ജാതിവാലല്ല, ജാതിബോധമാണ് പ്രശ്നം; അടൂർ തിരുത്തപ്പെടേണ്ടതുണ്ട് : എൻ. ഇ. സുധീർ

ജാതിവാലല്ല, ജാതിബോധമാണ് പ്രശ്നം; അടൂർ തിരുത്തപ്പെടേണ്ടതുണ്ട് : എൻ. ഇ. സുധീർ
Summary

വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നം ഇങ്ങനെ വഷളാക്കിയതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും ചെയർമാനായ അടൂർ ഗോപാലകൃഷ്ണനെന്ന പോലെ സർക്കാരിനും ഇനി മാറി നിൽക്കാനാവില്ല. ഇനിയും പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നത് സർക്കാരിൻ്റെ നിരുത്തരവാദപരമായ സമീപനം ഒന്നു കൊണ്ടുമാത്രമാണ്. പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ജാതി വിവേചനവും സംവരണ അട്ടിമറിയുമൊക്കെയാണ് നേരിടേണ്ടി വന്നത് എത്ര ലജ്ജാകരമാണ്. അതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരോഗമന കേരളത്തിൽ! കെ.ആർ. നാരായണൻ്റെ പേരിലുള്ള ഒരു സ്ഥാപനത്തിൽ! ഇത് കാണാതെ വ്യക്തിഗത മഹത്വം പറഞ്ഞു നടക്കുന്നത് ശുദ്ധതെമ്മാടിത്തമാണ്.

എൻ. ഇ. സുധീർ

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ പ്രശ്നങ്ങളിൽ സർക്കാർ കൈക്കൊണ്ട അലംഭാവ നിലപാടാണ് ഒരു കേരളീയനെന്ന നിലയിൽ എന്നെയിന്ന് അസ്വസ്ഥനാക്കുന്നത്. അതേപ്പറ്റിക്കൂടി നമ്മളിപ്പോൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഡിസംബർ മാസത്തിൻ്റെ ആദ്യ ആഴ്ചയിൽ പുറംലോകമറിഞ്ഞ അവിടുത്തെ പ്രശ്നങ്ങളെ ഇപ്പോഴും വ്യക്തി കേന്ദ്രീകൃതമായി നോക്കിക്കാണുന്നതിൽ എന്തോ പന്തികേടുണ്ട്. ആ സ്ഥാപനത്തിൻ്റെ ഡയറക്ടറും ചെയമാനും അവരുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകൾ ഒട്ടും ലജ്ജയില്ലാതെ പൊതു സമൂഹത്തിൻ്റെ മുന്നിൽ വ്യക്തമാക്കിക്കഴിഞ്ഞു.

അതുവഴി അവരിരുവരേയും കേരളീയ പൊതു സമൂഹം തിരിച്ചറിയുകയും അവരെ പൂർണ്ണമായും തള്ളിപ്പറയുകയും ചെയ്തു. ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ വ്യക്തിയെന്ന നിലയിൽ തന്നെ വലിയ തോതിൽ സാമൂഹ്യ വിചാരണയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും കലാകാരനെന്ന നിലയിലെ അദ്ദേഹത്തിൻ്റെ മഹത്വം ഉദ്ഘോഷിക്കാനും ഓർമ്മിപ്പിക്കാനുമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ സമയം ചിലവാക്കുന്നത്. അടൂർ എന്ന സിനിമാ സംവിധായകൻ മിടുക്കനാണെന്ന് ഇവരാരും കേരളത്തിലെയെന്നല്ല; ഇന്ത്യയിലെ സാംസ്കാരിക സമൂഹത്തോട് പറയേണ്ടതില്ല. അതൊക്കെ എല്ലാവർക്കുമറിയാവുന്ന കാര്യങ്ങളാണല്ലോ.

