കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം

കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം

ബോംബെ പട്ടണത്തിന്റെ ഹൃദയഭാഗത്ത്,തിങ്ങിനിറഞ്ഞ കടകളും തിരക്കുപിടിച്ചോടുന്ന മനുഷ്യരും വാഹനങ്ങളുമെല്ലാം കൂടി സദാ ശബ്ദമുഖരിതമായ വീഥിയായിരുന്നു സാൻഡ് ഹെഴ്സ്റ്റ് റോഡ്. അവിടുത്തെ സർക്കാർ പൊതുവിതരണകേന്ദ്രത്തിന്റെ തൊട്ടുമുകളിൽ രണ്ടുനിലകളിലായി എടുത്തുപിടിച്ചു നിൽക്കുന്ന,രാജ് ഭവൻ എന്നുപേരുള്ള ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് എത്താനായി, അരണ്ട വെളിച്ചത്തിലൂടെ പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ, ഇടുങ്ങിയ ഒരു മരക്കോണി കയറിപ്പോകണം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര ആസ്ഥാനത്തിലേക്കാണ്, നേരെ കയറിച്ചെല്ലുന്നത്. 'പീപ്പിൾസ് വാർ'എന്ന പാർട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയൽ ഓഫീസും അവിടെ തന്നെയാണ്.എന്നാൽ അതൊന്നുമല്ല ആ കെട്ടിടത്തിന്റെ പ്രധാന സവിശേഷത.ഒരു കൂട്ടം വിപ്ലവകാരികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവാസകേന്ദ്രം കൂടിയായിരുന്നു, അത്.കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ദേശീയ നേതാക്കളും മറ്റു പ്രധാന കേഡർമാരും,കുടുംബവും കുട്ടികളുമായി ഒത്തൊരുമിച്ചു താമസിച്ചു പോരുന്ന പാർട്ടി കമ്മ്യൂൺ.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അത് 'ജനകീയ യുദ്ധ'നയത്തിന്റെ നാളുകളായിരുന്നു. സാമ്രാജ്യത്വ യുദ്ധമെന്ന് വിളിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി തുടക്കത്തിൽ അതിശക്തമായി എതിർത്തുപോന്ന രണ്ടാം ലോക മഹായുദ്ധം, സോവിയറ്റ് യൂണിയന്റെ പ്രവേശനത്തോടെ, ഫാസിസത്തിനെതിരെയുള്ള ജനകീയ യുദ്ധമായി മാറിയെന്ന് വിലയിരുത്തപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തതിന്റെ പേരിലും ഫാസിസ്റ്റ് ശക്തികളുമായി കൂട്ടു ചേർന്ന് ബ്രിട്ടീഷുകാരോട് പൊരുതുന്ന സുഭാഷ് ബോസിനെ വിമർശിച്ചതിന്റെ പേരിലും, കമ്മ്യൂണിസ്റ്റുകാർ നാലുപാടു നിന്നുമാക്രമിക്കപ്പെടുന്ന കാലം.

ബോംബെയിലെകോൺഗ്രസിന്റെ 'കിരീടം വെക്കാത്ത രാജാവ്' എസ് കെ പാട്ടീലിന്റെ ഗുണ്ടകൾ പാർട്ടി ഹെഡ് ക്വാർട്ടേഴ്‌സിന്റെ നേർക്ക് ആക്രമണമഴിച്ചു വിട്ടു. പാർട്ടി സഖാക്കൾ എല്ലാ അക്രമങ്ങളെയും ധീരോചിതമായി ചെറുത്തുനിന്നു.

നിരോധനം നീക്കപ്പെട്ട് പുറത്തുവന്ന കമ്മ്യൂണിസ്റ്റ്പാർട്ടി പൂർണ്ണ ചന്ദ്ര ജോഷി എന്ന ജനറൽ സെക്രട്ടറി യുടെ നേതൃത്വത്തിൽ അടിവെച്ചടിവെച്ച് മുന്നോട്ട് മാർച്ച് ചെയ്തു.1942 ജൂലൈയിൽ 4,464 അംഗങ്ങൾ മാത്രമുണ്ടായിരുന്ന പാർട്ടി,1943 മെയ് മാസത്തിൽ,ബോംബെ യിൽ ഒന്നാം പാർട്ടി കോൺഗ്രസ് ചേരുമ്പോഴേക്ക് 15,563 അംഗങ്ങളുള്ള,ഇന്ത്യയിലെ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടിയായി വളർന്നിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി
കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി

