പത്രപ്രവർത്തനത്തിലെ ഹൃദയപക്ഷം

പത്രപ്രവർത്തനത്തിലെ ഹൃദയപക്ഷം

ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ അതികായനും ലിങ്ക്, പേട്രിയട്ട് എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്ന എടത്തട്ട നാരായണന്റെ നൂറ്റിപ്പതിനഞ്ചാമത് ജന്മവാർഷികം

ജേർണലിസത്തിലെ അവസാനത്തെ വാക്ക് എന്ന് ഒരുകാലത്ത് കാലത്ത് വിശേഷിക്കപ്പെട്ടിരുന്ന അമേരിക്കയിലെ 'ടൈം' വാരികയുടെ രൂപഭാവങ്ങളുള്ള ഒരു പൊളിറ്റിക്കൽ വീക്കിലി. നാലു വശങ്ങളിലുമായി വലയം ചെയ്തുനിൽക്കുന്ന, കട്ടിയുള്ള ചുവന്ന ബോർഡർലൈന് നടുവിലായി കറുപ്പിലും വെളുപ്പിലും തെളിഞ്ഞുനിൽക്കുന്ന മുഖചിത്രം. ദേശീയ രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള ഏതെങ്കിലും നേതാവിന്റേതാകും മിക്കവാറും ആ കവർചിത്രം. ആ ആഴ്ചത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ചുള്ള വിശകലാനാത്മക റിപ്പോർട്ടുകൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്തയും വിശകലനവും,വ്യക്തിചിത്രങ്ങൾ.... അകംപേജുകളിലാകട്ടെ മറ്റു മാസികകളിലേതു പോലെ വർണപ്പൊലിമയേകിക്കൊണ്ട് പുറം മുഴുവനും പടർന്നു കിടക്കുന്ന വലിയ ചിത്രങ്ങളോ, കലിഗ്രാഫി കൊണ്ടുള്ള ചിത്രപ്പണികളോ,ലേ ഔട്ടിലെ പുതിയ പരീക്ഷണങ്ങളോ ഒന്നുമില്ല.. എങ്കിലും ആ പ്രത്യേകതയുള്ള പുറംചട്ടയും വെളുത്ത വലിയ അക്ഷരങ്ങളിലെഴുതിയ പേരും മനസിൽ പതിഞ്ഞു കിടന്നു. 'ലിങ്ക്'

മറ്റു ദിനപ്പത്രങ്ങളൊക്കെ രാവിലെ വീട്ടിലെത്തുമ്പോൾ, സായാഹ്‌ന ങ്ങളിൽ എത്തിച്ചേർന്നിരുന്ന ഒരു പത്രമുണ്ടായിരുന്നു. പേട്രിയറ്റ്. ചരിത്രത്തോടും രാഷ്ട്രീയവിഷയങ്ങളോടും അഭിനിവേശം തോന്നിത്തുടങ്ങിയ പ്രായത്തിൽ, ഏറ്റവും താല്പര്യത്തോടെ വായിക്കാൻ തുടങ്ങിയത്,പണ്ട് വെറുതെയൊന്ന് മറിച്ചുനോക്കി മാറ്റിവെക്കുമായിരുന്ന, ഈ രണ്ടു പത്രമാസികകളാണ്.

കാലത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് നടന്നകന്നുപോയ ആ പ്രസിദ്ധീകരണങ്ങളുടെ തലപ്പത്ത്, ചരിത്രവഴികളിൽ കനത്ത കാൽപ്പാടുകൾ പതിപ്പിച്ച ചില വലിയ മനുഷ്യരുണ്ടായിരുന്നു. അതിലൊന്നാമത്തെ പേര് അരുണാ അസഫ് അലിയുടേതാണ്.

1942 ആഗസ്റ്റ്‌ 9 ന് 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്, ബോംബെയിലെ ഗൊവലിയാ ടാങ്ക് മൈതാനിയിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യയുടെ 'ജോവാൻ ഓഫ് ആർക്ക്',ഭഗത് സിംഗിന് വേണ്ടി കേസ് വാദിച്ച സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ അമേരിക്കയിലെ ആദ്യത്തെ സ്ഥാനപതിയുമായിരുന്ന ആസഫ് അലിയുടെ ജീവിതപങ്കാളി,ഗാന്ധിജിയുടെയും നെഹ്രുവിന്റെയും മാനസപുത്രി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയുടെയും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലെ ചൈതന്യവത്തായ മുഖം. കോൺഗ്രസ്‌ പത്രമായ 'ഇൻക്വിലാബി'ന്റെയും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയുടെയും ജിഹ്വയായിരുന്ന 'ജനത'യുടെയും പത്രാധിപസ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉയർത്തി പിടിക്കാനായി രൂപം കൊണ്ട നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമന്റെ ആദ്യ അദ്ധ്യക്ഷ.

