ദളിതര്‍ക്കായി ഫണ്ട് ചെലവഴിക്കുമ്പോള്‍ എന്തിന് ഇത്ര അസഹിഷ്ണുത? അടൂര്‍ സ്വീകരിക്കേണ്ടത് ജനാധിപത്യപരമായ സമീപനം

ദളിതര്‍ക്കായി ഫണ്ട് ചെലവഴിക്കുമ്പോള്‍ എന്തിന് ഇത്ര അസഹിഷ്ണുത? അടൂര്‍ സ്വീകരിക്കേണ്ടത് ജനാധിപത്യപരമായ സമീപനം
Published on
Summary

ദളിതരും ആദിവാസികളും പിന്നാക്കക്കാരും സ്ത്രീകളും ഒക്കെത്തന്നെ സിനിമയെടുക്കാന്‍ യോഗ്യരല്ലെന്നും സവര്‍ണ്ണ സമൂഹത്തില്‍ നിന്നുള്ളവരാണ് അതില്‍ പരമരായ യോഗ്യതയുള്ളവരെന്നുമുള്ള പ്രസ്താവനയാണ് അടൂര്‍ പങ്കുവെക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ ജാതിവെറി ഇതിനു മുന്‍പ് തന്നെ പൊതുസമൂഹത്തിന് വെളിപ്പെട്ടിട്ടുള്ളതാണ്. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റത്തില്‍ തന്നെ അദ്ദേഹത്തിന്റെ സവര്‍ണ്ണ ജാതി മനോഭാവം ഇതിനകം തന്നെ വെളിപ്പെട്ടിട്ടുള്ള കാര്യമാണ്. ഫിലിം കോണ്‍ക്ലേവില്‍ ദളിതരെയും സ്ത്രീകളെയും മുന്‍നിര്‍ത്തി അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എത്രമാത്രം ഹിംസാത്മകമായ ജാതിബോധ്യമാണ് അദ്ദേഹം കൊണ്ടുനടക്കുന്നതെന്ന് നമുക്ക് മനസിലാക്കിത്തരും. പട്ടികജാതിക്കാര്‍ക്ക് പ്രത്യേകമായ പരിശീലനം നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമ സംവിധാനം ചെയ്യാന്‍ വരുന്നവര്‍ അതിനുള്ള യോഗ്യതകളൊക്കെ നേടിയ, പഠനമൊക്കെ നടത്തിയ ആളുകളാണ് ആ മേഖലയിലേക്ക് കടന്നു വരുന്നത്. പട്ടികജാതിക്കാര്‍ക്ക് മാത്രം അത്തരമൊരു പരിശീലനം വേണമെന്ന തോന്നല്‍ ഉളവാകുന്നത് സവര്‍ണ്ണ മനോഭാവത്തില്‍ നിന്നാണ്. ഇത് ദളിതരെ ശിശുക്കളായി കാണുകയും അവര്‍ക്ക് ഇതിനൊന്നും യോഗ്യതയില്ലെന്നും ഇതിനൊന്നും അര്‍ഹരല്ലെന്നും ഒക്കെയുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് ഇതിലൂടെ പുറത്തു വരുന്നത്.

നൂറ്റാണ്ടുകളായിട്ട് ഇന്ത്യയില്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍, നമ്മുടെ അക്കാഡമിക് സ്ഥാപനങ്ങളില്‍ ഒക്കെ നിലനില്‍ക്കുന്ന ജാതിബോധ്യങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളില്‍ നിന്ന് പുറത്തുവരുന്നത്.

