നോട്ടുനിരോധനത്തിന്റെ വെളുത്ത തട്ടിപ്പിന് അഞ്ചാണ്ട്

നോട്ടുനിരോധനത്തിന്റെ വെളുത്ത തട്ടിപ്പിന്  അഞ്ചാണ്ട്
Summary

റിസർവ് ബാങ്ക് കണക്കുകൂട്ടലനുസരിച്ച് 25-30% നോട്ടുകൾ ബാങ്കിലേക്ക് തിരിച്ചുവരില്ല എന്നായിരുന്നു കരുതിയത്. എന്നാൽ നോട്ടു നിരോധന പ്രഖ്യാപനത്തിന് അഞ്ചാഴ്ച തികയുമ്പോഴേക്കും 12.44 ലക്ഷം കോടി അഥവാ 88% നോട്ടുകളും ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. ആളും ആരവവും ഒഴിഞ്ഞപ്പോഴേക്കും ഏതാണ്ട് 100%-വും നോട്ടുകൾ നിക്ഷേപിക്കപ്പെട്ടതോടെ നോട്ടുനിരോധനമെന്ന ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യത്തിന്‌ അവസാനമായി.

നോട്ട് നിരോധനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ പ്രമോദ് പുഴങ്കര എഴുതുന്നു

ഇന്ത്യൻ ജനതയുടെ മുകളിൽ ഫാഷിസ്റ്റ് ഭരണകൂടം നേടിയെടുത്ത സമഗ്രമായ ആധിപത്യത്തിന്റെ ഏറ്റവും മൂർത്തമായ നടപടിയായിരുന്ന നോട്ടു നിരോധനം (note ban ) അഥവാ Demonetization എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നാം മോദി സർക്കാരിന്റെ പ്രഖ്യാപനം. 2016 നവംബർ 8-നു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി 500-ന്റെയും 1000-ത്തിന്റെയും നോട്ടുകളുടെ വ്യവഹാരസാധ്യത റദ്ദാക്കിയതോടെ അക്ഷരാർത്ഥത്തിൽ രാജ്യത്തെ സാധാരണക്കാർ അന്തംവിട്ടുപോയി എന്നതാണ് വസ്തുത. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്ന പേരിൽ മോദി നടത്തിയ ഈ തട്ടിപ്പ് പരിപാടി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയാകെ അടപടലം തകിടം മറിച്ചു. ഏതാണ്ട് 14.18 ലക്ഷം കോടി രൂപയുടെ നോട്ടുകൾ റദ്ദാക്കപ്പെട്ടു. സാമ്പത്തിക വ്യവഹാരത്തിലുള്ള 16.41 ലക്ഷം കോടി രൂപയിലെ 86% നോട്ടുകളും നിയമസാധുത നഷ്ടപ്പെട്ട് വെറും കടലാസു കഷണങ്ങളായി മാറി. പരിമിതമായ തോതിൽ നോട്ടുകൾ മാറ്റിക്കൊടുക്കാനുള്ള സംവിധാനം മാത്രമുണ്ടായിരുന്ന ബാങ്കുകൾക്ക് മുന്നിൽ നിരാശ്രയക്കാരായ ജനങ്ങളുടെ നീണ്ട നിരകൾ അമ്പരന്നു നിന്നു.

ഒളിച്ചുവെച്ച കള്ളപ്പണം വെളിപ്പിച്ചെടുക്കാനാകാതെ ധനികർ ഭ്രാന്തുപിടിച്ച് നെട്ടോട്ടമോടുന്ന സ്വപ്നം വിൽക്കാൻ വെച്ചിരുന്നു. അത് വാങ്ങാൻ പാകപ്പെട്ട ഒരു ജനതയെ സംഘപരിവാർ മാത്രമല്ല ജനാധിപത്യത്തിലെ എല്ലാ വിധ ജനപങ്കാളിത്തത്തേയും പടിപടിയായി ഇല്ലാതാക്കിയ പതിറ്റാണ്ടുകളായുള്ള നമ്മുടെ വക്രീകരിക്കപ്പെട്ട രാഷ്ട്രീയ-സാമൂഹ്യ സംവിധാനം സൃഷ്ടിച്ചിരുന്നതുകൊണ്ട് ഒരു വരിയും പൊട്ടിത്തെറിച്ചില്ല. ഒരു ബാങ്കും ആക്രമിക്കപ്പെട്ടില്ല. ജനങ്ങൾ പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളും കലാപത്തിന്റെ രാഷ്ട്രീയവും മറന്നിരിക്കുന്നു എന്ന അതിഭയാനകമായ ശൈത്യം ജനാധിപത്യത്തിന് മുകളിൽ കരിമ്പടമായി വിരിച്ചിട്ടു.

