ഭീരുക്കളും ബലഹീനരുമായ നായകന്‍മാര്‍, പുതിയ മലയാള സിനിമ

ഭീരുക്കളും ബലഹീനരുമായ നായകന്‍മാര്‍, പുതിയ മലയാള സിനിമ
Summary

മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളുടെ കാലം അവസാനിച്ചോ,അതിശക്തിമാനായ പുരുഷന്‍ അസ്തമിച്ചോ ? സമകാലമലയാളത്തിലെ ഗൗരവമേറിയ സമാന്തരപ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെടുന്നുവോ ? ചലച്ചിത്ര നിരൂപകന്‍ ഡോ.സി.എസ് വെങ്കടേശ്വരനുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖം

Q

കോവിഡ് കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ജോജി, നായാട്ട്, ആര്‍ക്കറിയാം, കള എന്നിങ്ങനെ ചില മലയാളസിനിമകളെ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍. മലയാളസിനിമകളുടെ പുതിയ സ്വഭാവവും ഭാവമാറ്റവും എന്തൊക്കെയാണെന്ന് പറയാമോ. മലയാളസിനിമയുടെ പുതിയ പ്രവണതകള്‍ എന്താണ്?

A

മലയാളസിനിമയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തലമുറമാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു ജനറേഷണല്‍ ഷിഫ്റ്റ്. നടീനടന്മാരുടെ, സംവിധായകരുടെ, തിരക്കഥാകൃത്തുക്കളുടെ, സാങ്കേതിക വിദ്യയുടെ, സാങ്കേതികവിദഗ്ധരുടെ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഈ മാറ്റം വന്നിട്ടുണ്ട്. നമ്മുടെ ആഖ്യാനരീതികളെയും പരിസരങ്ങളെയും പരിചരണരീതിയെയും അത് അടിമുടി മാറ്റിയിട്ടുണ്ട്. ഈ മാറ്റം സൂപ്പര്‍സ്റ്റാറുകളുടെ യുഗം അവസാനിക്കുന്നതിലേക്കുള്ള പരിവര്‍ത്തനവുമായിരുന്നു. അത് മലയാളസിനിമയ്ക്ക് വലിയ ആശ്വാസവുമാണ് നല്‍കിയത്. ആഖ്യാനത്തിനകത്തെ മറ്റ് കഥാപാത്രങ്ങളെല്ലാം താരാധിപത്യ സിനിമയ്ക്കകത്ത് ഫാന്‍സ് അസോസിയേഷനുകളായി മാറേണ്ടിവന്ന അവസ്ഥപോലും ഉണ്ടായിരുന്നു. ആഖ്യാനത്തിനകത്തുതന്നെ വല്ലാത്തൊരു ശ്വാസംമുട്ട് ഉണ്ടായിരുന്നു. നമ്മുടെ സൂപ്പര്‍ താരങ്ങളുടെയും നായികമാരുടെയും പ്രായ അനുപാതം വെച്ച് നല്ലൊരു പ്രണയകഥപോലും പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. അതിനൊരു അവസാനമായിരിക്കുന്നു. സിനിമയുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടും വലിയ പ്രശ്‌നങ്ങള്‍ നേരത്തെയുണ്ടായിരുന്നു. സൂപ്പര്‍താരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ടെലിവിഷന്‍ റെയിറ്റിങ്ങ് തീരുമാനിച്ചിരുന്നത്. അവരുള്ള സിനിമകള്‍ക്കുമാത്രമേ കൂടുതല്‍ തുക ലഭിച്ചിരുന്നുള്ളൂ. ആയതിനാല്‍ മറ്റുതരം കഥകള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ നടന്മാര്‍ക്കോ സിനിമയില്‍ പ്രവേശിക്കാന്‍ കഴിയാത്ത ഒരവസ്ഥയുണ്ടായിരുന്നു. ഇത്തരം അവസ്ഥകളെല്ലാം പാടെ അവസാനിച്ചു എന്നതാണ് പുതിയ സിനിമകളിലെ സ്വാഗതാര്‍ഹമായ മാറ്റം. പുതിയ സംവിധായകരുടെയും നടന്മാരുടെയും കടന്നുവരവും മാറിയ സിനിമാ ആഖ്യാന അന്തരീക്ഷവും ഒരുതരം 'ഗുരുതരമായ ലാഘവത്വം' സിനിമയിലേക്ക് വന്നുചേരാന്‍ കാരണമായി. അതിമാനുഷനായ സൂപ്പര്‍ കഥാപാത്രങ്ങളില്‍നിന്ന് മാറി സാധാരണമനുഷ്യര്‍ കഥാപാത്രങ്ങളാകുന്ന സ്ഥിതി വന്നു. സാധാരണ മനുഷ്യരുടെതന്നെ സ്വഭാവം നിലനിര്‍ത്തുന്ന ഭാവാന്തരീക്ഷത്തിലേക്ക് നമ്മുടെ സിനിമ മാറി. വളരെ ഹാസ്യവും ദുരന്തവും കലരുന്ന ഗുരുതര ലാഘവത്വം സിനിമയില്‍ കടന്നുവന്നു. ലുക്ക് ആന്റ് ഫീലിനെ മൊത്തത്തില്‍ മാറ്റി. സിനിമയുടെ ട്രീറ്റ്‌മെന്റില്‍ത്തന്നെ മാറ്റം വന്നു. ഈ പുതുമ പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ഒരു കാരണമായി.

സി.എസ് വെങ്കിടേശ്വരന്‍
സി.എസ് വെങ്കിടേശ്വരന്‍
പുതിയ സിനിമയിലെ നായകന്മാരെ നോക്കൂ, അവരെല്ലാം castrated heroes ആണ്. അവരില്‍ മിക്കവാറുമെല്ലാവരും ഭീരുക്കളാണ്, രോഗികളാണ്, ഷണ്ഡന്മാരാണ്. കടക്കാരാണ്, ബലഹീനരാണ്
സി.എസ് വെങ്കിടേശ്വരന്‍
Q

അതെന്തുകൊണ്ടാകാം അങ്ങനെയൊരു മാറ്റം സംഭവിച്ചത്. മലയാളി പ്രേക്ഷകസമൂഹത്തില്‍ വന്ന മാറ്റമാണോ ഇതിന് കാരണം. എന്തുകൊണ്ടാകാം പരക്കെ പ്രേക്ഷകര്‍ ഇത്തരം പുതുസിനിമകളെ സ്വീകരിക്കാന്‍ തയ്യാറായത്?

