കുപ്രചരണങ്ങളില്‍ തകരുന്ന മരണാനന്തര അവയവ ദാനം

കുപ്രചരണങ്ങളില്‍ തകരുന്ന മരണാനന്തര അവയവ ദാനം
Summary

ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി അവയവം കാത്തിരിക്കുന്നവരുടെ ലിസ്റ്റ് വളരെ നീണ്ടതും അവയവം ലഭിക്കാനുള്ള സാധ്യത തുലോം കുറവും ആയിക്കൊണ്ട് ഇരിക്കുകയാണ്. ബോധപൂര്‍വ്വമോ അല്ലാതെയോ ഉള്ള ഊഹാപോഹങ്ങളും കുപ്രചാരണങ്ങളും മരണാനന്തര അവയവദാനത്തിന്റെ നിരക്ക് കുത്തനെ കുറച്ചിട്ടുണ്ട്. സമൂഹത്തോട് ചെയ്യുന്ന ഒരു ദ്രോഹം തന്നെയാവും ഈ വിഷയത്തിലെ നിരുത്തരവാദിത്വപരമായ സാമാന്യ വല്‍ക്കരണം.

ആരോഗ്യരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം പിന്നോക്കം പുറകോട്ടു പോവുന്ന മേഖല ഏതാണ് എന്ന് ചോദിച്ചാല്‍ അതാണ് അവയവദാന പ്രക്രിയ, വിശിഷ്യാ മരണാനന്തര അവയവദാനം.

എന്ത് കൊണ്ട് അത് സംഭവിക്കുന്നു?

കുപ്രചരണങ്ങള്‍ മൂലം പാടെ തകര്‍ന്നു പോയ അവസ്ഥയിലാണ് കേരളത്തിലെ മരണാനന്തര അവയവ ദാന പ്രക്രിയ. 2015 ല്‍ 218 അവയവമാറ്റം നടന്ന കേരളത്തില്‍ പിന്നീട് കുത്തനെ കുറഞ്ഞു. 2021 ല്‍ 49 ഉം , 2022 ല്‍ 37 ഉം അവയവമാറ്റം മാത്രമാണ് നടന്നത്.

വര്‍ഷങ്ങള്‍ കാത്തിരുന്നാലാണ് ലിസ്റ്റില്‍ മുന്നിലെത്തി അവയവം ലഭ്യമാവാന്‍ സാധ്യത തെളിയുന്നത്, ഈ കാത്തിരുപ്പ് കാലയളവില്‍ അനേകര്‍ ആരോഗ്യം ക്ഷയിച്ചു മരണപ്പെടുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. മരണം ഉറപ്പായ രോഗാവസ്ഥകളില്‍ പലപ്പോഴും രോഗിയും ബന്ധുക്കളും ആ വിധി അംഗീകരിച്ചു മനസ്സ് കൊണ്ട് പരുവപ്പെട്ടേക്കാം, എന്നാല്‍ അവയവം കാത്തിരിക്കുന്നവരില്‍ ജീവന് വേണ്ടിയുള്ള പ്രതീക്ഷ ബാക്കി നില്‍ക്കും. അതൊരു വല്ലാത്ത ദുരവസ്ഥയാണ്. ഒരിക്കല്‍ കണ്ടറിഞ്ഞാല്‍ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന അവസ്ഥ. അവയവദാനം സംബന്ധിച്ച ശരിയായ അറിവ് നേടി ഊഹാപോഹങ്ങളിലും, ഗൂഡാലോചനാ സിദ്ധാന്തങ്ങളിലും വിശ്വസിക്കാതെ 'ജീവന്‍ദാന പ്രക്രിയ' ആയ അവയവമാറ്റത്തെ പരിരക്ഷിക്കാന്‍ കൂട്ടായി ശ്രമിക്കാം.

എന്താണ് വസ്തുതകള്‍

പൊതുസമൂഹത്തില്‍ ഉയരുന്ന ഏറ്റവും നിര്‍ണ്ണായകമായ ചോദ്യം, അവയവദാന പ്രക്രിയയില്‍ അധാര്‍മ്മിക പ്രവണതകള്‍ ഉണ്ടോ? അവയവ മാഫിയ ഉണ്ടോ? എന്നതായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് കിഡ്‌നി മാറ്റിവെക്കല്‍ തട്ടിപ്പുകള്‍ പോലുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടിലും നടന്നിട്ടുണ്ട്. അത് തടയാന്‍1994 മുതല്‍ കര്‍ശനമായ നിയമനിര്‍മ്മാണം നടപ്പാക്കപ്പെട്ടിട്ടുണ്ട്. നാള്‍ക്കുനാള്‍ ഇതില്‍ കര്‍ശന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു ചേര്‍ത്തിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നതിനു കടുത്ത ശിക്ഷകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമകളിലും സാഹിത്യത്തിലും ഒക്കെ പ്രതിപാദിക്കുന്ന രീതിയില്‍ ഒരാളെ കൊന്നു അവയവം എടുക്കുകയോ, ആശുപത്രി വഴി പോകുന്നവരെയൊക്കെ അവരറിയാതെ അവയവങ്ങള്‍ മുറിച്ചെടുക്കുകയോ ഒക്കെ ചെയ്യുന്നത് പോലുള്ള ഒരു organized crime ''മരണാനന്തര' അവയവ മാഫിയ നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ അസംഭവ്യമാണ്.

