രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കും നേരത്ത് തന്നെ നേതാവിനെ വാഴ്ത്തുന്ന
മെഗാ തിരുവാതിര

രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കും നേരത്ത് തന്നെ നേതാവിനെ വാഴ്ത്തുന്ന മെഗാ തിരുവാതിര

വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉത്സവമാണ് എന്ന് മാവോയിസ്റ്റുകള്‍ക്ക് മുമ്പ് മാവോ സെ തുങ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിപ്ലവപ്പാര്‍ട്ടിയുടെ സമ്മേളനത്തിന് ആഘോഷത്തില്‍ ഒരു കുറവും വരുത്തരുത്. പാര്‍ട്ടി സമ്മേളനം വരുന്നെന്നറിഞ്ഞതോടെ നാടെങ്ങും ഉത്സവമായി, ജനം ആട്ടവും പാട്ടുമായി എന്നുവേണം കരുതാന്‍. “പാർട്ടിയുടെ സമ്മേളനം വരുന്നു” “ആണോടീ, ശ്ശൊ നൂമ്മടെ വല്ല്യ സഖാക്കന്‍മാരൊക്കെ വരും”. “പിന്നല്ലാതെ, നമുക്കും പോണം.”,“അതെന്താ, നിങ്ങ മാത്രേ പോവത്തുള്ളൂ, എനിക്കും പോണം എന്റെ പാര്‍ട്ടീന്റെ സമ്മേളനത്തിന്,” (പിന്നണിയില്‍ നിന്നും വൃദ്ധനായ കര്‍ഷകത്തൊഴിലാളി), യുവതികള്‍ (വേഷം മുണ്ടും ജമ്പറും) കൂട്ടത്തോടെ ചിരിച്ചുകൊണ്ട്, “കൊണ്ടുവാം, എല്ലാര്‍ക്കും പോകാം”. ഇത്രയും പറഞ്ഞുതീരുന്നതോടെ രംഗം മങ്ങുന്നു, ഇങ്ക്വിലാബുമായി ഒരു ജാഥ വരുന്ന ശബ്ദം. ഇങ്ങനെയൊക്കെയാണ് ജനം സമ്മേളനത്തെ സ്വീകരിക്കുന്നതിന്റെ ഒരു കെ പി എ സി ചിട്ട.

ഒരു രക്തസാക്ഷിയുടെ മൃതദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിക്കുന്ന മനുഷ്യരുടെ മുദ്രാവാക്യം വിളികളുടെ പ്രതിധ്വനി തീരും മുമ്പേ നേതാവിനെ പുകഴ്ത്തുന്ന തിരുവാതിര സാകൂതം വീക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വം എത്ര മാത്രം യാന്ത്രികമായിരിക്കുന്നു എന്നതിൽ അമ്പരപ്പുണ്ട്. നിങ്ങളാ തിരുവാതിരയുടെ പാട്ടൊന്ന് കേൾക്കണം.ഇന്നീ പാർടി ലോകമെങ്ങുംശോഭിച്ചീടാൻ കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ! ധീരനാം വിജയന്നഭിവാദ്യങ്ങൾ , നയിച്ചാലും എന്നൊക്കെയാണ്. ഇതൊക്കെ കേട്ടിരിക്കുന്ന ഒരാൾക്കും എന്തൊരു വൃത്തികേടാണ് ഇതൊക്കെ എന്ന് പറയാനുള്ള രാഷ്ട്രീയം പോലുമില്ല എന്നാണെങ്കിൽ ഹാ കഷ്ടം ! എന്നേയുള്ളു.