ബംഗാൾ ക്ഷാമത്തിന്റെ യഥാർത്ഥകാരണങ്ങളെയും അതുണ്ടാക്കിയ രൂക്ഷമായ കെടുതികളെയും ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന, പാർട്ടി നയിച്ച 'ഭൂഖാ ഹേ ബംഗാൾ!' എന്ന ക്യാമ്പയിൻ ചരിത്രത്തിലെ നാഴിക ക്കല്ലായി.ഇപ്റ്റയിലൂടെയും പ്രോഗ്രസീവ് റൈറ്റേഴ്‌സ് മൂവ് മെന്റിലൂടെയും കടന്നുവന്ന പ്രശസ്തരായ കലാ സാംസ്കാരിക പ്രതിഭകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങളോ സഹയാത്രികരോ ആയി മാറി.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്കും കേന്ദ്ര ആസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സമയകേഡർമാർക്കും (party whole timers )കലാ - സാഹിത്യ - സാംസ്കാരികമുന്നണിയിലെ പ്രവർത്തകർക്കു മെല്ലാം താമസിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പാട്ടും നൃത്തവും നാടകവും പരിശീലിക്കാനുമൊക്കെയായി ഒരു ഇടം വേണമെന്ന് നിശ്ചയിക്കപ്പെട്ടു .ഒരൊറ്റ കൂരയുടെ കീഴിൽ വലുപ്പചെറുപ്പവ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാവരും സമഭാവത്തോടെ ഒരുമിച്ചു കഴിഞ്ഞുകൂടുന്ന ഒരു സഹജീവിതം. അതായിരുന്നു ബോംബെയിൽ, പാർട്ടി ആദ്യമായി ആരംഭിച്ച കമ്മ്യൂൺ.

'Communia' എന്ന ലാറ്റിൻ പദ ത്തിൽ നിന്ന് രൂപം കൊണ്ട 'കമ്മ്യൂൺ' കൊണ്ടർത്ഥമാക്കുന്നത് അദ്ധ്വാനവും സ്വത്തും മൂല്യങ്ങളുമൊക്കെ പരസ്പരം പങ്കുവെച്ചുകൊണ്ട്‌ ബോധപൂർവം രൂപം കൊള്ളുന്ന ഒരു കൂട്ടായ്മ എന്നാണ്.

ഗുരുദേവ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ,മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം,ബാബുരാജേന്ദ്ര പ്രസാദ് നടത്തുന്ന സദാഖാത് ആശ്രമം...ഗുരുകുല സമ്പ്രദായത്തിന്റെ മാതൃകയിൽ,ശിഷ്യർ ഗുരുവിനോടൊപ്പം താമസിച്ച് രാഷ്ട്രീയവിദ്യാഭ്യാസം നടത്തുന്ന ആശ്രമങ്ങൾ ഇന്ത്യയിൽ കുറവായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ബോംബെയിൽ സ്ഥാപിച്ച കമ്മ്യൂൺ, ആശയപരമായി അത്തരമൊരു ആശ്രമ സമ്പ്രദായത്തെയാണ് പിന്തുടർന്നു പോന്നതെങ്കിലും, ഒരു കാര്യത്തിൽ വേറിട്ടുനിന്നു. കമ്മ്യൂണിൽ ആരും ആരെയും ഗുരുവെന്നോ ശിഷ്യരെന്നോ വേർതിരിച്ചു കണ്ടില്ല.എല്ലാവരും തുല്യർ എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമായിരുന്നു അവിടെ നടപ്പാക്കപ്പെട്ടത്.

ബോംബേ യിലെ പാർട്ടി കമ്മ്യൂൺ മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സാൻഡ് ഹേഴ്സ്റ്റ് റോഡിലെ രാജ് ഭവനിലാണ് ജനറൽ സെക്രട്ടറി ജോഷിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ ഡോ.ജി അധികാരി,ബി ടി രണദിവേയും കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ ചില സഖാക്കളും കുടുംബസമേതം താമസിച്ചിരുന്നത്.

പോളിറ്റ് ബ്യുറോ അംഗങ്ങൾ. ബി ടി രണദിവേ,ഡോ. ജി. അധികാരി, പി സി ജോഷി
പോളിറ്റ് ബ്യുറോ അംഗങ്ങൾ. ബി ടി രണദിവേ,ഡോ. ജി. അധികാരി, പി സി ജോഷി

പാർട്ടി യുടെ മുഖപത്രമായ 'പീപ്പിൾസ് വാർ' അന്ന് ഇംഗ്ലീഷ്, മറാത്തി,ഹിന്ദി,ഉറുദു,ഗുജറാത്തി എന്നീ അഞ്ചുഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു.പത്രത്തിന്റെ എഡിറ്റോറിയൽ വിഭാഗം പ്രവർത്തിച്ചിരുന്നത് ഒന്നാം നിലയിലാണ്. രണ്ടാം നിലയിലായിരുന്നു അടുക്കളയും വിശാലമായ ഡൈനിംഗ് ഹാളും. അതിന്റെ തൊട്ടടുത്ത്, പത്രം വായിക്കാനും ഒരുമിച്ചിരുന്ന് സൊറ പറയാനും സന്ദർശകരെ സ്വീകരിക്കാനുമൊക്കെ യായി ഒരു കോമൺ റൂം. ആ വലിയ ഹാളിൽ തന്നെയാണ് കമ്മ്യൂൺ അംഗങ്ങളുടെ ജനറൽബോഡി മീറ്റിംഗും പാർട്ടിയോഗങ്ങളും മറ്റും ചേർന്നിരുന്നത്.