എന്നാല്‍ ലൈവ് ഓര്‍ഗന്‍ ഡൊനേഷന്‍ പ്രക്രിയയില്‍ ഇത്തരം അധാര്‍മിക പ്രവണതകള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ജീവനുള്ള ഒരു ദാതാവില്‍ നിന്നും അവയവം സ്വീകരിക്കുന്ന പ്രക്രിയയില്‍ ദാതാവും സ്വീകര്‍ത്താവും തമ്മില്‍ നിയമസംവിധാനങ്ങളെ മറികടന്നു രഹസ്യമായി കൊടുക്കല്‍ വാങ്ങലുകള്‍, അതിന് ഇട നിലക്കാര്‍ എന്നതിന് തത്വത്തില്‍ എങ്കിലും സാധ്യതകള്‍ ഇന്നും നില നില്‍ക്കുന്നു. എന്നാല്‍ ഇത് തടയാന്‍ പല സംവിധാനങ്ങളും കര്‍ശന ചട്ടങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്, അത്തരം ചട്ടങ്ങള്‍ മൂലമുണ്ടാവുന്ന കാലതാമസത്തെ കുറിച്ച് ശ്രീ സുരേഷ്ഗോപി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചു. ഓര്‍ക്കുക മരണാനന്തര അവയവ ദാനം കുറയുമ്പോള്‍ - അനധികൃത അവയവ കച്ചവടം നടക്കാനുള്ള സാധ്യത ഉയരുകയാണ് ചെയ്യുക.

എന്ത് കൊണ്ട് മരണാനന്തര അവയവക്കച്ചവടം സാധ്യമല്ല എന്ന് ഉറപ്പിച്ചു പറയുന്നു?

1. എല്ലാ മരണങ്ങളിലും അവയവദാനം സാധ്യമാവില്ല, മസ്തിഷ്‌ക മരണം 'Brain Stem death' എന്ന അവസ്ഥയില്‍ മാത്രമാണ് അവയദാനത്തിനുള്ള സൗകര്യം കിട്ടുന്നത്. ഇത്തരം ഒരു ബ്രെയിന്‍ stem മരണം കൃത്രിമമായി ഉണ്ടാക്കി എടുക്കല്‍ ഒക്കെ നടപ്പുള്ള കാര്യം അല്ല. സാധാരണഗതിയില്‍ മരിക്കുന്ന നിമിഷം തൊട്ട് ആന്തരിക അവയവങ്ങളിലേക്കുള്ള രക്ത ഓട്ടം നിലയ്ക്കുകയും അവ മാറ്റി വെച്ചാലും പ്രവത്തിക്കാത്ത വിധം ആവാനുള്ള സാധ്യത ഓരോ നിമിഷവും ഏറിക്കൊണ്ടിരിക്കും.

2. എല്ലാ മരണങ്ങളും മസ്തിഷ്‌ക മരണമോ അവയവ ദാനത്തിനു യോജിച്ച രീതിയിലുള്ള മരണമോ ആവില്ല.

മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിനു ഇടയിലൂടെ കടന്നു പോവുന്ന ഒരാളെ തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടയില്‍ എത്തപ്പെടുന്ന ഒരു താല്‍ക്കാലിക അവസ്ഥ മാത്രമാണ് ഈ മസ്തിഷ്‌ക മരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു അവസ്ഥ.

3. മരണത്തിലേക്ക് തള്ളിയിടാന്‍ ഒരാള്‍ ബോധ പൂര്‍വ്വം ശ്രമിച്ചാല്‍ ചിലപ്പോള്‍ circulatory death അഥവാ അവയവങ്ങളിലേക്ക് ഉള്ള രക്ത ചംക്രമണം നിലച്ചു അവ അവയവദാനത്തിനു ഉപയോഗിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആയേക്കാം.

ഒരു ഡോക്ടര്‍ വിചാരിച്ചു ബോധ പൂര്‍വ്വം ഒരാളെ ബ്രെയിന്‍ സ്റ്റെം മരണത്തിലെത്തിച്ചു അവയവം നീക്കം ചെയ്യാവുന്ന പരുവത്തില്‍ എത്തിക്കലൊക്കെ സിനിമാ ഭാവനയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. പ്രായോഗിക തലത്തില്‍ ഓള്‍മോസ്റ്റ് അസംഭ്യവ്യം.

