ബി.ബി.സി ഡോക്യുമെൻ്ററി: നരേന്ദ്ര മോദിയുടെ രാഷ്ട്രീയം ഇന്നലെയും ഇന്നും

ബി.ബി.സി ഡോക്യുമെൻ്ററി:
നരേന്ദ്ര മോദിയുടെ രാഷ്ട്രീയം ഇന്നലെയും ഇന്നും
Summary

ഒരർത്ഥത്തിൽ ഈ വിവാദം പൊതു സമൂഹത്തിൽ പുതിയ തിരിച്ചറിവുകൾക്ക് വഴിയൊരുക്കിയേക്കും. അന്താരാഷ്ട്ര തലത്തിൽ കെട്ടിപ്പടുത്തിരിക്കുന്ന മോദിയുടെ പ്രതിച്ഛായക്ക് ഇത് കോട്ടമുണ്ടാക്കും. നരേന്ദ്രമോദിയുടെ ഇന്ത്യയെയാണ് ബി.ബി.സി കാണിച്ചു തന്നിരിക്കുന്നത്. അത് നമ്മുടെയൊന്നും ഇന്ത്യയല്ല എന്നതും വ്യക്തമാണ്.

എൻ.ഇ.സുധീർ എഴുതുന്നു

2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ അരങ്ങേറിയ വർഗ്ഗീയകലാപം പശ്ചാത്തലമാക്കി ബി.ബി.സി. ഇപ്പോൾ തയ്യാറാക്കിയ 'ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ഡോക്യുമെൻ്ററി ഇന്ത്യൻ ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അത് ഇന്ത്യക്കാർ കാണേണ്ടതില്ല എന്ന നിലപാടാണ് അവർ കൈക്കൊണ്ടത്. കഴിഞ്ഞ ജനുവരി 17-നാണ് ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം പുറത്തുവന്നത്. ദിവസങ്ങൾക്കകം തന്നെ ഡോക്യുമെന്ററി നീക്കം ചെയ്യണമെന്ന ആവശ്യവുമായി സർക്കാർ രംഗത്തെത്തി. യൂട്യൂബിനോടും സാമൂഹ്യമാധ്യമമായ ട്വിറ്ററിനോടും 2021-ലെ ഐ.ടി. നിയമത്തിലെ എമർജൻസി പ്രൊവിഷൻ പ്രകാരം പ്രസ്തുത ഡോക്യുമെൻ്ററി നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ അത് നടപ്പിലാക്കപ്പെട്ടു. യൂട്യൂബിൽ നിന്നും ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും അത് അത്യക്ഷമായി. അപ്പോഴും അത് ഇൻറർനെറ്റ് ആർക്കൈവിൽ ഉണ്ടായിരുന്നു. പിന്നീട് അവിടെനിന്നും അത് നീക്കം ചെയ്യപ്പെട്ടു. എന്നാൽ ഇതിനിടയിൽ അത് പലരും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അതുകൊണ്ട് സർക്കാർ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയിൽ പലയിടങ്ങളിലും അത് പ്രദർശിപ്പിക്കുവാൻ വിദ്യാർത്ഥികൾക്കും യുവജന സംഘടനകൾക്കും സാധിച്ചു. ഇത്തരത്തിലുള്ള പൊതുപ്രദർശനങ്ങൾ തടയുവാൻ സർക്കാർ ശ്രമിച്ചു. ഇതിൻ്റെ പേരിൽ പലേടത്തും സംഘർഷങ്ങളുണ്ടായി. ഇതിനായുള്ള ശ്രമങ്ങൾ ഇന്നും പലേടങ്ങളിലും തടയപ്പെടുകയും സംഘർഷങ്ങളിലേക്കു നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന വാർത്തകളുണ്ട്.