എല്ലാ അംഗങ്ങൾക്കും ഒരേ നിലവാരത്തിലുള്ള ഭക്ഷണവും താമസ സൗകര്യങ്ങളുമാണ് കമ്മ്യൂണിലുണ്ടായിരുന്നത്. വളരെ സീനിയർ ആയ കുറച്ചു പേർക്കു മാത്രം,ചെറുതെങ്കിലും പ്രത്യേകം മുറികൾ അനുവദിക്കപ്പെട്ടിരുന്നു. താമസത്തിനുള്ള ഏർപ്പാടുകൾക്കുപുറമേ അംഗങ്ങൾക്ക് ഓരോരുത്തർക്കും അഞ്ചു രൂപ വീതം മാസവേതനമായി നൽകി. ജോലി ചെയ്യുന്നവർക്ക് പരമാവധി ലഭിച്ചിരുന്ന വേതനം നാൽപ്പത് രൂപയായിരുന്നു. പുരുഷന്മാർ മുറിക്കയ്യൻ ഷർട്ടും കാക്കി നിറത്തിലുള്ള ഹാഫ് ട്രൗസറും(ജോഷിയുടെ വിഖ്യാത മായ വേഷം)ധരിച്ചപ്പോൾ വനിതാ സഖാക്കൾ തൊഴിലാളി സ്ത്രീകളുടെ യൂണിഫോം മാതിരി ഒരേനിറത്തിലുള്ള കോട്ടൺ സാരിയും ജാക്കറ്റും ധരിച്ചു.

പുറത്തു താമസിക്കുന്നവരുമായി അനാവശ്യ മായി ബന്ധപ്പെടാനോ,അടുത്ത് ഇടപഴകാനോ കമ്മ്യൂൺ അംഗങ്ങളെ അനുവദിച്ചിരുന്നില്ല.ധനാഢ്യരായ ബന്ധുമിത്രാദികളുടെ സുഖലോലുപതകൾ സഖാക്കളെ സ്വാധീനിക്കാതെയിരിക്കാൻ വേണ്ടിയായിരുന്നു ആ വിലക്ക്.

പാർട്ടി സെക്രട്ടറി മുതൽ സാധാരണ പ്രവർത്തകർ വരെയുള്ള എല്ലാവരും വെറും നിലത്ത് രണ്ടും മൂന്നും വരികളായി നിരന്നിരുന്ന്, ലളിതമായ സസ്യ ഭക്ഷണം ആസ്വദിച്ചു കഴിച്ചു.ആഴ്ച്ചയിലൊരിക്കൽ മാത്രമായിരുന്നു മാംസാഹാരം വിളമ്പിയത്. പരുപരുത്ത നിലത്ത്, കട്ടി കുറഞ്ഞ പായയിൽ കിടന്നായിരുന്നു എല്ലാവരുടെയും ഉറക്കം.

പി സി ജോഷിയും കല്പനാ ദത്തും വിവാഹശേഷം
പി സി ജോഷിയും കല്പനാ ദത്തും വിവാഹശേഷം
കല്പനയും പുത്രനും
കല്പനയും പുത്രനും

