കൊറോണ: യൂറോപ്പിന്റെ മരണമുദ്ര

കൊറോണ: യൂറോപ്പിന്റെ മരണമുദ്ര

മരണത്തെക്കുറിച്ച് അഭ്രപാളിയിലെ എക്കാലത്തേയും മികച്ച ദൃശ്യവിചാരങ്ങളില്‍ ഒന്നാണ് ബര്‍ഗ്മാന്റെ സെവന്‍ത് സീല്‍. പ്ളേഗ് ബാധിതമായ യൂറോപ്പിലിരുന്ന് മരണവുമായി ചതുരംഗം കളിക്കുന്ന മനുഷ്യന്റെ പഴയ കഥയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ കടന്നുപോവുകയാണ് യൂറോപ്പ് ഇപ്പോള്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ടി. അരുണ്‍കുമാര്‍ എഴുതുന്നു

യൂറോപ്പ് പതിവിലുമധികം പൂത്തുലഞ്ഞിരിക്കാം, ഈ വസന്തകാലത്ത്. മനുഷ്യനൊഴിഞ്ഞ പ്രകൃതി അതിന്റെ സമസ്താഹ്ളാദങ്ങളിലും ഉല്ലസിക്കുകയാണെന്ന് തോന്നും. ഹൈഡ്രേഞ്ചിയയും, കാട്ടോര്‍ക്കിഡുകളും, സൂര്യകാന്തികളുമെല്ലാം യൂറോപ്പില്‍ ഋതുപ്പകര്‍ച്ചയുടെ രംഗം കൊഴുപ്പിക്കുമ്പോള്‍, മനുഷ്യനുമേല്‍ രോഗം മരണത്തിന്റെ വിത്തുകളെറിഞ്ഞ് മുളപ്പിക്കുകയാണ്. രോഗത്തെയും മരണത്തെയും പൂക്കളായി സങ്കല്‍പ്പിക്കയെന്നത് ഒരു സാഹിത്യസംഞ്ജയാണെങ്കിലും ഒരേ സമയം വസന്തത്തിനും വൈറസിനുമിടയിലായിപ്പോയ യൂറോപ്യന്‍ അവസ്ഥ അതു തന്നെയാണ്.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ 8 ലക്ഷത്തിനടുത്ത് കൊറോണരോഗബാധിതര്‍ മുഴുവന്‍ യൂറോപ്പിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കറുത്ത മരണമെന്ന് വിളിക്കപ്പെട്ടിരുന്ന പ്ളേഗിന് ശേഷം കൊവിഡ് യൂറോപ്പിനെ കാര്‍ന്നുതിന്നുന്ന മരണമായി മടങ്ങിയെത്തിയിരിക്കുകയാണ്. ബര്‍ഗ്മാന്റെ സെവന്‍ത് സീലില്‍ കണ്ടത് പോലെ മനുഷ്യന്‍ മരണവുമായി ചതുരംഗം കളിക്കുന്ന അവസ്ഥ. രോഗത്തെ തോല്‍പ്പിക്കാനുള്ള മനുഷ്യന്റെ കരുനീക്കങ്ങള്‍ തുടരുന്നു. മരണത്താല്‍ കരുക്കളെ വെട്ടി രോഗവും മുന്നേറുന്നു.

