ലോക്ക്ഡൗണ്‍ ലോകത്തോട് ചെയ്യുന്നത്

ലോക്ക്ഡൗണ്‍ ലോകത്തോട് ചെയ്യുന്നത്

Summary

കോവിഡും അനുബന്ധ അടച്ചിടലുകളും മനുഷ്യനെ ദുരിതക്കയത്തിലേക്ക് താഴ്ത്തുമ്പോള്‍ ഭൂമിക്ക് പറയാനുള്ള കഥ മറ്റൊന്നാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ടി അരുണ്‍കുമാര്‍ എഴുതുന്നു

രണ്ട് വാക്കുകളുണ്ട്. ഒന്ന് മറഞ്ഞിരിക്കും നേട്ടം. ഇംഗ്ളീഷില്‍ ഹിഡണ്‍ അഡ്വാന്റേജ് ( Hidden advantage ) എന്ന് പറയും. രണ്ടാമത്തേത് ഒരു മലയാളം പഴഞ്ചൊല്ലാണ് : തേടിയ വള്ളി കാലില്‍ ചുറ്റി.

ജൈവ ഇന്ധനങ്ങളുടെ നിയന്ത്രണാതീതമായ ഉപഭോഗവും നവസാമ്പത്തികവികസനമാതൃകയും ചേര്‍ന്ന് ലോകത്തിന് ചൂടേറ്റിക്കൊണ്ടിരിപ്പാണ് എന്ന് മനുഷ്യന്‍ കണ്ടെത്തിയിട്ട് നാളുകളേറെ ആയിരുന്നു. അത് കാലവസ്ഥയില്‍ കയറിപ്പിടിച്ചു തുടങ്ങിയത് മുതലാണ് കാലാവസ്ഥാവ്യതിയാനം (Climate change ) ആഗോളതാപനം (Global warming ) എന്നീ വാക്കുകള്‍ പ്രൈമറിസ്‌ക്കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ വരെ കയറിക്കൂടിയതും. എന്നാല്‍ അതിനപ്പുറം ഒന്നും സംഭവിച്ചില്ല. അത് മനുഷ്യമനസ്സിനേയോ രാഷ്ട്രാന്തരീയസമൂഹത്തിന്റെ സ്വാര്‍ത്ഥതയേയോ ഒരു തരത്തിലും മാറ്റിമറിച്ചില്ല. ആരാണ് കൂടുതല്‍ കാര്‍ബണ്‍സംയുക്തങ്ങള്‍ അന്തരീഷത്തിലേക്ക് അയക്കുന്നത് എന്ന വഴക്കിടല്‍ മാത്രമായി ആഗോളഉച്ചകോടികള്‍ മാറി.അതിനിടയില്‍ ഭൂട്ടാന്‍ പോലുള്ള കൊച്ചുരാജ്യങ്ങള്‍ വനവത്കരണത്തിന്റെ, പരിസ്ഥിതിസുരക്ഷയുടെ മാതൃക പിന്‍തുടരുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഗുണമെന്ത് എന്നറിയണമെങ്കില്‍ അവിടം സന്ദര്‍ശിക്കുക തന്നെ വേണ്ടിവരും. യുട്യൂബിനോ, ഗൂഗിളിനോ പോലും തല്‍ക്കാലം നിങ്ങളെ അതനുഭവിപ്പിക്കാനുള്ള ശേഷിയില്ല.

