ബിആർപി ഭാസ്കർ, ആളൊഴിഞ്ഞ ന്യൂസ് റൂം

ബിആർപി ഭാസ്കർ
ബിആർപി ഭാസ്കർ
Summary

രണ്ടു ദിവസം കഴിഞ്ഞ്, ചങ്കിടിപ്പോടെ തിരഞ്ഞെടുപ്പ് ഫലം കാണാനായി ടി വിയുടെ മുൻപിലിരിക്കുമ്പോൾ ഷിറാസിന്റെ വിളിയെത്തി.ഗദ്ഗദം നിറഞ്ഞ സ്വരത്തിൽ മനസ്സിന് പൊള്ളലേൽപ്പിച്ചുകൊണ്ട് ആ വിവരവും. ഫേസ് ബുക്കിലൂടെ അതു ലോകത്തെ ആദ്യമായി അറിയിക്കുന്ന നിയോഗം എന്റേതായി.

മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബി.ആർ.പി ഭാസ്കറിനെക്കുറിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ എഴുതുന്നു

അരുണാ ആസഫലിയുടെയും എടത്തട്ട നാരായണൻ്റെയും നേതൃത്വത്തിലാരംഭിച്ച ലിങ്ക് എന്ന രാഷ്ട്രീയ വാരികയും പേട്രിയട്ട് ദിനപ്പത്രവും ദേശീയ മാധ്യമലോകത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യം ഉറപ്പിച്ച 1960 കളുടെ ആദ്യനാളുകൾ.പേട്രിയട്ടി ൻ്റെ ആദ്യത്തെ സ്വാതന്ത്ര്യദിനപ്പതിപ്പിലേക്കു വേണ്ടി ദേശീയ രാഷ്ട്രീയമുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളെക്കുറിച്ച് മനസ്സു തുറക്കാനായി പത്രാധിപർ സമീപിച്ചത് ഇന്ദിരാ ഗാന്ധിയെയാണ് . പ്രധാനമന്ത്രിയുടെ പുത്രി, പാർലമെൻ്റിനെ കിടിലം കൊള്ളിച്ച ഫിറോസ് ഗാന്ധിയുടെ ജീവിതപങ്കാളി എന്നീ പദവികൾക്കപ്പുറത്ത് കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും മുൻ അദ്ധ്യക്ഷ കൂടിയായ ഇന്ദിരക്ക് അന്ന് ദേശീയ രാഷ്ട്രീയത്തിൽ താരപദവിയുണ്ടായിരുന്നു. ആദ്യമൊരൽപം വൈമനസ്യം പ്രകടിപ്പിച്ചു വെങ്കിലും പിന്നീടവർ സമ്മതം മൂളിക്കൊണ്ട് തനിക്ക് സൗകര്യപ്രദമായ തീയതിയും സമയവുമറിയിച്ചു.ഇന്ദിരാ ഗാന്ധിയുടെ അഭിമുഖം നടത്താൻ എടത്തട്ട നിയോഗിച്ചത് എഡിറ്റോറിയൽ ചുമതലകളിൽ തൻ്റെ പ്രധാന സഹായികളിലൊരാളായ ഒരു മലയാളി പത്രപ്രവർത്തകനെയാണ്.

ഫിറോസിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്ന ഇന്ദിര വിവാദപരമർശങ്ങളൊന്നും നടത്താതെ വളരെ സമചിത്തതയോടെയാണ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.ചൈനയുടെ ആക്രമണവും ഇന്ത്യയുടെ അപമാനകരമായ തോൽവിയും കൃഷ്ണമേനോൻ്റെ പുറത്തുപോകലു മൊക്കെ സംഭവിച്ച്,പ്രതിപക്ഷത്ത് നിന്നുമാത്രമല്ല കോൺഗ്രസിനുള്ളിൽ നിന്നു പോലും എതിർപ്പും ഒറ്റപ്പെടലും അനുഭവിക്കുന്ന തൻ്റെ പിതാവിൻ്റെ നില ഇനിയും ദുർബലമാക്കേണ്ട എന്ന ചിന്തയായിരുന്നു ഇന്ദിരയുടെ വളരെ സൂക്ഷിച്ചുള്ള പ്രതികരണങ്ങളുടെ പിറകിൽ.എന്നാൽ കോൺഗ്രസിനുള്ളിൽ അന്നാളുകളിൽ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പിസത്തെ ക്കുറിച്ചുള്ള ചോദ്യങ്ങൾ വന്നപ്പോൾ അതുവരെ പ്രകടിപ്പിച്ച സംയമനം കുറച്ചു കൈവിട്ടുകൊണ്ടാണ് അവർ പ്രതികരിച്ചത്.പുരുഷോത്തം ദാസ് ഠാണ്ഡൻ്റെ കാലം തൊട്ട് സംഘടനയ്ക്കുള്ളിൽ നെഹ്റു വിനെതിരെ രൂപം കൊണ്ട ചേരിയെ ക്കുറിച്ച് പറയുമ്പോൾ ഇന്ദിര അൽപ്പം രോഷാകുലയായിരുന്നു.

