മുഖ്യധാരാ മാധ്യമങ്ങളുടെ 'സൈബർ കടന്നൽ' വിരോധത്തിന്റെ രാഷ്ട്രീയം

മുഖ്യധാരാ മാധ്യമങ്ങളുടെ 'സൈബർ കടന്നൽ' വിരോധത്തിന്റെ രാഷ്ട്രീയം

Published on
Summary

അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതെ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ജയിച്ചു. കോൺഗ്രസ്സിന്റെ ഈ തെരഞ്ഞെടുപ്പ് വിജയത്തെ ഇടതുപക്ഷത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്ന 'സൈബർ കടന്നലുകൾ' എന്ന് പൊതുവെ വിളിക്കുന്ന ഇടത് ഗ്രൂപ്പിനെ ആക്രമിക്കാനും അവരോടുള്ള വിരോധം തീർക്കാനും മുഖ്യധാരാ മാധ്യമങ്ങളിൽ ചിലർ തന്നെ തലക്കെട്ടുകൾ എഴുതിയ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലേഖനം എഴുതുന്നത്.

രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നത് ഒരുകാലത്തും ഇടതുപക്ഷ രീതിയല്ല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലായാലും ഇടതുപക്ഷ ലേബലിൽ അങ്ങനെ ചെയ്യുന്നവർക്ക് യാതൊരു പിന്തുണയുമില്ല എന്ന് ഇടതുപക്ഷ നേതാക്കൾ തന്നെ പല ആവർത്തി പറഞ്ഞതാണ്. അതുകൊണ്ട് അക്കാര്യത്തിൽ എന്തെങ്കിലും മറ്റു വിശദീകരണം വേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. മറ്റു ചില മൗലികമായ പ്രശ്നങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്ത് മാധ്യമങ്ങൾ ഏകപക്ഷീയമായി നടത്തിക്കൊണ്ടിരുന്ന പൊതുബോധ നിർമ്മിതി കുറഞ്ഞപക്ഷം ഇടതുപക്ഷം സജീവമായ കേരളത്തിൽ എങ്കിലും ഇന്ന് അതുപോലെ നടക്കുന്നില്ല എന്നതൊരു വാസ്തവമാണ്. ഒരു വ്യാജ വാർത്ത മുഖ്യധാരാ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിനെ തിരുത്താൻ ഒരുപരിധിവരെ സോഷ്യൽ മീഡിയ ലെഫ്റ്റിന് കഴിയുന്നുണ്ട്. എന്നിരുന്നാലും, മാധ്യമ നുണകൾ സമൂഹത്തിലേക്ക് അരിച്ചിറങ്ങുന്നതിനെ നേരിട്ട് പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയിലെ ഇടതുപക്ഷത്തിന് ഒരു പരിധിയിൽ കവിഞ്ഞ് കഴിയില്ല എന്നത് വാസ്തവമാണ്.

പക്ഷേ ഇടതുപക്ഷത്തിന്റെ ജനകീയമായ സംഘടനാ അടിത്തറയിൽ ജനങ്ങളുമായി ദിനേന ബന്ധപ്പെടുന്ന പ്രവർത്തകരെ വസ്തുതകൾ കൊണ്ട് ആയുധീകരിക്കാനും മാധ്യമ നുണകളുടെ വ്യാപനത്തെ അതിൻ്റെ ഏറ്റവും താഴെ കണ്ണിയിൽ വച്ച് വിച്ഛേദിക്കാനും സോഷ്യൽ മീഡിയയിൽ ഇടപെടുന്ന ഇടതുപക്ഷ പ്രവർത്തകർ സഹായിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ആ പണിയാണ് 'സൈബർ കടന്നലുകൾ' എന്ന് രാഷ്ട്രീയ എതിരാളികളും മിത്രങ്ങളും ഒരുപോലെ വിളിക്കുന്ന ഇടതുപക്ഷത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ എടുക്കാൻ ശ്രമിക്കുന്നത്.

നാട്ടിലൊരു ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജാമ്യത്തിലുള്ള ഒരു സ്വർണക്കേസ് പ്രതിക്ക് സ്റ്റേജിൽ വച്ച് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി കൈമാറിയത് വലിയ വർത്തയാവുകയും ധീരജ് എന്ന എൻജിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെന്ന കോൺഗ്രസ്സ് നേതാവ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കൊപ്പം യാത്ര ചെയ്യുന്നതും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും വാർത്ത ആകാതിരിക്കുന്നതും ഈ തിരസ്‌ക്കാരത്തിന്റെ രാഷ്ട്രീയം കൊണ്ട് മാത്രമാണ്.

സോഷ്യൽ മീഡിയയുടെ അൽഗോരിതങ്ങൾ തന്നെ മൂലധന താല്പര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണ് എന്ന യാഥാർത്ഥ്യബോധം ഇല്ലാതെയല്ല ഇക്കാര്യം പറയുന്നത്. പക്ഷേ ആ പരിമിതികൾക്ക് അകത്ത് നിന്ന് കൊണ്ട് ഈ സാങ്കേതിക വിദ്യയെ തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയം വ്യക്തമായി പറയുന്നതിനോടൊപ്പം ഒരു ഭാഗത്ത് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണ വിഭാഗങ്ങൾ പടച്ചുവിടുന്ന നുണകൾ, മറുഭാഗത്ത് മുഖ്യധാരാ മാധ്യമ മുതലാളിമാരുടെ കച്ചവട താല്പര്യങ്ങൾക്ക് അനുസരിച്ച് തെറ്റായ പൊതുബോധ നിർമ്മിതിക്കായി അവർ നടത്തുന്ന വ്യാജ വാർത്തകൾ, ഇത് രണ്ടിനെയും ഒരുപോലെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ പ്രവർത്തകർക്കുണ്ട്.