സെവന്‍ത് സീല്‍ രംഗം 
സെവന്‍ത് സീല്‍ രംഗം 

ഭൂഖണ്ഡാന്തരകണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ കൊറോണ കനത്ത പ്രഹരമേല്‍പ്പിച്ചത് യൂറോപ്പിന് മേലാണ്. മരണത്തെയും രോഗത്തെയും പോലും കാല്‍പനികമാക്കിയ യൂറോപ്പ് വീണ്ടും മരണത്തിന്റെ മടിത്തട്ടിലേക്ക് വീണുടഞ്ഞ അവസ്ഥ. ഇറ്റലിയിലാണ് ആദ്യം കോറോണ ആഞ്ഞടിച്ചതെങ്കില്‍ പിന്നീടത് സ്പെയിനിനെ അതിന്റെ നഖമുനകളിലാഴ്ത്തി. ഫ്രാന്‍സിനെയും ബ്രിട്ടണെയും കടന്നാക്രമിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി നിലവില്‍ ഐ.സി.യുവില്‍ രോഗത്തിനെതിരെ പടവെട്ടിക്കൊണ്ടിരിക്കുന്നു.യൂറോപ്പിലെ രാജ്യം തിരിച്ചുള്ള നിലവിലെ കണക്ക് ഇപ്രകാരമാണ് : സ്പെയിന്‍ -ഒരു ലക്ഷത്തിനാല്‍പ്പത്തിയെട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്, ഇറ്റലി-ഒരുലക്ഷത്തി,മുപ്പത്തിയൊമ്പതിനായിരത്തി,നാന്നൂറ്റി,നാല്‍പ്പത്തിരണ്ട്, ജര്‍മ്മനി-ഒരു ലക്ഷത്തി പതിമൂന്നായിരത്തി, ഇരുന്നൂറ്റി തൊണ്ണൂറ്റാറ്, ഫ്രാന്‍സ്- ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തി തൊള്ളായിരത്തിയമ്പത്, യു.കെ-അറുപതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിമൂന്ന് എന്നിങ്ങനെ. മറ്റ് രാജ്യങ്ങളില്‍ താരതമ്യേന എണ്ണം കുറവാണെങ്കിലും ഏത് നിമിഷവും ഉയരാം എന്ന ഭീതി യൂറോപ്പിലാകമാനമുണ്ട്.

ഇറ്റലിയുടെ സാമ്പത്തികതലസ്ഥാനമായ മിലാനില്‍ കോവിഡ് വ്യാപനസമയത്ത് പുറത്തിറങ്ങിയ മോട്ടിവേഷണല്‍ വീഡിയോകളിലെ പ്രധാനമുദ്രാവാക്യം എന്തായിരുന്നു എന്നറിയാമോ? മിലാന്‍ നിശ്ചലമാവില്ല ( milan does not stop ! ) എന്ന് !ഇന്ന് കൊവിഡിനെ ലോകം തന്നെ നേരിടുന്നത് സ്വയം നിശ്ചലമായാണ്.
ലൊമ്പാര്‍ഡിയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരെ സംസ്‌കരിക്കാന്‍ തയ്യാറെടുക്കുന്നു 
ലൊമ്പാര്‍ഡിയില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരെ സംസ്‌കരിക്കാന്‍ തയ്യാറെടുക്കുന്നു 