പറഞ്ഞു വരുന്നത് കഴിഞ്ഞ എത്രയോ വര്‍ഷമായി ലോകം ആലോചിക്കുകയും എന്നാല്‍ പേടിച്ചു പിന്‍മാറുകയും ചെയ്ത ഒന്ന് പലരാജ്യങ്ങളിലും അനായാസം നടപ്പിലായിരിക്കുന്നു എന്നതാണ്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ ഒന്നോ, രണ്ടോ ഷട്ട്ഡൗണുകള്‍ പോലും ലോകത്തിന് വലിയ ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ ആയിരുന്നു ശാസ്ത്രലോകം. എന്നാല്‍ രാഷ്ട്രീയനേതൃത്വത്തിനാകട്ടെ അതിന് ധൈര്യമുണ്ടായില്ല. എന്നാല്‍ ലോകമെമ്പാടും കോവിഡ്-19 ഒരു ടൈഫൂണായി പടര്‍ന്നുവീശിയപ്പോള്‍, ലോകം സ്വയമറിയാതെ ഒരു ലോക്ക് ഡൗണിലേക്ക് വീണു. ഈ ലോക്ക് ഡൗണിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നെങ്കില്‍ ഭൂമിക്ക് വലിയ നേട്ടം ഇതുകൊണ്ട് ഉണ്ടായിരിക്കുന്നു എന്ന സത്യം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.ലോക്ക് ഡൗണ്‍ എന്ന വള്ളി ലോകത്തിന്റെ കാലിലേക്ക് വന്നു ചുറ്റിയതാണെങ്കിലും, അതിലെ ഒളിഞ്ഞിരിക്കുന്ന നേട്ടം ലോകത്തിനെമ്പാടും അവകാശപ്പെട്ടതാണ്. നമുക്കാദ്യം ഇന്ത്യയിലേക്ക് വരാം. വായുവിലും ജലത്തിലും അന്നത്തിലും മാത്രം പ്രാഥമികമായി നിലനില്‍ക്കുന്ന ജീവിയാണ് മനുഷ്യനെങ്കിലും സാമ്പത്തികവികസനത്തിന്റെ കണ്ണാടിയൂരുവാന്‍ തയ്യാറാത്തവര്‍ അങ്ങനെയല്ലെന്ന് അഭിനയിക്കാന്‍ മിടുക്കരാണ്. രോഗം പതിയെ ആ സത്യത്തെയും തെളിയിച്ചേ പിന്‍വാങ്ങൂ എന്ന് കരുതുന്നവരും ഇപ്പോള്‍ ഏറെയാണ്. ദല്‍ഹിയിലെ വായു ജീവനുള്ളവയ്ക്ക് മൊത്തത്തില്‍ അപായകരമായിട്ട് നാളുകള്‍ ഏറെയായി. ദല്‍ഹിയില്‍ ശുദ്ധവായു വില്‍പനയ്ക്കെത്തിയത് പോലും നമ്മെ ഗൗരവമായി ചിന്തിപ്പിച്ചില്ല. എന്തായാലും ലോക്ക് ഡൗണ്‍ ദല്‍ഹിയിലെ വായുമലീനീകരണത്തിന്റെ തോത് കുറച്ചു കൊണ്ടിരിക്കുന്നു എന്ന സന്തോഷവാര്‍ത്തയുണ്ട്. കേരളത്തില്‍ കൊച്ചി പോലൊരു നഗരത്തില്‍ ഒരൊറ്റആഴ്ച കൊണ്ട് ഏറ്റവും അപ്രതീക്ഷിതമായ നിലയിലേക്കാണ് വായുവിന്റെ ഗുണനിലവാരം ഉയര്‍ന്നിരിക്കുന്നത് എന്ന് നാം അറിയണം. ഇന്ത്യന്‍ നഗരങ്ങളില്‍ മാത്രമല്ല, ലോകമെമ്പാടും ഇത് തന്നെ സംഭവിക്കുന്നു.യാദൃച്ഛികമായാലും അല്ലാതെ ആയാലും ഭൂമിക്ക് ഒരു റീ-സെറ്റിങ്ങിനുള്ള ഒരവസരാണ് വീണുകിട്ടിയിരിക്കുന്നതെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നുണ്ട്. പരിണാമപരമായി അത്തരമൊരു സാധ്യതയെ പ്രകൃതി കണ്ടെത്തി ഉപയോഗിക്കുന്നതാണ് എന്നുപോലും അഭിപ്രായപ്പെടുന്നവരുണ്ട്.

