മമ്മൂട്ടിക്കമ്പനി കാതലുള്ള കമ്പനി

മമ്മൂട്ടിക്കമ്പനി കാതലുള്ള കമ്പനി

ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ. കേട്ടിട്ട് പേടിക്കേണ്ട. ശശി തരൂർ കുറച്ചു കാലം മുമ്പ് പറഞ്ഞ് ഹിറ്റാക്കിയ ഒരു വാക്കാണ്. തരൂര് കുറച്ചുകാലമായിട്ട് മാധ്യമങ്ങളുടെ മുന്നിൽ ഹിറ്റായിട്ട് ഓടിക്കൊണ്ടിരിക്കുകയാണല്ലോ. The act of estimating something or someone as worthless എന്നാണ് തരൂരോസറസ് എന്ന പുസ്തകത്തിൽ പുള്ളിക്കാരൻ തന്നെ Floccinaucinihilipilification എന്ന വാക്കിന് അർത്ഥം പറഞ്ഞിരിക്കുന്നത്. പറയാനുദ്ദേശിച്ചത് തരൂരിനെക്കുറിച്ചോ കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിനെ കുറിച്ചോ വിവാദങ്ങളെക്കുറിച്ചോ അല്ല. കമ്പനി എന്ന വാക്കിനെക്കുറിച്ചാണ്.

കൊച്ചുന്നാളിൽ മുതൽ കേൾക്കുന്നതാണ് ആ വാക്ക്. പക്ഷേ അന്നുമുതൽ ആ വാക്കിനോട് വലിയ മമതയൊന്നും തോന്നിയിട്ടില്ല. കാരണം പലതാണ്. പൂരപ്പറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലുമൊക്കെ പുറമ്പോക്കിൽ പടം വിരിച്ച് നടത്തുന്ന പലവിധത്തിലുള്ള അനധികൃത കുലുക്കിക്കുത്തുകളികൾ ഉണ്ടല്ലോ. അതിലൊക്കെ കേൾക്കാറുള്ള ഒരു വായ്ത്താരി ഉണ്ട്.

വെയ് രാജാ വെയ്

വെയ് രാജാ വെയ്.

ഒന്നുവെച്ചാൽ പത്ത്.

പത്തു വെച്ചാൽ നൂറ്.

ഡയലോഗടിയിൽ മനംമയങ്ങി അകത്തും പുറത്തുമൊക്കെ പിള്ളേർ പൈസ വെക്കും. കൈനീട്ടം കിട്ടിയതും കോലൈസു വാങ്ങാൻ കെഞ്ചി മേടിച്ചതുമൊക്കെ കളത്തിലിറക്കിയവർ കളി കഴിയുമ്പോൾ കാശ് കമ്പനിക്ക് പോയതറിഞ്ഞ് വായും പൊളിച്ച് നിൽക്കും. പോലീസ് വരുമ്പോൾ കട്ടയും പടവും മടക്കി പാട്ടയിൽ വീണ കാശ് മൊത്തം തൂത്തു പെറുക്കി സെക്കൻഡ് നേരം കൊണ്ട് കളം കാലിയാക്കുന്നത് കാണുമ്പോഴേ കമ്പനി കറക്കുകമ്പനിയായിരുന്നെന്ന് പലരും തിരിച്ചറിയൂ. കമ്പനി എന്ന വാക്കിനോട് തന്നെ കലിപ്പ് തോന്നാനുള്ള ഒന്നാം നമ്പർ കാരണം അതായിരുന്നു.