ഈ സംഭവങ്ങൾ മുന്നോട്ടു വെക്കുന്നത് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യത്തെപ്പറ്റിയുള്ള ആഴമേറിയ വലിയ ഉത്കണ്ഠകളാണ്. ബി.ബി.സി പോലുള്ള ഒരു അന്താരാഷ്ട്ര മാധ്യമം ലോകത്തിനുമുന്നിൽ വെക്കുന്ന ഒരു ഡോക്യുമെൻ്ററി കാണാനുള്ള അവകാശത്തെ ഒരു ജനാധിപത്യഭരണകൂടം നിഷേധിക്കുക എന്നത് അസാധാരണവും ഭയപ്പെടുത്തുന്നതുമായ സംഭവമാണ്. ഇതുവഴി മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇന്ത്യക്കാർക്ക് നിഷേധിക്കുകയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ഡിജിറ്റൽ യുഗത്തിൽ ഒരു ബി.ബി.സി ഡോക്യുമെൻ്ററി കാണാൻ കഴിയുന്നത് പോലും ഭരണകൂട ഔദാര്യമാണെന്ന് വരുന്നത് തികച്ചും അപലപനീയമാണ്; ഖേദകരമാണ്. പുതിയ കാലത്ത് ദേശരാഷ്ട്ര പൗരത്വം പോലെ ഡിജിറ്റൽ റിപ്പബ്ലിക്കിലെ പൗരത്വം കൂടി നമുക്കെല്ലാം അർഹതപ്പെട്ടതാണ്. അതുകൂടിയാണ് ഇന്ത്യാ ഗവൺമെൻറ് നിഷേധിച്ചിരിക്കുന്നത്. ഈ നിഷേധം കാണിക്കുന്നത് അവരുടെ ജനാധിപത്യവിരുദ്ധതയാണ്; ഫാഷിസ്റ്റ് സ്വഭാവമാണ്. മറ്റൊരു തരത്തിൽ നോക്കിയാൽ ആ ഡോക്യുമെൻ്ററി നൽകുന്ന സൂചനകളെയും സംശയങ്ങളെയും സാധൂകരിക്കുന്ന, അടിവരയിട്ട് ഉറപ്പാക്കുന്ന നിലപാടാണ് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അവർക്ക് പലതും മറച്ചുവെക്കാനുണ്ടെന്നും അത് തുറന്നു കാട്ടപ്പെടുന്നത് ഏതുവിധേനയും ചെറുക്കും എന്നുമാണ് ഇതിലൂടെ വായിച്ചെടുക്കാവുന്ന കൃത്യമായ സന്ദേശം.

ബി.ബി.സി പറയുന്നത്

ഡോക്യുമെൻ്ററിയിൽ പുതിയതായൊന്നും ഇല്ല എന്ന് പറഞ്ഞാണ് പലരും ഇതിനെ തള്ളിപ്പറയുന്നത്. എന്നാൽ അടുക്കും ചിട്ടയോടും കൂടി അത് പലതും ഓർമ്മിപ്പിക്കുകയും കൂടി ചേർക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. ഗുജറാത്തിൽ അരങ്ങേറിയ ഹിംസാത്മകമായ വെറുപ്പിൻ്റെ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുകയാണ് ബി.ബി.സി. അതിന് നേതൃത്വം കൊടുത്തതിൽ നിന്ന് സംസ്ഥാനഭരണം നടത്തിയിരുന്ന നരേന്ദ്രമോദിയുൾപ്പടെയുള്ള രാഷ്ട്രീയനേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് രണ്ടു ഭാഗങ്ങളുള്ള ഈ ഡോക്യുമെൻ്ററി. അക്കാലത്തെ വിവിധ വീഡിയോ ഫുട്ടേജുകൾ ചേർത്താണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്. കൂടാതെ അക്കാര്യങ്ങൾ പഠിച്ചവരുടെ അഭിപ്രായങ്ങളും. ആധികാരികതയ്ക്കായി ബ്രിട്ടീഷ് സർക്കാർ അന്ന് നടത്തിയ ഒരന്വേഷണ റിപ്പോർട്ടും ഇതിനായി ബി.ബി.സി ഉപയോഗിച്ചിട്ടുണ്ട്. അതാകട്ടെ ഇതുവരെ പുറത്തു വരാത്ത ഒരു റിപ്പോർട്ടുമാണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ആ റിപ്പോർട്ടിലുണ്ട്. അത് കൂടുതൽ തെളിവുകളോടെയും സംശയങ്ങളോടെയും ഉറപ്പിക്കുകയാണ് ഡോക്യുമെൻ്ററി ചെയ്തിരിക്കുന്നത്. പോലീസും സർക്കാരും കലാപത്തിന് കൂട്ടുനിന്നുവോ എന്ന സംശയമാണ് പ്രധാനമായും ഇതിലെല്ലാം ഉന്നയിക്കപ്പെടുന്നത്. ഇത്രയും ദാരുണമായ കലാപം നടക്കുമ്പോഴും തുടർന്നും ഗുജറാത്തിലെ മുഖ്യമന്ത്രി നിശ്ശബ്ദനായതെന്തുകൊണ്ട് എന്ന ചോദ്യം ആവർത്തിക്കപ്പെടുന്നു. ഇതൊക്കെ നീതിന്യായ വ്യവഹാരങ്ങളിലൂടെ കോടതികൾക്ക് തീർപ്പു കല്പിക്കുവാൻ സാധിക്കുന്ന കാര്യമാണോ?