മരണശേഷമാണെങ്കിലും ഇന്ത്യ ഭാരതരത്നം നൽകി ആദരിച്ച ആ മഹത് വനിതയുടെ പേര് ചരിത്രത്തിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്നുണ്ട്. എന്നാൽ അരുണയോടൊപ്പം തന്നെ ഓർമ്മിക്കപ്പെടേണ്ട മറ്റൊരാളുടെ പേര് വിസ്മൃതിയിലാണ്ടുപോയോ എന്നു സംശയം തോന്നുന്നു. തലശ്ശേരിക്കാരനായ കപ്പന കണ്ണൻ മേനോന്റെ പുത്രനായ നാരായണമേനോൻ ഇന്ത്യൻ പത്രലോകത്തെ അതികായന്മാരിലൊരാളായ എടത്തട്ട നാരായണനായി വളർന്നത്,ദേശീയപ്രക്ഷോഭത്തിന്റെ കനൽ വഴികളിലൂടെ യാത്ര ചെയ്തുകൊണ്ടാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരിക്കുമ്പോൾ,വൈദേശിക ഭരണത്തെ ആക്രമിച്ചു കൊണ്ട്, 'സൂപ്പർ' എന്നപേരിൽ കടുത്ത പരിഹാസക്കൂട്ടിൽ ചാലിച്ചെഴുതിയ ലേഖനങ്ങൾക്ക് മാരകശേഷിയുണ്ടായിരുന്നു. ശങ്കർ വരച്ച അസ്ത്രത്തിന്റെ മൂർച്ചയുള്ള കാർട്ടൂണുകളായിരുന്നു,അവയ്ക്ക് കൂട്ട്. ബിർളയോട് കലഹിച്ച് പത്രാധിപരും ഉറ്റ ചങ്ങാതിയുമായ പോത്തൻ ജോസഫിനോടൊപ്പം പത്രത്തിന്റെ പടിയിറങ്ങിയ നാരായണൻ ,ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഒത്ത നടുവിലേക്കാണ് ചെന്നു ചാടിയത്. അരുണാ അസഫലിയും എടത്തട്ടയും ചേർന്നാരംഭിച്ച അണ്ടർഗ്രൗണ്ട് പ്രസ്സിൽ നിന്നുള്ള പോസ്റ്ററുകളും ലഘുലേഖകളും ന്യൂസ് ലെറ്ററുകളും ലക്ഷ്യഭേദികളായിരുന്നു. ദൽഹിയിലെ ലാൽഖിലായുടെ ഭൂഗർഭ അറയിലെ വെളിച്ചം കയറാത്ത സെല്ലിൽ ഏകാന്ത തടവായിരുന്നു എടത്തട്ടയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം വിധിച്ച ശിക്ഷ. മാപ്പെഴുതി കൊടുത്താൽ തുറന്നുവിടാൻ തയ്യാറാണെന്ന് അറിയിച്ച സായ്പ്പിനുള്ള മറുപടി സഹജഭാവമായ പുച്ഛവും അവജ്ഞയുമായിരുന്നു

സി എസ് പി വിട്ട ജയപ്രകാശ് നാരായണൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ കൂടെ ചേർന്ന അരുണയോടൊപ്പം,പാർട്ടിയുടെ മുഖപത്രമായ 'ജനത'യുടെ ചുക്കാൻ പിടിച്ചുകൊണ്ട് എടത്തട്ടയുമുണ്ടായിരുന്നു. ആനി ബസന്റിന്റെ 'യങ് ഇന്ത്യ' 'പയനീയർ',ബോംബെയിലെ 'ഫ്രീപ്രസ്സ്' ശങ്കറിനോടൊപ്പം തുടങ്ങിയ 'ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ','ശങ്കേഴ്‌സ് വീക്കിലി' ---- എടത്തട്ട നാരായണന്റെ പ്രതിഭ വെട്ടിത്തിളങ്ങിയ പത്രമാധ്യമങ്ങൾ പലതാണ്.

