കേരള ബജറ്റ് 2021; പൂര്‍ണരൂപം

കേരള ബജറ്റ് 2021; പൂര്‍ണരൂപം

1. നേരം പുലരുകയും

സൂര്യൻ സർവതേജസോടെ ഉദിക്കുകയും

കനിവാർന്ന പൂക്കൾ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും

നാം കൊറോണയ്ക്കെതിരെ

പോരാടി വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ

തിരികെ എത്തിക്കുകയും ചെയ്യും...

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിതയോടെ 2021-22 ലേയ്ക്കുള്ള കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ഞാൻ ആരംഭിക്കട്ടെ.

2. കൊവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ട്. ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന പിണറായി സർക്കാർ തന്നെയാണ് ജനങ്ങളിൽ ഈ ആത്മവിശ്വാസം സൃഷ്ടിച്ചത് എന്ന് അഭിമാനത്തോടെയും വിനയത്തോടെയും അവകാശപ്പെടട്ടെ. സർക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണ്. സർ, ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിർത്തിക്കൊണ്ട്, പുതിയ വികസനപാതയിലേയ്ക്കു വഴി തെളിയിക്കുന്നവയായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഈ നിലപാടിന്റെ തുടർച്ചയാണ് 2021-22ലേയ്ക്കുള്ള ബജറ്റ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ പറയട്ടെ, കൊവിഡാനന്തര കേരളത്തിന്റെ വികസന മുൻഗണനകളുടെയും മുൻകൈകളുടെയും രൂപരേഖയാണ് ഈ ബജറ്റ്.

3. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ടത്തിൽ വ്യാപനത്തെത്തന്നെ തടയുന്നതിൽ വിജയിച്ചു. എന്നാൽ ഇപ്പോൾ വ്യാപനരേഖ വീണ്ടും മുകളിലേയ്ക്ക് ഉയരുകയാണ്. പക്ഷെ, ചികിത്സാ സൗകര്യങ്ങൾ കൊവിഡ് വ്യാപനരേഖയുടെ മുകളിൽ നിലനിർത്തുന്നതിനു നമ്മൾ വിജയിച്ചതുകൊണ്ട് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ തളയ്ക്കാൻ കഴിഞ്ഞു. ആരോഗ്യ ഇടപെടൽ ഫലപ്രദമല്ലായിരുന്നുവെങ്കിൽ മരണം പലമടങ്ങായി ഉയർന്നേനെ. സർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് സേന, റവന്യു ഉദ്യോഗസ്ഥർ, തദ്ദേശഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മുഴുവൻ കൊവിഡ് പോരാളികളെയും അഭിനന്ദിക്കുന്നതിന് സഭ എന്നോടൊപ്പം ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്.

4. കോവിഡിനു മുന്നിൽ പകച്ചു നിൽക്കാൻ നാം തയ്യാറല്ല. നമ്മുടെ കുട്ടികളടക്കം അതിജീവനത്തിന്റെ പുതുവഴികളെക്കുറിച്ചാണ് സ്വപ്നം കാണുന്നത്. തിരുവനന്തപുരം മടവൂർ എൻഎസ്എസ് എച്ച്എസ്എസിലെ ആർ.എസ്. കാർത്തികയുടെ പ്രത്യാശ പങ്കുവയ്ക്കട്ടെ...

യുദ്ധം ജയിച്ചിടും

യുവസൂര്യനുദിച്ചിടും

മുന്നോട്ടു നടന്നിടും നാമിനിയും

വിജയഗാഥകൾ ചരിത്രമായി വാഴ്ത്തിടും

കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രത്യാശ പാഴാകില്ലെന്ന് ഈ ബജറ്റ് ഉറപ്പുനൽകുന്നു.

കേരളത്തിന്റെ ബദൽ

5. ഒരു ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി എടുക്കാവുന്ന നിലപാടുകൾക്ക് കർശനമായ പരിധിയുണ്ട്. എങ്കിലും കേരളം സ്വീകരിച്ച നടപടികൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു മനസോടെയാണ് നാം അതിജീവനത്തിന്റെ പുതിയ അധ്യായം രചിച്ചത്. തോൽക്കാൻ മനസില്ലാത്ത ഒരു ജനതയുടെ ഇച്ഛാശക്തിയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ആ പോരാട്ടം നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ എങ്ങനെ പതിഞ്ഞുവെന്ന് നോക്കൂ. വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെ.എച്ച്. അളകനന്ദയുടെയാണ് വരികൾ.

ഒരു പ്രോട്ടീൻ പാളിയ്ക്കുള്ളിൽ നിന്ന് നീ

ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ

തോറ്റുപോകാതിരിക്കാൻ കൂടി

ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു

ആയിരം യുദ്ധചരിത്രങ്ങൾ പോലും

പഠിപ്പിക്കാത്ത മഹത്തായ പുസ്തകം

സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു...

പ്രതിസന്ധിയുടെയും വിവേചനത്തിന്റെയും മുന്നിൽ പകച്ചു നിൽക്കാനല്ല, സ്വന്തം പാത കണ്ടെത്തി, ലോകത്തിനു മാതൃകയായ ഒരു പാഠം രചിക്കുകയായിരുന്നു സർക്കാർ ചെയ്തത്. കൂടപ്പിറപ്പുകൾക്കു കരുത്തു നൽകാൻ

ഒപ്പമല്ല മുന്നിൽത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളൊരു

സർക്കാരുമുണ്ടുകൂടെ

എന്നാണ് അയ്യൻ കോയിക്കൽ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി കനിഹ എഴുതിയത്.

എന്തൊക്കെയാണ് സർക്കാർ ചെയ്തത് എന്ന് ചുരുക്കിപ്പറയാം.

6. ഒന്ന്, കൊവിഡിന് സൗജന്യചികിത്സ മുഴുവൻ പേർക്കും ഉറപ്പുവരുത്തി. ആരോഗ്യവകുപ്പിന്റെ ചെലവുകൾ എല്ലാവിധ ധനകാര്യ നിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രമാക്കി. മരുന്ന്, താൽക്കാലിക ജീവനക്കാരുടെ നിയമനം, കൊവിഡ് സെന്ററുകൾ സ്ഥാപിക്കൽ, ക്വാറന്റൈൻ - റിവേഴ്സ് ക്വാറന്റൈൻ നടപടികൾ തുടങ്ങിയവയെല്ലാം നമ്മുടെ കൊവിഡ് പ്രതിരോധത്തെ മികവുറ്റതാക്കി. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ കരുത്ത് ഒരിക്കൽക്കൂടി ലോകശ്രദ്ധ നേടി. കേരള പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്. 221 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പുതിയ തസ്തികകൾ വേണം. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള തസ്തികകൾ മെഡിക്കൽ കോളേജുകളിൽ ഉറപ്പുവരുത്തണം. മറ്റ് ആശുപത്രികളിൽ കിഫ്ബി വഴി സൃഷ്ടിച്ച പുതിയ സൗകര്യങ്ങളുടെ പൂർണ്ണ വിനിയോഗത്തിനും ആവശ്യമായ തസ്തികകൾ കൂടിയേതീരൂ.

സർ, 2021-22ൽ 4000 തസ്തികകൾ ആരോഗ്യ വകുപ്പിൽ സൃഷ്ടിക്കും. ഇവ ഏതൊക്കെ മേഖലകളിൽ ഏതൊക്കെ തലങ്ങളിൽ വേണമെന്നത് ആരോഗ്യ വകുപ്പിനു തീരുമാനിക്കാം.

