അംബേദ്കർ കോട്ടും സ്യൂട്ടുമിട്ടപ്പോൾ പരിഹസിച്ച ജാതിക്കൂട്ടങ്ങളിൽ നിന്ന് അടൂരിലേക്ക് വലിയ ദൂരമില്ല

അംബേദ്കർ കോട്ടും സ്യൂട്ടുമിട്ടപ്പോൾ പരിഹസിച്ച ജാതിക്കൂട്ടങ്ങളിൽ നിന്ന് അടൂരിലേക്ക് വലിയ ദൂരമില്ല
Summary

ആ പെണ്ണുങ്ങൾ ഉടുത്തൊരുങ്ങിയത് മാത്രമല്ല പ്രശ്നം. ഇന്റർവ്യൂ കൊടുക്കുന്നതും അടൂരിന്റെ പ്രശ്നമാണ്. കല്ലുമാലയും അടിമുണ്ടും മാത്രം വിധിച്ചിട്ടുള്ള വർഗ്ഗം സാരിയൊക്കെ ഉടുത്തൊരുങ്ങി നടക്കുന്നു. അതുമാത്രമല്ല, ഒരു സംവിധാനത്തിന്റെ നെറികേടുകൾക്കെതിരെ ശബ്ദമെടുക്കുന്നു. ഇന്റർവ്യൂ കൊടുക്കുന്നതൊക്കെ അവർ സ്വയം ആർജ്ജിച്ചതല്ല, അവരെ പഠിപ്പിച്ചെടുത്ത് വിട്ടിരിക്കുന്നതാണത്രേ! അല്ലേലും ദലിതർക്കൊന്നും അവരുടെ സ്വന്തം കഴിവുകൾക്ക് ഒരു ഏജൻസി പോലുമില്ല.

ന്യൂ ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ Ph.D ഗവേഷകനാണ് ലേഖകൻ

ജാതി ചില പെരുമാറ്റങ്ങൾ നിശ്ചയിച്ച് വച്ചിട്ടുണ്ട്. നിങ്ങളിൽ നിന്നും ആ പെരുമാറ്റങ്ങൾ പ്രതീക്ഷിക്കുന്നുമുണ്ട്. എന്ത് ധരിക്കണം, എന്ത് തൊഴിലെടുക്കണം, എവിടെ താമസിക്കണം, എങ്ങനെ സഞ്ചരിക്കണം, എങ്ങനെ സംസാരിക്കണം, ആരുമായി സഹവസിക്കണം എന്നതൊക്കെ ജാതി നിശ്ചയിച്ച പെരുമാറ്റ സംഹിതകളാണ്. അത് തെറ്റിക്കുന്നതുകൊണ്ടാണ് "പെലയൻ മൈസ്രേട്ടായപോലെ" എന്നൊക്കെ കേൾക്കേണ്ടി വരുന്നത്.

അണ്ണാൻ ചാടുന്ന വഴിയേ മണ്ണാൻ ചാടിയാൽ, അല്ലെങ്കിൽ അതിലുമേറെ ചാടിയാൽ ഞങ്ങൾ സമ്മതിക്കില്ല എന്ന മട്ടാണ് ചിലർ. കാലം ഒരുപാട് പുരോഗമിച്ചു. രാജഭരണവും, കൊളോണിയലിസവും അവസാനിച്ചു. ജനാതിപത്യ ഭരണകൂടങ്ങൾ നിലവിൽ വന്നു. എന്നിരുന്നാലും ജാതി ഉത്പ്പാദിപ്പിക്കുന്ന പ്രതീക്ഷകൾ മനുഷ്യൻറെ ചിന്താഗതിയെ നിയന്ത്രിക്കുന്നതിൽനിന്നും വലിയ പരിണാമങ്ങളൊന്നും നമ്മുടെ രാജ്യത്തിന് സംഭവിച്ചിട്ടില്ല.