A

പ്രേക്ഷകരുടെ വിപണിസ്വഭാവം മാറിയിരുന്നു എന്നതാണ് അതിലൊരു കാരണം. പുതിയ ആഖ്യാനങ്ങളോടുള്ള താല്‍പര്യം കടന്നുവരുന്നു. പോസ്റ്റ് കോവിഡ് കാലത്തെ ഒടിടി സ്ട്രീമുകളുടെ കടന്നുവരവോടെ തിയറ്റര്‍/ടെലിവിഷന്‍ പ്രേക്ഷകരായിരുന്നവരുടെ ദൃശ്യ അഭിരുചികള്‍, ആഖ്യാനശീലങ്ങള്‍, ദൃശ്യവിനോദത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, സാങ്കേതികമികവിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, നാടകീയതയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാറ്റിലും മാറ്റങ്ങള്‍ വരുത്തിവെച്ചു.

പൊതുവായി ദൃശ്യവിനോദ അന്തരീക്ഷത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ആഗോളതലത്തിലും ദേശീയതലത്തിലും സാങ്കേതികമായി വന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഈ ചലനങ്ങളെ കാണാമെന്ന് തോന്നുന്നു. സാങ്കേതികവും ലാവണ്യപരവും സാമൂഹികവും വ്യാവസായികവും ആയി മാറിയ ഒരു പരിസരം നമ്മുടെ ദൃശ്യവിനോദരംഗത്തെ അടിമുടി മാറ്റിയിരിക്കുന്നു.

ഒരു കാലത്ത് സൂപ്പര്‍താരങ്ങള്‍ വലിയ തിയേറ്ററില്‍ അവരേക്കാള്‍ വലിയ സ്‌ക്രീനിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അതിലും വലിയ കട്ടൗട്ടുകളാലാണ് ആ താരങ്ങളെ സിനിമാപ്രേമികള്‍ എതിരേറ്റതും. ഇതൊക്കെ ഇല്ലാതായി വീട്ടിനുള്ളിലേക്ക് ചെറിയ സ്‌ക്രീനിലേക്ക്(ഒടിടി റിലീസിങ്ങ്) സിനിമകള്‍ വരുന്നു എന്നത് സൂപ്പര്‍താരങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ടാക്കുന്നുണ്ടോ?

ഒടിടി പ്ലാറ്റ്‌ഫോമിന്റെ കഥപറച്ചില്‍രീതി വളരെ വ്യത്യസ്തമാണ്. സിനിമയുടെ ഒരു ചാലഞ്ചായി ഞാനിതിനെ കാണുന്നേയില്ല. സിനിമ എന്ന ദൃശ്യാനുഭവം തികച്ചും വ്യത്യസ്തമാണ്. വലിയ തിരശീലയില്‍നിന്ന് ചെറിയതിലേക്കുള്ള മാറ്റമാണിവിടെ സംഭവിക്കുന്നത്, അതനുസരിച്ച് ഇവ രണ്ടിലുമുള്ള ആഖ്യാനങ്ങളും മാറുന്നു. ഒപ്പം സിനിമയില്‍ സ്ഥലകാലങ്ങള്‍ക്കുള്ള പ്രാധാന്യവും മാറുന്നു. നേരത്തെ പരിചയിച്ചുവന്ന വന്‍കാന്‍വാസിലെ സൂപ്പര്‍സ്റ്റാര്‍ സിനിമകളിലെ കഥകളെടുത്തുനോക്കിയാല്‍ വലിയ കാലദൈര്‍ഘ്യത്തിലാണ് ആ കഥകള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നത് എന്നുകാണാം. സൂപ്പര്‍താര നായകരുടെ പടുതി അല്ലെങ്കില്‍ ആഖ്യാനത്തിന് വലിയ ഭൂതഭാവികാലങ്ങള്‍ ആവശ്യമുണ്ട്; അത് ഭൂതകാലത്തിലെ ചില കണക്കുകള്‍ തീര്‍ക്കാനായുള്ള നായകന്റെ നാട്ടിലേക്കുള്ള തിരിച്ചുവരവാകാം, അല്ലെങ്കില്‍ ഗൃഹാതുരത്വമാകാം അങ്ങനെ പല രീതിയിലും ഭൂതകാലം അയാളിലുണ്ട്. വര്‍ത്തമാനകാലത്തിലാണ് അയാളുടെ സാഹസികക്രിയകള്‍, കണക്കുതീര്‍ക്കലുകള്‍ അരങ്ങേറുന്നത്. അതുപോലെ അയാള്‍ക്ക് ചില ഭാവിസ്വപ്‌നങ്ങളും പദ്ധതികളുമുണ്ട്. അങ്ങനെ കാലബദ്ധമാണ് പഴയ നായക കേന്ദ്രത്തിലുള്ള ആഖ്യാനങ്ങളുടെ സ്വരൂപം.

എന്നാല്‍ പുതിയ സിനിമകളില്‍ ആഖ്യാനത്തിന്റെ കാലമെന്ന് പറഞ്ഞാല്‍ വളരെ ചെറിയ സമയമാണ്. ഒരു ദിവസം നടക്കുന്നതാണ് 'കള' എന്ന സിനിമയുടെ കാലദൈര്‍ഘ്യം. 'ആര്‍ക്കറിയാം' ആണെങ്കില്‍ കോവിഡ് കാലത്തെ വെക്കേഷനില്‍, ഹ്രസ്വമായ സന്ദര്‍ശനവേളയില്‍ നടക്കുന്ന കഥയാണ്. 'ജോജി'യില്‍ അച്ഛന്റെ വീഴ്ച തൊട്ട് മരണംവരെയുള്ള കുറച്ച് ദിവസങ്ങളിലാണ് സിനിമ നടക്കുന്നത്. 'ട്രാഫിക്' സിനിമതൊട്ടേ ഈ മാറ്റം മലയാളസിനിമയില്‍ വരുന്നുണ്ടായിരുന്നു. പിന്നീടും എത്രയോ സിനിമകള്‍. ഇത്തരം സിനിമകളില്‍ കാലദൈര്‍ഘ്യം വളരെ ഹ്രസ്വമാണ്. ദുരന്തനായകന്മാര്‍ക്കോ വീരനായകന്മാര്‍ക്കോ നില്‍ക്കാന്‍ പറ്റുന്ന സ്ഥലമല്ലാതായി അത് മാറുകയായിരുന്നു. താരസിനിമകളില്‍ ഭൂതകാലവും ഭാവിയും വേണം. അതിലേ അവരുടെ ആഖ്യാനത്തിന് ഒരിടമുള്ളൂ. കാലത്തിന്റെ വലിയൊരു ഭാരം അല്ലെങ്കില്‍ ദൈര്‍ഘ്യം ഇല്ലാതാകുന്നതോടെ എല്ലാം ക്ഷണികമാവുന്നു.