രാജ് ഭവനിൽ നിന്ന് കുറച്ചകലെയായി 'റെഡ് ഫ്ലാഗ് ഹാൾ' എന്നു പേരിട്ട മറ്റൊരു കമ്മ്യൂണിലാണ് 'പീപ്പിൾസ് വാറി'ന്റെ പത്രാധിപസമിതിയിലുള്ളവരും എഴുത്തുകാരായ ചില സഖാക്കളും മറ്റും താമസിച്ചിരുന്നത്.വിശ്രുത നർത്തകൻ ഉദയ് ശങ്കറിന്റെ അൽമോറായിലെ നൃത്തസംഘം പിരിച്ചുവിട്ടപ്പോൾ അതിലെ കലാകാരന്മാരായ ശാന്തി ബർധനേയും അബനിദാസ് ഗുപ്തയെയും,പി സി ജോഷി ബോംബെയിലേക്ക് കൂട്ടിക്കൊണ്ടു വന്നു.അവരോടൊപ്പം,ബിനോയ് റോയ്,സഹോദരിയായ റേബ റോയ്‌ചൗധുരി,രേഖ ജയിൻ, ഉഷാ ദത്ത,ഷീലാ ഭാട്ടിയ,സഹോദരിമാരായ ശാന്താ ഗാന്ധി,ദീനാ ഗാന്ധി തുടങ്ങി ഒരു സംഘം പ്രതിഭാധനരടങ്ങിയ 'സെൻട്രൽ കൾച്ചറൽ സ്ക്വാഡ്' ഒരുമിച്ചു താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്തത് അന്ധേരിയിലെ ഖുസ്രോ ലോഡ്ജിലുള്ള മറ്റൊരു കമ്മ്യൂണിലായിരുന്നു. ക്ഷാമബാധിതബംഗാൾ മുഴുവനും ചുറ്റി സഞ്ചരിച്ച് Hungry Bengal എന്ന പുസ്‌തകം തയ്യാറാക്കിയ ഫോട്ടോ ഗ്രാഫർ സുനിൽ ജാനയും ചിത്രകാരനും എഴുത്തുകാരനുമായ ചിത്തോ പ്രസാദും റെഡ് ഫ്ലാഗ് ഹാളിൽ താമസിച്ചുകൊണ്ടാണ് 'കമ്മ്യൂണിസ്റ്റ് കല' യ്ക്ക് പുതിയ രൂപഭാവങ്ങൾ പകർന്നത്.

പാർട്ടിയുടെ ട്രഷററായ എസ് വി ഘാട്ടെയും ഓക്‌സ്ഫോഡിലെ ഉപരിപഠനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയ ഉടനെ വിപ്ലവപ്രവർത്തനത്തിനിറങ്ങി ത്തിരിച്ച സഹോദരങ്ങൾ മോഹൻ കുമാരമംഗലവും പാർവതി കുമാരമംഗലവുമെല്ലാം ജോഷിയുമായി ഏറ്റവും അടുപ്പമുള്ള, കമ്മ്യൂണിലെ അന്തേവാസികളായിരുന്നു. .പാർവതിയായിരുന്നു ജോഷിയുടെ സെക്രട്ടറി.ബി ടി രണദിവേ യോടൊപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹധർമ്മിണി വിമലയും സഹോദരി അഹല്യയുമായിരുന്നു.

അന്നൊരുനാൾ,രാജ് ഭവന്റെ തുറന്ന ടെറസ്സിൽ വെച്ച് സെൻട്രൽ കൾച്ചറൽ സ്ക്വാഡിലെ ബിനോയ്‌ റോയ് യും മറ്റു കലാകാരന്മാരും ചേർന്നൊരുക്കിയ വാദ്യസംഗീത ത്തിന്റെ അകമ്പടിയോടെ പി സി ജോഷി, ചിറ്റഗോംഗിലെ ഉജ്ജ്വല വിപ്ലവകാരി കൽപ്പന ദത്തിന്റെ കരം ഗ്രഹിച്ചു. മറ്റുള്ളവരെല്ലാം 'ഡോക്' എന്നു വിളിക്കുന്ന ഡോ.അധികാരി വിമൽ സമർത്ഥ് എന്ന സഖാവിനെ വിവാഹം ചെയ്തത് കമ്മ്യൂണിൽവെച്ചാണ്. പി ബി രംഗനേക്കർ എന്ന സഖാവിനെ അഹല്യയും പ്രണയിതാവായ എൻ കെ കൃഷ്ണനെ പാർവതിയും ജീവിത സഖാക്കളായി കണ്ടെത്തിയതും കമ്മ്യൂൺ നാളുകളിൽ തന്നെയായിരുന്നു.

എല്ലാവരും 'ആയി'(അമ്മ) എന്ന് അഭിസംബോധന ചെയ്തിരുന്ന, മംഗലാപുരം കാരി കല്യാണി ബായ് സെയ്ത് എന്ന പാർട്ടി അംഗമല്ലാത്ത സഖാവാണ് വാത്സല്യം കലർന്ന കാർക്കശ്യഭാവത്തോടെ കമ്മ്യൂണിലെ അംഗങ്ങളെയെല്ലാം അടക്കിഭരിച്ചിരുന്നത്.ജോഷി ഉൾപ്പെടെ സകലരും അവരെ സ്വന്തം അമ്മയെ പോലെ തന്നെ കരുതി.ആയി യുടെ മൂത്തമകൾ ദിൽഷാദ് എന്ന ദിദി,ഇളയ മകൾ ലീല, ദിദിയുടെ ജീവിതപങ്കാളിയും അഭിഭാഷകനുമായ എ എസ് ആർ ചാരി ആ ദമ്പതികളുടെ പുത്രൻ ലളിത് എന്നിവരുമടങ്ങിയതായിരുന്നു ആയിയുടെ കുടുംബം. ലീലയും പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവും തെലുങ്കാനാ സമര നേതാവുമായ പി സുന്ദര യ്യയും ഒരുമിച്ചു ജീവിതം പങ്കിടാൻ നിശ്ചയിച്ചു. ഒരുദിവസം പി എസും ലീലയും കൂടി ജോഷിയെ ചെന്നുകണ്ട് തങ്ങൾ കൈക്കൊണ്ട ഈ നിർണ്ണായക തീരുമാനത്തെ കുറിച്ച് നേരിട്ടറിയിച്ചതോടെ നെടുനാൾ നീണ്ടുനിന്ന ആ കമ്മ്യൂണിസ്റ്റ്ദാമ്പത്യത്തിന് തുടക്കമാവുകയായിരുന്നു.

