
പത്തൊമ്പത്താം നൂറ്റാണ്ടോട് കൂടി രാഷ്ട്രത്തിന് മാതൃസ്വരൂപം നല്‍കുന്ന പ്രയോഗങ്ങള്‍ പലയിടങ്ങളിലായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യരൂപത്തില്‍ ആദ്യമായി വരയ്ക്കുന്നത് അബനീന്ദ്രനാഥ് ടാഗോറാണ്. 1882ല്‍ പുറത്തിറങ്ങിയ ആനന്ദമഠം എന്ന നോവലില്‍ ബംഗാളി സാഹിത്യകാരന്‍ ബങ്കിം ചന്ദ്ര ചതോപാധ്യായ മുന്നോട്ട് വെച്ച ഭാരതമാതാ എന്ന പ്രതീകത്തിന്റെ സ്വാധീനം ടാഗോറിന്റെ ചിത്രത്തിനുമുണ്ടായിരുന്നു.
പശ്ചാത്തലം
ഇന്ത്യയില്‍ ഉടനീളം ആധിപത്യം ഉറപ്പിച്ച ഇംഗ്ലീഷുകാര്‍, പതിനെട്ടാം നൂറ്റാണ്ടോട് കൂടി കലാരംഗത്തും അവരുടേതായ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയിരുന്നു. അവര്‍, ഇംഗ്ലീഷ് അഭിരുചിയ്ക്ക് അനുസൃതമായ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്തു. യൂറോപ്യൻ ശൈലി അഭ്യസിപ്പിക്കുന്നതിന് വിവിധ നഗരങ്ങളില്‍ കലാവിദ്യാലയങ്ങള്‍ സ്ഥാപിച്ചു. വാട്ടര്‍ കളറും ചായങ്ങളും ഇന്ത്യന്‍ ആശയങ്ങളും ഉള്‍ക്കൊണ്ടിരുന്ന ചിത്രങ്ങള്‍ക്ക് പകരം ഓയില്‍ പെയിന്റുകളിലേക്കും റിയലിസത്തിലേക്കും ചിത്രരചനാ ശൈലി മാറി. രാജാരവിവര്‍മ്മ പെയ്ന്റിംഗുകള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ഈ ചിത്രങ്ങളിലൂടെ കലാകാരന്മാര്‍ക്ക് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ലഭിച്ചിരുന്ന പ്രദര്‍ശന വേദികളും വില്‍പനകളും അതിലൂടെ ലഭ്യമായ അംഗീകാരവും വലിയ ആസ്വാദക സമൂഹവും ആയിരുന്നു ശൈലീമാറ്റത്തിനുള്ള ചാലക ശക്തിയായി തീര്‍ന്നത്.
എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയര്‍ന്നുവന്ന ശക്തമായ ബ്രിട്ടീഷ് വിരുദ്ധ വികാരം കലാരംഗത്തും പ്രതിഫലിച്ചു. യൂറോപ്യന്‍ ശൈലിയെ ഉപേക്ഷിച്ച് ഇന്ത്യന്‍ ശൈലിയെ വളര്‍ത്തുന്നതിനുള്ള ആദ്യ ശ്രമങ്ങള്‍ നടത്തിയ ചിത്രകാരന്‍മാരായിരുന്നു ഏണസ്റ്റ് ബിന്‍ഫീല്‍ഡ് ഹാവലും അബനീന്ദ്രനാഥ് ടാഗോറും. ഇന്ത്യന്‍ കലാപഠനത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് വാദിച്ചിരുന്ന കല്‍ക്കട്ട സര്‍ക്കാര്‍ കലാ വിദ്യാലയത്തിലെ സൂപ്രണ്ടായിരുന്ന ഹാവലിന്റെ സ്വാധീനമാണ്, എണ്ണച്ചായവും റിയലിസവും ഉപേക്ഷിച്ച് ഭാരതീയമായ ആശയങ്ങളെ ഉള്‍ക്കൊള്ളിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നതിന് ടാഗോറിന് പ്രേരണയാകുന്നത്. 1896-97 കാലയളവില്‍ ഇന്ത്യന്‍- പേര്‍ഷ്യന്‍ മിനിയേച്ചര്‍ ശൈലിയില്‍ ബംഗാളിലെ വൈഷ്ണവ സാഹിത്യത്തിലെ ആശയങ്ങളെ ഉള്‍പ്പെടുത്തി ജലച്ചായത്തില്‍ വരച്ച ഇരുപതോളമുള്ള കൃഷ്ണലീല ചിത്രങ്ങള്‍ ശൈലിമാറ്റത്തിന്റെ പ്രമുഖമായ ഉദ്ദാഹരണമാണ്.