7. രണ്ട്, കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ നമ്മൾ ഊന്നി. ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽത്തന്നെ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് കേരളം പ്രഖ്യാപിച്ചു. കുടിശികകൾ മുഴുവൻ തീർത്തു. പെൻഷൻ വർദ്ധിപ്പിച്ചു. പെൻഷൻ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്കും ഇതിലൊന്നും ഉൾപ്പെടാത്ത കുടുംബങ്ങൾക്കും പ്രത്യേക ധനസഹായം നൽകി. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യകിറ്റും കമ്മ്യൂണിറ്റി കിച്ചണുകളും ആരംഭിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ പലിശരഹിത ഉപഭോക്തൃവായ്പയായി സാധാരണക്കാരുടെ വീടുകളിലെത്തിച്ചു.

സർ, എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തുന്നു.

8. മൂന്ന്, തദ്ദേശ ഭരണസ്ഥാപനങ്ങളെ പൂർണമായി കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാക്കി. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ചെലവുകൾ പ്ലാൻ ഫണ്ടിൽ നിന്ന് നടത്താമെന്നും ഈ അധികച്ചെലവ് വർഷാവസാനം അധികഗ്രാന്റായി നൽകുമെന്നും വ്യക്തമാക്കി. സംസ്ഥാന ധനകാര്യസ്ഥിതിയെക്കുറിച്ചുള്ള റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ ഒരുപേജ് കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങളെ പ്രകീർത്തിക്കുന്നതിനു നീക്കിവച്ചിരിക്കുന്നു.

സർ, തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അധികമായി അനുവദിക്കുന്നു. സംസ്ഥാന ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തിൽ നിന്നും 26 ശതമാനമായി ഉയർത്തുന്നു. മെയിന്റനൻസ് ഫണ്ട് 6 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി ഉയർത്തുന്നു. ജനറൽ പർപ്പസ് ഫണ്ട് 3.5 ശതമാനത്തിൽ നിന്നും 4 ശതമാനമായി ഉയർത്തുന്നു.

9. നാല്, ഇതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു പ്രതിഭാസത്തിനുകൂടി കേരളം സാക്ഷ്യം വഹിച്ചു. കിഫ്ബി ഫണ്ടിംഗ് ഉപയോഗപ്പെടുത്തി നടപ്പാക്കപ്പെടുന്ന 60000 കോടി രൂപയുടെ ഉത്തേജകപാക്കേജ് ആണ് ആ സവിശേഷത. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനതല മാന്ദ്യവിരുദ്ധ പശ്ചാത്തലസൗകര്യ പാക്കേജ് കേരളത്തിലാണ് നടപ്പാക്കുന്നത്.

സർ, 2021-22ൽ 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും.

10. അഞ്ച്, ലോക്ഡൗണിൽ നിന്ന് പുറത്തു കടക്കുന്നതിന് സർക്കാർ ഭരണയന്ത്രത്തെ പ്രാപ്തമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടി പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങൾ പൂർണമായി നടപ്പായി. 50000 തൊഴിലുകൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ സ്ഥലത്ത് ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൃഷ്ടിച്ചു. കാർഷിക മേഖലയിലും വലിയൊരു കുതിപ്പിന് സുഭിക്ഷ കേരളം വഴിയൊരുക്കി. സമയബന്ധിതമായി പ്രൊജക്ടുകൾ പൂർത്തീകരിക്കപ്പെട്ടു. ഇപ്പോൾ 10000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ രണ്ടാം കർമ്മപരിപാടിയായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

2021-22 ൽ 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും- 3 ലക്ഷം തൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്കും 5 ലക്ഷം തൊഴിലവസരങ്ങൾ മറ്റുള്ളവർക്കും.

സാമ്പത്തിക പ്രതിസന്ധി

11. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുകയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കഴിഞ്ഞ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ വർഷത്തെ അവസാനപാദത്തിലെ കണക്കുകൾ പ്രകാരം സാമ്പത്തികവളർച്ച കേവലം 3.1 ശതമാനം മാത്രമായിരുന്നു. അതിനുശേഷമാണ് കോവിഡ് പകർച്ചവ്യാധി രാജ്യത്തെ ഗ്രസിച്ചത്. ലോക്ഡൗണും ചരക്കുകടത്ത് തടസ്സങ്ങളും വിതരണ ശൃംഖലകളെ തകർത്തു. തൊഴിലില്ലായ്മ സൃഷ്ടിച്ച വരുമാന ഇടിവുമൂലം ഡിമാന്റും തകർന്നു. ആഗോള ഉൽപാദനം 4.9 ശതമാനം കേവലമായി ചുരുങ്ങും എന്നാണ് കണക്കാക്കപ്പെടുന്നത്. ‘കച്ചവടമില്ലാ കാലം, വേലയും കൂലിയുമില്ലാതെ മനുഷ്യൻ വീട്ടിലിരിപ്പൂ’ എന്നാണ് തോട്ടട, ഗവ. ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നവാലു റഹ്മാൻ ഈ അവസ്ഥയെ വരച്ചിടുന്നത്.

12. അമേരിക്കയുടെ നിഷേധാത്മക നിലപാടുമൂലം പകർച്ചവ്യാധിയെയും സാമ്പത്തികപ്രതിസന്ധിയെയും പ്രതിരോധിക്കുന്നതിന് ആഗോളമായി യോജിച്ചൊരു സമീപനം രൂപപ്പെട്ടില്ല. വികസിതരാജ്യങ്ങൾ പൊതുവിൽ ഡിമാന്റിനെ ഉത്തേജിപ്പിക്കുന്നതിന് വൻതോതിൽ സർക്കാർ ചെലവ് വർദ്ധിപ്പിച്ചു. ഏറ്റവും പാവപ്പെട്ട രാജ്യങ്ങൾക്കാകട്ടെ, ഇത്തരത്തിലൊരു സമീപനം സ്വീകരിക്കാനുള്ള പ്രാപ്തിയില്ല. അവർക്ക് നൽകിയ ആഗോളസഹായം നന്നേ ചെറുതുമായിരുന്നു. ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ നയം ഇവയ്ക്കു രണ്ടിനുമിടയിലാണ്.

13. കേന്ദ്രസർക്കാരിന്റെ ഉത്തേജന പാക്കേജിന് ബജറ്റിൽ നിന്നുള്ള യഥാർത്ഥത്തിൽ അധികച്ചെലവ് ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനത്തോളമേ വരൂ. ആരോഗ്യമേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയിട്ടില്ല. ഇത്തരമൊരു നയംമൂലം ലോകത്ത് ഏറ്റവും രൂക്ഷമായ സാമ്പത്തികമാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇന്ന് ഇന്ത്യ. ഈ വർഷത്തെ ആദ്യപാദത്തിൽ ആഗോള ഉൽപാദനം 10 ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യാരാജ്യത്തെ ഉൽപാദനം 23 ശതമാനമാണ് ഇടിഞ്ഞത്. നമ്മുടെ വീണ്ടെടുപ്പും താരതമ്യേനെ ദുർബലമാണ്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണം.

കേന്ദ്ര വിവേചനം

14. കേന്ദ്ര സർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്തെ മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് സമാശ്വാസം നൽകുന്നതും ചികിത്സ ഉറപ്പുവരുത്തുന്നതും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. സംസ്ഥാന സർക്കാരുകളുടെ വരുമാനം കൊവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്ന് കുറഞ്ഞു. കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് ധനകാര്യകമ്മിഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചു താമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകുന്നതിന് ഇപ്പോഴും തയ്യാറായിട്ടുമില്ല. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ രണ്ടു ശതമാനം കൂടുതൽ വായ്പയെടുക്കുന്നതിന് അനുവദിച്ചെങ്കിലും കർക്കശമായ നിബന്ധനകൾമൂലം ഒരു സംസ്ഥാനത്തിനും പൂർണമായി ഇത് ഉപയോഗപ്പെടുത്താനാവില്ല. ഇവയെല്ലാം മൂലം മാന്ദ്യകാലത്ത് ചെലവ് ചുരുക്കുന്നതിന് സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.

15. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പൂർണ റിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ല. കേരളത്തിന്റെ നികുതിവിഹിതം പതിനാലാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2.34 ശതമാനം ആയിരുന്നത് 2020-21ൽ 1.94 ശതമാനമായി താഴ്ന്നു. ഇനിയുള്ള വർഷങ്ങളിലും ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ല. സംസ്ഥാനങ്ങളുടെ വായ്പകളുടെ മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ ഫിനാൻസ് കമ്മിഷൻ തയ്യാറാകുമോ എന്ന ആശങ്കയും പ്രബലമാണ്. കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമം വേണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ബജറ്റിന് പുറത്തുള്ള വായ്പകളുടെ മേലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കമുണ്ട്. ഇവയോടെല്ലാമുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപനം സംസ്ഥാന ധനകാര്യസ്ഥിതിയുടെ മേൽ ഡെമോക്ലിസിന്റെ വാളുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

16. കിഫ്ബിയ്ക്കെതിരായി സംഘടിതമായ നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ലെ ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ടിൽ 1999 മുതൽ നിലവിലുണ്ടായിരുന്നതും സഭ രണ്ടു പ്രാവശ്യം ചർച്ച ചെയ്തു പാസാക്കിയതുമായ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിനു വിശദീകരണത്തിന് അവസരം നിഷേധിച്ചത് ഇന്ത്യാ രാജ്യത്ത് നിലവിലുള്ള ഓഡിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതൽ നമ്മുടെ പൈതൃകമായി നിലനിന്നുവന്ന ട്രഷറി സേവിംഗ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽ നിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസുകാരനായ എസ്.എസ്. ജാക്സന്റെ വരികൾ ഓർമ്മിപ്പിക്കട്ടെ...

എത്ര താഴ്ചകൾ കണ്ടവർ നമ്മൾ

എത്ര ചുഴികളിൽ പിടഞ്ഞവർ നമ്മൾ

എത്ര തീയിലമർന്നവർ നമ്മൾ

ഉയർത്തെണീക്കാനായി ജനിച്ചവർ നമ്മൾ

മരിക്കിലും തോൽക്കില്ല നമ്മൾ

അതെ നാം തോൽക്കാൻ നിശ്ചയിച്ചിട്ടില്ല. അതിജീവിക്കുകയും മുന്നോട്ടു പോവുകയും തന്നെ ചെയ്യും. സർ, കേരള സർക്കാരിന്റെ ആസൂത്രിതമായ ഇടപെടലിന്റെ ഫലമായി ജനങ്ങൾക്ക് വലിയതോതിൽ ആശ്വാസം നൽകാൻ കഴിഞ്ഞുവെന്നു മാത്രമല്ല, സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെടുത്താനും കഴിഞ്ഞു.

കാർഷിക പ്രതിസന്ധി

17. കൊവിഡ് പ്രതിസന്ധിയെ തങ്ങളുടെ നിയോലിബറൽ പരിഷ്കാരങ്ങൾ ഊർജിതമായി നടപ്പാക്കാനുള്ള സന്ദർഭമായിട്ടാണ് കേന്ദ്രസർക്കാർ കാണുന്നത്. കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള തങ്ങളുടെ വാശി വിദേശ മൂലധനത്തെ രാജ്യത്തിലേയ്ക്ക് കൂടുതൽ ആകർഷിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഈയൊരു പ്രതീക്ഷയിലാണ് കമ്മി താഴ്ത്തി നിർത്തുന്നതിന് മുൻഗണന നൽകിക്കൊണ്ട് ദുർബലമായ ഉത്തേജകപ്പാക്കേജുമായി രംഗത്തിറങ്ങിയത്. വ്യാപകമായ പൊതുമേഖലാ സ്വകാര്യവൽക്കരണം, തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത്, പുത്തൻ വിദ്യാഭ്യാസ നയം, വൈദ്യുതി മോട്ടോർ വാഹന നിയമങ്ങൾ, തുടങ്ങിയവയെല്ലാം കുത്തകകളെ പ്രീണിപ്പിക്കുന്നുവെന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുകകൂടി ചെയ്യുന്നു. മൂന്ന് കർഷകവിരുദ്ധ നിയമങ്ങളാണ് ഇത്തരം പരിഷ്കാരങ്ങളിൽ ഏറ്റവും കുപ്രസിദ്ധം. അംഗീകൃത മാണ്ഡികൾക്കു പുറത്ത് വിപണിയെ പ്രോത്സാഹിപ്പിക്കൽ, അവശ്യസാധനങ്ങൾക്കു മേലുള്ള നിയന്ത്രണം ഇല്ലാതാക്കൽ, കരാർ കൃഷിയുടെ പ്രോത്സാഹനം എന്നീ നിയമങ്ങൾ തറവില സമ്പ്രദായത്തെ ഇല്ലാതാക്കും, ഇടത്തട്ടുകാരെ ശക്തിപ്പെടുത്തും, കൃഷിക്കാരെ കുത്തകകൾക്ക് കീഴ്പ്പെടുത്തും. ഇതിനെതിരെ ഇന്ത്യയിലെ കർഷകർ നടത്തുന്ന ദില്ലി ചലോ സമരം ഐതിഹാസിക മുന്നേറ്റമായിക്കഴിഞ്ഞു. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കിഷ്ടമുള്ളതു ചെയ്യും, ആരു ചോദിക്കും എന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് കർഷകരുടെ മുന്നിൽ അടിയറവ് പറയേണ്ടി വരും.

18. കേരളം ഒറ്റക്കെട്ടായി നമ്മുടെ വാണിജ്യവിളകളെ സംരക്ഷിക്കുന്നതിന് രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. റബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. നാളികേരത്തിന്റെ താങ്ങുവില ഉയർത്തണം. വർദ്ധിച്ചു വരുന്ന ഇറക്കുമതി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ മറ്റു വാണിജ്യവിളകൾക്കു കൂടി താങ്ങുവില പ്രഖ്യാപിക്കണം.

· ഏപ്രിൽ ഒന്നു മുതൽ റബ്ബറിന്റെ തറവില 170 രൂപയായി ഉയർത്തുന്നു.

· നെല്ലിന്റെ സംഭരണവില 28 രൂപയായി ഉയർത്തുന്നു.

· നാളികേരത്തിന്റെ സംഭരണവില 27 രൂപയിൽ നിന്നും 32 രൂപയായി ഉയർത്തുന്നു.

കേരളത്തിന്റെ വികസനക്കുതിപ്പ്

19. സംസ്ഥാനം വലിയ പ്രതിസന്ധികളെ നേരിട്ട വർഷങ്ങളാണ് നാം പിന്നിട്ടത്. നിപ്പയും രണ്ടു മഹാപ്രളയങ്ങളും അവസാനം കൊവിഡും. പുതിയ നികുതി സമ്പ്രദായമായ ജിഎസ്ടി ഇതുവരെ ഫലപ്രദമായി നടപ്പായിട്ടില്ല. ഇതെല്ലാം സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എന്നാൽ ഇതൊന്നും സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തിന് തടസ്സമായില്ല.

i. 2011-12/2015-16 കാലയളവിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 4.9 ശതമാനമായിരുന്നു. പ്രളയങ്ങളുടെ തകർച്ചയെല്ലാം ഉണ്ടായിട്ടും കൊവിഡ് വർഷമായ 2020-21 മാറ്റി നിർത്തിയാൽ ഈ സർക്കാരിന്റെ ഭരണകാലത്ത് ശരാശരി സാമ്പത്തിക വളർച്ച 5.9 ശതമാനമാണ്.