4 . സിനിമയില്‍ കാണും പോലെ ഒരാളെ കൊന്നിട്ട് ആശുപത്രിയിലെത്തിച്ചു നടപടി ആക്കിയെടുക്കാന്‍ പറ്റുന്ന കാര്യം അല്ല. അവയവം നീക്കം ചെയ്യുന്നതിന് ഇത്തരം പരിമിത സംവിധാനം ഒന്നും മതിയാവില്ല. രോഗാണുബാധ ഉണ്ടാവാതെ നോക്കണം. അവയവം നീക്കം ചെയ്യുന്നതും വെച്ച് പിടിപ്പിക്കുന്നതും അതീവ ശ്രദ്ധ വേണ്ട സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ആണ്. ഇത് നടക്കുന്നത് ഒന്നിലധികം സ്ഥലങ്ങളില്‍ വെച്ചാണ്. അനേകം ഡോക്ടര്‍മാര്‍, ശസ്ത്രക്രിയാ സഹായികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോണ്‍ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാലേ നീക്കം ചെയ്യുന്ന ഈ അവയവം പ്രത്യേകം ഉപാധികളോട് കൂടി സമയ ബന്ധിതമായി ഇത് മറ്റൊരു കേന്ദ്രത്തില്‍ ഉള്ള രോഗിയില്‍ ഉടനടി വെച്ച് പിടിപ്പിക്കാന്‍ കഴിയൂ. അവയവം എടുക്കുന്ന ആശുപത്രി അവയവം സ്വീകരിക്കുന്ന വിവിധ ആശുപത്രികള്‍, സംസ്ഥാനതലത്തില്‍ ഉള്ള സര്‍ക്കാര്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ തൊട്ടുള്ള ആള്‍ക്കാര്‍ എന്നിങ്ങനെ അനേകം പേര്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. സമയം താമസിക്കുന്തോറും അവയവം നിര്‍ജ്ജീവം ആവാനുള്ള റിസ്‌ക് വര്‍ദ്ധിക്കും, അത് കൊണ്ടാണ് അവയവം ട്രാന്‍സ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലീസ് ഉള്‍പ്പെടെ ഉള്ള അധികാരികള്‍ ട്രാഫിക് ഒക്കെ നിയന്ത്രിച്ചു ഗ്രീന്‍ കോറിഡോര്‍ ഉണ്ടാക്കി കൊടുക്കുന്നതും, ദ്രുതഗതിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഓടുന്നതും, ഹെലികോപ്റ്റര്‍ വരെ ഈ കേരളത്തിലും ഉപയോഗിച്ചതും ഒക്കെ നാം കണ്ടത്.

5. ക്രിമിനല്‍ മൈന്‍ഡുള്ള അനേകം പ്രൈവറ്റ് & സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നേഴ്‌സ് മാര്‍, ആശുപത്രി ജീവനക്കാര്‍, മൃതസഞ്ജീവനി എന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ജീവനക്കാര്‍ എന്ന് വേണ്ട സകലമാന ആളുകളും ചേര്‍ന്ന മാഫിയ വേണ്ടി വരും ഇതൊക്കെ ഭാവനയില്‍ പോലും നടപ്പാക്കിയെടുക്കാന്‍. ഇത്രയും പേര്‍ ചേര്‍ന്ന് ഇതൊക്കെ നടപ്പാക്കിയിട്ട് ഇന്നാട്ടില്‍ പിടിക്കപ്പെടില്ല എന്നൊക്കെ കരുതാന്‍ മാത്രം ബുദ്ധി ശൂന്യതയും ഉള്ളവരുണ്ടാവുമോ?

മെഡിക്കല്‍ രംഗത്ത് അധാര്‍മ്മികതകള്‍ നടമാടുന്നില്ലേ? സംശുദ്ധമാണോ മെഡിക്കല്‍ രംഗം ? ഇതൊക്കെ നടന്നു കൂടെ? ബ്രെയിന്‍ സ്റ്റെം മരണം സംഭവിച്ചു എന്ന് വ്യാജമായി സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അവയവം നീക്കം ചെയ്യാന്‍ ഒരു ഡോക്ടര്‍ വിചാരിച്ചാല്‍ പറ്റില്ലേ?

നിലവിലെ കേരളത്തിലെ അവസ്ഥയില്‍ ചികില്‍സിക്കുന്ന 'ഒരു' ഡോക്ടറുടെ താല്പര്യമോ, നിര്‍ണ്ണയാധികാരമോ കൊണ്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ കഴിയില്ല. അത്ര ലളിതമല്ല കാര്യങ്ങള്‍. കര്‍ശനമായ വ്യവസ്ഥകളും സുതാര്യമായ നടപടിക്രമങ്ങളുമാണ് ബ്രയിന്‍സ്റ്റെം മരണ സര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്നതിന് പിന്നിലുള്ളത്. 'ഒരു ' ഡോക്ടര്‍ അല്ല മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്, നാല് ഡോക്ടര്‍മാര്‍ ചേര്‍ന്നുള്ള ഒരു വിദഗ്ധ പാനല്‍ ആണ്. ആരാണാ പാനല്‍ അംഗങ്ങള്‍ 4 പേര്‍.

