കൽപന തിയറ്ററിന്റെ ക്യുവിൽ കണ്ട സഖാവ്

കൽപന തിയറ്ററിന്റെ ക്യുവിൽ കണ്ട സഖാവ്

തിരുവനന്തപുരത്തെ കേശവദാസപുരം ജംഗ്ഷന്റെ സമീപത്ത്, മെയിൻ റോഡിന്റെ വശത്തായി ഉണ്ടായിരുന്ന പട്ടം കല്പനാ തീയേറ്റററിൽ സെക്കൻഡ് ഷോ കാണാൻ പോയതായിരുന്നു ആ രാത്രിയിൽ .അന്നൊക്കെ പുതിയ സിനിമകൾ റിലീസ് ചെയ്ത തീയേറ്ററിലെ ഓട്ടം പൂർത്തിയാക്കിയാൽ തുടർന്നു പ്രദർശനത്തിനെത്തുന്ന ബി ക്ലാസ്സ്‌ തീയേറ്ററുകളിലൊന്നായിരുന്നു നഗരം വിട്ട് അല്പം അകലെ സ്ഥിതി ചെയ്യുന്ന കല്പനാ തീയേറ്റർ. ഇന്ന് അവിടെ ഒരു സൂപ്പർ മാർക്കറ്റോ മറ്റോ ആണെന്ന് തോന്നുന്നു.

1971 ലെ ജൂൺ മാസത്തിൽ വിടപറഞ്ഞ സത്യന്റെ അവസാന ചിത്രങ്ങളിലൊന്നായിരുന്നു ശരശയ്യ. പടമിറങ്ങിയ ഉടനെ കൊണ്ടുപോയി കാണിക്കാത്തതിലുള്ള പരാതിയും പ്രതിഷേധവും പരിഹരിക്കുന്നതിനായി അതു രണ്ടാമതു കളിക്കാനെത്തിയ കല്പനാ തീയേറ്ററിൽ കൊണ്ടുപോയതാണ്, അച്ഛൻ ഞങ്ങൾ അമ്മയെയും മക്കളെയും.

തീയേറ്ററിൽ നേരത്തെ വിളിച്ചു ടിക്കറ്റ് പറഞ്ഞു വെച്ചിട്ടുണ്ടായിരുന്നു.ടാക്സിയിൽ നിന്നിറങ്ങി തീയേറ്ററിന്റെ ഉള്ളിലേക്ക് പതുക്കെ നടക്കുമ്പോഴാണ്,അല്പം മാറിയുള്ള ടിക്കറ്റ് കൌണ്ടറിന് മുന്നിലെ നീണ്ട ക്യൂവിലൊരിടത്ത് സ്ഥാനം പിടിച്ചിരിക്കുന്ന ഒരാൾ അച്ഛന്റെ ശ്രദ്ധയിൽപ്പെടുന്നത്.

"ഏയ്‌, ഇതെന്താ നിങ്ങളിവിടെയിങ്ങനെ ഈ ക്യൂവിൽ നിൽക്കുന്നത് ?"

ആ ഭാഗത്തേക്ക് നോക്കി സ്വല്പം ശബ്ദമുയർത്തി വിളിച്ചു ചോദിച്ചുകൊണ്ട് അച്ഛൻ അങ്ങോട്ടേക്ക് ധൃതിയിൽ നടന്നുപോയി.ആരാണിത്ര വിശേഷപ്പെട്ടയാൾ എന്നറിയാനുള്ള ആകാംക്ഷയോടെ ഞാനും പിറകെ കൂടി.

എന്തൊക്കെയോ കുത്തിനിറച്ച് ഗർഭിണിയുടെ വയറുപോലെ വീർത്ത ഒരു കറുത്ത ബാഗ് കയ്യിൽ,മുഖത്ത് കട്ടി ഫ്രെയിമുള്ള കണ്ണട,കണ്ണൂർ കൈത്തറി മുണ്ടും ഷർട്ടും... എവിടെയോ കണ്ടു പരിചയമുള്ളതുപോലെ തോന്നിച്ച ഒരു മദ്ധ്യ വയസ്‌ക്കനെയാണ് ടിക്കറ്റെടുക്കാനായി വരിയിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ കണ്ടത്.

