ബിഷപ്പിനെ തിരുത്താനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നടത്തേണ്ടത്

ബിഷപ്പിനെ തിരുത്താനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നടത്തേണ്ടത്
Summary

സമുദായ സൗഹാർദ്ദം നിലനിൽക്കാൻ മുഖ്യമന്ത്രി ചെയ്യേണ്ടത്, മാധ്യമപ്രവര്‍ത്തകന്‍ കെ.സുനില്‍കുമാര്‍ എഴുതുന്നു

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൽ നടത്തിയ 'ലവ് ജിഹാദ്', ' നാർകോട്ടിക് ജിഹാദ്' പരാമർശങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകളും വസ്തുതകളും നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. അത് സമുദായ സ്പർധ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. സമുദായ സൗഹാർദ്ദ അന്തരീക്ഷം കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന വസ്തുതകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സാമുദായികമായ ചേരിതിരിവ് പ്രകടമാക്കുന്ന പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ വന്നുകൊണ്ടിരിക്കുന്നത്. അതിന് ആക്കം കൂട്ടാനുള്ള ശ്രമങ്ങൾ സംഘപരിവാർ സംഘടനകൾ നടത്തുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവാദപ്പെട്ട സർക്കാരിന് ബാധ്യതയുണ്ട്. അതിന് സർക്കാർ എന്താണ് ചെയ്യേണ്ടത്?

ബിഷപ്പിൻ്റെ പ്രതികരണങ്ങൾ സമുദായ സ്പർധ ഉണ്ടാക്കുന്നതാണ് എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ നിലക്ക് പ്രശ്ന പരിഹാരത്തിന് രണ്ട് സാധ്യതകളുണ്ട്. ആദ്യത്തേത് ബിഷപ്പ് തന്നെ ആ പരാമർശങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കലാണ്. ഇത്തരം ഒരു ആവശ്യം മുഖ്യമന്ത്രിയോ ബിഷപ്പിനെ നേരിട്ട് സന്ദർശിച്ച മന്ത്രി വി എൻ വാസവനോ സർക്കാരിനെ നയിക്കുന്ന സിപിഎമ്മോ ഉന്നയിച്ചിട്ടില്ല. സമാധാന ശ്രമങ്ങൾ നടത്തുന്നു എന്ന് പറയുന്ന പ്രതിപക്ഷമോ കോൺഗ്രസോ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല.

പരാമർശം പിൻവലിക്കപ്പെട്ടാൽ ഇപ്പോഴത്തെ അകൽച്ചയുടെ അന്തരീക്ഷം മയപ്പെടാനിടയുണ്ട്. എന്നാൽ ഇത്രയും പ്രതിഷേധങ്ങൾ ഉയർന്നിട്ടും അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല സിറോ മലബാർ സഭ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുയാണ് ചെയ്യുന്നത്. രണ്ട് മുന്നണികളിലുമായി നിൽക്കുന്ന കേരള കോൺഗ്രസുകളും ബിഷപ്പിനെ പിന്തുണക്കുകയാണ്. സമുദായ സ്പർധയുണ്ടാക്കുന്ന പരാമർശങ്ങൾ പിൻവലിക്കാൻ ബിഷപ്പ് ഇനിയും തയ്യാറാകാത്തതും സഭ അതിനെ പിന്തുണക്കുന്നതും നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയായി തന്നെയാണ് കാണേണ്ടത്.

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൽ
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൽ

ബിഷപ്പിൻ്റെ പരാമർശം പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നുണ്ട്. സിറോ മലബാർ സഭ ഒഴികെയുള്ള ക്രൈസ്തവ സഭകളും സംഘടനകളും ജിഹാദ് പരാമർശം സമുദായ സൗഹാർദ്ദത്തെയും സാഹോദര്യത്തെയും ഇല്ലാതാക്കുന്ന അനൗചിത്യമായാണ് കാണുന്നത്. സമുദായ സൗഹാർദ്ദം നിലനിർത്താൻ ശ്രമിക്കുന്ന വിവിധ വേദികളിൽ അവർ മുസ്ലിം സംഘടനകളുമായി ഒന്നിച്ച് ചേരുന്നുണ്ട്. എസ്എൻഡിപി യോഗം, കെപിഎംഎസ് തുടങ്ങിയ പിന്നാക്ക - ദലിത് സംഘടനകളും ബിഷപ്പിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ബിഷപ്പിൻ്റെ പരാമർശം പിൻവലിക്കണമെന്ന ആവശ്യത്തിൻ്റെ മുന്നിലുണ്ട്. ആദ്യഘട്ടത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് പി ടി തോമസും ബിഷപ്പിൻ്റെ പരാമർശങ്ങളെ ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ പിന്നീട് ബിഷപ്പ് ഹൗസുകളിൽ കയറിയിറങ്ങി തങ്ങൾ ബിഷപ്പിനോടൊപ്പമുണ്ട് എന്ന സന്ദേശം നൽകാനാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും വി ഡി സതീശനും ശ്രമിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ സമ്മർദ്ദം മാത്രമല്ല പ്രബലമായ കത്തോലിക്ക സഭയോട് കോൺഗ്രസ് എക്കാലത്തും പുലർത്തുന്ന വിധേയത്വവും ഇതിന് കാരണമാണ്. വിമോചന സമരം മുതൽ ഗാഡ്ഗിൽ റിപ്പോർട്ട് വരെ അതിൽ മാറ്റമില്ല ഇടതുപക്ഷത്തെ പോലെ കോൺഗ്രസും ഈ വിഷയത്തിൽ ഇരട്ടത്താപ്പാണ് കാട്ടുന്നത്.