വിപ്ലവം വരും പോകും അല്ലേ സഖീ, നമുക്കിപ്പോഴീ സമ്മേളനത്തെ താളത്തില്‍ കുമ്മിയടിച്ചു വരവേല്‍ക്കാം അങ്ങനെ ഭരണകൂടത്തെ പിടിച്ചെടുത്ത് ജനകീയ സര്‍ക്കാര്‍ വന്നില്ലെങ്കിലും, സംസ്കാരത്തിന്റെ അധീശത്വം പിടിച്ചെടുക്കും. ശ്രീകൃഷ്ണ ജയന്തി ആര്‍ എസ് എസുകാരില്‍ നിന്നും പിടിച്ചെടുക്കാനുള്ള അടവ് പോലെ. എന്‍ എസ് എസ് പടനായന്‍മാര്‍ വീര വിരാട കുമാരവിഭോയില്‍ ഒന്നമര്‍ന്ന് ഇരുന്നതേയുള്ളൂ, കേരളചരിത്രം കണ്ട വലിയൊരു സാംസ്കാരിക വിപ്ലവത്തിലൂടെ അധീശവര്‍ഗത്തിന്റെ ഒരു സാംസ്കാരിക ചിഹ്നത്തെ തൊഴിലാളി വര്‍ഗത്തിന്റെ പടകളിയാക്കി മാറ്റി. ഇത്രയും പരസ്യമായ ഒരു സാംസ്കാരിക അട്ടിമറി കേരളം പോലൊരു ചെറിയ ഭൂപ്രദേശത്തു സാധാരണമല്ല. സമാനമായ ചില സാഹസങ്ങള്‍ കഥകളിയില്‍ ശ്രമിക്കുകയുണ്ടായിട്ടുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ചെമ്പടയുടെ സാംസ്കാരിക കമ്മിസാറന്‍മാര്‍ കലാമണ്ഡലം പിടിച്ചെടുക്കും. അപ്പോഴാണ് രൂപഭദ്രന്‍മാരുമായി കടുത്ത പോരാട്ടം നടത്തി തളര്‍ന്ന പു ക സ സംഘം കരിക്ക് കുടിച്ചു വിശ്രമിക്കാന്‍ അവിടെ കയറുന്നത്. പിന്നെ നളന്‍, നരകാസുരന്‍, ദുര്യോധനന്‍, ഭീമന്‍, കീചകന്‍ മുതല്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ബ്രാഹ്മണനെയും തേരാളിയെയും വരെ അവിടെനിന്നും വലിച്ചു പുറത്തിടും. എന്നിട്ടാണ് വര്‍ഗസമരത്തിന്റെ ആട്ടക്കഥ അരങ്ങേറുന്നത്. പക്ഷേ വിപ്ലവവും സാമ്രാജ്യത്വവും തമ്മിലുള്ള മുദ്രായുദ്ധം ഒറ്റ രാത്രികൊണ്ടും തീരില്ലെന്ന് മനസിലായതോടെ അവൈലബ്ള്‍ പി ബിയുടെ ഒരു പ്രത്യേക തീരുമാനപ്രകാരം കോപ്പിനും കോപ്പാശാനും നിര്‍ബന്ധിത അവധി നല്‍കുകയായിരുന്നു.

ആരെങ്കിലും തിരുവാതിര കളിക്കുന്നതിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍പ്പ് തോന്നേണ്ട കാര്യമൊന്നും തത്കാലത്തേക്കില്ല. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരിക പ്രവര്‍ത്തനം, നമ്പൂരാര്‍ കാണാതെ ഓട്ടുവളകള്‍ വേദനിക്കുവോളം കൈകൊട്ടിക്കളിച്ച അന്തര്‍ജ്ജനങ്ങളുടെ വേദനകളെക്കാളും എത്രയോ ഏറെ ജൈവബന്ധം പുലര്‍ത്തുന്നത്, ഓട്ടുവളയും മറക്കുടയുമില്ലാതെ, കളിയോഗങ്ങളും കഥകളി രാവുകളും ഇല്ലാതെ, ഓര്‍ക്കാന്‍ നിറഞ്ഞുണ്ട ഒരു ദിനം പോലുമില്ലാതിരുന്ന, തമ്പ്രാനെന്ന് വിളിച്ചും പാളേല്‍ കഞ്ഞികുടിച്ചും, പാടവരമ്പില്‍ ജനിച്ചും മരിച്ചും പോയിരുന്ന പതിനായിരക്കണക്കിന് പെണ്ണുങ്ങള്‍ ഒരീണവുമില്ലാതെ വിളിച്ച മുദ്രാവാക്യങ്ങളോടാണ്.