ലൊമ്പാര്‍ഡി: ഇറ്റലിയുടെ വലിയ പിഴ

പ്ളേഗ് കടന്നുപോയതിന് ശേഷം യൂറോപ്പിനെ പിന്നീട് വിഴുങ്ങിയത് ലോകമഹായുദ്ധവും (രണ്ടാം) അതിന്റെ പ്രത്യാഘാതങ്ങളുമായിരുന്നു. ബോംബുകള്‍ക്കും ഷെല്ലുകള്‍ക്കുമിടയില്‍ പകച്ചു നിന്ന യൂറോപ്പ് ഇപ്പോള്‍ കാണാന്‍ കഴിയാത്ത മരണത്തിന് മുന്നില്‍ അറച്ചു നില്‍ക്കുന്നു.യൂറോപ്പ് കൊറോണയുടെ ഹബ്ബ് ആയി മാറിയത് എങ്ങനെ എന്ന് ചോദിച്ചാല്‍ ആദ്യം നമ്മുടെ കാഴ്ച ചെന്നെത്തുക ഇറ്റലിയിലേക്ക് ആയിരിക്കും. രണ്ട് ചൈനീസ് വിനോദസഞ്ചാരികളിലാണ് ആദ്യമായി ഇറ്റലി കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഇറ്റലി അതിവേഗം പ്രതികരിക്കുക തന്നെ ചെയ്തു. രണ്ട് പേരും ക്വാറന്റൈനിലായി. ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. ഈ രണ്ട് പേരില്‍ നിന്നും അധികമാര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്നായിരുന്നു കോണ്‍ടാക്ട് ഫോളോയിംഗില്‍ നിന്ന് വിലയിരുത്തിയതും.എന്നാല്‍ ലൊമ്പാര്‍ഡി എന്ന മറ്റൊരു പ്രവിശ്യയില്‍ നിന്ന് കോറോണ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആ സ്ഥലവുമായി ഈ ടൂറിസ്റ്റുകള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് അറിവാകുകയും ചെയ്തപ്പോഴാണ് ഇറ്റലി അപകടം മണത്തത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന റോഡ് ഗതാഗതവും, മിക്കവാറും രാജ്യങ്ങള്‍ ചൈനയുമായി നിരന്തര യാത്രാബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും രോഗവ്യാപനത്തിന്റെ സാധ്യതകള്‍ എത്രയോ ഇരട്ടിയാക്കി. ഔദ്യോഗികമായി ഇറ്റലിയില്‍ രോഗം സ്ഥിരീകരിക്കുന്നതിന് ഏറെ മുമ്പ് തന്നെ രാജ്യത്ത് കൊവിഡ് പടര്‍ന്നിരിക്കാം എന്ന സാധ്യതയിലേക്ക് ഇറ്റലി ഔദ്യോഗികമായി എത്തിച്ചേരുന്നത് അങ്ങനെയാണ്. ലൊമ്പാര്‍ഡിയില്‍ രോഗം പടര്‍ന്നപ്പോള്‍ തന്നെ മറ്റൊരു പ്രവിശ്യയായ വെനിറ്റോയിലും കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം മാര്‍ച്ച് രണ്ടിന് മുപ്പത് രാജ്യങ്ങളിലെ കൊവിഡ് ബാധിതര്‍ക്ക് ഇറ്റാലിയന്‍ ബന്ധം സ്ഥിരീകരിക്കപ്പെട്ടതോടെ ഇറ്റലി ഏറ്റവും മോശം അവസ്ഥയിലേക്ക് പോകുകയാണെന്ന ആശങ്ക ബലപ്പെട്ടു.

ഒപ്പം ലൊമ്പാര്‍ഡിയിലെ ഒരു ആശുപത്രിയിലുണ്ടായ ജാഗ്രതയില്ലായ്മയ്ക്കും ഇറ്റലി വലിയ പിഴ കൊടുക്കേണ്ടി വന്നു. കൊറാണാബാധിതനായ ഒരു 38 കാരനെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരിനം ന്യുമോണിയ ആയി കരുതി ചികിത്സിച്ചു. അയാളില്‍ നിന്ന് 13 പേര്‍ക്ക് അതിനകം തന്നെ നേരിട്ട് കൊറോണ പടര്‍ന്നിരുന്നു. കോണ്ടാക്ട് ട്രെയിസിംഗില്‍ ഉള്‍പ്പെടെ വലിയ സമയം പാഴാക്കിയതിന് ഇറ്റലി കനത്ത വില നല്‍കിയതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസപ്പെ കോന്തെ പിന്നീട് സമ്മതിച്ചു.

 ഇറ്റലി ക്രമോനയിലെ കൊറോണാ തീവ്രപരിചരണവിഭാഗത്തില്‍ ക്ഷീണിതരായി പരസ്പരം ആശ്വസിപ്പിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ 
ഇറ്റലി ക്രമോനയിലെ കൊറോണാ തീവ്രപരിചരണവിഭാഗത്തില്‍ ക്ഷീണിതരായി പരസ്പരം ആശ്വസിപ്പിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍  കടപ്പാട് : എന്‍ബിസി ന്യൂസ് 