ബിആർപി ഭാസ്കർ
ബിആർപി ഭാസ്കർ

ഇന്ദിരയുടെ മറുപടി മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ അഭിമുഖകാരൻ ഒന്നിടപെട്ടുകൊണ്ട് ചോദിച്ചു:

" ഇപ്പോൾ താങ്കൾ നടത്തിയ ഈ പരാമർശങ്ങളും അഭിപ്രായ പ്രകടനങ്ങളും പ്രധാനമന്ത്രിയെ എങ്ങനെയൊക്കെ യാണ് ബാധിക്കാൻ പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?"

ഇന്ദിര നിമിഷനേരത്തേക്ക് ഒന്ന് നിശ്ശബ്ദയായി. എന്നിട്ട് റെക്കോഡ് ചെയ്ത അഭിമുഖ ഭാഗം തന്നെ കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. ടേപ്പ് കേട്ടു കഴിഞ്ഞപ്പോൾ അവർ ചോദ്യ കർത്താവിനോട് പറഞ്ഞു.

"താങ്കൾ ചൂണ്ടിക്കാട്ടിയത് ശരിയാണ്.ഞാൻ ഇപ്പോ ൾ നടത്തിയ പരാമർശങ്ങൾ എൻ്റെ പിതാവിനെതിരെ പാർട്ടിയിലെ എതിർപക്ഷം ആയുധമാക്കാൻ എല്ലാ സാധ്യതയുമുണ്ട്. ആ ഭാഗം കളഞ്ഞേക്കൂ"

അങ്ങേയറ്റത്തെ ആത്മസംയമനവും അതുപോലെ ഉൾക്കാഴ്ചയും തെളിഞ്ഞു നിന്ന ഇന്ദിരാഗാന്ധിയുടെ ആ അഭിമുഖം പേട്രിയട്ടിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ വ്യാപകമായി പ്രശംസിക്കപ്പെട്ടു.അതു വായിച്ചിട്ട് എടത്തട്ട നാരായണനെ വിളിച്ച് ഇന്ദിര പ്രത്യേക നന്ദി പറഞ്ഞതിന്റെ കൂട്ടത്തിൽ അഭിമുഖം തയ്യാറാക്കിയ ചെറുപ്പക്കാരനെ അഭിനന്ദിക്കാൻ മറന്നില്ല.

ബിആർപി ഭാസ്കർ
ബിആർപി ഭാസ്കർ

ബാബു രാജേന്ദ്ര പ്രസാദ് ഭാസ്ക്കർ എന്ന അന്നത്തെ ആ യുവ പത്രപ്രവർത്തകൻ , ബാബുസാർ എന്നും ബി ആർ പി സാർ എന്നും ഞങ്ങളൊക്കെ വിളിച്ചിരുന്ന ബി ആർ പി ഭാസ്ക്കർ എന്നോട് ഈ അനുഭവം പങ്കുവെച്ചത് ഇന്നത്തെ മാധ്യമ പ്രവർത്തനത്തിൻ്റെ ശൈലികളെയും ശീലുകളെയും കുറിച്ച് സംസാരിക്കുന്ന വേളയിലൊരിക്കലാണ്.പിന്നീടും പലതവണ ഈ കഥ സാർ പറഞ്ഞുകേട്ടിട്ടുണ്ട്.

വരും വരാഴികകളെ കുറിച്ച് ഒരു നിമിഷം പോലും ആലോചിക്കാൻ മിനക്കെടാതെ ഒരാളുടെ നാവിൽ നിന്ന് അറിയാതെ വീണു പോയ ഒരു വാചകത്തെ, നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്ക്രോൾ ആയും ക്ലിക്ക് ബൈറ്റ് ആയും കൊടുത്തു കൊണ്ട്,വീണ്ടും കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കാനും അങ്ങനെ സെൻസെഷണൽ ആക്കി ജ്വലിപ്പിച്ചു നിറുത്താനും കോപ്പുകൂട്ടുന്ന,അതിനു വേണ്ടി ആരുടെയൊക്കെ വേണമെങ്കിലും സ്വകാര്യതയും അന്തസും ബലികൊടുക്കാൻ ഒരു മടിയും കാണിക്കാത്ത ഇന്നത്തെ മാധ്യമ പ്രവർത്തന ശൈലിക്ക് പരിണത പ്രജ്ഞത എന്നൊരു വാക്കിൻ്റെ അർത്ഥം മനസ്സിലാകാൻ വഴിയില്ല.അതുകൊണ്ടുതന്നെ ആ ഒരു വാക്കിൻ്റെ ആൾരൂപമായിരുന്ന ബി ആർ പി ഭാസ്ക്കർ എന്ന പഴയ കാലമാധ്യമ പ്രവർത്തകനെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നും വരില്ല....

ബാബു സാറിന് കഥകൾ പറയാൻ ഒരുപാടി ഷ്ടമായിരുന്നു.എനിക്കാകട്ടെ അതൊക്കെ ചോദിച്ചു വീണ്ടും വീണ്ടും പറയിപ്പിക്കാനും. എന്നാൽ ഒരുപാട് കാലത്തെ കാത്തിരിപ്പിനുശേഷം സാർ ഒടുവിലെഴുതിയ ആത്മകഥാ കുറിപ്പുകളടങ്ങിയ 'ന്യൂസ് റൂമി'ൽ ഇങ്ങനെയുള്ള പല കഥകളും കാണാൻ കഴിയില്ല.ഉള്ളതും ഇല്ലാത്തതുമായ ,അവനവൻ്റെ വീരശൂര പരാക്രമങ്ങൾ വർണ്ണിക്കാൻ വേണ്ടി മാത്രം അനുഭവ സ്മരണകൾ പടച്ചുവിടുനവരുടെ കൂട്ടത്തിൽ ബി ആർ പി ഭാസ്ക്കർ എന്ന മാധ്യമ പ്രവർത്തകൻ ഒരിക്കലും ഉണ്ടായിരുന്നില്ല. 'ന്യൂസ് റൂം ' വായിച്ചപ്പോൾ അന്നു തോന്നിയ കാര്യങ്ങൾ ഒന്നാവർത്തിച്ചോട്ടെ....

