സമ്മാനം വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ ഇറക്കിവിട്ടവര്‍ക്ക് നിക്കാഹിന് വേദിയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് എങ്ങനെ ദഹിക്കാനാണ്

സമ്മാനം വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ ഇറക്കിവിട്ടവര്‍ക്ക് 
നിക്കാഹിന് വേദിയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് എങ്ങനെ ദഹിക്കാനാണ്

സമ്മാനം വാങ്ങാന്‍ കയറിവന്ന പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കി വിട്ടവര്‍ അടങ്ങുന്ന ഈ സമൂഹത്തില്‍, സ്വന്തം നിക്കാഹിന് വേദിയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് എങ്ങനെ ദഹിക്കാനാണ്!

വിഷയം ഈയിടെ പള്ളിയില്‍ വച്ച് നടന്ന നിക്കാഹിന് വധു വേദിപങ്കിട്ടതാണ്. ആദ്യമേ പറയട്ടെ ഇത് അനിസ്ലാമികമല്ല. അവള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവളുടെ നിക്കാഹിന് സാക്ഷ്യം വഹിക്കാന്‍ മതം എതിര് നില്‍ക്കുന്നില്ല.

ഇസ്ലാമില്‍ വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. ഈ കരാര്‍ സാധുവാകണമെങ്കില്‍ അവളുടെ സ്വമേധയാ ഉള്ള സമ്മതം വേണം. മറിച്ചുള്ളത് സാധുവായിട്ടുള്ള വിവാഹം പോലുമല്ല എന്നാണ് വിശ്വാസ പ്രമാണങ്ങള്‍ പറയുന്നത്.

ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നതും ഇസ്ലാം വിലക്കുന്നുണ്ട്. പെണ്ണുകാണല്‍ എന്ന 15 മിനിറ്റ് ചടങ്ങിലെ 5 മിനിറ്റ് സംസാരം കല്യാണം വരെ എത്തുമ്പോള്‍, പലപ്പോഴും കാരണവന്മാരുടെ അഭിപ്രായം പെണ്‍കുട്ടിയുടേതെന്ന പേരില്‍ നടപ്പിലാക്കുമ്പോള്‍, ഈ വ്യക്തിയുമായി 'അവള്‍ മാനസികമായി ഒരു വിവാഹ ജീവിതത്തിന് തയ്യാറാണോ'എന്ന ചോദ്യം പലപ്പോഴും പാട്രിയാര്‍ക്കിയുടെ പുച്ഛത്തില്‍ കുതിര്‍ന്ന ഒരു ചിരിയിലങ്ങ് തള്ളിക്കളയും.

വ്യക്തിപരമായി, സ്വര്‍ണത്തോടോ മറ്റ് എന്തെങ്കിലും ആഭരണങ്ങളോടോ താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ കല്യാണത്തിന് ആഭരണങ്ങള്‍ അണിഞ്ഞിരുന്നില്ല. സാമ്പത്തികമായി മോശമല്ലാതിരുന്ന ഒരു കുടുംബമായിട്ടും 'എന്തേ സ്വര്‍ണം ഒന്നും കൊടുത്തില്ലേ?' എന്ന നാട്ടുനടപ്പ് ചോദ്യത്തിന് വീട്ടുകാര്‍ നല്‍കിയ മറുപടി ഇതായിരുന്നു, 'അവള് പണ്ടേ പറയുന്ന ഒന്നായിരുന്നു, കല്യാണത്തിന് ആഭരണങ്ങള്‍ ധരിക്കില്ല, അവള്‍ക്കായി ഒന്നും വാങ്ങിക്കുകയും വേണ്ട എന്ന്.' 'എന്ത് തന്നെ ആയാലും മഹര്‍ ഇടാതെ പറ്റില്ലല്ലോ!'.

അതെ, ഇസ്ലാമിലെ വിവാഹമെന്ന കരാര്‍ സമ്പൂര്‍ണ്ണമാകണമെങ്കില്‍ മഹര്‍ എന്ന ഘടകം നിര്‍ബന്ധമാണ്.

മഹര്‍ ഇസ്ലാം പെണ്ണിന് നല്‍കുന്ന അവകാശമാണ്, സംരക്ഷണമാണ്. മഹര്‍ എന്ത് വേണം എന്ന് തിരഞ്ഞെടുക്കാനും അത് ആവശ്യപ്പെടാനുമുള്ള പൂര്‍ണ്ണ അധികാരം പെണ്ണിനാണ്. പല പെണ്‍കുട്ടികളും അവളുടെ മഹര്‍ എന്താണെന്ന് കാണുന്നത് വിവാഹദിവസമാണെന്നതാണ് വസ്തുത. സാധാരണയായി സ്വര്‍ണാഭരണങ്ങളാണ് മഹറായി നല്‍കുന്നത് അതിനേക്കാള്‍ അപ്പുറത്ത് അവള്‍ക്ക് ഏറ്റവും ഉപകാരപ്രദമാകുന്നതോ അവള്‍ ഏറ്റവും മൂല്യം നല്‍കുന്നതോ ആയ ഒന്ന് മഹറായി ആവശ്യപ്പെടാവുന്നതാണ്.