യൂറോപ്പിന് ഒരു ഇറ്റാലിയന്‍ സന്ദേശം

യൂറോപ്പില്‍ ഏറ്റവുമാദ്യം കൊറോണ സ്ഥിരീകരിക്കപ്പെട്ട ഇടമായിരുന്നിട്ടും ഇറ്റലിക്ക് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാത്തത് യൂറോപ്പിനെ അപ്പാടെ ഞെട്ടിച്ചു. ലോകവും അത് ചര്‍ച്ച ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇറ്റലി നല്‍കുന്ന സന്ദേശത്തെ യൂറോപ്പ് പ്രത്യേകിച്ചും ലോകം പൊതുവായും ഡീകോഡ് ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയത്.ഇറ്റലിയിലെ ശരാശരി പ്രായം 45 വയസ്സാണ്. ജനസംഖ്യയില്‍ പ്രായമായവരുടെ ശതമാനമാണ് ഏറെക്കൂടുതലും. ചെറുപ്പക്കാരില്‍ നിന്ന് വ്യത്യസ്തമായി പ്രായമായവര്‍ പെട്ടന്ന് രോഗത്തിന് കീഴടങ്ങിയതോടെ പ്രായമായവര്‍ കോവിഡിന്റെ 'ഈസി പ്രേ' ( easy prey ) ആണെന്ന കാര്യം തിരിച്ചറിയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് 65 വയസ്സുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പ്രതിരോധ മുന്നറിയിപ്പുകള്‍ ലോകമെമ്പാടുമായി നല്‍കപ്പെട്ടു.

ലാഘവത്തോടെ കാര്യങ്ങളെ കാണുന്നതും, വ്യാവസായികമേഖലകള്‍ പൂട്ടാന്‍ മടിക്കുന്നതും നൂറ് മടങ്ങ് തിരിച്ചടി തരുമെന്നും ഇറ്റലി ലോകത്തിനുള്ള ഈ സന്ദേശത്തില്‍ കുറിച്ചു. കോവിഡ് ആഞ്ഞടിച്ച ലൊമ്പാര്‍ഡി ചൈനയടക്കമുള്ള രാജ്യങ്ങളുമായി ശക്തമായി വാണിജ്യ ബന്ധം നിലനിര്‍ത്തുന്ന ഇടമായിരുന്നു. ഒപ്പം രാജ്യത്തിന്റെ സാമ്പത്തികശക്തികേന്ദ്രവും. ലൊമ്പാര്‍ഡിയുടെ കാര്യത്തില്‍ പുലര്‍ത്തിയ ലാഘവത്വം മുഴുവന്‍ ഇറ്റലിയെയും ഉഴുതുമറിച്ചു. അമിത ആത്മവിശ്വാസവും ഇറ്റലിക്ക് വിനയായി. പ്രധാനമന്ത്രി ജനുവരിയില്‍ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജ്യം കോവിഡിനെ നേരിടാന്‍ സുസജ്ജമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇറ്റലിയുടെ സാമ്പത്തികതലസ്ഥാനമായ മിലാനില്‍ കോവിഡ് വ്യാപനസമയത്ത് പുറത്തിറങ്ങിയ മോട്ടിവേഷണല്‍ വീഡിയോകളിലെ പ്രധാനമുദ്രാവാക്യം എന്തായിരുന്നു എന്നറിയാമോ? മിലാന്‍ നിശ്ചലമാവില്ല ( milan does not stop ! ) എന്ന് !

ഇന്ന് കൊവിഡിനെ ലോകം തന്നെ നേരിടുന്നത് സ്വയം നിശ്ചലമായാണ്.

സ്വാതന്ത്യം ഒരു ഫ്രഞ്ച് വൈന്‍, പാരതന്ത്ര്യം ഒരു ജര്‍മ്മന്‍ വാക്സിന്‍

വൈറസ് വ്യാപനം പടര്‍ന്നതോടെ ഫ്രാന്‍സ് അവരുടെ ആശയലോകത്തിനാണ് ആദ്യമായി അവധി കൊടുത്തത്. വ്യക്തിസ്വാതന്ത്യത്തിന്റെയും ജീവിതാഘോഷത്തിന്റെയും കലാചിന്തകളുടെയുമെല്ലാം പറുദീസയായിരുന്ന ഫ്രാന്‍സ് പകലിലും രാത്രിയിലും നുരഞ്ഞ് പൊന്തുന്ന ആള്‍ക്കൂട്ടം കൂടിയായിരുന്നല്ലോ.