അടിയന്തരവും സന്നിഹിതവുമായ സമയത്തിലാണ് പുതിയ സിനിമയുടെ കഥകള്‍ നില്‍ക്കുന്നത്. ഒരു അപകടം, അനിശ്ചിതമായ സംഭവം അതില്‍നിന്ന് തുടങ്ങുന്ന സംഭവങ്ങളുടെ പരമ്പരയാണ് ഈ സിനിമകള്‍. സൂപ്പര്‍താരാനന്തര മലയാള നായക സ്വരൂപത്തിന്റെ അഭാവത്തെക്കൂടി ഈ പുതിയ ആഖ്യാനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പുതിയ സിനിമയിലെ നായകന്മാരെ നോക്കൂ, അവരെല്ലാം castrated heroes ആണ്. അവരില്‍ മിക്കവാറുമെല്ലാവരും ഭീരുക്കളാണ്, രോഗികളാണ്, ഷണ്ഡന്മാരാണ്. കടക്കാരാണ്, ബലഹീനരാണ്. ജോജി, ആര്‍ക്കറിയാം, കള, അയ്യപ്പനും കോശിയും എന്നിങ്ങനെ മിക്ക സിനിമകളിലും അതിശക്തരും പ്രതാപികളുമായ പിതൃസ്വരൂപങ്ങളുണ്ട് എന്നതാണ് മറ്റൊരു വസ്തുത. അതുവരെ ലോകത്തെയും ആഖ്യാനത്തെയും അടക്കിഭരിച്ചിരുന്ന സൂപ്പര്‍താരങ്ങളുടെ പ്രതിരൂപങ്ങള്‍തന്നെയാണ് ഈ സിനിമകളിലെ പിതാക്കന്മാര്‍.

Q

ഇത് നല്ലൊരു നിരീക്ഷണമാണെന്ന് തോന്നുന്നു. ഇത്തരം ഒട്ടുമിക്ക സിനിമകളിലും ശക്തനായ പിതാക്കന്മാരുണ്ട്. സത്യത്തില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നത് പഴയകാല സൂപ്പര്‍സ്റ്റാര്‍ സിനിമകളിലെ ആണ്‍സ്വരൂപങ്ങളെയായിരിക്കണം?

A

സൂപ്പര്‍താര ആഖ്യാനങ്ങളുടെ പ്രേതസാന്നിദ്ധ്യങ്ങളാണ് ഈ പിതൃരൂപങ്ങളെന്ന് പറയുമ്പോള്‍തന്നെ മലയാളിയുടെ രൂപീകരണവുമായി ഇതിനെ ചേര്‍ത്തുവായിച്ചെടുക്കാവുന്നതാണ്, മലയാളി ആണത്വത്തിന്റെ പ്രതിസന്ധിയായി കൂടി ഇതിനെ കാണാം. സിനിമാലോകത്ത് ഉയര്‍ന്നുവന്ന വനിതകളുടെ സംഘടനയായ WCCയുടെ രൂപീകരണവുമായി ഇതിനെ ചേര്‍ത്ത് വായിക്കാവുന്നതാണ്. ആഖ്യാനത്തിനകത്തെ പുരുഷനായകന്റെ സമഗ്രാധിപത്യത്തിന് ഈ സംഘടനയുടെ സാന്നിദ്ധ്യം അബോധപൂര്‍വമായിട്ടെങ്കിലും പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആ സംഘടനയുടെ ഉയര്‍ച്ച ഒരുപക്ഷേ സിനിമാവ്യവസായത്തില്‍ നേരിട്ട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ലായിരിക്കും. എങ്കിലും അത് സിനിമയുടെ ആഖ്യാനങ്ങള്‍ക്കകത്തെ സബ്‌ടെക്സ്റ്റായി നിരന്തരം നിലനില്‍ക്കുന്നുണ്ട്.

പലപ്പോഴും തികച്ചും ആണ്‍കേന്ദ്രിതമാണ് ഈ സിനിമകള്‍. സ്ത്രീകള്‍ ഈ രഹസ്യങ്ങളിലേക്ക് കടക്കുന്നേയില്ല. ഇവിടെ സാക്ഷികളോ നിഷ്‌ക്രിയരായ കാണികളോ ആയി മാറുകയാണ് അവര്‍. മൂല്യനിരാസവും ഹിംസയുമാണ് ഈ നാടകീയതയുടെ ഉള്ളിലുള്ളത്.
Q

ചുരുങ്ങിയ കാലത്തിനകത്ത് നടക്കുന്ന പുതിയ സിനിമയിലെ പല കഥാപാത്രങ്ങളും ക്ഷിപ്രപ്രതാപികളാണ്. എങ്ങനെയാണ് മലയാള സിനിമയില്‍ സ്ഥല സങ്കല്‍പ്പത്തില്‍ ഇങ്ങനെ മാറ്റം വന്നത്?