ഗോദ്ര സംഭവത്തിനു ശേഷം നടന്ന ഭീകരമായ വർഗീയകലാപത്തെ നേരിടുന്നതിൽ നരേന്ദ്രമോദിയെന്ന മുഖ്യമന്ത്രി പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയുക? കരുത്തനായ ഭരണാധികാരിയെന്ന് അനുയായികൾ നിരന്തരം ഊറ്റം കൊള്ളുന്ന നരേന്ദ്ര മോദിയുടെ കരുത്ത് സ്വന്തം സംസ്ഥാനത്തെ കലാപകാലത്ത് കാണാതെ പോയതെന്തുകൊണ്ട്? കലാപകാലത്ത് സംസ്ഥാനത്തെ പോലീസിനെ നിഷ്ക്രിയരാക്കി നിർത്തിയതാര്? ഇതിൽ സംശയം പ്രകടിപ്പിച്ചവരിൽ ചിലർ കൊല്ലപ്പെട്ടു.

അവരുടെ മരണങ്ങൾക്ക്/ കൊലപാതകങ്ങൾക്ക് ഉത്തരവാദികളെ കണ്ടെത്താനായില്ല. ഭരണകൂട നടപടികളെ ചോദ്യചെയ്ത മറ്റു ചിലർ പലവിധ കേസുകളിലായി തടവറയിലടയ്ക്കപ്പെട്ടു. ഇങ്ങനെ ഗുജറാത്ത് കലാപത്തിലെ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളെല്ലാം അക്കമിട്ടു നിരത്തുന്നു എന്നതാണ് ബി.ബി.സി ഡോക്യുമെൻ്ററിയുടെ പ്രധാന സവിശേഷത. ഈ സന്ദേഹങ്ങൾ വിരൽ ചൂണ്ടുന്നതെങ്ങോട്ട് എന്ന് ഡോക്യുമെൻ്ററി തുറന്നുകാട്ടുന്നുമുണ്ട്. അതിൽ അസ്വസ്ഥതപ്പെട്ടിട്ട് എന്തു കാര്യം? ഭൂതകാലത്തെ ആരാണ് ഭയപ്പെടുന്നത്? സമൂഹം ഇതോർത്തിരിക്കരുത് എന്ന് ആരാണ് ആഗ്രഹിക്കുന്നത്? നിരോധന ശ്രമങ്ങൾ വഴി അത് ഞങ്ങളാണ് എന്ന് ഏറ്റുപറയുകയായിരുന്നു ഇന്ത്യയിലെ ഭരണകൂടവും സംഘപരിവാർ രാഷ്ട്രീയവും. ഇന്നലെകളെ നേരിടാൻ പ്രാപ്തിയില്ലാത്തവർ കപട മറുവാദങ്ങളുമായി മുന്നിട്ടിറങ്ങുന്നത് സ്വാഭാവികം മാത്രം.