മാര്‍ച്ച് 17ന് ഫ്രാന്‍സ് ആ ആള്‍ക്കൂട്ടത്തെ തടവിലാക്കി. സ്വാതന്ത്ര്യം ഭക്ഷിച്ചു ജീവിച്ച ഫ്രാന്‍സ് പാരതന്ത്ര്യം ഭക്ഷിച്ചുറങ്ങി. അന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടുമെന്ന് ഇന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ അനുഭവിക്കുകയാണ് ഫ്രഞ്ച് ജനത. പുറത്തിറങ്ങുമ്പോള്‍ ഉദ്ദേശം വെളിവാക്കുന്ന കൃത്യം രേഖകള്‍ വേണം. അകാരണമാണെന്ന് ബോധ്യപ്പെട്ടാല്‍ കുറഞ്ഞ പിഴ തുടങ്ങുന്നത് 150 ഡോളറിലാണ്. സ്വാതന്ത്യം ആഘോഷിച്ചു ശീലിച്ച ഫ്രഞ്ചുകാര്‍ പക്ഷെ ഈ നിയമങ്ങള്‍ക്ക് വഴങ്ങാന്‍ വിമുഖത കാണിക്കുന്നതായി ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോക്ക് ഡൗണ്‍ ദിനങ്ങളിലൊന്നില്‍ ഫ്രഞ്ച് ആഭ്യന്തരകാര്യമന്ത്രിയായ ക്രിസ്റ്റോഫ് കാസ്റ്റ്നര്‍ റേഡിയോയിലൂടെ ഇങ്ങനെ പറയേണ്ടി വന്നു: 'വിലക്ക് ലംഘിക്കുമ്പോള്‍ ചില ഫ്രഞ്ചുകാര്‍ കരുതുന്നത് അവര്‍ ഒരു പുതിയകാലവീരനായകനെന്നാണ് !' - ഫ്രഞ്ച് ഭരണാധികാരികള്‍ സാധാരണ സ്വാതന്ത്യത്തെപ്പറ്റിയാണ് സംസാരിക്കുക, വിലക്കിനെപ്പറ്റിയല്ല എന്ന് മനസ്സിലാവുമ്പോള്‍ ഇതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാവും.

എന്നാല്‍ നാസികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കീഴില്‍ സ്വാതന്ത്യത്തെ വ്യാഖ്യാനിക്കാന്‍ വിധിക്കപ്പെട്ട ജര്‍മ്മന്‍ ജനതയ്ക്ക് കുറച്ചു കൂടി പാരതന്ത്ര്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ ശേഷിയുണ്ടാവും. അത് കൊണ്ട് തന്നെ ജര്‍മ്മന്‍ പ്രശ്നം മറ്റൊന്നാവാനേ സാധ്യതയുള്ളൂ. നിലവില്‍ ജര്‍മ്മനിയിലെ മരണനിരക്ക് അത്രകണ്ട് ആശങ്കയുണര്‍ത്തുന്നതല്ല താനും.

ചെറിയരോഗലക്ഷണങ്ങളുള്ളവരില്‍പ്പോലും നേരത്തേ കോവിഡ് ടെസ്റ്റുകള്‍ നടത്താനാരംഭിച്ചതിന്റെ പ്രയോജനം ജര്‍മ്മനിക്ക് ലഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരു ലക്ഷത്തി അറുപതിനായിരം ടെസ്റ്റുകളാണ് ജര്‍മ്മനി നടത്തുന്നത്. കൂടുതല്‍ ടെസ്റ്റുകള്‍ എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രതിരോധമെന്ന സത്യം ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ജര്‍മ്മനിയുടെ ഈ നീക്കം അവരുടെ കോവിഡ് പോരാട്ടത്തിലെ ഫലപ്രദമായ ആയുധമായിരിക്കുകയും ചെയ്യും. ഒപ്പം കനത്ത ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങളാണ് രാജ്യം പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നതും. വിദ്യാഭ്യാസ-കച്ചവട-പൊതുഇടങ്ങള്‍ ജര്‍മ്മനി മൊത്തമായും അടച്ചു. ഭക്ഷണശാലകളും തുറക്കില്ല. രണ്ട് പേരിലധികം കൂട്ടം കൂടാന്‍ അനുവാദമല്ല. രണ്ട് വ്യക്തിക്കള്‍ക്കിടയില്‍ 4.9 അടി അകലം വേണം. നാം നേരത്തേ പറഞ്ഞ അസ്വാതന്ത്യവുമായി പൊരുത്തപ്പെടാനുള്ള ചരിത്രപരമായ ശേഷി ജര്‍മ്മന്‍കാരെ ഇവിടെയാണ് തുണയ്ക്കുന്നത്.