കൈകൊട്ടിക്കളി കേരളത്തിലെ സ്ത്രീവിമോചന സമരങ്ങളുടെ ചരിത്രത്തില്‍ വഹിച്ച വിപ്ലവകരമായ പങ്കിനെപ്പറ്റി എത്രയേറെ ഉപന്യാസിച്ചാലും അത് ജാതിവ്യവസ്ഥയില്‍ സവര്‍ണരെന്നു സ്വയം കരുതിയിരുന്ന ഒരു വിഭാഗത്തിന്റെ ജീവിതശീലങ്ങളും ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടതായിരുന്നു. കീഴാള വിഭാഗങ്ങള്‍ അത്തരം സവര്‍ണ വിനോദങ്ങളെ അനുകരിക്കുന്നതോ, അല്ലെങ്കില്‍ അവയുടെ അരികുകളില്‍ ദയാപുരസ്സരം കിട്ടുന്ന ഒരു പങ്കുപറ്റുന്നതോ (മണ്ണാത്തിപ്പെണ്ണിനോട് ചീരപ്പാട്ടുപാടി പണ്ടൊരഹങ്കാരിയന്തര്‍ജനം തോറ്റ കഥ പഴയ നായര്‍സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുന്നത് അങ്ങനെയാണ്. ശേഷം മണ്ണാത്തിപ്പെണ്ണ് കാശിക്ക് പോകാന്‍ നേരമില്ലാതെ അലക്കാന്‍ പോയ കഥ നായന്മാര്‍ പൊതുവേ പറയാറില്ല) അത്തരം ലീലകളില്‍ നിന്നും അവയുടെ വര്‍ഗസ്വഭാവം ചോര്‍ത്തിക്കളയുന്നില്ല.

ഒരു സമൂഹത്തിലെ പ്രബലമായ സാംസ്കാരികബോധം എന്നത് അധീശ വര്‍ഗത്തിന്റെതാണെന്നത് അത്ര തര്‍ക്കമില്ലാത്ത സംഗതിയാണ്. ജാതി വ്യവസ്ഥ വരിഞ്ഞുമുറുക്കിയ നമ്മുടെ സമൂഹത്തില്‍ സ്വത്തുടമാബന്ധങ്ങളും അധീശത്വവും മേല്‍ക്കീഴ് ബന്ധങ്ങളും അതില്‍നിന്നുമുണ്ടാകുന്ന സാംസ്കാരിക ഉത്പന്നങ്ങളുമെല്ലാം ജാതിയുമായും അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അത്തരം സാമൂഹ്യബന്ധങ്ങള്‍ക്കെതിരെ സമരം നടത്തിയ ഒരു പ്രസ്ഥാനം കണ്ടെത്തേണ്ടത് മേല്‍പ്പറഞ്ഞ സാംസ്കാരിക ഉത്പന്നങ്ങള്‍ക്ക് പുറത്തുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ്.ഉപരിവര്‍ഗത്തിന്റെ സാംസ്കാരിക ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ല, അല്ലെങ്കില്‍ പൊതുഭാഷയില്‍ പറഞ്ഞാല്‍ സൌന്ദര്യമില്ല എന്നര്‍ത്ഥമില്ല (അത്തരം സൌന്ദര്യബോധം എല്ലാവരുടേതുമല്ല). എല്ലാ വര്‍ഗസമൂഹങ്ങളിലും സ്വത്തുടമകള്‍ക്ക് ഇത്തരം സൌന്ദര്യാത്മക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധാരാളം ഒഴിവുസമയവും അവയെ കാലങ്ങളിലൂടെ പുഷ്ടിപ്പെടുത്താന്‍ ആവശ്യമായ സാംസ്കാരിക മൂലധനവും ഉണ്ടായിരുന്നു എന്നതും വാസ്തവമാണ്. ആ സമയം ഉണ്ടാക്കിക്കൊടുത്തത് തങ്ങളുടേതായി ജീവിതത്തില്‍ ഒരു സമയവുമില്ലാതിരുന്ന തൊഴിലാളികളും കീഴാളരുമാണ്. അപ്പോള്‍ തൊഴിലാളികളുടെ, ദരിദ്രരുടെ,