A

കാലത്തിന്റെ കാര്യത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇത്തരം പുതുസിനിമകളില്‍ വളരെ സന്നിഹിതവും അടിയന്തരവുമായ നിലയില്‍ ചുറ്റും നടക്കുന്ന അനുഭവങ്ങളോടും ചുറ്റും നടക്കുന്ന കാര്യത്തിനോടും പെട്ടെന്ന് പ്രതികരിക്കുന്ന രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നത്. പ്രതികരണങ്ങളാകുന്നു സിനിമ. പൂര്‍വചിന്തിതമായ കാര്യങ്ങളല്ല. സൂപ്പര്‍സ്റ്റാര്‍ സിനിമയിലെ നായകന് ഒരു പ്രോജക്ടുണ്ട്, ജീവിതത്തെ സംബന്ധിച്ച്. എന്നാല്‍ പുതിയ സനിമകളില്‍ കഥാപാത്രങ്ങള്‍ ചില ഇടങ്ങളില്‍, സന്ദര്‍ഭങ്ങളില്‍ പെട്ടുപോകുന്ന അവസ്ഥയാണുള്ളത്. കള, ആര്‍ക്കറിയാം, ഇഷ്‌ക്, അയ്യപ്പനും കോശിയും, തുടങ്ങി പലചിത്രങ്ങളിലും നായകര്‍ ചില അവസ്ഥകളില്‍ പെട്ടുപോവുകയാണ്. കളയില്‍ എവിടെനിന്നോ വരുന്ന പ്രതിയോഗിയെ നേരിടേണ്ടിവരികയാണ്. പിന്നെ അതിനോടുള്ള പ്രതികരണ പരമ്പരയിലേക്ക് അയാള്‍ തള്ളപ്പെടുന്നു. കഥാപാത്രത്തിന്റെ മാനസികാവസ്ഥ, ചിന്തകള്‍ എന്നതിലുപരി അയാള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം. അയാള്‍ നില്‍ക്കുന്ന സ്ഥലം പരിസരം എന്നതിനാണ് പ്രാധാന്യം ലഭിക്കുന്നത്. അതിനാലാണ് പ്രകൃതിയും ഹമിറരെമുല പ്പുമെല്ലാം ഒരു പ്രധാനഘടകമാകുന്നത്. ഈ സിനിമകളില്‍ പലതും സംഭവിക്കുന്നത് ഹൈറേഞ്ചിലാണ്. വള്ളുവനാടന്‍ മേല്‍ജാതി സവര്‍ണ കുടുംബത്തിന്റെ ഇരുണ്ട പശ്ചാത്തലത്തില്‍നിന്ന് തുറന്ന സ്ഥലത്തേക്ക് മലയാള സിനിമ മാറുന്നു.

സ്ഥലപരവും ഒപ്പം സാമൂഹികപരിസരത്തിലും ഒരു വലിയ മാറ്റം ഇവിടെ സംഭവിച്ചു. ഒരു സ്ഥലം അവിടുത്തെ ജീവിതരീതികള്‍, തൊഴില്‍, മനുഷ്യബന്ധങ്ങള്‍, അധികാരരൂപങ്ങള്‍ എല്ലാം ആ സ്ഥലവിസ്താരത്തില്‍ വിന്യസിക്കപ്പെടുന്നു. ഒരു സാമൂഹ്യാന്തരീക്ഷത്തിലേക്ക് മില്യൂവിലേക്കാണ് ഈ ആഖ്യാനങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. ഒരു പ്രത്യേക സമ്പദ് വ്യവസ്ഥ പ്രകടമായി മനസ്സിലാക്കിയെടുക്കാന്‍ ഈ സിനിമകളിലൂടെ കഴിയും. അയാള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടിവരുന്നില്ല. അയാള്‍ എവിടെയാണ് നില്‍ക്കുന്നത് അയാളുടെ ചരിത്രം എന്താണ് എന്നൊക്കെ നമുക്ക് വേഗം പിടികിട്ടും. ഒരു ക്രിസ്തീയ പരിസരത്തിലാണ് ചില സിനിമകള്‍ നിലനില്‍ക്കുന്നത്. അവിടെയാണ് ഈ സിനിമയുടെ ആഖ്യാനത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്‌പേസിന്റെ പല തരം പ്രത്യേകതകള്‍ ഉയര്‍ച്ച താഴ്ചകള്‍...ഈ ഇടം അയാളെ കുടുക്കിനിര്‍ത്തുന്നു. ആ ഇടത്തിന്റെ ഇടുക്കം നമുക്ക് കാണാം, അയാള്‍ അവിടെ പെട്ടുപോകുന്നതായി തോന്നുന്നു. അയാള്‍ക്ക് രക്ഷപ്പെടാന്‍ പറ്റുന്നില്ല. അയാള്‍ക്ക് ചിലപ്പോള്‍ ആ ഇടംതന്നെ ഒരു തടവറയായി തോന്നുന്നു. കള, ജോജി ഇതിലെല്ലാം ഇതേ കാര്യം പറയുന്നു. സ്ഥലം അയാളെ ചൂഴ്ന്നുനില്‍ക്കുന്ന, അപായപ്പെടുത്തുന്ന അവസ്ഥയിലേക്ക് പ്രകൃതി, ഇടം മാറുന്നു. കളയിലെ മൂര്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എവിടുന്നാണ് വരുന്നതെന്നുപോലും ടോവിനോതോമസിന്റെ കഥാപാത്രത്തിന് മനസിലാകുന്നില്ല. പ്രകൃതി അല്ലെങ്കില്‍ ഇടം അത്രമാത്രം ഭീഷണമായി ചുറ്റിപ്പറ്റിനില്‍ക്കുന്നു. സ്‌പേസിനെ ഒരു കഥയുടെ ആഖ്യാനത്തിന്റെ ഭാഗമാക്കാതെ ഈ സിനിമകള്‍ക്ക് നിലനില്‍ക്കാനാവില്ല.മുന്‍കാല സിനിമകളില്‍ കഥാപാത്രത്തിന്റെ മാനസികാവസ്ഥയുടെ നാടകീയ ധാരയാണ് വികസിക്കുന്നതെങ്കില്‍ ഇവിടെ മാനസികാവസ്ഥയ്ക്ക് പകരം കഥാപാത്രത്തിന്റെ പ്രതികരണത്തിനാണ് പ്രാധാന്യം. ഭീഷണിയോടും വെല്ലുവിളിയോടും പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു അയാള്‍. അയാള്‍ നേരിടുന്നത് മുന്നിലുള്ള മനുഷ്യരെയും വസ്തുക്കളെയും സ്ഥലത്തെയുമാണ്. അതായത് സംഭവപരമ്പരകളെല്ലാം സ്ഥല അധിഷ്ഠിതമാണ്. കാല അധിഷ്ഠിതമല്ല.