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്‍
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്‍

പശ്ചിമഘട്ട സംരക്ഷണത്തിൽ എന്ന പോലെ ജിഹാദി പരാമർശത്തിലും ബിഷപ്പിനെ ശക്തമായി വിമർശിച്ച പി ടി തോമസിൻ്റെ പുതിയ നിലപാട് വ്യക്തമല്ല. ഗാഡ്ഗിൽ കാലത്ത് പി ടി യുടെ ശവമഞ്ചവുമായി തെരുവിലിറങ്ങിയ സഭക്ക് വീണ്ടും അതിനുള്ള ഇരയായി കോൺഗ്രസ് വിട്ടുകൊടുക്കുമോ എന്നറിയില്ല. അന്നും കേൺഗ്രസ് നേതൃത്വം ബോധപൂർവമായ മൗനത്തിലൂടെ സഭക്കൊപ്പം നിന്നു. മുസ്ലിം ലീഗ് മുസ്ലിം സംഘടനകളുടെയും സമുദായത്തിൻ്റെയും പൊതുവികാരത്തിനൊപ്പമാണെങ്കിൽ ബിഷപ്പിൻ്റെ പരാമർശം പിൻവലിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ യുഡിഎഫിനെയും കോൺഗ്രസിനെയും നിർബന്ധിക്കാൻ തയ്യാറാകണം. അല്ലാത്ത സമവായ ശ്രമങ്ങളും സമാധാന പ്രവർത്തനങ്ങളും കാപട്യമായിരിക്കും.

ബിഷപ്പിൻ്റെ പ്രസംഗം സമുദായ സൗഹാർദ്ദത്തെ കലുഷിതമാക്കിയതിലുള്ള അമർഷം സഭക്കുള്ളിലും ഉയരുന്നുണ്ട്. കുറവിലങ്ങാട്ടെ കന്യാസ്ത്രീകളും സഭയുടെ മുൻ വക്താവായ ഫാദർ തേലക്കാട്ടിലും മറ്റ് പുരോഹിതരും സഭ പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ത്രീ സംഘടനകളും പങ്ക് വെക്കുന്നത് ഈ വികാരമാണ്. സക്കറിയയെ പോലുള്ള പ്രശസ്തരായ എഴുത്തുകാർ ശക്തമായ വിമർശനവും പരിഹാസവുമാണ് സഭ നേതൃത്വത്തിനെതിരെ നടത്തിയത്.
പിണറായി വിജയനും ജോസ് കെ.മാണിയും
പിണറായി വിജയനും ജോസ് കെ.മാണിയും

വിദ്വേഷ പരാമർശം നടത്തിയ ബിഷപ് കല്ലറങ്ങാട്ടിലിനൊപ്പം ഇപ്പോൾ ഉറച്ചുനിൽക്കുന്നത് കത്തോലിക്ക സഭയും സംഘപരിവാറും കേരള കോൺഗ്രസുകളുമാണ്. സംഘപരിവാറും കത്തോലിക്ക സമുദായത്തിലെ ഒരു വിഭാഗവും തമ്മിൽ സമീപകാലത്ത് രൂപം കൊണ്ട അവിശുദ്ധ സഖ്യത്തിൻ്റെ തുടർച്ചയാണ് ബിഷപ്പിൻ്റെ പരാമർശവും സഭയുടെ പിന്തുണയും. സഭക്കുള്ളിൽ തന്നെയുള്ള വലിയൊരു വിഭാഗം പുരോഹിതർക്കും കന്യാസ്ത്രീകൾക്കും മതേതര- ജനാധിപത്യവാദികൾക്കും ഇതിൽ എതിർപ്പുകളുണ്ട്. സഭ നേതൃത്വത്തിൻ്റെ അവിഹിതമായ ഭൂമിക്കച്ചവടം, കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോയെ സംരക്ഷിക്കൽ, ബാലികയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പുരോഹിതനെ സംരക്ഷിക്കൽ, കന്യാസ്ത്രീകളുടെ ദുരൂഹ മരണങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ച ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ വെച്ച് കൊല്ലപ്പെടുന്നത് തടയാൻ ശ്രമിക്കാതിരിക്കൽ തുടങ്ങി നിരവധി വിഷയങ്ങളിൽ സഭ നേതൃത്വത്തിനെതിരെ വിശ്വാസികൾക്കിടയിലും പുരോഹിതർക്കിടയിലും പ്രതിഷേധവും അവിശ്വാസവും വർധിക്കുന്നുണ്ട്. സവർണ സഭ നേതൃത്വത്തിൻ്റെ വിവേചനങ്ങളോട് ദലിത് ക്രൈസ്തവർക്കും ലത്തീൻ പിന്നോക്ക ക്രൈസ്തവർക്കും എതിർപ്പുകളുണ്ട്.