ii. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് 9011 കോടി രൂപ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 32034 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 2015-16ൽ 34 ലക്ഷം ആയിരുന്നത് ഇപ്പോൾ 48.6 ലക്ഷമാണ്. ക്ഷേമപെൻഷൻകാരടക്കം മൊത്തം 59.5 ലക്ഷം പേർ. സാമൂഹ്യസുരക്ഷാ പെൻഷൻകാരിൽ 30 ശതമാനം പേർ ഈ സർക്കാരിന്റെ കാലത്ത് ആദ്യമായി പെൻഷൻ വാങ്ങിയവരാണ്.

iii. പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി കഴിഞ്ഞ സർക്കാർ ആകെ 5242 കോടി രൂപയാണ് ചെലവഴിച്ചത്. ഈ സർക്കാർ ഇതുവരെ 10697 കോടി രൂപ ചെലവഴിച്ചു. നിശ്ചയിക്കപ്പെട്ട ഭക്ഷ്യസാധനങ്ങൾക്ക് മാവേലി സ്റ്റോറിലെ വില 2015-16നു ശേഷം ഉയർത്തിയിട്ടില്ല. സർ, 2020 സെപ്തംബർ വരെ ഇന്ത്യയിൽ പ്രതിമാസം ശരാശരി 6.70 ശതമാനം വിലക്കയറ്റം ഉണ്ടായപ്പോൾ കേരളത്തിൽ 6.13 ശതമാനമാണ് വിലക്കയറ്റം.

iv. 15 ലക്ഷം അർഹരായ കുടുംബങ്ങളെ ചുവപ്പ് കാർഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റേഷൻ ഗുണഭോക്തൃ ലിസ്റ്റിലെ അർഹതയില്ലാത്തവരെ നീക്കം ചെയ്തതുകൊണ്ടാണ് ഇതിനു കഴിഞ്ഞത്.

v. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 503 കോടി രൂപയാണ് ചെലവഴിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 1703 കോടി രൂപ ചെലവഴിച്ചു. ഇതിനു പുറമേ പ്രളയ ദുരിതാശ്വാസത്തിനായി 3729 കോടി രൂപ ചെലവഴിച്ചു.

vi. 2011-16 കാലത്ത് പൊതുമരാമത്ത് വകുപ്പ് 7780 കിലോമീറ്റർ റോഡുകളാണ് പുനരുദ്ധരിക്കുകയോ നവീകരിക്കുകയോ ചെയ്തത്. 2016-21 കാലയളവിൽ ഇതുവരെ 11580 കിലോമീറ്റർ റോഡുകൾ പൂർത്തീകരിച്ചു. 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാകും.

vii. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 4.9 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് വാട്ടർ അതോറിറ്റി നൽകിയത്. എൽഡിഎഫ് സർക്കാർ ഇതിനകം 11.02 ലക്ഷം കണക്ഷനുകൾ നൽകിയിട്ടുണ്ട്.

viii. ഇതിനകം 17.14 ലക്ഷം കണക്ഷനുകൾ നൽകി സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉൽപ്പാദനശേഷി 88 മെഗാവാട്ടാണ് വർദ്ധിച്ചത്. ഇപ്പോൾ 236 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിച്ചു.

ix. പൊതു ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളുടെ ശതമാനം കുറഞ്ഞുവന്ന് ഒരു ഘട്ടത്തിൽ 38 ശതമാനമായി താഴ്ന്നു. 2019ൽ ഇത് 48 ശതമാനമായി. കൊവിഡ് കാലത്ത് മഹാഭൂരിപക്ഷം ജനങ്ങളും പൊതു ആരോഗ്യത്തെയാണ് ആശ്രയിച്ചത്. ശിശു മരണ നിരക്ക് 12 ആയിരുന്നത് ഇപ്പോൾ 7 ആയി താഴ്ന്നു.

x. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തിൽ നിന്ന് 5.06 ലക്ഷമായി ഉയർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമത്തിനായി ആകെ ചെലവഴിച്ചത് 68 കോടി രൂപയാണ്. ഈ സർക്കാർ ഇതിനകം 180 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

xi. കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തിൽ നിന്നും 45 ലക്ഷമായി ഉയർന്നു. ബാങ്ക് ലിങ്കേജ് വായ്പ 5717 കോടി രൂപയിൽ നിന്ന് 11804 കോടി രൂപയായി ഉയർന്നു. തൊഴിൽ സംരംഭങ്ങളുടെ എണ്ണം 10177ൽ നിന്ന് 30176 ആയി ഉയർന്നു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 54000ത്തിൽ നിന്ന് 71572 ആയി ഉയർന്നു.

xii. നെൽവയൽ വിസ്തൃതി വീണ്ടും ഉയർന്നു തുടങ്ങി. ഏതാനും പതിറ്റാണ്ടായി കുറഞ്ഞു വന്ന് 2016-17ൽ 1.7 ലക്ഷം ഹെക്ടറിൽ എത്തിയതാണ്. ഇന്ന് നെൽവയൽ വിസ്തൃതി 2.23 ലക്ഷം ഹെക്ടറാണ്.

xiii. ഒരു ഹാർബർ മാത്രമാണ് കഴിഞ്ഞ ഭരണത്തിൽ പൂർത്തീകരിച്ചത്. ഈ സർക്കാരിനു കീഴിൽ 5 എണ്ണം പൂർത്തീകരിച്ചു. 3 എണ്ണം മാർച്ചിൽ പൂർത്തിയാകും. 13018 വീടുകൾ മത്സ്യമേഖലയിൽ നിർമ്മിച്ചു.

xiv. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പാദനം 2015-16ൽ 2799 കോടി രൂപയായിരുന്നത് 2019-20ൽ 3148 കോടി രൂപയായി ഉയർന്നു. 2015-16ൽ സഞ്ചിതനഷ്ടം 213 കോടി രൂപയായിരുന്നത് 102 കോടി രൂപ സഞ്ചിതലാഭമായി മാറി.

xv. സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എണ്ണം 2015-16ൽ 82000 ആയിരുന്നു. 2020-21ൽ ഇത് 1.40 ലക്ഷം ആയി ഉയർന്നു. തൊഴിലാളികളുടെ എണ്ണം 4.18 ലക്ഷത്തിൽ നിന്നും 6.38 ലക്ഷം ആയി ഉയർന്നു.

xvi. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 300 സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത്. അതിപ്പോൾ 3900 ആയി വർദ്ധിച്ചു. 32000 പേർക്കാണ് തൊഴിൽ ലഭിച്ചത്.

xvii. പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിൽ 2016-21 കാലത്ത് 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ 4.99 ലക്ഷം കുട്ടികൾ കുറയുകയാണുണ്ടായത്.

xviii. വീടിനുള്ള ധനസഹായം 2.5 ലക്ഷത്തിൽ നിന്നും 4 ലക്ഷം രൂപയാക്കി. ഇതുവരെ ആകെ 273632 വീടുകൾ നിർമ്മിച്ചു നൽകിക്കഴിഞ്ഞു.

xix. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 1.64 ലക്ഷം പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യഥാർത്ഥത്തിൽ 1.15 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

xx. നവംബർ വരെ താൽക്കാലിക ജീവനക്കാരടക്കം 43224 തസ്തികകൾ സൃഷ്ടിച്ചു. 1.5 ലക്ഷം പി.എസ്.സി നിയമനങ്ങൾ നടന്നു.

ഭാഗം 2

അഭ്യസ്തവിദ്യർക്ക് തൊഴിൽ

20. സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ് അഞ്ചു വർഷം സംസ്ഥാനത്ത് ഉണ്ടായത്. ഈ നേട്ടങ്ങളുടെ അടിത്തറയിൽ കേരളം രൂപംകൊണ്ട നാൾ മുതൽ നേരിടുന്ന ഒരു സുപ്രധാന വികസന വെല്ലുവിളി ഏറ്റെടുക്കുകയാണ്. ഇതിനുള്ള കർമ്മ പരിപാടിയാണ് 2021-22ലെ ബജറ്റിന്റെ കാതൽ.

