കെ.ആര്‍ ഗൗരിയമ്മ മുതല്‍ ആര്യ രാജേന്ദ്രന്‍ വരെ; സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന രാഷ്ട്രീയ കേരളം

കെ.ആര്‍ ഗൗരിയമ്മ മുതല്‍ ആര്യ രാജേന്ദ്രന്‍ വരെ; സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന രാഷ്ട്രീയ കേരളം

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പ്രതിപക്ഷത്തിരിക്കുന്ന കെ. മുരളീധരന് വിമര്‍ശനമുണ്ടായിരിക്കാം. പക്ഷേ അത് പറയാന്‍ കാണാന്‍ ''നല്ല സൗന്ദര്യമുണ്ട് ശരിയാണ്, പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്'' എന്നും അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന സിനിമയിലെ കനകസിംഹാസനത്തിലെ എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കരുത് എന്നും ഇതൊക്കെ ഒറ്റമഴയ്ക്ക് കിളിര്‍ത്തതാണ് ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരുമെന്നും പറയേണ്ടതില്ല.

വീണ്ടും വീണ്ടും ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കളെ ധൈര്യപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ കൂടി പ്രശ്‌നമുണ്ട്. ഇപ്പോഴും മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത്.

'സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതില്‍ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ഞാന്‍ ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ വ്യക്തിപരമായി മേയര്‍ക്ക് എതിരായി അധിക്ഷേപം ചൊരിഞ്ഞു എന്ന തോന്നലുണ്ടെങ്കില്‍ അതിലെനിക്ക് ഖേദമുണ്ടെന്നും മുരളീധരന്‍ പറയുന്നു.

മുരളീധരന്റെ പ്രസ്താവനയില്‍ അതിശയോക്തി തോന്നേണ്ടതില്ല. കാരണം തങ്ങളുടെ വാക്കിലെയും, നോട്ടത്തിലെയും, പ്രവൃത്തിയിലെയും സ്ത്രീവിരുദ്ധത തിരിച്ചറിയാന്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെയായിട്ടില്ല.

കേരള രാഷ്ട്രീയ ചരിത്രത്തിലെ കരുത്തയായ വനിതാ നേതാവായ കെ.ആര്‍ ഗൗരിയമ്മയും നിരന്തരം ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നേരിട്ടിരുന്നു. തന്റെ തൊണ്ണൂറാം വയസിലും കെ.ആര്‍ ഗൗരിയമ്മയ്ക്ക് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നു.

സ്ത്രീയെന്ന ബഹുമാനം കൊടുത്തേക്കാം പക്ഷേ അവരുടെ കൈയിലിരുപ്പ് മോശമാണ്, വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നുമായിരുന്നു പി.സി ജോര്‍ജ് കെ.ആര്‍ ഗൗരിയമ്മയെക്കുറിച്ച് പറഞ്ഞത്. ജോര്‍ജിനെതിരെ വിമര്‍ശമുന്നയിച്ച ഗൗരിയമ്മയെക്കുറിച്ച് 95 വയസുള്ള ഒരു കിളവിയാണ് തന്നെക്കുറിച്ച് പറയുന്നതെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെടുന്ന സ്ത്രീകളെക്കുറിച്ച് ജോര്‍ജ് നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പൂഞ്ഞാറിലെ ജനങ്ങള്‍ പി.സി ജോര്‍ജിനെ വീണ്ടും നിയമസഭയിലേക്ക് അയക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും സ്ത്രീവിരുദ്ധത മാത്രം വിളമ്പുന്ന ജോര്‍ജിനെ ഇപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ പൊതു ഇടത്തില്‍ ഇരുത്തി അയാളുടെ അഭിപ്രായങ്ങള്‍ ആരായുകയാണ്.