ഇതിൻ്റെയെല്ലാം തുടർച്ചയായി ബിഷപ്പിൻ്റെ പ്രസംഗം സമുദായ സൗഹാർദ്ദത്തെ കലുഷിതമാക്കിയതിലുള്ള അമർഷം സഭക്കുള്ളിലും ഉയരുന്നുണ്ട്. കുറവിലങ്ങാട്ടെ കന്യാസ്ത്രീകളും സഭയുടെ മുൻ വക്താവായ ഫാദർ തേലക്കാട്ടിലും മറ്റ് പുരോഹിതരും സഭ പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ത്രീ സംഘടനകളും പങ്ക് വെക്കുന്നത് ഈ വികാരമാണ്. സക്കറിയയെ പോലുള്ള പ്രശസ്തരായ എഴുത്തുകാർ ശക്തമായ വിമർശനവും പരിഹാസവുമാണ് സഭ നേതൃത്വത്തിനെതിരെ നടത്തിയത്. സഭയുടെ തെറ്റായ നിലപാടുകളെ തിരുത്തിക്കാൻ അതിനുള്ളിൽ തന്നെ നടക്കുന്ന ശ്രമങ്ങളെയും സഭ നേതൃത്വം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും ഇപ്പോഴത്തെ തീവ്ര നിലപാടിന് കാരണമാണ്. അതോടൊപ്പം കാസയെ പോലുള്ള തീവ്ര സ്വഭാവമുള്ള അദൃശ്യ സംഘടനകൾ നടത്തുന്ന പലതരം മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും വർഗീയ ധ്രുവീകരണ ശ്രമങ്ങളും സഭ നേതൃത്വത്തെ സ്വാധീനിക്കുന്നുണ്ടോ എന്നും പരിശോധിക്കപ്പെടണം. ഹലാൽ മാംസത്തിനെതിരായ പ്രചാരണം, ഈശോ സിനിമക്കെതിരായ എതിർപ്പുകൾ, ന്യൂനപക്ഷാവകാശങ്ങൾ മുസ്ലിങ്ങൾ തട്ടിയെടുക്കുന്നുവെന്ന ആരോണങ്ങൾ തുടങ്ങിയവയെല്ലാം കത്തോലിക്ക സഭക്കുള്ളിൽ സമീപകാലത്ത് ഒരു വിഭാഗം നടത്തിയ തീവ്രവാദ പ്രചാരണങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി തന്നെ സ്ഥാപിച്ച ഒരു വിഷയത്തിൽ സമുദായ സ്പർധക്ക് ഒരുമ്പെട്ട ബിഷപ്പിനെ സംരക്ഷിച്ചുവെന്ന ദുഷ്പ്പേര് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനും സിപിഎമ്മിനും എക്കാലവും ചുമക്കേണ്ടിവരും. കേരളത്തിൻ്റെ സമുദായ സൗഹാർദ്ദത്തിനും സാഹോദര്യത്തിനും മതേതരത്വത്തിനും ഏൽക്കുന്ന ഉണങ്ങാത്ത മുറിവായി തുടരുകയും ചെയ്യും.
കുറവിലങ്ങാട് കന്യാസ്ത്രീകള്‍
കുറവിലങ്ങാട് കന്യാസ്ത്രീകള്‍

