ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ ഭരിക്കുന്ന കേരളത്തിൽ നിന്ന് ഓടിപ്പോകേണ്ടിവരുന്ന ദളിത് വിദ്യാർഥികൾ

ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ ഭരിക്കുന്ന കേരളത്തിൽ നിന്ന് ഓടിപ്പോകേണ്ടിവരുന്ന ദളിത് വിദ്യാർഥികൾ

തെറ്റ് ചെയ്യുന്നവരല്ല തെറ്റിന് കൂട്ടുനിൽക്കുന്നവരാണ് തെറ്റുകാരെക്കാൾ വലിയ തെറ്റുകാർ. തെറ്റുചെയ്യുന്നവർ ഏത് സംവിധാനത്തിന്റെയും ഭാഗമാണ്. പക്ഷേ അതിനെ സംരക്ഷിക്കുന്നവർ സംവിധാനം തന്നെയായി മാറുകയാണ്. ഡെലിഗേറ്റുകൾ നായ്ക്കൾക്ക് തുല്യമെന്ന് പറയുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും, കടുത്ത ജാതിവിവേചനം കാണിച്ച കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ഉന്നതകുലജാതനാണെന്നും അതുകൊണ്ട് അങ്ങനെ ചെയ്യില്ല എന്നും പറയുന്ന ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമാണ് നമുക്കുള്ളത്. ഇത് കേവലം രണ്ട് ചെയർമാൻമാരുടെ മാത്രം പ്രശ്നമല്ല, ആ വ്യക്തികളെ അവിടെ അവരോധിക്കുകയും ഇപ്പോഴും സംരക്ഷിക്കുകയും ചെയ്‌തുപോരുന്ന സംവിധാനത്തിന്റെ കൂടി പ്രശ്നമാണ്.

കടുത്ത ജാതിവിവേചനം നടത്തിയ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിച്ചുകൊണ്ട് അതിന്റെ കൂട്ടുപ്രതിയായി മാറുന്ന അടൂർ ഗോപാലകൃഷ്ണനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്നതിന് പകരം എഴുന്നള്ളിച്ച് കൊണ്ടുനടക്കുകയാണ് ചലച്ചിത്ര അക്കാദമിയും ഗവണ്മെന്റും. തളിപ്പറമ്പിൽ അക്കാദമി നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടകൻ അടൂർ ഗോപാലകൃഷ്ണൻ ആണ്. അടൂർ മഹത്തായ സംവിധായകൻ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ, അതൊന്നും ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്നുകൊണ്ട് തെറ്റുകൾ കാണിക്കുവാൻ അദ്ദേഹത്തിന് അധികാരം നൽകുന്നില്ല.

ശങ്കർ മോഹൻ എന്ന വ്യക്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തിരുന്നുകൊണ്ട് എസ്.സി/എസ്.ടി. വിഭാഗത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് സീറ്റ് നിഷേധിച്ച വിവരം തെളിവുസഹിതം പുറത്തുവന്നിരിക്കുകയാണ്. ചെയർമാനായ അടൂരിന്റെ അറിവോടെയല്ലാതെ ഇങ്ങനെ ഒരു സീറ്റ് നിഷേധം സംഭവിക്കാനിടയില്ല.

ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളോട് ജാതീയമായി പെരുമാറിയതിന്റെയും തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇനി തന്റെ അറിവോടെയല്ല ഇത്തരം തെറ്റുകൾ സംഭവിച്ചതെങ്കിൽ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും തെറ്റ് ചെയ്തു എന്ന് ബോധ്യപ്പെടുന്ന പക്ഷം ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയുമാണ് അടൂരും ഗവണ്മെന്റും ചെയ്യേണ്ടത്. അതിനുപകരം ജാതീയമായ മറ്റൊരു പ്രസ്താവനയിലൂടെ ഡയറക്ടറെ സംരക്ഷിക്കാനാണ് അടൂർ ശ്രമിച്ചത്. മാത്രവുമല്ല പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പലവിധത്തിലുള്ള പ്രതികാര നടപടികളും സ്വീകരിക്കുന്നു.

ജിയോ ബേബി ഫ്രീഡം ഫൈറ്റ് എന്ന സിനിമ പ്രതിഷേധത്തിന്റെ ഭാഗമായി ഹാപ്പിനസ് ഫെസ്റ്റിവലിൽ നിന്ന് പിൻലിച്ചുകഴിഞ്ഞു. അനീതിക്കെതിരെ പ്രതികരിക്കേണ്ടതിന് പകരം ഗവണ്മെന്റും അതിന്റെ ബുദ്ധിജീവി വൃന്ദങ്ങളും, എന്തിന് സിനിമാ സംഘടനകൾ പോലും നിശബ്ദത പാലിക്കുകയാണ്. നമുക്ക് ഹാപ്പിനസ് ഫെസ്റ്റിവലുകളല്ല വേണ്ടത്, ഹാപ്പിനസ് തന്നെയാണ്. ശരത് എന്ന ദളിത് വിദ്യാർത്ഥിക്ക് സിനിമ പഠിക്കാൻ കേരളം വിട്ട് ഓടിപ്പോകേണ്ടിവന്നു. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന പാർട്ടികൾ ഭരിക്കുന്ന കേരളത്തിൽ അങ്ങനെ സംഭവിച്ചുകൂടാത്തതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in