കാഴ്ചയുടെ ഇതിഹാസം ഒടുങ്ങുമ്പോൾ ... ഴാങ് ലുക്ക് ഗൊദാർദ് അവസാനിക്കുമ്പോൾ

കാഴ്ചയുടെ ഇതിഹാസം  ഒടുങ്ങുമ്പോൾ ...

ഴാങ്  ലുക്ക്  ഗൊദാർദ്  അവസാനിക്കുമ്പോൾ
Summary

നിരന്തരം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും അതിലൂടെ കലയുടെ ഉത്പാദനം അനുസൃതമായി നടന്നുകൊണ്ടിരിക്കുകയും ചെയ്തുവെന്നതാണ് ഗൊദാർദിന്റെ ചലച്ചിത്ര ജീവിവിത്തിന്റെ പ്രത്യേകത. കഥാകൃത്ത് അഖിൽ.എസ്.മുരളീധരൻ എഴുതുന്നു.

“Objects exist and if one pays more attention to them than to people, it is precisely because they exist more than the people. Dead objects are still alive. Living people are often already dead.”

― Jean-Luc Godard

ഒടുവിൽ ഴാങ് ലുക്ക് ഗൊദാർദ് മരിച്ചു.തൊണ്ണൂറു വർഷം മരണമെന്ന അനിവാര്യത അയാളിൽ നിന്നും മാറി നിന്നു. ആ ദൈർഘ്യം പക്ഷെ ലോക ചലച്ചിത്ര വേദിയുടെ അസാമാന്യമായ സ്വാതന്ത്ര്യ ബോധത്തിന് കരുത്തുനൽകി. ചുണ്ടിൽ എരിയുന്ന ചുരുട്ടും ധൈഷണികമായ കണ്ണുകളും മുഖചലനങ്ങളും അയാളുടെ ഭൗതിക രൂപത്തിൽ മാത്രമല്ല താൻ നിർമിച്ച കാഴ്ചകളിലും നിറഞ്ഞു .ചില അഭിമുഖങ്ങളിൽ കറുത്ത കണ്ണട ധരിച്ചു മാത്രം ഗൊദാർദ് പ്രത്യേക്ഷപ്പെട്ടു. കൈകൾ കവിളിലേക്ക് ചേർത്ത് അയാൾ വാചാലനായി.

മലായാളിയുടെ ചലച്ചിത്ര സാംസ്കാരിക ജീവിതത്തിനും രാഷ്ട്രീയത്തിനും ഗൊദാർദിനോളം പോന്ന അതിനോട് ചേർന്നുനിന്ന പ്രതിഭകൾ വിരളമായിരിക്കും. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആജീവനാന്ത പുരസ്കാരം സ്വീകരിച്ചുകൊണ്ട് തൻ്റെ അപ്പാർട്ട് മെന്റിലെ മുറിയിൽ പുസ്തകങ്ങൾക്കിടയിൽ ചുരുട്ട് വലിച്ചു നടത്തിയ പ്രസംഗം ഒരുപക്ഷെ ഒരു വിടവാങ്ങലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് മനുഷ്യരുടെ കരഘോഷത്തിൽ ആ ഇതിഹാസം ഒന്നുകൂടി പ്രകാശിക്കുന്ന അനുഭവം.

തൻ്റെ തന്നെ കാഴ്ചകളുടെ പുതുക്കിപ്പണിയലായിരുന്നു ഗൊദാർദിന്റെ ഫ്രെയിമുകൾ ,ലൈംഗികത യും പ്രണയവും നിരന്തരം വിഷയങ്ങളാകുമ്പോൾ തന്നെ അതിൻ്റെ വീക്ഷണ മാനങ്ങളിൽ വ്യത്യസ്തത നിലനിന്നു.

ആരായിരുന്നു ഴാങ് ലുക്ക് ഗൊദാർദ് ,മലയാളിയുടെ ആദ്യത്തെ ഫ്രഞ്ച് ബന്ധം മറ്റൊരു ഴാങ്ങി ലൂടെയാണ് അതിനു സാഹിത്യവുമായാണ് ബന്ധം നാലപ്പാട്ട് നാരായണ മേനോൻ വിവർത്തനം ചെയ്ത വിക്റ്റർ ഹ്യുഗോയുടെ പാവങ്ങളിലെ ഴാങ് വാൽ ഴാങ് . മറ്റൊരാൾ വർഷങ്ങൾക്കു ശേഷം നമ്മുടെ ചലച്ചിത്ര പഠന വേദികളിലൂടെ അറിയപ്പെട്ട ഴാങ് ലുക്ക് ഗൊദാർദാകും.

