ഗവണ്മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മേലെ ഈ മൊണാർക്കിന് എന്താണ് സ്ഥാനം?

ഗവണ്മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മേലെ ഈ മൊണാർക്കിന് എന്താണ് സ്ഥാനം?
Summary

ഗവണ്മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മേലെ ഈ മൊണാർക്കിന് എന്താണ് സ്ഥാനം? ബി.ജെ.പി ക്കു വേണ്ടി എന്തെല്ലാമോ ചെയ്ത് തീർത്തോളാമെന്ന് അച്ചാരം വാങ്ങിയ ഒരാളെപ്പോലെയാണ് ഗവർണർ പെരുമാറുന്നത്. ഈ പറയുന്ന അധികാരമൊന്നും അദ്ദേഹത്തിനില്ല. സി.പി.ഐ നാഷണൽ സെക്രട്ടറിയേറ്റ് അംഗവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം എഴുതുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ അന്തസ്സിനെ, മാന്യതയെ, പരിമിതികളെ എല്ലാം മറന്നാണ് പെരുമാറുന്നത്. ഒരു ആർ.എസ്.എസ് സ്വയംസേവകന് അതൊക്കെ ആകാം, പക്ഷെ ഒരു ഗവർണർക്ക് ഇതൊക്കെ പറ്റുമോ? കുറെ കാലയമായി അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും നിരീക്ഷിച്ചാൽ ആർക്കും ബോധ്യമാകും, രാജാവിനേക്കാളും രാജഭക്തി കാണിച്ചുകൊണ്ട് ബി.ജെ.പിയുടെയും ആർ.എസ്.എസ് ന്റെയും പ്രീതി പിടിച്ചുപറ്റാൻ വേണ്ടി അദ്ദേഹം പരക്കം പായുകയാണ്. ഒടുവിൽ അദ്ദേഹം രാജ്ഭവൻ ആർ.എസ്.എസ് ന്റെ ഒരു ക്യാമ്പ് ഓഫീസ് ആക്കി മാറ്റിയിരിക്കുന്നു. എവിടെയും പതിവില്ലാത്ത തരത്തിൽ രാജ്ഭവനിൽ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി, അവിടെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരെ പോലും അമ്പരപ്പിക്കുന്ന വിധത്തിലുള്ള, ധിക്കാരമുറ്റിയ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ഒരു ഗവർണർ തന്റെ കേമത്തമറിയിക്കാൻ ശ്രമിക്കുകയാണ്. അത് കണ്ടുകൊണ്ട് മിണ്ടാതിരിക്കാൻ പാടില്ല.

ജനാധിപത്യബോധമുള്ള ഒരു പൗരൻ ഭരണഘടനയെ പറ്റി, നാടിനെപ്പറ്റി ചിന്തിക്കുന്ന ഒരു പൗരൻ ചെയ്യണ്ട കാര്യമാണ് ഞാൻ ചെയ്തത്. ഒരു എം.പി എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും ഞാൻ രാഷ്ട്രപതിക്ക് കത്തെഴുതി. ആ കത്തിൽ ഞാൻ പറയുന്ന കാര്യം വളരെ നേരിട്ടുള്ളതാണ്. ഗവർണറുടെ ഓഫീസിന്റെ മാന്യതയും നിലവാരവും നിലനിർത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും ഭരണഘടനാപരമായി നിലവിൽ വന്ന ഒരു സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹത്തെ ഉപദേശിക്കണമെന്നാണ് കത്തിൽ ഞാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

