'സ്വതന്ത്ര അഫ്‌ഗാൻ' അല്ല, താലിബാൻ തീർക്കുന്ന നരകമാണത്

'സ്വതന്ത്ര അഫ്‌ഗാൻ' അല്ല, താലിബാൻ തീർക്കുന്ന നരകമാണത്
Summary

മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളെ എ കെ 47 കൊണ്ട് അടിച്ചമർത്തുന്ന തീവ്രവാദികളുടെ ഒരു ഭരണകൂടത്തെ നോക്കി "സ്വതന്ത്ര അഫ്‌ഗാൻ " എന്ന് വിളിക്കാൻ ആർക്കാണ് കഴിയുക.

അഫ്ഗാന്‍ സ്വതന്ത്രമായെന്ന ജമാഅത്തെ ഇസ്ലാമി മുഖപത്രം മാധ്യമത്തിന്റെ തലക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു

താലിബാൻ അഫ്‌ഗാനിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും അമേരിക്കൻ സേനയുടെ അവസാന സൈനികനും അവിടം വിടുകയും ചെയ്തപ്പോൾ മലയാളത്തിലെ ഒരു പ്രമുഖ പത്രം ചുവന്ന അക്ഷരത്തിൽ എഴുതിയ ബാനർ ഹെഡ് ലൈൻ 'സ്വതന്ത്ര അഫ്‌ഗാൻ' എന്നാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ തലക്കെട്ടായിരുന്നു അത്. രണ്ടര പതിറ്റാണ്ട് മുമ്പ് താലിബാൻ ആദ്യമായി അഫ്‌ഗാൻ കീഴടക്കിയപ്പോൾ അന്ന് മാധ്യമം നൽകിയ തലക്കെട്ട് 'വിസ്മയമായി താലിബാൻ' എന്നതാണ്. താലിബാൻ എന്തെന്ന് ലോകം ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത ആ കാലത്ത് അബദ്ധത്തിൽ സംഭവിച്ച ഒരു 'വിസ്മയ'മാണ് അതെന്ന് കരുതുന്നവരും അങ്ങനെ ന്യായീകരിച്ചവരും ധാരാളമാണ്.. എന്നാൽ താലിബാൻ എന്തെന്ന് ലോകം തിരിച്ചറിയുകയും അവരുടെ കൊടും ക്രൂരതകളും ഭീകര പ്രവർത്തനങ്ങളും നേരിൽ കാണുകയും അനുഭവിക്കുകയും ചെയ്ത ശേഷവും അവർ തോക്കിൻ മുനയിൽ പിടിച്ചടക്കിയ അഫ്‌ഗാനിസ്ഥാനെ 'സ്വതന്ത്ര അഫ്‌ഗാൻ' എന്ന് വിളിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?.. സാധിക്കും, ജമാഅത്തെ ഇസ്‌ലാമിക്ക് മാത്രം.. കാരണം അവർ ഇത്തരം മതരാഷ്ട്രങ്ങളുടെ സംസ്ഥാപനം അടിസ്ഥാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ്.

വിശ്വാസത്തിന്റെ പേര് പറഞ്ഞു, അതിന്റെ ചിഹ്‌നങ്ങൾ ഉയർത്തിക്കാട്ടി, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് മതത്തെ ഹൈജാക്ക് ചെയ്ത് ഭരണം പിടിച്ചെടുത്ത ഒരു പറ്റം ഭീകരരിൽ നിന്ന് ഒരു ജനത എങ്ങിനെ ഓടിയൊളിക്കുന്നു എന്നതിന്റെ നേർചിത്രമാണ് നാം കണ്ടത്. ആ രാജ്യത്തെയാണോ നിങ്ങൾ സ്വതന്ത്ര അഫ്‌ഗാൻ എന്ന് വിളിക്കുന്നത്. ആ മനുഷ്യരെയാണോ നിങ്ങൾ സ്വാതന്ത്ര്യം നേടിയ ജനത എന്ന് വിളിക്കുന്നത്?