എല്ലാ കലകളുടെയും സ്വർഗ്ഗ നഗരമായ പാരീസിലാണ് ഗൊദാർദ് ജനിച്ചത് .ഫ്രഞ്ച് നവ സിനിമയുടെ ചരിത്രം അയാളുടെ ജനനംകൊണ്ട് അടയാളം ചെയ്തിരിക്കുന്നു.

അമ്പതുകളിൽ രൂപംകൊണ്ട ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ അതുവരെയുണ്ടായിരുന്ന എല്ലാത്തരം പാരമ്പരാഗത ധാരണകളെയും നിയമങ്ങളെയും തകർക്കുക എന്നതായിരുന്നു. നിരന്തരം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയും അതിലൂടെ കലയുടെ ഉത്പാദനം അനുസൃതമായി നടന്നുകൊണ്ടിരിക്കുകയും ചെയ്തുവെന്നതാണ് ഗൊദാർദിന്റെ ചലച്ചിത്ര ജീവിവിത്തിന്റെ പ്രത്യേകത. തൻ്റെ ജീവിതകാലത്തെല്ലാം കലാനിരൂപകരുടെയും ആസ്വാദകരുടെയും ഒരു നിര അയാളെ ചുറ്റി നിന്നു.

തൻ്റെ തന്നെ കാഴ്ചകളുടെ പുതുക്കിപ്പണിയലായിരുന്നു ഗൊദാർദിന്റെ ഫ്രെയിമുകൾ ,ലൈംഗികത യും പ്രണയവും നിരന്തരം വിഷയങ്ങളാകുമ്പോൾ തന്നെ അതിൻ്റെ വീക്ഷണ മാനങ്ങളിൽ വ്യത്യസ്തത നിലനിന്നു.വ്യവസ്ഥാപിതമായ എല്ലാത്തരം സംവിധാനങ്ങളെയും അങ്ങനെയാണ് അയാൾ അട്ടിമറിച്ചത്.സിനിമയുടെ സ്വാതന്ത്ര്യം കാഴ്ചയുടെ കൂടി സ്വാതന്ത്ര്യമായി മാറി.മനുഷ്യ മനസ്സിന്റെ സങ്കീർണ്ണ തകളിലേക്ക് ഗൊദാർദിന് അനായാസം കടന്നുപോകാൻ കഴിഞ്ഞു.

ചലനം മാത്രമല്ല, നിയോ റിയലിസ്റ്റിക്ക് സംഗീത തലംപോലും ഗൊദാർദിന്റെ ചിത്രങ്ങളെ ത്രസിപ്പിച്ചു. പ്രകാശ സന്നിവേശം ഫ്രെയിമുകളെ മാന്ത്രികമാക്കി മാറ്റി. അതുവരെയുള്ള കാഴ്ചയുടെ ധാരണകളെ ഈ ബോധം നിരന്തരം വെല്ലുവിളിച്ചു.

ജനാധിപത്യ വിരുദ്ധമായ എല്ലാത്തിൽ നിന്നും കലയെ മോചിപ്പിക്കാനും ,ഇടതുപക്ഷ സ്വഭാവം നിലനിർത്താനും പലപ്പോഴും ഗൊദാർദിനു കഴിഞ്ഞു. തൻ്റെ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും അതുവ്യക്തമായിരുന്നു.

ബ്രത്ത്‌ലെസ്സ് പോലുള്ള അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങളിലെ ഓരോ കാഴ്ചയും ഉത്തരാധുനികതയുടെ പര്യായങ്ങളായി മാറി കാഴ്ചകളിൽ, സംഭാഷണങ്ങളിൽ വീക്ഷണങ്ങളിൽ ശക്തമായ ബൗദ്ധിക നിലപാടുകൾ പ്രവചനങ്ങൾ എല്ലാംതന്നെ ഉൾക്കൊണ്ടു.

ചലനം മാത്രമല്ല, നിയോ റിയലിസ്റ്റിക്ക് സംഗീത തലംപോലും ഗൊദാർദിന്റെ ചിത്രങ്ങളെ ത്രസിപ്പിച്ചു. പ്രകാശ സന്നിവേശം ഫ്രെയിമുകളെ മാന്ത്രികമാക്കി മാറ്റി. അതുവരെയുള്ള കാഴ്ചയുടെ ധാരണകളെ ഈ ബോധം നിരന്തരം വെല്ലുവിളിച്ചു. ഇങ്ങനെ വെള്ളിത്തിരയിൽ താൻ നിർമിച്ച സമാന്തരമായ മണിക്കൂറുകൾ മറ്റൊരു ലോകത്തിന്റെ സാധ്യതകളെ നിരന്തരം ഓർമ്മിപ്പിക്കാനും ലഹരി പിടിപ്പിക്കാനും ഗൊദാർദിനായി.