ഇതിനിടയില്‍ ജര്‍മ്മന്‍ ചാന്‍സലറായ ആംഗ്്ല മെര്‍ക്കലിന്റെ ഒരു പ്രസ്താവന ലോകശ്രദ്ധ പിടിച്ചു പറ്റി. കോറോണാബാധിതയായ താന്‍ കോറോണബാധിച്ച ഒരു ഡോക്ടറുടെ പക്കല്‍ നിന്നും ചികിത്സ തേടും എന്നതായിരുന്നു ആ വാചകം.

രോഗത്തിന്റെ ഇംഗ്ളീഷ് പൂക്കള്‍

യു.കെയിലേക്ക് വരുമ്പോള്‍ വസന്തത്തിന്റെ ആഗമനം രോഗത്തിന് മേല്‍ ഇംഗ്ളീഷുകാരെ പ്രലോഭിപ്പിച്ചിരുന്നതായി കാണാം. വസന്തം എന്നും ഇംഗ്ളീഷ് ജീവിതത്തിന്റെ സത്തകളിലൊന്നാണെന്ന് കാണാന്‍ പ്രയാസമില്ല. കീറ്റ്സും, ഓസ്‌ക്കാര്‍ വൈല്‍ഡും, മില്‍ട്ടണുമെല്ലാം ഈ ഋതുവിനെപ്പറ്റി പാടാതെ പോയിട്ടില്ലെന്നതിനപ്പുറം കൊറോണക്കാലത്തും പൂച്ചന്തയില്‍ തടിച്ചു കൂടിയ ബ്രിട്ടീഷുകാര്‍ തന്നെ അതിന് തെളിവായി മാറി. വിഷപ്പൂവുകളിലും മധുരമുള്ള തേനുണ്ടെന്ന് അറിയുന്ന കീറ്റ്സിന്റെ കവിതകളിലെ തേനീച്ചകളായി ബ്രിട്ടീഷുകാര്‍ മാറുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായെങ്കിലും വസന്തത്തിലേക്ക് രോഗത്തിന്റെ പൂക്കള്‍ കൂടി വാരിയെറിഞ്ഞ ജനതയായി ഇംഗ്ളീഷുകാര്‍ അപ്പോഴേക്കും മാറിയിരുന്നു.

സ്‌ക്കൂളുകളും, പബ്ബുകളും, റസ്റ്ററന്റുകളും പൂട്ടിയ ബ്രിട്ടീഷ് ഭരണകൂടം അത്രയും അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. തുടക്കത്തില്‍ ഒന്ന് പകച്ചെങ്കിലും പിന്നീട് ലോകത്തിന് മുന്നില്‍ കോറോണക്കാലത്തെ ഒരു അത്ഭുതം കൂടി ഇംഗ്ളീഷുകാര്‍ ലോകത്തിന് കാട്ടിക്കൊടുത്തു.കിഴക്കന്‍ ലണ്ടനിലെ ഏക്സല്‍ സെന്ററിലാണ് അത് സംഭവിച്ചത്.കൊറോണാ ബാധിതരെ മാത്രമായി ചികിത്സിക്കാനുള്ള 4,000 കിടക്കകളുള്ള എന്‍.എച്ച്.എസ് നൈറ്റിംഗയില്‍ എന്ന ആശുപത്രി പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനെടുത്തത് വെറും ഒമ്പത് ദിവസം മാത്രം !

