അടിയന്തരാവസ്ഥയിലാണ് നമ്മള്‍

അടിയന്തരാവസ്ഥയിലാണ് നമ്മള്‍

ചൈനയും മറ്റു ചില രാജ്യങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിന്റെ മിക്ക മേഖലകളും പടര്‍ന്നുപിടിച്ച് ‌കൊണ്ടിരിക്കുന്ന ഒരു വൈറസിനെ മുഖാമുഖം കാണുകയാണ്. സര്‍ക്കാരുകളുടെ കുറ്റകരമായ കഴിവുകേട് കോവിഡ് വൈറസിന്റെ വ്യാപനത്തിന് തടയിടപ്പെടാത്തതിന് കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ശാസ്ത്ര സംഘടനകളും പുറത്തിറക്കിയ ശാസ്ത്രീയമായ നടപടിക്രമങ്ങളെയെല്ലാം ഈ സമ്പന്ന രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുച്ഛത്തോടെ മാറ്റിവെച്ചു എന്നതുതന്നെ അവരുടെ വികൃതമായ പ്രവൃത്തികളെ വെളിപ്പെടുത്തുന്നുണ്ട്. വൈറസിനെ കൈകാര്യം ചെയ്യാന്‍ ടെസ്റ്റുകളും കോണ്ടാക്ട് ട്രേസിങ്ങും നടത്തുന്നതിലും അസുഖ ബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും, ഇവയൊന്നും മതിയാകുന്നില്ലെങ്കില്‍ താല്‍കാലിക അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നതിലും ശ്രദ്ധയൂന്നുന്നതില്‍ കുറഞ്ഞതെന്തും ബുദ്ധിശൂന്യതയാണ്. അതുപോലെ തന്നെ വിഷമജനകമാണ്, 'ജനകീയവാക്‌സിന്റെ'നിര്‍മാണത്തിനു വേണ്ടിയുള്ള നയങ്ങള്‍ക്ക് പകരം, തയ്യാറായിക്കൊണ്ടിരിക്കുന്ന വാക്‌സിനുകളുടെ സ്റ്റോക്കുകള്‍ വലിയ തോതില്‍ സംഭരിച്ച് പൂഴ്ത്തിവച്ച് 'വാകക്‌സിന്‍ ദേശീയത'യുടേതായ നയം ഈ സമ്പന്ന രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നതും. മാനവികതയുടെപേരില്‍, ബൗദ്ധികസ്വത്തവകാശചട്ടങ്ങളെ റദ്ദ്‌ചെയ്ത് എല്ലാ ജനങ്ങള്‍ക്കുമായി സാര്‍വത്രികമായ വാക്‌സിസിനുകള്‍ നിര്‍മിച്ചെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ വികസിപ്പിച്ചെടുക്കുകയെന്നതാകുമായിരുന്നു ഏറ്റവും വിവേകപരം.

