ബ്രാഹ്മണ മേധാവിത്വത്തിന്റെ കൂത്തരങ്ങുകളാകുന്ന കേരളത്തിലെ ദേവസ്വം ബോർഡുകൾ

ബ്രാഹ്മണ മേധാവിത്വത്തിന്റെ കൂത്തരങ്ങുകളാകുന്ന കേരളത്തിലെ ദേവസ്വം ബോർഡുകൾ
Summary

ആനുകാലിക കേരള ചരിത്രത്തിൽ യാഥാസ്ഥിതിക ശക്തികൾ ഇത്രയും ശക്തമായി കലാപം സൃഷ്ടിച്ച മറ്റൊരു കാലഘട്ടമുണ്ടായിരിക്കില്ല. പച്ചയായി തന്നെ ബ്രാഹ്മണമേധാവിത്വം പ്രഖ്യാപിക്കാനും ഇന്നവർക്ക് മടിയില്ലാതായി മാറിയിരിക്കുന്നു, ആചാര വിഷയങ്ങളിൽ കോടതികളെ പോലും വെല്ലുവിളിക്കാൻ ഒരു മടിയുമില്ലാതായി മാറിയിരിക്കുന്നു. പുരോഗമന കേരളത്തിന് ഒരു പൊൻതൂവലായി മാറേണ്ട യുവതീ പ്രവേശനം ഏകദേശം അടഞ്ഞ അധ്യായമാണ്. എന്തൊക്കെയായാലും ബ്രാഹ്മണിക്കൽ ഹെജിമണിയോടുള്ള പോരാട്ടത്തിൻറെ ചരിത്രത്തിൽ ദേവസ്വം ബോർഡുകളുടെ തീരുമാനങ്ങളിലൂടെ മനസ്സിലാവുന്നത് ചവറ്റുകുട്ടയിൽ എറിയേണ്ട ബ്രാഹ്മണിക് ഫോഴ്സസ് ശക്തിപ്രാപിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.

അജിത്ത് ഇ എ

PhD ഗവേഷകൻ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നാണ് പുതിയ വാർത്ത. മേൽശാന്തി ആയി ഒരു നല്ല ഇനം നമ്പൂരിയെ തന്നെ വേണത്രേ. ശബരിമല മേൽശാന്തി നിയമനത്തിനായുള്ള വിജ്ഞാപനം വിവാദമായതിന് ശേഷമാണ് ഇതും വന്നിരിക്കുന്നത്. അന്ന് കേട്ടത് മലയാള ബ്രാഹ്മണന് സംവരണം കൊടുത്തത് ശബരിമലയിലെ ആചാര സവിശേഷതകൾ കൊണ്ടാണ് എന്നതായിരുന്നു. ഗുരുവായൂർ എത്തിയപ്പോൾ കുലമഹിമയുടെ മെറിറ്റ് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ചാതുർവർണ്യത്തിൽ യാതൊരു ഉളുപ്പും തോന്നാതെ ഇങ്ങനെ ഒരു വിജ്ഞാപനം ഇറക്കാൻ ഇവർക്കാരാണ് ഇത്രയും ധൈര്യം കൊടുക്കുന്നത്? ശാന്തിപ്പണിയിലെ ബ്രാഹ്മണിക്കൽ മേധാവിത്വം തകർക്കുകയും സാമൂഹ്യ സംവരണം അനുവദിക്കുകയും ചെയ്ത സർക്കാരിന്റെ നയം കേൾക്കാത്ത മട്ടിലാണ് ദേവസ്വം ബോർഡുകൾ.