ബിആർപി ഭാസ്കറിനൊപ്പം ബൈജു ചന്ദ്രൻ

ദീർഘകാലം നീണ്ടുനിന്ന സാഹസികമായ ഒരു ഔദ്യോഗിക കാലത്തിനു ശേഷം തിരുവനന്തപുരത്തെ ന്യൂസ് ഹൗസ് എന്ന വീട്ടിൽ വിശ്രമജീവിതം നയിച്ചുപോന്നിരുന്ന എം ശിവറാമാണ്, ഞാൻ ജീവിതത്തിൽ ആദ്യമായി നേരിട്ടു കാണുന്ന, അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഒരു പത്രപ്രവർത്തകൻ.എന്റെഅച്ഛൻ വിവർത്തനം ചെയ്ത്,1972 ൽ കേരളശബ്ദത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ച, "കിഴക്കനേഷ്യയുടെ ഹൃദയത്തിലൂടെ" എന്ന ശിവറാമിന്റെ ആത്മകഥാക്കുറിപ്പുകളിലൂടെയാണ് അദ്ദേഹം റിപ്പോർട്ട് ചെയ്ത ബർമ്മയിലെ ആങ്സാൻ ക്യാബിനറ്റിന്റെ വധമുൾപ്പടെ, ലോകത്തെ പിടിച്ചുകുലുക്കിയ പല ചരിത്രമുഹൂർത്തങ്ങളെക്കുറിച്ചും ആദ്യമായി മനസ്സിലാക്കുന്നത്.മാദ്ധ്യമപ്രവർത്തനത്തിന്റെ വിശാലമായ ലോകത്തിലേക്ക് കാന്തശക്തിയോടെ ആകർഷിച്ചത്, തീർച്ചയായും അമ്മാതിരി പ്രശസ്തരായ പത്രപ്രവർത്തകരുടെ പ്രചോദനം പകരുന്ന ജീവിതകഥകളായിരുന്നു.

പോത്തൻ ജോസഫ്,എം ശിവറാം, എടത്തട്ട നാരായണൻ, കാർട്ടൂണിസ്റ്റ് ശങ്കർ,സി പി രാമചന്ദ്രൻ,ടി ജെ എസ് ജോർജ്ജ്...ദേശീയ മാദ്ധ്യമലോകത്ത് തിളങ്ങിനിന്ന ഉന്നതശീർഷരായ മലയാളിവ്യക്തിത്വങ്ങളുടെ പട്ടികയിൽ ഒരുപക്ഷെ ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ എന്ന പേര് ആരും കണ്ടു കാണാനിടയില്ല.കാരണം മറ്റു പലരെയും പോലെ നിറപ്പകിട്ടാർന്ന വേഷഭൂഷാദികളോടെ അരങ്ങത്ത് നിറഞ്ഞാടാനല്ല, അണിയറയിലൊരിടത്ത് ഒതുങ്ങിമാറിനിന്നു കൊണ്ട് കളിയുടെ ഗതി നിയന്ത്രിക്കാനുള്ള നിയോഗമാണ് ബി.ആർ.പി.ഭാസ്‌കർ എക്കാലവും സ്വയം ഏറ്റെടുത്തിരുന്നത്.പത്രപ്രവർത്തനത്തിന്റെ വിശാലമായ ആകാശത്തിൽ ചിറകടിച്ചു പറന്നുയരുമ്പോഴും ദേശീയ- അന്തർദേശീയ മാദ്ധ്യമലോകത്ത് പ്രധാനപ്പെട്ട നാഴികക്കല്ലുകൾ ഓരോന്നായി പിന്നിടുമ്പോഴും, അജ്ഞാതനാമാവായി തന്നെ മുന്നോട്ടുപോകാനായിരുന്നു ബി ആർ പി എന്നും ശ്രദ്ധിച്ചു പോന്നിരുന്നത്.

പത്രപ്രവർത്തകർ അജ്ഞാതത്വത്തെ അത്രമേൽ വിലമതിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ അദ്ദേഹം തന്റെ അനുഭവക്കുറിപ്പുകൾ രേഖപ്പെടുത്തിവെയ്ക്കാൻ ഒടുവിൽ തയ്യാറായപ്പോൾ,ചരിത്രത്തിനാണ് അതൊരു വിലപിടിച്ച നേട്ടമായി തീർന്നത്.