മുമ്പുണ്ടായിരുന്നതിനേക്കാൾ മോശവും ഭീകരവുമായ ഒരവസ്ഥയിലേക്ക് ഒരു രാജ്യം പോകുമ്പോൾ അതിനെ സ്വാതന്ത്ര്യം എന്നാണോ വിളിക്കേണ്ടത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അഫ്‌ഗാൻ ജനതക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, മതഭീകരരുടെ കീഴിലെ അടിച്ചമർത്തലാണ്. അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെട്ട് ബെൽജിയം എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടിയ ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം ലോകമെങ്ങും വൈറലായിരുന്നു. അഫ്‌ഗാൻ ജനതയുടെ പ്രതീകമാണ് ആ പെൺകുട്ടി. കുറച്ച് കൂടി സ്പെസിഫിക്കായി പറഞ്ഞാൽ അഫ്‌ഗാനിലെ പെൺകുട്ടികളുടേയും സ്ത്രീകളുടേയും പ്രതീകം. രക്ഷപ്പെട്ടോടാൻ കഴിയാത്ത, താലിബാനും അവരുടെ മതരാഷ്ട്രവും അടിച്ചേല്പ്പിക്കുന്ന ദുരിതങ്ങളുടെ നടുക്കടലിൽ മുങ്ങിത്താഴുന്ന ഒരു ജനതയുടെ നിലവിളി കൂടി രക്ഷപ്പെട്ടപ്പോൾ തുള്ളിച്ചാടുന്ന ആ പെൺകുഞ്ഞിൽ നമുക്ക് കാണാൻ കഴിയണം. അതുപോലെ രക്ഷപ്പെട്ടോടാൻ കഴിയാതെ, തോക്കിനും ബോംബിനും കീഴിൽ, കലയും സാഹിത്യവും വിദ്യാഭ്യാസവും സിനിമയും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ നോക്കി അവർ സ്വതന്ത്രരാണ് എന്ന് പറയുന്നതിലും വലിയ അശ്ളീലം വേറെയെന്തുണ്ട്?

താലിബാൻ കാബൂൾ കൂടി പിടിച്ചു എന്നറിഞ്ഞപ്പോൾ കിട്ടുന്ന വിമാനത്തിൽ രക്ഷപ്പെടാൻ വേണ്ടി കാബൂൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ നാം കണ്ടു. അമേരിക്കൻ എയർ ഫോഴ്‌സിന്റെ C-17 യുദ്ധ വിമാനത്തിന്റെ ചിറകിൽ പിടിച്ചുപറ്റാൻ ശ്രമിച്ചു പറക്കാൻ തുടങ്ങുന്ന ആ വിമാനത്തോടൊപ്പം ഓടുന്ന നൂറുകണക്കിന് മനുഷ്യരെ നാം കണ്ടു. വിമാനം പറന്നുയർന്നപ്പോൾ അതിന് മുകളിൽ അള്ളിപ്പിടിച്ചിരുന്നവർ താഴോട്ട് പതിച്ച് ശരീരം ചിതറി മരിക്കുന്നതിന്റെ ദൃശ്യങ്ങൾ നാം കണ്ടു.. വിശ്വാസത്തിന്റെ പേര് പറഞ്ഞു, അതിന്റെ ചിഹ്‌നങ്ങൾ ഉയർത്തിക്കാട്ടി, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് മതത്തെ ഹൈജാക്ക് ചെയ്ത് ഭരണം പിടിച്ചെടുത്ത ഒരു പറ്റം ഭീകരരിൽ നിന്ന് ഒരു ജനത എങ്ങിനെ ഓടിയൊളിക്കുന്നു എന്നതിന്റെ നേർചിത്രമാണ് നാം കണ്ടത്. ആ രാജ്യത്തെയാണോ നിങ്ങൾ സ്വതന്ത്ര അഫ്‌ഗാൻ എന്ന് വിളിക്കുന്നത്. ആ മനുഷ്യരെയാണോ നിങ്ങൾ സ്വാതന്ത്ര്യം നേടിയ ജനത എന്ന് വിളിക്കുന്നത്?