കമ്പനി എന്നത് ഒരു വർത്ത്ലെസ് വാക്കായി മനസ്സിൽ മുദ്രപ്പെട്ടതിന് മറ്റൊരു കാരണം സാമൂഹ്യശാസ്ത്ര പുസ്തകങ്ങളാണ്. പത്താം ക്ലാസ് വരെ സോഷ്യൽസ്റ്റഡീസ് പഠിച്ച ഏതവനാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി എന്ന വാക്കിനോട് പ്രേമം തോന്നുക. അവര് ഇവിടെ വന്നില്ലായിരുന്നെങ്കിൽ കുന്നുകണക്കിന് തീയതികളും ഗവർണർ ജനറൽമാരുടെ പേരുകളും ലോഡ് കണക്കിന് ഭരണപരിഷ്കാരങ്ങളുമൊക്കെ തൊണ്ട തൊടാതെ കാണാപ്പാഠം വിഴുങ്ങേണ്ടി വരില്ലായിരുന്നു പാവപ്പെട്ട വിദ്യാർത്ഥികൾക്ക്. ലവന്മാരൊക്കെ വല്യ പുള്ളികളാണെന്നായിരുന്നു സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ധരിച്ചുവച്ചിരുന്നത്. സായിപ്പിനെ കാണുമ്പം തന്നെ കവാത്ത് മറന്നുപോകുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിപാടിയാണല്ലോ മെക്കാളെയുടെ കാലം മുതൽ വലിയ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാതെ ഇവിടെ ഓടിക്കൊണ്ടിരിക്കുന്നത്. ചടുപുടോന്നുള്ള ഇംഗ്ലീഷിൽ ആരെങ്കിലും ബ്രഹ്മാണ്ഡ മണ്ടത്തരം തട്ടിവിടുമ്പോൾ എതിർക്കണമെന്നൊക്കെ തോന്നുമെങ്കിലും പലപ്പോഴും ഞാനൊക്കെ വായ്ക്ക് സിബ്ബിട്ടു പൂട്ടി വയ്ക്കുന്നത് ഒരേയൊരു കാരണം കൊണ്ടാണ്. അപകർഷത എന്ന ഒറ്റക്കാരണം കൊണ്ട്. നേരെചൊവ്വേ ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റിയില്ലെങ്കിൽ കൂട്ടത്തിലുള്ളവര് പലരും നമ്മളെ ഒരു നിരക്ഷരനെപ്പോലെ പരിഗണിച്ചു കളയുമെന്നൊരു പ്രശ്നവുമുണ്ട്. ആൾക്കാരുടെ കൂട്ടത്തിൽ ഒരു ചീഞ്ഞവനെപ്പോലെയിരിക്കാൻ ആർക്കാണ് ആഗ്രഹം. അതുകൊണ്ടുതന്നെ പലപ്പോഴും ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ 'എസ്കേപ്പ് 'എന്ന അപായസിഗ്നൽ തെളിഞ്ഞു കത്തിത്തുടങ്ങും. അത്തരത്തിൽ മാനം കപ്പല്കയറുമെന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളിലും ഞാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കാരുടെ മൊത്തം തള്ളയ്ക്കും മുത്തിക്കും നെരത്തിപ്പിടിച്ച് തെറി വിളിച്ചിട്ടുണ്ട്. ആ കമ്പനിയായിരുന്നല്ലോ ഈ മാനക്കേടിനെല്ലാം മൂലകാരണം. എൻ്റെ വ്യക്തിപരമായ കുശുമ്പിനും കൊതിക്കെറുവിനും വിളിച്ച ആ തെറിയെല്ലാം ഏറ്റുവാങ്ങാൻ കമ്പനിക്കാര് എന്തുകൊണ്ടും യോഗ്യരായിരുന്നെന്നു പിന്നെപ്പിന്നെയാണ് പിടികിട്ടിത്തുടങ്ങിയത്.

പിന്നെയും ശശി തരൂരിലേക്ക് തന്നെ വരട്ടെ. പല കാര്യങ്ങളിലും പുള്ളിക്കാരനോട് വിയോജിപ്പൊക്കെയുള്ള ആളാണ് ഞാൻ. പക്ഷേ കക്ഷി എഴുതിയ ഒരു പുസ്തകമുണ്ട്. An Era of Darkness - The British Empire in India. ഇരുളടഞ്ഞ കാലം - ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് എന്ന തലക്കെട്ടിൽ ലിൻസി.കെ. തങ്കപ്പൻ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. കമ്പനിക്കാരൻ മാരുടെ കയ്യിലിരിപ്പിന്റെ തനിക്കൊണമെന്തായിരുന്നെന്നു ശശി തരൂർ അതിൽ വിസ്തരിച്ചുപറയുന്നുണ്ട്. അതുകൂടി വായിച്ചുകഴിഞ്ഞാൽ കമ്പനി എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ കാലിൻറെ മൂട്ടീന്ന് തൊഴി കൊടുക്കാനുള്ളൊരു തരിപ്പുംപെരുപ്പും നാക്കിന്റെ മൂലയ്ക്കൂന്ന് തന്തയ്ക്കും തരവഴിക്കുമൊക്കെ തെറിവിളിക്കാനുള്ളൊരു ആന്തലുംമുട്ടലും വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