പി സി ജോഷിയും സെക്രട്ടറി പാർവതി കുമാരമംഗലവും രാജ് ഭവനിൽ
പി സി ജോഷിയും സെക്രട്ടറി പാർവതി കുമാരമംഗലവും രാജ് ഭവനിൽ

കമ്മ്യൂണിസ്റ്റുകാരനും ഉറുദുകവിയും ഷിയാ മുസ്ലീമുമായ കൈഫി ആസ്‌മിയുടെ വധു ആയി ഷൗക്കത്ത് എന്ന ഹൈദരാബാദുകാരി സുന്നി മുസ്‌ലീം പെൺകുട്ടി റെഡ് ഫ്ലാഗ് ഹാളിലേക്ക് കടന്നുവന്ന സംഭവം കുറച്ചുകൂടി നാടകീയമാണ്. രക്തത്തിൽ മുക്കിയെഴുതിയ കൈഫിയുടെ കത്തുകൾക്കും കമ്മ്യൂണിലെ സഖാക്കളുടെ ഇടപെടലുകൾക്കും ശേഷം ഷൗക്കത്തിന്റെ 'അബ്ബാജാൻ' (പിതാവ് ) തന്നെ പുത്രിയെയും കൊണ്ട് ഒരുദിവസം കമ്മ്യൂണിൽ വന്നുകയറി. കമ്മ്യൂണിലുള്ള കൈഫി ആസ്മി യുടെ ഇടുങ്ങിയ കുഞ്ഞുമുറിയും,അതിനുള്ളിലെ സാധനസാമഗ്രികളും, എല്ലാവരോടുമൊപ്പംകൂടിയിരുന്നുകൊണ്ട് കഴിച്ച ഉച്ച ഭക്ഷണവും ( നാല് ചപ്പാത്തി,കുറച്ചു ചോറ്, പരിപ്പുകറി, പച്ചക്കറി സബ്ജി,ഉള്ളി,അച്ചാർ,ഒരു കഷണം നാരങ്ങാ) ഭക്ഷണം വിളമ്പിയ വിലകുറഞ്ഞ പാത്രങ്ങളും... അവയെല്ലാം തന്നെ അബ്ബാജാന്റെ മുഖത്ത്‌ കൂടുതൽ ഇരുൾ പരത്താൻ മാത്രമേ ഉപകരിച്ചുള്ളൂ. ഒടുവിൽ മകളെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ട്,നിക്കാഹിൽ സംബന്ധിക്കാൻപോലും നിൽക്കാതെ അദ്ദേഹം തനിയെ തിരിച്ചു പോയി.

പിന്നീട് ഇസ്മത്ത് ചുഗ്ത്തായിയെപ്പോലെയുള്ള എഴുത്തുകാരുടെ സാന്നിധ്യത്തിൽ നടന്ന നിക്കാഹ് ചടങ്ങിൽ,സജ്ജാദ് സഹീറിന്റെ പത്നി റസിയയുടെ വിവാഹ സാരിയും സ്വർണ്ണ വളകളുമണിഞ്ഞുകൊണ്ടാണ് ഷൗക്കത്ത് പങ്കെടുത്തത്.അബ്ബാജാനും അമ്മാജാനും മൗലവിയുമൊക്കെ നിർവഹിക്കേണ്ട ചടങ്ങുകൾ കമ്മ്യൂണിലെ അംഗങ്ങളെല്ലാവരും കൂടി ഏറ്റെടുത്തു നിർവഹിച്ചു കൊണ്ട് ആഘോഷപൂർവം നിക്കാഹ് കൊണ്ടാടി.