വീണാ ജോര്‍ജിനെതിരെ പി.സി ജോര്‍ജ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ആളാണ് വീണ ജോര്‍ജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാന്‍ യോഗ്യയാണ് മന്ത്രിയെന്നുമായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റെയെക്കുറിച്ചുള്ള അവബോധം കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടാകേണ്ടതാണ് എന്ന് വ്യക്തമാക്കുന്നതാണ് പൊതു ഇടങ്ങളില്‍ ഒരു ജാള്യത പോലുമില്ലാതെ നിരന്തരം ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നത് വ്യക്തമാക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് അന്ന് എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന എ. വിജയരാഘവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉന്നയിച്ചതും വലിയ വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നുമായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്.

മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികവ് കാട്ടി കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിരയില്‍ നിന്ന് നയിച്ചതിന് അന്തരാഷ്ട്ര അംഗീകാരം നേടിയപ്പോള്‍ മുല്ലപ്പള്ളി നിപ്പ രാജകുമാരി, കൊവിഡ് റാണി തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് നടത്തിയത്. അന്ന് ഗാര്‍ഡിയന്‍ എഴുതിയതും മുല്ലപ്പള്ളി ധരിച്ചതും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു.

പക്ഷേ ആ വ്യത്യാസം തിരിച്ചറിയാനുള്ള അവബോധം തനിക്കില്ലെന്ന് 'അപ്പോളജി, നത്തിങ്ങ് ഡൂയിങ്ങ്' എന്ന പരാമര്‍ശത്തിലൂടെ മുല്ലപ്പള്ളി തന്നെ വ്യക്തമാക്കി. മികച്ച ആരോഗ്യമന്ത്രിയെന്ന ഖ്യാതി ലോകമൊട്ടാകെ നേടിയിട്ടും ശൈലജ ടീച്ചര്‍ക്ക് സി.പി.ഐ.എം രണ്ടാമതൊരു അവസരം നിഷേധിച്ചു.

പുതുമുഖങ്ങളെ അണനിരത്തിയ മന്ത്രിസഭ, തലമുറമാറ്റം ഉറപ്പാക്കാനുള്ള രാഷ്ട്രീയ തീരുമാനം, ബംഗാള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടി തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ മാത്രമായിരുന്നു സി.പി.എമ്മിന് നല്‍കാനുണ്ടായിരുന്നത്.

ജനസംഖ്യയുടെ പകുതിയിലധികം ഉണ്ടായിട്ടും അവസരസമത്വമില്ലാതെ, ദശാബ്ദങ്ങളായി അര്‍ഹിക്കുന്ന രാഷ്ട്രീയ പ്രാതിനിധ്യം പോലും ലഭിക്കാത്ത സ്ത്രീകളെ കൂടിയാണ് ഈ തീരുമാനത്തിലൂടെ ഇടതുപക്ഷം വെല്ലുവിളിച്ചത്. ഇത്തരം പുറന്തള്ളലുകള്‍ പുതിയതല്ല സ്ത്രീകളെ സംബന്ധിച്ചിടത്തോളം. അവ അതിജീവിച്ച്, പോരാടി മുന്നോട്ട് വന്ന സ്ത്രീകളെ സ്ത്രീവിരുദ്ധതയില്‍ തളച്ചിടുകയാണ് കേരള സമൂഹം വീണ്ടും വീണ്ടും.

കഴിഞ്ഞ മന്ത്രിസഭയിലെ തന്നെ മറ്റൊരു മന്ത്രിയായ ജെ.മേഴ്‌സിക്കുട്ടിയമ്മയും സ്ത്രീവിരുദ്ധ പരാമര്‍ങ്ങള്‍ നേരിട്ടിരുന്നു. അണ്ടിയാപ്പീസില്‍ പോയിക്കൂടേ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഉയര്‍ന്ന പരാമര്‍ശം. പക്ഷേ അണ്ടിയാപ്പീസില്‍ പോയിക്കൂടേ എന്നല്ല പോയിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്ന മുഖമടച്ച മറുപടി നല്‍കി മേഴ്‌സിക്കുട്ടിയമ്മ.