ജോലി ആവശ്യത്തിനും മറ്റുമായി എനിക്കേറ്റവും ഉപകാരപ്രദമാകുന്നത് ഒരു വാഹനമാണ്. മഹറായി ഞാന്‍ ആവശ്യപ്പെട്ടതും ഒരു സ്‌കൂട്ടര്‍ ആയിരുന്നു. അതുപോലെ പാവപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ഒരു വീട് എന്നത് മഹറാക്കിയവരും, ജോലി ആവശ്യത്തിനായി ക്യാമറ മഹര്‍ ചോദിച്ചവരും, സ്വര്‍ണാഭരണത്തിനു പകരം വെള്ളിയാഭരണം മഹറായി ചോദിച്ചവരുമുണ്ട്. അങ്ങനെ കേവലം നാട്ടുനടപ്പില്‍ നിന്നും മാറി വ്യക്തി താല്‍പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി മഹര്‍ ചോദിച്ചവരും നല്‍കിയവരും ഒരുപാടുണ്ട്.

അതേ സമയം മഹര്‍ എന്ന സുപ്രധാന ഘടകത്തിനെ അമിതമായി ലളിതവത്കരിക്കുന്ന ആളുകളെയും നമ്മള്‍ക്കിടയില്‍ കാണാവുന്നതാണ്. ഭൗതിക മൂല്യമുള്ളവയാകണം മഹര്‍. പ്രവാചകന്റെ കാലത്ത് മഹറായി ഖുര്‍ആന്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ഒരു ഗതിയുമില്ലാത്തതിനാലായിരുന്നു പ്രവാചകന്‍ സ്വഹാബിയോട് മഹറായി ഖുര്‍ആനോ, ഖുര്‍ആന്‍ സൂക്തങ്ങളോ പഠിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടത്.

മൂന്നും നാലും ദിവസം നീണ്ടു നില്‍ക്കുന്ന കല്യാണം, ഹല്‍ദിയും ഗുലാബിയും മെഹന്തിയും റിസപ്ഷനും, ഇറക്കുമതി ചെയ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ഇറക്കുമതി ചെയ്ത കസ്റ്റമൈസ്ഡ് കോസ്റ്റ്യൂമും, ദുനിയാവിലെ സകലമാന വിഭവങ്ങളും, ഓരോ മൊമെന്റും ഒപ്പിയെടുക്കാന്‍ ഹെലിക്യാം അടങ്ങുന്ന സന്നാഹം, മഹറായിട്ട് ഖുര്‍ആനും, എന്നിട്ടൊരു പറച്ചിലും ലളിതം സുന്ദരം! പ്രിവിലേജ്ഡ് മനുഷ്യന്മാര്‍ക്ക് ഇതിനൊന്നും വലിയ ചിലവുണ്ടാകില്ല.

ലളിതമാകേണ്ട വിവാഹങ്ങളെ നമ്മള്‍ മനപ്പൂര്‍വ്വം ആഡംബരമാക്കി ഒരു സ്റ്റീരിയോടൈപ്പ് നിര്‍മ്മിച്ചെടുക്കുമ്പോള്‍ പലരുടെയും വിവാഹം എന്ന സങ്കല്‍പത്തെയാണ് ഉടച്ചുകളയുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം അധ്വാനിച്ച പണം കൊണ്ട് കല്യാണം നടത്തുന്ന പെണ്‍കുട്ടികള്‍ പുതിയ കാലത്ത് ഒരു പ്രതീക്ഷയായി മാറുകയാണ്.

സ്വന്തം നിക്കാഹ് ജനാല വഴി എത്തിനോക്കി കണ്ടിരുന്നിടത്ത് നിന്നും പെണ്ണ് പള്ളിസദസ്സിലേക്കെത്തി നില്‍ക്കുകയാണ്. പൊതു ഇടങ്ങളില്‍ പെണ്ണ് അവതരിക്കുന്നതിലെ ഹറാമും ഹലാലും വേര്‍തിരിക്കുന്നവരോടാണ്, ലോകമുസ്ലിങ്ങളെല്ലാം ഒരുപോലെ സുജൂദ് ചെയ്യുന്ന കഅബയില്‍ മുഖം മറക്കാതെയാണ് സ്ത്രീയും പുരുഷനും ഒരുമിച്ച് ത്വവാഫും സഹീയും (കഅബയെ വലയം വയ്ക്കല്‍) ചെയ്യുന്നത്.