'സ്വതന്ത്ര അഫ്‌ഗാൻ' അല്ല, താലിബാൻ തീർക്കുന്ന നരകമാണത്
താലിബാനിസം ഒരു മനോനിലയാണ് ചാരം മൂടി നില്‍ക്കും, ഒരവസരം ലഭിക്കും വരെ

താലിബാന്റെ കീഴിൽ അഫ്‌ഗാൻ എങ്ങിനെയായിരിക്കും എന്നതിന്റെ കൃത്യമായ രൂപം ദാനിഷ് സിദ്ദീഖി എന്ന പേര് കേട്ടാൽ നമുക്ക് ഓർമ്മയിൽ എത്തണം. റോയിട്ടേഴ്സിന്റെ അന്താരാഷ്‌ട്ര പ്രശസ്തനായ ഫോട്ടോഗ്രാഫർ.. നിരവധി യുദ്ധമുഖങ്ങളിൽ നിന്ന്, അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന്, ആൾക്കൂട്ട കൊലപാതകങ്ങളുടെ മണ്ണിൽ നിന്ന് ലോകത്തേക്ക് ചിത്രങ്ങളും വാർത്തകളും അയച്ചു കൊണ്ടിരുന്ന അതിസമർത്ഥനായ ആ ഇന്ത്യൻ ഫോട്ടോഗ്രാഫറെ ക്രൂരമായി വധിക്കുകയായിരുന്നു താലിബാൻ. അവർ കാബൂൾ പിടിച്ചടക്കുന്ന നാളുകളിലായിരുന്നു അത്.. ഖാസ സ്വാൻ എന്നറിയപ്പെടുന്ന അഫ്‌ഗാനിലെ ഹാസ്യനടനായിരുന്ന നാസർ മുഹമ്മദിനെ കൊന്നതും അതേ നാളുകളിലാണ്.. അധികാരം പിടിച്ചെടുത്ത ശേഷമാണ് ഫവാദ് അന്ദരാബിയെന്ന ഒരു നാടോടി ഗായകനെ അതിക്രൂരമായി വെടിവെച്ചു കൊന്നത്. കല, സാഹിത്യം, സിനിമ, മ്യൂസിക്ക്, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള സകലതിനോടും യുദ്ധം പ്രഖ്യാപിക്കുന്ന പിശാചുക്കളുടെ ഒരു കൂട്ടം എങ്ങിനെയാണ് ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നത്?. ആളുകളെ തോക്കിൻ മുനയിൽ അനുസരിപ്പിച്ചു നിർത്തുന്നതും സ്ത്രീകളേയും പെൺകുട്ടികളേയും പുറത്തിറങ്ങാൻ സമ്മതിക്കാത്തതും അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും കലാകാരന്മാരേയും നടന്മാരേയും അതിക്രൂരമായി വധിക്കുന്നതുമൊക്കെയാണോ സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങൾ. കഞ്ചാവും ഓപ്പിയവും മയക്കുമരുന്നുകളുമുണ്ടാക്കി അത് കള്ളക്കടത്ത് നടത്തി അതിലൂടെ പണമുണ്ടാക്കി അധികാരം തോക്കിന്മുനയിലൂടെ പിടിച്ചടക്കുന്നതാണോ മഹത്തായ സ്വാതന്ത്ര്യപ്പോരാട്ടം? മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളെ എ കെ 47 കൊണ്ട് അടിച്ചമർത്തുന്ന തീവ്രവാദികളുടെ ഒരു ഭരണകൂടത്തെ നോക്കി "സ്വതന്ത്ര അഫ്‌ഗാൻ " എന്ന് വിളിക്കാൻ ആർക്കാണ് കഴിയുക.

കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംകളുടെ ഏറ്റവും വലിയ ബാധ്യതയും ശാപവും താലിബാൻ പോലുള്ള മതഭീകരരെ വെള്ളപൂശുന്നവരും അവർക്ക് പെയിന്റും പുട്ടിയും അടിച്ച് സ്വാതന്ത്ര്യ സമരപ്പോരാളികളായി അവതരിപ്പിക്കാൻ ശ്രമിക്കുന്നവരുമാണ്.

അധിനിവേശ ശക്തികൾ തോറ്റ് മടങ്ങിയിട്ടുണ്ടാകും.. ആ അധിനിവേശ ശക്തികളെ ആരും ന്യായീകരിക്കുന്നില്ല. ഇരുപത് വർഷത്തെ അധിനിവേശത്തിന് ശേഷവും ഭീകരവാദികളെയോ തീവ്രവാദികളെയോ അടിച്ചർമർത്താൻ സാധിക്കാതെ, അവർക്ക് വളക്കൂറുള്ള ഒരു മണ്ണൊരുക്കിക്കൊടുത്ത് ഭീരുക്കളെപ്പോലെ ഒളിച്ചോടേണ്ടിവന്ന അമേരിക്കൻ സേനയുടെ ആരാധകരായി സംഘികളും ക്രിസംഘികളുമല്ലാതെ മറ്റാരും കാണുമെന്നും തോന്നുന്നില്ല. പക്ഷേ ആ അധിനിവേശ ശക്തികൾ തിരിച്ചു പോയപ്പോൾ അധികാരം പിടിച്ചെടുത്തിട്ടുള്ളത് അതിന്റെ പതിന്മടങ്ങ് ദുരിതങ്ങൾ ആ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഭീകരരാണ്. അത് കൊണ്ട് തന്നെ ആ ജനതക്ക് ഇപ്പോൾ ലഭിച്ചത് സ്വാതന്ത്ര്യമല്ല, കാതോർത്താൽ അവിടെ നിന്നും കേൾക്കാൻ കഴിയുന്നത് സ്വാതന്ത്രരായതിന്റെ ആഹ്ലാദ നൃത്തങ്ങളല്ല, മറിച്ച് നിവൃത്തിയില്ലാത്ത, പ്രതിഷേധിക്കാൻ കഴിയാത്ത, ശബ്ദമുയർത്താനാകാത്ത ഒരു ജനതയുടെ കീഴടങ്ങലാണ്, അവരുടെ നിലവിളിയാണ്.

ഇതോടോപ്പം ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംകളുടെ ഏറ്റവും വലിയ ബാധ്യതയും ശാപവും താലിബാൻ പോലുള്ള മതഭീകരരെ വെള്ളപൂശുന്നവരും അവർക്ക് പെയിന്റും പുട്ടിയും അടിച്ച് സ്വാതന്ത്ര്യ സമരപ്പോരാളികളായി അവതരിപ്പിക്കാൻ ശ്രമിക്കുന്നവരുമാണ്. കേരള മുസ്ലിംകളുടെ ഒരു പ്രാതിനിധ്യവും അവകാശപ്പെടാൻ സാധിക്കാത്ത, അവരിൽ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ഇതുപോലുള്ള മതരാഷ്ട്രവാദികളുടെ പ്രചാരണങ്ങൾക്ക് ഒരു സമുദായം മുഴുക്കെ ആക്ഷേപിതരാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്കും അവരുടെ പത്രത്തിനും ഒരു തലക്കെട്ട് കൊടുത്തങ് പോയാൽ മതി.. പക്ഷേ അതിന്റെ ആക്ഷേപങ്ങളും കുത്തുവാക്കുകളും ഏറ്റ് വാങ്ങേണ്ടി വരുന്നത് ഒരു സമുദായമാണ്. ഏതാനും വിവരം കെട്ടവന്മാരുടെ "താലിബാൻ വിസ്മയങ്ങൾക്ക്" ഒരു സമുദായം മുഴുക്കെ പഴി കേൾക്കേണ്ടി വരുന്ന ദുരോഗ്യമാണ് നാമിപ്പോൾ കാണുന്നത്.