ശരിയായ വാർത്ത ജനങ്ങളെ അറിയിക്കുക എന്ന തങ്ങളുടെ തൊഴിലിന്റെ ഉള്ളടക്കം ഉപേക്ഷിച്ച്, പരസ്യ വ്യവസായത്തിൽ ഏർപ്പെടുന്ന ഒരു സംരഭമായി മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങൾ മാറിയിട്ട് കാലം കുറച്ചധികമായി. പരസ്യ ദാതാക്കൾക്കും, സ്ഥാപനങ്ങളുടെ ഉടമകൾക്കും താല്പര്യമുള്ള പൊതുബോധ നിർമ്മിതി നടത്തുന്നു എന്നതാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ആ പണിക്ക് ഇത്തിരിയെങ്കിലും തടസ്സം നിൽക്കാൻ 'കടന്നലുകൾ' എന്ന് മുതിർന്ന ഒരു കോൺഗ്രസ്സ് നേതാവ് വിശേഷിപ്പിച്ച സൈബർ ലെഫ്റ്റിന് കഴിയുന്നുണ്ട് എന്നതാണ്.

മനോരമ പത്രം വിമോചന സമരകാലത്ത് അമേരിക്കയിൽ നിന്നും പണം സ്വീകരിച്ചതായി മത്തായി മാഞ്ഞൂരാന്‍ ആക്ഷേപമുന്നയിച്ചപ്പോള്‍ മാമ്മന്‍ മാപ്പിളക്ക് ശേഷം മനോരമയുടെ പത്രാധിപരായ കെ.എം. ചെറിയാന്‍ മുഖപ്രസംഗത്തിലൂടെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘അങ്ങനെ അമേരിക്കന്‍ ഏജന്‍സികള്‍ സഹായിക്കുന്നെങ്കില്‍ അത് ഏറ്റവും അഭിമാനകരമായി സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് അശേഷം മടിക്കേണ്ട ആവശ്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല'

മാധ്യമങ്ങളുടെ വ്യാജ പൊതുബോധ നിർമ്മാണം വാർത്തകൾക്ക് അവർ കൊടുക്കുന്ന തലക്കെട്ടുകളിൽ പോലും പലപ്പോഴും പ്രകടമാണ്. 'മദ്യം വിറ്റല്ല തമിഴ് നാട് മുന്നേറുന്നത്' എന്നൊരു തലക്കെട്ടോടെ മനോരമ ഓൺലൈനിൽ ഇടയ്ക്കൊരു വാർത്ത വന്നിരുന്നു. ഇങ്ങനെയൊരു തലക്കെട്ട് എഴുമ്പോൾ ലേഖകൻ ഉദ്ദേശിച്ച അതേ ധ്വനി വായനക്കാരനിലും ഉണ്ടായിട്ടുണ്ട് എന്ന് ആ വാർത്തയ്ക്ക് താഴെ വന്ന കമന്റുകളിൽ നിന്നും ബോധ്യപ്പെടും. എന്നാൽ വസ്തുത നോക്കിയാൽ കേരളത്തിന്റെ എക്സൈസ് നികുതി വരുമാനം തമിഴ്നാടിനെയും രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെക്കാളും വളരെ കുറവാണ്. നേരിട്ട് അല്ലെങ്കിലും, തെറ്റിദ്ധാരണ ഉൽപ്പാദിപ്പിക്കാൻ പാകത്തിൽ മനപ്പൂർവ്വം കൊടുക്കുന്ന ഇത്തരം തലക്കെട്ടുകളും ഭാഷാ പ്രയോഗങ്ങളും വ്യാജ വാർത്താ ഗണത്തിൽപ്പെടുന്ന ഒന്നാണ്. ഈ വിധത്തിൽ നിത്യേന എന്നോണം വാക്കുകളിലെ കളികൾ കൊണ്ട് വാർത്തകളിലൂടെ മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന അഭിപ്രായ രൂപീകരണത്തെ ഏറെക്കുറെ ഫലപ്രദമായി സോഷ്യൽ മീഡിയയിൽ സജീവമായ ഇടതുപക്ഷ പ്രവർത്തകർ തുറന്നു കാട്ടുന്നുണ്ട്.

മാധ്യമങ്ങളുടെ വ്യാജ വാർത്തയും സൈബർ ഇടതുപക്ഷ പ്രവർത്തകരും തമ്മിൽ മേൽപ്പറഞ്ഞ പല കാരണങ്ങൾ കൊണ്ട് സ്വാഭാവികമായി രൂപപ്പെട്ട ഈ സംഘർഷത്തെ കേവലം ചില മാധ്യമ പ്രവർത്തകരും - സൈബർ ഇടതുപക്ഷവും തമ്മിലുള്ള സംഘർഷം മാത്രമായി ചുരുക്കിക്കളയാനാണ് മാധ്യമങ്ങൾ തന്നെ ശ്രമിക്കുന്നത്. മുഖ്യധാരാ മാധ്യങ്ങളും- 'സൈബർ കടന്നലുകളും' തമ്മിലുള്ള മേൽപ്പറഞ്ഞ സംഘർഷത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മനസ്സിലായില്ലെങ്കിൽ കേവലം വ്യക്തിവിരോധത്തിന്റെ ചളി നിറഞ്ഞ കുഴിയിലേക്ക് ഇടതുപക്ഷ പ്രവർത്തകർ ചിലപ്പോഴെങ്കിലും വീണുപോയേക്കാം. അത് മാധ്യമങ്ങളുടെ മൂലധന താൽപര്യങ്ങൾക്ക് നേരെ ഇടതുപക്ഷം നടത്തുന്ന രാഷ്ട്രീയ സമരത്തെ ദുർബലപ്പെടുത്താൻ ഇടവരുത്തും. അങ്ങനെ ഈ രാഷ്ട്രീയ സമരത്തെ ദുർബലപ്പെടുത്താൻ മാധ്യമങ്ങൾ തന്നെ ചില കെണികൾ ഒരുക്കുന്നുണ്ട് എന്നത് വസ്തുതയാണ്.

2017ൽ ഡൽഹി ആസ്ഥാനമാക്കിയുള്ള CMS നടത്തിയ പഠന പ്രകാരം ഒരു ഇന്ത്യൻ ദേശീയ ദിനപത്രത്തിലെ കാർഷിക റിപ്പോർട്ടിംഗിന്റെ അഞ്ച് വർഷത്തെ ശരാശരി 0.61 ശതമാനത്തിന് തുല്യമാണ് ( രാഷ്ട്രീയവും കാർഷിക മന്ത്രാലയ വാർത്തകളും ഉൾപ്പെടെ) അതേസമയം ഗ്രാമങ്ങളിൽ നിന്നുള്ള വാർത്തകൾ കേവലം ശരാശരി 0.17 ശതമാനവും. രാജ്യത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ ഇപ്പോഴും ജീവിതത്തിനായി ആശ്രയിക്കുന്ന, സങ്കീർണ്ണമായ പ്രശ്നങ്ങളുള്ള കാർഷിക മേഖല നമ്മുടെ മാധ്യമങ്ങൾക്ക് ഒരു പരിഗണന വിഷയമേ അല്ല.