അദ്ദേഹം ചെയർമാനായ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രശ്നങ്ങളോട് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം എടുത്ത നിലപാടുകളാണ് സമൂഹം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഡയറക്ടർ ജാതിവിവേചനം കാട്ടുന്നു എന്നതാണ് വിദ്യാർത്ഥികൾ ഉന്നയിച്ച മുഖ്യ പ്രശ്നം. എസ്.സി വിദ്യാർത്ഥിക്ക് പ്രവേശനം കിട്ടുന്നതിൽ ഇത് തടസ്സമായി. സംവരണ കാര്യങ്ങളിൽ അട്ടിമറി ഉണ്ടായി. ശുചീകരണ ജീവനക്കാരെക്കൊണ്ട് ഡയറക്ടർ വീട്ടുജോലി ചെയ്യിപ്പിച്ചു.

ഇതിനെതിരെ കുട്ടികൾ സമരത്തിലേക്ക് നീങ്ങുകയും സർക്കാർ കോളേജ് അടച്ചിടുകയും ചെയ്തു. ഇതിനോടൊക്കെ അടൂർ ഗോപാലകൃഷ്ണൻ എടുത്ത നിലപാടുകൾ പൊതുമണ്ഡലത്തിലുണ്ട്. അവ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി. കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനു പകരം വിചിത്രമായ പ്രസ്താവനകൾ നടത്തി അദ്ദേഹം സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പ്രകോപിക്കാനായിരുന്നു ശ്രമിച്ചത്. ഇതല്ല അടൂർ ഗോപാലകൃഷ്ണനിൽ നിന്നും നമ്മളാരും പ്രതീക്ഷിച്ചത്.

വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നം ഇങ്ങനെ വഷളാക്കിയതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും ചെയർമാനായ അടൂർ ഗോപാലകൃഷ്ണനെന്ന പോലെ സർക്കാരിനും ഇനി മാറി നിൽക്കാനാവില്ല. ഇനിയും അത് പരിഹരിക്കപ്പെടാതെ കിടക്കുന്നത് സർക്കാരിൻ്റെ നിരുത്തരവാദപരമായ സമീപനം ഒന്നു കൊണ്ടുമാത്രമാണ്. പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ജാതി വിവേചനവും സംവരണ അട്ടിമറിയുമൊക്കെയാണ് നേരിടേണ്ടി വന്നത് എന്നത് എത്ര ലജ്ജാകരമാണ്. അതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരോഗമന കേരളത്തിൽ! കെ.ആർ. നാരായണൻ്റെ പേരിലുള്ള ഒരു സ്ഥാപനത്തിൽ! ഇത് കാണാതെ വ്യക്തിഗത മഹത്വം പറഞ്ഞു നടക്കുന്നത് ശുദ്ധതെമ്മാടിത്തമാണ്.

ഈ വിവാദത്തെപ്പറ്റി അന്വേഷിച്ച രണ്ടംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ തീരുമാനത്തിലേക്ക് കടന്നില്ല. ഇപ്പോൾ കേരളം ഉറ്റുനോക്കുന്ന ചോദ്യം ഇതാണ്. അടൂർ ഗോപാലകൃഷ്ണനെന്ന ചെയർമാൻ തിരുത്തപ്പെടേണ്ടതില്ലേ? അദ്ദേഹത്തെ ആരു തിരുത്തും? ഉത്തരം ലളിതമാണ്. അദ്ദേഹത്തെ ആ സ്ഥാനത്തിരുത്തിയവർ തന്നെ അതു ചെയ്യണം.

തിരുത്ത് അസാധ്യമാണെങ്കിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണം. അല്ലാതെ, വികാരമില്ലാത്ത ഒരു കാണിയെപ്പോലെ ഇങ്ങനെ അനന്തമായി നോക്കി നിൽക്കുക വഴി, ഇരകളായ കുട്ടികളോടെന്ന പോലെ മഹാനായ ആ കലാകാരനോടും ഇടതു സർക്കാർ അനീതി കാണിക്കുകയാണ്. സർക്കാർ അദ്ദേഹത്തോടും വിദ്യാർത്ഥികളോടും സംസാരിക്കണം. ഇക്കാര്യത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കി കൊടുക്കണം.