കള്ളപ്പണം ആവിയായിപ്പോകുമെന്നും ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ digitalize ചെയ്യുമെന്നും എല്ലാവിധ സാമ്പത്തിക വ്യവഹാരങ്ങളും ഔദ്യോഗികമായി കണക്കുവെക്കപ്പെടുന്ന ആദർശാത്മക സാമ്പത്തിക വ്യവസ്ഥ സൃടിക്കപ്പെടുമെന്നുമടക്കം നിരവധിയായ വാങ്മയചിത്രങ്ങൾ മോദി സർക്കാരിന്റെ കുഴലൂത്ത് മാധ്യമങ്ങൾ വരച്ചുകാട്ടി. ATM-കൾക്ക് മുന്നിലെ നീണ്ട നിരകളിൽ തളർന്നുകിടക്കുന്ന മനുഷ്യർക്ക് നിങ്ങൾ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെപ്പോലെയാണ് എന്ന വീരശൂരബഹുമതികൾ നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ ചിത്രം തലകുത്തനെ തെളിഞ്ഞുതുടങ്ങി. കള്ളപ്പണത്തിന്റ ആഖ്യാനം പിഴച്ചെന്ന് മനസിലായതോടെ പ്രധാനമന്ത്രിയടക്കം 'cashless സൊസൈറ്റി' എന്ന സുന്ദര സ്വപനത്തിലേക്ക് പതുക്കെ കളം മാറ്റി.

ഒരു കള്ളപ്പണക്കാരനും കുത്തുപാളയെടുത്തില്ല. കള്ളപ്പണം ധാന്യപ്പുരകളിൽ ഒളിച്ചുവെക്കുന്നില്ല, തലയണകളിൽ ശേഖരിക്കപ്പെടുന്നില്ല, അരിപ്പെട്ടികളിൽ പൂഴ്ത്തിവെക്കപ്പെടുന്നില്ല, ആകാശത്തിലെ പറവകളെ നോക്കൂ, അവയും കള്ളപ്പണക്കാരും ഒരേ പോലെ സ്വതന്ത്രരായി പറന്നുനടക്കുന്നു എന്ന വചനം സത്യമായി.

മൊത്തം തൊഴിൽ സേനയുടെ 86% പണിയെടുക്കുന്ന അസംഘടിത തൊഴിൽമേഖല നോട്ടുനിരോധനത്തിന്റെ ആദ്യനാളുകളിൽത്തന്നെ പറ്റേ തകർന്നുപോയി. അവയുടെ ഉത്പാദന,വിതരണ,വിൽപ്പന ശൃംഖലകൾ പണത്തിന്റെ ചാക്രികവിനിമയം നിലച്ചതോടെ ഒരറ്റത്തുനിന്നും പൊളിഞ്ഞുവീഴാൻ തുടങ്ങി. നരേന്ദ്ര മോദിയുടെ സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയിലെ നെയ്ത്തു ശാലകളടക്കം ഇതിന്റെ ഏറ്റവും മൂർത്തമായ ഉദാഹരണങ്ങളായിരുന്നു. ഗ്രാമീണ ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളുടെ ജൈവനാഡികൾ തലങ്ങും വിലങ്ങും മുറിക്കപ്പെട്ടു. അസംഘടിത മേഖലയിലെ തൊഴിലാളികൾ വീണ്ടും പാപ്പരായി. ആ കണക്കുകളിൽപ്പോലും ഇടം പിടിക്കാത്ത ലക്ഷക്കണക്കിന് മനുഷ്യർ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ നോട്ടുകളുടെ ബാങ്കുകൾക്ക് മുന്നിൽ പാതിരാവിലും വരി നിന്നു.

റിസർവ് ബാങ്ക് കണക്കുകൂട്ടലനുസരിച്ച് 25-30% നോട്ടുകൾ ബാങ്കിലേക്ക് തിരിച്ചുവരില്ല എന്നായിരുന്നു കരുതിയത്. എന്നാൽ നോട്ടു നിരോധന പ്രഖ്യാപനത്തിന് അഞ്ചാഴ്ച തികയുമ്പോഴേക്കും 12.44 ലക്ഷം കോടി അഥവാ 88% നോട്ടുകളും ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു. ആളും ആരവവും ഒഴിഞ്ഞപ്പോഴേക്കും ഏതാണ്ട് 100%-വും നോട്ടുകൾ നിക്ഷേപിക്കപ്പെട്ടതോടെ നോട്ടുനിരോധനമെന്ന ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യത്തിന്‌ അവസാനമായി. എന്നാലത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നിഷേധാത്മമകമായ ആഘാതങ്ങളിലേക്ക് തിരിച്ചുപോക്കില്ലാത്ത വിധം തള്ളിവിട്ടിരുന്നു.