ആണവ മഹാദുരന്തം

2020 ജനുവരിയില്‍, ബുള്ളറ്റിന്‍ ഓഫ് ആറ്റൊമിക് സയന്റിസ്റ്റ്‌സ് 2020 ഡൂംസ്‌ഡേ ക്ലോക്ക് അര്‍ദ്ധരാത്രിയിലേയ്ക്ക് 100 സെക്കന്റ് മാത്രം അകലെയാക്കി സജ്ജീകരിച്ചു. അപകടമുനമ്പിലാണത്. 1945-ല്‍ ആദ്യത്തെ അണ്വായുധങ്ങള്‍ വികസിപ്പിച്ചതിന് രണ്ട് വര്‍ഷത്തിനു ശേഷം സൃഷ്ടിച്ച ഈ ക്ലോക്ക്, ബുള്ളറ്റിന്‍ ഓഫ് ആറ്റൊമിക് സയന്റിസ്റ്റ്‌സ്-ന്റെ സയന്‍സ് ആന്‍ഡ് സെക്യൂരിറ്റി ബോര്‍ഡ് എല്ലാവര്‍ഷവും വിലയിരുത്തുന്നു. ബുള്ളറ്റിന്റെ ബോര്‍ഡ് ഓഫ് സ്‌പോണ്‍സേഴ്സുമായി കൂടിയാലോചിച്ചാണ് ബോര്‍ഡ് ഈ വിലയിരുത്തല്‍ നടത്തുന്നത്. മിനിറ്റ് സൂചി നീക്കണമോ അതോ നിലവിലുള്ളിടത്ത് തന്നെ നിലനിര്‍ത്തണമോ എന്ന് അങ്ങനെയാണ് തീരുമാനിക്കുക. അടുത്ത തവണ അവര്‍ ക്ലോക്ക് വീണ്ടും സജ്ജമാക്കുമ്പോഴേയ്ക്കും, അത് സമ്പൂര്‍ണ്ണനാശത്തിന് കൂടുതല്‍ അടുത്താകാനാണ് സാധ്യത. പ്രമുഖ ശക്തികള്‍ തന്നെ 13,500-നടുത്ത് ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുകയാണ് (ഇതില്‍ 90 ശതമാനവും റഷ്യയും അമേരിക്കയും മാത്രം കൈവശം വച്ചിരിക്കുന്നു). ആണവായുധ നിയന്ത്രണക്കരാറുകള്‍ ഇപ്പോള്‍ത്തന്നെ പരിമിതമായ തോതിലേ ആയുധ നിയന്ത്രണം സാധ്യമാക്കുന്നുള്ളൂ. ഈ കരാറുകള്‍ പോലും കീറിയെറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ആയുധങ്ങളുടെ വിധ്വംസകശക്തി എളുപ്പത്തില്‍ നമ്മുടെ ഗ്രഹത്തെ കൂടുതല്‍ വാസയോഗ്യമല്ലാതാക്കി മാറ്റാന്‍ പോന്നതാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ നാവികസേന ഇതിനകം തന്നെ low-yield tactical W76-2 ന്യൂക്ലിയര്‍ വാര്‍ ഹെഡുകള്‍ (താരതമ്യേന ''ചെറിയ'' ആണവ പോര്‍ക്കള ആയുധങ്ങള്‍) വിന്യസിച്ചിട്ടുണ്ട്. നിര്‍ബന്ധമായും ആണവ നിരായുധീകരണത്തിനായുള്ള നീക്കങ്ങള്‍ ലോകത്തിന്റെ അജണ്ടയിലേയ്ക്ക് ഉടനെ കൊണ്ടുവരേണ്ടതുണ്ട്. ഓരോ വര്‍ഷവും ഓഗസ്റ്റ് 6-ന് അനുസ്മരിക്കപ്പെടുന്ന ഹിരോഷിമാ ദിനം കൂടുതല്‍ ശക്തമായ ആലോചനകളുടെയും പ്രതിഷേധത്തിന്റെയും ദിനമായി മാറണം.

Yoshiko Michitsuji (Japan), I Ran Toward My House Through a Sea of Flames, 1974  (courtesy of the Hiroshima Peace Memorial Museum).
Yoshiko Michitsuji (Japan), I Ran Toward My House Through a Sea of Flames, 1974 (courtesy of the Hiroshima Peace Memorial Museum).