കൊറോണ: ഒരു സ്പാനിഷ് കാള

ഓഹരി വിപണിയില്‍ വില കൊമ്പുകളാല്‍ കുത്തി ഉയര്‍ത്തുന്ന കാളകള്‍ക്ക് സമാനമാണ് സ്പെയിനിലെ കോറോണയുടെ ആക്രമണവും. നിലവില്‍ യൂറോപ്പില്‍ കൊറോണാ വൈറസിന്റെ വ്യാപനതോത് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന രാജ്യമാണ് സ്പെയിന്‍. അതുകൊണ്ട് തന്നെ കൊമ്പൊടിക്കാനുള്ള കാളപ്പോരില്‍ തുടരേണ്ട വിചിത്രവിധിയാണ് ഈ രോഗകാലവും സ്പെയിന് സമ്മാനിക്കുന്നത്. സ്പാനിഷ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം അവസാന ഇരുപത്തിനാല് മണിക്കൂറുകളില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ സ്പെയിനില്‍ മരിച്ചു കഴിഞ്ഞു. എന്നാല്‍ 47 മില്യണ്‍ വരുന്ന സ്പെയിന്‍കാരെ ഉള്‍ക്കൊള്ളുന്ന സ്പാനിഷ്സാമൂഹികജീവിതത്തെ ലോക്ക്ഡൗണ്‍ ചെയ്യാനുള്ള തീരുമാനം ഫലം ചെയ്യുമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം പ്രത്യാശിച്ചിട്ടുമുണ്ട്. നാല് ദിവസമായി കുറഞ്ഞുനിന്ന മരണനിരക്കാണ് ഒറ്റയടിക്ക് കുതിച്ചു പൊന്തിയതെന്ന ആശങ്കയാണ് സ്പെയിനിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നത്.ഐ.സി.യുകള്‍ നിറഞ്ഞുകവിയുന്നതും സ്പെയിനില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ ഫലം കാണുമെന്ന പ്രത്യാശയാണ് സ്പെയിനെ നിലവില്‍ മുന്നോട്ട് നയിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയൊക്കെ വാങ്ങാന്‍ ജനങ്ങളെ അനുവദിച്ചതിനൊപ്പം വളര്‍ത്തുനായകളെ നടക്കാന്‍ കൊണ്ടുപോകാനും സ്പെയിന്‍ പൗരന്‍മാരെ അനുവദിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ അപൂര്‍വമായൊരു സ്പാനിഷ് കരുതല്‍ മാതൃക !

നിലവില്‍ യൂറോപ് കോവിഡിനെ എങ്ങനെ നേരിടുന്നു എന്ന ചിത്രം ഈ രാജ്യങ്ങളിലൂടെ തന്നെ ലഭിക്കുമെന്നതിനാല്‍ മറ്റ് രാജ്യങ്ങളെ വിശദമായി പരിഗണിക്കേണ്ടി വരുന്നില്ല. ഇറ്റലി നല്‍കിയ സന്ദേശം മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍ക്കൊണ്ടതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒപ്പം സാമൂഹികഅകലം, വ്യക്തിശുചിത്വം, ലോക്ക് ഡൗണ്‍ എന്നിവയും ഫലവത്താകുന്നതാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുര്‍ക്കി, റഷ്യ, ബല്‍ജിയം, സ്വറ്റ്സര്‍ലന്‍ഡ്, ഹോളണ്ട്, പോര്‍ച്ചുഗല്‍, ബര്‍ഗ്മാന്റെ നാടായ സ്വീഡന്‍, ഓസ്ട്രിയ, നോര്‍വേ, പോളണ്ട്, റൊമാനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പൊതുവായി അമ്പതിനായിരത്തില്‍ താഴെയും ചിലയിടങ്ങളില്‍ പതിനായിരത്തില്‍ താഴെയുമാണ്.

എങ്കിലും യൂറോപ്പ് മരണവുമായി ഇപ്പോഴും ചതുരംഗം കളിക്കുക തന്നെയാണ്. ജയമല്ലാതെ മറ്റൊരു സാധ്യതയുമില്ലാത്ത ആ മരണക്കളി !

കവര്‍ ചിത്രം: കിഴക്കന്‍ ലണ്ടനിലെ കൊളംബിയ റോഡ് ഫ്‌ളവര്‍ മാര്‍ക്കറ്റിലെ ആള്‍ത്തിരക്ക്

Related Stories

No stories found.
logo
The Cue
www.thecue.in