പൗരോഹിത്യത്തിന്റെ മികവിനെ സംഘാനന്തര കേരളത്തിലെ ഇമാജിനറി ബ്രാഹ്മണ ഗ്രാമങ്ങളിലേക്ക് ചുരുക്കുമ്പോൾ ജാതിവ്യവസ്ഥയെയും ശുദ്ധാശുദ്ധി സിദ്ധാന്തങ്ങളെയും 21ആം നൂറ്റാണ്ടിലും മുറുകെപ്പിടിക്കുകയാണ് ഗുരുവായൂർ ദേവസ്വം ബോർഡും മറ്റ് ബോർഡുകളും ചെയ്യുന്നത്. ജനാധിപത്യ സർക്കാരുകൾക്ക് കീഴിൽ ദേവസ്വം ബോർഡുകൾ വരുമ്പോഴും അവരുടെ താൽപ്പര്യം ബ്രാഹ്മണ മേധാവിത്വത്തിന്റെ സംരക്ഷണത്തിലാണ്. അല്ലേലും വിശ്വാസം ഈസ് ഈക്വൽ ടു ബ്രാഹ്മണിസം എന്നാണല്ലോ. അമ്പലങ്ങൾ മാത്രമല്ല ബ്രാഹ്മണ മേധാവിത്വത്തിന്റെ കൂത്തരങ്ങുകൾ, ദേവസ്വം ബോർഡുകൾ നടത്തുന്ന വിദ്യാലയങ്ങളും കലാലയങ്ങളും അടക്കം ഒരേ വഴിയിലൂടെയാണ് നീങ്ങുന്നത്. ഐക്യ ഹിന്ദുവിന് പാണനെയും, പറയനെയും, ചോവനെയും ഒക്കെ വേണം. പക്ഷെ, ഐക്യം ഒരിക്കലും ബ്രാഹ്മണ്യം തകർത്തുകൊണ്ടാവരുത്.

പോസ്റ്റ്-ശബരിമലവിധി സംഭവവികാസങ്ങൾ കേരളത്തിലെ ബ്രാഹ്മണിക്കൽ-യഥാസ്ഥിതിക ശക്തികളെ ശക്തിപ്പെടുത്തിയോ എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. പക്ഷേ ഒന്നുണ്ട്. ആനുകാലിക കേരള ചരിത്രത്തിൽ യാഥാസ്ഥിതിക ശക്തികൾ ഇത്രയും ശക്തമായി കലാപം സൃഷ്ടിച്ച മറ്റൊരു കാലഘട്ടമുണ്ടായിരിക്കില്ല. പച്ചയായി തന്നെ ബ്രാഹ്മണമേധാവിത്വം പ്രഖ്യാപിക്കാനും ഇന്നവർക്ക് മടിയില്ലാതായി മാറിയിരിക്കുന്നു, ആചാര വിഷയങ്ങളിൽ കോടതികളെ പോലും വെല്ലുവിളിക്കാൻ ഒരു മടിയുമില്ലാതായി മാറിയിരിക്കുന്നു.

പുരോഗമന കേരളത്തിന് ഒരു പൊൻതൂവലായി മാറേണ്ട യുവതീ പ്രവേശനം ഏകദേശം അടഞ്ഞ അധ്യായമാണ്. എന്തൊക്കെയായാലും ബ്രാഹ്മണിക്കൽ ഹെജിമണിയോടുള്ള പോരാട്ടത്തിൻറെ ചരിത്രത്തിൽ ദേവസ്വം ബോർഡുകളുടെ തീരുമാനങ്ങളിലൂടെ മനസ്സിലാവുന്നത് ചവറ്റുകുട്ടയിൽ എറിയേണ്ട ബ്രാഹ്മണിക് ഫോഴ്സസ് ശക്തിപ്രാപിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.

കേരളത്തിലെ ഏതെങ്കിലും പ്രധാന ക്ഷേത്രങ്ങളിൽ അബ്രാഹ്മണ ശാന്തിമാർ മേൽശാന്തിമാരായി തൊഴിലെടുക്കുന്നത് അറിയാമോ? മേൽശാന്തിമാരാവാൻ പ്രവർത്തിപരിചയത്തിന്റെ മാനദണ്ഡം കൂടി ഉണ്ട് എന്നതിനാൽ ചിലപ്പോൾ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. പക്ഷെ ദേവസ്വം ബോർഡുകളുടെ മേൽശാന്തിമാർക്കായുള്ള വിജ്ഞാപനം അത്തരം സാങ്കേതികത്വത്തിൻറെ ഒഴിവുകിഴിവുകൾ പോലും മുന്നോട്ട് വെക്കുന്നില്ല. പച്ച ബ്രാഹ്മണിക്കൽ യുക്തികളാണ് ഒരു മടിയുമില്ലാതെ ഇറക്കുന്നത്.