അടൂരിന്റെ 'ഉടുത്തൊരുങ്ങിയ നാലഞ്ച് പെണ്ണുങ്ങൾ'

പുതിയ സിനിമയുടെ ടൈറ്റിൽ ആണെന്ന് തോന്നിയേക്കാം. അതല്ല, ഇത് ഒരു വ്യവസ്ഥിതിയെ പ്രതിനിധീകരിക്കുന്ന ചില ചിന്തകളാണ്. ഫ്യൂഡലിസം സാങ്കേതികമായെങ്കിലും അവസാനിച്ചതായി അടൂർ തിരിച്ചറിയുന്നില്ല. ഇന്നും മൂന്ന് വിരലുകൾ ചുണ്ടിലമർത്തി, ഒന്ന് കുനിഞ്ഞു ബഹുമാനിച്ച് 'ഓ തമ്പ്രാ' ഉരുവിടണം എന്നാണ് അടൂർ കരുതുന്നത്. ഇവിടെയാണ് അടൂർ ഒരു മനോഭാവമാകുന്നത്.

ആ പെണ്ണുങ്ങൾ ഉടുത്തൊരുങ്ങിയത് മാത്രമല്ല പ്രശ്നം. ഇന്റർവ്യൂ കൊടുക്കുന്നതും അടൂരിന്റെ പ്രശ്നമാണ്. കല്ലുമാലയും അടിമുണ്ടും മാത്രം വിധിച്ചിട്ടുള്ള വർഗ്ഗം സാരിയൊക്കെ ഉടുത്തൊരുങ്ങി നടക്കുന്നു. അതുമാത്രമല്ല, ഒരു സംവിധാനത്തിന്റെ നെറികേടുകൾക്കെതിരെ ശബ്ദമെടുക്കുന്നു. ഇന്റർവ്യൂ കൊടുക്കുന്നതൊക്കെ അവർ സ്വയം ആർജ്ജിച്ചതല്ല, അവരെ പഠിപ്പിച്ചെടുത്ത് വിട്ടിരിക്കുന്നതാണത്രേ! അല്ലേലും ദലിതർക്കൊന്നും അവരുടെ സ്വന്തം കഴിവുകൾക്ക് ഒരു ഏജൻസി പോലുമില്ല.

അംബേദ്‌കർ കോട്ടും സ്യൂട്ടുമിട്ടപ്പോൾ അതിനെ പരിഹസിച്ച ജാതിക്കൂട്ടങ്ങളിൽനിന്ന് അടൂരിലേക്ക് വലിയ ദൂരമൊന്നുമില്ല. ദളിതർ കൂളിംഗ് ഗ്ലാസ് വച്ചതിന്റെ പേരിലും, സ്വർണ്ണമാല ധരിച്ചതിന്റെ പേരിലും, മീശ പിരിച്ചു വച്ചതിന്റെ പേരിലും വരെ കലാപങ്ങൾ നടക്കുന്ന നാടാണ് ഇന്നും ഇന്ത്യ.

കേരളത്തിൽ അങ്ങനെയുള്ള അക്രമങ്ങളൊന്നും ഇല്ല എന്ന് അഹങ്കാരത്തോടെ പറയുമ്പോഴും അടൂർ പോലുള്ള ചിലരുടെ മനോഭാവങ്ങൾ ആ അവകാശവാദങ്ങളെ കീറിമുറിക്കുന്നുണ്ട്. കേരളത്തിന്റെ മുഖ്യധാരാ പൊതുബോധത്തിലും കീഴാള സമൂഹം അപരിഷ്‌കൃതൻ ആയിതന്നെ ജീവിക്കേണ്ടവരാണ്. അതിന് മാറ്റം വരുന്നിടത്ത് പരിഹാസങ്ങൾ ഉയർന്നുവരും. ഒരു തുല്യസാമൂഹിക വിഭാഗം എന്ന നിലയിൽ ഉടുത്തൊരുങ്ങി നടക്കാൻ നിങ്ങൾ യോഗ്യരല്ല എന്ന ജാതീയ മനോഭാവം തന്നെയാണ് ഇവിടെയും പ്രതിഫലിച്ചത് എന്ന് പറയാം.