മാധ്യമങ്ങൾക്ക് ഇഷ്ടാനുസരണം മാനിപ്പുലേറ്റ് ചെയ്യാൻ കഴിയുന്ന ചിലരെ അവർ തന്നെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയാക്കി ഒരു പൊതുബോധ നിർമ്മാണം നടത്തുക എന്നത് ഈ കെണികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. പിന്നെ അത്തരക്കാർ മാധ്യമ അജണ്ടയുടെ ഭാഗമായി നടത്തുന്ന വർത്തമാനങ്ങളും പ്രചാരണങ്ങളും ഇടതുപക്ഷത്തിന്റെ ഔദ്യോഗിക ശബ്‍ദമായി മാറ്റപ്പെടും. അങ്ങനെ വരുമ്പോൾ സൈബർ ലെഫ്റ്റിനെ ദുർബലപ്പെടുത്താൻ പാകത്തിലുള്ള ഒരു ട്രോജൻ കുതിരയെ അവർക്കിടയിൽ തന്നെ നിർമ്മിക്കാൻ മാധ്യമങ്ങൾക്ക് ചിലപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തെ പ്രതികൂട്ടിൽ നിർത്താൻ മാധ്യമങ്ങൾ നിർമ്മിച്ചെടുക്കുന്ന സൈബർ അക്രമണ വാർത്തകളുടെ പ്രഭവ കേന്ദ്രം പലപ്പോഴും ഇത്തരം ട്രോജൻ കുതിരകൾ ആണെന്ന് കാണാം. അതിനെയും പ്രതിരോധിക്കേണ്ടതുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള ഒന്നല്ല സോഷ്യൽ മീഡിയയിൽ അവരെ പ്രതിനിധീകരിക്കുന്നവരുടെ കൂട്ടമെന്നത്. അതിന് അങ്ങനെ ആകാനും കഴിയില്ല. അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഘടനാപരമായി നിയന്ത്രണമില്ലാത്ത അനുഭാവികളും കുറേയേറെപ്പേർ ഉണ്ടാകും. എന്നാൽ ഒറ്റപ്പെട്ടതായിപ്പോലും അക്കൂട്ടത്തിൽ ചിലരിൽ നിന്നും ചില തെറ്റായ പ്രവണതകൾ ഉണ്ടാകുമ്പോൾ അതിനെ പർവ്വതീകരിച്ചു അവരുടെയെല്ലാം പ്രതികരണത്തിന്റെ ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഔദ്യോഗികമായി കൽപ്പിച്ച് കൊടുത്ത് അവരെ പ്രതിസ്ഥാനത്ത് നിർത്താനും മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. മാധ്യമ ധർമ്മത്തിന്റെ ഏറ്റവും മൗലികമായ മൂല്യങ്ങൾ മറന്ന് കൊണ്ടുള്ള മറ്റൊരു കെണിയാണ് ഇപ്പറഞ്ഞതും.

വിമോചന സമര കാലം മുതൽ ഇങ്ങ് ശബരിമല വിഷയത്തിലെ സമര സംഘാടനത്തിന്റെ വരെ മുൻ നിരയിൽ മനോരമ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ്സ് അനുകൂല നിലപാടിൽ നിന്നും പരസ്യമായ സംഘപരിവാർ വിധേയത്വത്തിലേക്ക് മാതൃഭൂമി കൂപ്പു കുത്തി എന്നതാണ് ഇന്നത്തെ സ്ഥിതി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ഘാതകരായ ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവതിനെ കൊണ്ട് അനുസ്മരണം എഴുതിക്കുന്നതിലേക്ക് വരെ മാതൃഭൂമി എത്തി.

എന്തൊക്കെ ആണെങ്കിലും ഈ സമരം വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ കൂടുതൽ മൂർച്ഛിക്കും എന്നത് യാഥാർഥ്യമാണ്. അങ്ങനെ വരുമ്പോൾ മാധ്യമങ്ങളുടെ ഈ വ്യാജ വാർത്താ നിർമ്മാണവും അതിന് പിറകിലെ താല്പര്യങ്ങളും ആഴത്തിൽ വിശദീകരിച്ച് കൂടുതൽപ്പേരെ തങ്ങളോടൊപ്പം ചേർക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷത്തിനുണ്ട്.

സമ്മതിയുടെ നിർമിതി

ഈ രാജ്യത്തെ ഓരോ പൗരന്മാർക്കും ഉള്ളത് പോലെ മാധ്യമപ്രവർത്തകർക്കും അവരുടെ രാഷ്ട്രീയം വ്യക്തിപരമായി ഉണ്ടാകും. വാർത്തകൾ തിരഞ്ഞെടുക്കുമ്പോഴും അതവതരിപ്പിക്കുമ്പോഴും ആ രാഷ്ട്രീയം പ്രതിഫലിക്കുന്നതും ഒരു പരിധിവരെ മനസിലാക്കാവുന്നതാണ്. എന്നാൽ മാധ്യമ പ്രവർത്തകർ തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപകരണമായി തങ്ങളുടെ തൊഴിലിനെ കാണുകയും ഏകപക്ഷീയമായി വാർത്തകൾ തിരഞ്ഞെടുക്കുകയും തിരസ്കരിക്കുകയും ചെയ്യുമ്പോൾ അതിൽ ചില പ്രശ്‌നങ്ങളുണ്ട്. ചിലർക്ക് നേരെയുള്ള നേരിയ സൈബർ ആക്രമണങ്ങൾ പോലും വാർത്തയാവുകയും ഇടതുപക്ഷത്തിലെ ചില വ്യക്തികൾക്ക് നേരെയുള്ള ഭീതിതമായ വെർബൽ വയലൻസ് വാർത്തകളിൽ ഇടം പിടിക്കാതെ പോവുകയും ചെയ്യുന്നത് നെറികേടാണ്. ആ നെറികേട് സ്വാഭാവികമായി ചോദ്യം ചെയ്യപ്പെടും.