ഒരുപക്ഷേ ഈ കാലഘട്ടത്തെ വലിയരീതിയില്‍ പ്രതിനിധീകരിക്കുന്ന നായകന്‍ ഫഹദ് ഫാസില്‍ ആയിരിക്കും. അയാളുടെ vulnerabilityയും സാധാരണത്വവും അതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഈ കാലഘട്ടത്തിന്റെ എല്ലാവിധ സന്ദേഹങ്ങളെയും ഒരു രീതിയില്‍ ശരീരത്തില്‍ പേറുന്ന നായകനാണ് ഫഹദ്.
Fahad faasil
Fahad faasil Joji Movie
Q

ക്ലാസിക് സിനിമാക്കാരായ താര്‍കോവ്‌സ്‌കിയെപ്പോലുള്ളവരുടെ സിനിമകളെ ഓര്‍ത്ത് സ്ഥലത്തെയും കാലത്തെയുംകുറിച്ച് ചിലത് ചോദിക്കട്ടെ. മനുഷ്യരാശിയുടെ ചരിത്രാതീതകാലം മുതലുള്ള ഒരു തുടര്‍ച്ചയുടെ ഭാഗമാണ് നാം ജീവിക്കുന്ന ഈ പരിമിതപ്പെട്ട സ്ഥലവും പുതിയ മലയാള സിനിമയെ നിര്‍ണയിക്കുന്ന പരിമിതപ്പെട്ട സമയവുമെല്ലാം. ഒരു വലിയ തുടര്‍ച്ചയുടെ ഭാഗമാണ് എന്ന് പറയുമ്പോള്‍ ഇതിന്റെ ഭാഗമായിട്ടുള്ള സിനിമയില്‍ പതുക്കെയുള്ള മനുഷ്യരാശിയുടെ മുന്നോട്ട് പോക്കിനെ അവധാനതയോടുകൂടി ശ്രദ്ധയോടെ മനനം ചെയ്‌തെടുക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാതെ പോകുന്നുണ്ടോ? (പുതു സിനിമാ നിര്‍മാണത്തിന് പിന്നില്‍ മനനം തീരേയില്ലെന്നല്ല) ഒരു പതിഞ്ഞ കാലം സാധ്യമല്ല എന്ന് വരുന്നുണ്ടോ?

A

പുതിയകാലസിനിമയുടെ ഈ മൊത്തം മാറ്റത്തെ, ആഖ്യാനത്തിലെ ആഖ്യാനവേഗങ്ങളിലെ മാറ്റത്തെ ഒരു ബൃഹദ് പശ്ചാത്തലത്തില്‍ കാണാമെന്ന് തോന്നുന്നു. നമ്മുടെ സാമ്പത്തികവും പ്രാകൃതികവും സാമൂഹികവും രാഷ്ട്രീയവുമായ കാലാവസ്ഥാമാറ്റം ഇതിലും പ്രതിഫലിപ്പിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഡീമോണിറ്റൈസേഷന്‍ പ്രഖ്യാപനത്തെ എടുക്കാം. എത്ര പെട്ടെന്നാണ് നമ്മുടെ ജീവിതത്തെ അത് അട്ടിമറിച്ചത്. പൗരത്വബില്‍ ആണെങ്കില്‍ എത്രയോ കാലമായി ഇവിടെ ജീവിക്കുന്ന പൗരനോട് ചോദിക്കുന്നു താങ്കള്‍ ഈ രാജ്യക്കാരന്‍തന്നെയാണോ എന്ന്. ഒരു മനുഷ്യന്റെ പൗരത്വം പൊടുന്നനെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ. പ്രളയമാകട്ടെ അതുവരെയുള്ള ജീവിതത്തെ പെട്ടെന്ന് താറുമാറാക്കിക്കളഞ്ഞു. കോവിഡ് എന്ന മാഹാമാരി നാളെ ഞാന്‍ ജീവിച്ചിരിക്കുമോ, ചുറ്റുമുള്ളവര്‍ ഇവിടെ നിലനില്‍ക്കുമോ എന്നറിയില്ലാത്ത അവസ്ഥയുണ്ടാക്കി. ഊഹമൂലധനത്തിന്റേതായ(speculative financial capitalism) ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കണം. ഒന്നിലും ശാശ്വതമായ ഉറപ്പില്ലാത്ത, എല്ലാം അനിശ്ചിതമായിക്കൊണ്ടിരിക്കുന്ന, അപ്രതീക്ഷിതങ്ങളുടെ ഒരു പരമ്പരയായി ജീവിതവും രാഷ്്ട്രീയവും സമൂഹവും മാറുമ്പോള്‍ ലോകം മുഴുവന്‍ വര്‍ത്തമാനത്തിലേക്ക് ചുരുങ്ങുന്നു. നിങ്ങള്‍ക്ക് വീട്ടിന് പുറത്ത് കടക്കാന്‍ പറ്റാത്ത കാലത്ത് നിങ്ങളിലേക്ക് തന്നെ നിങ്ങള്‍ ചുരുങ്ങുന്ന കാലത്ത് സ്ഥലപരമായും നിങ്ങള്‍ ചുരുങ്ങുന്നുണ്ട്. അത്തരമൊരു ചുരുക്കത്തിന്റെയും ആശങ്കയുടെയും മാനസികാവസ്ഥയുടെയും പ്രതികരണം കൂടിയുണ്ട് ഈ സിനിമകളില്‍. ആ അര്‍ത്ഥത്തില്‍ കാലത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് ഈ സിനിമകളെന്ന് പറയാം. എന്നാല്‍ കലയുടെ അല്ലെങ്കില്‍ സിനിമയുടെ ചരിത്രം നോക്കുകയാണെങ്കില്‍ സിനിമാറ്റിക് ഇമേജുമായിട്ടുള്ള മനുഷ്യരുടെ മുഖാമുഖം(എന്‍കൗണ്ടര്‍) നോക്കുമ്പോള്‍ സിനിമയുടെ പ്രധാനപ്പെട്ട സങ്കേതങ്ങളിലൊന്ന് ദൈര്‍ഘ്യമാണെന്ന്(ഡ്യൂറേഷന്‍)കാണാം. അതായത് കാലം.

താര്‍കോവ്‌സ്‌കി സിനിമയെ വിശേഷിപ്പിക്കുന്നത് കാലത്തിലെ ശില്പകല എന്നാണ്. അത് ദൃശ്യങ്ങളുടെ അവധാനതയിലൂടെ, സമയദൈര്‍ഘ്യത്തിലൂടെ പുതിയൊരു കാലബോധത്തെയും സമയക്രമത്തെയും സൃഷ്ടിക്കുന്നതിലൂടെയാണ് സംഭവിക്കുന്നത്, നിരന്തരമായി ത്രസിപ്പിക്കുന്ന മൊണ്ടാഷിലൂടെയല്ല ഉണ്ടാക്കുന്നത്. അത് പ്രത്യേകരീതിയില്‍ സിനിമാറ്റിക് ഇമേജുകളുമായി വളരെ റിഫഌക്ടീവായ റിലേഷന്‍ഷിപ്പ് ഉണ്ടാക്കുകയും കാലത്തിന്റെ ചലനത്തെ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. ഒരു ഷോട്ടിന്റെ പ്രയോജനപരത കഴിഞ്ഞുനില്‍ക്കുമ്പോഴാണ് കാലം നിങ്ങള്‍ അനുഭവിച്ചുതുടങ്ങുന്നത്. പ്രത്യേകപരമ്പരയുടെ ഭാഗമായി ആവശ്യത്തിന് ഷോട്ട് കാണിക്കുന്നതിലൂടെയാണല്ലോ സിനിമയിലെ മൊണ്ടാഷ് വര്‍ക്ക് ചെയ്യുന്നത്. കാര്യകാരണപരമ്പരയുടെ ഭാഗമായി, അവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഷോട്ടുകള്‍ വിന്യസിക്കുന്നതിലൂടെയാണല്ലോ മൊണ്ടാഷിന്റെ യുക്തിയും ആഖ്യാനവും പ്രവര്‍ത്തിക്കുന്നത്. അങ്ങനെയാണല്ലോ സിനിമയുടെ നാടകീയത പ്രവര്‍ത്തിക്കുന്നത്. അതിനെ ഭേദിച്ചുകൊണ്ടാണ് പുതിയ സിനിമ വരുന്നത്.