വഴക്കോ പിണക്കമോ ഇല്ലാതെ എട്ടു കുടുംബങ്ങൾ ഒരൊറ്റ മേൽക്കൂര യ്ക്കു കീഴിൽ കഴിയുന്നതും,ഹോളിയും ഈദും ദീവാളിയുമെല്ലാം ഒത്തൊരുമയോടെ ആഘോഷിക്കുന്നതും, ഉടുവസ്ത്രങ്ങൾ പോലും കൈമാറി ഉപയോഗിക്കുന്നതും, തുച്ഛവരുമാനത്തിൽ നിന്നെടുത്ത് അന്യോന്യം കടം കൊടുത്തു സഹായിക്കുന്നതും, കഷ്ടിച്ച് വയറു നിറയാൻ മാത്രമുള്ള ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ ഉറങ്ങാൻ കിടക്കുന്നതുമെല്ലാം ഷൗക്കത്ത് ആസ്മി കമ്മ്യൂൺനാളുകളിലെ മധുര സ്മരണകളായി പകർത്തി വെച്ചിട്ടുണ്ട്.

"ഒരുദിവസം രാവിലെ പി സി ജോഷി ഞങ്ങളുടെ മുറിയിലേക്ക് കയറിവന്നു.

"പകൽസമയം മുഴുവനും നീ എന്താണ് ഇവിടെ ചെയ്യുന്നത്?"എന്നോട് ചോദിച്ചു.

ഞാൻ കുറച്ച് ലജ്ജയോടെയാണ് മറുപടി പറഞ്ഞത്.

"ഒന്നും ചെയ്യുന്നില്ല"

അദ്ദേഹം ഒന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യ ഒരിക്കലും വെറുതെ യിരിക്കാൻ പാടില്ല.ജീവിതസഖാവിനോടൊപ്പം പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ജീവമാകണം. അദ്ധ്വാനിക്കണം. സ്വന്തമായി സമ്പാദിക്കണം. കുട്ടികളുണ്ടാകുമ്പോൾ അവരെ നല്ല പൗരരായി വളർത്തണം. അങ്ങനെയൊക്കെ ചെയ്യുമ്പോൾ മാത്രമേ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യയാകാനുള്ള അർഹത നേടൂ."

ഞാൻ അന്ന് പാർട്ടിയിലംഗമായിരുന്നില്ല.എന്റെ ഭക്ഷണത്തിനും മറ്റുമായി കൈഫി പ്രതിമാസം മുപ്പതു രൂപ വെച്ച് കമ്മ്യൂണിലേക്ക് അടയ്ക്കേണ്ടിയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ വേറെ ജീവിതമാർഗം തേടാനുള്ള സമയവും സൗകര്യവുമുണ്ടായിരുന്നില്ല."

അങ്ങനെയാണ് ഷൗക്കത്ത് നാടകാഭിനയത്തിലേക്ക് തിരിയുന്നതും ഇപ്റ്റയുടെ സജീവ പ്രവർത്തകയായിത്തീ രുന്നതും.

രാജ്ഭവനിൽ വെച്ച് മീരാ ബെനുമായി ഒരു കൂടിക്കാഴ്ച്ച. മീരാ ബെൻ, മോഹൻ കുമാരമംഗലം, പാർവതി, കല്പന, ജോഷി
രാജ്ഭവനിൽ വെച്ച് മീരാ ബെനുമായി ഒരു കൂടിക്കാഴ്ച്ച. മീരാ ബെൻ, മോഹൻ കുമാരമംഗലം, പാർവതി, കല്പന, ജോഷി

നേരം വെളുത്താൽ ഉടൻതന്നെ കമ്മ്യൂണിലെ സഖാക്കൾ മഖ്ദൂം മോഹിയുദ്ദീനിന്റെ "യെ ജംഗ് ഹേ ജെൻഗേ ആസാദി"( "ഇതൊരു യുദ്ധമാണ്,സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം")എന്ന വരികൾ മുഴക്കിക്കൊണ്ട്‌ പട്ടണത്തിലൂടെ പ്രഭാതഭേരി നടത്തിപ്പോന്നു.നഗരത്തിന്റെ മുക്കിലും മൂലയിലും ചെന്ന് അവർ 'പീപ്പിൾസ് വാർ' വിറ്റുനടന്നു.കുറച്ചുനാളുകൾ മുമ്പുവരെ ഒളിവിൽ കഴിയുകയായിരുന്ന പാർട്ടിസഖാക്കളെ സംബന്ധിച്ചിടത്തോളം ഈ തുറന്ന, സ്വതന്ത്ര ജീവിതം ഏറെ ആസ്വാദ്യകരമായിരുന്നു.