എന്നാൽ, ഏതെങ്കിലും ചാനൽ മേധാവികളുടെയോ മാധ്യമ പ്രവർത്തകരുടെയോ വ്യക്തിപരമായ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾ എന്നതിനപ്പുറം വാർത്തകളുടെ തിരസ്കാരത്തിനും തമസ്ക്കരണത്തിനും വ്യാജ നിർമ്മിതികൾക്കും ആഴത്തിലുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമുണ്ട്. ആ പ്രത്യയശാസ്ത്രത്തെ മുൻനിർത്തിയുള്ള പ്രയോഗമാണ് കേരളത്തിലെ മാധ്യമങ്ങൾ ആവും വിധം ചെയ്യാൻ ശ്രമിക്കുന്നത്. ഈ പ്രതിഭാസം കേരളത്തിൽ മാത്രമല്ല, പല രാജ്യങ്ങളിലും വലിയ ജനപിന്തുണയോടെ അധികാരത്തിലെത്തിയ ഇടതു സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ മൂലധന ശക്തികളുമായിച്ചേർന്ന് മാധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. പലയിടങ്ങളിലും ആ ശ്രമം വിജയിച്ചിട്ടുമുണ്ട്.

പത്രങ്ങളിലൂടെയും മറ്റു മാധ്യമ സ്ഥാപനങ്ങളിലൂടെയും മാത്രമല്ല സമ്പന്ന വർഗ്ഗത്താൽ നിയന്ത്രിക്കപ്പെടുന്ന സാംസ്‌കാരിക വ്യവസായത്തിലൂടെയെല്ലാം വ്യാപിക്കുന്ന വർത്തകളിലൂടെയും വിവരങ്ങളിലൂടെയും സമ്പന്ന വർഗ്ഗം ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ ചൂഷണത്തിന് നിലനിൽക്കാൻ ആവശ്യമായ സാമൂഹ്യ ക്രമത്തിനുള്ള 'സമ്മതിയുടെ നിർമിതി' ആണ് (Manufacturing Consent).

നോം ചോംസ്കിയിലൂടെ നമുക്കെല്ലാം സുപരിചിതമായ 'സമ്മതിയുടെ നിർമിതി' എന്ന പ്രയോഗം ആദ്യമായി നടത്തിയത് 1921 ൽ 'പബ്ലിക് ഒപ്പീനിയൻ' (Public Opinion) എന്ന തൻ്റെ പുസ്തകത്തിലൂടെ വാൾട്ടർ ലിപ്മാൻ ആയിരുന്നു. ആധുനിക പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ലിപ്മാൻ പറയുന്നത് ഇങ്ങനെയാണ്:

'സമ്മതിയുടെ നിർമ്മിതി വലിയ പരിഷ്ക്കരണങ്ങൾക്ക് പ്രാപ്തമാണെന്ന കാര്യം ആരും നിഷേധിക്കില്ലെന്ന് ഞാൻ കരുതുന്നു. സാമ്പത്തിക അധികാര മാറ്റത്തേക്കാളും വലിയ പ്രാധാന്യമർഹിക്കുന്ന മറ്റൊരു വലിയ മാറ്റം നടക്കുന്നു. പ്രൊപ്പഗാണ്ടയുടെ സ്വാധീനത്തിൽ (വാക്കിന്റെ ദുഷിച്ച അർത്ഥത്തിൽ മാത്രമല്ല) നമ്മുടെ ചിന്തയെ സംബന്ധിച്ച് സുദൃഢമെന്ന് കരുതപ്പെട്ടിരുന്നവയ്ക്ക് മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, മനുഷ്യ വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അറിവ് മനുഷ്യഹൃദയത്തിൽ നിന്ന് സ്വതസിദ്ധമായി ഉയർന്നുവരുമെന്ന ജനാധിപത്യത്തിന്റെ യഥാർത്ഥ സിദ്ധാന്തത്തിൽ വിശ്വസിക്കാൻ ഇനി സാധ്യമല്ല. ആ സിദ്ധാന്തത്തിന് അനുസൃതമായി പ്രവർത്തിക്കുമ്പോൾ, സ്വയം വഞ്ചനയ്ക്കും, നമുക്ക് പരിശോധിക്കാൻ കഴിയാത്ത പ്രേരണയുടെ രൂപങ്ങൾക്കും നാം സ്വയം തുറന്നുകൊടുക്കുകയാണ്. നമ്മുടെ പരിധിക്കപ്പുറമുള്ള ലോകത്തെയാണ് നമ്മൾ കൈകാര്യം ചെയ്യേണ്ടതെങ്കിൽ നമുക്ക് അന്തർജ്ഞാനത്തെയും (Intuition) മനസാക്ഷിയെയും മുൻ വിചാരമില്ലാത്ത അഭിപ്രായങ്ങളുടെ യാദൃച്ഛികതെയും ആശ്രയിക്കാൻ കഴിയില്ലെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്നു'

ലിപ്മാൻ മുന്നോട്ട് വയ്ക്കുന്ന ഈ സിദ്ധാന്തമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന മാധ്യമ-സാംസ്‌കാരിക വ്യവസായത്തിന്റെ അടിസ്ഥാന തത്വം. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനും അധികാരം നിലനിർത്താനും പാകത്തിൽ പൊതു അഭിപ്രായം രൂപീകരിക്കുക, അതിനായി മാധ്യമങ്ങളിലൂടെയും സാംസ്‌കാരിക സ്ഥാപനങ്ങളിലൂടെയും തെറ്റിദ്ധരിപ്പിക്കാൻ പാകത്തിൽ വിവരങ്ങൾ നൽകുക. ഈ തെറ്റിദ്ധരിപ്പിക്കൽ വ്യവസായത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും രസകരമായ ചരിത്ര പശ്ചാത്തലമുണ്ട്. ഇന്ന് കാണും വിധത്തിൽ മാധ്യമങ്ങളിലൂടെയുള്ള പ്രോപഗണ്ടയുടെ തുടക്കം ഒന്നാം ലോക മഹായുദ്ധകാലത്തോടെ ആരംഭിച്ചതാണ്. യുദ്ധത്തിനെതിരായ മുദ്രാവാക്യമുയർത്തികൊണ്ട് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വുഡ്രോ വിത്സന് ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കാളിയാകാൻ താല്പര്യം ഉണ്ടായിരുന്നു.