സാമ്പത്തിക ഇടപാടുകളിൽ പണത്തിന്റെ കടലാസ് രൂപത്തിലുള്ള സാന്നിധ്യം കുറയ്ക്കും എന്നതായിരുന്നു നോട്ടു നിരോധനത്തിന്റെ ഒരു ലക്ഷ്യമായി പറഞ്ഞിരുന്നത്. നോട്ടു നിരോധനത്തിന് മുമ്പ് 2015-16-ൽ ഇന്ത്യയുടെ GDP (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 12.1% ആയിരുന്നു ഇടപാടുകളിലുള്ള നോട്ടുകൾ. 2016-17-ൽ നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങളുടെ ഭാഗമായി അത് 8.7% ആയി കുറഞ്ഞു. എന്നാൽ തത്തുല്യമായ പണം വിപണിയിൽ വീണ്ടും നിറഞ്ഞതോടെ നോട്ടിടപാടുകൾ പഴയ നിലയിലേക്ക് വീണ്ടുമെത്തി. 2019-ൽ ഇത് 12%-മായി. 2020-21 ആയപ്പോഴേക്കും ഇത് വീണ്ടുമുയർന്ന് 14.5% ആയി. നവംബർ 25 , 2016 ലേതിനേക്കാൾ ജനങ്ങളുടെ കയ്യിലുള്ള കടലാസ് പണം 211% കൂടുതലാണെന്ന്‌ റിസർവ് ബാങ്ക് തന്നെ പറയുന്നു. Cashless India -യുടെ ചരിത്രപരിണാമങ്ങൾ!

പണം എന്നാൽ അച്ചടിക്കുന്ന നോട്ടുകളുടെ മൂല്യത്തിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. നമ്മളിപ്പോൾ കാണുന്ന തറ സാമ്പത്തിക വ്യവസ്ഥയിൽ കടലാസ് പണം അതിന്റെ ഉപയോഗത്തിലൂടെ പല തലങ്ങളിലായി മൂല്യവര്‍ധന ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള നിരവധിയായ തുടർ ഇടപാടുകളാണ് പണം ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളും അതിൽ നിന്നുള്ള മൂല്യവര്‍ധനവും ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള നിരവധിയായ തുടർ പണമിടപാടുകൾ അഥവാ പണത്തിന്റെ ചംക്രമണ പ്രവേഗം (Velocity of circulation ) നോട്ട് നിരോധനത്തോടെ അപ്രതീക്ഷിതമായി നിലയ്ക്കുന്നു. ഇത് തിരിച്ചുപിടിക്കുക എന്നത് ദുസാധ്യമായ ഒരു കാര്യമായി മാറുകയും ചെയ്തതിനു ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാഹരണമാണ്.

കള്ളപ്പണമാകട്ടെ ഈ നാടകത്തിനിടയിലും സുഗമമായി സൃഷ്ടിക്കപ്പെടുകയും അതിന്റെ വിതരണവും ഉപയോഗവും നടക്കുകയും ചെയ്തു. കള്ളപ്പണത്തെക്കുറിച്ച് ചാക്കുകെട്ടുകളിലും നിലവറകളിലും സൂക്ഷിച്ച പണം എന്ന തോന്നൽ നിലനിന്നതുകൊണ്ട് ജനം കള്ളപ്പണക്കാർ പതുങ്ങിപ്പതുങ്ങി തലയിൽ മുണ്ടിട്ട് പുറത്തുവരുന്നത് കാത്തിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല.

കള്ളപ്പണം ഒരു കാലത്തും പണമായി സൂക്ഷിക്കപ്പെടുന്നില്ല എന്നത് പ്രാഥമികമായ സാമ്പത്തിക വിവരമാണ്. അത് ഭൂമിയടക്കമുള്ള പല തരം ചരക്കുകളിലെ നിക്ഷേപമാണ് ഊഹമൂലധനത്തിന്റെ അടിത്തറയായും നിയമപരമായ സാമ്പത്തിക വ്യവഹാരങ്ങളിലേക്ക് വീണ്ടും തള്ളിയെത്തുന്ന പണമായുമൊക്കെ "വെളുപ്പിക്കപ്പെടുന്നു".

കള്ളപ്പണം തനിയെ ഉണ്ടാകുന്നില്ല. Black money ഉണ്ടാകുന്നത് Black economy -യിൽ നിന്നാണ്. ഈ സമാന്തര സമ്പദ്‌വ്യവസ്ഥയെ ഒരു തരത്തിലും തൊടാതെ നടത്തിയ നോട്ടു നിരോധന നാടകം എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന നാടകീയത ഉണ്ടാക്കിയതിൽ കവിഞ്ഞു Black economy -യുടെ ഒരു കോശത്തിൽപ്പോലും സ്പർശിച്ചില്ല.