വിദ്യാർത്ഥികൾ പറഞ്ഞത് ഡയറക്ടറും ചെയർമാനും ഗവൺമെൻ്റിനെ പറ്റിക്കുകയാണ് എന്നാണ്. ഡയറക്ടറുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കാനായി പുറപ്പെട്ട അടൂർ പ്രസ്താവനകളിലൂടെ പുതിയ വിവാദങ്ങൾക്ക് സ്വയം തിരികൊളുത്തുകയായിരുന്നു. ഡയറക്ടർ ദൽഹിയിൽ ജീവിച്ചയാളായതിനാൽ കേരളത്തിലെ ജാതി സിസ്റ്റം അറിയുക പോലുമില്ല എന്നായിരുന്നു ആദ്യവാദം. മാത്രവുമല്ല അദ്ദേഹം കുലീന കുടുംബത്തിൽ ജനിച്ചയാളുമാണ് എന്ന് വരെ അടൂർ പറഞ്ഞു വെച്ചു.

സമരത്തിൽ എല്ലാവരും ഇല്ലാത്തതിനാൽ സമരം പ്രസക്തമല്ലെന്നും അദ്ദേഹം പറയുവാൻ ശ്രമിച്ചു. ഇങ്ങനെ ബാലിശവും വളരെ പ്രകോപനപരവുമായ വാദങ്ങളാണ് അദ്ദേഹം നിരത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു അധ്യാപകനെതിരെ അടൂർ നടത്തിയ പരാമർശവും അസ്ഥാനത്തായി. തുടർന്ന് ജാതി വാലിൻ്റെ കാര്യം പോലും പറഞ്ഞ് സ്വയം അപഹാസ്യനായി. ജാതിവാലോടെ ജാതിക്കെതിരെ വലിയ മുന്നേറ്റങ്ങൾ നടത്തിയ മഹാന്മാരുള്ള നാടാണ് കേരളം എന്നാണ് അടൂരിനെ ഓർമ്മിപ്പിക്കാനുള്ളത്. പ്രശ്നം ജാതിവാലല്ല; ജാതി ബോധമാണ്. അതൊന്നും താങ്കളുടെ ചിന്തയിലേക്ക് വന്നില്ല എന്നതാണ്.

ബൗദ്ധിക അപചയം ഒരു കുറ്റമൊന്നുമല്ല; അത് എത്രയും വേഗം തിരിച്ചറിഞ്ഞാൽ അത്രയും നല്ലത് എന്നു മാത്രം. ഇതിനെ അടൂർ ഗോപാലകൃഷണൻ എന്ന വ്യക്തിയുടെ അപചയമായല്ല നോക്കിക്കാണേണ്ടത്. ഒരു സുപ്രധാന സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കുന്ന ഒരാളുടെ അപചയമായി വേണം മനസ്സിലാക്കാൻ. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവരുടെ ബൗദ്ധിക അപചയം ഒരു സർക്കാരും അതിൻ്റെ നേതാക്കളും കണ്ടില്ലെന്ന് നടിച്ച് ആ വ്യക്തിയെ താലോലിക്കുമ്പോഴാണ് അത് കുറ്റകരമായ അനാസ്ഥയാവുന്നത്.

അടൂരിനോട് സ്നേഹവും ആദരവുമുളളവർ ചെയ്യേണ്ടത് അദ്ദേഹത്തിന് തെറ്റുപറ്റി എന്ന് അദ്ദേഹത്തോട് തന്നെ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ്. അദ്ദേഹത്തെ തിരുത്താൻ ശ്രമിക്കുകയാണ് . അല്ലാതെ, അദ്ദേഹത്തിൻ്റെ സർഗാത്മക മഹത്വം കൊണ്ട് അദ്ദേഹം കൈക്കൊണ്ട നിലപാടുകളിലെ തെറ്റുകൾക്ക് മറപിടിക്കുകയല്ല.