ലോക്ക് ഡൗണ്‍ ഡല്‍ഹി / കടപ്പാട് ബിസിനസ് ഇന്‍സൈഡര്‍ 
ലോക്ക് ഡൗണ്‍ ഡല്‍ഹി / കടപ്പാട് ബിസിനസ് ഇന്‍സൈഡര്‍ ബിസിനസ് ഇന്‍സൈഡര്‍ 

കേരളത്തിലാവട്ടെ, കുറഞ്ഞപക്ഷം, ജലസ്രോതസ്സുകളിലേക്ക് അറവുമാലിന്യം ഒഴുക്കുന്നതെങ്കിലും കുറഞ്ഞിട്ടുണ്ടാവുമെന്ന് ഓര്‍ത്ത് നമുക്ക് സമാധാനിക്കാവുന്നതാണ്. അവസാനിക്കാത്ത ഒരു ചൂളംവിളി ആയി നമ്മുടെ ജീവിതത്തിലുണ്ടായിരുന്നു തീവണ്ടിഗതാഗതം പോലും ലോകത്തില്‍ പലയിടത്തും നിശ്ചലമായിരിക്കുന്നു. ഇത് ലോകം ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. ഇനിയൊരുപക്ഷേ ഒരിക്കല്‍ കൂടി പ്രായോഗികമാക്കാനാവാത്തതും. ലോക്ക് ഡൗണിന്റെ മറഞ്ഞിരിക്കുന്ന ഗുണത്തിന്റെ ഉപഭോക്താവായി ഓരോ മനുഷ്യനും മാറുമെന്ന് കൂടി കരുതാം. ഉദാഹരണത്തിന് ഇറ്റലിയെ എടുക്കാം. അവസാനമില്ലാത്ത ജലയാനങ്ങളുടെ പ്രവാഹം കനാലുകളുടെ ശുചീകരണത്തെ ഒരു തമാശയായി മാറ്റിയിരുന്നു ഇറ്റലിയില്‍. ജലഗതാഗതം നിലച്ചതോടെ ഇറ്റലിയിലെ ജലപ്രവാഹങ്ങള്‍ അസാധരണമായ വേഗതയില്‍ തെളിഞ്ഞ് ജീവസുറ്റതായി മാറുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈന ക്വാറന്റയിനിലേക്ക് പോയത് മുതല്‍ ചൈനീസ് വായുവിലെ നൈട്രജന്‍ ഡയോക്സൈഡിന്റെ അംശം നിര്‍ണായകമായി കുറഞ്ഞൂവെന്ന വിവരം നാസ എര്‍ത്ത് ട്വീറ്റ് ചെയ്തിരുന്നു. ചൈനയില്‍ മാത്രം അന്തരീഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവില്‍ 25 % കുറവാണ് ലോക്ക്ഡൗണ്‍ വഴി ഉണ്ടായിരിക്കുന്നത്. ഊര്‍ജ്ജഉത്പാദനത്തില്‍ ഉണ്ടായ കുറവ് 36 % വരെ കല്‍ക്കരി ഉപയോഗത്തെ കുറച്ചതായും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

