വിയോജിപ്പുകൾക്ക് ഉത്തരം തടവറയാകുന്ന കെട്ടകാലം

വിയോജിപ്പുകൾക്ക് ഉത്തരം തടവറയാകുന്ന കെട്ടകാലം

ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമെന്ന നിലക്ക് ഇന്ത്യ അതിന്റെ ഏറ്റവും ഇരുണ്ട ഇടനാഴികളിലേക്ക് കാലെടുത്തു വെക്കുകയാണ്. വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കും തടവറ ഉത്തരമാകുന്ന കെട്ടകാലം. അതീവ ദുർബല സാങ്കേതിക വാദങ്ങളുന്നയിച്ച് രാഹുൽ ഗാന്ധിയെ തുറുങ്കിലടക്കാനും ആ വിധിയെ അടിസ്ഥാനമാക്കി സ്ഥാനഭ്രഷ്ടനാക്കാനും നടന്ന നീക്കം ഈ കാലത്തിന്റെ സാക്ഷ്യപത്രമല്ലാതെ മറ്റൊന്നുമല്ല.

നൂറു കണക്കിന് വിഷലിപ്തവും പ്രകോപനപരവുമായ പ്രസംഗങ്ങളും പ്രവൃത്തികളും പ്രദർശനങ്ങളും ദിനംപ്രതിയെന്നോണം അരങ്ങേറുന്ന നാട്ടിലാണ്, രാഹുലിനെ ഒരു പ്രസംഗത്തിലെ വാചകത്തെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്, ശിക്ഷിക്കാനും നിശ്ശബ്ദനാക്കാനും ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവിനാണ് ഈ ദുരവസ്ഥ. ഭൂരിപക്ഷത്തിന്റെ സമഗ്ര സർവ്വാധിപത്യമല്ല, പ്രതിപക്ഷമായിരിക്കുന്ന ന്യൂനപക്ഷത്തെക്കുറിച്ച് ആ ഭൂരിപക്ഷത്തിനുള്ള പരിഗണനയിലും ആദരവിലുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ നീതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എ.കെ.ജി യുടെ ഓർമദിനമായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹത്തോട് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു, എല്ലാ വിയോജിപ്പുകൾക്കിടയിലും പുലർത്തിയിരുന്ന ആദരവും പ്രതിപക്ഷ ബഹുമാനവും അന്ന് എല്ലാവരുമോർത്തു. ഈ അടിസ്ഥാന നീതിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഭരണകൂട വിമർശനത്തിന്റെ പേരിൽ, കോർപ്പറേറ്റ് വാഴ്ചയെ ചോദ്യം ചെയ്തതിന്റെ പേരിൽ, ന്യൂനപക്ഷ വിഭാഗങ്ങളിലോ ദലിത് വിഭാഗങ്ങളിലോ പിറന്നു പോയതിന്റെ പേരിൽ, നൂറു കണക്കിന് മനുഷ്യരാണ് പല കരിനിയമങ്ങളുടെ പേരിലും ഇന്ത്യൻ ജയിലുകളിൽ വിചാരണ പോലും നിഷേധിക്കപ്പെട്ടു കിടക്കുന്നത്.

മോഡി ഭരണകൂടത്തിന്റെ ജനദ്രോഹ, കോർപ്പറേറ്റ് കുഴലൂത്തിന്റെ, വർഗ്ഗീയതയുടെ നയങ്ങളുടെ വ്യാപ്തി നാൾ തോറും വർദ്ധിച്ചു വരികയാണ്. അതിനെതിരായ പോരാട്ടങ്ങളുടെ ചരിത്രത്തിൽ കർഷകരുടെ ഐതിഹാസിക സമരത്തിന് ശേഷം രാജ്യം കണ്ട പ്രധാന മുന്നേറ്റമായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്ര. പ്രതിപക്ഷ കക്ഷികളുടെ കൃത്യവും ശക്തവുമായ ഏകോപനമുണ്ടായാൽ തകരാനുള്ള രാഷ്ട്രീയ ബലമേ ബിജെപി സർക്കാരിനുള്ളൂ. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ യാത്ര സൃഷ്ടിച്ച ബഹുജന സ്വാധീനം ബിജെപി ഭയക്കുന്നുണ്ട്.

അതിന് നേതൃത്വം നൽകിയ രാഹുലിനെ തളച്ചാൽ എതിർപ്പുകളുടെ തരംഗങ്ങൾ അവസാനിപ്പിക്കാമെന്നാണ് ഫാഷിസ്റ്റ് ഭരണാധികാരികളുടെ ഉള്ളിലിരിപ്പ്. എന്നാൽ അത് വ്യാമോഹം മാത്രമായിരിക്കും. ഏകാധിപതികളുടെ, ഏകാധിപത്യ വാഴ്ചകളുടെ ചരിത്രം മുഴുവൻ ജനങ്ങളോടുള്ള ക്രൂരതയുടേതാണെന്ന പോലെ അവയുടെ ദയനീയ പരാജയങ്ങളുടേതും കൂടിയാണ്.

അതുകൊണ്ട്, ഈ സമയവും കടന്നുപോവും.

പ്രിയ രാഹുൽ, നിരുപാധികം താങ്കൾക്കൊപ്പം.

Related Stories

No stories found.
logo
The Cue
www.thecue.in