എന്തായാലും ഇംഗ്ലീഷുകാരുടെ ഭരണത്തോടെ ഒരു നാടൻവാക്കു പോലെ എല്ലാ ഇന്ത്യൻ ഭാഷകളിലും കമ്പനി എന്ന വാക്ക് കയറിപ്പറ്റുക മാത്രമല്ല കുഷ്യൻകസേരയിട്ട് പെർമനന്റായി കുണ്ടിയുറപ്പിക്കുകയും ചെയ്തു. ആ വാക്ക് കൊച്ചിയിൽ നന്നായി പ്രചാരത്തിലായിക്കഴിഞ്ഞ കാലത്താണ് മെഹബൂബ് ' കായലിനരികെ ' എന്ന പാട്ടുണ്ടാക്കുന്നത്. മേപ്പള്ളി ബാലന്റെ വരികൾ പിന്നീട് രാജീവ് രവിയുടെ അന്നയും റസൂലും സിനിമയിൽ ഷഹബാസ് അമൻ വീണ്ടും പാടിയപ്പോഴും നമ്മൾ ആസ്വദിച്ചു.

"കായലിനരികെ

കൊച്ചിക്കായലിനരികെ

കൊടികള്‍ പറത്തി

കുതിച്ചു പൊങ്ങിയ കമ്പനികള്‍

കച്ചവടത്തിന് കച്ച മുറുക്കി

കനത്തുനില്‍ക്കും കമ്പനികള്‍.

പിയേഴ്സ് ലെസ്‌ലി, ആസ്‌പിൻ വാൾ

വോൾകാർട്, എച്ച്.എം.സി,

ബോംബെക്കമ്പനി, മധുരക്കമ്പനി,

എ.വി. തോമാസ് കമ്പനി....

കൊച്ചിയിലെങ്ങും കപ്പല് കേറണ്

ചരക്കിറക്കണ് ചരക്ക്‌ കേറ്റ‌ണ്

നമ്മുടെ റബ്ബറും കയറുംതേയില കുരുമുളകേലം കേറ്റി അയക്കണ്

നമ്മുടെ നാടിന്‍ കരള് തുടിക്കണ്

വയറു വിശക്കണ്

നോ വേക്കൻസി "

( ഇത് എഴുതിക്കൊണ്ടിരുന്നപ്പോളുണ്ടായ രസകരമായ ഒരു യാദൃച്ഛികത കൂടി പറയാം. എഴുത്തിന് ഉഷാറ് കുറഞ്ഞപ്പോൾ ഒരു ചായ ഉണ്ടാക്കിക്കുടിച്ചിരുന്നു. എ.വി.ടി കമ്പനിയുടേതായിരുന്നു ചായപ്പൊടി. ആ എ.വി.ടി.തന്നെയാണ് പാട്ടിൽ പറഞ്ഞിരിക്കുന്ന എ. വി. തോമാസ് കമ്പനി എന്ന് മനസ്സിലായത് വെറുതെ ഗൂഗിളിലൊന്ന് സെർച്ച് ചെയ്തപ്പോഴാണ്.)

കമ്പനികൾ കനത്തു നിൽക്കുമ്പോഴും പാവപ്പെട്ടവന്റെ വയറുവിശക്കുന്നു എന്ന പച്ചപ്പരമാർത്ഥം പാട്ടിൽ തെളിഞ്ഞങ്ങനെ നിൽക്കുന്നുണ്ട്. പട്ടിണിക്കാരന്റെ തുറുകണ്ണിൽ നട്ടുച്ചയ്ക്കിരുട്ടു വീഴ്ത്തിക്കൊണ്ട് ആ മുട്ടക്കാട്ടൻ ബോർഡിലെ അക്ഷരങ്ങളും എരിഞ്ഞുനിൽക്കുന്നുണ്ട്.

നോ വേക്കൻസി.