ഒരു പ്രധാനപ്പെട്ട പ്രശ്‌നം, എന്തുകൊണ്ടാണ് സവര്‍ണ്ണജാതി സമൂഹത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇത്തരത്തില്‍ പരിശീലനം വേണമെന്ന് അടൂരിന് തോന്നാത്തത് എന്തുകൊണ്ടാണ്? പരിശീലനം കൊടുക്കുമ്പോള്‍ എല്ലാവര്‍ക്കും പരിശീലനം കൊടുക്കണമല്ലോ? പരിശീലനമുള്ളവര്‍ വേണം സിനിമയെടുക്കാന്‍ എന്ന പൊതുപ്രസ്താവന വേണമെങ്കില്‍ നടത്താം. കെഎസ്എഫ്ഡിസിയുടെ ഫണ്ട് പട്ടികജാതിക്കാര്‍ക്ക് കൊടുക്കുന്നതിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതുകൊണ്ട് സര്‍ക്കാരിന്റെ ഫണ്ട് അങ്ങനെ കൊടുക്കുമ്പോള്‍, സ്ത്രീകള്‍ക്ക് അത്തരം ഫണ്ട് അനുവദിക്കുമ്പോള്‍, കോടിക്കണക്കിന് രൂപ വേണ്ടത്ര പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ കൊടുക്കാന്‍ പാടുള്ളു എന്ന പ്രസ്താവനയിലൂടെ കൃത്യമായി അദ്ദേഹത്തിന്റെ സവര്‍ണ്ണ മനോഭാവമാണ് വെളിവാക്കുന്നത്. കാരണം ഈ മേഖലയിലുള്ള അവാര്‍ഡുകള്‍ പരിശോധിച്ചാല്‍, ഈ മേഖലയില്‍ നടക്കുന്ന സിനിമക്കുള്ള ഫണ്ടുകള്‍ പല നിലയില്‍ പരിശോധിച്ചാല്‍ അറിയാം കൃത്യമായ പരിശീലനം നല്‍കിയിട്ടാണോ ഈ ഫണ്ടുകളൊക്കെ ചെലവഴിക്കുന്നത്. അല്ലേയല്ല എന്ന് വ്യക്തമാണല്ലോ.

പട്ടികജാതിയില്‍ നിന്ന് സിനിമാ മേഖലയില്‍ വളരെയധികം സംഭാവന നല്‍കിയിട്ടുള്ള ഒരാളാണ് ഡോ.ബിജു. അദ്ദേഹത്തെ എങ്ങനെയാണ് കേരള സമൂഹം പരിഗണിക്കുന്നത്? മലയാളി സമൂഹം ഡോ.ബിജുവിനോട് കാണിക്കുന്ന അവഗണന യഥാര്‍ത്ഥത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊണ്ടുനടക്കുന്ന അതേ മനോഭാവം തന്നെയാണ്. ദളിതരും ആദിവാസികളും പിന്നാക്കക്കാരും സ്ത്രീകളും ഒക്കെത്തന്നെ സിനിമയെടുക്കാന്‍ യോഗ്യരല്ലെന്നും സവര്‍ണ്ണ സമൂഹത്തില്‍ നിന്നുള്ളവരാണ് അതില്‍ പരമരായ യോഗ്യതയുള്ളവരെന്നുമുള്ള പ്രസ്താവനയാണ് അടൂര്‍ പങ്കുവെക്കുന്നത്. അടൂര്‍ എത്ര വലിയ മഹാനായ കലാകാരനായാലും എത്ര വലിയ സിനിമാ പണ്ഡിതനാണെങ്കിലും അദ്ദേഹത്തിന്റെ മനസില്‍ നിന്നും ജാതിമൂല്യ ബോധ്യങ്ങള്‍ കയ്യൊഴിഞ്ഞിട്ടില്ല, അതില്‍ നിന്ന് മുക്തനാകാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്ന കാര്യം. തന്നെയല്ല, ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്ന ആളാണോ അദ്ദേഹം എന്ന് സംശയം തോന്നുകയാണ്. കാരണം അസമത്വമാണ് ജാതിവ്യവസ്ഥയുടെ അടിത്തറ.

പട്ടികജാതി വിഭാഗക്കാരുടെ കാര്യത്തില്‍ മാത്രം കോടികള്‍ ചെലവഴിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്ര അസഹിഷ്ണുതയുണ്ടാകുന്നത്. കേരളത്തില്‍ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കൊടുക്കുന്നുണ്ട്. കോടികളാണ് ചെലവഴിക്കുന്നത്. നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന്റെ രംഗത്ത് എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേ?

