ഭരണഘടനയെ ചവറായി കാണുന്ന സജി ചെറിയാന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണി

ഭരണഘടനയെ ചവറായി കാണുന്ന സജി ചെറിയാന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണി
Summary

ജാതി ഹിന്ദുക്കളുടെയും, മറ്റ് ജാതി മാടമ്പിമാരുടെയും അരാഷ്ട്രീയ, വർഗീയ പരാമർശമാണ് ഇപ്പോൾ രാജി വെച്ച സാംസ്കാരിക മന്ത്രിയും ഏറ്റു പറഞ്ഞത്. ഭരണഘടനയ്‌ക്കെതിരെ സംസാരിച്ച സജി ചെറിയാന്റെ പരാമര്‍ശത്തില്‍ അനന്തു രാജ് എഴുതിയത്.

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള 'അണ്‍-ഇന്ത്യന്‍ വാദം' ഭരണഘടനാ നിര്‍മ്മാണ സമയത്ത് തന്നെ തള്ളിക്കളഞ്ഞിട്ടുള്ള ഒന്നാണ്. 1949ല്‍ ഭരണഘടന സ്വീകരിക്കപ്പെടുന്നത് മുതല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വ്യാപകമായി തന്നെ പ്രചരിക്കപ്പെട്ടു. ഇതിന് പ്രധാന കാരണം ഭരണഘടനാ കമ്മിറ്റിയുടെ ചെയര്‍മാനും, മുഖ്യശില്പിയുമായ ബാബസാഹേബ് ഡോ. ബി. ആര്‍ അംബേദ്കറിനോടുള്ള ജാതിഹിന്ദുക്കളുടെ 'ജാതിവെറുപ്പ്' തന്നെയായിരുന്നു എന്ന് അക്കാലത്ത് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

ബാബസഹേബ് അംബേദ്കര്‍ ആദ്യമായി ഭരണഘടനയുടെ ഡ്രാഫ്റ്റ്, അസംബ്ലിയുടെ മുന്നില്‍ അവതരിപ്പിക്കുന്ന സമയത്തുതന്നെ മെമ്പര്‍മാരായ ദാമോദര്‍ സ്വരൂപ് സേത്, കെ. ഹനുമന്തയ്യാ എന്നിവര്‍ ഭരണഘടന പാശ്ചാത്യ അനുകരണമാണെന്നും, ഞങ്ങള്‍ക്ക് വീണയുടെയോ സിത്താറിന്റെയോ സംഗീതത്തിന് പകരം ഇംഗ്ലീഷ് ബാന്‍ഡിന്റെ മ്യൂസിക് ആണ് നല്‍കിയിരിക്കുന്നത് എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം മെമ്പര്‍മാരും ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്ക് അനുകൂലിച്ചതായാണ് ചരിത്രം. ബാല്‍ കൃഷ്ണ ശര്‍മ നവീന്‍ ഭരണഘടന അണ്‍-ഇന്ത്യന്‍ അല്ലെന്നും, ഇത്തരത്തില്‍ വിശാലവും, സമര്‍ത്ഥവുമായ ഭരണഘടന നിര്‍മിച്ചതില്‍ ഡോ. അംബേദ്കറിനെയും, അദ്ദേഹത്തെ അസോസിയേറ്റ് ചെയ്തവരെയും പ്രശംസിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറയുന്നുണ്ട്. ഇന്ത്യയുടെ ഫൈനാന്‍സ് മന്ത്രി ആയിരുന്ന ടി.ടി. കൃഷ്ണമാചാരി ഇത്തരം വിമര്‍ശനങ്ങള്‍ ഭരണഘടനയിലെ പ്രൊവിഷനുകള്‍ കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ട് ഉയര്‍ത്തുന്നത് ആണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ചരിത്രകാരനായ രോഹിത് ഡേ തന്റെ 'A People's Constitution: The Everyday Life of Law in the Indian Republic' എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെയുള്ള അണ്‍-ഇന്ത്യന്‍ വാദം വെറും ഒരു ഭാവനാത്മക കണ്ടെത്തല്‍ മാത്രമാണെന്ന് പറയുന്നുണ്ട്. സമാനമായി 'The Indian Constitution: Cornerstone of a Nation' എന്ന പുസ്തകത്തിലൂടെ ഭരണഘടനാ ചരിത്രകാരനായ ഗ്രാന്‍വില്‍ ഓസ്റ്റിനും അണ്‍-ഇന്ത്യന്‍ വാദമെന്ന മിത്തിനെ തകര്‍ത്തെറിയുന്നുണ്ട്.