കാലാവസ്ഥാ ദുരന്തം

2018-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ശാസ്‌ത്രലേഖനത്തിന്റെ തലക്കെട്ട് ഞെട്ടിക്കുന്നതായിരുന്നു: ‘സമുദ്രനിരപ്പിന്റെ ഉയർച്ച കാരണം തിരമാലകൾ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം വർദ്ധിക്കുന്നതിനാൽ പവിഴപ്പുറ്റുകളാൽ നിർമിക്കപ്പെട്ട മിക്ക ദ്വീപുകളും (atolls) ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വാസയോഗ്യമല്ലാതാകും’ എന്നായിരുന്നു അത്. സെയ്ഷെൽസ് മുതൽ മാർഷൽ ദ്വീപുകൾ വരെയുള്ള പവിഴപ്പുറ്റുദ്വീപുകൾ അപ്രത്യക്ഷമായേക്കാമെന്ന് ലേഖകർ കണ്ടെത്തി. 2019-ലെ ഒരു യുഎൻ റിപ്പോർട്ട് പ്രകാരം, ഒരു ദശലക്ഷം മൃഗങ്ങളും സസ്യജാലങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. ഇതിനൊപ്പം വിനാശകാരിയായ കാട്ടുതീയും പവിഴപ്പുറ്റുകളുടെ കടുത്ത ബ്ലീച്ചിംഗും (വെള്ളനിറം ആകുന്നത്) കൂടിയാകുമ്പോൾ കാലാവസ്ഥാ ദുരന്തത്തിന്റെ സൂചനകളെപ്പറ്റി നാമിനിയും സംശയിക്കേണ്ടതില്ല എന്ന സ്ഥിതി വരുന്നു. അപകടം ഭാവിയിലല്ല, വർത്തമാനകാലത്തുതന്നെയാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിൽ പൂർണമായും പരാജയപ്പെട്ടവരാണ് ലോകത്തെ പ്രധാനശക്തികളായ രാജ്യങ്ങൾ. പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിച്ച 1992-ലെ റിയോ പ്രഖ്യാപനത്തിന്റെ ‘പൊതുവായതും എന്നാൽ വ്യതിരിക്തവുമായ ഉത്തരവാദിത്തങ്ങൾ’ എന്ന സമീപനം ഈ രാജ്യങ്ങൾ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആഗോള കാർബൺ നിഷ്‌ക്രാമണത്തിൽ തങ്ങളുടെ പങ്ക് വളരെ കുറവായിട്ടുകൂടി ജമൈക്ക, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ 2020 അവസാനിക്കുന്നതിന് മുൻപ് പാരിസ് കരാർ അനുശാസിക്കും വിധത്തിൽ ഐക്യരാഷ്ട്രസഭയിലേക്ക് തങ്ങളുടെ കാലാവസ്ഥാ പദ്ധതികൾ അപ്ഡേറ്റ് ചെയ്‌തുകഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. വികസ്വര രാജ്യങ്ങൾ ഈ പ്രക്രിയയിൽ പങ്കാളികളാകാൻ വേണ്ടി മാറ്റിവച്ചിരുന്ന പണം വിദേശ കടം പെരുകിയതോടെ വറ്റിപ്പോവുകയാണ്. ഇത് ഈ വിഷയത്തെ ‘അന്താരാഷ്‌ട്ര സമൂഹം’ എത്ര നിസ്സാരമായാണ് കാണുന്നത് എന്നത് വെളിവാക്കുന്നു.

ആണവ യുദ്ധത്തിലൂടെയും കാലാവസ്ഥാ ദുരന്തത്തിലൂടെയും സാമൂഹിക തകർച്ചയിലൂടെയും സംഭവിക്കാൻ പോകുന്ന വംശനാശത്തിന്റെ ഭീഷണിയിലേയ്‌ക്ക് അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കപ്പെടണമെങ്കിൽ ശക്തമായ ഒരു സാർവദേശീയത അനിവാര്യമാണ്.