a,ചികിത്സിച്ചിരുന്ന ഡോക്ടര്‍.

b,അതെ ആശുപത്രിയുടെ സൂപ്രണ്ട് പോലെ യുള്ള മേധാവി.

c, സര്‍ക്കാര്‍ നിയോഗിക്കുന്ന ഡോക്ടര്‍ - കേരളത്തെ മൂന്നു മേഖലയായി തിരിച്ച്, അവിടെ നിന്നുമുള്ള തിരഞ്ഞെടുത്ത വിദഗ്ധ ഡോക്ടര്‍മാരുടെ (ന്യൂറോളജിസ്റ്റ്/ ന്യൂറോ സര്‍ജ്ജന്‍ ഇവരില്ല എങ്കില്‍ ഫിസിഷ്യന്‍, അനസ്‌തെറ്റിസ്റ്റ്, ഇന്റെന്‌സിവിസ്റ്റ് അല്ലെങ്കില്‍ സര്‍ജ്ജന്‍) ഒരു ലിസ്റ്റ് ഉണ്ട്. സര്‍ക്കാരിന്റെ ഉപയുക്ത അധികാരിയാണ് അവരില്‍ നിന്നും ഒരു ഡോക്ടറെ തിരഞ്ഞെടുക്കുന്നത് ഓരോ കേസിനും നിയോഗിക്കുന്നത്. ആരായിരിക്കും എന്ന് മുന്‍കൂട്ടി തീരുമാനിക്കുക ആയിരിക്കില്ല.

d,ഒരു ന്യൂറോളജിസ്റ്റ് or ന്യൂറോ സര്‍ജ്ജന്‍(ചികില്‍സിക്കുന്ന ആശുപത്രിയില്‍ നിന്നോ പുറത്തു നിന്നോ)

ഇത് കൊണ്ട് തീര്‍ന്നില്ല,

പത്തോളം പരിശോധനാ ക്രമങ്ങള്‍ കേരളത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്, വിസ്താര ഭയം കൊണ്ട് ഓരോന്നും വിശദീകരിക്കുന്നില്ല. ഈ മുഴവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു വെക്കണം. ആറു മണിക്കൂറുകള്‍ക്ക് ശേഷം ഈ സംഘം വീണ്ടും ഇതേപടി ഇതേ ടെസ്റ്റുകള്‍ ഒരു ആവര്‍ത്തി കൂടി ചെയ്തതിനു ശേഷമേ മസ്തിഷ്‌ക മരണം സ്ഥിരീകരണം റിപ്പോര്‍ട്ട് തയ്യാറാക്കുക. എന്റെ അറിവില്‍ കേരളത്തില്‍ / ഇന്ത്യയില്‍ അല്ലാതെ ലോകത്ത് ഒരിടത്തും ഇത്ര വിപുലവും കര്‍ശനവുമായ നൂലാമാലകള്‍ ഇല്ല. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള വിപുലമായ പരിശോധനകള്‍ നടത്തി നിശ്ചിത ഫോമില്‍ രേഖപ്പെടുത്തിയും വെക്കണം. ഈ രേഖകള്‍ ഒക്കെ പത്തു വര്‍ഷത്തേക്ക് ആശുപത്രിയില്‍ ഫയല്‍ ചെയ്തു വെക്കണം.കോടതിയോ അധികാരികളോ ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണം. അതായത് മുന്‍കൂട്ടി അല്ലാതെ random ആയി നിശ്ചയിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം ഡോക്ടര്‍മാരുടെ വിലയിരുത്തലിനെ സ്വാധീനിക്കുന്നത് പോലുള്ള 'സംഘടിത' ക്രൈം അസാധ്യമാണ് എന്ന് തന്നെ പറയാം.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ എം പാനല്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ശരാശരി 15 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അതിലുണ്ട്, എന്നാല്‍ എറണാകുളം പോലെ ഒരു ജില്ലയില്‍ 56 സര്‍ക്കാര്‍ ഡോക്ടര്മാരുണ്ട് ലിസ്റ്റില്‍.

അവയവമാറ്റ ശസ്ത്രക്രിയ എല്ലാ ആശുപത്രിയിലും നടത്താന്‍ പറ്റില്ല, ഇതിനു അനുവാദം കിട്ടിയിട്ടുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് അത് നടക്കുക. ഏറ്റവും സാധാരണമായി നടക്കുന്ന വൃക്ക വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് അംഗീകാരം കിട്ടിയിട്ടുള്ളത് കേരളത്തിലെ 35 ആശുപത്രികള്‍ക്ക് മാത്രമാണ്, ഇതില്‍ 10 എണ്ണം മെഡിക്കല്‍ കോളേജുകളാണ് (4 എണ്ണം സര്‍ക്കാര്‍). ഈ ആശുപത്രികള്‍ എല്ലാം തന്നെ പൊതുജനങ്ങള്‍ക്ക് പൊതുവെ മതിപ്പുള്ള കേന്ദ്രങ്ങളാണെന്നു കാണാം.

കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താന്‍ അനുവാദവും സജ്ജീകരണവും ഉള്ളത് 16 ആശുപത്രികള്‍ക്ക് മാത്രമാണ്.

ഇതെല്ലാം ക്രോഡീകരിച്ചു നടപ്പാക്കുന്നത് KNOS - Kerala Network for Organ Sharing (KNOS) എന്ന സര്‍ക്കാര്‍ സംവിധാനത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതസഞ്ജീവനി എന്ന പദ്ധതി നടക്കുന്നത്. ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പോയാല്‍ ആര്‍ക്കും സുതാര്യമായി അനേകം വസ്തുതകള്‍ ലഭ്യമാവും. ഇതില്‍ രെജിസ്റ്റര്‍ ചെയ്യാത്ത ആര്‍ക്കും അവയവം സ്വീകരിക്കാന്‍ പറ്റില്ല, ഈ ലിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായുള്ള പലര്‍ക്കും കാണാവുന്ന ഒന്നാണ്. (ഒരു വ്യക്തിയല്ല മാനേജ് ചെയ്യുന്നത്).ജീവനോടെയുള്ള ദാനം ആണെങ്കില്‍ ബന്ധു അല്ലെങ്കില്‍ 20 ന് മേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ അഥോരിറ്റിയില്‍ നിന്ന് വാങ്ങണം, സ്റ്റേറ്റ് തലം വരെയുള്ള പേപ്പര്‍ വര്‍ക്കുകള്‍. മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ മുന്‍പ് അവയവദാനത്തിന് സമ്മത പത്രം കൊടുത്തിരുന്നു എങ്കില്‍ പോലും അത് പ്രകാരം അവയവം എടുക്കാന്‍ കഴിയില്ല മരണ ശേഷം രോഗിയുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കണം.

മസ്തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയില്‍ താല്‍ക്കാലികമായി (മണിക്കൂറുകള്‍ കൂടി) മെഡിക്കല്‍ സഹായത്തോടെ അവയവങ്ങളിലെക്കുള്ള രക്തയോട്ടം നില നിര്‍ത്താന്‍ കഴിയും. ഈ ഒരു കാലയളവില്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും പരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് മാച്ചിങ് ആയ ഒരു സ്വീകര്‍ത്താവിനെയും ആ രോഗിയുടെ ചികിത്സകനെയും വിവരം അറിയിക്കുന്നത്. ഇത് ഒരു ആശുപത്രിയിലെ സ്റ്റാഫ് മാത്രം അറിഞ്ഞുള്ള ഇടപാടല്ല. മരണാനന്തര അവയവദാനത്തില്‍ ഒരു ഡോക്ടര്‍ വിചാരിച്ചാല്‍ തനിക്ക് ഇഷ്ടം ഉള്ള ആര്‍ക്കെങ്കിലും അവയവം കൈമാറാന്‍ മുന്‍കൂട്ടി നിശ്ചയിച്ച് 'ഉറപ്പിക്കാന്‍' പറ്റില്ല. അതിനും ചില മാനദണ്ഡങ്ങള്‍ ഉണ്ട്.

സ്വീകര്‍ത്താവ് ആരൊക്കെയാണെന്ന് നിശ്ചയിക്കുന്നത് സര്‍ക്കാര്‍ ഓണ്‍ലൈന്‍ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പ്രയോറിറ്റി പ്രകാരമാണ്. ഇതിനു അനേകം ക്രൈറ്റീരിയകളുണ്ട്, dynamic ആയ ഈ ഓണ്‍ലൈന്‍ മുന്‍ഗണന ലിസ്റ്റ് ഏതു നിമിഷവും മാറാം. ലിസ്റ്റിനു വെളിയില്‍ ഉള്ള ഒരാള്ക്ക് അവയവം മാറ്റി വെക്കാനോ, മറിച്ചു കൊടുക്കാനോ ഒന്നും പറ്റില്ല. മൂന്നു അവയവങ്ങള്‍ക്ക് മാത്രമായിരിക്കും നീക്കം ചെയ്യുന്ന ആശുപത്രിക്ക് പ്രയോറിറ്റി കിട്ടുന്നത്. അതും മാച്ചിങ്ങായി സ്വീകര്‍ത്താവ് ആ ആശുപത്രിയുടെ ഭാഗമായി ഉണ്ടെങ്കില്‍ മാത്രം. ഇതിനിടയില്‍ മാറ്റി വെച്ച വൃക്ക തകരാറായവര്‍ക്ക് ഒക്കെ കൂടുതല്‍ പ്രയോറിറ്റി കിട്ടി മുന്നില്‍ വരാം. മറ്റു അവയവങ്ങള്‍ കേരളത്തിലെ മറ്റു ഏതെങ്കിലും ആശുപത്രികളിലെ രോഗികള്‍ക്കായിരിക്കും സാധാരണ കിട്ടുക.