21. തൊഴിലില്ലായ്മയാണ് കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ വികസന വെല്ലുവിളി. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നിലവിലുള്ള തൊഴിൽദാന പദ്ധതികൾ അപര്യാപ്തമാണ്. 2018-19 ൽ 15നും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ദേശീയതലത്തിൽ 5.8 ശതമാനം ആയിരുന്നപ്പോൾ കേരളത്തിലേത് 10.4 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യകാരണം. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 5.8 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 19.1 ശതമാനമാണ്. എത്ര ശ്രമിച്ചാലും ജോലി കിട്ടില്ലായെന്നു വരുമ്പോൾ സ്ത്രീകൾ തൊഴിലന്വേഷണം തന്നെ നിർത്തി തൊഴിൽ സേനയ്ക്ക് പുറത്തു പോകുന്നു. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 28.5 ശതമാനം മാത്രമാണ്.

22. വീട്ടമ്മമാരുടെ ജീവിതം കണ്ണൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അരുന്ധതി ജയകുമാർ ഇങ്ങനെ വരച്ചിടുന്നു...

എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ

നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ

അവളുടെ ജീവിതം

അലക്കിത്തേച്ചുവച്ച തുണികൾക്കിടയിൽ

കഴുകിയടുക്കിവച്ച പാത്രങ്ങൾക്കിടയിൽ

തുടച്ചുമിനുക്കിവച്ച മാർബിൾ തറയിൽ

സ്വന്തം മുഖം കണ്ടെത്താൻ ശ്രമിക്കുകയും അത് എപ്പോഴോ അവൾക്ക് നഷ്ടമായെന്ന നിരാശ പങ്കുവയ്ക്കുകയും ചെയ്യുന്ന കവിതയാണിത്. സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തിയാൽ മാത്രമേ ഈ നിരാശയ്ക്ക് അറുതിയാകൂ. അതിനുള്ള ഒരു ബൃഹത് പദ്ധതിയാണ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

23. കൊവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് ഉപയോഗപ്പെടുത്താനാകണം. കൊവിഡ് തൊഴിൽഘടനയെ അടിമുടി പൊളിച്ചെഴുതിക്കഴിഞ്ഞു. ആഗോളതലത്തിൽ 50 ലക്ഷത്തിൽ താഴെ ആളുകളാണ് കേന്ദ്രീകൃത ഓഫീസുകൾക്കു പുറത്തിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്തുകൊണ്ടിരുന്നത്. കൊവിഡ് കാലത്ത് ഇത് 3 കോടിയായി വർദ്ധിച്ചു. അടുത്ത അഞ്ചു വർഷംകൊണ്ട് ഇവരുടെ എണ്ണം 18 കോടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. എറണാകുളം വാളകം മാർ സെന്റ് സ്റ്റീഫൻ ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി അഞ്ജന സന്തോഷ് ഈ സാഹചര്യത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു...

പുറത്തേയ്ക്കു പോകണ്ട

ലാപ്ടോപ്പ് തുറന്നാൽ

പുറംജോലിയെല്ലാം യഥേഷ്ടം നടത്താം

പുറംലോകമെല്ലാം അതിൽക്കണ്ടിരിക്കാം

ഈ സാഹചര്യം ഏറ്റവും ഫലപ്രദമായും ഭാവനാത്മകമായും ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കാണ് നമ്മൾ രൂപം നൽകാൻ ഉദ്ദേശിക്കുന്നത്.

24. കേന്ദ്രീകൃതമായ ഐടി പാർക്കുകൾക്കൊപ്പം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കുണ്ടറ, ചേർത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ചെറുകിട പാർക്കുകളും ആരംഭിച്ചു. കൊവിഡ് കാലത്ത് വർക്ക് നിയർ ഹോം സ്കീം പ്രകാരം റിസോർട്ടുകളും മറ്റും വർക്ക് സ്റ്റേഷനുകളാക്കുന്നതിന് നടപടി സ്വീകരിച്ചു.

ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ 5000 സ്ക്വയർ ഫീറ്റെങ്കിലും കെട്ടിട സൗകര്യം ഏർപ്പാടാക്കിയാൽ അവ വർക്ക് സ്റ്റേഷനുകളായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു സ്കീം പ്രഖ്യാപിക്കുകയാണ്. ഇതിനുവേണ്ടി 20 കോടി രൂപ വകയിരുത്തുന്നു.

25. “വർക്ക് നിയർ ഹോമി”നു പുറമെ, “വർക്ക് ഫ്രം ഹോം” അതായത് വീട്ടിലിരുന്ന് പണിയെടുക്കുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ തലത്തിലേയ്ക്കുള്ള ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.

26. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കമ്പനികൾ ജോലിയ്ക്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നൽകും.

· അവരുടെ ജോലിയ്ക്ക് ആവശ്യമായിട്ടുള്ള കമ്പ്യൂട്ടറും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിന് എക്രോസ് ദി കൗണ്ടർ വായ്പ കെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വഴി ലഭ്യമാക്കും. രണ്ടുവർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന മാസഗഡുക്കളായിട്ടായിരിക്കും വായ്പ നൽകുക. അതിനിടയിൽ ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതിയാകും. ഇത്തരത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ടായേക്കാവുന്ന നഷ്ടം സർക്കാർ നികത്തും.

· ഇവർക്ക് വർക്ക് സ്റ്റേഷൻ സൗകര്യം വേണമെന്നുണ്ടെങ്കിൽ അത് സഹായവാടകയ്ക്ക് ലഭ്യമാക്കും.

· പ്രോവിഡന്റ് ഫണ്ടിലെ തൊഴിലുടമയുടെ വിഹിതം സർക്കാർ അടയ്ക്കും.

· പിഎഫ് വേണ്ടതില്ലെങ്കിൽ ജോലി കഴിയുമ്പോൾ ലഭിക്കുന്ന ടെർമിനേഷൻ ആനുകൂല്യത്തിന്റെ ഇൻഷ്വറൻസ് പ്രീമിയം സർക്കാർ നൽകും.

· ആരോഗ്യ ഇൻഷ്വറൻസ് ലഭ്യമാക്കും.

27. കരിയർ ബ്രേക്ക് ചെയ്ത് വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ കേരളത്തിൽ 5 ലക്ഷത്തോളം ഉണ്ടെന്നാണ് കണക്ക്. മേൽപ്പറഞ്ഞ തൊഴിൽ കർമ്മപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് പണിയെടുക്കാൻ തയ്യാറുള്ള മറ്റൊരു 40 ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. പതിനാറു ലക്ഷം അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. അങ്ങനെ മൊത്തം 60 ലക്ഷം പേർ.

20 ലക്ഷം പേർക്കെങ്കിലും അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ കൊടുക്കുന്ന ഒരു വിപുലമായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നു. 2021 ഫെബ്രുവരി മാസം മുതൽ ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും.

28. ലോക തൊഴിൽ കമ്പോളത്തിലുണ്ടായ മാറ്റങ്ങളും കൊവിഡ് പ്രതിരോധത്തിലൂടെ കേരളം നേടിയ യശസ്സും ഈ തൊഴിൽ തന്ത്രത്തിന്റെ വിജയത്തിനു സഹായകരമാകും. കേരളമെന്ന ബ്രാൻഡ് ലോകമെമ്പാടുമുള്ള സാധാരണക്കാർക്കിടയിൽപ്പോലും ഇതുപോലെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാലമില്ല. ഈ അനുകൂല സാഹചര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തി മേൽപ്പറഞ്ഞ പദ്ധതി വിജയിപ്പിക്കും.