അദ്ദേഹത്തിൻ്റെ നിലപാടിലെ അസംബന്ധം ജനങ്ങൾ ചർച്ചയാക്കും മുമ്പേ അത് അദ്ദേഹത്തോട് പറഞ്ഞു കൊടുക്കുവാൻ ആരും ശ്രമിച്ചില്ല എന്നത് ഖേദകരമാണ്. അടൂരിനെപ്പോലുള്ള ഒരാൾ പറഞ്ഞു എന്നതുകൊണ്ട് ന്യായീകരിക്കാവുന്ന നിലപാടുകളല്ല അദ്ദേഹം ഇപ്പോളെടുത്തിരിക്കുന്നത്. അദ്ദേഹമുയർത്തിയ വാദാഭാസങ്ങൾ അത്ര മാത്രം തരംതാണവയായിരുന്നു. സ്വന്തം യശസ്സിനെ തന്നെ സ്വയം റദ്ദുചെയ്യുന്നത്ര അല്പത്തമാണ് അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ നമ്മളറിഞ്ഞത്.

പ്രിയപ്പെട്ട അടൂർ താങ്കൾക്ക് തെറ്റുപറ്റി. താങ്കളത് തിരിച്ചറിയുന്നുമില്ല. ഒരു കലാകാരൻ്റെ മനസ്സ് താങ്കൾക്ക് നഷ്ടമായിരിക്കുന്നു. അധികാരത്തിൻ്റെ ഏതോ പ്രാകൃത ബോധങ്ങളിലാണ് താങ്കൾ കുരുങ്ങിയിരിക്കുന്നത്. കലാകാരനെന്ന നിലയിൽ ബഹുദൂരം സഞ്ചരിച്ച താങ്കൾക്ക് ആധുനിക മനുഷ്യനെന്ന നിലയിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. താങ്കളെ വലിയ ആരാധനയോടെ നോക്കിക്കണ്ട, താങ്കൾ ചെയർമാനായ സ്ഥാപനത്തിൽ പഠിക്കുന്നു എന്നഹങ്കരിച്ച ആ വിദ്യാർത്ഥികളോട് സംസാരിച്ചു തീർക്കേണ്ട പ്രശ്നം ഇന്നിപ്പോൾ എവിടെയെത്തി നിൽക്കുന്നു?

പ്രശ്നത്തേക്കാൾ പ്രശ്നം കൈകാര്യം ചെയ്ത രീതി വിവാദമാക്കിയതിലും താങ്കൾ പ്രതിയാണ്. നിങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്. തിരുത്ത് ഒരു ജനാധിപത്യ പ്രക്രിയയാണ് എന്ന് തിരിച്ചറിഞ്ഞ് താങ്കളതിന് തയ്യാറാകണം. അല്ലെങ്കിൽ സർക്കാർ അടൂരിനെ തിരുത്തണം. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച പ്രശ്നങ്ങളെ ജനാധിപത്യപരമായ അന്തസ്സോടെ കൈകാര്യം ചെയ്ത് പരിഹരിക്കണം. സ്ഥാപനത്തേക്കാൾ വലുതല്ല ഒരു വ്യക്തിയും. അടച്ചിട്ടു കൊണ്ട് പരിഹരിക്കാവുന്നവയല്ല അവിടെയുള്ള പ്രശ്നങ്ങൾ. സംവാദങ്ങൾ കൊണ്ടും തിരുത്തു കൊണ്ടും നേരിടേണ്ടവയാണ്.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്ക് ഐക്യദാർഢ്യത്തോടെ…

Related Stories

No stories found.
logo
The Cue
www.thecue.in