മധുവോ അവന്റെ സമൂഹമോ തിരിച്ച് തല്ലാനായി തേടിയെത്തില്ലെന്ന് അവനെ കൊന്നവർക്ക് ഉറപ്പായിരുന്നു

മധുവോ അവന്റെ സമൂഹമോ തിരിച്ച് തല്ലാനായി തേടിയെത്തില്ലെന്ന് അവനെ കൊന്നവർക്ക് ഉറപ്പായിരുന്നു
Summary

മധുവിന് പിന്നാലെ ഒരു വിശ്വ നാഥൻ, പുറത്തു വരാത്ത അനേകം പേരുകൾ, നാളെ ആ ലിസ്റ്റിൽ എന്റെ പേരും വന്നേക്കാം. ഓൺലൈനിൽ റീച്ചും ലൈക്കും കിട്ടുന്ന കുറച്ചു പോസ്റ്റുകൾ സംഭവിക്കും എന്നതിനപ്പുറം അതും ഒരു കുടുംബത്തിന് മാത്രമായുള്ള ദുഖമായി അവശേഷിക്കും

അഖിലേന്ത്യ പണിയ മഹാസഭ-ജനറൽ സെക്രട്ടറി ബിജു കാക്കത്തോട് എഴുതുന്നു

2018 ഫെബ്രുവരി 22 നാണ് മാനസിക വിഭ്രാന്തിയുള്ള മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നത്. അവന്റെ രോഗം ഒരു പക്ഷെ മികച്ച ചികിത്സ ലഭിച്ചാൽ മാറുമായിരുന്നിരിക്കാം. പക്ഷെ ആ കൊലയാളികളുടെ രോഗം, അത് ഏത് ചികിത്സ കിട്ടിയാലും മാറില്ല. എല്ലാ തരത്തിലും ദുർബലനായ ആദിവാസി യുവാവിന്റെ കറുത്ത ശരീരത്തെ തങ്ങളുടെ ഉള്ളിലെ വെറുപ്പ് പ്രകടിപ്പിക്കാനുള്ള ഉപകാരണമാക്കി ആഘോഷിക്കുകയാണ് അവർ ചെയ്തത്.

മധുവോ അവന്റെ സമൂഹമോ തിരിച്ചു തല്ലാനായി തേടിയെത്തില്ല എന്നത് അവർക്ക് ഉറപ്പായിരുന്നു. ഇനി സോഷ്യൽ മീഡിയയിലേക്ക് വന്നാൽ ലൈക്‌ കൂട്ടാൻ മധുവിന്റെ ഫോട്ടോ വച്ചുള്ള മത്സരമായിരുന്നു. വേഷം കെട്ടിയുള്ള നാടകങ്ങൾ. എല്ലാം കഴിഞ്ഞ് മധു വെറും പാഴ്വസ്തുവായി ഓർമ്മകളിൽ നിന്നു പോലും മറഞ്ഞപ്പോൾ കൊലയാളികളെ രക്ഷിക്കാൻ ഭരണകൂടം തന്നെ രംഗത്തിറങ്ങി. ആവശ്യത്തിന് സമയം കിട്ടിയപ്പോൾ സാക്ഷികൾക്ക് വിലയിടാൻ സൗകര്യമായി. നമ്മൾ കണ്ടതാണ് ആ നാടകങ്ങൾ.

വിചാരണ പൂർത്തിയാകാൻ മധുവിന് കാത്തിരിക്കേണ്ടി വന്നത് അഞ്ചു വർഷമാണ്. ഭരണകൂടം തന്നെ കൊലയാളികൾക്ക് പഴുതുകൾ സൃഷ്ടിച്ച കേസിൽ വിചാരണ പൂർത്തിയായത് തന്നെ വലിയ അത്ഭുതമാണ്. സാക്ഷി മൊഴികളും തെളിവുകളും ആകുന്നത്ര മാറ്റിമറിക്കപ്പെട്ട കേസിൽ കുറ്റകൃത്യത്തിന് അനുസരിച്ചുള്ള ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് അതിമോഹമാണ്. കോടതിക്ക് മുന്നിലുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളെ ചെയ്യാനാകു എന്നത് തന്നെ കാരണം.

മധുവിന് പിന്നാലെ ഒരു വിശ്വ നാഥൻ, പുറത്തു വരാത്ത അനേകം പേരുകൾ, നാളെ ആ ലിസ്റ്റിൽ എന്റെ പേരും വന്നേക്കാം. ഓൺലൈനിൽ റീച്ചും ലൈക്കും കിട്ടുന്ന കുറച്ചു പോസ്റ്റുകൾ സംഭവിക്കും എന്നതിനപ്പുറം അതും ഒരു കുടുംബത്തിന് മാത്രമായുള്ള ദുഖമായി അവശേഷിക്കും. വൈകി കിട്ടുന്ന നീതിയും ഒരർത്ഥത്തിൽ നീതിനിഷേധമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in