ആർക്കിടെക്ച്ചർ, പലപ്പോഴും സാമ്രാജ്യത്വബോധ നിർമിതിയുടെ സൂചകങ്ങളായി, അവയും ചലച്ചിത്ര ബിംബങ്ങളായി. പലപ്പോഴും ആഗോളീകരണ സ്വഭാവത്തിനു മേലുണ്ടായ ചെറിയ പ്രതിരോധങ്ങളായിരുന്നു അവയോരോന്നും. സൊളാനസിനോളം പോന്ന കലാപസ്വഭാവം അതിനുണ്ടായിരുന്നില്ല എങ്കിലും വ്യക്തമായ രാഷ്ട്രീയ ബോധ്യത്തെ ഉൾക്കൊണ്ടു. ലൈംഗികത ചിത്രീകരിക്കുമ്പോൾ, പ്രണയം ചിത്രീകരിക്കുമ്പോൾ എല്ലാംതന്നെ ഈ രാഷ്ട്രീയവും ,അനുഭൂതിയും അതിൻ്റെ സ്വാഭാവികതയും ഉൾക്കൊള്ളിക്കാൻ ഗൊദാർദിനു സാധിച്ചു.

ഗൊദാർദ് നിർമിച്ച തിരശ്ശീല ജീവിതം ഇങ്ങനെ തുടരുന്നു. ഒരു വാക്കിലോ പുസ്തകത്തിന്റെ ഉള്ളടക്കങ്ങളിലോ ഒതുക്കാൻ കഴിയാത്ത തരത്തിൽ അതൊരു പ്രസ്ഥാനവും മാർഗ്ഗവുമായി എല്ലാ ലോകങ്ങളിൽ നിന്നും വഴി പിരിഞ്ഞു കിടക്കുന്നു.

ലോകപ്രശസ്ത ചിന്തകന്മാരും ,യുദ്ധങ്ങളും സാഹിത്യകൃതികളും ഗൊദാർദിനെ നിരന്തരം സ്വാധീനിച്ചുകൊണ്ടിരുന്നു .എണ്പതുകൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരുമ്പോൾ അതദ്ദേഹത്തിൻ്റെ കലയെ തീവ്രമാക്കി.

“A story should have a beginning, a middle and an end, but not necessarily in that order.” അദ്ദേഹം അങ്ങനെ വിശ്വസിച്ചിരുന്നു.അടുക്കും ചിട്ടയുമില്ലാതെ എന്നാൽ ദൃശ്യങ്ങളുടെ അപാര സാധ്യതകളിൽ നിലനിന്നിരുന്ന ചടുലതയും അതിൻ്റെ അനന്തമായ സാധ്യതയും ഓരോ നിമിഷവും ക്യാമറ നിർമിച്ചുകൊണ്ടിരുന്നു. ഗൊദാർദ് നിർമിച്ച തിരശ്ശീല ജീവിതം ഇങ്ങനെ തുടരുന്നു. ഒരു വാക്കിലോ പുസ്തകത്തിന്റെ ഉള്ളടക്കങ്ങളിലോ ഒതുക്കാൻ കഴിയാത്ത തരത്തിൽ അതൊരു പ്രസ്ഥാനവും മാർഗ്ഗവുമായി എല്ലാ ലോകങ്ങളിൽ നിന്നും വഴി പിരിഞ്ഞു കിടക്കുന്നു.

അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങൾ നിരൂപണം ചെയ്യാനല്ല വ്യക്ത്യധിഷ്ഠിതമായ പല കാഴ്ചകളുടെ നിരന്തര ഘോഷയാത്രയായി വിലയിരുത്താൻ മാത്രമേ കഴിയൂ. ചിതറിപ്പോയ തരത്തിൽ അതിനെ കൂട്ടിച്ചേർത്തു വയ്ക്കുന്ന വ്യത്യസ്ത ബോധ ധാരകൾ മാത്രമാണ് ആ ആസ്വാദന വ്യക്തിത്വങ്ങൾ.

എന്തുതന്നെയായാലും ഗൊദാർദ് ഭൂമിയിൽ നിന്നും മടങ്ങുമ്പോൾ തിരശ്ശീലയിൽ അല്ലെങ്കിൽ വരാനിരിക്കുന്ന ചലച്ചിത്രങ്ങളുടെ അസാധാരണ സാങ്കേതിക ലോകങ്ങളിൽ നിത്യ വിസ്മയമായി അവശേഷിക്കും. കല, ജീവിതം തുടരുന്നത് അതവസാനിച്ചു എന്നുകരുതുന്ന ബിന്ദുവിൽ നിന്നാണ്. കാഴ്ചയുടെ ലോകം ഗൊദാർദിന് അനശ്വരത്വം വാഗ്ദാനം ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in