ശബരിമലയിൽ മേൽശാന്തിമാരാവാൻ മലയാളി ബ്രാഹ്മണൻമാരാവണം എന്ന് വിജ്ഞാപനമിറക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയിൽ പലരും അത്ഭുതം കൂറി. സർക്കാർ ഒരു നയം പ്രഖ്യാപിച്ചിട്ടും ദേവസ്വം ബോർഡുകൾക്ക് എന്തുകൊണ് അത് മനസ്സിലാവുന്നില്ല.

ശബരിമലയിലെയും മാളികപ്പുറത്തെയും മലയാള ബ്രാഹ്മണ ശാന്തിപ്പണിയെ ദേവസ്വം ബോർഡ് കോടതിയിൽ വരെ ന്യായീകരിച്ചു. ശബരിമലയുടെ പ്രത്യേക ആചാര സവിശേഷതകൾ കൊണ്ടാണ് മലയാള ബ്രാഹ്മണത്വം ഒരു മാനദണ്ഡം ആയി വന്നത് എന്നാണ് അന്ന് കേട്ട ന്യായീകരണം. അല്ലപ്പാ, ആരാണ് ഈ മാനദണ്ഡങ്ങൾ തീരുമാനിച്ചത്? ചരിത്രത്തിന്റെ ബ്രാഹ്മണർ മേധാവിത്വം നേടിയ ഏതോ ഒരു ഘട്ടത്തിൽ അപ്പനും, അപ്പന്റെ പെങ്ങൾ സുഭദ്രയും കൂടി ഉണ്ടാക്കിയതല്ലേ ഈ പ്രത്യേക സവിശേഷത? അല്ലാതെ അതിനൊന്നും വലിയ ലോജിക്കൊന്നും ഇല്ലല്ലോ? തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ നിരോധിച്ചപ്പോഴും, ദളിതർക്ക് പൊതുവഴികൾ തുറന്നു കൊടുത്തപ്പോഴും, അമ്പലങ്ങളിൽ പ്രവേശനം കൊടുത്തപ്പോഴും നിങ്ങൾ പറഞ്ഞിട്ടുണ്ടാവണം ആചാരത്തെക്കുറിച്ച്.

മത്സരപരീക്ഷകൾ നടക്കുന്ന നിയമന/അഡ്മിഷൻ പ്രക്രിയകളിൽ കീഴാളരെ ഒഴിവാക്കാൻ സവർണ്ണർ കണ്ടെത്തിയ ഒരു ഉപായമാണ് ഇന്റർവ്യൂകൾ. എഴുത്തുപരീക്ഷയിൽ എത്ര മാർക്ക് വാങ്ങിയാലും സാരമില്ല, ഇന്റർവ്യൂവിൽ മാർക്ക് കുറച്ച് കൊടുത്താൽ നോൺ-സവർണ്ണ വിഭാഗങ്ങൾ സീറ്റിലോ പോസ്റ്റിലോ കയറില്ല.

ഇതൊക്കെ പോട്ടെ, നോൺ-സവർണ്ണ വിഭാഗങ്ങളെ ഇന്റർവ്യൂവിൽ മാർക്ക് കുറച്ച് കൊടുത്ത് ഒഴിവാക്കിയതിന് ശേഷം സവർണ്ണർ പറയുന്ന ഒരു വാദമുണ്ട്, അവർക്കൊന്നും മെറിറ്റ് ഉണ്ടായിരുന്നില്ലാന്ന്! ദേവസ്വം ബോർഡുകൾ കണ്ടെത്തിയിട്ടുള്ളത് അതിലും മികച്ച ഉപായമാണ്. മെറിറ്റിന് പകരം ആചാരം വച്ചാൽ മതിയല്ലോ! ആചാരത്തിന്റെ പേരിലാണെങ്കിൽ ബ്രാഹ്മണ്യം ഒരു ക്രൈറ്റീരിയ ആയി തന്നെ വക്കാം. അതിൻറെ യുക്തി ആരും ചോദ്യം ചെയ്യില്ല. ആചാരം ആവുമ്പോൾ നിയമ വ്യവസ്ഥയും കാര്യമായി റോളെടുക്കില്ല.