29. ഇതിനുവേണ്ടി ആഗോളതലത്തിൽ തൊഴിൽദാതാക്കളായ കമ്പനികളോട് നിരന്തരമായി സമ്പർക്കം പുലർത്തിയും അവരുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകിയും അവരുടെ വിവരങ്ങൾ ലഭ്യമാകുന്ന പ്ലാറ്റ്ഫോം പരിപാലിച്ചും ഇന്നവേഷൻസിനെ പ്രോത്സാഹിപ്പിച്ചും സങ്കീർണ്ണവും സമയബന്ധിതവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇതിനുവേണ്ടി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ-ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായുള്ള രജിസ്റ്റേർഡ് സൊസൈറ്റിയായി പുനസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സ്കിൽ ട്രെയിനിംഗും ഇന്നവേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഐസിറ്റി അക്കാദമി, ട്രെസ്റ്റ് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, കേയ്സ് തുടങ്ങിയവയ്ക്കും യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കും പ്രാതിനിധ്യമുണ്ടാകും. ഇതിനുപുറമേ അന്തർദേശീയ - ദേശീയ പ്രശസ്തിയുള്ള സാങ്കേതിക - വ്യവസായ വിദഗ്ധർക്കും കൗൺസിലിൽ അംഗത്വം നൽകും. സാങ്കേതികവിദ്യ, ഇന്നവേഷൻ, ബിസിനസ് പ്രോസസ് തുടങ്ങിയ മേഖലകളിൽ ദേശീയ അംഗീകാരവും കഴിവും തെളിയിച്ചിട്ടുള്ള ഒരാളെ കെ-ഡിസ്കിന്റെ മെമ്പർ സെക്രട്ടറിയായി നിയമിക്കും. കെ-ഡിസ്കിന്റെ ചുമതല മുഖ്യമായും ഏകോപനവും മോണിറ്ററിംഗുമാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ ഇന്നുള്ള മാൻഡേറ്റുകളിലോ ബജറ്റിലോ മാറ്റം വരുന്നതല്ല. ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കലും പരിശീലനത്തിനുള്ള മുന്നൊരുക്കവും കമ്പനികളുമായുള്ള ചർച്ചകളും 2021-22ൽത്തന്നെ പൂർത്തിയാക്കും.

കെ-ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തുന്നു. മൂന്നു ഗഡുക്കളായി ഈ പണം നൽകും. 2021-22ൽ പ്രൊഫഷണൽ ജോലിയിൽ നിന്ന് ബ്രേക്ക് ചെയ്തിരിക്കുന്ന 3 ലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പുവരുത്തും. 5 വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും.

നൈപുണി പരിശീലനം

30. അഭ്യസ്തവിദ്യർക്ക് നൈപുണി പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യരാക്കി തീർക്കേണ്ടതുണ്ട്. അഭ്യസ്തവിദ്യരായി തൊഴിൽ ഇല്ലാതെ കഴിയുന്ന എല്ലാ യുവതീയുവാക്കളെയും കഴിവുകൾ കണക്കിലെടുത്ത് കമ്പനികൾക്കു വേണ്ടുന്ന നൈപുണി പരിശീലനം നൽകലാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. ഇത്തരം 60 ലക്ഷം പ്രൊഫഷണലുകളെയും ബിരുദധാരികളെയും മൂന്നായി തരംതിരിക്കാം.

· ഒന്നാമത്തേത് ജോലി നഷ്ടപ്പെട്ടതുകൊണ്ടോ അല്ലെങ്കിൽ മറ്റു കാരണങ്ങൾകൊണ്ടോ കേരളത്തിലേയ്ക്ക് ഇപ്പോൾ തിരിച്ചു വരുന്ന പ്രൊഫഷണലുകളാണ്. ഇവർക്കു പ്രത്യേക പരിശീലനമൊന്നും ഇല്ലാതെ തന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

· രണ്ടാമത്തേത് പ്രൊഫഷണലായി കുറച്ചുനാൾ ജോലി ചെയ്തശേഷം എന്തെങ്കിലും കാരണംകൊണ്ട് ദീർഘനാൾ ബ്രേക്ക് എടുത്തിട്ടുള്ളവരാണ്. സ്ത്രീ പ്രൊഫഷണലുകളുടെ ദുർഗതിയാണിത്. ഒരു ദേശീയ ഏജൻസി നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിലെ പ്രൊഫഷണലുകളിൽ 27 ശതമാനം സ്ത്രീകളാണ്. ഇവരിൽ 48 ശതമാനം അഞ്ച് വർഷങ്ങൾക്കുള്ളിൽ ജോലി വിടുന്നു. അവശേഷിക്കുന്നതിൽ 65 ശതമാനവും അടുത്ത 5 വർഷങ്ങൾക്കുള്ളിൽ പിരിഞ്ഞു പോകുന്നു. ഇത്തരത്തിലുള്ള പ്രൊഫഷണലുകളായ സ്ത്രീകൾക്ക് ഹ്രസ്വപരിശീലനം നൽകിയാൽ ജോലിക്ക് പ്രാപ്തരാക്കാം. അവർക്കു വീട്ടിലിരുന്നോ വീട്ടിനടുത്ത് ഇരുന്നോ പണിയെടുക്കാം.

· മൂന്നാമത്തേത് മറ്റു ബിരുദധാരികളാണ്. അവർക്ക് കുറച്ചുകൂടി ദൈർഘ്യമേറിയ പരിശീലനം നൽകേണ്ടിവരും.

31. ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 75 ശതമാനം യുവതികളായിരിക്കും. ഇത്തരത്തിൽ താൽപര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ പരിശീലനത്തിന് കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കായിരിക്കും. ഇതിനായി പ്രത്യേകം സബ് - മിഷൻ കുടുംബശ്രീയിൽ ആരംഭിക്കും. ഇതിനായി 5 കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിക്കുന്നു.

32. ഇവിടെ ഉദ്ദേശിക്കുന്നത് ഡേറ്റ എൻട്രി പോലുള്ള പരിശീലനമല്ലായെന്നു വ്യക്തമാക്കട്ടെ:

· ഇൻഡസ്ട്രി 4.0 സ്കിൽസ് : ഡാറ്റ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, നിർമ്മിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഫുൾ സ്റ്റാക് ഡെവലപ്പ്മെന്റ്, സൈബർ സെക്യൂരിറ്റി

· ഡിജിറ്റൽ സ്കിൽസ് : ഡിജിറ്റൽ ഡിസൈൻസ്, ഡിജിറ്റൽ കണ്ടെന്റ് ക്രിയേഷൻ ആൻഡ് ഡെലിവറി, ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് ക്രിയേഷൻ ടൂൾസ്, മീഡിയ

· ലൈഫ് സ്കിൽസ് : ഓറൽ-റിട്ടൺ കമ്മ്യൂണിക്കേഷൻ, നെഗോഷ്യേഷൻ സ്കിൽസ്, ഫൈനാൻഷ്യൽ മാനേജ്മെന്റ്, ലീഗൽ ആൻഡ് ലേബർ ലോ അവൈർനെസ്, എത്തിക്സ് ഇൻ ബിസിനസ്,

· ലാംഗ്വേജ് സ്കിൽസ് : ഫോറിൻ ലാംഗ്വേജ് സ്കിൽസ്, മലയാളം കമ്പ്യൂട്ടിംഗ് സ്കിൽസ്,

· ഫങ്ഷണൽ സ്കിൽസ് : എച്ച് ആർ പ്രോസസ്, ഫൈനാൻസ് ആൻഡ് അക്കൌണ്ടിംഗ്, ഓഡിറ്റ് തുടങ്ങിയവ

· ഡൊമൈൻ സ്കിൽസ് : സിന്തറ്റിക് ബയോളജി, ജെനറ്റക് എഞ്ചിനീയറിംഗ്, റിന്യൂവബിൾ എനർജി, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് അഡിറ്റീവ് മാനുഫാക്ചറിംഗ് ഡിസൈൻസ്, അഗ്രിക്കൾച്ചറൽ കൺസൾട്ടിംഗ്, പെറ്റ് കെയർ, പാരാമെഡിക്കൽ ഡൊമൈനിലുള്ള മെഡിക്കൽ കോഡിംഗ്, ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈൻ തുടങ്ങിയവ

· സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് ആൻഡ് മാത്ത്സ് മേഖലയിലെ പുത്തൻ അവസരങ്ങൾ : അർബൻ പ്ലാനിംഗ്, സ്മാർട്ട് ഹാബിറ്റാറ്റ്സ്, സ്ട്രക്ചറൽ ഡിസൈൻസ്, റിമോട്ട് നെറ്റു്വർക്ക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ.