ദൃശ്യത്തെയും ലോകത്തെയും പ്രയോജനപരമായി കാണാനാണ് അത് നമ്മെ പ്രേരിപ്പിക്കുന്നത്. പ്രയോജനപരതയുടേതായ ആ ഹ്രസ്വസന്ദര്‍ഭം കഴിയുമ്പോള്‍, അതായത് ദൃശ്യം അതിനുശേഷം പിന്നെയും തിരശീലയില്‍ അവശേഷിക്കുമ്പോള്‍ നമ്മള്‍ കാലത്തെ അനുഭവിച്ചുതുടങ്ങുന്നു; അത് ദൃശ്യബിംബവുമായുള്ള നമ്മുടെ ബന്ധത്തെ മാറ്റുന്നു. അതാണ് ഇപ്പറഞ്ഞ സിനിമകളില്‍ ഇല്ലാതാവുന്നത്. അത്തരത്തില്‍ ധ്യാനാത്മകമായ പ്രതിഫലനാത്മകമായ ഒരു ലാവണ്യാനുഭൂതിയല്ല ഈ ചിത്രങ്ങള്‍ ലക്ഷ്യം വെക്കുന്നത്. മറിച്ച് നമ്മെ അതിന്റെ നാടകീയതയില്‍ സംഭവബഹുലതയില്‍ വലിച്ചുമുറുക്കിയ കാല ഒഴുക്കില്‍ പിടിച്ചുനിര്‍ത്തുക എന്നതാണ് അവയുടെ ലക്ഷ്യം. വലിയൊരു റോളര്‍ കോസ്റ്റര്‍ റൈഡില്‍ കയറുന്നതുപോലെയുള്ള അനുഭവമാണ് ഇത്തരം സിനിമകള്‍ നല്‍കുന്നത്. സിനിമ നല്‍കുന്ന ഈ ലാവണ്യാനുഭൂതിയാണ് സിനിമയുടെ ശക്തി, അത് നിലനില്‍ക്കുക തന്നെ ചെയ്യും.

പ്രായോഗികമായ തലത്തിലെടുക്കുകയാണെങ്കില്‍ മലയാള സിനിമാവ്യവസായത്തിലെ തൊഴില്‍നിയമങ്ങളിലോ സേവന വേതന നിമയങ്ങളിലോ മൂര്‍ത്തമായ മാറ്റത്തിന് ഈ സംഘടന കാരണമായിട്ടില്ല. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ഹേമ കമ്മീഷനെ നിയോഗിച്ചത് ഈ സംഘടനയുടെ ആവശ്യപ്രകാരമായിരുന്നു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല.
Kala Movie
Kala Movie
Q

പുതുതായി വരുന്ന പല സിനിമകളിലും ഹിംസയുടെ അതിപ്രസരം കടന്നുവരുന്നതായി തോന്നുന്നു?

A

പുതിയ സിനിമകള്‍ റിലീസാകുമ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും വളരെ എക്‌സൈറ്റഡ് ആയ പ്രതികരണങ്ങളുടെ നിരതന്നെ കാണാം. അത് വായിക്കുമ്പോള്‍ അത്രയും ഗഹനമായ ഗാഢമായ പരിണാമമാണോ നവതരംഗമാണോ ഇവിടെ സിനിമയില്‍ സംഭവിക്കുന്നത് എന്നതില്‍ സംശയമുണ്ട്. അക്കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. പരിചരണങ്ങളുടെ കാര്യത്തില്‍ വരുന്ന മാറ്റം ശ്രദ്ധിക്കുമ്പോള്‍ ഇമേജിന്റെ കാര്യത്തില്‍ അവധാനത നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമില്‍ വരുന്ന വെബ്‌സീരീസിന്റെ ഒരു സ്വഭാവമാണ് ഈ സിനിമകള്‍ മിക്കതിനുമുള്ളതെന്ന് തോന്നിയിട്ടുണ്ട്. വളരെ സംഭവബഹുലമായതും പ്രേക്ഷകരെ നിരന്തരം ആകാംക്ഷയില്‍ നിര്‍ത്തുന്ന ഒരു രീതിയുമാണുള്ളത്. അതോടൊപ്പം രണ്ടുതരം ഘടകങ്ങള്‍ പ്രത്യേകം കാണേണ്ടതുണ്ട് പുതിയ സിനിമകളില്‍. ഒന്ന് ഹിംസ. ultimately it become spectacle of the violence. 'കള'യില്‍ വലിയ ഹിംസതന്നെയാണ് സിനിമയിലുടനീളമുള്ളത്. പലപ്പോഴും ഏന്തെങ്കിലും തരത്തിലെ മൂല്യങ്ങളുടെ, നൈതികഭാവനയുടെ നിരാസമാണ് ഇത്തരം സിനിമകളിലുള്ളത്. നീതി എന്ന സങ്കല്പം കാലബദ്ധമായ ഒന്നാണ്. ചില തെറ്റുകള്‍ തിരുത്തപ്പെടുക, ഇതാണ് ജീവിതം ഇതാണ് നീതിയുക്തമായ ലോകം എന്ന രീതിയിലുള്ള കാലദര്‍ശനമാണ് നീതി. അത്തരം മൂല്യവ്യവസ്ഥ എടുത്തുമാറ്റപ്പെടുന്നു പുതിയ സിനിമകളില്‍. കൊലപാതകത്തെയൊക്കെയാണ് അവയിലൂടെ പലപ്പോഴും നോര്‍മലൈസ് ചെയ്യപ്പെടുന്നത്.