ഇതിനൊക്കെ കൃത്യം രേഖകള്‍ ഉണ്ട്. ഈസിയായി കണ്ടെത്താവുന്ന ഒന്നാണെന്ന് ഇരിക്കെ ഒരു കോടി രൂപ പിഴയും തടവും കിട്ടുന്ന ഒരു റിസ്‌ക് 40-50 പേര് ചേര്‍ന്ന് എടുക്കും എന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുണ്ടോ?!

വൃക്ക കാത്തിരിക്കുന്നത് 2200 നു മുകളില്‍ ആള്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം. കുപ്രചരണക്കാര്‍ ചെയ്യുന്നത് അവയവം കാത്തിരിക്കുന്ന ജീവന്‍ തുലാസിലാടുന്നവരെ മരണത്തിലേക്ക് തള്ളിയിടുന്ന പ്രവര്‍ത്തിയാണ്.

എങ്കിലും ഇന്നും Live organ donation അഥവാ ജീവനുള്ള ദാതാവില്‍ നിന്നും അവയവങ്ങള്‍ സ്വീകരിക്കുമ്പോള്‍ പല വിധ അവിഹിതങ്ങളും അഴിമതിയും തത്വത്തില്‍ നടക്കാം.

ലളിതമായി വിവരിച്ചാല്‍ ഇന്ന് നടന്നേക്കാനിടയുള്ള അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ രീതി താഴെപ്പറയും വിധം ആവും, ഉദാ:- സ്ത്രീധനക്കൈമാറ്റം നടക്കുന്നത് ഓര്‍ത്തുനോക്കുക, സ്ത്രീധന നിരോധന നിയമ പ്രകാരം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണെങ്കില്‍പ്പോലും ഇന്നും അത് പരസ്യമായ രഹസ്യമായി സംഭവിക്കുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാവുന്നത് ചുരുക്കം അവയവങ്ങളെ ഉള്ളൂ. (ഉദാ: വൃക്ക, കരളിന്റെ ഒരു ഭാഗം etc.) അതില്‍ പ്രമുഖം വൃക്കയാണ്. നിയമ പ്രകാരം അടുത്ത ബന്ധു ആയിരിക്കണം ദാതാവ്, എന്നാല്‍ ബന്ധുവിന്റെ അവയവം മാച്ച് ആവാത്ത പ്രത്യേക സാഹചര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കാം, പക്ഷെ അത് പ്രതിഫലം കൈപ്പറ്റി ആവരുത്, ജീവകാരുണ്യപരമായ സഹാനുഭൂതി മുന്‍ നിര്‍ത്തി മാത്രം ആവണം എന്നാണു നിയമം. ഇത് ഉറപ്പു വരുത്താന്‍ കര്‍ശനമായ പേപ്പര്‍ വര്‍ക്ക് ഉണ്ട്. വില്ലേജ് തലം തൊട്ടു സംസ്ഥാന തലം വരെയുള്ള ഓഫീസുകളില്‍ നിന്നുള്ള വിവിധ അധികാരികളുടെ 21 ഓളം സര്‍ട്ടിഫിക്കറ്റ്കള്‍ . കൂടാതെ നിയന്ത്രണ സമിതി ഇതൊക്കെ പരിശോധിച്ച് ഇത് സഹജീവി സ്‌നേഹം കൊണ്ട് മാത്രം ആണെന്ന് ബോധ്യപ്പെടണം.( ജീവകാരുണ്യം കൊണ്ടാണോ എന്ന് സംശയമുണ്ടെന്ന കാരണം കാണിച്ച് സമിതി അനുമതി നിഷേധിച്ച അവസരങ്ങള്‍ പലതുണ്ട് )

കിഡ്‌നി കാത്തിരിക്കുന്നവരുടെ നിര വളരെ വലുതാണ്, ദാനത്തിനായി തയ്യാറാവുന്നവരുടെ എണ്ണം തീരെ കുറവും, അത് കൊണ്ട് തന്നെ ജീവന്‍ പോലെ വിലപ്പെട്ട ഒന്ന് നില നിര്‍ത്താന്‍ എന്തും ചെയ്യാന്‍ റെഡി ആവുന്ന മാനസികാവസ്ഥയിലാണ് പലരും. ഇതിനാല്‍ത്തന്നെ ഇതില്‍ ഇടനിലക്കാര്‍ ഉണ്ട് എന്നത് കേട്ട് കേള്‍വി ഉള്ള സംഗതിയാണ്.