· ബിസിനസ് സ്കിൽസ് : ബിസിനസ് അനാലിസിസ്, പ്രോഡക്ട് ഡെവലപ്പ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് പ്രോസസ് റീ എഞ്ചിനീയറിംഗ് തുടങ്ങിയവ

· ഫിൻടെക് സ്കിൽസ് : ബാങ്കിംഗ്, ഫൈനാൻഷ്യൽ സർവീസുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മേഖലകൾക്കായുള്ള പ്രത്യേക ഡൊമൈൻ പരിശീലനം.

ഇത്തരം മേഖലകളിൽ കമ്പനികളുടെ ആവശ്യം അനുസരിച്ച് പരിശീലനം കസ്റ്റമൈസ് ചെയ്ത് നൽകും.

33. അസാപ്പ് (ASAP), കേയ്സ് (KASE), ഐസിറ്റി അക്കാദമി എന്നിവയാണ് ഇന്ന് സ്കിൽ ട്രെയിനിംഗിൽ നേതൃത്വം നൽകുന്ന ഏജൻസികൾ. ഐറ്റിഐ, പോളിടെക്നിക് തുടങ്ങിയവ മാറ്റിനിർത്തിയാൽപ്പോലും വിവിധതരം പരിശീലനങ്ങൾക്കായി 250 കോടി രൂപ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഈ പരിശീലന പരിപാടികളിൽ നല്ലപങ്കും ഹൈ എൻഡ് സ്കില്ലുകളുമായി ബന്ധമില്ലാത്തവയാണ്. അതുകൊണ്ട് മുൻഗണനകളിൽ ചില മാറ്റങ്ങൾ വേണ്ടിവരും. ആവശ്യമെങ്കിൽ പുതിയ ഏജൻസികൾക്കു രൂപം നൽകേണ്ടിവരും. നൈപുണിയുടെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കും. ഇതിൽ നല്ലപങ്കും ഓൺലൈനായി ചെയ്യാവുന്നതാണ്.

ഏതാണ്ട് അമ്പതു ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് ഉന്നത നൈപുണി പരിശീലനം നൽകാനുള്ള അതിബൃഹത്തായ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്നതാണ്. ഇതിനുവേണ്ടി കെ-ഡിസ്കിനു കീഴിൽ ഒരു സ്കിൽ മിഷനു രൂപം നൽകും.

34. എഞ്ചിനീയറിംഗ് കോളേജുകളെയും ഐറ്റി പാർക്കുകളെയും ഹൈസ്പീഡ് ഇന്റർനെറ്റ് മുഖാന്തിരം ബന്ധിപ്പിച്ച് ഓരോ വർഷവും 50000 കുട്ടികൾക്ക് പരിശീലനം നൽകാനുള്ള കേരള സ്കിൽ ഡെലിവറി പ്ലാറ്റ് ഫോമിന് 10 കോടി രൂപ വകയിരുത്തുന്നു.

35. കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. 215 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനു വകയിരുത്തുന്നു. ഇതിൽ 35 കോടി രൂപ എഞ്ചിനീയറിംഗ് കോളേജുകൾക്കും 40 കോടി രൂപ പോളിടെക്നിക്കുകൾക്കും ലഭിക്കും. സാങ്കേതിക വിദ്യാർത്ഥികളുടെ സ്കിൽ ഗ്യാപ്പ് റിഡക്ഷനു 13 കോടി രൂപ വകയിരുത്തുന്നു.

കേരളം – വിജ്ഞാന സമൂഹം

36. അഭ്യസ്തവിദ്യരെ നൈപുണി പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആഗോള തൊഴിൽ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനുളള തന്ത്രം വിജയിക്കുന്നതിന് ചില ഉപാധികളുണ്ട്.

· കേരളം ഡിജിറ്റൽ ഇക്കണോമിയായി രൂപാന്തരപ്പെടണം.

· ഉന്നതവിദ്യാഭ്യാസം മികവുറ്റതാക്കണം.

· ഉൽപ്പാദിപ്പിക്കപ്പെടുന്ന വിജ്ഞാനം പ്രായോഗിക നൂതനവിദ്യകൾ അഥവാ ഇന്നവേഷൻസായി മാറണം.

· ഇന്നവേഷൻസിന്റെ അടിസ്ഥാനത്തിൽ സ്റ്റാർട്ട് അപ്പുകൾ രൂപംകൊള്ളണം.

· വിജ്ഞാന വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തണം.

· നൂതനവിദ്യകൾ എല്ലാ ഉൽപ്പാദനതുറകളിലും കൂടുതൽ കൂടുതൽ സന്നിവേശിക്കപ്പെടണം.

ചുരുക്കത്തിൽ കേരളം വിജ്ഞാന സമൂഹമായി മാറണം. ഇതിന്റെ ഘടകങ്ങൾ ഓരോന്നുമെടുത്തു പരിശോധിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു.

37. കേരള നവോത്ഥാനം നടപ്പിലാക്കപ്പെട്ടത് വിദ്യാഭ്യാസത്തിലുണ്ടായ വളർച്ചയിലൂടെയാണ്. ആ ആശയം അവതരിപ്പിച്ചാണ് ശ്രീനാരായണ ഗുരു “വിദ്യകൊണ്ടു സ്വതന്ത്രരാവുക” എന്നു പറഞ്ഞത്. 1937 ജനുവരിയിൽ വെങ്ങാനൂരിൽ വച്ച് ശ്രീ അയ്യൻകാളി മഹാത്മാഗാന്ധിയോട് “എന്റെ ജനങ്ങളുടെ ഇടയിൽ പത്തു ബിഎക്കാരെയെങ്കിലും കണ്ടിട്ടു വേണം എനിക്കു മരിക്കാൻ”, എന്നു പറഞ്ഞത്. കേരളമാകെ വിദ്യാഭ്യാസ സൗകര്യങ്ങൾ വ്യാപകമാക്കിയ ഒന്നാം ഇഎംഎസ് സർക്കാരും ഇതു തന്നെയാണ് ചെയ്തത്. കേരള സമൂഹത്തിന്റെ അടുത്ത ഒരു കുതിച്ചു ചാട്ടത്തിന് മറ്റൊരു വിദ്യാഭ്യാസ വിപ്ലവം അനിവാര്യമാണ്. കേരളത്തെ ഒരു നോളജ് ഇക്കണോമി ആക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റിൽ നിർദ്ദേശിക്കുന്നത്.

38. വൈജ്ഞാനിക സമ്പദ്ഘടന എന്ന സങ്കൽപ്പത്തിൽ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങളുണ്ട്. ഡിജിറ്റൽ കഴിവ് എല്ലാവർക്കും ലഭ്യമാക്കണം. അഥവാ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കണം. കൃഷിക്കാരടക്കം തൊഴിലെടുക്കുന്നവരുടെയുമെല്ലാം അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സങ്കേതങ്ങളെ എല്ലാ തുറകളിലും ഉൾച്ചേർക്കാൻ കഴിയണം. ഇത്തരമൊരു സമൂഹത്തിൽ നിരന്തരമായി വിജ്ഞാനം പുനഃസൃഷ്ടിക്കപ്പെടണം.