എന്നാൽ അക്കാലത്ത് പൊതുവെ യുദ്ധവിരുദ്ധ (pacifist) സമീപനം ഉണ്ടായിരുന്ന അമേരിക്കൻ ജനതയെ എങ്ങനെ യുദ്ധത്തിന് അനുകൂലമാക്കാം എന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ആലോചനയാണ് 'പ്രോപഗണ്ട' എന്ന ഉത്തരത്തിലെത്തിച്ചത്. അങ്ങനെയാണ് അമേരിക്കൻ ചരിത്രത്തിൽ ഭരണകൂടം നേരിട്ട് നടത്തുന്ന കമ്മറ്റി ഓൺ പബ്ലിക് ഇൻഫോർമേഷൻ (സിപിഐ) എന്ന പ്രോപഗണ്ട ഏജൻസി 1917ൽ രൂപം കൊള്ളുന്നത്. (ആ കമ്മീഷന്റെ ചെയർമാൻ ജോർജ്ജ് ക്രീൽ എന്ന പ്രസിദ്ധനായ അമേരിക്കൻ പത്രപ്രവർത്തകനായിരുന്നതിനാൽ തന്നെ അത് ക്രീൽ കമ്മീഷൻ എന്നും അറിയപ്പെട്ടിരുന്നു). ക്രീൽ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന 'ശാസ്ത്രീയമായ നുണ പ്രചാരണം' അമേരിക്കൻ ഭരണകൂടം ആഗ്രഹിച്ചത് പോലെ ആ ജനതയെ യുദ്ധക്കൊതിയന്മാരാക്കി മാറ്റി.

സിഗ്മണ്ട് ഫ്രോയിഡിന്റെ മരുമകനും മനഃശാസ്ത്ര വിദഗ്ധനുമായിരുന്ന എഡ്‌വേഡ്‌ ബെർനായ്സ് (Edward Bernays) ആയിരുന്നു ക്രീൽ കമ്മീഷനിൽ അംഗമായിരുന്ന പ്രമുഖരിൽ പ്രധാനി. ഒന്നാം ലോക മഹായുദ്ധത്തിന്റെ അനുഭവങ്ങളിൽ നിന്നും അദ്ദേഹം 'പ്രോപഗണ്ട' എന്ന പേരിൽ 1925ലൊരു പുസ്തകമെഴുതിയിരുന്നു. ഇതാണ് വ്യാജ വാർത്ത നിർമ്മാണ വ്യവസായികളുടെ ബൈബിൾ എന്ന് വേണമെങ്കിൽ പറയാം. ഒരു പട്ടാള ട്രൂപ്പ് ശരീരം ചിട്ടപ്പെടുത്തുന്നത് പോലെ ഒരു സമൂഹത്തിന്റെ മനസിനെയും ചിട്ടപ്പെടുത്താൻ നമുക്ക് കഴിയും എന്ന ബെർനായ്സിന്റെ സിദ്ധാന്തമാണ് (it is possible to regiment the public mind every bit as much as an army regiments their bodies) ഇന്ന് കാണുന്ന പ്രോപഗണ്ട വ്യവസായത്തിന്റെ അടിസ്ഥാനം. ഈ സിദ്ധാന്തമാണ് പിന്നീട് ഹിറ്റ്ലറും അദ്ദേഹത്തിന്റെ മന്ത്രി ഗീബൽസും വിജയകരമായി ഉപയോഗിച്ചത്. ഇതേ മനഃശാസ്ത്ര സിദ്ധാന്തമാണ് ആവർത്തിക്കുന്ന നുണകളിൽ കേരളത്തിലെ മാധ്യമങ്ങളും പ്രയോഗിക്കുന്നത്.

മാധ്യമങ്ങളുടെ കോർപറേറ്റ് ഉടമസ്ഥതയും ബന്ധങ്ങളും രാഷ്ട്രീയ താല്പര്യങ്ങളും എങ്ങനെ വാർത്തകളെ സ്വാധീനിക്കുന്നു എന്ന് നോം ചോംസ്കിയും എഡ്‌വേർഡ് ഹെർമ്മനും 1988ൽ എഴുതിയ 'Manufacturing Consent: The Political Economy of the Mass Media' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകത്തിലാണ്, വായനക്കാരിൽ എത്തും മുമ്പ് വാർത്തകൾ കടന്നു പോകുന്ന വിവിധ തരം അരിപ്പകളെ (filters) കുറിച്ചുള്ള പ്രോപഗണ്ട മോഡൽ ഇരുവരും നിർദ്ദേശിക്കുന്നത്. ഈ മോഡൽ പ്രകാരം സംസ്കരിക്കാത്ത വാർത്തകളെ താഴെയുള്ള ചിത്രത്തിൽ കാണുന്നത് പോലെ അഞ്ചു തട്ടുകളിൽ അരിക്കൽ പ്രക്രിയക്ക് വിധേയമാക്കുന്നുണ്ട്.

ആദ്യം മാധ്യമ ഉടസ്ഥരും അവരുടെ ലാഭ താല്പര്യങ്ങളും വാർത്തയെ അരിക്കുന്നു, അതിന് ശേഷം മാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ പരസ്യ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് വാർത്തകളെ പരിഷ്കരിക്കുന്നു. ഇത് രണ്ടും ചോംസ്കിയും ഹെർമനും ഈ മോഡൽ നിർദ്ദേശിച്ച കാലത്തേക്കാൾ ശക്തമാണ് ഇന്ന്. മാധ്യമ സ്ഥാപനങ്ങൾ പലപ്പോഴും വാർത്തകൾക്ക് ആശ്രയിക്കുന്നത് ന്യൂസ് ഏജൻസികളെയും, 'വിദഗ്ധരെയും', പി.ആർ ഏജൻസികളെയുമാണ്. ഇവയെല്ലാം ഏതാണ്ട് മുഴുവനായും സമ്പന്ന വർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതുമാണ്. ഇതാണ് മൂന്നാമത്തെ അരിപ്പ.