സാമൂഹ്യ ഉടമ്പടികളെ തകർക്കുന്ന നവലിബറലിസം

ഭരണകൂടം ലാഭം കുന്നുകൂട്ടുന്നവർക്ക് തീറെഴുതപ്പെട്ടിരിക്കുകയും സിവിൽ സമൂഹം സ്വകാര്യ ഫൗണ്ടേഷനുകളാൽ ചരക്കുവൽക്കരിക്കപ്പെടുകയും ചെയ്‌തതോടെ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും രാജ്യങ്ങൾ പൊതുസമൂഹത്തിനായി നിറവേറ്റിയിരുന്ന ധർമങ്ങൾ ചോർത്തിക്കളഞ്ഞിരിക്കുകയാണ്. ഇതിനർത്ഥം ലോകത്തിന്റെ ഈ ഭാഗങ്ങളിൽ സാമൂഹിക പരിവർത്തനത്തിനുള്ള വഴികൾ ക്രൂരമായി തടസ്സപ്പെട്ടു എന്നാണ്. തൊഴിലാളിവർഗത്തിന്റെ ആപേക്ഷിക രാഷ്ട്രീയ ബലഹീനതയുടെ ഫലമാണ് ഭയാനകമായ സാമൂഹിക അസമത്വം. ഈ ബലഹീനതയാണ് പട്ടിണിനിരക്ക് ഉയരാൻ കാരണമാകുന്ന നയങ്ങൾ രൂപീകരിക്കാൻ ശതകോടീശ്വരന്മാരെ പ്രാപ്തരാക്കുന്നത്. രാജ്യങ്ങൾ വിലയിരുത്തപ്പെടേണ്ടത് അവരുടെ ഭരണഘടനകളിൽ എഴുതിയ വാക്കുകളിലൂടെയല്ല, വാർഷിക ബജറ്റുകളിലൂടെയാണ്. ഉദാഹരണത്തിന്, യുഎസ് അതിന്റെ യുദ്ധോപകരണങ്ങൾക്കായി ഒരു ട്രില്യൺ ഡോളർ ചെലവഴിക്കുന്നു (രഹസ്യാന്വേഷണത്തിനായി ചെലവഴിക്കുന്ന തുകയുടെ എസ്റ്റിമേറ്റ് കൂടി ചേർക്കുകയാണെങ്കിൽ). അതേസമയം പൊതു നന്മയ്ക്കായി ചെലവഴിക്കുന്ന തുക ഇതിന്റെ ഒരു അംശം മാത്രമേ വരൂ. (യു.എസ്. സർക്കാർ ആരോഗ്യ പരിരക്ഷയ്‌ക്കായി ചെലവഴിക്കുന്ന തുക എത്ര കുറവാണ് എന്നത് ഉദാഹരണം; മഹാമാരിയുടെ കാലത്ത് പ്രകടമായ കാര്യമാണിത്.) ആയുധ ഇടപാടുകളാൽ നന്നായി മിനുസപ്പെടുത്തിയതാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിദേശനയങ്ങൾ എന്ന് തോന്നുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സും (യു എ ഇ) മൊറോക്കോയും യഥാക്രമം 23 ബില്യൺ ഡോളറും ഒരു ബില്യൺ ഡോളറും മൂല്യമുള്ള യുഎസ് നിർമ്മിത ആയുധങ്ങൾ വാങ്ങണമെന്ന വ്യവസ്ഥയിൽ ഇസ്രായേലിനെ അംഗീകരിക്കാൻ സമ്മതിച്ചു. ഫലസ്തീനികളുടെയും സഹ്‌റവികളുടെയും യെമൻ ജനതയുടെയും അവകാശങ്ങൾ ഈ ആയുധ ഇടപാടുകൾക്കൊരു വിഷയമേയായില്ല. കോവിഡ്-19 മഹാമാരി മൂലം ലോകമെമ്പാടും പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽപ്പോലും ക്യൂബ,ഇറാൻ, വെനെസ്വേല എന്നിവയുൾപ്പെടെ മുപ്പത് രാജ്യങ്ങൾക്കെതിരായ അമേരിക്കയുടെ നിയമവിരുദ്ധമായ ഉപരോധം അങ്ങേയറ്റം സാധാരണമായ ഒന്നായി മാറിയിരിക്കുന്നു. ഈ അടിയന്തിരാവസ്ഥയെക്കുറിച്ച് ഒരു ആഗോള വീക്ഷണം സ്വീകരിക്കാൻ പല തരത്തിലും പേരിൽ മാത്രം ജനാധിപത്യമുള്ള മുതലാളിത്ത ചേരിയിലെ സർക്കാരുകളുടെ മേൽ സമ്മർദ്ദം ചെലുത്താൻ അവിടുത്തെ ജനങ്ങൾക്ക് സാധിക്കാതെ പോകുന്നത് ആ രാഷ്ട്രീയ വ്യവസ്ഥയുടെ പരാജയമാണ്. അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ ഗ്രഹത്തിലെ കോടിക്കണക്കിന് ആളുകൾക്ക് ചക്രവാളസീമയെന്ന് വർദ്ധിച്ചുവരുന്ന പട്ടിണിയുടെ നിരക്ക് വെളിപ്പെടുത്തുന്നുണ്ട്.(ഇതിനെല്ലാമിടയിൽത്തന്നെയാണ് ചൈനയ്‌ക്ക് കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനും പട്ടിണി ഏറെക്കുറെ ഉന്മൂലനം ചെയ്യാനും സാധിച്ചത്.)