അവിടെ നടന്നേക്കാവുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍-

1.കിഡ്‌നി ദാതാക്കള്‍ ആവാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുന്നു,

2.ആവശ്യക്കാരില്‍ നിന്നും മാക്‌സിമം തുക വാങ്ങി, അതിലൊരു ഭാഗം എടുത്തതിനു ശേഷം കുറഞ്ഞ ഒരു തുക ദാനം ചെയ്യുന്നവര്‍ക്ക് നല്‍കുന്നു.

ഇത്തരം ഒന്ന് നടന്നു എന്ന് തെളിയിക്കപ്പെട്ടാല്‍ നിലവില്‍ കടുത്ത ശിക്ഷയാണ് വിഭാവനം ചെയ്തിരിക്കുന്നത് - ഒരു കോടി വരെ മാക്‌സിമം പിഴയും പത്തു വര്‍ഷം വരെ തടവും ലഭിക്കാം, ഇതിന്റെ ഭാഗഭാക്ക് ആവുന്ന ഡോക്ടര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഉള്ള ലൈസന്‍സ് വരെ പോവാം.

പക്ഷെ പരസ്പര ധാരണ പ്രകാരം നിയമത്തെ മറികടക്കുന്നതായത് കൊണ്ട് ഇത് പുറത്തു അറിയാറില്ല. ചുരുക്കം പറഞ്ഞാല്‍ അവയവ ദാന രംഗത്തു നടന്നേക്കാനിടയുള്ള അവിഹിത/അധാര്‍മ്മിക ഇടപാടുകള്‍ തടയാനും അനേകരേ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനും മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

മെഡിക്കല്‍ രംഗത്ത് അഴിമതി നടക്കില്ലാന്നു ബ്ലാങ്കറ്റ് പ്രസ്താവന നടത്തുകയോ ആരെയെങ്കിലും വെള്ള പൂശുകയോ അല്ല ഉദ്ദേശം. മരണാനന്തര അവയവദാന രംഗത്ത് അത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കര്‍ശന നിയമങ്ങളും സംവിധാനങ്ങളുമുണ്ട്, സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം ഈ മേഖലയിലുണ്ട്. (എന്തെന്ന് ചുവടെ)

ഇതേക്കുറിച്ചൊക്കെ കൃത്യമായ ധാരണകളോ തെളിവുകളോ ഇല്ലാതെയുള്ള ആരോപണങ്ങളും, ഊഹാപോഹങ്ങളും, ലളിത യുക്തിയില്‍ വിരിയുന്ന നിഗമനങ്ങളും, ഗൂഡാലോചനാ സിദ്ധാന്തങ്ങളും മറ്റും തികച്ചും അപലപനീയമാണ്.

സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുന്ന ഒന്നാണെങ്കിലും കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും പരാതിയില്ലാതെ രഹസ്യമായ ഇടപാടുകള്‍ നടക്കുന്നത് പോലെയാണ് ജീവനുള്ളവരില്‍ നിന്നും അവയവദാനം നടക്കുമ്പോള്‍ സംഭവിക്കുന്നത്. സാധാരണക്കാരായ മനുഷ്യരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും

അവയവ കച്ചവടം നടന്നേക്കും എന്നതിനാലാണ് കര്‍ശനമായ നിയമങ്ങള്‍. അവയവദാനവുമായി ബന്ധപ്പെട്ടു പണം കൈമാറ്റം കര്‍ശനമായി തടയാന്‍ തടവും പിഴയും നിയമത്തില്‍ അനുശാസിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തടയാനും, കണ്ടെത്തി ഇല്ലാതാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ വേണം.

എന്നാല്‍ അവാസ്തവമായ കുപ്രചരണങ്ങള്‍ മൂലം മരണാനന്തര അവയവ ദാനം കുറയുമ്പോള്‍, ലൈവ് ഡൊണേഷനുമായി ബന്ധപ്പെട്ട് അനധികൃത അവയവ കച്ചവടം നടക്കാനുള്ള സാധ്യത ഉയരുകയാണ് ചെയ്യുക. ആരോഗ്യ മേഖലയിലുള്ളവര്‍ ഈ അപകടത്തെക്കുറിച്ചു നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുപ്രചാരണങ്ങള്‍ അവയങ്ങള്‍ തകരാറിലായി ജീവന്‍ കാത്തു കിടക്കുന്ന ഒരു പറ്റം മനുഷ്യരുടെ പ്രതീക്ഷകളിലാണ് ഇടിത്തീ വീഴ്ത്തുന്നത്, വസ്തുതകള്‍ സ്ഥിരീകരിക്കാതെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കില്ല എന്ന് ഏവരും തീരുമാനം എടുക്കണം.

'ഇത്രേം നാള്‍ക്കു വേണ്ടി റിസ്‌കും കാശും ചിലവാക്കാണോ?'