ടി.പി ചന്ദ്രശേഖരന്‍ മരിച്ചതിന് ശേഷം കെ.കെ രമ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ അവര്‍ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ചാവുപായയില്‍ നിന്ന് രാഷ്ട്രീയം പറയുന്നു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നുവെന്നാണ് കെ.കെ രമ പറഞ്ഞത്. പക്ഷേ ഇന്ന് കേരള നിയമസഭയിലിരുന്ന് അവര്‍ ഉറച്ച ശബദ്ത്തില്‍ രാഷ്ട്രീയം പറയുന്നുണ്ട്. ലിംഗസമത്വത്തിന് വേണ്ടി നിയമസഭയില്‍ വാദിക്കുന്നുണ്ട്. നിയമസഭയിലെ സ്ത്രീ ശബ്ദമാകാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കെ.കെ രമയ്ക്ക് സാധിച്ചു.

എം.പിയായിരിക്കുമ്പോഴാണ് സിനിമാരംഗത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് സ്ത്രീകള്‍ മോശമെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന് ഇന്നസെന്റ് പറഞ്ഞത്. സിന്ധു ജോയിക്കെതിരെയും, ലതികാ സുഭാഷിനെതിരെയും മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

സ്ത്രീവിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പരസ്യവുമായാണ് കെ.സുധാകരന്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2021ലെ തെരഞ്ഞെടുപ്പില്‍ ശബരിമലയുമായി ബന്ധപ്പെട്ട അതേ സ്ത്രീവിരുദ്ധ പരാമര്‍ശമുള്‍പ്പെടുത്തിയ പരസ്യം കോണ്‍ഗ്രസ് തയ്യാറാക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. 48 വയസുള്ള പ്രിയങ്ക ഗാന്ധിയെ യുവസുന്ദരിയെന്ന് വിളിക്കരുതെന്നായിരുന്നായിരുന്നു ബി.ജെ.പിയുടെ പി.ശ്രീധരന്‍ പിള്ള പറഞ്ഞത്.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ പത്ത് വനിതാ നേതാക്കളെയും പുറത്താക്കുക എന്ന വിചിത്ര പരിഹാര മാര്‍ഗം മുസ്ലിം ലീഗ് മുന്നോട്ട് വെച്ചതിനോടും വളരെ സ്വാഭാവികമായാണ് കേരളം പ്രതികരിച്ചത്.

സ്ത്രീവിരുദ്ധത സ്വാഭാവികവത്കരിക്കപ്പെട്ടുകൂടാ. സ്ത്രീകളുടെ മൂല്യങ്ങളും ധാര്‍മ്മികതയുമെല്ലാം തെറ്റായ രീതിയില്‍ അവരുടെ സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ടാണ് കൂട്ടിച്ചേര്‍ക്കുന്നത്. അതുകൊണ്ട് തന്നെ സ്ലട്ട്, എന്നോ അതുമായി ബന്ധപ്പെട്ടോ ചേര്‍ന്ന് കിടക്കുന്നതോ ആയ എല്ലാ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അധികാരബോധം മാത്രമാണ്. മുരളീധരനോ, സ്ത്രീവിരുദ്ധ പരാമര്‍ശം ഉന്നയിച്ച് നേതാക്കള്‍ക്കോ മാനസാന്തരം വരുമെന്നോ തെറ്റ് തിരിച്ചറിയുമെന്നോ വിശ്വസിക്കാന്‍ വകയൊന്നുമില്ല. കടുത്ത നിയമനടപടി തന്നെയാണ് പരിഹാരം.

ഗുരുതരമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കൊന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. തങ്ങള്‍ പറഞ്ഞതിലെ തെറ്റ് തിരിച്ചറിഞ്ഞ് ഒന്ന് മാപ്പ് പറയേണ്ടി പോലും വരാത്തവരാണ് ഭൂരിഭാഗവും.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടമില്ലെന്ന കര്‍ക്കശ തീരുമാനം തന്നെയെടുക്കണം. അവരെ മാറ്റിനിര്‍ത്തുക തന്നെ വേണം. ഒരു അച്ചടക്ക നടപടിപോലും നേരിടേണ്ടി വരാത്തതുകൊണ്ടാണ് വേദികളായ വേദികളിലെല്ലാം കയറി ഇറങ്ങി ഒരു ജാള്യതയുമില്ലാതെ ഇവരെല്ലാം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in