എന്നാൽ പത്രപ്രവർത്തനത്തേക്കാൾ പ്രധാനമായിരുന്നു, രാഷ്ട്രീയവിശ്വാസവും പ്രതിബദ്ധതയും, എടത്തട്ടയ്ക്ക്. അങ്ങനെയാണ് 1950 കളുടെ തുടക്കത്തിൽ, ജയപ്രകാശ് നാരായണന്റെയും രാം മനോഹർ ലോഹ്യയുടെയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞുകൊണ്ട്,അരുണയോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്.

പിന്നീട് കുറേ നാളുകൾ പാർട്ടി മുഖപത്രമായ 'ക്രോസ് റോഡ്സി'ലായിരുന്നു. സി പി രാമചന്ദ്രനുമുണ്ടായിരുന്നു കൂടെ. (ആ കാലത്താണ് ജനയുഗം ദിനപ്പത്രം തുടങ്ങാൻ വേണ്ടി അരുണാ അസഫലിയും എടത്തട്ട നാരായണനും ഇ എം എസ് നമ്പൂതിരിപ്പാട് മുഖാന്തിരം എം എൻ ഗോവിന്ദൻ നായർക്ക് പതിനായിരം രൂപ നൽകുന്നത്.)
എടത്തട്ട നാരായണൻ
എടത്തട്ട നാരായണൻ

1956 മുതൽക്ക്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടന്ന ഉൾപ്പാർട്ടി സമരത്തോടും തർക്കങ്ങളോടും പൊരുത്തപ്പെടാനാകാതെ അരുണയും എടത്തട്ടയും പാർട്ടിയിൽ നിന്ന് രാജിവെച്ചു,നേതാക്കൾ തമ്മിൽ നടന്ന താത്വികപരവും പ്രത്യയശാസ്ത്ര പരവുമായ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ കണ്ടമ്പരന്ന അരുണ, പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അജയഘോഷിനോട്,തന്നെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നഭ്യർത്ഥിക്കുകയായിരുന്നുവത്രെ. പുറത്തുനിന്ന് കൊണ്ട് പാർട്ടിക്ക് വേണ്ടി തന്നാലാവുന്ന വിധത്തിൽ പ്രവർത്തിച്ചു കൊള്ളാമെന്ന് ഉറപ്പു നൽകിയപ്പോൾ അജയഘോഷ് അതിന് സമ്മതിച്ചു. എന്നാൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ വെച്ച് നികിതാ ക്രൂഷ്ച്ചോവ് സ്റ്റാലിന്റെ ചെയ്തികളെ തള്ളിപ്പറഞ്ഞതിനോട് പൊരുത്തപ്പെടാനാകാത്തതാണ് അവർ പാർട്ടി വിടാനുള്ള കാരണമായി മറ്റു ചിലർ പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ അജയഘോഷിനോടും ഡാങ്കെയോടും പി സി ജോഷിയോടുമാണ് എടത്തട്ട കൂടുതൽ മാനസികാഭിമുഖ്യവും സൗഹൃദവും പുലർത്തിയിരുന്നത്. ജീവിതാവസാനം വരെ, ഇരുവരും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുത്ത സൗഹാർദ്ദവും ചങ്ങാത്തവും കാത്തുസൂക്ഷിച്ചുപോന്നിരുന്നു.

പ്രധാനമന്ത്രി നെഹ്റു വിന്റെയും ആഭ്യന്തര മന്ത്രി പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിന്റെയും അഭ്യർത്ഥന സ്വീകരിച്ച് അരുണ ആയിടെയാണ് ഡൽഹിയുടെ ആദ്യ മേയർ സ്ഥാനമേറ്റെടുത്തത്. കോർപ്പറേഷനിലെ കമ്മ്യൂണിസ്റ്റ് അംഗങ്ങൾക്ക്,ചർച്ചകളിലും മറ്റും കൂടുതൽ സമയമനുവദിക്കുന്നു എന്നതിന്റെ പേരിൽ പ്രതിഷേധിച്ച, ഉറ്റ സുഹൃത്തു കൂടിയായ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ ഇന്ദിരാ ഗാന്ധിയോട് അരുണ പറഞ്ഞത് 'കോൺഗ്രസുകാരെക്കാൾ വീറോടെ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് കൗൺസിലർമാരെ തനിക്ക് ഒരിക്കലും അവഗണിക്കാൻ സാദ്ധ്യമല്ല'എന്നായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ പിരിച്ചുവിട്ടതിന്റെ പിറകിലെ മുഖ്യ പ്രേരകശക്തിയായിരുന്ന ഇന്ദിരയോട് കലഹിക്കാൻ, അരുണ മടികാണിച്ചില്ല.