മാധ്യമ വാർത്തകൾക്ക് എതിരെ നെഗറ്റീവ് പ്രതികരണങ്ങൾ ഉണ്ടാക്കി (കേസ് കൊടുത്തോ, ഫോൺ വിളിച്ചോ, മറ്റ് പ്രചാരണങ്ങൾ നടത്തിയോ) ഒരു തരത്തിൽ ഭീഷണിപ്പെടുത്തി വാർത്തകളെ അരിച്ചെടുക്കുന്ന രീതിയാണ് നാലാമത്തേത്. വൻകിട കോർപറേറ്റുകളും അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരത്തിൽ 'വിമർശന യന്ത്രങ്ങൾ' (flak machines) നിർമ്മിക്കാറുണ്ട് എന്നാണ് ചോംസ്‌കിയും ഹെർമനും പറയുന്നത്. ഏറ്റവും അവസാനത്തെ അരിപ്പയാണ്, കമ്മൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രം എന്നത്. സോവിയറ്റ് റഷ്യയുടെ തകർച്ചയോടെ ഇതിന് കുറവ് വന്നിരുന്നെങ്കിലും ഇന്ന് ചൈനയുടെ വളർച്ചയിൽ വീണ്ടും പ്രോപഗണ്ടയിൽ ഈ അരിപ്പ സജീവമായിട്ടുണ്ട്. കേരളത്തിൽ ദൈനംദിനത്തിൽ വരുന്ന പല വാർത്തകളെയും ഈ പ്രോപഗണ്ട മോഡലിലേക്ക് സന്നിവേശിപ്പിച്ചാൽ ഈ വാർത്തകൾ രൂപപ്പെടുന്ന രാഷ്ട്രീയം നമുക്ക് മനസിലാക്കാം.

തിരസ്‌ക്കാരത്തിന്റെ രാഷ്ട്രീയം

വാർത്തകളെ തെറ്റായി അവതരിപ്പിക്കുക എന്നത് പോലെ തന്നെ മാധ്യമങ്ങൾ അവരുടെ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന മറ്റൊരു രീതിയാണ് യാഥാർഥ്യങ്ങളുടെ പൂർണ്ണമായ തിരസ്‌ക്കാരം എന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ പരിഗണനാ വിഷയം പോലുമല്ല എന്നതാണ് വസ്തുത. 2017ൽ ഡൽഹി ആസ്ഥാനമാക്കിയുള്ള CMS നടത്തിയ പഠന പ്രകാരം ഒരു ഇന്ത്യൻ ദേശീയ ദിനപത്രത്തിലെ കാർഷിക റിപ്പോർട്ടിംഗിന്റെ അഞ്ച് വർഷത്തെ ശരാശരി 0.61 ശതമാനത്തിന് തുല്യമാണ് ( രാഷ്ട്രീയവും കാർഷിക മന്ത്രാലയ വാർത്തകളും ഉൾപ്പെടെ) അതേസമയം ഗ്രാമങ്ങളിൽ നിന്നുള്ള വാർത്തകൾ കേവലം ശരാശരി 0.17 ശതമാനവും. രാജ്യത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ ഇപ്പോഴും ജീവിതത്തിനായി ആശ്രയിക്കുന്ന, സങ്കീർണ്ണമായ പ്രശ്നങ്ങളുള്ള കാർഷിക മേഖല നമ്മുടെ മാധ്യമങ്ങൾക്ക് ഒരു പരിഗണന വിഷയമേ അല്ല.

ഈ തിരസ്‌ക്കാരത്തിന്റെ ഏറ്റവും ഭീതിതമായ മാതൃകയായി പി.സായ്നാഥ് ചൂണ്ടികാണിക്കുന്നത് ഐതിഹാസികമായ കർഷക സമരത്തിന്റെ സമയത്ത് രാജ്യത്തെ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും സ്വീകരിച്ച സമീപനമായായിരുന്നു. കർഷക സമരം നടന്ന 2020 നവംബർ മുതൽ 2021 ഡിസംബർ വരെയുള്ള നാളുകളിൽ ദൽഹി അതിർത്തികളിലെ സമര കേന്ദ്രങ്ങളിലെല്ലാം കർഷകരുടെ പ്രതിഷേധ മുദ്രാവാക്യങ്ങളിൽ മുഴങ്ങി കേട്ട പേരുകളിൽ രണ്ടെണ്ണം നമ്മുടെ രാജ്യത്തെ ശതകോടീശ്വരൻമാരായ അംബാനിയുടെയും അദാനിയുടേതുമായിരുന്നു. പക്ഷെ ഈ പേരുകളോട് പ്രതിഷേധം രേഖപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങളെ മാധ്യമങ്ങൾ ഏതാണ്ട് പൂർണ്ണമായി തിരസ്ക്കരിക്കുകയും ഈ പ്രതിഷേധത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു കാര്യമായി ഒരു പത്രവും എഡിറ്റോറിയൽ എഴുതിയില്ലെന്നും സായ്നാഥ് പറയുന്നു. രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും ജിയോക്ക് വരിക്കാരെ കൂടിയപ്പോൾ 2020-21ൽ പഞ്ചാബിലും ഹരിയാനയിലും മാത്രം ജിയോയ്ക്ക് വരിക്കാരെ നഷ്ടപ്പെടുകയും BSNLന് വരിക്കാർ കൂടുകയും ചെയ്തിരുന്നു. എന്തുകൊണ്ട് കർഷകർ ജിയോ ബഹിഷ്‌കരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിംഗ് പഞ്ചാബിന് പുറത്ത് എവിടെയും കാര്യമായി മാധ്യങ്ങളിൽ ഇടംപിടിച്ചില്ല. മാധ്യമങ്ങളിൽ നിന്നും ഒരു വിഭാഗം ജനങ്ങളുടെ ജീവിതം തന്നെ പുറത്താക്കപ്പെട്ടത്തിന്റെ സമീപനകാലത്തെ ഒരു ഉദാഹരണം മാത്രമാണിത്.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ള ഇത്തരം വാർത്ത തിരസ്കാരം കേരളത്തിന്റെ സമകാലീന അനുഭവത്തിൽ നിന്ന് തന്നെ നിരവധി പറയാനാകും. നാട്ടിലൊരു ക്ലബ്ബ് സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ജാമ്യത്തിലുള്ള ഒരു സ്വർണക്കേസ് പ്രതിക്ക് സ്റ്റേജിൽ വച്ച് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി കൈമാറിയത് വലിയ വർത്തയാവുകയും ധീരജ് എന്ന എൻജിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെന്ന കോൺഗ്രസ്സ് നേതാവ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കൊപ്പം യാത്ര ചെയ്യുന്നതും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും വാർത്ത ആകാതിരിക്കുന്നതും ഈ തിരസ്‌ക്കാരത്തിന്റെ രാഷ്ട്രീയം കൊണ്ട് മാത്രമാണ്.