ബംഗാള്‍ വിഭജനവും മാതാവിന്റെ ചിത്രവും
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് ഭരണതന്ത്രത്തിന്റെ ഭാഗമായി 1905ല്‍ കര്‍സണ്‍ പ്രഭു ഹിന്ദു - മുസ്ലീം ഭിന്നത ലക്ഷ്യം വച്ച് ബംഗാളിനെ മതാടിസ്ഥാനത്തില്‍ രണ്ടായി, കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചു. അതിനെതിരെയുള്ള പ്രതിഷേധമായാണ് സ്വദേശി പ്രസ്ഥാനം രൂപപ്പെടുന്നത്. വൈദേശിക ഉല്‍പന്നങ്ങളെ ഉപേക്ഷിക്കുക എന്ന മുദ്രാവാക്യം നാടെങ്ങും ഉയര്‍ന്നു കേട്ടു. ഈ പശ്ചാത്തലത്തിലാണ് പ്രഭാസിയെന്ന കലാ- സാംസ്‌കാരിക വാരികയില്‍ മാതൃമൂര്‍ത്തി എന്ന പേരില്‍ ചിത്രകാരന്റെ പേരില്ലാതെ അബനീന്ദ്രനാഥ് ടാഗോറിന്റെ ഭാരതമാതാ ചിത്രം ആദ്യമായി അച്ചടിച്ചു വരുന്നത്. തദ്ദേശീയ ശൈലിയില്‍ മാതൃഭൂമിയെ ചിത്രീകരിച്ചുകൊണ്ട് ഇന്ത്യന്‍ കലയെയും സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള ഇംഗ്ലീഷ് ശ്രമങ്ങളെ പ്രതിരോധിക്കുകയായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്.
നെല്‍ക്കതിര്‍, വെള്ളത്തുണി, രുദ്രാക്ഷം, പുസ്തകം എന്നിവയുമായി സാധ്വിയെപ്പോലെ കാവിയുടുത്ത ഒരു സ്ത്രീയെയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രകാശവലയവും കാല്‍ചുവട്ടിലെ താമരയും ദിവ്യപരിവേഷവും നല്കുന്നു. നാല് കൈകളും അതുല്യമായ ആര്‍ദ്രഭാവവും ദിവ്യത്വത്തിന് വ്യാപ്തി കൂട്ടുന്നുണ്ട്. പരിപൂര്‍ണ്ണമായും ഇന്ത്യന്‍ രൂപകങ്ങളാണ് ചിത്രത്തിലുള്ളത്. ജാപ്പനീസ് വാഷ് ശൈലിയുടെ സ്വാധീനമുള്ള ജലച്ചായത്തില്‍ വരയ്ക്കപ്പെട്ട ചിത്രം ടാഗോറിന്റെ പാന്‍-ഏഷ്യന്‍ താല്‍പര്യങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു.
പത്തൊമ്പത്താം നൂറ്റാണ്ടോട് കൂടി രാഷ്ട്രത്തിന് മാതൃസ്വരൂപം നല്‍കുന്ന പ്രയോഗങ്ങള്‍ പലയിടങ്ങളിലായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യരൂപത്തില്‍ ആദ്യമായി വരയ്ക്കുന്നത് ടാഗോറാണ്. 1882ല്‍ പുറത്തിറങ്ങിയ ആനന്ദമഠം എന്ന നോവലില്‍ ബംഗാളി സാഹിത്യകാരന്‍ ബങ്കിം ചന്ദ്ര ചതോപാധ്യായ മുന്നോട്ട് വെച്ച ഭാരതമാതാ എന്ന പ്രതീകത്തിന്റെ സ്വാധീനം ടാഗോറിന്റെ ചിത്രത്തിനുമുണ്ടായിരുന്നു.
ഈ ചിത്രത്തെ തുടര്‍ന്ന് പ്രഭാസി മാസികയില്‍ മാതമൂര്‍ത്തി എന്ന പേരില്‍ രണ്ട് ചിത്രങ്ങള്‍ കൂടി അച്ചടിച്ചു വന്നു. പിയറി പുവിസ് ഡെ ചാവനസിന്റെ ഉറങ്ങുന്ന പാരീസിനെ നോക്കി നില്ക്കുന്ന സെയിന്റ്. ജെനീവയുടെ ചിത്രവും ഡഗ്‌നാന്‍ ബൊവെററ്റിന്റെ മഡോണയുടെ ചിത്രവും. മാത്യരൂപങ്ങളെ വിശുദ്ധിയുടെയും പൗരബോധത്തിന്റെയും വിമോചനത്തിന്റെയും സൂചകങ്ങളായി കാണുന്ന ആഗോളാശയത്തെ പങ്കുവെയ്ക്കുകയായിരുന്നു വാരികയുടെ ലക്ഷ്യം.