അരുണാ  ആസഫലി
അരുണാ ആസഫലി

ഇനിയാണ് 'ലിങ്കി'ന്റെ ജനനം. നെഹ്‌റു വിന്റെ ആശയങ്ങളെയും മൂല്യങ്ങളെയും പ്രചരിപ്പിക്കാനായിട്ടാണ് 'ലിങ്ക്' ആരംഭിക്കുന്നത്. വി കെ കൃഷ്ണ മേനോൻ,കെ ഡി മാളവ്യ,ബിജു പട്നായ്ക് തുടങ്ങിയവർ അരുണയ്ക്കും എടത്തട്ട നാരായണനും എല്ലാ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് പിന്നണിയിലു ണ്ടായിരുന്നു. പ്രധാന മന്ത്രിയുടെ മരുമകനും കോൺഗ്രസിന്റെ എം പി യുമായിട്ടുപോലും, പ്രതിപക്ഷത്തെക്കാൾ ആവേശത്തോടെ മുന്ദ്ര കുംഭകോണം പുറത്തുകൊണ്ടുവന്ന് ധനമന്ത്രി ടി ടി കൃഷ്ണമാചാരിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച ഫിറോസ് ഗാന്ധി ലിങ്കിന്റെ ഏറ്റവും നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു. എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗിൽ ലിങ്കിന് സ്ഥലമനുവദിക്കാൻ വേണ്ടി യത്നിച്ചത് ഫിറോസായിരുന്നു. എന്നാൽ 1962 ൽ പ്രധാന മന്ത്രി 'ലിങ്ക് ഹൗസി'ന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് കാണാൻ ഫിറോസ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഇൻഡോ സോവിയറ്റ് സൗഹൃദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ,ബോംബെയിലെ പ്രമുഖ സർജൻ ഡോ.എ വി ബാലിഗ തന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ലിങ്ക് കെട്ടിപ്പടുക്കാനായി ചിലവഴിച്ചു.

സി രാജഗോപാലാചാരി, ജയപ്രകാശ് നാരായണൻ, ആചാര്യ കൃപലാനി, മീനു മസാനി,രാം മനോഹർ ലോഹ്യ, ദീൻ ദയാൽ ഉപാദ്ധ്യായ, ബൽരാജ് മാഥോക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്വതന്ത്രാ പാർട്ടി, സോഷ്യലിസ്റ്റ്/പ്രജാ സോഷ്യലിസ്റ്റ് പാർട്ടി,ജനസംഘം തുടങ്ങിയ കക്ഷികൾ മൊറാർജി ദേശായിയും സഞ്ജീവറെഡ്ഢിയും അശോക് മേ ത്തയുമൊക്കെ നയിച്ചിരുന്ന കോൺഗ്രസിനുള്ളിലെ വലതുപക്ഷ വിഭാഗം,ആർ എസ് എസ് അടക്കമുള്ള വർഗീയശക്തികൾ .... ഇവരോടൊക്കെ പോരാടാൻ പ്രതിജ്ഞയെടുത്ത ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ വിശാല പ്ലാറ്റ് ഫോമായി 'ലിങ്ക്' മാറി. 1962 ൽ ബോംബെ നോർത്ത് മണ്ഡലത്തിൽ മത്സരിച്ച വി കെ കൃഷ്ണമേനോനെ തോൽപ്പിക്കാൻ വൻമാധ്യമങ്ങളടക്കമുള്ള വലതുപക്ഷശക്തികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നപ്പോൾ 'ലിങ്കും' കരഞ്ചിയയുടെ 'ബ്ലിറ്റ്സും' വീറോടെ പോരാടി.

നെഹ്‌റു വിനും കൃഷ്ണമേനോനുമെതിരെ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങാൻ പ്രതിപക്ഷത്തിനും കോൺഗ്രസിലെ വലതുപക്ഷത്തിനും ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ചൈനീസ് ആക്രമണം. അയല്പക്കത്തെ സോഷ്യലിസ്റ്റ് രാജ്യത്തെ ആക്രമണകാരി എന്നു വിളിച്ചതിന്റെ പേരിൽ പി സുന്ദരയ്യയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗവും നെഹ്‌റു വിനെയും കൃഷ്ണ മേനോനെയും വിമർശിച്ചു. കൃഷ്ണമേനോന്റെ രക്തത്തിനുവേണ്ടി ദാഹിച്ച വലതുപക്ഷക്കാർ അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തെപ്പോലും ചോദ്യം ചെയ്തു.