റിസ്‌കും പരാജയ സാധ്യതയും ഒക്കെ ഉണ്ടെങ്കില്‍ പോലും, ഇത്തരം അവസരങ്ങളില്‍ നീട്ടി കിട്ടുന്ന ഓരോ ദിവസവും അര്‍ത്ഥപൂര്‍ണ്ണമായി ചിലവഴിക്കാന്‍ താല്‍പ്പര്യം ഉള്ള മനോനിലയിലാവും ഏവരും, ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ചില കാര്യങ്ങള്‍ ചെയ്യുക, ചില മോഹങ്ങള്‍ സാധിക്കുക തുടങ്ങി അനേകം കൊച്ചു സ്വപ്നങ്ങള്‍ക്ക് ഇട നല്‍കുന്ന ഈ കാലയളവ് വേണ്ടാ എന്ന് വെക്കാനായിരിക്കില്ല മനുഷ്യര്‍ ശ്രമിക്കുക. മറ്റൊന്ന് ശാസ്ത്രം അനുദിനം മുന്‍പോട്ടാണ്, നാളെ ഒരു പക്ഷെ നിലവിലുള്ളതിലും മികച്ച മരുന്നോ സങ്കേതങ്ങളോ ആവിര്‍ഭവിച്ചേക്കാം ആ കാലയളവ് വരെ ജീവിച്ചിരുന്നാല്‍ മാത്രമല്ലേ അത് പ്രയോജനപ്പെടുത്താന്‍ കഴിയൂ. അവയവ മാറ്റം കഴിഞ്ഞും പോരാട്ടം അവസാനിക്കുന്നില്ല വെല്ലുവിളികള്‍ ഉണ്ട് എന്നാല്‍ അവരുടെ ഒക്കെ ജീവിതം കൂടുതല്‍ മെച്ചപ്പെടുകയും ഏകദേശം നോര്‍മല്‍ ജീവിതം ആവുകയുമാണ് ചെയ്യുക. 1984ല്‍ വൃക്കത്തകരാര്‍ മൂലം കോമയിലായ എം ജി ആര്‍ നെ അമേരിക്കയിലെത്തിച്ചു നടത്തിയ ട്രാന്‍സ്പ്ലാന്റ്റ് നു ശേഷം ആണ് അദ്ദേഹം തിരഞ്ഞെടുപ്പ് ജയിച്ചതും തുടര്‍ന്ന് മൂന്നാം തവണയും മുഖ്യമന്ത്രിയായി ഭരിച്ചതും.( 87 ല്‍ഹൃദയസ്തംഭനം വന്നാണ് മരിക്കുന്നത്.)

അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാക്കിയ അനേകരുടെ പ്രോചോദനപ്രദമായ കഥകളുണ്ട്. ATHANASIA BOTSA 1978 ല്‍ ആറാം വയസ്സില്‍ വൃക്കമാറ്റി വെക്കപ്പെട്ട വനിതയാണ്. ഇവര്‍ ഏറ്റവും കൂടുതല്‍ തവണ(17) WT Games ല്‍ പങ്കെടുത്ത വ്യക്തിയായ ഇവര്‍ അനേകം മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വര്‍ഷങ്ങളായി ഇതിലൊക്കെ പങ്കെടുക്കുന്ന അനേകം വ്യക്തികള്‍ ഉണ്ട്, World Transplant Games അന്താരാഷ്ട്ര ഒളിമ്പിക് സമിതി അംഗീകൃതമായ അന്തര്‍ദ്ദേശീയ സ്‌പോര്‍ട്‌സ് ഇനമാണ്. 1978 മുതല്‍ നടക്കുന്നു, വിന്റെര്‍ എഡിഷന്‍ കൂടി ഉണ്ട്. ഹൃദയവും ശ്വാസകോശവും കരളും കിഡ്‌നിയും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മാറ്റി വെച്ചവര്‍ ഒന്നിലേറെ അവയവങ്ങള്‍ മാറ്റി വെച്ചവര്‍, അത്‌ലെറ്റിക്‌സ്, സൈക്ക്‌ലിംഗ്, ടെന്നീസ് എന്നിവ ഉള്‍പ്പെടെയുള്ള 15 sports events ലായി 2500 ഓളം sports persons 52 രാജ്യങ്ങളില്‍ നിന്നായിട്ടൊക്കെയാണ് പങ്കെടുക. 2009 ല്‍ ആദ്യം ഹൃദയം മാറ്റി വെക്കപ്പെട്ട ഇന്ത്യയുടെ റീന രാജു ഇതില്‍ പങ്കെടുത്ത ഒരു കായികതാരം ആണ്. പ്രവര്‍ത്തനക്ഷമത ഇല്ലാത്ത ഹൃദയവുമായി ജനിച്ചു വീണ ഒരു റീനയുടെ ഒറ്റപ്പെട്ട കഥയല്ല. മരണത്തെ മുന്നില്‍ കണ്ട പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതിക്കയറിയ ലോകം എമ്പാടും ഉള്ള അനേകരുടെ കഥ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in