ഞാൻ പരിണിതപ്രജ്ഞനായ ശ്രി ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർത്ഥിക്കുന്നു, അദ്ദേഹം നമ്മുടെ ഭരണഘടന ഒന്നുകൂടി വായിക്കട്ടെ, അതിൽ പാർട്ട് ആറിൽ , 152 ആമത്തെ ആർട്ടിക്കിൾ മുതൽ താഴേക്ക് പറയുന്നത് മുഴുവൻ ഗവർണർ പദവിയെ കുറിച്ചാണ്. ഗവർണർ ഇപ്രകാരം രാഷ്ട്രീയ പ്രവർത്തനം നടത്താമോ എന്നും അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റിനോട് രാഷ്ട്രീയപ്രേരിതമായി ഇതുപോലെ വൈരം പുലർത്തിക്കൊണ്ട് പെരുമാറാൻ അനുവാദമുണ്ടോ എന്നും അദ്ദേഹം പറയട്ടെ.

വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേരളം തള്ളിക്കളഞ്ഞല്ലോ. ഒരു ബോംബ് താൻ പൊട്ടിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം തന്റെ നടക്കാൻ പോകുന്ന പ്രെസ്സ് കോൺഫെറെൻസിനെ കുറിച്ച്, വല്ലാത്ത പ്രതീതിയുണ്ടാക്കി. ഇല്ലാത്ത ഗൗരവം ക്ഷണിച്ചു കൊണ്ടുവന്ന് അദ്ദേഹം അരങ്ങൊരുക്കി. പക്ഷെ അദ്ദേഹം എന്താണ് പറഞ്ഞത്? അവസാനം മല എലിയെപ്പോലും പ്രസവിച്ചില്ല. മല ഒരു മൺതരിയെപ്പോലും പ്രസവിച്ചില്ല. യാതൊരു തെളിവുമില്ലാതെ, അർത്ഥമൊട്ടുമില്ലാത്ത കുറെ വിമർശനങ്ങൾ നിരുത്തരവാദിയായ ഒരു രാഷ്ട്രീയക്കാരന് മാത്രം പറയാൻ കഴിയുന്ന രീതിയിൽ അദ്ദേഹം അത് പറഞ്ഞു. സ്വന്തം മനഃസാക്ഷിയും, ഹൃദയവും ബുദ്ധിയും ആർ.എസ്.എസിന് പണയപ്പെടുത്തി ഒരു രാഷ്ട്രീയക്കാരനത് ചെയ്യാം. പക്ഷെ ഭരണഘടനാപരമായ പദവി കയ്യാളുന്ന ഗവർണർ അത് ചെയ്യാൻ പാടില്ല. ഗവർണർ ഉച്ചരിക്കുന്ന ഓരോവാക്കിനും അതിന്റെതായ നീതീകരണം വേണം. ഇതൊന്നുമില്ലാത്ത കുറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. അതെല്ലാം കേട്ട മാത്രയിൽ കേരളം തള്ളിക്കളഞ്ഞു.

സംസ്ഥാനങ്ങൾതോറും ഗവർണർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബി.ജെ.പി എങ്ങനെയാണു ഭരണത്തിൽ ഇടപെടുന്നതെന്ന് നമ്മൾ കാണുന്നുണ്ടല്ലോ. ഗവർണറെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ. ഗവർണർമാരുടെ പദവിയെപ്പറ്റി ഭരണഘടനയിൽ പറയുന്നതിന് പുറത്ത് പ്രസിദ്ധമായ 1975 ലെ ഷംഷേർ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്, നമ്മുടെ കോൺസ്റ്റിട്യൂഷൻ ബ്രിട്ടനിലെ വെസ്‌മിനിസ്റ്റർ സിസ്റ്റം ആണ് സ്വീകരിച്ചത്. അതുപ്രകാരം ഗവർണർമാരും പ്രസിഡന്റുമാരും ബ്രിട്ടനിലെ മൊണാർക്കിനെപ്പോലെയാണ്. മാത്രമല്ല, ഫെഡറൽ സംവിധാനത്തിൽ ഗവർണർ കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിമാത്രമാണ്. ബ്രിട്ടനിലെ രാജ്ഞിയോ രാജാവോ ഇന്ന് വഹിക്കുന്ന സ്ഥാനമാണ്.