സ്കൂൾ കാലം മുതൽ സ്ഥിരമായി വായിച്ചു പോന്നിരുന്ന ഇന്ത്യാ ടുഡേയിൽ നിന്നാണ് മറ്റൊരു കമ്പനിയെക്കുറിച്ച് കൂടുതലായറിയുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ അധോലോക കമ്പനിയെ കുറിച്ച്. രാം ഗോപാൽ വർമ്മയുടെ കമ്പനി സിനിമയൊക്കെ വരുന്നത് വർഷങ്ങൾക്കുശേഷമാണ്. അത്തരം സിനിമകളും ഹുസൈൻ സൈദിയുടെ ' ഫ്രം ഡോംഗ്രി ടു ദുബായ് ' പോലുള്ള കാക്കത്തൊള്ളായിരം പുസ്തകങ്ങളും ഡി കമ്പനിയെക്കുറിച്ച് ഒരു ലോഡ് കഥകൾ പറഞ്ഞുതന്നു. മുംബൈ നഗരത്തിൽ മാത്രമല്ല ഇന്ന് ഏത് ഓണംകേറാമൂലയിലും കാണാം അത്തരം കമ്പനികളുടെ മിനിയേച്ചർ പതിപ്പുകളുടെ പലതരം വാഴ്ചകൾ. കണ്ണിനു മുന്നിൽ നിൽക്കുന്ന കുഞ്ഞിപ്പയ്യൻ പോലും ഒരു ലോക്കൽ ഡോണായേക്കാം. അവൻറെ കൂടെയും കണ്ടേക്കാം അവന്റേതായ ഒരു ചിന്നക്കമ്പനി.

കമ്പനി എന്ന വാക്ക് എൻ്റെ ബ്ലാക്ക്ലിസ്റ്റിൽ പെടാനുള്ള പലപല കാരണങ്ങൾ ചുമ്മാതൊന്നു തിരിഞ്ഞുനോക്കുകയായിരുന്നു ഞാൻ. പക്ഷേ കുറച്ചുകാലമായി കമ്പനി എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെയുള്ളയാ ചുമ്മാതെചൊറിച്ചിലിന് കാര്യമായ ശമനം വന്നിട്ടുണ്ട്. എന്നുതന്നെയല്ല ആ വാക്കിൻ്റെ തോളിൽപ്പിടിച്ച് മറ്റൊരു വാക്ക് കൂട്ടുചേർന്നുവന്നപ്പോൾ അനിഷ്ടം മാറി പെരുത്തിഷ്ടം എന്ന നിലയിലേക്ക് വളരുകയുംചെയ്തു. മമ്മൂട്ടിക്കമ്പനി എന്ന പുതിയ വാക്കാണ് ഈ മാനസികപരിവർത്തനത്തിന് കാരണമായത്. മമ്മൂട്ടി എന്ന മനുഷ്യനോടുള്ള സ്നേഹം തന്നെയാണ് ഈ വാക്കിഷ്ടത്തിനു പിന്നിലും ആദ്യം പ്രവർത്തിച്ചത്. പക്ഷേ മമ്മൂട്ടിയിഷ്ടം മാത്രമല്ല മമ്മൂട്ടിക്കമ്പനിയോട് തോന്നിയ ഇഷ്ടത്തിനാധാരം. മലയാളസിനിമയിൽ ഒരുപാട് പ്രൊഡക്ഷൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കുഞ്ചാക്കോയുടെ ഉദയായും പി.സുബ്രഹ്മണ്യത്തിന്റെ മെറിലാൻ്റും തൊട്ട് ഇന്നലത്തെ മഴയ്ക്കു കൂണെന്നപോലെ മുളച്ച കമ്പനികളുടെ വരെ കഥ പരിശോധിക്കുമ്പോൾ മമ്മൂട്ടിക്കമ്പനിക്കുള്ള എക്സ്ട്രാ മൊഞ്ചെന്താണ്? അല്ലെങ്കിൽ മമ്മൂട്ടിക്കമ്പനിക്കെന്താ കൊമ്പുണ്ടോ?

കൊമ്പില്ല. അതാണ് ആ കമ്പനിയോട് ഒരു സ്പെഷ്യല് ഇഷ്ടം തോന്നിയത്.