പെട്ടെന്ന് ഒരിടത്തുവെച്ച് അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുമ്പോൾ പ്രകടിപ്പിക്കാറുള്ള ആഹ്ലാദത്തോടെ ആ മനുഷ്യൻ അച്ഛനെ പ്രത്യഭിവാദ്യം ചെയ്തു, വടക്കൻ ശൈലിയിലുള്ള ഭാഷയിൽ.

എന്റെ അച്ഛൻ കെ എസ് ചന്ദ്രൻ പത്രാധിപരായ കേരളശബ്ദത്തിലും അന്ന് വീട്ടിൽ വരുത്തുന്ന കേരളകൗമുദി പത്രത്തിലുമൊക്കെ ഈ വ്യക്തിയുടെ പടം പലപ്പോഴും കണ്ടിട്ടുള്ളത് കൊണ്ട്, ആളൊരു രാഷ്ട്രീയനേതാവാണ് എന്നെനിക്കു മനസിലായി.പണ്ടൊക്കെ പലരും വെക്കാറു ണ്ടായിരുന്ന മുറിമീശ പോലെ നടുക്ക് നല്ല കട്ടിയിൽ തുടങ്ങി ,പിന്നെ നേർത്തു രണ്ടുവശത്തേക്കും നീണ്ടുപോകുന്ന ആ കൊച്ചെലിവാലൻ മീശക്ക്‌ എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. അതുപോലെ തന്നെ അല്പം ഇരുണ്ട നിറമുള്ള മുഖത്തെയാകെ നിമിഷനേരം കൊണ്ട് പ്രകാശമാനമാക്കുന്ന ആ തുറന്ന ചിരിയ്ക്കും.

അദ്ദേഹത്തെ ക്യൂവിൽ നിൽക്കാൻ സമ്മതിക്കാതെ അച്ഛൻ കൂട്ടിക്കൊണ്ടുവന്ന് ബാൽക്കണിയിൽ ഞങ്ങളിരിക്കുന്നതിന്റെ തൊട്ടടുത്തു തന്നെയുള്ള ഒരു സീറ്റിൽ കൊണ്ടിരുത്തി. ആൾ ഞങ്ങൾ കുട്ടികളുടെയൊക്കെ പേരും വിശേഷങ്ങളും തിരക്കി.

സിനിമ തുടങ്ങുന്നതിന് തൊട്ടു മുമ്പു വരേയ്ക്കും പിന്നീട് ഇടവേളയുടെ സമയത്തുമെല്ലാം അച്ഛനും ആ മനുഷ്യനും കൂടി വളരെ ഗൗരവത്തിലുള്ള സംഭാഷണത്തിലായിരുന്നു. അടക്കിപ്പിടിച്ച ശബ്ദത്തിൽ രഹസ്യം പറയുന്നതുപോലെ സംസാരിക്കുന്നതൊക്കെ അതീവ ഗൗരവമുള്ള രാഷ്ട്രീയവിഷയങ്ങളാണെന്ന് മനസ്സിലായതോടെ, ഇന്റർവെല്ലിന്റെ സമയത്തുപോയി വാങ്ങിച്ച സിനിമയുടെ പാട്ടുപുസ്തകം മനഃപാഠമാക്കുന്നതിലേക്ക് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

സിനിമ കഴിഞ്ഞപ്പോൾ മണി പന്ത്രണ്ടു കഴിഞ്ഞു. കൊല്ലത്തു നിന്ന് കേശവദാസപുരം വഴി തമ്പാനൂരിലേക്ക് പോകുന്ന രാത്രി ബസുകളിലേതിലെങ്കിലും കയറി പാളയത്ത് ചെന്നിറങ്ങാമെന്ന തീരുമാനവുമായി അദ്ദേഹം ഞങ്ങളോട് യാത്ര പറഞ്ഞു.അതിനു സമ്മതിക്കാതെ അച്ഛൻ ഞങ്ങൾ വന്ന ടാക്സിയിൽ നിർബന്ധിച്ചു പിടിച്ചു കയറ്റി.