മലയാള സിനിമ എന്നും സമൂഹത്തിന് നേരെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആ ചോദ്യങ്ങളെക്കൂടിയാണ് അടൂരിന്നലെ പരിഹസിച്ചത്. വിമർശനങ്ങൾ ഒരു പ്രാമാണിക വർഗ്ഗത്തിന്റെ സാമൂഹ്യ മൂലധനത്തിന്റെ എക്‌സസൈസ് ആയി മാത്രമാണ് അടൂർ കാണുന്നത്. അടിച്ചുതെളിക്കാരും ‘കീഴാള’ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും വിമർശങ്ങൾ ഉന്നയിക്കുന്നതും സമരം ചെയ്യുന്നതും അശ്ലീലമായി മാത്രം ദയവായി കാണരുത്. പ്രിയപ്പെട്ട അടൂർ, ഈ പ്രസ്താവനകളോടെ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽ നിങ്ങൾക്ക് ഇനിയൊരു സംശയത്തിന്റെ ആനുകൂല്യമില്ല. നിങ്ങളുടെ ചിന്താഗതികൾ പുറത്തുവന്നിരിക്കുന്നു. ഇനിയവിടത്തെ വിദ്യാർത്ഥികളുടെ പക്ഷത്ത് നിൽക്കാനേ സാധിക്കുകയുള്ളൂ.

ഉടുത്തൊരുങ്ങൽ ഒരേ സമയം പാരമ്പര്യത്തെയും (tradition) ആധുനികതയെയും (modernity) സൂചിപ്പിക്കുന്ന ഒന്നാണ്. കുലീനതയും, മോഡേൺ അറ്റയറും അതിൽ പെടും. പക്ഷെ ഈ കുലീനതയും മോഡേൺ അറ്റയറും ഒക്കെ ഒരു വിഭാഗത്തിന് മാത്രം വിധിക്കുന്നതാണ് വ്യവസ്ഥ. ഇന്നത്തെ കാലത്ത് വസ്ത്രം എല്ലാവർക്കും പ്രാപ്യമാകുമ്പോഴും, പഴയ കാലത്തിന്റെ ഓർമകളിലൂടെ സഞ്ചരിക്കാണാനാണ് ചിലർക്ക് താൽപ്പര്യം. സിനിമ എന്ന മാധ്യമത്തെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തി എന്ന നിലയിൽ അടൂർ മോഡേൺ ആണ്. അതെ സമയം “ലാപ്പ്ടോപ്പിലോ മൊബൈലിലോ സിനിമ കാണില്ല” എന്ന് പ്രഖ്യാപിക്കുമ്പോൾ അടൂർ പാരമ്പര്യവാദിയാകും.

ഉടുത്തൊരുങ്ങലിന്റെ കാര്യം വരുമ്പോൾ അടൂർ പാരമ്പര്യവാദവും മോഡേണിറ്റിയും ഉപേക്ഷിക്കുന്നതായി കാണാം, ഒരു സാമൂഹ്യ വിഭാഗത്തോട് മാത്രം. പാരമ്പര്യത്തിന്റെ കുലീനതയും ആധുനികതയും കീഴാളർക്ക് വിധിച്ചിട്ടില്ല എന്നതാണ് അതിന് പിറകിലെ യുക്തി എന്ന് മനസ്സിലാക്കണം. ഉടുത്തൊരുങ്ങൽ, അത് ഏതു വസ്ത്രങ്ങളായാലും ഒരു വിഭാഗം മാത്രം ധരിക്കുമ്പോഴാണ് അത് കുലീനമാവുന്നത്. മറ്റ് വിഭാഗങ്ങൾ ധരിക്കുമ്പോൾ അത് അശ്ലീലവും.

ഒരു ദളിത് സ്ത്രീ പട്ടുസാരി ഉടുക്കുമ്പോഴും, ആധുനിക വസ്ത്രങ്ങൾ ധരിക്കുമ്പോഴും ചിലർ അസ്വസ്ഥരാവുന്നത് അതിലെ നിറങ്ങൾ കണ്ടിട്ടല്ല, മറിച്ച് ഉടുത്തിരിക്കുന്നയാളുടെ ജാതി തിരിച്ചറിഞ്ഞിട്ടാണ്.