കര്‍ഷക തൊഴിലാളികളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ സാംസ്കാരിക പ്രവര്‍ത്തനമെന്നത് ഇത്തരം ഉപരിവര്‍ഗ ലാവണ്യബോധത്തില്‍ നിന്നും വിഭിന്നമായ മറ്റൊരു സൌന്ദര്യശാസ്ത്രം നിര്‍മ്മിച്ചെടുക്കലാണ്. അതെത്രയൊക്കെ അപഹസിക്കപ്പെട്ടാലും. നിലനില്‍ക്കുന്ന ഉപരിവര്‍ഗ സാംസ്കാരിക ചട്ടക്കൂട്ടിലേക്ക് കയറി അതില്‍ രണ്ടു ചുവന്ന കൊടിയും ഇങ്കിലാബും തുന്നിപ്പിടിപ്പിക്കുന്നത് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനമല്ല. മറിച്ച് ഒരു ബദല്‍ മൂല്യബോധം സൃഷ്ടിക്കാന്‍ കഴിയാതെ വരുന്നതുകൊണ്ടുണ്ടാകുന്ന അപഹാസ്യമായ കീഴടങ്ങലാണ്.

എന്താണ് വിശാലാര്‍ത്ഥത്തില്‍ സ്വത്തധികാരത്തിന്റെ കളത്തിന് പുറത്തുനില്‍ക്കുന്ന ജനതയുടെ സമരകാലത്തെ സാംസ്കാരിക ബദല്‍? അത് ആദ്യമായി ഉപരിവര്‍ഗ സാംസ്കാരിക ബോധത്തിന്റെ നിരാകരണമാണ്. അതിലെത്രയൊക്കെ ഗൃഹാതുരത്വം നിറഞ്ഞ വേദനയുണ്ടാകാമെങ്കിലും. ഒരു സാംസ്കാരിക ബോധവും അതില്‍ നിന്നുണ്ടാകുന്ന കലാരൂപങ്ങളും തമ്മില്‍ വേര്‍പ്പെടുത്താനാകാത്ത ബന്ധമുണ്ട്. അത്തരം കലാരൂപങ്ങള്‍ അവയുടെ സാംസ്കാരിക ജനിതകഘടനയെ (ഫ്യൂഡല്‍, സവര്‍ണം എന്നൊക്കെ പ്രയോഗിക്കാന്‍ ഒരു നാണക്കേടും തോന്നേണ്ടതില്ല) പ്രസരിപ്പിക്കാതിരിക്കില്ല. സ്വത്തുടമാബന്ധങ്ങളില്‍ സമൂലമായ മാറ്റമുണ്ടാക്കുകയും ന്യൂനപക്ഷമായ ഉപരിവര്‍ഗം അധികാരത്തിനും അതില്‍നിന്നുണ്ടാക്കുന്ന സാംസ്കാരിക മേല്‍ക്കോയ്മക്കും പുറത്താകുന്നതും വരെ അത്തരം കലാരൂപങ്ങള്‍ പങ്കുവെക്കുന്ന സംസ്കാരത്തിന്റെ രാഷ്ട്രീയം ഒട്ടും പുരോഗമനപരമാകില്ല. അതവയുടെ കാഴ്ച്ചഭംഗിയുടെയോ, സാഹിത്യ സമ്പുഷ്ടിയുടെയോ പ്രശ്നമല്ല. അവയുടെ ഈറ്റില്ലങ്ങളുടെ രാഷ്ട്രീയസ്വഭാവവുമായുള്ള നാഭീനാള ബന്ധത്തിന്റെ ഫലമാണ്.അത്തരം കലാരൂപങ്ങളെ വിപ്ലവമുന്നേറ്റം ദത്തെടുക്കണോ? അങ്ങനെ സംഭവിക്കുന്നത് ഒരു വിപ്ലവാനന്തര സമൂഹത്തില്‍ ചില സാധ്യതകള്‍ സൃഷ്ടിച്ചേക്കാം. കാരണം അവിടെ രാഷ്ട്രീയാധികാരവും പൊതുസമൂഹത്തിലെ ബോധത്തിന്മേലുള്ള അധീശത്വവും ദരിദ്രജനതയുടെ വിശാലസഖ്യത്തിനാണ്. അത്തരമൊരു സമൂഹത്തില്‍ ഉണ്ടാകുന്ന സാംസ്കാരികപ്രവര്‍ത്തനം പോലും മുന്‍കാലത്തെ സാംസ്കാരികമൂല്യങ്ങളുമായുള്ള കടുത്ത സംഘര്‍ഷം നിറഞ്ഞതായിരിക്കും. രാഷ്ട്രീയാധികാരം നേടുന്നതിനെക്കാള്‍ എത്രയോ ദുഷ്കരമാണ് നൂറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ട, ഉരുത്തിരിഞ്ഞ, പ്രബലമായ സാംസ്കാരിക മൂല്യബോധത്തെ നേരിടല്‍.