ഗുജറാത്തിൽ 2002-ൽ മോദി എന്തു ചെയ്തു എന്നോ, മറിച്ച് എന്തു ചെയ്തില്ല എന്നു മാത്രമോ പറഞ്ഞവസാനിപ്പിക്കുന്നില്ല ബി.ബി.സി. ജനുവരി 24-ന് പുറത്തു വന്ന ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ഇന്ത്യയിലെ വർത്തമാനകാല മോദി ഭരണത്തെ വിശകലനം ചെയ്യുകയാണ്. ഗുജറാത്തിൽ നിന്നു ദൽഹിയിലേക്കെത്തിയ മോദിയിൽ എന്തു മാറ്റം എന്നാണ് ഈ ഭാഗം അന്വേഷിച്ച് കണ്ടെത്തുന്നത്. ഒരു സംസ്ഥാനത്തിൻ്റെ ഭരണാധികാരി എന്ന നിലയിൽ നിന്ന് രാജ്യത്തിൻ്റെ ഭരണാധികാരിയായി മാറിയപ്പോൾ അദ്ദേഹത്തിൻ്റെ സ്വാധീനമണ്ഡലം വികസിച്ചു എന്നതൊഴിച്ചാൽ മറ്റു മാറ്റങ്ങളൊന്നും കാണാനില്ല. അടിസ്ഥാന നിലപാടുകളിൽ മാറ്റങ്ങളുണ്ടായില്ല എന്നാണ് ബി.ബി.സി. അടിവരയിട്ട് സ്ഥാപിക്കുന്നത്. ഹിന്ദുരാഷ്ട്രമെന്ന ആവേശത്തിലും മുസ്ലീം വിരുദ്ധതയിലും ഒട്ടും കുറവുണ്ടായില്ല. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി വർത്തമാനകാല ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ ഗുജറാത്തിലെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സമീപിക്കുകയാണ് ബി.ബി.സി. വിദ്വേഷത്തിൻ്റെ രാഷ്ട്രീയം ഇന്ത്യയിലാകെ പരന്നു കഴിഞ്ഞു. മുസ്ലീം വിരുദ്ധത എല്ലാ അതിരുകളും പിന്നിട്ടിരിക്കുന്നു. അക്രമത്തിന് പരസ്യമായ ആഹ്വാനങ്ങൾ നൽകാൻ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾക്ക് മടിയില്ലാതായിരിക്കുന്നു. ഹിന്ദുരാഷ്ട്ര നിർമ്മാണം രാഷ്ടീയ ലക്ഷ്യമായി സംഘപരിവാർ മുന്നോട്ടു വെക്കുന്നു. ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന് പോറലേറ്റിരിക്കുന്ന 'പ്രൊപ്പഗാൻഡ' മുന്നോട്ടുവെക്കുന്നതിൽ അവർ വിജയം കണ്ടെത്തിയിരിക്കുന്നു. ഇതിനെയൊന്നും പ്രധാനമന്ത്രി തള്ളിപ്പറയാറുമില്ല. ഒരു 'ഹിന്ദു പ്രധാനമന്ത്രി 'യായാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് എന്നു പോലും സംശയിക്കാവുന്നതാണ്.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ഡോക്യുമെൻ്ററിയിൽ ഇടം നേടുന്നുണ്ട്. എന്താണ് സർക്കാർ ആ നിയമത്തിലൂടെ ലക്ഷ്യം വെച്ചത് എന്ന് വ്യക്തമാക്കപ്പെടുകയും അതിനെതിരെ ഉയർന്നു വന്ന വിദ്യാർത്ഥി മുന്നേറ്റത്തെ മോദി സർക്കാർ നേരിട്ട അക്രമാസക്തമായ വഴികളെ തുറന്നു കാട്ടുകയുമാണ് രണ്ടാം ഭാഗത്തിൽ. അതിഭീകരമായ അടിച്ചമർത്തലുകൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാരെ നേരിടാൻ പോലീസിനോടൊപ്പം ഹിന്ദുത്വ വാദികളും രംഗത്തിറങ്ങിയിരുന്നു. ഇതൊക്കെ ഡോക്യുമെൻ്ററിയിൽ കാണിക്കുന്നുണ്ട്.