ബി ആർ പി സാർ എഴുതിയ 'ന്യൂസ് റൂം' എന്ന അനുഭവക്കുറിപ്പുകൾ,അതിന്റെ സവിശേഷവും ഗംഭീരവുമായ ഉള്ളടക്കമൊന്നുകൊണ്ടു മാത്രമല്ല വേറിട്ടുനിൽക്കുന്നത്.ഒരിടത്തുപോലും അനാവശ്യ മായി 'ഞാൻ'കടന്നുവരാതെ നോക്കുന്ന, പ്രതിപാദ്യ വിഷയങ്ങളിൽ നിന്നും സംഭവങ്ങളിൽ നിന്നും കൃത്യമായി അകൽച്ച പാലിച്ചുകൊണ്ട് കഥ പറയുന്ന ആഖ്യാന ശൈലിയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.സംഭവബഹുലവും സംഘർഷഭരിതവുമായ ഒരു ചരിത്രകാലഘട്ടത്തിലെ രാഷ്ട്രീയനാടകവേദിയും അന്നാളുകളിൽ അരങ്ങു കീഴടക്കിയ അതികായന്മാരുമൊക്കെയാണ് ഈ അനുഭവസാക്ഷ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.മദ്രാസും ഡൽഹിയും ബോംബെയും ശ്രീനഗറും ബാംഗ്ലൂരും തിരുവനന്തപുരവുമൊക്കെ യായി പരന്നു കിടക്കുന്ന ഇന്ത്യയ്ക്കകത്തു കൂടി മാത്രമല്ല അങ്ങു ദൂരെ ഫിലിപ്പൈൻസും,ഫിജിയും അമേരിക്കയും സോവിയറ്റ് യൂണിയനും കിഴക്കൻയൂറോപ്പും ചൈനയുമൊക്കെ ഉൾപ്പെടെയുള്ള അതിവിശാലവും വിസ്തൃതവും വൈവിധ്യമാർന്നതുമായ ഒരു ഭൂമികയിലൂടെയാണ് ബി ആർ പി യുടെ കർമ്മകാണ്ഡം വിടർന്നു വികസിക്കുന്നത്. എന്തെല്ലാം ഏതെല്ലാം ചരിത്രസംഭവങ്ങളുടെ ഉൾക്കാഴ്ച്ചയുള്ള പുരാവൃത്തങ്ങൾ! എടത്തട്ട നാരായണനേയും രാംനാഥ്‌ ഗോയങ്കയെയും പോലെയുള്ള അത്യപൂർവ വ്യക്തിത്വങ്ങളുടെ സവിശേഷത യുള്ള രേഖാചിത്രങ്ങൾ!

ഇതുവായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ സാറിനെ വിളിച്ച് എന്റെ ഒരു പരാതി രേഖപ്പെടുത്തിയിരുന്നു. കഴിയുന്നിടത്തോളം 'ഞാൻ' മാറിനിൽക്കണമെന്ന സാറിന്റെ പിടിവാശി കാരണം പറയാതെ വിട്ടുകളഞ്ഞ ചില കാര്യങ്ങളെ കുറിച്ചായിരുന്നു അത്. "കൊല്ലത്തെ ഒരു സ്ഥാപന"മെന്നു എൻ.ഗോപിനാഥൻ നായർ(ജനയുഗം ഗോപി) വിശേഷിപ്പിക്കുന്ന, തലയെടുപ്പുള്ള പത്രപ്രവർത്തകനും പ്രസ്സ് ഉടമയുമായ ഏ കെ ഭാസ്കറെ (പിതാവ്)പ്പറ്റിയും ആ കാലഘട്ടത്തെ കുറിച്ചും കാര്യമായ പരാമർശങ്ങളൊന്നും ഇതിലില്ല എന്നത് ഒരു കുറവായി തന്നെ കാണണം.1948ൽ നടന്ന സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിൽ കാട്ടായിക്കോണം ശ്രീധറിന്റെ പോളിംഗ് ഏജൻറ് ആയി ബി ആർ പി ഭാസ്കർ ചുമതല നിർവഹിക്കുമ്പോൾ ബൂത്തിനകത്തേക്ക് കയറി വന്ന തിരുവിതാംകൂറിന്റെ നിയുക്ത പ്രധാനമന്ത്രി പട്ടം താണുപിള്ളയ്ക്ക് ബൂത്തിനകത്തു കടക്കാൻ അനുവാദമുണ്ടോ എന്ന് ചോദ്യം ചെയ്തതും പട്ടം ഉടനെ ഇറങ്ങിപ്പോയതുമായ ഒരു സംഭവം വളരെ കാഷ്വൽ ആയി പറഞ്ഞുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ആ തെരഞ്ഞെടുപ്പിനും ആ രാഷ്ട്രീയ കാലഘട്ടത്തിനും നേരിട്ട് സാക്ഷ്യം വഹിച്ച മറ്റാരെങ്കിലും ഇന്നു ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.ആ അപൂർവ കാലഘട്ടത്തിൽ താൻ നേരിട്ടു കാണുകയും പങ്കെടുക്കുകയും ചെയ്ത എന്തൊക്കെ ചരിത്രസംഭവങ്ങൾ ഇതിലൂടെ പറഞ്ഞുതരാൻ സാറിന് കഴിയുമായിരുന്നു!