ഭൂബന്ധങ്ങളിലുണ്ടായ മാറ്റം കേരളത്തിലെ പ്രാമാണിക വർഗ്ഗത്തെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. വിമോചന സമരമൊക്കെ അതിന്റെ ഒരു റിഫ്ളക്ഷനാണ്. സംഘപരിവാറിന്റെ വളർച്ചയും ഈ പ്രാമാണിക വർഗ്ഗത്തിന്റെ അസ്വസ്ഥതയും കൂട്ടി വായിക്കുക കൂടി വേണം. മുഖ്യധാരാ സിനിമകളിലും ഇത് പ്രകടമാണ്. ടി ദാമോദരന്റെ തിരക്കഥകളിലൂടെ 'വാഴക്കുല' റിവേഴ്‌സ് ചെയ്യുന്നത് ആ ചൊറിച്ചിലിന്റെ പ്രകടനമാണ്.

സിനിമയിലെ തൊഴിൽരഹിതരായ നായർ യുവാക്കളും ആ വികാരത്തെ പരമാവധി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. തങ്ങൾക്ക് ‘അർഹമായത്’ നഷ്ട്ടപ്പെട്ട വ്യവസ്ഥയോട് കലഹിക്കുന്ന ക്ഷുഭിത യൗവ്വനങ്ങളായിരുന്നു ആ സിനിമകളിൽ നിറച്ചും. ജാതീയമായ പ്രാമാണികത്വം പൂർണ്ണമായി തകർക്കുന്നിടത്ത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ അട്ടിമറികൾക്ക് കൂട്ടുനിന്ന പ്രതിവിപ്ലവകാരികളെപ്പോലെ ‘ക്ഷുഭിത യൗവ്വനങ്ങൾ’ വീണ്ടും ശക്തമാകും.

കുതിരപ്പുറത്ത് കയറിയ ദളിത് വരനെ കൊലപ്പെടുത്തുന്ന നോർത്ത് ഇന്ത്യൻ ജാതി പ്രമാണിമാരെപ്പോലെ അത്രയും കേരളത്തിൽ ശക്തമല്ല എങ്കിലും കേരളത്തിന്റെ സാമൂഹിക മാറ്റത്തിനെതിരെ പരിഹാസങ്ങളുമായി അവരുണ്ട്. അവരാണ് ദളിതർ ആധുനിക വസ്ത്രങ്ങൾ ധരിക്കുമ്പോൾ 'അയ്യങ്കാളി' കളറ്, ഫുട്പാത്ത് ഡ്രസ്സ് എന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നത്. അതിന്റെ ഒരു 'സാംസ്കാരിക' വേർഷനാണ് സബാൾട്ടേൺ സംഗീതത്തെയും നൃത്തത്തെയുമെല്ലാം എല്ലാം മുഖ്യധാരയിൽനിന്നും മാറ്റി നിർത്തുന്നത്.

ജാതി ഒരു മനോഭാവം മാത്രമല്ല, ഘടനാപരമായ പ്രശ്നം കൂടിയാണ്. എനിക്ക് ജാതിയില്ല എന്ന് പ്രിവിലേജ്ഡ് ആയ ആളുകൾ പ്രഖ്യാപിക്കുന്നത് ജാതി ഒരു മനോഭാവത്തിന്റെ പ്രശ്നം മാത്രമാണ് എന്ന നിലയിലാണ്. ഘടനാപരമായി തകർക്കാതെ ജാതി ഇല്ലാതാവുന്നില്ല എന്നത് മറച്ചുവെക്കലാണ് അതിലൂടെ ചെയ്യുന്നത് എന്ന് അവർ തിരിച്ചറിയാഞ്ഞിട്ടല്ല, അത് സൗകര്യപ്രദമായ ഒരു അറിവില്ലായ്മ കൂടിയാണ് എന്നതുകൊണ്ടാണ്. മെറ്റീരിയൽ കണ്ടീഷനെ നിലനിർത്താനുള്ള മർദ്ദനമുറ കൂടിയാണ് ജാതി. ഒരിക്കലും സവർണ്ണന്റെ ഭൗതിക സൗകര്യങ്ങൾ കീഴാളന് ലഭിക്കരുത്. ഒരു ഈഗാലിറ്റാറിയാൻ സമൂഹത്തിൽ പ്രാമാണികത്വത്തിന് എന്ത് സ്ഥാനം? അതുകൊണ്ട്, ഭൂമി, 'ഉയർന്ന' ജോലി, 'നല്ല' വസ്ത്രങ്ങൾ, കെട്ടുറപ്പുള്ള ഭവനം, ഇവയൊന്നും കീഴാളന് ലഭിക്കരുത്.