മലയാളസിനിമാഭിനേതാക്കളിൽ ചലച്ചിത്ര നിർമ്മാണത്തിനിറങ്ങിത്തിരിച്ച ആദ്യത്തെയാളല്ല മമ്മൂട്ടി. അദ്ദേഹം തന്നെ ഇതിനു മുൻപ് ധാരാളം ചിത്രനിർമ്മാണ സംരംഭങ്ങളിൽ പലതരത്തിൽ ഭാഗഭാക്കായിട്ടുമുണ്ട്. പക്ഷേ ഒരഭിനേതാവെന്ന നിലയിൽ സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്ന മമ്മൂട്ടിപ്രകൃതത്തിന്റെ ഭാഗമായിത്തന്നെ മമ്മൂട്ടിക്കമ്പനിയുമായുള്ള അദ്ദേഹത്തിൻറെ വരവിനെ കാണാനാണ് ഞാനാഗ്രഹിക്കുന്നത്. പുണ്യം കിട്ടുന്നതിനുവേണ്ടിയല്ല പണം കിട്ടുന്നതിനുവേണ്ടിയുള്ള പരിപാടി തന്നെയാണ് സിനിമാനിർമാണം. പക്ഷേ പണമുണ്ടാക്കാൻവേണ്ടി മാത്രമുള്ള പരിപാടിയാക്കിയതിനെ മാറ്റാതിരിക്കുകയും ചെയ്യാമൊരാൾക്ക്.

മമ്മൂട്ടിക്കമ്പനിയുടെ പേരിൽ പുറത്തുവന്ന / വരാനിരിക്കുന്ന സിനിമകളുടെ തലക്കെട്ടുകൾ മാത്രം മതിയാകും ആ കമ്പനിയുടെ കാഴ്ചയും കാഴ്ചപ്പാടും വ്യതിരിക്തമാകുന്നതെങ്ങനെയെന്നറിയാൻ. നൻപകൽനേരത്ത് മയക്കം , റോഷാക്ക്, കണ്ണൂർസ്ക്വാഡ്, കാതൽ.....എല്ലാം വിശ്വോത്തരസിനിമകളൊന്നുമല്ല. കച്ചവടപ്രാധാന്യമുള്ളതും ജനപ്രിയ ചേരുവകളുള്ളതുമായ ചിത്രങ്ങൾ ചിലപ്പോൾ മമ്മൂട്ടിക്കമ്പനിയിൽനിന്ന് തുരുതുരാ പുറത്തുവന്നെന്നുമിരിക്കാം. അങ്ങനെയുള്ളവയും വരണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. പക്ഷേ നിലവിൽ മലയാളത്തിലുള്ള വമ്പൻ പ്രൊഡക്ഷൻഹൗസുകളുടെയൊക്കെ ചിത്രങ്ങളുടെ ലിസ്റ്റുമായി തട്ടിച്ചു നോക്കുമ്പോഴാണ് പതിറ്റാണ്ടുകളായി താരസിംഹാസനത്തിലിരിക്കുന്ന ഒരു നടന്റെ കമ്പനിയിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങളുടെ വ്യത്യാസം മനസ്സിലാവുക. ആ വ്യത്യാസമെന്തെന്ന് മനസ്സിലാക്കാൻ ഞാൻ ലിജീഷ്കുമാർ എന്ന ചെറുപ്പക്കാരൻ എഴുതിയതിൽ നിന്നൊരു ഭാഗം കടമെടുക്കട്ടെ. ഇക്കാലം അഥവാ ഇക്കയുടെ കാലം എന്ന നീണ്ട ലേഖനത്തിൽ ലിജീഷ് ഇങ്ങനെ പറയുന്നുണ്ട്.

"എഴുതിയതാരെന്ന് എനിക്കോർമയില്ലാത്ത ഒരു കഥയാണ് പെട്ടന്നോർമ വരുന്നത്. കഥ തുടങ്ങുന്നത് ഒരു പാതിരിയിൽ നിന്നാണ്. അയാളും അയാളുടെ ചങ്ങാതിയും ഒരുദിവസം കാഴ്ചകൾ കണ്ട് അങ്ങനേ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു മില്ല് പ്രവർത്തിക്കുന്നതിന്റെ കറകറ ശബ്ദം അയാളുടെ കാതിൽ വന്നുവീണു. കാതടപ്പിക്കുന്ന ഈ ശബ്ദത്തിന്റെ ഇടയിലേക്ക് മധുരമുള്ള ഒരു പാട്ട് എവിടെ നിന്നെന്നില്ലാതെ തികട്ടിവന്നു. പാതിരി ചെന്നുനോക്കിയപ്പോൾ ഒരു സ്ത്രീ പാട്ടുപാടിക്കൊണ്ട് മില്ല് തിരിക്കുകയാണ്. പാതിരി കൂട്ടുകാരനോട് ചോദിച്ചു

“നീ പറയൂ കലകൊണ്ടാണോ അവർ മില്ല് തിരിക്കുന്നത് !! അതോ അധ്വാനം കൊണ്ടോ?”