പട്ടികജാതിക്കാരോട്, സ്ത്രീകളോട് ഒക്കെ അദ്ദേഹത്തിന്റെ മനോഭാവം എത്രമാത്രം ജനാധിപത്യ വിരുദ്ധമാണെന്ന് വെളിവായിരിക്കുന്നു. സ്ത്രീകളെ തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ എന്ന പരിഗണന നല്‍കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ടായിരുന്നത്. സ്ത്രീകളോടും ദളിതരോടുമൊക്കെ വളരെയധികം ജാതീയമായ മനോഭാവത്തിന്റെ അടിസ്ഥാനത്തിലുള്ള പുച്ഛമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക. ഇത് നൂറ്റാണ്ടുകളായിട്ട് ഇന്ത്യയില്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍, നമ്മുടെ അക്കാഡമിക് സ്ഥാപനങ്ങളില്‍ ഒക്കെ നിലനില്‍ക്കുന്ന ജാതിബോധ്യങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകളില്‍ നിന്ന് പുറത്തുവരുന്നത്. അടൂരിനെപ്പോലെ ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന ആളാണെന്നൊക്കെയാണ് പറയുന്നത്. ആഗോള രീതിയിലൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു സവര്‍ണ്ണ ജാതിക്കാരനായി ആ മനോഭാവവുമായി സമ്പൂര്‍ണ്ണമായി ചുരുങ്ങി എന്നതാണ് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.

അടൂരിന്റെ ഈ പ്രസ്താവന സിനിമാ മേഖലയെ മുന്‍നിര്‍ത്തി മാത്രം പരിശോധിക്കേണ്ട ഒന്നല്ല, വളരെ വിപുലമായി പരിഗണിക്കേണ്ട ഒന്നാണ്. ഇതിന്റെ ഉല്പത്തികേന്ദ്രം എന്നു പറയുന്നത് ഇന്ത്യയിലെ, കേരളത്തിലെ ദളിത് ജനവിഭാഗങ്ങള്‍ക്ക് ഫണ്ട് കൊടുക്കുമ്പോള്‍ അതിനോടുള്ള അസഹിഷ്ണുതയാണ് എന്ന് നമുക്ക് മനസിലാക്കാം.

പട്ടികജാതി വിഭാഗക്കാരുടെ കാര്യത്തില്‍ മാത്രം കോടികള്‍ ചെലവഴിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്ര അസഹിഷ്ണുതയുണ്ടാകുന്നത്. കേരളത്തില്‍ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കൊടുക്കുന്നുണ്ട്. കോടികളാണ് ചെലവഴിക്കുന്നത്. നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന്റെ രംഗത്ത് എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേ? കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ എന്‍എസ്എസിന്റെയും അതുപോലെതന്നെ പ്രത്യേക തരത്തിലുള്ള എയ്ഡഡ് മാനേജ്‌മെന്റ് കോളേജുകളില്‍ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഈ കോടികള്‍ സര്‍ക്കാര്‍ വാരിക്കോരി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്? അവിടെങ്ങും ഈ പറയുന്ന ദളിതര്‍ ആരുമില്ലല്ലോ?

മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇന്റര്‍വ്യൂവുമല്ല അവിടെ നടക്കുന്നത്. ചില പ്രത്യേക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി, പ്രത്യേകിച്ച് സവര്‍ണ്ണ ജാതി വിഭാഗങ്ങള്‍ക്ക് മാത്രമായിട്ട് ഇന്റര്‍വ്യൂ നടത്തുകയും അവര്‍ മാത്രമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും അവരെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു അവസ്ഥാ വിശേഷമല്ലേ കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത്തരം കാര്യങ്ങളില്‍ കോടികള്‍ ചെലവഴിക്കുന്നതില്‍ എന്തുകൊണ്ടാണ് ആകുലതയില്ലാത്തത്. അടൂരിന്റെ ഈ പ്രസ്താവന സിനിമാ മേഖലയെ മുന്‍നിര്‍ത്തി മാത്രം പരിശോധിക്കേണ്ട ഒന്നല്ല, വളരെ വിപുലമായി പരിഗണിക്കേണ്ട ഒന്നാണ്. ഇതിന്റെ ഉല്പത്തികേന്ദ്രം എന്നു പറയുന്നത് ഇന്ത്യയിലെ, കേരളത്തിലെ ദളിത് ജനവിഭാഗങ്ങള്‍ക്ക് ഫണ്ട് കൊടുക്കുമ്പോള്‍ അതിനോടുള്ള അസഹിഷ്ണുതയാണ് എന്ന് നമുക്ക് മനസിലാക്കാം. മറ്റുള്ളവരുടെ കാര്യത്തില്‍ ഈ പ്രസ്താവന ഇല്ലല്ലോ? സവര്‍ണ്ണര്‍ക്ക് ഉപകാരമായ എത്രയോ കാര്യങ്ങള്‍ നടക്കുന്നു കേരളത്തില്‍.