ഭരണഘടനയ്ക്ക് എതിരെ ഉണ്ടായ മറ്റൊരു പ്രധാന വാദം 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ അതേപടിയുള്ള കോപ്പി ആണെന്നതായിരുന്നു. ഇതിന് അംബേദ്കര്‍ തന്നെ അക്കാലത്ത് മറുപടി പറയുന്നത്,'1935ലെ ആക്ടില്‍ നിന്ന് എടുത്ത വ്യവസ്ഥകള്‍ ഭരണത്തിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ടതാണ്' എന്നാണ്. അതുള്‍പ്പെടുത്താന്‍ ഉള്ള കാരണം ഭരണഘടനാ ധാര്‍മികതയെ സംബന്ധിച്ച് അക്കാലത്തെ മനുഷ്യര്‍ക്ക് കാര്യമായ ധാരണ ഇല്ലാത്തതുകൊണ്ട് തന്നെയായിരുന്നു.

തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമര്‍ശകരുടെ ഉള്ളിലിരുപ്പ് ബോധ്യപ്പെടും.

(1) ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഭരണഘടനയില്‍ കൊടുത്തു എന്ന് വിമര്‍ശനം ഉന്നയിച്ചു.

(2) പുരാതന ഇന്ത്യയുടെ രാഷ്ട്രീയ സ്വത്വം ഭരണഘടനയ്ക്ക് ഇല്ലെന്നും, ഹിന്ദു മോഡല്‍ ഓഫ് സ്റ്റേറ്റ് മുന്നോട്ട് വയ്ക്കുന്നില്ല എന്നും വിമര്‍ശനം ഉന്നയിക്കപ്പെട്ടു.

യഥാർത്ഥത്തിൽ ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്ന, പ്രഭുവാഴ്ചയെ (Oligarchy) തടയിടുന്ന, ഹിന്ദു രാജ്യത്തെ മുന്നോട്ട് വയ്ക്കാത്ത ഒരു ഭരണഘടനയും നിയമസംവിധാനവും ഒരു ദലിതൻ മുന്നോട്ട് വച്ചതായിരുന്നു ഇന്ത്യയിലെ ജാതി പ്രമാണിമാരുടെ പ്രശ്നം. അതിനായിട്ട് അവർ പൊട്ടിച്ച ഉണ്ടയില്ലാ വെടികൾ ആയിരുന്നു ഭരണഘടനയ്ക്ക് എതിരെ ഉണ്ടായ ഇത്തരം ആരോപണങ്ങൾ. ജാതി ഹിന്ദുക്കളുടെയും, മറ്റ് ജാതി മാടമ്പിമാരുടെയും അരാഷ്ട്രീയ, വർഗീയ പരാമർശമാണ് ഇപ്പോൾ രാജി വെച്ച സാംസ്കാരിക മന്ത്രിയും ഏറ്റു പറഞ്ഞത്. ആധുനിക കാലാനുസൃത മൂല്യങ്ങളെ ഉൾകൊള്ളുന്ന ഭരണഘടനയ്ക്ക് മുകളിൽ അൺ-ഇന്ത്യൻ വാദം ഉന്നയിക്കുന്നത് ഇന്ത്യയുടെ സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ ഫാഷിസ്റ്റ് ശക്തികൾക്ക് വലിയ ഊർജ്ജം പകരുന്ന പ്രസ്താവന തന്നെയാണ്.