മുസ്ലിം വിവാഹത്തിലെ ചടങ്ങുകളിലേക്ക് വരുമ്പോള്‍, പെണ്ണിനെ പ്രസ്തുത പുരുഷന് നിക്കാഹ് ചെയ്ത് കൊടുക്കുന്നത് 'വലിയ്യ്' (പിതാവോ, പിതൃ തുല്യരായ ആരെങ്കിലും) ആണ്. ഇവരൊന്നുമില്ലാത്ത സാഹചര്യത്തില്‍ മഹല്ല് ഖാസിയോ ഇമാമോ വലിയ്യാകാവുന്നതാണ്. വലിയ്യ് എന്നത് പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം നിര്‍വഹിക്കുന്ന വ്യക്തി എന്നതാണ്. മറ്റൊരു നിക്കാഹ് വേദിയില്‍ ' 'ഞങ്ങളുടെ' മകളെ നിക്കാഹ് ചെയ്ത് തന്നിരിക്കുന്നു' എന്ന് പെണ്ണിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ച് പറഞ്ഞ് നിക്കാഹ് ചെയ്ത് കൊടുത്തത് ഈ അടുത്തായിരുന്നു. മകളുടെ ഉത്തരവാദിത്തം തുല്യമായ് പിതാവും മാതാവും പങ്കിടുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും വ്വലിയ്യാകുന്നതിലെ കര്‍മ്മശാസ്ത്ര പരമായ തടസ്സത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.

ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന ആദര്‍ശപാഠവം ദേശദേശാന്തരങ്ങള്‍ ചുറ്റി ഇവിടെ കേരളത്തിലെത്തിയപ്പോള്‍, കേരളീയ സംസ്‌കാരത്തിലേക്ക് മതം തര്‍ജ്ജിമ ചെയ്ത പുരുഷ മേധാവിത്ത പണ്ഡിത സമൂഹം പെണ്ണിന്റെ ഖുബൂലും (സമ്മതം) മഹറും രക്ഷകര്‍തൃത്വവും എല്ലാം തീറെഴുതി നല്‍കിയോ

സ്വന്തം നിക്കാഹ് ജനാല വഴി എത്തിനോക്കി കണ്ടിരുന്നിടത്ത് നിന്നും പെണ്ണ് പള്ളിസദസ്സിലേക്കെത്തി നില്‍ക്കുകയാണ്. പൊതു ഇടങ്ങളില്‍ പെണ്ണ് അവതരിക്കുന്നതിലെ ഹറാമും ഹലാലും വേര്‍തിരിക്കുന്നവരോടാണ്, ലോകമുസ്ലിങ്ങളെല്ലാം ഒരുപോലെ സുജൂദ് ചെയ്യുന്ന കഅബയില്‍ മുഖം മറക്കാതെയാണ് സ്ത്രീയും പുരുഷനും ഒരുമിച്ച് ത്വവാഫും സഹീയും (കഅബയെ വലയം വയ്ക്കല്‍) ചെയ്യുന്നത്. ഈമാന്റെ പാതി എന്നൊക്കെ വിശേഷിപ്പിക്കുന്ന നിക്കാഹിന് അവള്‍ സാക്ഷിയായാല്‍ അണിഞ്ഞൊരുങ്ങിയ അവളെ അന്യപുരുഷന്മാര്‍ 'നോക്കില്ലേ' എന്നാണ് പ്രശ്‌നം എങ്കില്‍ അനാവശ്യ നോട്ടങ്ങള്‍ ഏതു സാഹചര്യത്തിലും ഏത് വ്യക്തിയോടും ഇസ്ലാം വിലക്കപ്പെട്ടത് തന്നെയാണ് എന്നാണ് മറുപടി. ഉദ്ദേശ ശുദ്ധിയിലാണ് എല്ലാം, കാരണം പടച്ചോന്‍ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്.

സ്വന്തം നിക്കാഹിന് സാക്ഷിയാകുന്നതിലെ വാര്‍ത്താമൂല്യം എന്താണെന്ന് ചിന്തിച്ചപ്പോഴാണ് സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് കയറി വന്ന ആ പെണ്‍കുട്ടി ഓര്‍മയിലെവിടെയോ ഇരുന്ന് ചിരിക്കുന്നത്. അപ്പൊ പിന്നെ ഈ മണവാട്ടിയും വാര്‍ത്തയാകും, ചര്‍ച്ചയാകും, വിവാദവുമാകും.

Related Stories

No stories found.
The Cue
www.thecue.in