മാധ്യമങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം പരസ്യമാണ്. അതുകൊണ്ട് കൂടുതൽ പരസ്യം കൊടുക്കുന്നവരാണ് മാധ്യമങ്ങളിലൂടെ എന്ത് ജനങ്ങൾ കേൾക്കണം, എന്ത് കേൾക്കേണ്ടാ എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൽ മാസങ്ങളോളം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരിനെതിരെ വ്യാജ വാർത്തകൾ നിർമ്മിച്ചെടുക്കാൻ ശ്രമിച്ചപ്പോഴും ഈ കടത്തിയ സ്വർണ്ണം ആർക്കുവേണ്ടിയാണ് എന്ന് ഒരു മാധ്യമവും ചോദിക്കാതിരുന്നത്. അത് ചോദിക്കാത്ത മാധ്യമങ്ങളെ അത് വിമർശിക്കുന്നത് കൊണ്ട് കൂടിയാണ് സൈബർ കടന്നലുകളോട് മാധ്യമങ്ങൾക്ക് വിരോധം ഏറുന്നത്.

മനോരമ മുതൽ മറുനാടൻ വരെ

ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ ആയിരുന്ന ഡാനിയൽ പാട്രിക് മൊയ്‌നിഹാൻ 'A Dangerous Place' എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ നടത്തിയ വെളുപ്പെടുത്തലുകളിൽ നിന്നും കമ്മ്യൂണിസ്റ്റുകാരെ നേരിടാൻ ഇന്ത്യയിൽ CIA രണ്ടു വട്ടം പണം കൊടുത്ത് സഹായിച്ചിട്ടുണ്ട് (ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് കേരളത്തിലും പിന്നീട് അറുപതുകളിൽ പശ്ചിമ ബംഗാളിലും) എന്നത് വ്യക്തമായതാണ്. 1957ലെ കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ CIA നടത്തിയ ഈ ഇടപെടലുകളിൽ കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളും പങ്കാളികൾ ആയിരുന്നു എന്നത് ഇന്ന് ഒട്ടുമേ രഹസ്യമല്ലാത്ത കാര്യമാണ്.

മനോരമ പത്രം വിമോചന സമരകാലത്ത് അമേരിക്കയിൽ നിന്നും പണം സ്വീകരിച്ചതായി മത്തായി മാഞ്ഞൂരാന്‍ ആക്ഷേപമുന്നയിച്ചപ്പോള്‍ മാമ്മന്‍ മാപ്പിളക്ക് ശേഷം മനോരമയുടെ പത്രാധിപരായ കെ.എം. ചെറിയാന്‍ മുഖപ്രസംഗത്തിലൂടെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:

‘അങ്ങനെ അമേരിക്കന്‍ ഏജന്‍സികള്‍ സഹായിക്കുന്നെങ്കില്‍ അത് ഏറ്റവും അഭിമാനകരമായി സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് അശേഷം മടിക്കേണ്ട ആവശ്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല'

ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെ അട്ടിമറിച്ചതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെയും അട്ടിമറിക്കണമൈന്ന ആഹ്വാനം പോലും ‘ഗ്വാട്ടിമാലയും കേരളവും' എന്ന ലേഖനം പ്രസിദ്ധീകരിച്ച് ദീപിക പത്രവും നടത്തുകയുണ്ടായി. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വവും സി.ഐ.എ യും അതോടെ കേരളത്തെ വിസ്മരിച്ചു എന്ന് കരുതുന്നത് ശരിയല്ല. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങളിലെ ജനാധിപത്യ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ അമേരിക്ക ഇന്നും സജീവമായി തന്നെ ഇടപെടുന്നുണ്ട് എന്നതിന്റെ തെളിവുകൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബ്രസീലിന്റെയും, വെനുസ്വലയുടെയും, പെറുവിന്റെയും അനുഭവങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ രാജ്യങ്ങളിലെല്ലാം അമേരിക്കയുടെ സഖ്യകക്ഷിയായി മുഖ്യ വലതുപക്ഷമായി പ്രവർത്തിക്കുന്നത് അതാത് രാജ്യങ്ങളിലെ മാധ്യമങ്ങളാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ കാര്യത്തിലും മാധ്യമങ്ങളിലൂടെ സാമ്രാജ്യത്വം ഇത്തരം ഇടപെടലുകൾ നടത്തുന്നുണ്ടാകും എന്ന് അനുമാനിക്കാവുന്നതാണ്.

കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ഏറ്റവും മിടുക്കനായ ഒരു മാധ്യമ പ്രവർത്തകന് ഈയടുത്ത് അമേരിക്കൻ സർക്കാരിന്റെ സ്‌കോളർഷിപ്പ് കിട്ടിയത് ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. എന്നാൽ നിലവിൽ കേരളത്തിലെ മാധ്യമങ്ങൾക്കുള്ള സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന നിലയിലുള്ള ഗൗരവമുള്ള പഠനങ്ങൾ ഉണ്ടായിട്ടില്ല. അത് ഉണ്ടാവേണ്ടതുണ്ട്.