ഭാരതമാതാ
ടാഗോറിന്റെ ചിത്രത്തിനെ സ്വദേശി പ്രസ്ഥാനത്തിന്റെ ചിഹ്നമായി അവതരിപ്പിക്കുന്നത് സിസ്റ്റര്‍ നിവേദിതയാണ്. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റര്‍ നിവേദിത ചിത്രത്തിന്റെ ആസ്വാദനത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, 'This is the first masterpiece, in which an Indian artist has actually succeeded in disengaging, as it were, the spirit of the motherland, giver of Faith and Learning, of Clothing and Food,-and portraying Her, as she appears to the eyes of Her children.' ('ഒരു ഇന്ത്യന്‍ കലാകാരന്‍ വിജയകരമായി, മാതൃഭൂമിയുടെ ആത്മാവിനെ-വിശ്വാസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വസ്ത്രത്തിന്റെയും ആഹാരത്തിന്റെയും ദാതാവായി- വ്യക്തമായി തിരിച്ചറിയിക്കുകയും, അവളുടെ കുഞ്ഞുങ്ങളുടെ കണ്ണുകളില്‍ അവളെ എങ്ങനെയാണോ കാണുന്നത് അത് പോലെ ചിത്രീകരിക്കയും ചെയ്തിരിക്കുന്ന ആദ്യത്തെ അമൂല്യ സൃഷ്ടിയാണ് ഇത്.)
നെല്‍ക്കതിര്‍ ആഹാരത്തിന്റെയും പുസ്തകം വിദ്യയുടെയും തുണി വസ്ത്രത്തിന്റെയും രുദ്രാക്ഷം ആത്മീയതയുടെയും സൂചകമായിട്ടാണ് നിരീക്ഷിക്കപ്പെട്ടത്. ആധുനിക ഭാരതം എന്ന ആശയം എന്തെല്ലാം ഘടകങ്ങളുടെ സംയോജനമാകണമെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ഇന്ത്യന്‍ കല കാത്തിരിക്കുകയായിരുന്നു എന്നാണ് ലേഖനത്തില്‍ കുറിയ്ക്കുന്നത്.
ലേഖനത്തിന്റെ അവസാന ഭാഗങ്ങളില്‍ സിസ്റ്റര്‍ നിവേദിത എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇന്ത്യന്‍ ശൈലിയില്‍ ഇന്ത്യന്‍ ഹൃദയങ്ങളിലേക്കുള്ള അഭ്യര്‍ത്ഥനയാണ്. പതിനായിരക്കണക്കായി ഞാനത് അച്ചടിച്ച് വിതരണം ചെയ്യും. കേദാര്‍നാഥ് മുതല്‍ കന്യാകുമാരി വരെയുള്ള കര്‍ഷകന്റെ വീട് മുതല്‍ കരകൗശലക്കാരന്റെ കുടില്‍ വരെയുള്ള ഇടങ്ങളില്‍ ഈ ഭാരതമാതാവിന്റെ ചിത്രം ഏതെങ്കിലും ഒരു ചുവരിലുണ്ടാകും. ഓരോ പ്രാവശ്യം അതിലേക്ക് നോക്കുമ്പോഴും ആ രൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന വിശുദ്ധിയും സൗകുമാര്യവും അതിന്റെ പ്രത്യേകതായി മുന്നിലേക്ക് വരും. ഇത് തീര്‍ച്ചയായും വളരെ നല്ല കാര്യമാണ്, കാരണം, ഒരു ഭാരതീയന്‍ തന്റെ ആളുകള്‍ക്ക് വേണ്ടി വരച്ച ഇന്ത്യയുടെ ആദ്യ ചിത്രത്തില്‍ മുന്നില്‍ നില്ക്കുന്നത് ഈ സവിശേഷതകളാണ് എന്നത്.
