അനുപമയല്ല ആന്ധ്രയിലെ അധ്യാപക ദമ്പതിമാരെ വഞ്ചിച്ചത്; ദുരഭിമാന ഇന്‍സ്റ്റിറ്റിയൂഷണല്‍ ചതിയുടെ ഇരകളാണ് രണ്ട് ദമ്പതികളും

അനുപമയല്ല ആന്ധ്രയിലെ അധ്യാപക ദമ്പതിമാരെ വഞ്ചിച്ചത്; ദുരഭിമാന ഇന്‍സ്റ്റിറ്റിയൂഷണല്‍ ചതിയുടെ ഇരകളാണ് രണ്ട് ദമ്പതികളും

ചില സുഹൃത്തുക്കള്‍ക്ക് ദത്തെടുപ്പ് ശുപാര്‍ശക്കത്ത് നല്‍കിയിട്ടുള്ള ഒരാളെന്ന നിലയിലും സോഷ്യല്‍ മദറിനാല്‍ പത്ത് വയസ്സുമുതല്‍ വളര്‍ത്തപ്പെട്ട ഒരാളെന്ന നിലയിലും ഇത്രമാത്രം പറയുന്നു.

ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ ദുഃഖത്തില്‍ ആര്‍ത്തുകരയുന്ന നിങ്ങള്‍ അവര്‍ക്ക് സംഭവിച്ച വഞ്ചനയുടെ ഭാരവും കൂടെ അനുപമയുടെ മുകളില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കൊടുംക്രൂരതയാണ്. ദുരഭിമാന ഇന്‍സ്റ്റിറ്റിയൂഷണല്‍ ചതിയുടെ ഇരകളാണ് രണ്ട് ദമ്പതികളും.

ഈ ചതിയെപ്പറ്റി ഒരക്ഷരം മിണ്ടാതെ ഏതെങ്കിലും ഒരമ്മയുടെ ഭാഗം പിടിയ്ക്കുന്ന ആളുകളൊക്കെ ഈ ദുരഭിമാന ദത്തിന്റെ കാവലാളായ ഇന്‍സ്റ്റിറ്റിയൂഷണല്‍ ചതിക്കാണ് കുടപിടിയ്ക്കുന്നത്.

ബയോളജിക്കല്‍ മദറിന്റെ ക്ലെയിം നിലനില്‍ക്കുന്ന ഒരു കുട്ടിയെ തിരക്കിട്ട് ഫോസ്റ്റര്‍ കെയറില്‍ വിട്ട് ദത്ത് നടപടികള്‍ പൂര്‍ത്തിയായെന്ന് തെറ്റിദ്ധരിപ്പിയ്ക്കാന്‍ ഒരുപാടു പേരുണ്ട്. അവര്‍ക്ക് സംരക്ഷിയ്‌ക്കേണ്ട ദുരഭിമാനം ഏറെയുണ്ട്.

ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംവിധാനങ്ങള്‍ക്കെതിരെ, ലൈസന്‍സില്ലാത്ത ഏജന്‍സികള്‍ക്കെതിരെ ആരും ഒന്നും മിണ്ടരുത്. ഇതില്‍ നിന്നും മനസ്സിലാവുന്നത് നിങ്ങള്‍ക്കൊന്നും ഇനിയും ഒരു അമ്മയും കുഞ്ഞും അല്ലെങ്കില്‍ ദത്തെടുക്കാന്‍ താത്പര്യമുള്ളവരും അല്ലെങ്കില്‍ എടുത്തവരും ഇതുപോലെയൊരു നീതികേടിലൂടെ കടന്നുപോയാല്‍ സദാചാരം അല്ലെങ്കില്‍ നിങ്ങളവര്‍ക്ക് കൊടുക്കുന്ന സ്വഭാവസര്‍ട്ടിഫിക്കേറ്റ് തൂക്കിനോക്കിയേ ആരുടെ കൂടെ എന്നു തീരുമാനിയ്ക്കാന്‍ കഴിയൂവെന്നുള്ളതാണ്.

ലോകത്ത് ആരെന്ത് പറഞ്ഞാലും അമ്മ ക്ലെയിം ചെയ്യുന്ന ഒരു കുഞ്ഞിന് അതിന്റെ അമ്മയുമായി ചേര്‍ന്ന് നില്‍ക്കാന്‍ പൂര്‍ണ്ണഅവകാശമുണ്ട്. അതില്‍ ഉറച്ചു നില്‍ക്കുന്നു. കുഞ്ഞ് നാട്ടിലെത്തിയതോടെ അവനെ കാണാനുള്ള അനുപമയുടെ മാനസികമായ തിടുക്കവും അവരുടെ ശാരീരികപ്രശ്‌നങ്ങളും മനസ്സിലാവുന്നുണ്ട്. കുഞ്ഞും അമ്മയും എത്രയും പെട്ടെന്ന് ഒന്നിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.

അതിനുശേഷവും കുറ്റക്കാരായ ആളുകള്‍ക്കെതിരെ സമരം തുടരുമെന്നും അവരൊക്കെ നിയമനടപടി നേരിടുന്നതിനുവേണ്ടി ഇനിയും പോരാടുമെന്നും പറയുന്ന അനുപമയില്‍ എനിയ്ക്ക് ബഹുമാനമുണ്ട്.

കാരണം നിങ്ങള്‍ക്കൊക്കെ ആന്ധ്രാദമ്പതികളോട് ഉള്ളതിനേക്കാള്‍ ആത്മാര്‍ത്ഥതയുണ്ട് ആ തീരുമാനത്തിന്.

ഇത്തരം കേസുകളില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ആളുകള്‍ നിയമവ്യവസ്ഥയിലൂടെ കടന്നുപോകേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയൊരവസ്ഥ ഇനിയൊരു കുഞ്ഞിനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ ദത്ത് നടപടികളിലൂടെ കടന്നുപോകുന്ന മാതാപിതാക്കള്‍ക്കോ ഒരിക്കലും സംഭവിയ്ക്കരുത്.

ഈ കേസിലെ ക്രിമിനലുകള്‍ അനുപമയുടെ മാതാപിതാക്കള്‍ മാത്രമല്ല, ശിശുക്ഷേമസമിതിയിലുള്ളവര്‍ കൂടിയാണ്. ഈ അധികാരികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അത് ദത്തെടുക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരുപാട് പേര്‍ക്ക് ആത്മവിശ്വാസവും നല്‍കും. അല്ലാതെ വൈകാരികകാറിച്ചകള്‍ കൊണ്ട് ഈ സമൂഹത്തിന് യാതൊരു ഗുണവുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in