കേരളത്തിൽ മലയാള മനോരമ മുതൽ മറുനാടൻ മലയാളി വരെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഇടതുവിരുദ്ധ വാർത്ത നിർമ്മാണത്തെയും ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. സാമ്രാജ്യത്വം നേരിട്ട് ഈ മാധ്യമങ്ങളിൽ ഇടപെടുന്നത് ഒരുപക്ഷേ പരിമിതമായിരിക്കാം, എന്നിരുന്നാലും മൂലധന താല്പര്യങ്ങളുടെ സംരക്ഷകരായ കോർപറേറ്റുകളും അവരുടെ രാഷ്ട്രീയ നേതൃത്വവും നമ്മുടെ മാധ്യമ സ്ഥാപനങ്ങളിൽ കാലങ്ങളായി ഇടപെടുന്നുണ്ട്.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട് എല്ലാം സംഘ്പരിവാരത്തിൻ്റെ കുഴലൂത്തുകാരായി മാറിയിട്ടുണ്ട്. മലയാള മനോരമ കാലങ്ങളായി പരസ്യമായി ഇടതുപക്ഷ വിരുദ്ധ നിലപാട് എടുക്കുന്ന പത്രമാണ്. വിമോചന സമര കാലം മുതൽ ഇങ്ങ് ശബരിമല വിഷയത്തിലെ സമര സംഘാടനത്തിന്റെ വരെ മുൻ നിരയിൽ മനോരമ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ്സ് അനുകൂല നിലപാടിൽ നിന്നും പരസ്യമായ സംഘപരിവാർ വിധേയത്വത്തിലേക്ക് മാതൃഭൂമി കൂപ്പു കുത്തി എന്നതാണ് ഇന്നത്തെ സ്ഥിതി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ഘാതകരായ ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവതിനെ കൊണ്ട് അനുസ്മരണം എഴുതിക്കുന്നതിലേക്ക് വരെ മാതൃഭൂമി എത്തി.

ദേശീയ പാതാ വികസനത്തോടും, ഗവർണ്ണറുടെ ഇല്ലാത്ത അധികാരത്തിന്റെ പ്രയോഗത്തോടും, അർഹമായ നികുതി വിഹിതം തരാതെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയോടും എല്ലാം കേരളത്തിലെ മാധ്യമങ്ങൾ പൊതുവിൽ സ്വീകരിച്ച നിലപാട് മാധ്യമങ്ങളുടെ പക്ഷപാതപരമായ വാർത്ത നിർമ്മാണത്തെ കുറിച്ച് മനസിലാക്കാനുള്ള സമീപകാല ഉദാഹരങ്ങളാണ്.

'വിമോചന സമരകാലത്ത് തന്നെയാണ്​ ​​​​​​​ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ' എന്ന തലക്കെട്ടോടെ ദേശാഭിമാനി റസിഡൻറ്​ എഡിറ്റർ വി.ബി. പരമേശ്വരൻ എഴുതിയ ലേഖനത്തിൽ കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് അദ്ദേഹം പറയുന്ന വിമർശനം ശ്രദ്ധേയമാണ്: 'കേരളത്തിലെ മാധ്യമങ്ങളുടെ വാര്‍ത്തകൾ പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണാധികാരി ഗവര്‍ണറാണെന്ന 'പൊതുസമ്മിതി നിര്‍മാണ'മാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് വ്യക്തമാകും. സംസ്ഥാനഭരണത്തില്‍ അനാവശ്യമായി ഇടപെടുന്ന ഗവര്‍ണര്‍ ചെയ്യുന്നതാണ് നല്ലകാര്യം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. ഫെഡറല്‍ ഘടനയെ തന്നെ തകര്‍ത്ത് യുണിറ്ററി സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ വെമ്പി നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറുകയാണ് മാധ്യമങ്ങളും'.

ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി കോൺഗ്രസ്സിനെയോ വേണ്ടി വന്നാൽ സംഘ്പരിവാറിനെയും കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് നിത്യേനയുള്ള വ്യാജ വാർത്താ നിർമ്മാണം. മാധ്യമങ്ങളുടെ ഈ നിലപാടിനെ തള്ളിക്കളഞ്ഞു കൊണ്ടാണ് കേരള ജനത ഒന്നാം പിണറായി സർക്കാരിന് ഭരണത്തുടർച്ച നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ മാധ്യമങ്ങളുടെ ഈ ആക്രമണം കൂടുതൽ ശക്തിപ്പെടുന്നതായാണ് കണ്ടത്‌. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കൂർ കേരളത്തിലെത്തി ഏതാനും ചില മാധ്യമ മേധാവികളെ മാത്രം കണ്ട് ചായ സൽക്കാരം നടത്തിയതും മാധ്യമങ്ങളുടെ ഈ ഇടതുപക്ഷ ആക്രമണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

ഈ താല്പര്യങ്ങളുടെ ഭാഗമായി മാധ്യമങ്ങൾ അവരുടെ വ്യാജ വാർത്താ നിർമ്മാണവും അതിൻ്റെ നൈരന്തര്യവും വിന്യാസവും വിപുലപ്പെടുത്തുമ്പോൾ സ്വഭാവമായി അതിനോട് ഏറ്റുമുട്ടാൻ രാഷ്ട്രീയ ഉത്തരവാദിത്തമുള്ള ഇടതുപക്ഷ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിരോധം തീർക്കും. ഇന്ത്യയിലെ മറ്റു പലയിടത്തും എളുപ്പത്തിൽ നടത്തും പോലെ തങ്ങളുടെ മൂലധന യജമാനന്മാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് യഥേഷ്ടം പൊതുബോധ നിർമ്മിതി നടത്താൻ ചില ബുദ്ധിമുട്ടുകൾ മുഖ്യധാര മാധ്യമങ്ങൾക്ക് സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ പ്രവർത്തകർ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് നിലവിലെ 'സൈബർ കടന്നൽ' വിരോധത്തിന്റെ രാഷ്ട്രീയ കാരണം.

മുഖ്യധാര മാധ്യങ്ങൾ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തുന്ന വ്യാജവാർത്ത വ്യവസായത്തെ ജനങ്ങളുമായി നേരിട്ട് കൂടുതൽ ബന്ധം സ്ഥാപിക്കുക വഴി ജനകീയമായി നേരിടുക എന്നതാണ് ഇടതുപക്ഷത്തിന് മുന്നിലുള്ള പ്രധാന വഴി. ആ പ്രവർത്തനത്തിന് കരുത്തുപകരാനാണ് സോഷ്യൽ മീഡിയ സ്‌പേസിലെ ഇടതുപക്ഷം ശ്രമിക്കുന്നത്. അതാണ് അതിന്റെ രാഷ്ട്രീയം. അത് ഏതെങ്കിലും മാധ്യമ പ്രവർത്തകരോടുള്ള വ്യക്തിവിരോധമായി രണ്ടു വിഭാഗത്തിലും ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നത് തന്നെയാണ് നല്ലത്.

logo
The Cue
www.thecue.in