'സ്വതന്ത്ര അഫ്‌ഗാൻ' അല്ല, താലിബാൻ തീർക്കുന്ന നരകമാണത്
'കരച്ചിലടക്കാനാകുന്നില്ല, ഞാന്‍ ഇനി ഒരു അടിമയായേക്കാം', അഫ്ഗാന്‍ പെണ്‍കുട്ടിയുടെ തുറന്ന കത്ത്

മതേതരത്വത്തേയും ബഹുസ്വരതയേയും ആശ്ലേഷിക്കുന്ന, മാനവികതയിൽ വിശ്വസിക്കുന്ന, മനുഷ്യരെ മനുഷ്യരായി കാണുന്ന, അവരുടെ അടിസ്ഥാന അവകാശങ്ങളെ ബഹുമാനിക്കുന്ന, അവരുടെ ചോയ്‌സുകളെ ആദരിക്കുന്ന എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാന കാര്യം ഒരു മതരാഷ്ട്ര വാദികളും ഒരു രാജ്യത്തേയും സ്വതന്ത്രരാക്കില്ല എന്നതാണ്. അവർ ഇസ്‌ലാമിക ഭീകരർ ആണെങ്കിലും ഹൈന്ദവ ഭീകരർ ആണെങ്കിലും ഫലം ഒന്ന് തന്നെയാണ്. ഇന്ത്യയെ തീവ്രഹൈന്ദവതയുടെ അടിസ്ഥാനത്തിൽ ഒരു മതരാഷ്ട്രമാക്കിയാൽ അതും പര്യവസാനിക്കുക മറ്റൊരു താലിബാനിലായിരിക്കും. അത്തരമൊരു തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് മാനവികതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവർ തീവ്രവാദികളേയും ഭീകരവാദികളേയും വെള്ളപൂശാൻ നടക്കാത്തത്. അത്തരം ഭീകരർക്ക് വേണ്ടി ആശയപ്രചരണം നടത്തുന്നവരേയും തലക്കെട്ടുകൾ തീർക്കുന്നവരെയും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും അതേ തിരിച്ചറിവിന്റേയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ്.

താലിബാൻ മാറുമെങ്കിൽ, ഗതകാല രീതികളിൽ നിന്ന് പരിവർത്തനം വന്ന് അവർ മനുഷ്യരായി മാറുമെങ്കിൽ നല്ലത് തന്നെ.പക്ഷേ അവരുടെ ചരിത്രവും അവർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളും അവർ കടന്ന് വന്ന നാൾവഴികളും അത്തരമൊരു പ്രതീക്ഷയെ ആസ്ഥാനത്താക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വർത്തമാന കാല യാഥാർത്ഥ്യങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിന്ന് കൊണ്ട് ഇത്തരം അസംബന്ധ തലക്കെട്ടുകൾക്ക് ഒരു 'ചുല്യാറ്റി'ന്റെ തിരുത്ത് വേണ്ടതുണ്ട്. "അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ" എന്നതിന് പകരം "അധിനിവേശം ഒഴിഞ്ഞു, ഇനി താലിബാൻ തീർക്കുന്ന നരകം" എന്നൊരു തിരുത്ത്. മനുഷ്യർക്കും മാനവികതക്കും വേണ്ടിയുള്ള അനിവാര്യമായ ഒരു തിരുത്ത്.

'സ്വതന്ത്ര അഫ്‌ഗാൻ' അല്ല, താലിബാൻ തീർക്കുന്ന നരകമാണത്
കാബൂളിവാലകളുടെ ഈ കൂട്ടക്കുരുതി ലോകം കാണുന്നില്ല?

Related Stories

No stories found.
logo
The Cue
www.thecue.in