ഞാനാരാണെന്നും എന്തിനാണ് ആ പണ്ഡിറ്റിനെ കുറിച്ച് ചോദിച്ചതെന്നും അവര്‍ വീണ്ടും എന്നോട് ചോദിച്ചു.

എന്നാല്‍ അതിന് മറുപടി നല്‍കാന്‍ നില്‍ക്കാതെ ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ട് ഞാന്‍ മുന്നോട്ട് പോയി. നൂറ് മീറ്റര്‍ കൂടി പിന്നിട്ടപ്പോള്‍ അതേ സംഘത്തില്‍ പെട്ട ഒരാള്‍ എന്റെയടുത്ത് എത്തി. 'നിനക്ക് പിജിയിലേക്കാണോ പോകേണ്ടത്? ഏത് പിജി? പേര് പറയ്. നിന്റെ ഫ്രണ്ടിന്റെ പേര് പറ', അയാള്‍ ആവശ്യപ്പെട്ടു.

'അവളിപ്പോള്‍ ഞാന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ല. ഞാന്‍ പിന്നെ വന്നോളാം. ദയവായി എനിക്ക് മെട്രോ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞുതരാമോ?', ഞാനയാളോട് ചോദിച്ചു. മനസില്ലാമനസ്സോടെയും അങ്ങേയറ്റം സംശയത്തോടെയും അയാള്‍ എനിക്ക് വഴി പറഞ്ഞുതന്നു. സാധിക്കുന്ന അത്രയും വേഗത്തില്‍ അവിടെ നിന്നും മുന്നോട്ട് നടന്ന് മെട്രോ സ്റ്റേഷനില്‍ പോകാന്‍ ഞാന്‍ ശ്രമിച്ചു. മൗജ്പൂറിലെ ഇടവഴികളിലൂടെ അര മണിക്കൂറോളം നടന്നാണ് ഞാന്‍ മെയിന്‍ റോഡില്‍ എത്തിയത്. ആ ഇടവഴികളിലെ യാത്രയ്ക്കിടയില്‍ പലയിടത്തും ആളുകള്‍ കൈയ്യില്‍ ലാത്തിയുമായി കൂട്ടംകൂടി നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. അവരെന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ആ സമയത്ത്് ഞാന്‍ താരിഖിനെ വിളിച്ചിരുന്നു.

‘എന്തിനാണ് നിങ്ങള്‍ പേടിക്കുന്നത്? മുസ്ലിങ്ങളാണ് പേടിക്കേണ്ടത്. റോഡിലുള്ളവരെല്ലാം നമ്മുടെ ആളുകളാണ്,’ റോഡില്‍ തടിച്ചുകൂടി നില്‍ക്കുന്ന ഹിന്ദുക്കളായ ആള്‍ക്കാരെ സൂചിപ്പിച്ച് അയാള്‍ പറഞ്ഞു.

'ഏറ്റവും മോശം കാഴ്ചയാണ് ഞാന്‍ കാണുന്നത്. പെട്രോള്‍ പമ്പുകള്‍ കത്തിക്കുന്നു, ടയറുകള്‍ കത്തിച്ച് ആളുകള്‍ക്ക് നേരെ എറിയുന്നു.ആളുകളുടെ കൈയ്യില്‍ വടികളും ഉരുമ്പ് ദണ്ഡുകളുമുണ്ട്. ഇതൊന്നും നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരന്‍ പോലും ഇവിടെയെങ്ങുമില്ല. ഇതവരുടെ സ്ഥലമാണ്, നീയൊരു മുസ്ലിമാണെന്ന് മനസിലായാല്‍ പിന്നെ നിന്നെ കുറിച്ച് പുറംലോകം ഒന്നും അറിയില്ല.' എന്റെ ഐഡന്റിറ്റി കാര്‍ഡുകള്‍ ബാഗില്‍ എടുത്ത് വയ്ക്കാനും താരിഖ് പറഞ്ഞു.

മെയിന്‍ റോഡിലെത്തിയപ്പോള്‍ ഇടവഴികളുടെ അത്ര പോലും സുരക്ഷിതമല്ല അവിടമെന്ന് എനിക്ക് തോന്നി. പല സംഘങ്ങളായി തിരിഞ്ഞിരിക്കുന്ന അവരുടെ എല്ലാം തലയില്‍ തുണി കൊണ്ട് കെട്ടിയിരുന്നു, കൈയില്‍ നീളമുള്ള ലാത്തികളും ഉണ്ടായിരുന്നു. എന്നെ അവിടെ കണ്ട് രണ്ട് പേര്‍ എന്റെയടുത്തേക്ക് വന്നു. എവിടെയാണ് നിങ്ങളുടെ കാമറയെന്നും, എവിടെയെങ്കിലും ഒളിപ്പിച്ചുവച്ചിരിക്കുകയാണോയെന്നുംഅവരെന്നോട് ചോദിച്ചു. മൂന്നാമതൊരാള്‍ അടുത്തേക്ക് വന്ന്, സീ ന്യൂസിലാണോ? ജെഎന്‍യുവില്‍ നിന്നാണോ? എന്നും ചോദിച്ചു. ചിരിക്കാന്‍ ശ്രമിച്ച ഞാന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും അല്ലെന്ന് മറുപടി നല്‍കി.