ആണവ മഹാദുരന്തവും കാലാവസ്ഥാപരമായ ദുരന്തങ്ങളാലുണ്ടാകുന്ന വംശനാശവും ഈ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ഇരട്ട ഭീഷണികളാണ്. അതേസമയം, കഴിഞ്ഞ തലമുറയെ സാരമായി ബാധിച്ച നവലിബറൽ അതിക്രമത്തിന്റെ ഇരകളാകട്ടെ, അവരുടെ കേവലമായ നിലനിൽപ്പെന്ന അതിജീവനത്തിന്റെ ഹ്രസ്വകാല പ്രശ്നം മൂലം നമ്മുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും വിധിയെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യത്തെ മാറ്റിവയ്‌ക്കാൻ നിർബന്ധിതരാകുന്നു. ഇത്ര ഗണ്യമായ തോതിലുള്ള ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആഗോള സഹകരണം ആവശ്യമാണ്. 1960-കളിൽ മൂന്നാംലോകരാജ്യങ്ങളുടെ സമ്മർദ്ദഫലമായി ലോകത്തെ പ്രമുഖ ശക്തികൾ ആണവായുധ നിർവ്യാപന കരാർ (1968) അംഗീകരിച്ചിരുന്നു, അങ്ങേയറ്റം ആഴത്തിൽ പ്രാധാന്യമുണ്ടായിരുന്ന നവ അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിനായുള്ള 1974-ലെ പ്രഖ്യാപനം അവർ തള്ളിക്കളഞ്ഞെങ്കിൽ പോലും. അന്താരാഷ്ട്ര വേദികളിൽ ഇത്തരം വർഗപരമായ അജണ്ട മുന്നോട്ടുവയ്ക്കാൻ വേണ്ടുന്ന വർഗശക്തികളുടെ ബലാബലം ഇന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും, ഒപ്പം വികസ്വര ലോകത്തെ ബ്രസീൽ, ഇന്ത്യ, ഇന്തോനീഷ്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ വലിയ രാജ്യങ്ങളിലും രാഷ്‌ട്രീയ ചലനാത്മകതയുണ്ടാകേണ്ടത് സർക്കാരുകളുടെ പ്രകൃതത്തിൽ മാറ്റം വരുത്താൻ ആവശ്യമാണ്. ആണവ യുദ്ധത്തിലൂടെയും കാലാവസ്ഥാ ദുരന്തത്തിലൂടെയും സാമൂഹിക തകർച്ചയിലൂടെയും സംഭവിക്കാൻ പോകുന്ന വംശനാശത്തിന്റെ ഭീഷണിയിലേയ്‌ക്ക് അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കപ്പെടണമെങ്കിൽ ശക്തമായ ഒരു സാർവദേശീയത അനിവാര്യമാണ്.

(Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ്. നോം ചോംസ്കിയുമായി ചേർന്ന് അദ്ദേഹം തയ്യാറാക്കിയ ട്രൈക്കോണ്ടിനെന്റലിന്റെ 2021-ലെ ആദ്യത്തെ ന്യൂസ് ലെറ്ററിന്റെ പരിഭാഷ.)

Related Stories

No stories found.
logo
The Cue
www.thecue.in