കൊലപാതകത്തെക്കുറിച്ചുപോലുമുള്ള നീതിവിചാരണകള്‍ ഈ ആഖ്യാനങ്ങളെ അലോസരപ്പെടുത്തുന്നില്ല. അതുപോലെ പലപ്പോഴും തികച്ചും ആണ്‍കേന്ദ്രിതമാണ് ഈ സിനിമകള്‍. സ്ത്രീകള്‍ ഈ രഹസ്യങ്ങളിലേക്ക് കടക്കുന്നേയില്ല. ഇവിടെ സാക്ഷികളോ നിഷ്‌ക്രിയരായ കാണികളോ ആയി മാറുകയാണ് അവര്‍. മൂല്യനിരാസവും ഹിംസയുമാണ് ഈ നാടകീയതയുടെ ഉള്ളിലുള്ളത്, ഒരു രീതിയില്‍ ഇത്തരം സിനിമകളെ ചലിപ്പിക്കുന്നത് ഹിംസയാണെന്ന് കാണാം. അത് എന്നെ ഭയപ്പെടുത്തുന്നുണ്ട്.

WCC
WCC
Q

WCCയെ നേരത്തെ പരാമര്‍ശിച്ചിരുന്നു. ഈ സംഘടന എങ്ങനെയാണ് സിനിമാലോകത്തെ സ്വാധീനിച്ചിരിക്കുന്നത്?

A

പ്രായോഗികമായ തലത്തിലെടുക്കുകയാണെങ്കില്‍ മലയാള സിനിമാവ്യവസായത്തിലെ തൊഴില്‍നിയമങ്ങളിലോ സേവന വേതന നിമയങ്ങളിലോ മൂര്‍ത്തമായ മാറ്റത്തിന് ഈ സംഘടന കാരണമായിട്ടില്ല. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ഹേമ കമ്മീഷനെ നിയോഗിച്ചത് ഈ സംഘടനയുടെ ആവശ്യപ്രകാരമായിരുന്നു. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇതിന്റെ പിന്നിലും പുരുഷതാല്‍പര്യങ്ങള്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡൊക്കെ വന്നതിനാല്‍ അത്തരം ഇടപെടലുകള്‍ക്ക് സാധ്യതയുമില്ല. കോവിഡും പുരുഷാധിപത്യലോകത്തിന് ഏറെ ഗുണകരമാണ്.എന്നാല്‍ ഈ മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അപ്പുറം അമൂര്‍ത്തമായത് സിനിമാലോകത്ത് സംഭവിക്കുന്നുണ്ട്. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' മുതല്‍ 'ഹലാല്‍ ലവ് സ്റ്റോറി' വരെ പല സിനിമകളുടെയും അബോധത്തില്‍ WCC പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച് യുവ സംവിധായകരൊക്കെ വളരെ സെന്‍സിറ്റീവായി ഈ മുന്നേറ്റത്തെ എറ്റെടുത്തിട്ടുണ്ട്. അവരുടെ നരേറ്റീവ്‌സില്‍ അത് പ്രകടമാണ്; അവര്‍ക്കത് പ്രത്യക്ഷമായും സംഘടനാപരമായും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും. പുതിയ മലയാള സനിമയുടെ നൈതികബോധത്തില്‍ ആ മാറ്റത്തിന്റെ ചെടി വളര്‍ന്നിട്ടുണ്ട് എന്ന് പറയാം.

Q

ഇത്തരം സിനിമകള്‍ ആഘോഷിക്കപ്പെടുമ്പോഴും ആര്‍ട്ട് ഇന്റിപ്പെന്‍ഡന്റ് സിനിമകളുടെ അവസ്ഥയെന്താണ്?

A

യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സമാന്തര പരീക്ഷണാത്മക സിനിമകള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ക്കിടിയിലേക്ക് അത്തരം സിനിമകള്‍ വരുന്നതേയില്ല എന്നതാണ് ദാരുണമായ അവസ്ഥ. ഈയൊരു ത്രസിപ്പിക്കുന്ന പുതിയ ഫോര്‍മാറ്റിലുള്ള സിനിമകള്‍ മലയാളസിനിമയെക്കുറിച്ചുള്ള എല്ലാ വ്യവഹാരങ്ങളെയും കയ്യടക്കുമ്പോള്‍ അത്തരം സമാന്തര സിനിമകള്‍ക്ക് പരിഗണനയേ കിട്ടുന്നില്ല. പണ്ട് കൊമേഴ്‌സ്യല്‍ ഢട ആര്‍ട് സിനിമ എന്ന ചര്‍ച്ചകളിലെങ്കിലും ആര്‍ട്ട്/ ഇന്റിപ്പെന്‍ഡന്റ് സിനിമകള്‍ക്ക് പരിഗണന കിട്ടിയിരുന്നെങ്കില്‍ ഇന്ന് അത്തരം സിനിമകള്‍ പരിപൂര്‍ണമായും ഈ വ്യവഹാരങ്ങളില്‍നിന്ന് പുറത്താവുകയാണ് ചെയ്യുന്നത്. അത് അപകടകരമായ അവസ്ഥയാണ്. അത്തരം സിനിമകളാണ് നേരത്തെ സൂചിപ്പിച്ച അവധാനതയുടെയും ശ്രദ്ധയുടെയും ധ്യാനത്തിന്റെയും സിനിമ. ആ സിനിമകളെ സോഷ്യല്‍മീഡിയയിലും മറ്റും പലരും ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നേയില്ല.

സമാന്തരമെന്ന് വിളിക്കുന്ന ധാരാളം സിനിമകള്‍ ഇത്തരത്തില്‍ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. സമാന്തരമായ ലാവണ്യവും രാഷ്ട്രീയവും ആഖ്യാനങ്ങളും നിര്‍മിച്ചെടുക്കുന്ന ഇത്തരം സിനിമകളുടെ ഏകാന്തത കൂടി പരിഗണിക്കേണ്ടതാണ്. വിപിന്‍ വിജയ്, സനല്‍കുമാര്‍ ശശിധരന്‍, ഷാനവാസ് നരണിപ്പുഴ, സുദേവന്‍, ഡോ.ബിജു, ഷെറി, സജിന്‍ ബാബു, മനോജ് കാന, കെ.ആര്‍ മനോജ്, വിനു കോളിച്ചല്‍, ഡോണ്‍ പാലത്തറ, സഞ്ജു സുരേന്ദ്രന്‍ തുടങ്ങി പലരുടെയും സിനിമകള്‍ പുതിയകാലത്തെ വ്യത്യസ്തമായി കാണുവാനും ആവിഷ്‌കരിക്കുവാനും ശ്രമിക്കുന്നവയാണ്. മുമ്പ് സൂചിപ്പിച്ച ജനുസിലുള്ള സിനിമകളുടെ ആഘോഷത്തിനിടയില്‍ നിര്‍ണായകമായ ഈ ധാര പാടെ അവഗണിക്കപ്പെടുകയാണ് -പൊതുസമൂഹത്തിലും നിരൂപണവ്യവഹാരങ്ങളിലും.