 കടപ്പാട് : ദ വയര്‍ 
കടപ്പാട് : ദ വയര്‍ ബ്രിജ്പുരിയില്‍ നിന്നുള്ള ചിത്രം

ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് അവര്‍ക്ക് മനസിലായിരുന്നുവെന്ന് തോന്നി. ഉടന്‍ അവിടെ നിന്ന് മാറണം എന്ന് മനസിലാക്കി ഞാന്‍ മുന്നോട്ട് നടന്നു. അതിനിടയില്‍ പലവട്ടം പലരായി എന്നോട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ഓരോരുത്തര്‍ക്കും ഓരോ മറുപടി നല്‍കി മുന്നോട്ട് പോവുകയായിരുന്നു ഞാന്‍. ആദ്യം കണ്ട ആളുകളുടെ മുന്നില്‍ വീണ്ടും ചെന്നു ചാടരുതെന്ന് എനിക്കുണ്ടായിരുന്നു. വീണ്ടും അവരെ കാണുകയാണെങ്കില്‍ ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്നും മുസ്ലിമാണെന്നും അവര്‍ തിരിച്ചറിയുമെന്ന സംശയവും എനിക്കുണ്ടായിരുന്നു.

പുറത്തുകടക്കാന്‍ ഒരു വഴി നോക്കി നില്‍ക്കുമ്പോഴാണ് ഒരു സംഘം ആളുകള്‍ എന്റെയടുത്തേക്ക് വന്നത്. 'എങ്ങോട്ടാണ് പോകേണ്ടത്?' അവര്‍ ചോദിച്ചു. ''ഗുഡ്ഗാവ്'' എന്ന് ഞാന്‍ പറഞ്ഞു 'ഇടവഴിയിലൂടെ പോയാല്‍ റോഡിന്റെ മറുഭാഗത്ത് മെട്രോ കാണാം. അവിടെ നിന്ന് നിങ്ങള്‍ക്ക് ഓട്ടോറിക്ഷ കിട്ടും. അതില്‍ കയറി പോകൂ,' അയാള്‍ പറഞ്ഞു.

ഞാന്‍ നടക്കാന്‍ തുടങ്ങിയതും മറ്റൊരാള്‍ എന്നെ തടഞ്ഞു. 'ആ വഴി പോകരുത്. അത് സുരക്ഷിതമല്ല. മെയിന്‍ റോഡില്‍ കൂടി പോകൂ.' അയാള്‍ എന്നോട് പറഞ്ഞു. 'മെയിന്‍ റോഡില്‍ കൂടി പോകാന്‍ പേടിയാകുന്നു. അവിടെ ഭയങ്കര സംഘര്‍ഷമാണ്.' ഞാനയാളോട് പറഞ്ഞു.

'ശരിക്കുള്ള സംഘര്‍ഷം ഈ ഗലികള്‍ക്കകത്തെ മുസ്ലിങ്ങള്‍ താമസിക്കുന്ന ഏരിയയിലാണ്. അവിടെ എന്തും സംഭവിക്കാം.' ഞാനൊരു ഹിന്ദു പെണ്‍കുട്ടിയാണെന്ന് കരുതിയാവണം അയാള്‍ അത് പറഞ്ഞത്. 'എന്തിനാണ് നിങ്ങള്‍ പേടിക്കുന്നത്? മുസ്ലിങ്ങളാണ് പേടിക്കേണ്ടത്. റോഡിലുള്ളവരെല്ലാം നമ്മുടെ ആളുകളാണ്,' റോഡില്‍ തടിച്ചുകൂടി നില്‍ക്കുന്ന ഹിന്ദുക്കളായ ആള്‍ക്കാരെ സൂചിപ്പിച്ച് അയാള്‍ പറഞ്ഞു.