ഉപരിവര്‍ഗ അധികാര പരിസരത്ത് തഴച്ചുവളര്‍ന്ന (ഫ്യൂഡല്‍, സവര്‍ണ മേമ്പൊടിയോടെ) കലാരൂപങ്ങളെ, ദരിദ്രജനതയുടെ സമരരൂപങ്ങളിലേക്ക് മാറ്റിവെക്കല്‍ സാധ്യമാണോ? പ്രത്യക്ഷത്തില്‍ അത് സാധ്യവും താരതമ്യേന എളുപ്പവുമാണ് എന്നുതോന്നാം. കാരണം നീണ്ടകാലത്തെ പ്രയോഗങ്ങള്‍ക്കും, ചിന്താസംഘര്‍ഷത്തിനും ശേഷമാണ് ഒരു കലാരൂപം അതിന്റെ മെച്ചപ്പെട്ടതെന്ന് പറയാവുന്ന ഒരു രൂപത്തിലെത്തുന്നത്. അത്തരം പ്രയോഗ പരിഷ്കാരങ്ങളും മറ്റും തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. നിലവിലെ അധികാര ബന്ധങ്ങളില്‍ സുരക്ഷിതമായിരിക്കുന്ന കലാരൂപങ്ങളെ കടമെടുക്കുമ്പോള്‍ സമരോത്സുകമായ, വര്‍ഗബോധത്തിലുറച്ച ഒരദ്ധ്വാനം അതില്‍നിന്നും അപ്രത്യക്ഷമാകുന്നു. ആ വക വര്‍ഗബോധമൊന്നും വേണ്ടതില്ല എന്നു തോന്നുന്നവരുണ്ടാകാം. അതും ഒരു വര്‍ഗബോധമാണ്. അങ്ങനെയുള്ള കടമെടുപ്പ് സഹായിക്കുന്നത് ഉപരിവര്‍ഗത്തെയാണ്. കാരണം കാലങ്ങളായി കൊണ്ടുനടന്ന ലാവണ്യബോധത്തെ അനായാസം എതിര്‍വര്‍ഗ സമരത്തിലേക്ക് കടം കൊടുക്കുമ്പോള്‍ സംസ്കാരമേല്‍പ്പുര ഭദ്രമായി നിലനില്‍ക്കുന്നു.മറ്റൊരുതരത്തില്‍ ഈ പ്രതിസന്ധി സാമ്പത്തിക, രാഷ്ട്രീയാധികാരത്തിന്റെ മേഖലയിലും ലോകചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുകയും നിലവിലെങ്കിലും പരാജയപ്പെടുകയും ചെയ്തു.