പുരോഗമന സാഹിത്യ കാരന്മാരായ കിഷൻ ചന്ദർ,കെ എ അബ്ബാസ്,യശ്പാൽ,നാടക - സിനിമാ പ്രവർത്തകരായ ബൽരാജ് സാഹ്നി,ദമയന്തി സാഹ്,നി ഹബീബ് തൻവീർ, സംഗീത ജ്ഞനായ രവിശങ്കർ,കമ്മ്യൂണിസ്റ്റ് ദമ്പതികളായ രൊമേഷ് താപ്പറും രാജ് താപ്പറും ലൈഫ് മാഗസിന്റെ വിശ്രുത ഫോട്ടോ ഗ്രാഫർ മാർഗരറ്റ് ബൂർക്ക് വൈറ്റ്.... ഇവരൊക്കെ കമ്മ്യൂണിലെ നിത്യസന്ദർശകരായിരുന്നു.കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നു പേരെടുത്ത സാക്ഷാൽ സി രാജഗോപാലാചാരിയും, മഹാത്മാഗാന്ധി യുടെ ആത്മശിഷ്യ മിരാബെന്നും പി സി ജോഷിയോടുള്ള അടുത്ത സൗഹൃദം മൂലം കമ്മ്യൂൺ സന്ദർശിക്കാനെത്തി.

ബ്രിട്ടനിലെ സാമൂഹ്യ പ്രവർത്തകയായ മാർഗരറ്റ് സി ഗോഡ്‌ലിയെ കമ്മ്യൂണിലേക്ക് കൂട്ടിക്കൊണ്ടു പോയത് ഒരു പാർട്ടി അനുഭാവിയായ പില്ലി വാഡിയയായിരുന്നു.

"ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഉത്സാഹഭരിതരായ കുറേ ചെറുപ്പക്കാർ തിരക്കിട്ട പല പല ജോലികളിലേർപ്പെട്ടിരിക്കുകയായിരുന്നു. സൗഹൃദം നിറഞ്ഞ പുഞ്ചിരി യോടെയാണ് ഞങ്ങളെ അവർ സ്വീകരിച്ചത്.എന്നെ എല്ലായിടത്തും കൊണ്ടുനടന്ന് കാണിച്ചു.പത്രം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികളിലായിരുന്നു ഏറെപ്പേരും.പെൻസിൽ കൊണ്ടു വരച്ച ലെനിന്റെ ഒരു ചിത്രം അവിടുത്തെ വിശ്രമമുറിയുടെ ചുവരിൽ തൂക്കിയിട്ടുണ്ടായിരുന്നു.ഒരു മുറിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്പി സി ജോഷിയുടെ ഭാര്യ (കല്പനാ ദത്ത്‌ )കട്ടിലിൽ കുഞ്ഞുമകനെ കളിപ്പിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു .കുട്ടി കിടക്കുന്ന കിടക്കയ്ക്ക് ചുറ്റുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചില രേഖകളും, ചിത്രങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ അച്ചടിച്ച പോസ്റ്ററുകളുമെല്ലാം ചിതറിക്കിടപ്പുണ്ടായിരുന്നു. വളരെ സൗമ്യയും ലജ്ജാലുവുമൊക്കെയാണെന്ന് കാഴ്ചയിൽ തോന്നിച്ച ശ്രീമതി ജോഷി, അവരുടെ പതിനാലാം വയസിൽ ബംഗാളിലെ വിപ്ലവകാരി കളുടെ സംഘത്തിൽ ചേർന്നതും തോക്ക് ഉപയോഗിക്കാൻ പരിശീലിച്ചതുമൊക്കെയായ അനുഭവങ്ങളെക്കുറിച്ചാണ് സംസാരിച്ചത്.നമ്മളെ കബളിപ്പിക്കുന്ന രൂപഭാവങ്ങളാണ്, പ്രത്യക്ഷത്തിൽ പാവമെന്ന് തോന്നിക്കുന്ന ഈ ഇന്ത്യൻ സ്ത്രീകൾക്കെല്ലാമുള്ളത്!"

സെൻട്രൽ കൾച്ചറൽ സ്‌ക്വാഡ് അംഗങ്ങളായ രേഖാ ജയിൻ, റേബ റോയ്,റൂബി ദത്ത്
സെൻട്രൽ കൾച്ചറൽ സ്‌ക്വാഡ് അംഗങ്ങളായ രേഖാ ജയിൻ, റേബ റോയ്,റൂബി ദത്ത്