ഏതായാലും ബിഷപ്പിൻ്റെ ജിഹാദ് പരാമർശങ്ങൾ തിരുത്തപ്പെടണമെന്നതാണ് മതേതര- ജനാധിപത്യ കേരളത്തിൻ്റെ പൊതുവികാരമെന്നതിൽ സംശയമില്ല. സംസ്ഥാനത്തിൻ്റെ സമുദായ സൗഹാർദ്ദവും സാഹോദര്യവും നിലനിൽക്കണമെന്ന് അഭിലഷിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. അതിനനുസൃതമായ നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും സ്വീകരിക്കേണ്ടത്. അതിന് നിയമത്തിൻ്റെയും സമവായത്തിൻ്റെയും വഴികൾ സർക്കാർ തേടണം. സമുദായ സ്പർധ ഉണ്ടാക്കുന്ന പരാമർശം നടത്തിയതിന് കേസെടുക്കുകയാണ് നിയമപരമായ വഴി. കേസെടുക്കാനുള്ള വകുപ്പുകൾ പൊലീസുകാർക്ക് അറിയാം. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം ലഭിച്ചാൽ അവർ കേസെടുക്കും. കേസ് എടുക്കാൻ വേണ്ട പരാതികൾ ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ഒരു ബിഷപ്പിനെതിരെ കേസെടുക്കുന്നതിന് സർക്കാരിന് മുന്നിൽ രാഷ്ട്രീയമായ സമ്മർദ്ദങ്ങളും തടസങ്ങളുമുണ്ടാകാം. എന്നാൽ നിയമത്തിന് മുന്നിൽ എല്ലാവരും സമമാരാണെന്ന തത്വം പാലിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട് എന്ന് മറന്നുകൂടാ. ഇപ്പോൾ ബിഷപ്പിനെ വെറുതെ വിട്ടാൽ ഭാവിയിൽ മത സ്പർധ സൃഷ്ടിക്കുന്ന പ്രകോപനപരമായ പരാമർശങ്ങളും പ്രസംഗങ്ങളും നടത്താൻ മറ്റുള്ളവർക്ക് പ്രേരണയാകുമെന്ന് തീർച്ചയാണ്. ഫലത്തിൽ നിയമവാഴ്ചയെ വെല്ലുവിളിക്കപ്പെടുന്നതിന് പിന്തുണയായി സർക്കാരിൻ്റെ നിസംഗത മാറും.

കെ.സുനില്‍കുമാര്‍
കെ.സുനില്‍കുമാര്‍

മറുവശത്ത്, നിയമപരമായ പിൻബലമില്ലെങ്കിലും സമവായത്തിൻ്റെ വഴികളും സർക്കാരിന് തേടാവുന്നതാണ്. ബിഷപ്പ് കല്ലറങ്ങാട്ടിൽ തൻ്റെ 'ജിഹാദ്' പരാമർശങ്ങളും ഒരു സമുദായത്തെ കുറ്റപ്പെടുത്തുന്ന സൂചനകളും പിൻവലിച്ച് നിരുപാധിക ഖേദ പ്രകടനം നടത്തുകയാണ് സമവായത്തിലേക്കുള്ള വഴി. മുഖ്യമന്ത്രി ബിഷപ്പിനോടും സഭയോടും ഈ ആവശ്യം കൃത്യമായി ഉന്നയിക്കണം. മറ്റേതെങ്കിലും മന്ത്രിമാർ മുഖേനയോ സിപിഎം നേതൃത്വം മുൻകൈ എടുത്തോ ജോസ് കെ മാണി വഴിയോ ഒക്കെ ഇതിന് ശ്രമങ്ങൾ നടത്താം. മറിച്ച് ബിഷപ്പിൻ്റെ പരാമർശങ്ങൾ പിൻവലിക്കാത്തിടത്തോളം മുസ്ലിം സമുദായത്തിനേറ്റ മുറിവുകൾ ഉണങ്ങാൻ വിഷമമാണ്.

മാത്രമല്ല, അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി തന്നെ സ്ഥാപിച്ച ഒരു വിഷയത്തിൽ സമുദായ സ്പർധക്ക് ഒരുമ്പെട്ട ബിഷപ്പിനെ സംരക്ഷിച്ചുവെന്ന ദുഷ്പ്പേര് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനും സിപിഎമ്മിനും എക്കാലവും ചുമക്കേണ്ടിവരും. കേരളത്തിൻ്റെ സമുദായ സൗഹാർദ്ദത്തിനും സാഹോദര്യത്തിനും മതേതരത്വത്തിനും ഏൽക്കുന്ന ഉണങ്ങാത്ത മുറിവായി തുടരുകയും ചെയ്യും. അതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ ബിഷപ്പിനെ തിരുത്തിക്കാനുള്ള ഇടപെടലുകളാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ഉടൻ നടത്തേണ്ടത്. അതിന് ഏത് വഴി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയുമാണ്. അത് കഴിയാത്തിടത്തോളം ആവർത്തിച്ചുകൊണ്ടിരിക്കുന്ന സൗഹാർദ്ദ ആഹ്വാനങ്ങളും പരോക്ഷമായ കുറ്റാരോപണങ്ങളും ഫലം കാണില്ല.

ബിഷപ്പിനെ തിരുത്താനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നടത്തേണ്ടത്
പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ട, നാര്‍കോട്ടിക് ജിഹാദ് അടിസ്ഥാനരഹിതം

Related Stories

No stories found.
logo
The Cue
www.thecue.in