ഇന്ത്യയിൽ കള്ളപ്പണം ഏറ്റവും സജീവമായി ഉപയോഗിക്കുന്ന ഒരു മേഖല തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയകക്ഷികൾക്കുള്ള സംഭാവനകളിലുമാണ്. ഇത് രണ്ടിലും കോർപ്പറേറ്റുകൾക്കും കള്ളപ്പണക്കാർക്കും പണം വെളുപ്പിക്കൽ പരിപാടി വളരെ ആധികാരികമായി നടത്താൻ വേണ്ടി Electoral Bond സമ്പ്രദായം കൊണ്ടുവന്നു മോദി സർക്കാർ.

നഷ്ടത്തിലായ കമ്പനികൾക്കും കടലാസ് കമ്പനികൾക്കുവരെ യാതൊരു പരിധിയുമില്ലാതെ രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാമെന്നും അതിന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വന്നതോടെ രണ്ടായിരത്തിൽ നോട്ടിലെ ചിപ്പുകൾ സാധാരണക്കാരന്റെ വീട്ടിലെ അരിപ്പെട്ടിയിൽ മാത്രം കിടന്നു നിലവിളിച്ചുകൊണ്ടിരുന്നു.

ഇന്ത്യ കണ്ട ഇത്രയും നിരുത്തരവാദപരമായ ഒരു സാമ്പത്തികാക്രമണം മോദി സർക്കാർ നടത്തിയിട്ടും അതിനെതിരെ കാര്യമായ ജനകീയ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല എന്നും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ പരിക്കുകളില്ലാതെ വീണ്ടും അധികാരത്തിൽ വന്നു എന്നുമുള്ളതാണ് ഇന്ത്യയിൽ ഫാഷിസം ഒരു ആൾക്കൂട്ട പിന്തുണയുടെ ഉന്മാദം സൃഷ്ടിച്ചുകഴിഞ്ഞു എന്നതിന്റെ ആശങ്കപ്പെടുത്തുന്ന സൂചനകൾ ആദ്യം തന്നത്. ഇത്രയും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന, സാധാരണക്കാരന്റെ ജീവിതത്തെ തകിടം മറിച്ച ഒരു നടപടിയുണ്ടായിട്ടും ദുർബലമായ ചില സമരങ്ങള്‍ ഉണ്ടാക്കാനല്ലാതെ വലിയൊരു ജനകീയ സമരം പോലും ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷത്തിനായില്ല. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള സമരങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമായതിന്റെ ഏറ്റവും വലിയ പ്രത്യാഘാതമായിരുന്നു നോട്ടു നിരോധനത്തിന് പിന്നാലെ നിശബ്ദരായി ബാങ്കുകൾക്ക് മുന്നിൽ വരി നിന്ന ജനത.

നാല് വർഷത്തിന് ശേഷം സമാനമായ രീതിയിൽ കോവിഡ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോഴും ഇതേ നിസഹായത തുടർന്നു. ലക്ഷക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവുമില്ലാതെ, യാത്രാ സൗകര്യങ്ങളില്ലാതെ നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടന്നു നീങ്ങി. നിരവധി പേർ വഴിയിൽ മരിച്ചു വീണു. ഇന്ത്യയിലെ സാധാരണ മനുഷ്യനിൽ നിന്നും രാഷ്ട്രീയപങ്കാളിത്തവും തങ്ങളുടെ ശബ്ദത്തിലുള്ള ആത്മവിശ്വാസവും ഇനിയും താഴോട്ട് പോകാനില്ലാത്ത വിധം ഇല്ലാതായിക്കഴിഞ്ഞു എന്ന തിരിച്ചറിവായിരുന്നു അത്.

അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ രാജ്യതലസ്ഥാനത്തിനു ചുറ്റും കർഷകർ സമരത്തിലാണ്. നൂറുകണക്കിന് ദിവസങ്ങളായി സമരം തുടരുകയാണ്. മത,സമുദായ ഭേദങ്ങളുടെ പേരിലല്ലാതെ രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ വീണ്ടും ഒരു സമരം എത്രയോ നാളുകൾക്കു ശേഷം നടക്കുകയാണ്. ബാങ്കുകൾക്ക് മുന്നിലെ വരികളിൽ നിന്ന് കള്ളപ്പണക്കാരെ പുകച്ചുചാടിക്കാൻ മോദിക്ക് പിന്തുണ നൽകിയ വലിയൊരു വിഭാഗം മനുഷ്യർ രാഷ്ട്രീയമായ തിരിച്ചറിവിലേക് പതുക്കെയെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിലെ പ്രതീക്ഷ ദൈവത്തിലുള്ള അന്ധവിശ്വാസം പോലെയല്ല. അത് സമരഭരിതമായ നിരന്തരകാലങ്ങളെ ആവശ്യപ്പെടുന്നു.

The Cue
www.thecue.in