ഭരണകൂടത്തിന്റെ മറുവാദങ്ങൾ

നീതിപീഠങ്ങൾ കുറ്റവിമുക്തമാക്കിയല്ലോ എന്ന ഒറ്റ മറുവാദമാണ് ഭരണകൂടവും ഭരണകക്ഷിയും പ്രധാനമായും മുന്നോട്ടു വെക്കുന്നത്. ഇത്തരമൊരു സങ്കീർണ്ണമായ സാമൂഹ്യപ്രശ്നത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ബാലിശമായ പ്രതിരോധം മാത്രമാണ്. മുന്നിൽ വന്ന ചില ചോദ്യങ്ങൾക്ക് തീർപ്പുകല്പിക്കുക മാത്രമാണ് കോടതികൾ ചെയ്തത്. അതും അവർക്കു മുന്നിൽ വന്ന തെളിവുകളുടെ പിൻബലത്തിൽ. വർഗീയകലാപം പോലുള്ള പ്രശ്നങ്ങളിൽ കോടതികളിലൂടെ അന്തിമ തീർപ്പിലെത്തുക എന്നത് സാധ്യവുമല്ല. അവിടെയും ഇടപെടലുകളും തന്ത്രങ്ങളും ആരോപിക്കപ്പെട്ടിട്ടുള്ളതുമാണ്. ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി കൊളോണിയൽ നിലപാട് തുടരുകയാണ് എന്നതായിരുന്നു മറ്റൊരു മറുവാദം. വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ കുതന്ത്രം രാഷ്ട്രീയാധികാരത്തിന് ഉപയോഗിക്കുന്ന പ്രത്യയശാസ്ത്രക്കാരാണ് ഈ വാദം ഇവിടെ മുന്നോട്ടു വെക്കുന്നത് എന്നോർക്കണം! രാജ്യത്തിൻ്റെ പരമാധികാരത്തിന് ദോഷം ചെയ്യുന്നത് എന്ന ഫലിതവും പറഞ്ഞുകേൾക്കുന്നുണ്ട്. ഒരു ഡോക്യുമെൻ്ററി കൊണ്ട് രാജ്യത്തിൻ്റെ പരമാധികാരം പ്രശ്നത്തിലാവുമെന്ന് ആത്മാഭിമാനമുള്ള ഒരു പൗരനും ചിന്തിക്കാനിടയില്ല. മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള ഇക്കൂട്ടരുടെ നിലപാടും വ്യക്തമാക്കപ്പെടുന്നുണ്ട്. അതൊക്കെ സത്യത്തിൽ ആധുനിക മനുഷ്യരോടുള്ള അവഹേളനങ്ങളായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളു.