ആ ഇടവഴികളില്‍ കൂടി പോയാല്‍, അവിടെയുള്ള മുസ്ലിങ്ങളോട് സംസാരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നി. മെയിന്‍ റോഡില്‍ കൂടി പോകേണ്ടെന്നും മുസ്ലിം കോളനിക്ക് അകത്ത് കൂടി പോയ്ക്കോളാമെന്നും അയാളോട് പറഞ്ഞ് ഞാന്‍ മുന്നോട്ട് നടന്നു. അഞ്ച് മിനുട്ട് നടന്നു കാണണം, തലയില്‍ തൊപ്പി വച്ച നിരവധി പേര്‍ വീടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു.

ഫിറോസ് എന്ന് പേരായ യുവാവ്, നിസ്‌കരിച്ച് കഴിഞ്ഞ ശേഷം എന്നോട് സംസാരിച്ചു. 'ഞങ്ങള്‍ക്ക് മുന്നില്‍ എല്ലാം അവസാനിച്ചിരിക്കുകയാണ്. മെയിന്‍ റോഡ് അവര്‍ ബ്ലോക്ക് ചെയ്തു. ഇനി ഞങ്ങള്‍ക്ക് എങ്ങോട്ടും പോകാന്‍ കഴിയില്ല. ഇപ്പോള്‍ സുരക്ഷിതമെന്ന് തോന്നുന്ന ഒരേയൊരിടം സ്വന്തം വീടുകള്‍ മാത്രമാണ്. റോഡുകള്‍ ഒട്ടും സുരക്ഷിതമല്ല. ജനിച്ച അന്ന് മുതല്‍ ഇവിടെയാണ് ഞങ്ങള്‍ താമസിക്കുന്നത്. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ്.

കുടുംബത്തിലെ സ്ത്രീകളെ കുറിച്ചാണ് ഞങ്ങള്‍ക്ക് ആശങ്ക.' എന്നോട് എത്രയും വേഗം അവിടെ നിന്ന് പുറത്തുകടക്കാനും അയാള്‍ നിര്‍ദ്ദേശിച്ചു. 'പൊലീസുകാര്‍ ഒന്നും ചെയ്യുന്നില്ല. അവരെ ഇവിടെയൊന്നും കാണാന്‍ പോലുമില്ല. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ആരും മുസ്ലിങ്ങളുടെ കടകള്‍ കത്തിക്കില്ലായിരുന്നു.' അയാള്‍ പറഞ്ഞു. ഞാനവിടെ നിന്നിറങ്ങി വീണ്ടും നടന്നു. എവിടെ വച്ചാണോ ഞാന്‍ യാത്ര തുടങ്ങിയത്, അവിടെ തന്നെയാണ് ഞാന്‍ തിരിച്ചെത്തിയത്. ഭാഗ്യവശാല്‍ എന്നെ ആദ്യം പിന്തുടര്‍ന്ന ആ നാല്‍വര്‍ സംഘം ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല.

ഈ സമയത്ത് റോഡിന്റെ എതിര്‍ദിശയില്‍ വലിയൊരു ആള്‍ക്കൂട്ടത്തെ കണ്ട് ഞാന്‍ അങ്ങോട്ട് പോയി. 30 ഓളം സ്ത്രീകള്‍, തലയില്‍ കാവി നിറത്തിലുള്ള തുണി കെട്ടി, കൈയ്യില്‍ നീളമുള്ള വടികളുമായി അവിടെയുള്ള നസീര്‍ ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയാണ്. 'നിങ്ങളുടെ കൂട്ടത്തില്‍ മുസ്ലിങ്ങള്‍ ആരെങ്കിലും ഉണ്ടോ?' ആ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് താഴേക്ക് നോക്കുന്ന ആളുകളോട് അവര്‍ ചോദിച്ചു.

'വീട്ടില്‍ നിന്ന് മുസ്ലിങ്ങളെ പുറത്തിറക്ക്. ഏതെങ്കിലും ഹിന്ദു ഒരു മുസ്ലിമിന് സംരക്ഷണം കൊടുക്കുന്നുവെന്ന് അറിഞ്ഞാല്‍ അവരെയും ഞങ്ങള്‍ വെറുതെ വിടില്ല. അവരുടെ വീട് ഞങ്ങള്‍ കത്തിക്കും. ഹിന്ദുവിന്റെ വീടാണല്ലോയെന്ന് രണ്ടാമതൊന്ന് ചിന്തിക്കില്ല,' അവര്‍ പറഞ്ഞു. പിന്നെ ആ വീടിന് നേരെ അവര്‍ കല്ലെറിഞ്ഞു.