സോഷ്യലിസ്റ്റ് വിപ്ലവം നടന്ന രാജ്യങ്ങളിലും വികസന മാതൃക സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതായിരുന്നില്ല. മുതലാളിത്ത വികസന മാതൃകയെ സ്വത്തിന്റെ ഭരണകൂട നിയന്ത്രണം എന്നതിലേക്ക് എത്തിക്കല്‍ മാത്രമായിരുന്നു നടന്നത്. സമ്പത്തിന്റെ വിതരണത്തില്‍ സാമ്യവാദം പ്രകടമായിരുന്നെങ്കിലും സമ്പത്തിന്റെ ഉത്പാദനത്തില്‍ മുതലാളിത്ത മൂല്യങ്ങളും മാതൃകയും തന്നെയായിരുന്നു അനുവര്‍ത്തിച്ചത്. ഉദാഹരണത്തിന് മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ടിയിരുന്ന പാരിസ്ഥിതിക സമീപനം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ ഉണ്ടായിരുന്നെയില്ല.സാമൂഹ്യ പ്രതിബദ്ധതയുടെ വര്‍ഗരാഷ്ട്രീയം വളരെപ്പെട്ടന്ന് ഒരുതരം ഫാസിസ്റ്റ് പട്ടാളച്ചിട്ടയിലേക്ക് വഴുതിവീണതും, ജനാധിപത്യ സംവാദങ്ങള്‍ക്ക് പകരം വിചാരണപ്രഹസനങ്ങളും ഗുലാഗുകളും പ്രതിഷ്ഠിക്കപ്പെട്ടതും രാഷ്ട്രീയാധികാരത്തെ വര്‍ഗരാഷ്ട്രീയത്തിന്റെ ജനാധിപത്യ മൂല്യബോധത്തിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ്. ഇതേ കെണിയാണ് സാംസ്കാരിക രംഗത്തെ കടമെടുക്കലുകള്‍ കാത്തുവെച്ചിരിക്കുന്നത്. രാഷ്ട്രീയാധികാരം സ്വത്തുടമാവര്‍ഗത്തിന്റെ കൈകളിലായിരിക്കെ ഇത്തരം രൂപഭംഗിയുടെ വായ്പ എഴുതിത്തള്ളാനും തിരിച്ചടക്കാനും പറ്റാത്ത ബാധ്യതയായി നിസ്വരുടെ രാഷ്ട്രീയത്തിന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കും.

എല്ലായ്പ്പോഴും അടിച്ചമര്‍ത്തലിലൂടെ മാത്രമല്ല ഉപരിവര്‍ഗ മൂല്യബോധം ദരിദ്രരെ കീഴടക്കുന്നത്. അത് അവരില്‍ ഒരു സാധാരണ ജീവിതക്രമമായും, അതിനെ നിയന്ത്രിക്കുന്ന സ്വാഭാവിക നിയമങ്ങളായും ഉള്‍ച്ചേര്‍ന്നിരിക്കുകയും ചെയ്യും. അങ്ങനെയാണ് അവര്‍ണരെന്ന് ആക്ഷേപിക്കപ്പെട്ട ഭൂരിപക്ഷ ജനസമൂഹത്തെ നൂറ്റാണ്ടുകളോളം പടിക്കു പുറത്തുനിര്‍ത്തിയ ഒരു സമൂഹത്തില്‍, ജാതിവ്യവസ്ഥയുടെ എല്ലാ ജീര്‍ണചിഹ്നങ്ങളും പേറുന്ന, തീണ്ടായ്മയുടെ മതില്‍ക്കെട്ടിനുള്ളില്‍ രൂപംകൊണ്ട കലാരൂപങ്ങള്‍ അഭിമാനപൂര്‍വം നാടിന്റെ പ്രതീകങ്ങളായി മാറുന്നത്.മലയാളിയുടെ പ്രധാന കലാസംവാദങ്ങളിലൊന്നായി കഥകളിയും കൂടിയാട്ടവും പോലുള്ള കലാരൂപങ്ങള്‍ മാറുമ്പോള്‍ പ്രത്യക്ഷത്തില്‍ അത് ‘ക്ലാസിക്കല്‍’ എന്നൊക്കെ വിളിച്ച് പൊലിപ്പിക്കുമെങ്കിലും ഒരു മറയും കൂടാതെ ആ സംവാദങ്ങളില്‍നിന്നും ഒറ്റയടിക്ക് പുറത്താക്കുന്നത് ആ കലാരൂപങ്ങളുടെ പരിസരവുമായി തലമുറകളായി ഒരു ബന്ധവും അനുവദിച്ചുകിട്ടാതിരുന്ന ഭൂരിപക്ഷം വരുന്ന ജനതയെയാണ്.