ഇത് ഒരു ഒറ്റപ്പെട്ട കാര്യമല്ല. അപ്രതീക്ഷിതമായാണ് ഗുരുവായൂർ മേൽശാന്തി നിയമനത്തിന്റെ നോട്ടീസ് കണ്ടത്. ദേ കിടക്കണു ബ്രാഹ്മണ്യം. അതും വെറും ലോക്കൽ ബ്രാഹ്മണൻമാരായാൽ പോര. മുന്തിയ ഇനം ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്ന് തന്നെ വേണം തന്നെ വേണം. ഇത് കണ്ടപ്പോൾ ദേവസ്വം ബോർഡുകളുടെ വെബ് സൈറ്റുകൾ ഒന്ന് അരിച്ചുപെറുക്കിയപ്പോഴാണ് ബ്രാഹ്മണിക്കൽ വിശേഷാധികാരങ്ങളെ മേൽശാന്തി നിയമനങ്ങളിൽ അംഗീകരിക്കുന്ന ക്ഷേത്രങ്ങളിനിയും ഒട്ടേറെ ഉണ്ടെന്ന് മനസ്സിലായത്. ഗുരുവായൂർ ക്ഷേത്രത്തിന് ശുകപുരം, പെരുവനം ഗ്രാമങ്ങളിലെ നമ്പൂര്യാരെ ആണ് വേണ്ടതെങ്കിൽ തിരുവാർപ്പ് ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തി ആവണമെങ്കിൽ കുമാരനല്ലൂർ, കിടങ്ങൂർ, കാടമുറി, ഓണംതുരുത്ത് ഗ്രാമങ്ങളിലെ കേമൻമാരായ നമ്പൂര്യാരെ തന്നെ വേണം. അപ്പൊ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ഇതേ ഗുരുവായൂർ ക്ഷേത്രത്തിൽ സവർണ്ണ ജാതിക്കാരനല്ല എന്ന പേരിൽ മേളവും മറ്റ് കലകളും അവതരിപ്പിച്ച കലാകാരന്മാരെ ഇറക്കിവിട്ട സംഭവങ്ങൾ വരെ ഉണ്ട്. ഈ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഒരു ദളിതനായ തകിൽ കലാകാരനെ ചരിത്രത്തിൽ ആദ്യമായി നിയമിച്ചത്. ബ്രാഹ്മണരും സവർണരും കൂടി പിടിച്ചടക്കി വച്ചിരിക്കയായിരുന്നു അവിടം മുഴുവൻ.

കേരളം വളരും തോറും പ്രതിലോമ ശക്തികളും വളരുന്നുണ്ട്. ഇന്ന് ശാന്തിപ്പണിയും ബ്രാഹ്മണ ദേശങ്ങളുടെ മാഹാത്മ്യവും ആണെങ്കിൽ നാളെ വാഴക്കുലയിലുള്ള അവകാശവും പുനഃസ്ഥാപിച്ചുകൊണ്ട് അവർ വരും. പായയും മടക്കി വച്ചുകൊള്ളൂ, വിളക്കും തുടച്ചുവച്ചുകൊള്ളൂ. അവസരം കൊടുത്താൽ അവർ ഓരോന്നായി തിരിച്ചുചോദിക്കും. അതിന് അവരെ സമ്മതിക്കണോ എന്നതാണ് കേരളത്തിന് മുന്നിലുള്ള ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in