ഇത്തരം വിഷയങ്ങളിൽ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന സന്ദേഹങ്ങൾ കാലങ്ങളോളം ചർച്ചചെയ്യപ്പെടുക തന്നെ ചെയ്യും. അതാണ് ഒരു ജനാധിപത്യസമൂഹത്തിൻ്റെ കരുത്ത്. അത്തരം ചർച്ചകളെ എതിർക്കുകയും തടയുകയും ചെയ്യുക എന്നത് ജനാധിപത്യവിരുദ്ധ നിലപാടുകളാണ്. ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്ന് ഇതുവഴി പറയാതെ പറയുകയാണ് ബി.ജെ.പിയും മോദി സർക്കാരും. മാധ്യമ സ്വാതന്ത്ര്യത്തിലേക്ക് ഇവർ മടി കൂടാതെ ഇടപെടുക കൂടിയാണ്. ഡോക്യുമെൻ്ററിയിൽ കാണിക്കുന്ന ഒരഭിമുഖത്തിൽ മുഖ്യമന്ത്രി മോദി പറയുന്നുണ്ട്, മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് അദ്ദേഹം വേണ്ടത്ര വിജയിക്കാതെ പോയത് എന്ന്. 2002-ൽ അത് പറഞ്ഞ അദ്ദേഹം 2022-ൽ നിരോധനത്തിലൂടെയാണ് മാധ്യമങ്ങളെ നേരിടുന്നത് എന്നും തിരിച്ചറിയേണ്ടതുണ്ട്. മോദിയുടെ ഇന്ത്യയിൽ മാധ്യമങ്ങൾക്ക് എന്തു സംഭവിച്ചു എന്നത് ലോകത്തിനറിയാവുന്നതുമാണ്. കൂടാതെ ഇത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പ്രശ്നം കൂടിയാണ്. ഗുജറാത്ത് വംശഹത്യയിൽ നിന്ന് മുക്തി നേടാൻ സുപ്രീകോടതിവിധിയെ ആശ്രയിക്കുന്നവർ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്ന 2019-ലെ സുപ്രീകോടതി വിധിയെ കണ്ടതായി നടിക്കുന്നതേയില്ല. അനുകൂലമായ വിധികളെ മാത്രമേ ഇവർ അംഗീകരിക്കുന്നുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ധാർമ്മികതയാണ് സത്യത്തിൽ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെ വോട്ടു നേടുക വഴിയോ കോടതിയിൽ നിന്നു നേടുന്ന അനുകൂല വിധികളുടെ പിൻബലത്തോടെയോ മായ്ച്ചുകളയാവുന്ന അപരാധങ്ങളല്ല ഗുജറാത്തിൽ രണ്ടു പതിറ്റാണ്ട് മുമ്പ് നടന്നത്. അന്നത്തെ വർഗീയലഹളയുടെ കാരണങ്ങളും അത് നേരിടുന്നതിൽ കാണിച്ച നിരുത്തരവാദപരമായ നിലപാടുകളും തുടർന്നും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ജനാധിപത്യ നൈതികത എന്നതൊന്നും ഫാഷിസ്റ്റ് രാഷ്ട്രീയക്കാർക്ക് മനസ്സിലാവുന്ന കാര്യങ്ങളല്ല. ഇന്ത്യയിലെ ഹിന്ദു-മുസ്ലീം ബന്ധത്തിൽ ആഴമേറിയ മുറിവുകളാണ് അന്നുണ്ടായത്. അതിന് തുടർച്ചയുണ്ടാക്കുന്ന ഒരു രാഷ്ട്രീയത്തിനാണ് ഇവിടെ വളർച്ചയുണ്ടായത്. ആ രാഷ്ട്രീയ വീക്ഷണത്തെയാണ് ബി.ബി.സി ഡോക്യുമെൻ്ററികൾ തുറന്നു കാട്ടിയത്. അല്ലാതെ ഗുജറാത്ത് കലാപത്തെ മാത്രമല്ല. ഹിന്ദുത്വ വർഗീയതയുടെ വികാസവഴികൾ ഈ ഡോക്യുമെൻ്ററിയിലുണ്ട്.