ഒരു നായര്‍ തറവാട്ടിലെ കാരണവരെപ്പോലെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പെരുമാറുന്നത്. നായര്‍ തറവാട്ടിലെ കാരണവര്‍ പറയുന്നത് അനന്തരവരും മറ്റുള്ളവരും അനുസരിച്ചു കൊള്ളണം. നായര്‍ തറവാട്ടിലെ കാരണവരെപ്പോലെയാണ് അടൂര്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നത്.

കേരളത്തിലെ സര്‍വ്വകലാശാലകള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാഹിത്യ അക്കാഡമി, ചലച്ചിത്ര അക്കാഡമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ എടുക്കാം. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും എടുക്കാം. ഈ മേഖലകളില്‍ ദളിതരായിട്ടുള്ള, ആദിവാസികളായിട്ടുള്ള അധ്യാപകരുടെ എണ്ണം എത്രയാണ്? ശൂന്യാല്‍ ശൂന്യതരമാണെന്ന് വളരെ വ്യക്തമാണല്ലോ. അടൂരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് കരംപിരിച്ചെടുത്ത, പൊതുജനങ്ങളുടെ പണമല്ലേ? ഈ പണം സവര്‍ണ്ണ ജാതി വിഭാഗങ്ങള്‍ക്ക് മാത്രം കിട്ടുന്ന പരിപാടിയുടെ പേരെന്താണ്? അതിനെപ്പറ്റിയെന്തുകൊണ്ടാണ് അടൂരിന് വ്യാകുലതയില്ലാത്തത്. അടൂരിന്റെ വ്യാകുലതയുടെ ആധാരം എന്ന് പറയുന്നത് സിനിമക്ക് അനുവദിച്ചിരിക്കുന്ന ഫണ്ട് ഒന്നരക്കോടി രൂപ പട്ടികജാതിക്കാര്‍ക്കായിട്ട് കൊടുക്കപ്പെടുന്നു എന്നുള്ള ഒരു സവര്‍ണ്ണ മേലാളന്റെ അസൂയയിലും വെറുപ്പിലും പൂണ്ടുവിളയാടുന്ന ജാതിമനോഭാവമാണ്.

ഒരു നായര്‍ തറവാട്ടിലെ കാരണവരെപ്പോലെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പെരുമാറുന്നത്. നായര്‍ തറവാട്ടിലെ കാരണവര്‍ പറയുന്നത് അനന്തരവരും മറ്റുള്ളവരും അനുസരിച്ചു കൊള്ളണം. നായര്‍ തറവാട്ടിലെ കാരണവരെപ്പോലെയാണ് അടൂര്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നത്. ഇതൊരു ജനാധിപത്യ സമൂഹമല്ലേ? ജനാധിപത്യ സമൂഹത്തില്‍ ദളിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യം ഇപ്പോഴും സര്‍ക്കാരില്‍ ഉണ്ടായിട്ടില്ല. ദളിതരുടെ സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യം 22 ശതമാനം കുറവാണെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനം സൂചിപ്പിക്കുന്നത്. അത്തരം ആളുകളെ ഫണ്ട് കൊടുത്ത് മുന്നോട്ടു കൊണ്ടുവരേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? സര്‍ക്കാരിന് ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ആ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറണമെന്നാണ് അടൂര്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നത്.

ഇത് തീര്‍ത്തും തെറ്റായ, ജനാധിപത്യ വിരുദ്ധമായ മനോഭാവമാണ്. ഇത് അടൂര്‍ തന്നെ തിരുത്തണം. അല്ലെങ്കില്‍ പൊതുസമൂഹം ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ ഈ പ്രസ്താവന സാമൂഹ്യശാസ്ത്രപരമായും ചരിത്രപരമായും പരിശോധിക്കുകയും ചെയ്യേണ്ട ഒന്നാണെന്നാണ് തോന്നുന്നത്. സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരായി ജനാധിപത്യ വിരുദ്ധമായ സമീപനമാണ് അടൂര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ജനാധിപത്യപരമായ സമീപനം അടൂര്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ അദ്ദേഹം ജനാധിപത്യ വിരുദ്ധനായി മാറും.

Related Stories

No stories found.
logo
The Cue
www.thecue.in