ബോംബേ കമ്മ്യൂണിന്റെ പശ്ചാത്തലത്തിൽ ഒരു ഹിന്ദി നോവൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിപ്ലവകാരിയും വിഖ്യാത നോവലിസ്റ്റുമായ യശ് പാൽഎഴുതിയ 'മനുഷ്യ കേ രൂപ്'(മനുഷ്യത്വത്തിന്റെ രൂപങ്ങൾ). നോവൽ രചിക്കപ്പെട്ടത് 1949 ൽ യശ്പാൽ ജയിലിൽ കിടക്കുമ്പോഴാണ്.എന്നാലത് പ്രസിദ്ധീകൃതമായത് 1964 ലും.പി സി ജോഷിയും മായിയുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കഥയിൽ,സോമ,മനോരമ,ഭൂഷൻ, പാരോ തുടങ്ങിയ കല്പിത കഥാപാത്രങ്ങളിലൂടെ അക്കാലത്ത് പാർട്ടി കുടുംബങ്ങളിൽ നിലനിന്നിരുന്ന സവിശേഷമായ സ്ത്രീപുരുഷ ബന്ധങ്ങളും ലിംഗ നീതിയുടെ പ്രശ്നങ്ങളുമൊക്കെയാണ് ചർച്ച ചെയ്യുന്നത്.

അന്നാളുകളിൽ ബോംബെ യിൽ മാത്രമല്ല ഡൽഹിയിലും കൽക്കട്ട യിലും ആന്ധ്രയിലുമൊക്കെ സഖാക്കൾ കുടുംബസമേതം കമ്മ്യൂണുകളായിട്ടാണ് കഴിഞ്ഞിരുന്നത്.ഇങ്ങു കോഴിക്കോട് കമ്മ്യൂണിസ്റ്റ് നേതാക്കളായ പി കൃഷ്ണപിള്ള, ഈ എം എസ് നമ്പൂതിരിപ്പാട്, പി നാരായണൻ നായർഎന്നിവർ കുടുംബസമേതം കമ്മ്യൂൺ ജീവിതം നയിച്ചതും ആ കാലത്ത് തന്നെയായിരുന്നു.

സോഷ്യലിസ്റ്റ് വിപ്ലവം എന്ന ഒരൊറ്റ മാർഗത്തിൽ മാത്രം വിശ്വാസമർപ്പിച്ചുകൊണ്ട്, ഒരു കമ്മ്യൂണിസ്റ്റ് സമുദായം മാത്രം ഊണിലും ഉറക്കത്തിലും സ്വപ്നം കണ്ടു കൊണ്ട്, അവർ ആ കൂട്ടു ജീവിതവുമായി മുന്നോട്ടുപോയി.1948 ഫെബ്രുവരി യിൽ കൽക്കട്ടയിൽ നടന്ന പാർട്ടി കോൺഗ്രസിൽ വെച്ച് 'ഉടൻ വിപ്ലവം' എന്ന അതിസാഹസത്തിലേക്ക് എടുത്തുചാടുന്നത് വരെ....

ത്യാഗത്തിന്റെയും സഹനത്തിന്റെയും സഹഭാവത്തിന്റെയും ആ കമ്മ്യൂൺനാളുകളെ കുറിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫർ സുനിൽ ജാന ഓർമ്മിക്കുന്നത് ഇങ്ങനെയാണ്.

"ഒരു കൂരയുടെ കീഴിലുള്ള താമസവും ഒത്തൊരുമയോടുകൂടിയ പ്രവർത്തനങ്ങളും ഞങ്ങൾക്കെല്ലാവർക്കുമിടയിൽ വളരെ ഹൃദ്യമായ ഒരു ബന്ധത്തിന് വഴിതെളിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പാർട്ടിസഖാക്കൾക്കിടയിൽ പല ജാതി മതങ്ങളിൽ പെട്ടവരും,പല സാമ്പത്തികശ്രേണികളിൽ നിന്നുള്ളവരുമൊക്കെ യുണ്ടായിരുന്നു.എന്നാൽ അവിടെയാരും, എന്നെ കൽക്കട്ട യിൽ നിന്നുള്ള ഒരു മദ്ധ്യവർഗ്ഗ ബംഗാളി ഹിന്ദുവായോ മഖ്ബൂൽ ബത്താലി എന്ന സഖാവിനെ ബാരാമുള്ളയിൽ നിന്നുള്ള ഒരു കാശ്മീരി കൃഷി ക്കാരനായോ പാർവതി(കുമാരമംഗലം)യെ ഒരു തമിഴ് ബ്രാഹ്മണ പെൺകുട്ടിയായോ വേർതിരിച്ചൊരിക്കലും കണ്ടിരുന്നില്ല.കമ്മ്യൂണിൽ ഞങ്ങളെല്ലാവരും ഇന്ത്യാക്കാർ മാത്രമായിരുന്നു.ഭൂമിയെന്ന ഈ ഗ്രഹം മുഴുവനും സമാധാനവും സാമൂഹ്യ നീതിയും കൊണ്ടുവരാൻ വേണ്ടി കഠിനയത്നത്തിലേർപ്പെട്ടിരിക്കുന്ന വെറും സാധാരണ മനുഷ്യാത്മാക്കൾ!"

Related Stories

No stories found.
logo
The Cue
www.thecue.in