ഇന്ത്യയിലെ മതേതര - ജനാധിപത്യ സമൂഹത്തെ ഭരണകൂടം ഭയപ്പെടുന്നതുകൊണ്ടാണ് ബി.ബി.സി ഡോക്യുമെൻ്ററിയെ അവർ വിലക്കിയത്. സമൂഹത്തിലെ അവരുടെ സ്വാധീനത്തിൽ അവർക്കത്ര വിശ്വാസമില്ലെന്നും ഈ നിലപാടിലൂടെ വ്യക്തമാവുന്നു. ബി.ബി.സി അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷ്മമായ മാധ്യമകൃത്യതയോടെയാണ് ഡോക്യുമെൻ്ററി തയ്യാറാക്കിയതെന്നും പിഴവുകളോ പക്ഷപാതിത്തമോ സംഭവിച്ചിട്ടില്ലെന്നും അവർ ഉറപ്പിച്ചു പറയുന്നുണ്ട്. സർക്കാരിൻ്റെ വാദങ്ങൾ തിരക്കിയിരുന്നുവെന്നും സർക്കാർ സഹകരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇതേപ്പറ്റി സർക്കാർ അറിഞ്ഞിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ബി.ജെ.പി പക്ഷക്കാരായ സ്വപൻദാസ് ഗുപ്തയും സുബ്രഹ്മണ്യസ്വാമിയും ഡോക്യുമെൻ്ററിയിൽ അവരുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. സത്യത്തിൽ ഇത് മോദിയെന്ന നേതാവിനെ അടുത്തറിയാൻ സഹായിക്കുന്ന ഒരന്വേഷണാത്മക ഡോക്യുമെൻ്ററിയാണ്. ലോകം ആ നേതാവിനെ നോക്കിക്കാണുന്നതിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് ബി.ബി.സി ഓർമ്മപ്പെടുത്തുകയാണ്. ജനാധിപത്യത്തിൻ്റെ പേരിൽ അധികാരത്തിലെത്തിയ ഒരു ഫാഷിസ്റ്റ് ഭരണാധികാരിയാണ് ഇന്ത്യയിലുള്ളത് എന്ന ഓർമ്മപ്പെടുത്തൽ. അതിൻ്റെ പുറകിലെ രാഷ്ട്രീയത്തെ ഭയപ്പെടേണ്ടതുണ്ട്. ഇതിൻ്റെ കാഴ്ച ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ ചലനാത്മകമാക്കുമോ എന്ന വലിയ ചോദ്യം നമുക്ക് മുന്നിലുണ്ട്.

ഒരർത്ഥത്തിൽ ഈ വിവാദം പൊതു സമൂഹത്തിൽ പുതിയ തിരിച്ചറിവുകൾക്ക് വഴിയൊരുക്കിയേക്കും. അന്താരാഷ്ട്ര തലത്തിൽ കെട്ടിപ്പടുത്തിരിക്കുന്ന മോദിയുടെ പ്രതിച്ഛായക്ക് ഇത് കോട്ടമുണ്ടാക്കും. നരേന്ദ്രമോദിയുടെ ഇന്ത്യയെയാണ് ബി.ബി.സി കാണിച്ചു തന്നിരിക്കുന്നത്. അത് നമ്മുടെയൊന്നും ഇന്ത്യയല്ല എന്നതും വ്യക്തമാണ്.

വിഭജനത്തിനു ശേഷം ഇന്ത്യ കടന്നു പോകുന്ന വർഗീയവിപത്തിൻ്റെ ആഴം ഇതിൽ നിന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും. ഗുജറാത്തിൽ തുടക്കം കുറിക്കുക മാത്രമായിരുന്നു എന്നും ഇന്നിപ്പോൾ അത് രാജ്യത്താകെ വ്യാപിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും എല്ലാ മതേതര- ജനാധിപത്യവിശ്വാസികളും വേദനയോടെ മനസ്സിലാക്കുന്നുണ്ട്. ബി.ബി.സിയും അവരോടൊപ്പം നിൽക്കുന്നു.

ചോദ്യങ്ങൾ ചോദിക്കുകയും നേരിടുകയും ചെയ്യുക എന്നത് ഭാരതീയ പൈതൃകത്തിൻ്റെ ഭാഗമാണ് എന്നെങ്കിലും നമ്മുടെ 'ഹിന്ദുത്വവാദികൾ' തിരിച്ചറിഞ്ഞെങ്കിൽ!

Related Stories

No stories found.
logo
The Cue
www.thecue.in