അതൊരു ആലങ്കാരിക പദവിയാണ്. അതെന്താണെന്ന് നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു; കോട്ടും ഘോഷവും ആചാരങ്ങളും ഉപചാരങ്ങളും നിറപ്പകിട്ടുകളുമെല്ലാം കാണും. അതിനപ്പുറത്ത് എന്താണ് പൊളിറ്റിക്കൽ പവർ? ഗവണ്മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മേലെ ഈ മൊണാർക്കിന് എന്താണ് സ്ഥാനം? ബി.ജെ.പി ക്കു വേണ്ടി എന്തെല്ലാമോ ചെയ്ത് തീർത്തോളാമെന്ന് അച്ചാരം വാങ്ങിയ ഒരാളെപ്പോലെയാണ് ഗവർണർ പെരുമാറുന്നത്. ഈ പറയുന്ന അധികാരമൊന്നും അദ്ദേഹത്തിനില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായം ഞാൻ പറയാം. ഗവർണർ പദവി തുടരേണ്ട കാര്യമില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. അതൊരു അജഗളസ്തനമാണ്. ആടിന്റെ കഴുത്തിൽ ഒരു മുലയുണ്ട് അതിൽ മുലപ്പാലില്ല. ഒരു ഉപകാരവുമില്ലാത്ത ഒന്നാണ് അത്. അങ്ങനൊരു പദവി എന്തിനാണ്? ഗവൺമെന്റിന്റെ പണം ജനങ്ങളുടെ പണമാണ്. ആ പണം വലിയതോതിൽ ചിലവഴിച്ച് കൊണ്ട് രാജ്ഭവനും രാഷ്ട്രപതിഭവനും ഗവർണറും രാഷ്ട്രപതിയുമെല്ലാം തുടരുകയാണ്. രാഷ്‌ട്രപതി നിൽക്കട്ടെ, ഗവർണർ പദവി തുടരേണ്ടതില്ല എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

Binoy Viswam
Binoy Viswam

സി.പി.ഐ മാത്രമല്ല സ്വതന്ത്ര ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ വിശ്വസിക്കുന്ന ഒരുപാട് ശക്തികൾ, നിയമജ്ഞന്മാരടക്കം നിലപാട് പറഞ്ഞു കഴിഞ്ഞു. അത് ശെരിയാണ് എന്ന് തെളിയിക്കുന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഓരോ വാക്കും പ്രവൃത്തിയും. ബില്ലുകൾ ഒപ്പിടാതിരിക്കാൻ ഗവർണർക്ക് ഒരധികാരവുമില്ല, ഇവിടെ സർവ്വാധികാരം നിയമസഭയ്ക്കാണ്. നിയമസഭയുടെ പ്രാമുഖ്യം അറിയാത്ത ആളല്ല ഗവർണർ. അദ്ദേഹത്തിന് എന്തൊക്കെ പറ്റും എന്ന് ആളുകൾക്കറിയാം അതിനപ്പുറം അദ്ദേഹം ഓലപ്പാമ്പൊന്നും കാണിച്ച് പേടിപ്പിക്കേണ്ട. തന്റെ പിന്നിൽ ബി.ജെ.പി യുണ്ട്, തന്റെ പിറകിൽ കേന്ദ്ര സർക്കാരുണ്ട് എന്നൊക്കെയുള്ള തോന്നലിന്റെ പുറത്ത് അഭിരമിച്ചുകൊണ്ട് ഒരാൾ തന്റെ അധികാര സീമകളെ കുറിച്ച് പൂർണ്ണമായും അജ്ഞനായി മാറിയാൽ, അയാളെപ്പറ്റി നമുക്ക് എല്ലാ ആദരവോടും കൂടി പറയാൻ പറ്റും, ഹാ കഷ്ടം.

Related Stories

No stories found.
The Cue
www.thecue.in