'വീട്ടിൽ ചെല്ലുമ്പോൾ രാത്രി വൈകുന്നത് വരെ കത്തുകൾ വായിക്കും', കലാഭവന്‍ മണി ഓര്‍ത്തെടുത്ത കുട്ടിക്കാലം

Kalabhavan Mani
Kalabhavan ManiKalabhavan Mani
Summary

മലയാളത്തിന്റെ പ്രിയങ്കരനായ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്. എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ എഡിറ്റ് ചെയ്ത 'കലാഭവന്‍ മണി' എന്ന പുസ്തകത്തിലെ മണി തന്റെ കുട്ടിക്കാലവും സ്‌കൂള്‍ ജീവിതവും ഓര്‍ത്തെടുക്കുന്ന കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു.

ചാലക്കുടിയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെയാണ് ചേനത്തുനാട്‌. ഒരു ഗവ ആശുപത്രി, ഒരു മെഡിക്കൽ ഷോപ്, ഒരു കള്ളു ഷാപ്പ്, ഒരു മരച്ചീനി പൊടിക്കുന്ന മില്ല്, മുളക് പൊടിക്കുന്ന മില്ല്, കാപ്പിപൊടി മില്ല്, ഒരു ആയുർവേദ ആശുപത്രി, നാലഞ്ചു ചായക്കട. അതായത് ആശുപത്രി മുതൽ കള്ളുഷാപ്പ് വരെ. എന്നിട്ടും ഞങ്ങളുടെ സ്വർഗ്ഗലോകം ഈ ചെറിയ ഗ്രാമമാണ്.

പാടത്തും പറമ്പിലും, പണിയെടുക്കുന്ന കൂലിപ്പണിക്കാരൻ ആയിരുന്നു അച്ഛൻ. പേര് രാമൻ. അമ്മ അമ്മിണി. ജ്യേഷ്ഠൻ വേലായുധൻ. ജ്യേഷ്ഠനും കൂലിപ്പണി ആണ്. നന്നായി പാടും. മൂത്ത ചേച്ചിയുടെ പേരും അമ്മിണി എന്നു തന്നെ ആണ്. അമ്മയും ചേച്ചിയും അമ്മിണിമാർ ആയത് എങ്ങനെയെന്നോ. അമ്മയോടുള്ള അച്ഛന്റെ അമിതമായ സ്നേഹം തന്നെ കാരണം. തൊട്ടു താഴെ ഉള്ള ചേച്ചിയുടെ പേര് ലീല. അതിന്റെ താഴെ ഉള്ള ചേച്ചി തങ്കമണി. പിന്നെ ശാന്തച്ചേച്ചി. അതുകഴിഞ്ഞു ഞാൻ മണി. പിന്നെ അനുജൻ രാമകൃഷ്ണൻ.

അന്നൊക്കെ ഞാൻ ഇടാറുള്ള നിക്കറിന്റെ പിറകുവശം എപ്പോഴും ചിരിക്കാറുണ്ടായിരുന്നു. അമ്മ ഷർട്ടോ ട്രൗസറോ കൊണ്ടുവന്നു തരുന്ന ദിവസം എനിക്ക് ഉത്സവം ആയിരുന്നു. പിറ്റേന്ന് ഞാൻ അതും ഇട്ട് വലിയ സന്തോഷത്തോടെ സ്കൂളിൽ പോവും. ക്ലാസ്സിൽ ചെല്ലുമ്പോൾ ഈ വസ്ത്രങ്ങളുടെ യഥാർത്ഥ അവകാശി എന്നെ ഒരു നോട്ടം നോക്കും.

അമ്മ അടുത്ത വീട്ടിൽ അടുക്കളപ്പണിയിൽ സഹായിക്കുവാൻ പോയിരുന്നു. ആഹാരവും കൂലിയും മാത്രം പ്രതീക്ഷിച്ചല്ല അമ്മ അടുക്കള പണിക്ക് പോയിരുന്നത്. ആ വീട്ടിൽ നിന്നുള്ള മറ്റു സഹായങ്ങളും ആഗ്രഹിച്ചിരുന്നു. അങ്ങനെ അവിടുത്തെ കുട്ടികളുടെ പഴയ ട്രൗസറും ഷർട്ടും വല്ലപ്പോഴും അമ്മയ്ക്ക് കിട്ടുമായിരുന്നു. അത് വലിയ കാര്യമായിട്ട് അമ്മ എനിക്ക് കൊണ്ടുവന്ന് തരും. പുതിയ ഷർട്ടോ നിക്കറോ വാങ്ങിത്തരുവാൻ ഉള്ള കഴിവ് അന്ന് അച്ഛനും അമ്മയ്ക്കും ഇല്ലായിരുന്നു.