ഇന്ത്യ എന്ന ആശയം
അബനീന്ദ്രനാഥ് ടാഗോറിന്റെ ഭാരതമാതാ ഒരു ആശയമായിരുന്നു. തന്റെ മക്കളോട് ഒരേയളവില്‍ സ്‌നേഹവും കരുതലുമുള്ള, ഇന്ത്യ എന്ന മാതാവ് എന്താണ് മക്കള്‍ക്ക് നല്‍കുന്നത് എന്നതിന്റെ പ്രതീകമായിരുന്നു അത്. സിസ്റ്റര്‍ നിവേദിത ആ ചിത്രത്തെ ദേശീയതയോട് ചേര്‍ത്ത് വെയ്ക്കുന്നതും ഈ വായനയുടെ തുടര്‍ച്ചയിലാണ്. ഇന്നലെകളിലെ ഇതിഹാസങ്ങളും പോരാട്ടങ്ങളും ജീവിതവും നമ്മുടെ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും വിഹാരങ്ങളിലും സ്തൂപങ്ങളിലും വരച്ചിട്ടതും കൊത്തിവെച്ചതും പോലെ വര്‍ത്തമാന കാലത്തെ അഭിസംബോധന ചെയ്യുന്ന പ്രതീകങ്ങള്‍ ഉള്‍ച്ചേര്‍ന്ന കലാസൃഷ്ടികള്‍ ഇന്ത്യയുടെ ഇടങ്ങളില്‍ നിറയണമെന്ന ആഗ്രഹത്തിന്റെ തുടക്കമായിരുന്നു അത്. സിസ്റ്റര്‍ നിവേദിത ഈ ലേഖനത്തില്‍ തന്നെ കുറിയ്ക്കുന്നുണ്ട്, ഇന്ത്യയിലെ പൊതുയിടങ്ങളില്‍ എന്തെല്ലാം ചിത്രങ്ങളാണ് ചിത്രീകരിക്കുവാന്‍ ആഗ്രഹിക്കുന്നത് എന്ന്. പുരാണങ്ങളല്ല. മറിച്ച്, അശോകന്‍ ധര്‍മ്മ പ്രചാരണത്തിന് ദൂതന്മാരെ അയക്കുന്നത്, കനിഷ്‌കന്‍ ഉപദേശക യോഗത്തിലിരിക്കുന്നത്, വിക്രമാദിത്യന്‍ അശ്വമേധം നടത്തുന്നത്, അക്ബറിന്റെ കിരീടധാരണം, താജ് പണികഴിപ്പിക്കുന്നത്, ഔറംഗസീബിന്റെ കബറടക്കം, ടിപ്പേര (ത്രിപുര) കുന്നിലെ ജാനാബി രാജ്ഞി തുടങ്ങിയവയാണ് അവ. പുഴക്കടവില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന എല്ലാ സ്ത്രീകള്‍ക്കും പണിസ്ഥലങ്ങളിലേക്ക് പോയിവരുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇന്ത്യ എന്ന ആശയവും നാലായിരം വര്‍ഷങ്ങള്‍ക്കൊണ്ട് ഇന്ത്യ എങ്ങനെയാണ് രൂപപ്പെട്ടത് എന്നും പരിചിതമാകണം എന്ന സ്വപ്നത്തിന്റെ ആദ്യപടിയായിരുന്നു ഭാരതമാതാ എന്ന ടാഗോറിന്റെ ചിത്രം, എല്ലാ നന്മകളും നല്കുന്ന മാതാവായ ഭാരതം.
ഭാരതമാത എന്ന ആശയം അങ്ങനെ തന്നെ തുടരട്ടെ. കവി മധുസൂദനന്‍ നായര്‍ ഭാരതീയത്തില്‍ കുറിച്ചത് പോലെ
'മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
വിശ്വത്തിനായി തുടിയ്ക്കുമീ മാറില്‍
നിന്നൊരു സ്വരജ്വാലയായ് നീ ഉയിര്‍ക്കാ
ഒരു തുളിതാളവുമെടുത്തുകൊള്‍ക
നിറകതിര്‍പീലി വേലേറ്റുകൊള്‍ക
'മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
വിശ്വത്തിനായി തുടിയ്ക്കുമീ മാറില്‍
നിന്നൊരു സ്വരജ്വാലയായ് നീ ഉയിര്‍ക്കാ
ഒരു തുളിതാളവുമെടുത്തുകൊള്‍ക
നിറകതിര്‍പീലി വേലേറ്റുകൊള്‍ക
References:
Nivedita, S., & Atmaprana, P. (Ed.). (2003). The Complete Works of Sister Nivedita (Vol. 3, pp. 183-185). Kolkata: Advaita Ashrama.
MAP Academy Encyclopedia of Art. 'Abanindranath Tagore.' April 21, 2022. Accessed June 7, 2025.
Kumar, Aparna. 'Abanindranath Tagore's Bharat Mata: Bengal School Painting and the Idea of India.' Smarthistory, February 2024. Accessed June 7, 2025.
DAG Museums. 'Is this painting really titled 'Bharat Mata...' Instagram, June 2022.