അന്തരീഷമലിനീകരണത്തോത് നിരീക്ഷിക്കുന്ന നാസയുടെയും യൂറോപ്യന്‍ സ്പെയ്സി ഏജന്‍സിയുടെയും ഉപഗ്രഹങ്ങള്‍ ഇറ്റലി, യു.എസ്, ഇന്ത്യ തുടങ്ങി ലോക്ക്ഡൗണ്‍ പ്രദേശങ്ങളിലെല്ലാം തന്നെ അഭൂതപൂര്‍വമായ തോതില്‍ വായുമലീനീകരണം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. വായുമലീനകരണമാണ് ഭൂമിയില്‍ ആരോഗ്യത്തിന്റെ ആദ്യത്തെ വെല്ലുവിളിയായി കണക്കാക്കപ്പെട്ടിരിക്കുന്നത് എന്നും ഇതിനൊപ്പം ഓര്‍ക്കുക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മലീകരണത്തോത് കോറോണയ്ക്ക് ശേഷം 50% ശതമാനം കുറഞ്ഞിരിക്കുന്നു എന്ന് കണക്കുകള്‍ തെളിയിക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. സ്പെയിനിലും ബ്രിട്ടനിലുമൊക്കെ കണക്കുകള്‍ പറയുന്ന കഥയും മറ്റൊന്നല്ല തന്നെ. ലെബനനിലെ തെളിഞ്ഞ ആകാശം വിവിധ അന്താരാഷ്ട്രമാധ്യമങ്ങളില്‍ വായുമലിനീകരണത്തോത് കുറയുന്നതിന്റെ സാക്ഷ്യമായി സ്ഥാനം പിടിച്ചു.

ഭക്ഷണവും ജലവുമാണ് ജീവന്റെ പ്രാഥമികആവശ്യങ്ങള്‍ എന്ന സത്യത്തിലേക്ക് ലോകം മടങ്ങിയെത്തുന്നതും ഈ കോവിഡ് കാലത്ത് നാം കാണുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വിതരണം മുറിഞ്ഞത് ഓസ്ട്രേലിയയിലെ ഇല്ലാവാരയില്‍ മാത്രം ബഹുഭൂരിപക്ഷം വരുന്നവരെ കഴിയുന്നത്ര പച്ചക്കറികള്‍ സ്വയം കൃഷിചെയ്തുണ്ടാക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കേരളത്തില്‍ പോലും അതിന്റെ അനുരണങ്ങള്‍ ഉണ്ടെന്നത് നമുക്കിപ്പോള്‍ നിഷേധിക്കാനാവില്ല. കര്‍ണാടകഅതിര്‍ത്തി അടച്ച സംഭവം കാര്‍ഷികമായി ചെറിയതോതിലെങ്കിലും ഓരോ കുടുംബവും സ്വയംപര്യാപ്തമാവേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് തന്നിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. വയല്‍നികത്താനും കൃഷിയിടങ്ങള്‍ ചുരുക്കാനും നിയമം ഭേദഗതി ചെയ്ത് കൊടുക്കുന്ന കേരളത്തിലെ ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് കൂടി ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തം എടുക്കാനുണ്ട്.

സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും ശുചിത്വസങ്കല്‍പ്പത്തിലുണ്ടായ വിപ്ളവകരമായ മാറ്റമാണ് കോവിഡ് വ്യാപനത്തിന്റെ മറ്റൊരു മറഞ്ഞിരിക്കുന്ന ഗുണമായി ലോകം കാണുന്നത്. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകുക എന്ന പ്രചാരണം വരുംകാല ലോകത്ത് ഒരു പ്രാഥമികകൃത്യങ്ങളിലൊന്നായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. വെയ്സ്റ്റ് മാനേജ്മെന്റ്, പരിസരശുചിത്വം എന്നീ മേഖലകളില്‍ കോറോണാന്തരലോകം വലിയൊരു കുതിച്ചുചാട്ടത്തിലേക്കാവും ഉണരുക എന്നും കരുതപ്പെടുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടും നിന്നും പ്രചരിക്കുന്നത് ഓര്‍ക്കുക. ലോകം ഈ ശീലങ്ങള്‍ തുടരാനാണ് സാധ്യത.