Kalabhavan Mani
Kalabhavan ManiKalabhavan Mani

അന്നൊക്കെ ഞാൻ ഇടാറുള്ള നിക്കറിന്റെ പിറകുവശം എപ്പോഴും ചിരിക്കാറുണ്ടായിരുന്നു. അമ്മ ഷർട്ടോ ട്രൗസറോ കൊണ്ടുവന്നു തരുന്ന ദിവസം എനിക്ക് ഉത്സവം ആയിരുന്നു. പിറ്റേന്ന് ഞാൻ അതും ഇട്ട് വലിയ സന്തോഷത്തോടെ സ്കൂളിൽ പോവും. ക്ലാസ്സിൽ ചെല്ലുമ്പോൾ ഈ വസ്ത്രങ്ങളുടെ യഥാർത്ഥ അവകാശി എന്നെ ഒരു നോട്ടം നോക്കും. ആ നോട്ടത്തിൽ നിറഞ്ഞു നിൽക്കുന്ന അവജ്ഞ ഇന്നും എന്റെ മനസ്സിൽ ഉണ്ട്. എന്നിട്ടയാൾ മറ്റു കുട്ടികളോട് പറയും, "ഇത് ഏതു ഷർട്ട് എന്ന് അറിയാമോ? എന്റേതാണ്. കീറിയപ്പോൾ എന്റെ അമ്മ കൊടുത്തതാണ്". ഇത് കേൾക്കുമ്പോൾ, പഴയതാണെങ്കിലും, ഒരു തുണി കിട്ടിയതിന്റെ സന്തോഷം ഒക്കെ പമ്പകടക്കും.

Kalabhavan Mani
Kalabhavan ManiKalabhavan Mani

പിന്നിട്ട വഴികൾ ഞാൻ മറക്കില്ല. "നീ ആര് വന്നു ചോദിച്ചാലും വാരി കോരി കൊടുക്കുന്നുണ്ട്. മോനെ, നിന്റെ നിലനിൽപ്പ് കൂടി നീ നോക്കണം." അമ്മ ഓർമിപ്പിക്കും.

"അമ്മേ, നമ്മൾ ഒരുപാടു കഷ്ടപെട്ടിട്ടുണ്ട്. എനിക്ക് കിട്ടുന്നതിൽ നിന്ന് പത്തു രൂപ ഒരാൾക്ക് കൊടുത്താൽ, ദൈവം അത് ഇരുപത്തഞ്ചായി തിരികെ തരും. സഹായിക്കണമെന്ന് പൂർണ ബോധ്യമുള്ളവരെ ഞാൻ തീർച്ചയായും സഹായിക്കും. അത് എന്റെ പോളിസി ആണ്. അത് ആർക്കു മാറ്റാൻ ആവില്ല".

ഓരോ ദിവസവും എന്റെ വീട്ടിൽ വന്നു മറിയുന്ന കത്തുകളുടെ കാര്യം പറയേണ്ട. എല്ലാം വായിക്കാൻ സമയം കിട്ടാറില്ല. ഒരു വലിയ പെട്ടിയിൽ എനിക്ക് വരുന്ന കത്തുകൾ എല്ലാം ശേഖരിച്ചു വച്ചിട്ടുണ്ട്. വയസൻ ആവുമ്പോൾ എന്റെ മക്കൾക്ക് കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞാണ് അമ്മ കത്തുകൾ അടുക്കി വയ്ക്കുന്നത്. കുറ്റവും, കുറവും എല്ലാം ചൂണ്ടികാണിച്ചുകൊണ്ടുള്ള കത്തുകൾ ആണ് അധികവും. കൂട്ടത്തിൽ പ്രേമലേഖനങ്ങളും ഉണ്ടാവും.

Kalabhavan Mani
Kalabhavan ManiKalabhavan Mani

എന്റെ വീട്ടിൽ കത്ത് കൊണ്ടുവരുന്നത് പോസ്റ്റുമാൻ അല്ല പോസ്റ്റ്മതി ആണ്, പേര് ലീല. ലീലച്ചേച്ചി പാവം ആണ്. മോനെ എന്ന് വിളിച്ചുകൊണ്ടാണ് വീട്ടിലേക്ക് വരുന്നത്. "മോനെ ഇന്ന് കുറെ വന്നിട്ടുണ്ട് കേട്ടോ". സിനിമയിൽ എത്തും മുൻപേ എന്നോട് വലിയ കാര്യം ആണ് ലീലച്ചേച്ചിക്ക്.

Kalabhavan Mani
Kalabhavan ManiKalabhavan Mani

ഇടക്ക് ഞാൻ വീട്ടിൽ ചെല്ലുമ്പോൾ രാത്രി വൈകുന്നത് വരെ കത്തുകൾ വായിക്കും. അനുജൻ പ്രധാനപ്പെട്ട കത്തുകൾ തരം തിരിച്ചു വയ്ക്കും. ആരാധകരിൽ ചിലർ കത്തെഴുതുമ്പോൾ ഒപ്പം അവരുടെ വീട്ടിലെ ഫോൺ നമ്പറും എഴുതും. മറുപടി പലപ്പോഴും എഴുതാൻ സമയം കിട്ടാറില്ല. പക്ഷെ ഫോൺ നമ്പർ ഉള്ളവരെ ഞാൻ ഫോണിലൂടെ ബന്ധപ്പെടും.

ഗ്രീന്‍ ബുക്‌സ് ആണ് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ എഡിറ്റ് ചെയ്ത കലാഭവന്‍ മണി :ഓര്‍മ്മകളിലെ മണിമുഴക്കം എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in