Tovino Thomas
Tovino ThomasKala movie
Q

സൂപ്പര്‍ സ്റ്റാര്‍ കാലം സിനിമയില്‍ ഇല്ലാതാകുന്നു എന്ന് പറയുമ്പോള്‍ പുതിയ സ്‌പേസില്‍ ടോവിനോ തോമസ് പുതിയ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലേക്ക് വരുന്നില്ലേ?

A

ഒരു മാധ്യമമെന്ന നിലയില്‍ ലോകം മുഴുവനുമുള്ള സിനിമാചരിത്രം പരിശോധിച്ചാല്‍ തീര്‍ച്ചയായും അത് നില്‍ക്കുന്നത് താരങ്ങളുടെ നിര്‍മിതിയിലും അവരെ ചുറ്റിപ്പറ്റിയുള്ള കഥകളിലും മിത്തോളജിയിലുമൊക്കെയാണ്. അത് എല്ലായിടത്തും ഉണ്ടായിക്കൊണ്ടിരിക്കുമെങ്കിലും ഏകമാനമായ ചരിത്രമല്ല അതിനുള്ളത്. ഓരോ സമൂഹത്തിന്റെയും സ്വഭാവത്തിനനുസരിച്ച് പല രീതിയിലാണ് രൂപം കൊള്ളുന്നത്. താരപഠനങ്ങള്‍ സൂചിപ്പിക്കുന്നത് പല സമൂഹഘടനയില്‍ നിലനില്‍ക്കുന്ന ആശങ്കകളുമായി പ്രതീക്ഷകളുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ രൂപംകൊള്ളുന്നത് എന്നാണ്. Arnold Schwarzenegger ഉം Sylvester Stallone ഉം വരുന്നതിന് അതിന്റേതായ അമേരിക്കന്‍ പശ്ചാത്തലമുണ്ട്. നമ്മുടെ സിനിമയില്‍ കമ്യൂണല്‍ ഹീറോസ് വന്നതും പ്രത്യേക കാലഘട്ടത്തിന്റെ ഉപോല്‍പ്പന്നമായാണ്. ഇന്ത്യ മുഴുവന്‍ സവര്‍ണ വര്‍ഗീയ രാഷ്ട്രീയം ഉയര്‍ന്നുവരുന്ന കാലത്തുതന്നെയാണ് അത്തരം നായകന്മാര്‍ വന്നത്. അത്തരം അനുരണനങ്ങള്‍ ഇത്തരം താരങ്ങള്‍ ഉയര്‍ന്നുവരുന്നതിന് പിന്നിലുണ്ട്. ഒരുപക്ഷേ ഈ കാലഘട്ടത്തെ വലിയരീതിയില്‍ പ്രതിനിധീകരിക്കുന്ന നായകന്‍ ഫഹദ് ഫാസില്‍ ആയിരിക്കും. അയാളുടെ vulnerabilityയും സാധാരണത്വവും അതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഈ കാലഘട്ടത്തിന്റെ എല്ലാവിധ സന്ദേഹങ്ങളെയും ഒരു രീതിയില്‍ ശരീരത്തില്‍ പേറുന്ന നായകനാണ് ഫഹദ്. മലയാളസിനിമയുടെ നായകചരിത്രം പരിശോധിച്ചാല്‍ ദ്വന്ദ്വങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഒരു നസീര്‍ ഉണ്ടാകുമ്പോള്‍ സത്യനും മോഹല്‍ലാല്‍ ഉണ്ടായപ്പോള്‍ മമ്മൂട്ടിയും ഉണ്ടാകുന്നത് അതിനാലാണ്. കല്പറ്റ നാരായണന്‍ പറഞ്ഞതുപോലെ കരുത്തനും നീതിമാനുമായ രാമനോടൊപ്പം കളിമ്പക്കാരനും റൊമാന്റിക്കുമായ ഒരു കൃഷ്ണനും മലയാളിക്ക് ഒരേസമയം ആവശ്യമുണ്ട്. മലയാളി മാസ്‌കുലിനിറ്റിയുടെ പ്രശ്‌നംകൂടിയാണിതിലൂടെ പ്രതിഫലിക്കുന്നത്. ആരാണ് ശരിക്കും ഞാന്‍ എന്നതില്‍ ആശങ്കയുള്ളവനാണ് മലയാളിപുരുഷന്‍. തന്റെ ആണത്തം തികഞ്ഞ കരുത്തിന്റേതാണോ അതോ സ്വല്പം തരളതയും സ്‌ത്രൈണതയും കലര്‍ന്നതാണോ എന്ന ആശങ്ക. ഈ രണ്ട് ശങ്കയ്ക്കിടയിലാണ് മലയാളി ആണത്ത/നായകസങ്കല്പം കുടികൊള്ളുന്നത്. വിഭജിതമായ അത്തരം പുരുഷ/പരുഷ നായകരൂപങ്ങളാണ് എക്കാലത്തും നിലനിന്നിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഫഹദിന്റെ സ്‌ത്രൈണതയ്ക്ക്, ലിറിക്കല്‍ എന്ന് വിളിക്കാവുന്ന വള്‍നറബിളിറ്റിക്ക് മറുവശമായി ടോവിനോ തോമസോ പ്രിഥ്വിരാജോ പോലുള്ള ശക്തരായ പുരുഷകഥാപാത്രം നായകനായി വരുന്ന ഒരു പുതിയ പുരുഷനായക ദ്വന്ദ്വത്തിനാണ് സാധ്യത.

ദില്ലി ദാലി പോഡ്കാസ്റ്റിനായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖം പിന്നീട് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

ഓഡിയോ രൂപം ഇവിടെ കേള്‍ക്കാം

എഴുത്ത്: പി.എം.ജയന്‍

Related Stories

No stories found.
logo
The Cue
www.thecue.in