തുടർന്ന് അദ്ദേഹം നടത്തിയ അടുത്ത ആരോപണം, ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഒന്നാണെന്നായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മാസ്റ്റേഴ്‌സ്,ഡോക്ടറേറ്റ് എന്നിവ എടുക്കുകയും ഇന്ത്യയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പർ ആയിരിക്കുകയും ചെയ്ത ഡോ. ബി.ആർ. അംബേദ്കർ ആണ് ഇന്ത്യയിലെ തൊഴിലാളികൾക്ക് അനുകൂലമായി നിയമനിർമാണം നടത്താൻ മുന്നിൽ നിന്നത്. ഇന്ന് നമ്മൾ കാണുന്ന എല്ലാ തൊഴിൽനിയമങ്ങളും അങ്ങനെ ഉണ്ടായിവന്നത് ആണ്. കഴിഞ്ഞ ഇടയ്ക്ക് സി.പി.ഐ.എം പാർട്ടിക്കാരനും ട്രേഡ് യൂണിയൻ നേതാവുമായ എളമരം കരീം ഇന്ത്യയിലെ തൊഴിൽ നിയമങ്ങളെയും അത് നടപ്പിലാക്കിയ ബാബസാഹേബ് അംബേദ്കറെയും ഓർമിക്കുകയും അനുസ്മരിക്കുകയും ചെയ്തത് എല്ലാവരും മാധ്യമങ്ങളിലൂടെ അറിയുകയും ചെയ്തിരുന്നതാണ് . അതൊക്കെ കൺമുന്നിൽ നിൽകുമ്പോഴും ഇത്തരത്തിൽ ഉള്ള ഒരു ആരോപണം നടത്തുന്നതിന് സജി ചെറിയാന് സാധിച്ചതും അത് ന്യായീകരിച്ചുകൊണ്ട് പല ഇടതുപക്ഷ നിരീക്ഷകരും, ബുദ്ധിജീവികളും പ്രസ്താവന ഇറക്കിയതും ഇവരുടെ രാഷ്ട്രീയ നൈതികതയെയും, രാഷ്ട്രീയ പക്ഷത്തെയും സംബന്ധിച്ച് കാര്യമായ ആശങ്ക പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്.

ബി.ജെ.പിയുടെ യൂണിയൻ മിനിസ്റ്റർ ആയിരുന്ന ആനന്ദ്കുമാർ ഹെഗ്‌ഡെ പോലെയുള്ളവർ ഈ ഭരണഘടന മാറ്റാനാണ് ഞങ്ങൾ വന്നിരിക്കുന്നത് എന്ന് മോഡി സർക്കാരിനെ മുൻനിർത്തി പറയുമ്പോൾ കേരളത്തിന്റെ മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സമാനമായി ഭരണഘടന ശരിയല്ല എന്ന് പറയുന്നതിൽ നിന്ന് സർക്കാരിന്റെ രാഷ്ട്രീയ പക്ഷം വ്യക്തമാണ്. ഈ ഫാഷിസ്റ്റ് കാലത്ത് ബ്രാഹ്മണിസത്തിനു അനുകൂലമായി സംസാരിക്കുന്ന, ഭരണഘടനയെ ചവറായി കാണുന്ന മന്ത്രി ജനാധിപത്യത്തിന് എത്രത്തോളം ഭീഷണിയാണോ അത്രത്തോളം തന്നെ ഇതിന് പിന്താങ്ങിയ നിരീക്ഷകരും, ബുദ്ധിജീവികളും ഭീഷണിയാണ്. അതുകൊണ്ട് തന്നെ മന്ത്രിയുടെ രാജികൊണ്ട് ഇത് തീർന്നുവെന്ന് കരുതുന്നില്ല. ജനരോഷത്താൽ എടുത്ത തീരുമാനം മാത്രമാണത് എന്ന് കൃത്യമായി അറിയാം. രാഷ്ട്രീയമായി ഇത് സംബന്ധിച്ച് തീരുമാനം എടുത്തുകൊണ്ട് സജി ചെറിയാനും അദ്ദേഹത്തെ പിന്താങ്ങിയവർക്കും എതിരെ നടപടി എടുക്കുകയും, ഭരണഘടനയെ സംബന്ധിച്ച് നിലപാട് പാർട്ടിയും സർക്കാരും വ്യക്തമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in