തകഴിയുടെ കയർ ദൂരദർശനിൽ പരമ്പര യായി വന്നതിനു പിന്നിലുള്ള ബി ആർ പിയുടെ നിർണ്ണായകമായ പങ്കു പോലെ എനിക്കറിഞ്ഞുകൂടാത്ത പല സംഭവങ്ങളും വിശദമായി തന്നെ വിവരിക്കുമ്പോൾ,തന്നെ പത്രമാഫീസിൽ കാണാൻ വന്ന എം പി നാരായണ പിള്ളയോട് എടത്തട്ട നാരായണൻ അനിഷ്ടം കാണിച്ചതിന്റെ പേരിൽ പേട്രിയട്ട് പത്രത്തിൽ നിന്ന് രാജി വെച്ചിറങ്ങിപ്പോയ സംഭവം ഒറ്റ വാചകത്തിൽ ഒതുക്കി പറഞ്ഞു തീർത്തതിനെ കുറിച്ചാണ് എനിക്കുള്ള മറ്റൊരു പരാതി.

തന്റെ പ്രിയപ്പെട്ട നാണപ്പൻ്റെ, കഥ പറയാനുള്ള അസാമാന്യ വൈദഗ്ധ്യം ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്ന ബാബു സാറായിരുന്നു ജന്മനാ മടിയനായിരുന്ന ആ കഥാകൃത്തിനെ എഴുതാൻ പ്രേരിപ്പിച്ച പ്രധാന ശക്തിസ്രോതസ് !

പുസ്തകത്തിൽ ചേർക്കാതെ വിട്ടുപോയ അനുഭവങ്ങളിനിയും പലതും സാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.1950 കളുടെ തുടക്കത്തിൽ കേശവദേവിൻ്റെ 'ഓ ടയിൽ നിന്ന് ' സിനിമയാക്കാനായുള്ള ചില ആലോചനകളിൽ എ കെ ഭാസ്‌കർ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു . അന്ന് കൗമാരപ്രായക്കാരനായിരുന്ന ബാബു ഭാസ്‌ക്കറാണ്, തന്നെ വന്നു കാണണമെന്നുള്ള അച്ഛന്റെ സന്ദേശം കൈമാറാനായി അന്ന് തിരുവനന്തപുരത്തു പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന സത്യ നേശൻ എന്ന സത്യനെ ചെന്നു കാണുന്നത്

" ഞാൻ പിറകെ വന്നേക്കാം കുഞ്ഞേ" എന്ന സത്യൻ്റെ പറച്ചിലും യൂണിഫോം ധരിച്ചുകൊണ്ട് സൈക്കിളിലുള്ള ആ വരവുമൊക്കെ ആ കഥ എന്നോട് പറയുമ്പോൾ സാറിൻ്റെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.പപ്പുവിൻ്റെ വേഷം അഭിനയിക്കാൻ എസ് ഐ യുടെ ജോലി തടസ്സമായേക്കുമോ എന്ന് എ കെ ഭാസ്ക്കർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ "ഞാൻ ഏതായാലും ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സാർ" എന്ന ദൃഢമായ സ്വരത്തിലുള്ളസത്യൻ്റെ മറുപടി അതിശയത്തോടെ കേ ട്ടുനിന്നതും .

സാർ ഓർമ്മിക്കാറുണ്ടായിരുന്ന മറ്റൊരു രംഗം 1957 ലെ ആദ്യത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കമ്മ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻ നായർ മദ്രാസിൽ വന്നപ്പോൾ ചെന്നുകണ്ടതിനെ കുറിച്ചാണ്.സുഹൃത്തിൻ്റെ മകൻ എന്ന വാത്സല്യം എമ്മെന് ബാബു ഭാസ്‌ക്കറിനോട് എന്നുമുണ്ടായിരുന്നു. കേരളത്തിലെ വിജയ സാധ്യതകളെ കുറിച്ച് , അന്ന് ഹിന്ദുവിലായിരുന്ന സാർ ഒരു പത്രപ്രവർത്തകൻ്റെ ആകാംക്ഷയോടെ എമ്മെനോട് ചോദിച്ചു.അപ്പോൾ ഓരോ സീറ്റിലും ആരൊക്കെയാണ് ജയിക്കാൻ പോകുന്നത്, ആരൊക്കെ തോൽക്കും എന്ന് എമ്മെൻ അക്കമിട്ടു പറഞ്ഞതും റിസൽട്ട് വന്നപ്പോൾ അതേതാണ്ട് കൃത്യമായി ഒത്തുവന്നതുമൊക്കെ അന്ന് മനസ്സിൽ തോന്നിയ അതേ ആശ്ചര്യത്തോടെ തന്നെ ഓർത്തു പറയുമായിരുന്നു.

ഇങ്ങനെ ഒരുപാടൊരുപാട് രസകരമായ ചരിത്രവസ്തുതകളെയും സംഭവങ്ങളെയും കുറിച്ച് ഞാനാദ്യമായി അറിഞ്ഞത്,ചിലപ്പോൾ ഒരു മണിക്കൂറിലധികം നീണ്ടുപോകുന്ന ഫോൺ സംഭാഷണങ്ങളിൽ കൂടിയായിരുന്നു. ആ കാര്യങ്ങളൊക്കെ എഴുതി വെയ്ക്കാത്തതിൽ ഞാൻ സാറിനോട് വഴക്കിട്ടു.ചരിത്രത്തോട് അദമ്യമായ താല്പര്യമുള്ള ഒരിള മുറക്കാരനോടുള്ള പരിഗണന കൊണ്ട്, അതൊക്കെ എഴുതാമെന്ന് സമ്മതിച്ചെങ്കിലും കാലം സാറിനെ അതിനനുവദിച്ചില്ല.