“രണ്ടുകൊണ്ടും, കലയും അധ്വാനവും മില്ലിനെ തിരിക്കുന്നു."

അയാൾ മറുപടി പറഞ്ഞു.

“ശരിയാണ്.” പുഞ്ചിരിച്ചുകൊണ്ട് പാതിരി പറഞ്ഞു. “ശരിയാണ്. കലയില്ലെങ്കിൽ അധ്വാനത്തെ ആർക്ക് സഹിക്കാനാവും?”

മമ്മൂട്ടിയോട് ചോദിക്കൂ, ഇത് പ്രവർത്തിക്കുന്നത് കലകൊണ്ടോ അധ്വാനംകൊണ്ടോ എന്ന്. കലയും അധ്വാനവും ഈ മില്ലിനെ തിരിക്കുന്നു എന്ന് അദ്ദേഹത്തിന് പറയാനുണ്ടാകും. താരതമ്യപഠിതാക്കൾ കല ലാലിനും അധ്വാനം മമ്മൂട്ടിക്കും നീക്കിവെച്ചതാണ്. കഷ്ടമാണത്. മമ്മൂട്ടിയൂട്ടിയ മഹാവിരുന്നുകളെയത്രയും മികവുറ്റതാക്കിയത് കലയും അധ്വാനവും ചേർത്തുണ്ടാക്കിയ സമൃദ്ധമായ ചേരുവകളാണ്."

കലയും അധ്വാനവും ചേർത്തുണ്ടാക്കിയ കാഴ്ചയുടെ വിരുന്നുകൾ തന്നെയാണ് ഒരു പ്രേക്ഷകനെന്ന നിലയിൽ മമ്മൂട്ടിക്കമ്പനിയിൽ നിന്ന് ഞാനും പ്രതീക്ഷിക്കുന്നത്.

ഞാൻ പഠിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് മഹാരാജാസ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ സൂപ്പർ സീനിയറാണ് മമ്മൂട്ടി. ഇപ്പോഴും ആ മനുഷ്യനിൽ നിന്ന് എന്തൊക്കെയോ മാജിക്കുകൾ ഞങ്ങളുടെ തലമുറ പ്രതീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറ മാത്രമല്ല, ഞങ്ങളുടെ അടുത്ത തലമുറകളും. ഞങ്ങൾ പഠിച്ചിറങ്ങി വർഷങ്ങൾക്ക് ശേഷം മഹാരാജാസിൽ പഠിച്ച സൂപ്പർ ജൂനിയറാണ് ദേവിക.എം.എ. എന്ന പെൺകുട്ടി. മമ്മൂട്ടിക്കമ്പനി എന്ന പേരിൽ പുതിയ തലമുറയർപ്പിക്കുന്ന പ്രതീക്ഷയെന്തെന്ന് വിശദമാക്കാൻ ദേവികയുടെ എഫ്.ബി. പോസ്റ്റ് ഇവിടെ പേസ്റ്റ് ചെയ്തുകൊണ്ട് തൽക്കാലം ഞാൻ വിടവാങ്ങട്ടെ. മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിലഭിനയിച്ച കാതൽ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ദേവിക ഫേസ്ബുക്കിൽ ഇങ്ങനെയാണ് എഴുതിയത്.

"ഇത്രയും സന്തോഷം തോന്നിയ ഒരു സിനിമാപോസ്റ്റർ അടുത്തെങ്ങും ഉണ്ടായിട്ടില്ല. നേടാനുള്ളതെല്ലാം നേടി നിൽക്കുന്ന ഒരു പോയ്ന്റിൽ നിന്ന് തന്നെ വളർത്തിയ, തന്നെ താനാക്കിയ മലയാള സിനിമക്ക് ഒരു നടന് എത്ര മനോഹരമായി നന്ദി കുറിച്ചിടാമെന്ന പ്രതീക്ഷയുടെ പേര് കൂടിയാണ് മമ്മൂട്ടിക്കമ്പനി "

മമ്മൂട്ടിയെന്ന മഹാനടനെപ്പോലെ മമ്മൂട്ടിക്കമ്പനിയും മലയാളസിനിമയ്ക്ക് പ്രതീക്ഷയായി നിലനിൽക്കട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in