ആ മൂന്ന് മണിക്കൂറിനിടെ മൗജ്പൂറിലെവിടെയും ഒരു പൊലീസുകാരനെ പോലും ഞാന്‍ കണ്ടില്ല. എന്നാല്‍ അതുവഴി പോയ ഒരു പൊലീസ് കാര്‍ രണ്ട് തവണ ആ ആള്‍ക്കൂട്ടത്തിന് സമീപത്ത് നിര്‍ത്തുകയും അവരെ നോക്കി കൈവീശി കാണിക്കുകയും ചെയ്തു. എന്തിനാണെന്ന് എനിക്ക് മനസിലായില്ല.

എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചത് പോലെ എനിക്ക് തോന്നി. അവിടെ ഒരു കടയുടെ മുന്നില്‍ ഞാനിരുന്നു. നാല് പുരുഷന്മാര്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഒരാള്‍ എന്റെയടുത്ത് വന്ന് എന്നോട് പേര് ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞില്ല. 'എന്തിനാണ് ഇവിടെ ഇരിക്കുന്നത്?

എഴുന്നേറ്റ് പോ, പോ..' അക്ഷമനായി അയാള്‍ ആക്രോശിച്ചു.

ഇത് കൂടി ആയപ്പോള്‍ അവിടെ നിന്ന് പോയേ പറ്റൂ എന്ന് എനിക്കും തോന്നി. ആരെങ്കിലും എന്നോട് ഐഡി കാര്‍ഡ് ചോദിച്ചിരുന്നെങ്കില്‍ എന്റെ കഥ അവിടെ തീര്‍ന്നേനെ. ഭാഗ്യവശാല്‍, ഈ സമയത്ത് റിപ്പബ്ലിക് ടിവിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അതുവഴി പോകുന്നത് ഞാന്‍ കണ്ടു. അടുത്ത മെട്രോ സ്റ്റേഷന്‍ വരെ ഞാനയാളോട് ലിഫ്റ്റ് ചോദിച്ചു. അങ്ങിനെ അവിടെ നിന്നും തലനാരിഴയ്ക്ക് ഞാന്‍ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി, ഖജുറി ഖാസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു. അവിടെ ഒരാള്‍ക്കൂട്ടം ഉറക്കെ വിളിച്ചുപറയുന്നത് എന്താണെന്ന് അവന്‍ കേള്‍പ്പിച്ചു. തുടര്‍ച്ചയായി 'ജയ് ശ്രീ റാം' വിളിക്കുകയായിരുന്നു അവര്‍. അവിടെ താമസിക്കുന്നവരോട് തങ്ങളുടെ പേര് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവരൊരു ഓട്ടോറിക്ഷ തല്ലിപ്പൊളിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. ഓട്ടോറിക്ഷാ ഡ്രൈവറോട് ആ സംഘം തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചുവെന്നും അയാളൊരു മുസ്ലിമാണെന്ന് മനസിലായപ്പോഴാണ് അവര്‍ ആ വാഹനം തല്ലിപ്പൊളിച്ചതെന്നുമാണ് എന്റെ സുഹൃത്ത് പറഞ്ഞത്.

മൗജ്പൂറിലെ റോഡുകളില്‍ തടസം സൃഷ്ടിച്ച ആ ആള്‍ക്കൂട്ടത്തിന്റെ പക്കല്‍ കല്ലും ബാറ്റുകളും ലാത്തികളും വടികളും ഇരുമ്പ് ദണ്ഡുകളും മഴുവുമെല്ലാം ഉണ്ടായിരുന്നു. മൗജ്പൂറിലെ റോഡുകളില്‍ ഒരു പൊലീസുകാരനോ സിആര്‍പിഎഫുകാരനോ അവരെ നേരിടാന്‍ വേണ്ടി ഉണ്ടായിരുന്നില്ല. തിരിച്ചറിഞ്ഞിരുന്നെങ്കില്‍, ഒരു മാധ്യമപ്രവര്‍ത്തകയായതിനാല്‍ ആക്രമിക്കപ്പെടുമെന്നും ഒരു പെണ്‍കുട്ടിയായതിനാല്‍ പീഡിപ്പിക്കപ്പെടുമെന്നും മുസ്ലിമായതിനാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാവുമെന്നും ഞാന്‍ ഇപ്പോഴും ഭയപ്പെടുന്നു.

ഇസ്മത് അറ എഴുതിയ അനുഭവക്കുറിപ്പ് ഒറിജിനല്‍ ഇവിടെ വായിക്കാം

കടപ്പാട്: ഫസ്റ്റ് പോസ്റ്റ്

സ്വതന്ത്ര പരിഭാഷ: ഷിനു മാഗി സുരേഷ്

കവര്‍ ചിത്രത്തിന് കടപ്പാട്: ദ വയര്‍ വര: നിന / നിപിന്‍ നാരായണന്‍

Related Stories

No stories found.
logo
The Cue
www.thecue.in