മനസ്സിനോട് അടുത്തുനിൽക്കുന്നവരെ ഫോണിൽ വിളിച്ച് കുശലാന്വേഷണം നടത്താനും ഇഷ്ടപ്പെട്ട വിഷയങ്ങൾ സംസാരിക്കാനും ഏറെ താൽപര്യമുണ്ടായിരുന്നു സാറിന്.എന്തോ ഭാഗ്യം കൊണ്ട് ആ പട്ടികയിൽപ്പെട്ട ഒരാളായിരുന്നു ഞാനും.എൻ്റെ അച്ഛനുമായുള്ള സൗഹൃദം ,ഏഷ്യാനെറ്റ് ന്യൂസിൻ്റെ തുടക്കം തൊട്ട് സാറിൻ്റെ മാർഗനിർദ്ദേശങ്ങൾ കേട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ച എൻ്റെ സഹോദരി ബീനാ മന്മഥനോടുള്ള സ്നേഹ വാത്സല്യങ്ങൾ ....ഇതൊക്കെയാകാം ഞാനുമായുള്ള ഊഷ്മളമായ ബന്ധത്തിന് അടിത്തറയിട്ട ഘടകങ്ങൾ.പിന്നീട് ദൂരദർശനിൽ ഞാനും സാജനുമൊക്കെ ചെയ്തിരുന്ന സംവാദം,വാർത്തകൾക്ക് പിന്നിൽ തുടങ്ങിയ വാർത്താധിഷ്ഠിത പരിപാടികളിൽ പാനലിസ്റ്റായി സാർ പലപ്പോഴും വരാറുണ്ടായിരുന്നു.എൻ്റെ ജീവിത പങ്കാളി കെ എ ബീനയും ഗീതാ ബക്ഷിയും ചേർന്നു തയ്യാറാക്കിയ മുതിർന്ന മാധ്യമ പ്രവർത്തകരെ കുറിച്ചുള്ള-- ഡേറ്റ് ലൈൻ ( പത്രജീവിതങ്ങൾ എന്ന പേരിൽ ഇപ്പോൾ അത് മാധ്യമ അക്കാദമി പുനഃപപ്രസിദ്ധീകരിച്ചു)എന്ന പുസ്തകത്തിലാണെന്ന് തോന്നുന്നു സാറിൻ്റെ ജീവിത ചിത്രം വിശദമായ രൂപത്തിൽ ആദ്യമായി വരുന്നത്.അതിനുപുറമേ പ്രമുഖരായ പലരും സാറിനെപ്പറ്റിയെഴുതിയ കുറിപ്പുകളുടെ ഒരു സമാഹാരവും മീഡിയ അക്കാദമിയുടെ ഡോക്യുമെൻ്ററി യുമൊക്കെ പൊതുസമക്ഷത്തിൽ ഉള്ളതുകൊണ്ട് വിശാലവും വൈവിദ്ധ്യമാർന്നതുമായ ആ മാധ്യമ ജീവിതത്തെ കുറിച്ചും,അതുപോലെ തന്നെ നിർണ്ണായകമായ മനുഷ്യാവകാശ പ്രവർത്തനങ്ങളെ കുറിച്ചും ആവർത്തിക്കാൻ ഞാനിവിടെ മുതിരുന്നില്ല.

തിരുവനന്തപുരത്തെ വാസം മതിയാക്കി ചെന്നൈയിലേക്ക് യാത്രതിരിക്കുന്നതിന് തൊട്ടുമുൻപൊരു ദിവസം ഞങ്ങൾ കുറച്ചുപേർ സാറിനെ കാണാനായി വീട്ടിൽ ചെന്നിരുന്നു.ആ കൂടുമാറ്റത്തിൽ സന്തുഷ്ടനായിട്ടാണ് അന്നു സാറിനെ കാണാൻ കഴിഞ്ഞത്.എന്നാൽ മകളും പിന്നീട് ഭാര്യയും വിടപറഞ്ഞു പോയതിനുശേഷം സാറിന് കേരളത്തിലേക്ക് മടങ്ങണമെന്ന് വല്ലാത്ത ആഗ്രഹമുള്ളതായി തോന്നിയിട്ടുണ്ട്.ബാല്യകാലം തൊട്ടുള്ള അനുഭവങ്ങൾ രേഖപ്പെടുത്തി വെക്കണമെന്ന് ഞാൻ പറയുമ്പോൾ ,എഴുതണമെന്ന് ആഗ്രഹമുണ്ടെ ങ്കിലും അതിന് തടസ്സമായി നിൽക്കുന്നശാരീരികമായ നിസ്സഹായാവസ്ഥ യെ കുറിച്ച് പറഞ്ഞൊഴിയാറായിരുന്നു പതിവ്.ഒടുവിൽ വിശ്രമത്താവളങ്ങൾ പലതു മാറി, ഒടുവിൽ തിരുവനന്തപുരത്ത് പുളി യറക്കോണത്തുള്ള അലൈവ് റെയിൻബോ വില്ലേജിലെ അപ്പാർട്ട്മെൻ്റിൽ താമസമാക്കിയ തോടുകൂടി പഴയ ഉന്മേഷം തിരിച്ചുകിട്ടിയതുപോലെ തോന്നി.അലൈവിനു ചുക്കാൻ പിടിക്കുന്ന ബ്രഹ്മപുത്രനും, ഷിറാസും, രമ്യ രേഖയുമൊക്കെ അവർക്ക് ഒരു നിധി കിട്ടിയതുപോലെയാണ് സാറിൻ്റെ അവിടുത്തെ താമസത്തെ കരുതിപ്പോന്നത്.

തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ടി കെ വിനോദൻ്റെ നേതൃത്വത്തിൽ ഒരു സംഘം സാറുമായി ഒത്തുകൂടി ആ തിരിച്ചു വരവിൻ്റെ ആഹ്ലാദം പങ്കിട്ടു.അതൊരു പ്രതിമാസ പരിപാടിയായി മാറ്റണമെന്നാണ് കരുതിയതെങ്കിലും അതും നടന്നില്ല.

വിശ്രമജീവിത ത്തിലാണെങ്കിലും പഴയതുപോലെ പുറത്തുപോയി പരിപാടികളിൽ പങ്കെടുക്കാനും പ്രസംഗിക്കാനും സുഹൃത്തുക്കളെ കാണാനും ഫോണിൽ ബന്ധപ്പെടാനുമൊക്കെ അവസാനം വരെ സാർ താല്പര്യം കാണിച്ചു.

ഇക്കഴിഞ്ഞ മാർച്ച് പതിനെട്ടിന് കെ ബാലകൃഷ്ണൻ്റെ ജന്മശതാബ്ദി യുടെ ഭാഗമായി നടന്ന മീറ്റിംഗിൽ പങ്കെടുക്കാനായി ഞാൻ പ്രസ്സ് ക്ലബിൽ നിൽക്കുമ്പോൾ സാറിൻ്റെ ഫോൺ വന്നു.ഞാൻ ഇന്ന പരിപാടിയിൽ പങ്കെടുക്കാനായി വന്നിരിക്കുകയാണെന്ന് അറിയിച്ചപ്പോൾ ഉടനെ നിരാശ കലർന്ന ശബ്ദത്തിൽ സാർ പറഞ്ഞു.

"അയ്യോ,അറിഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ യല്ലോ.ബാലനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാമായിരുന്നു." അതു കേട്ട് വിഷമം തോന്നിയത് എനിക്കാണ്.

സാറിൻ്റെ ഈ താൽപര്യം മനസ്സിലാക്കിക്കൊണ്ട് പലരും പരിപാടികൾക്കായി കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങി .ഒരിക്കൽ ഒരബദ്ധവും പിണഞ്ഞു.മീറ്റിംഗിൻ്റെ സ്ഥലത്തു ചെന്ന്,സ്വാഗതംപ്രസംഗം കേട്ടപ്പോഴാണറിയുന്നത് ഉദ്ഘാടകനായിട്ടാണ് തന്നെ ക്ഷണിച്ചു കൊണ്ടുപോയിരിക്കുന്നതെന്ന്.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച ഒരു ചെറിയ രാഷ്ട്രീയകക്ഷി യുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യേണ്ടി വന്നത് അങ്ങനെയാണ്. ആ സംഭവം ഒരു ചെറുചിരിയോ ടെയാണ് സാർ എന്നോട് പറഞ്ഞതെങ്കിലും സംഘാടകരുടെ ആ നടപടിയിലെ ' ചതി ' യിലുള്ള പ്രതിഷേധം പ്രകടമായിരുന്നു....

കഴിഞ്ഞ മാസത്തിലൊരു ദിവസം ഞാനും ബീനയും കൂടി സാറിനെ കാണാൻ ചെന്നതിന് ഒരുദ്ദേശ്യവും കൂടിയുണ്ടായിരുന്നു. 'ബീന കണ്ട ലോകം' എന്ന യൂ ട്യൂബ് ചാനലിന് വേണ്ടി സാറിൻ്റെ ചില അനുഭവങ്ങൾ രേഖപ്പെടുത്തുക.സമകാലീന മാധ്യമ രംഗത്തെ കുറിച്ചുള്ള തൻ്റെ ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സുദൃഢമായ ഭാഷയിൽ സാർ പങ്കു വെച്ചു.അതുകഴിഞ്ഞ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്.

ഈ കുറിപ്പിൽ പരാമർശിക്കുന്ന ചില കാര്യങ്ങൾ ഓർത്തു പറയിപ്പിക്കുന്നതിനായി ഒരിക്കൽ കൂടി ക്യാമറയുമായി ചെല്ലാനുള്ള അനുവാദം വാങ്ങിയിട്ടാണ് അന്നവിടെ നിന്നു മടങ്ങിയത്.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഫോണിൽ ആ പതിവുവിളി എത്തി.

"എന്താണ് ബൈജു? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? "

ശബ്ദത്തിൽ ചിരിയും ആഹ്ലാദവും തുടിച്ചു നിന്നിരുന്നെങ്കിലും വല്ലാത്ത ഒരു കുഴച്ചിൽ ഉണ്ടായിരുന്നു. "ആരോഗ്യം എങ്ങനെയുണ്ട് സാർ? " എന്ന ചോദ്യത്തിന് "കുഴപ്പമില്ല" എന്ന പതിവ് മറുപടി. "ഇന്റർവ്യൂ വിനായി അടുത്ത ദിവസം കാണാം "എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.