ഇതിനൊപ്പം വന്യജീവികളെ ഭക്ഷണത്തിനായി വില്‍പനയ്ക്കെത്തുന്ന സമ്പ്രദായവും കോറാണാവൈറസ് അവസാനിപ്പിക്കുകയാണ്. ചൈനയും വിയറ്റ്നാമും വന്യജീവികളുടെ ഉപഭോഗം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇത് പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രതിഫലനം ചെറുതായിരിക്കുകയില്ല. കാണ്ടാമൃഗം, ആന, ഈനാംപേച്ചി, കടുവ തുടങ്ങി എണ്ണമറ്റ ജീവികള്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല- ഭക്ഷണത്തിനും ഇല്ലാത്ത ഔഷധമൂല്യത്തിനുമായുള്ള വേട്ടയാടല്‍. ഇതില്‍ പലതും അനധികൃതകച്ചവടം കൂടി ആയിരുന്നു. ഔഷധനിര്‍മ്മാണത്തിനും മാംസത്തിനുമായി കടുവകളെ ഫാമില്‍ വളര്‍ത്തുന്ന രാജ്യം കൂടിയാണ് ചൈനയെന്ന് നാം മനസ്സിലാക്കണം.എന്തിന് കടുവയുടെ അസ്ഥിയില്‍ നിന്ന് ടൈഗര്‍ ബോണ്‍ മദ്യമുണ്ടാക്കി അത് കുടിക്കുകയും വിറ്റ് കാശുണ്ടാക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണ് ചൈന.ബില്യണ്‍ഡോറളിന്റെ വന്യജീവി വ്യവസായമാണ് ഈ രണ്ട് രാജ്യങ്ങളിലും മാത്രമായി നടന്നു വന്നിരുന്നത്. വുഹാനിലെ എന്തുംകിട്ടുന്ന ചന്തയാണ് ലോകത്തിന് ഈ പെടാപ്പാട് കൊടുത്തത് എന്ന ബോധ്യത്തില്‍ നിന്നും വന്യജീവികള്‍ അറിയാത്ത പല വൈറസിന്റെയും വാഹകരായിരിക്കാം എന്ന ബോധ്യത്തിലേക്കുമാണ് ചൈന ഉണര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലും കരടിയുടെ പിത്തരസം ഘടകമായ ഒരു മരുന്ന്

വന്യജീവികളുടെ അനധികൃത വില്‍പ്പന 
വന്യജീവികളുടെ അനധികൃത വില്‍പ്പന  Image credit: Dan Bennett/Wikimedia.org

ചൈനയുടെ ദേശീയ ആരോഗ്യകമ്മീഷന്‍ നിര്‍ദ്ദേശിച്ചത് ശാസ്ത്രജ്ഞരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.എന്തായാലും അസംഭവ്യമെന്ന് ചിന്തിച്ചിരുന്ന ഒരു ലോക്ക്ഡൗണ്‍ കാലത്തിലുടെ ലോകം കടന്നുപോകുമ്പോള്‍ പരിസ്ഥിതിശാസ്ത്രജ്ഞര്‍ അതിനെ പ്രതീക്ഷാപൂര്‍വ്വമാണ് നോക്കിക്കാണുന്നത്. ഇത് പ്രകൃതിയുടെ മന:പൂര്‍വമായ ഒരിടപെടലായിരുന്നോ, അല്ലയോ എന്നൊക്കെയുള്ള സംവാദങ്ങള്‍ക്കപ്പുറം ഇത് ഫലപ്രദമാണെന്നതിന്റെ കണക്കുകള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമുണ്ട്. അനുഭവം മനുഷ്യര്‍ക്കൊപ്പവും. ഇനിയും ഇതുപോലൊരു ദുരന്തകാലത്തിലേക്ക് തിരിച്ചുപോവാന്‍ മനുഷ്യരാശി ആഗ്രഹിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ട് കോറാണാനന്തരലോകം കുറച്ചുകൂടി പരിസ്ഥിതിസൗഹൃദപരമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.ചുരുക്കത്തില്‍ സാമ്പത്തികമുന്നേറ്റത്തിലൂന്നിയ ഇന്നത്തെ ലോകവികസനമാതൃക സുസ്ഥിര-കാര്‍ഷികകേന്ദ്രീകൃത വികസനമാതൃകയെ പിന്‍പറ്റിയേക്കാം. നമുക്ക് കാത്തിരിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in