ഞാനപ്പോഴേക്കും ആകെ ഉറക്കത്തിന്റെ ഒരു മൂഡിലായിക്കഴിഞ്ഞി രുന്നെങ്കിലും,മുന്നിലുള്ള സീറ്റിലിരുന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അച്ഛനോട്‌ സംഭാഷണം തുടരുന്ന ആളിന്റെ മുഖം ഇപ്പോഴുമോർമ്മയിൽ നിൽപ്പുണ്ട്.

കേരള രാഷ്ട്രീയം കൊടുമ്പിരി ക്കൊണ്ട നാളുകളായിരുന്നു അത്. അടുത്ത ഒരു ലക്കം കേരളശബ്ദത്തിൽ അച്ഛനെഴുതിയ രാഷ്ട്രീയവിശകലനക്കുറിപ്പിന് ആധാരമായത് സിനിമാ തീയേറ്ററിൽ വെച്ചുള്ള കൂടിക്കാഴ്ചയിൽ വെച്ച് ആ നേതാവ് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ്. പിന്നീട് വിവിധ കക്ഷി നേതാക്കൾ ഏറ്റെടുത്ത വലിയൊരു രാഷ്ട്രീയസംവാദത്തിലേക്ക് ആ പ്രസ്താവന വഴി തെളിച്ചു.
 കെ എസ് ചന്ദ്രൻ
കെ എസ് ചന്ദ്രൻ

ആ രാത്രിക്കു ശേഷം കേരളശബ്ദത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ പടവും വാർത്തയും കാണുമ്പോഴൊക്കെ ഞാൻ പ്രത്യേകമായ ഒരു താല്പര്യത്തോടെ അതു വായിച്ചു മനസിലാക്കാൻ ശ്രമിക്കാറുണ്ടായിരുന്നു.....

....ഒരു യാത്ര കഴിഞ്ഞ് അന്നു രാവിലെയാണ് അച്ഛൻ വീട്ടിലെത്തിയത്. ഞങ്ങൾ പിള്ളേർ സ്കൂളിൽ പോകാനായി ഒരുങ്ങുകയായിരുന്നു. "അയ്യോ!" എന്ന നിലവിളിക്കുന്നതുപോലെയുള്ള അച്ഛന്റെ ശബ്ദം മുൻവശത്തെ മുറിയിൽ നിന്നു കേട്ട് ഞാനോടിച്ചെല്ലുമ്പോൾ കേരളകൗമുദി പത്രവും കയ്യിൽ പിടിച്ച് ഷോക്കേറ്റതുപോലെ അങ്ങനെ സ്തംഭിച്ചു നിൽക്കുകയാണ് അച്ഛൻ. ഞാൻ അച്ഛന്റെ കയ്യിൽ നിന്ന് പത്രം വാങ്ങിച്ചു വിടർത്തിനോക്കി.ആദ്യം കണ്ടത് ആരെയും നടുക്കുന്ന ഒരു ചിത്രമാണ്. ഒരു കടത്തിണ്ണയുടേയോ മറ്റോ മുൻവശത്ത് ചോര വാർന്ന ശരീരവും പാതിയടഞ്ഞ കണ്ണുകളുമായി ഒരാൾ മരിച്ചുകിടക്കുന്നു.

പേജിന്റെ താഴേക്ക് നോക്കിയപ്പോൾ നടുഭാഗത്തായി മറ്റൊരു ചിത്രം കണ്ടു. ഞാനാ പടത്തിലേക്ക് സൂക്ഷിച്ചു നോക്കി.ഒരു വർഷം മുൻപുള്ള ആ രാത്രിയിൽ,കല്പനാ തീയേറ്ററിൽ വെച്ചു കണ്ട അതേ മുഖം. അതേ ഭാവം. മുഖം അൽപമുയർത്തി ഒരു വശത്തേക്ക് നോക്കിക്കൊണ്ട് വിടർന്ന ചിരിയുമായി ഇരിക്കുന്നു. കറുത്ത ബോർഡറിട്ട ഒന്നാം പേജിന്റെ ഏറ്റവും മുകളിലായി കറുത്ത വലിയ അക്ഷരങ്ങളിൽ കൂറ്റൻ ബാനർ ഹെഡ്ഡിംഗ്.

"അഴിക്കോടൻ രാഘവൻ കൊല്ലപ്പെട്ടു "

Related Stories

No stories found.
logo
The Cue
www.thecue.in