രണ്ടു ദിവസം കഴിഞ്ഞ്, ചങ്കിടിപ്പോടെ തിരഞ്ഞെടുപ്പ് ഫലം കാണാനായി ടി വിയുടെ മുൻപിലിരിക്കുമ്പോൾ ഷിറാസിന്റെ വിളിയെത്തി.ഗദ്ഗദം നിറഞ്ഞ സ്വരത്തിൽ മനസ്സിന് പൊള്ളലേൽപ്പിച്ചുകൊണ്ട് ആ വിവരവും. ഫേസ് ബുക്കിലൂടെ അതു ലോകത്തെ ആദ്യമായി അറിയിക്കുന്ന നിയോഗം എന്റേതായി.

ബി ആർ പി ഭാസ്‌ക്കർ വിടപറഞ്ഞ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സമഗ്രാധിപത്യത്തിന്റെ മുഖമടച്ച് ഇന്ത്യ കനത്ത പ്രഹരമേൽപ്പിച്ച ആ ദിവസത്തിന്റെ സായാഹ്നത്തിൽ എന്തൊക്കെ സാറിനോട് ചോദിച്ചറിയാനുണ്ടായിരുന്നു എനിക്ക്!

പ്രായം കൊണ്ടും അനുഭവ സമ്പത്തുകൊണ്ടും ഇന്ത്യയിലെ ഏറ്റവും സീനിയറായ മാധ്യമ പ്രവർത്തകന് അന്തിമോപചാര മർപ്പിക്കാൻ മാധ്യമ സമൂഹത്തിൽ പ്പെട്ട ചെറുപ്പക്കാരെയൊന്നും അധികം കണ്ടില്ല.അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

"എന്റെ അനുഭവങ്ങൾ എഴുതിയാൽ പുതിയ തലമുറയിൽപ്പെട്ടവർക്ക് അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും" എന്ന തോന്നലാണ് 'ന്യൂസ്‌ റൂം' എന്ന പുസ്തകമെഴുതാൻ പ്രേരിപ്പിച്ചതെന്ന് ബി ആർ പി സാർ ആ പുസ്തകത്തിന്റെ 'മുന്നുര'യിൽ പറയുന്നുണ്ട്.മാദ്ധ്യമരംഗത്ത്,മുൻപേ പറന്ന പക്ഷികളുടെ ജീവിതകഥകൾ മാധ്യമപഠനത്തിന്റെ ക്ലാസ്സ്‌റൂമിൽ കുട്ടികൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാറുള്ളതായി എനിക്കറിവില്ല.ഇവിടെ പേരു പറഞ്ഞ വലിയ മനുഷ്യരുടെ ജീവചരിത്ര ങ്ങളോ ആത്മകഥകളോ ചിലപ്പോൾ പഠന സ്ഥാപനത്തിന്റെ ലൈബ്രറി യിൽ ഉണ്ടായെന്നു വരാം.അതൊക്കെ വായിച്ചു വെറുതെ 'സമയം കളയുന്നതിനു' പകരം ക്യാമറ ഓപ്പറേറ്റ് ചെയ്തു പഠിക്കാനും ക്യാമറയുടെ മുന്നിൽ നിന്നുകൊണ്ട് 'സ്റ്റാൻഡ് അപ്പ്' എടുത്തു പരിശീലിക്കാനും ചാനലുകളിലെ സായാഹ്‌ന ചർച്ചകളിലെ ഇഷ്ടതാരത്തെ പ്പോലെ നിന്നും ഇരുന്നും നടന്നുമൊക്കെയായി ആങ്കറിംഗ് ചെയ്തു പരിശീലിക്കാനുമൊക്കെയാണ് മാധ്യമ വിദ്യാർത്ഥികളുടെ താൽപ്പര്യം എന്ന യാഥാർഥ്യം സാർ മനസ്സിലാക്കിയിരുന്നു. താൻ പ്രതിനിധീകരിക്കുന്ന മാധ്യമ കാലഘട്ടം അസ്തമിച്ചു പോയി എന്നു തിരിച്ചറിയുകയും ചെയ്തിരുന്നു.എങ്കിലും പ്രതീക്ഷ തീരെ കൈവിട്ടിരുന്നില്ല.

"തങ്ങളുടെ മേലാളൻമാരെ പ്രീണിപ്പിക്കാനും അവർ ചായ കുടിക്കുന്ന ഉല്ലാസ വേളയിൽ ഒപ്പം വായിച്ചു രസിക്കാനും വേണ്ടിയാകരുത് വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത്.ചുറ്റുപാടും ജീവിക്കുന്ന വെറും സാധാരണക്കാരായ മനുഷ്യരെല്ലാം അടങ്ങുന്ന സമൂഹമാണ് തൻ്റെ യഥാർത്ഥ യജമാനൻ എന്ന് നിങ്ങൾ തിരിച്ചറിയണം."

മാധ്യമപ്രവർത്തനരംഗത്തേക്ക് ആവേശത്തോടെ കാലെടുത്തുവെക്കുന്ന പുതുതലമുറക്കാരോട് പറയാറുണ്ടായിരുന്ന ആ രണ്ടു വാചക ങ്ങളിലുണ്ട് ബി ആർ പി ഭാസ്കർ എന്ന ലെജൻഡറി ജേർണലിസ്റ്റിൻ്റെ ജീവിതത്തിൻ്റെ സാരാംശം.

തീരാത്ത നഷ്ടബോധത്തോടെ ഒരിക്കൽ കൂടി വിട പറയട്ടെ, സാർ.

Related Stories

No stories found.
logo
The Cue
www.thecue.in