പൗരാവകാശമുള്ള കീഴാളന്റെ ഭൗതിക സാഹചര്യങ്ങൾ ചെറുതായെങ്കിലും മാറിതുടങ്ങുമ്പോൾ, പൊതുമണ്ഡലത്തിൽ കീഴാളരും സവർണരും തമ്മിലുള്ള ദൃശ്യതയിലുള്ള അന്തരങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുമെന്നും, വിദ്യാഭ്യാസ മേഖലയിലും കലയിലും മറ്റു സാംസ്കാരിക ചേരിയിലും ഇടപെടലുകൾ നടത്താൻ അവർ പ്രാപ്തമായി തുടങ്ങുമ്പോൾ, മർദ്ദിതർ നിലനിൽക്കുന്ന സമൂഹ വിഭവ-അധികാര വ്യവസ്ഥയെ ശക്തമായി ചോദ്യം ചെയ്തേക്കുമെന്നും ആശങ്ക പേറുന്നവരുണ്ട്.

യഥാർത്ഥത്തിൽ തങ്ങളുടെ ജാതിയുടെ 'സോഷ്യൽ പവറിൽ' ഇളക്കം തട്ടുമോ എന്ന ആശങ്കയാണ് അതിൽ പ്രകടമാകുന്നത്. കീഴാളന്റെ ഭൗതിക സാഹചര്യങ്ങൾ മാറുന്നതോടെയും, സോഷ്യൽ പവറിൽ മാറ്റങ്ങൾ വരുന്നതോടെയും കീഴാളരും സവർണരും തമ്മിലുള്ള ദൃശ്യതയിലുള്ള അന്തരം കുറഞ്ഞു വരികയും അധികാരത്തിനെതിരെയുള്ള ചോദ്യങ്ങൾക്ക് ശക്തിപകരുകായും ചെയ്യും. ഫ്യൂഡലിസത്തിന്റെ നെറുകെയിൽ തറയ്ക്കുന്ന ഉരുക്കാണിയാണ് അതെന്ന് അവർക്ക് നന്നായറിയാം.

ജാതിയുടെ പ്രത്യക്ഷമായ പ്രകടനങ്ങൾ മാത്രമാണ് വലിയൊരു വിഭാഗത്തിന് പ്രശ്നമായി തോന്നുന്നത്. അവിടെ സോളിഡാരിറ്റിയുണ്ട്, ഹാഷ്ടാഗ് ക്യാമ്പെയിനുകളുണ്ട്. പക്ഷെ ജാതിയെ നിലനിർത്തുന്ന മെറ്റീരിയൽ കണ്ടീഷൻ ഇല്ലാതാക്കുന്നത് അവർക്ക് അത്ര തല്പരവിഷയമല്ല. ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നത് ഇച്ചിരി നഷ്ടക്കച്ചവടമാണ്.

സമ്പത്തും പദവിയും പുനർവിതരണം ചെയ്യുന്നിടത്ത് വലിയൊരു വിഭാഗത്തിന്റെ പുരോഗമനം അവസാനിക്കും. അതുകൊണ്ട് അടൂരും ഒരു കോലാഹലത്തിന് ശേഷം മറവിയിലേക്ക് പുറംതള്ളപ്പെടും. ദളിതൻ ദളിതനായും, സവർണ്ണൻ സവർണ്ണനായും തുടരും. ഈ തുടർച്ചയെയാണ് തകർക്കേണ്ടത്. കേവലം കെട്ടടങ്ങുന്ന വിവാദങ്ങൾക്കപ്പുറം വ്യവസ്ഥയെ അട്ടിമറിക്കുന്ന സമരങ്ങൾ ഉയർന്നുവരണം.

Related Stories

No stories found.
logo
The Cue
www.thecue.in