ഉപരിവര്‍ഗസംസ്കാരത്തിന്റെ നാട്യങ്ങള്‍ക്കും പുറംമോടിക്കുമുള്ളില്‍ ജാതിയിലധിഷ്ഠിതമായ മേല്‍ക്കീഴ് ബന്ധങ്ങളുടെ രാഷ്ട്രീയമുണ്ട്.ഈ രാഷ്ട്രീയത്തെ മറികടക്കലാണ്, നിരാകരിക്കലാണ് ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനം. അല്ലാതെ കൌശലത്തോടെ അതിനെ മണ്ണാത്തിയും അന്തര്‍ജ്ജനവും അന്താക്ഷരി കളിക്കുന്ന ഒരു ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല.ഇത്തരമൊരു ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനം താനേ ഉയര്‍ന്നുവരില്ല. അതിന് ഉപരിവര്‍ഗമൂല്യങ്ങളും, സ്വത്തുടമാ ബന്ധവുമായി നിരന്തരം ഏറ്റുമുട്ടുന്ന ഒരു രാഷ്ട്രീയം സമൂഹത്തില്‍ ത്രസിച്ചുകൊണ്ടിരിക്കണം. ആ സമരത്തിനിടയിലാണ്, ആ സംഘര്‍ഷത്തിലാണ് ഒരു പുതിയ സാംസ്കാരികമൂല്യ ബോധത്തിലേക്കുള്ള ശ്രമങ്ങളുണ്ടാകുന്നത്. അല്ലെങ്കില്‍ പുതിയ മൂല്യങ്ങള്‍ക്കായുള്ള സമരങ്ങളുണ്ടാകുന്നത്.

വര്‍ഗസമരം അല്ലെങ്കില്‍ ദരിദ്രരാക്കപ്പെടുന്ന ബഹുഭൂരിപക്ഷവും, സമ്പത്തും അധികാരവും കയ്യടക്കിവെക്കുന്ന ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷം ദുര്‍ബ്ബലമായ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ പുതിയ സാംസ്കാരിക മൂല്യങ്ങള്‍ക്കായുള്ള അന്വേഷണവും സമരവും മുള പൊട്ടില്ല. പകരം ഇത്തരം പ്രഹസനങ്ങള്‍ അരങ്ങേറും.