ആ നാളുകളിൽ കൃഷ്ണമേനോൻ കൂടെക്കൂടെ ഉരുവിടാറുണ്ടായിരുന്ന ആ ഒരു പദമാണ് അരുണയും എടത്തട്ട യും തങ്ങൾതുടങ്ങാൻ തീരുമാനിച്ച പുതിയ പത്രത്തിന് പേരായി നൽകിയത്.'പേട്രിയറ്റ്‌'.

വലതുപക്ഷ ശക്തികളുടെ ആക്രമണത്തിൽ നിന്ന് നെഹ്‌റുവിനെ പ്രതിരോധിക്കുന്ന കവചമായാണ് 1963 ൽ 'പേട്രിയറ്റ്' ആരംഭിക്കുന്നത്. അധികം വൈകാതെ നെഹ്‌റു വിടവാങ്ങിയെങ്കിലും 'ലിങ്കും' 'പേട്രിയറ്റും' നെഹ്രുവിയൻ ആശയങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടിയു ള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടർന്നുപോന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നെടുകെയുള്ള പിളർപ്പിൽ കലാശിച്ച ആശയ പരമായ ചേരി തിരിവിൽ ഈ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും നിലപാട് വളരെ വ്യക്തമായിരുന്നു. ഇന്ത്യയോടുള്ള ചൈനയുടെ സമീപനത്തിൽ സംഭവിച്ച മാറ്റങ്ങളും അവരുടെ ആക്രമണവ്യഗ്രതയും തിരിച്ചറിഞ്ഞ്,ആദ്യം മുന്നറിയിപ്പ് നൽകിയവരിൽ ഒരാളായിരുന്നു എടത്തട്ട നാരായണൻ.

1960 കളുടെ ഒടുവിൽ, മോഹൻ കുമാരമംഗലം, ഇന്ദർ കുമാർ ഗുജ്‌റാൾ, നന്ദിനി സത്പതി, ചന്ദ്രജിത് യാദവ്,കെ വി രഘുനാഥ റെഡ്ഢി, കെ ആർ ഗണേഷ്, ഡി പി ധർ, രജ്നി പട്ടേൽ, നൂറുൽ ഹസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസിനുള്ളിലെ ഇടതുപക്ഷ വിഭാഗം, കോൺഗ്രസ്‌ ഫോർ സോഷ്യലിസ്റ്റ് ആക്ഷൻ എന്ന വേദി രൂപീകരിച്ചുകൊണ്ട് നിർണ്ണായക ശക്തിയായി മാറി. സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള അവരുടെ സമ്മർദ്ദത്തിനും പുറത്തുനിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രക്ഷോഭങ്ങൾക്കും വഴങ്ങിക്കൊണ്ടാണ് ഇന്ദിരാ ഗാന്ധി 14 ബാങ്കുകൾ ദേശസാൽക്കരിക്കാനും പഴയ നാടുവഴികൾക്ക് നൽകിപ്പോന്ന പ്രിവിപേഴ്സ് നിറുത്തലാക്കാനുമുള്ള ചരിത്രപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.

കോൺഗ്രസിലുണ്ടായ ഭിന്നിപ്പ് ഉൾപ്പെടെ പുരോഗമനപരമെന്നു കാലം വിലയിരുത്തിയ നടപടികളുടെയെല്ലാം ചാലക ശക്തികളായിരുന്നത് ലിങ്കും പേട്രിയട്ടുമാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിൽ അവർ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ പേര് ഒരിക്കൽ പോലും തന്റെ പത്രത്തിൽ അച്ചടിക്കാൻ എടത്തട്ട തയ്യാറായില്ല.

അതിന്റെ പേരിൽ പരസ്യങ്ങൾ നിഷേധിക്കുന്നതുൾപ്പെടെ പത്രത്തിനെതിരെ പല നടപടികളും കൈക്കൊള്ളാൻ ഗവണ്മെന്റ് ഒരുങ്ങി. പത്രം മുടങ്ങുമെന്ന അവസ്‌ഥ വരെയുണ്ടായി. അതിനെയൊക്കെ ചങ്കൂറ്റത്തോടെയാണ് എടത്തട്ട നേരിട്ടത്.

പി വിശ്വനാഥ്‌,സി എൻ ചിത്തരഞ്ജൻ,ഓ പി സിംഗാൾ,ബി ആർ പി ഭാസ്കർ, ഗിരീഷ് മാധുർ, ഓ വി വിജയൻ,ജനയുഗം ഗോപി എന്ന എൻ ഗോപിനാഥൻ നായർ തുടങ്ങി പ്രഗത്ഭരുടെ ഒരു നിര തന്നെ ഈ രണ്ട് പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിരുന്നു.ബി ആർ പി ഭാസ്‌കർ 'ന്യൂസ് റൂം' എന്ന തന്റെ അനുഭവക്കുറിപ്പുകളിലൂടെ പണത്തേക്കാൾ ആദർശത്തിനും മൂല്യത്തിനും വില കൽപ്പിച്ച ഇടതുപക്ഷ പത്രപ്രവർത്തനത്തിന്റെ ആ നല്ല നാളുകൾ മനോഹരമായി വരച്ചിടുന്നുണ്ട്.പിൽക്കാലത്ത് കുറച്ചുകാലം 'പേട്രിയറ്റി'ലുണ്ടായിരുന്ന സി രാധാകൃഷ്ണൻ 'മുൻപേ പറക്കുന്ന പക്ഷികളി'ൽ അവതരിപ്പിക്കുന്ന കർമ്മധീരനായ ആ പത്രാധിപർ എടത്തട്ടയുടെ പ്രതിരൂപം തന്നെയാണ്.

എല്ലാ സുഖസൗകര്യങ്ങളും വേണ്ടെന്നു വെച്ച എടത്തട്ടനാരായണൻ ലിങ്ക് ഹൗസിലെ ചെറിയൊരു മുറിയിൽ തന്നെയാണ് ജീവിതകാലം മുഴുവൻ ചിലവഴിച്ചത്. 1978 സെപ്റ്റംബർ 7 ന് ഉറക്കത്തിൽ ഈ ലോകത്തോട് വിടപറയുന്നതിന് കുറച്ചുനേരം മുമ്പ്,കേടായ റോട്ടറി യന്ത്രം നന്നാക്കാനായി തൊഴിലാളികളെ സഹായിക്കാനൊപ്പം ചേർന്നുകൊണ്ട് പത്രപ്രവർത്തനത്തിലെ താനെറ്റെടുത്ത ഒടുവിലത്തെ അസ്സൈൻ മെന്റും അദ്ദേഹം പൂർത്തിയാക്കി. 1996 ൽ അന്തരിക്കുന്നതിന് കുറച്ചുവർഷങ്ങൾക്ക് മുമ്പ് തന്നെ അരുണ അസഫ് അലിയും ലിങ്ക് ഹൗസിന്റെ പടിയിറങ്ങിയിരുന്നു. ആദർശാത്മകമായ ഇടതുപക്ഷ പത്രപ്രവർത്തനത്തിന്റെ ഉജ്ജ്വലമായ അദ്ധ്യായത്തിന് തിരശീല താഴ്ത്തിക്കൊണ്ട് 'ലിങ്കും' 'പേട്രിയറ്റും' പ്രസിദ്ധീകരണമവസാനിപ്പിക്കുകയും ചെയ്തു.

പ്രജാപതിയുടെ തിരുനാൾ ആഘോഷത്തിമിർപ്പോടെ കൊണ്ടാടുന്ന,തിരുവായ്ക്ക് എതിരു പറയാതെ കുമ്പിട്ടു വണങ്ങി ശീലിച്ച കോർപ്പറേറ്റ് മാധ്യമസ്ഥാപനങ്ങളും അവരെ ചൊല്പടിക്ക് നിറുത്തുന്ന രാഷ്ട്രീയ നേതൃത്വവും വാണരുളുന്ന ഇന്നത്തെ ഇന്ത്യയിൽ, ഇങ്ങനെ ഒരു പത്രത്തിന്റെയും എടത്തട്ടയെപ്പോലെയുള്ള പത്രാധിപരുടെയും കഥ വെറുമൊരു പഴമ്പുരാണം മാത്രമായി തോന്നിയേക്കാം. എങ്കിലും പ്രതിബദ്ധത എന്ന വാക്കിൽ വിശ്വസിക്കുന്ന പുതു മാധ്യമ തലമുറയിലെ ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ ആ പഴമ്പുരാണങ്ങൾക്ക് സാധിക്കു മെങ്കിൽ,അതൊരിക്കലും ഒരു നിസാരകാര്യമായിരിക്കില്ലെന്ന് തീർച്ച

Related Stories

No stories found.
logo
The Cue
www.thecue.in