കേരളത്തിന്റെ ചരിത്രത്തില്‍ നമ്പൂതിരി സമുദായത്തിനകത്ത് നടന്ന സമുദായ പരിഷ്കരണ ശ്രമങ്ങള്‍ ഏറെ പ്രസിദ്ധമാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള വരവില്‍ ഏറെ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു. ആധുനികതയും, ദേശീയ സ്വാതന്ത്ര്യസമരവും ഒരുക്കിയ തട്ടില്‍ അത്തരം തടസങ്ങള്‍ ഒരു വലിയ അളവോളം അന്നത്തെ പരിഷ്കരണവാദികള്‍ തട്ടിമാറ്റുകയും ചെയ്തു. കേരളത്തിലെ ഭൂവുടമാ വിഭാഗമായിരുന്ന, അതിനുമപ്പുറം ഭൂദേവന്മാരായി സ്വയം പ്രഖ്യാപിച്ച നമ്പൂതിരിമാരുടെ ഇടയില്‍ നടന്ന ആ പ്രവര്‍ത്തനങ്ങളെ ഒട്ടും വിലകുറച്ചു കാണേണ്ടതില്ല. പക്ഷേ അത്തരം സമരങ്ങള്‍ നടത്തിയ നമ്പൂതിരി സ്ത്രീകളും പുരുഷന്മാരും നവോത്ഥാന നായികാ, നായകന്മാരായി ആഘോഷിക്കപ്പെടുമ്പോള്‍ അതേ കാലത്ത് ജന്‍മിത്ത വിരുദ്ധ സമരങ്ങളില്‍ ജീവന്‍ നല്കിയ സ്ത്രീകള്‍ ഒരു കൂട്ടം എന്ന നിലയില്‍ മാത്രമാണ് അറിയപ്പെടുന്നത്. പരമാവധി പോയാല്‍ രക്തസാക്ഷിയുടെ അമ്മ അല്ലെങ്കില്‍ ഒളിത്താവളത്തിലെ ആതിഥേയ മനകളുടെ ഉള്ളില്‍ അന്തര്‍ജ്ജനങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ കൊടിയ പീഡനങ്ങളാണ് തൊഴിലാളികള്‍ എന്ന നിലയിലും സ്ത്രീകള്‍ എന്ന നിലയിലും അക്കാലത്ത് അവര്‍ണരെന്ന് ആക്ഷേപിക്കപ്പെട്ടവര്‍ അനുഭവിച്ചത്. എന്നിട്ടും ദേവകി നിലയങ്ങോടിനെ ആഘോഷിച്ച പോലെ (അവരോട് ബഹുമാനക്കുറവൊന്നുമില്ല) ഒരു പുലയ സ്ത്രീയും ആഘോഷിക്കപ്പെടാത്തതെന്താണ്? കാരണം പ്രബലമായ സാംസ്കാരിക ബോധത്തിനകത്താണ് നമ്പൂതിരി സ്ത്രീകളുടെ പ്രതിഷേധങ്ങള്‍. അത്തരം സൌന്ദര്യബോധത്തിന്റെ പുറത്താണ് തൊഴിലാളി സ്ത്രീകളുടെ മുദ്രാവാക്യങ്ങള്‍. നമ്പൂതിരി സ്ത്രീകള്‍ തൊഴില്‍ശാലയിലേക്ക് പോകുമ്പോള്‍ അന്നങ്ങനെ പോയവരെല്ലാം പിന്നീട് ബഹുമാനിതരാകുന്നു. നല്ലതുതന്നെ. പക്ഷേ പതിറ്റാണ്ടുകള്‍ നെല്ലിഞ്ചുവട്ടില്‍ മുളയ്ക്കുകയും അവിടെത്തന്നെ ഒടുങ്ങുകയും ചെയ്ത സ്ത്രീകള്‍ അസാധാരണമായ സമരവീര്യം പ്രകടിപ്പിച്ചത് ഒരു കൂട്ടത്തിന്റെ ചരിത്രം മാത്രമാകുന്നു. ഇത് സംസ്കാരത്തിന്റെ വര്‍ഗരാഷ്ട്രീയമാണ്. ചരിത്രമെഴുത്തിന്റെ ഉപരിവര്‍ഗരീതിയാണ്.ഈ രാഷ്ട്രീയത്തോട് കൂട്ടിവായിക്കുമ്പോഴാണ് പാര്‍ട്ടി സഖാക്കളായ സ്ത്രീകളുടെ കൈകൊട്ടിക്കളി സ്ത്രീകളുടെ ഉത്സവമാകാതിരിക്കുന്നത്.

Related Stories

No stories found.