ഡിജിറ്റൽ ഇക്കോണമി

39. ഇത്തരമൊരു സമൂഹത്തിലേയ്ക്കുള്ള പരിവർത്തനത്തിന് അനുയോജ്യമായ വിവരവിനിമയ ആവാസ വ്യവസ്ഥ അനിവാര്യമാണ്. ഇത് സൃഷ്ടിക്കുന്നതിനുള്ള നിർണായക കാൽവെയ്പ്പാണ് സ്കൂളിലെ ഡിജിറ്റലൈസേഷൻ. അതിലൂടെ പുതിയ തലമുറ വിവരവിനിയമ സാങ്കേതിക വിദ്യയെയും അതു തുറക്കുന്ന വലിയ വിജ്ഞാനലോകത്തെയും പരിചയപ്പെടുന്നു. അടുത്തതായി വേണ്ടത് എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുകയാണ്. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ്പ് വിതരണ പദ്ധതി കൂടുതൽ വിപുലവും ഉദാരവുമാക്കും.

· പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ വീടുകൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഈ ചെലവ് വഹിക്കുക.

· സബ്സിഡി കഴിച്ചിട്ടുള്ള തുക മൂന്നു വർഷം കൊണ്ട് കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി തിരിച്ചടച്ചാൽ മതി.

· കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോ ചിട്ടിയിൽ ചേരുന്നവർക്കെല്ലാം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാക്കും. ഇതിനുവേണ്ടി വരുന്ന പലിശ സർക്കാർ വഹിക്കും.

40. അടുത്ത നടപടി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുക എന്നതാണ്. ഇതിനുള്ള മാർഗ്ഗം കെ-ഫോൺ പദ്ധതിയുടെ പൂർത്തീകരണമാണ്. സർ, നെറ്റു്വർക്ക് ഓപ്പറേറ്റിംഗ് സെന്റർ, പതിനാല് ജില്ലാ പോപ്പുകൾ, അവയുമായി ബന്ധപ്പെട്ട 600 ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതുകൊണ്ടു വരുന്ന മാറ്റങ്ങൾ ഇവയാണ്.

· ബിപിഎൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കും.

· 30000 സർക്കാർ സ്ഥാപനങ്ങൾ അതിവേഗ ഇൻട്രാനെറ്റ് സംവിധാനം വഴി ബന്ധിപ്പിക്കും.

· 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാകും.

· കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ല. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം ലഭിക്കും.

· ഇന്റർനെറ്റിന്റെ ഗുണനിലവാരം ഉയരുകയും മെച്ചപ്പെട്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാവുകയും ചെയ്യും.

· ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്ക് സഹായിക്കും.

· ചെറുകിട മേഖലയടക്കം കേരളത്തിലെ വ്യവസായ വാണിജ്യ ടൂറിസം സംരംഭങ്ങൾക്ക് ഇ-കോമേഴ്സും മറ്റു ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കും.

കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേയ്ക്ക് 166 കോടി രൂപ വകയിരുത്തുന്നു.

41. ഇ-ഗവേണൻസ് സമ്പ്രദായത്തിന് കെ-ഫോൺ വലിയ ഉത്തേജകമായി മാറും. ഇപ്പോൾത്തന്നെ പഞ്ചായത്തിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് നടപ്പാക്കിത്തുടങ്ങി. ഇ-ഹെൽത്ത്, ഇ-എജ്യൂക്കേഷൻ, ഇ-കൊമേഴ്സ് തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടും. സർക്കാർ സേവനങ്ങളെല്ലാം ഇൻട്രാനെറ്റിൽ ആകുന്നതോടെ സേവനങ്ങളുടെ കാര്യക്ഷമത പതിന്മടങ്ങാകും. കേരളത്തിലെ പ്രമുഖ ഇ-ഗവേണൻസ് പരിപാടികളായ സ്റ്റേറ്റ് ഡാറ്റാ സെന്ററുകൾ, കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, സെക്രട്ടേറിയറ്റ് വൈഡ് ഏര്യാ നെറ്റുവർക്ക്, ഡിജിറ്റൽ സർവ്വീസുകൾ എന്നിവയെല്ലാം നടപ്പാക്കുന്നത് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മുഖാന്തിരമാണ്. ഈ പരിപാടികൾക്കായി 125 കോടി രൂപ വകയിരുത്തുന്നു.

ഉന്നത വിദ്യാഭ്യാസ മികവിലേയ്ക്ക്

42. സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ നിലവാരത്തെ അളക്കുന്നതിന് ഒട്ടേറെ വ്യത്യസ്തമായ സൂചകങ്ങൾ ആഗോളമായിത്തന്നെ ലഭ്യമാണ്. ഇതിൽ ഏറ്റവും പ്രമുഖമായത് ടൈംസ് ഹയർ എഡ്യുക്കേഷൻ പ്രസിദ്ധീകരിക്കുന്ന ആഗോള സർവ്വകലാശാലകളുടെ റേറ്റിംഗാണ്. കേരളത്തിൽ നിന്നും ഒരു സർവ്വകലാശാല മാത്രമാണ്. ആയതു തന്നെ 600നും 800നും ഇടയ്ക്കുള്ള റാങ്കിലാണ്. മറ്റൊരു പ്രമുഖ റാങ്കിംഗ് ഷാംങ്ഹായ് റാങ്കിംഗ് കൺസൾട്ടൻസിയുടെ 54 വിഷയങ്ങളിലെ 4000ൽപ്പരം യൂണിവേഴ്സിറ്റികളുടെ ലിസ്റ്റാണ്. ഈ 54 വിഷയങ്ങളിൽ ഒന്നിൽപ്പോലും കേരളത്തിൽ നിന്നുള്ള ഒരു സർവ്വകലാശാല പോലുമില്ല. ഇന്നത്തേതിന്റെ പലമടങ്ങ് മുതൽ മുടക്ക് ഉന്നതവിദ്യാഭ്യാസത്തിൽ അനിവാര്യമാണ്. അതുപോലെ തന്നെ പഠന ഗവേഷണത്തോടുള്ള സമീപനത്തിലും അടിമുടി മാറ്റം വേണം. രണ്ടും അത്ര എളുപ്പമല്ല. എങ്കിലും ഈ ദിശയിലേയ്ക്ക് നമ്മൾ രണ്ടും കൽപ്പിച്ചു നീങ്ങിയേതീരൂ. അല്ലാത്തപക്ഷം ഇവിടെ വിവരിക്കുന്ന വികസന തന്ത്രം ഒരു മരീചികയായിരിക്കും. ആറ് സുപ്രധാന നടപടികളാണ് മുന്നോട്ടുവയ്ക്കുന്നത്.

i. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3-5 ലക്ഷം പേർക്കുകൂടി പഠനസൗകര്യങ്ങൾ,

ii. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപകരുടെ നിയമനം,

iii. സർവ്വകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ,

iv. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രതിമാസം 1 ലക്ഷം രൂപ വരെ,

v. സർവ്വകലാശാല പശ്ചാത്തലസൗകര്യ വികസനത്തിന് 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം,

vi. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപയുടെ ധനസഹായം.

43. ഒന്ന്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ എൻറോൾമെന്റ് റേഷ്യോ 75 ശതമാനമായെങ്കിലും ഉയർത്തണം. അഖിലേന്ത്യാ ശരാശരി 26 ശതമാനമാണ്. ഇപ്പോൾ കേരളത്തിലെ എൻറോൾമെന്റ് 37 ശതമാനമാണ്. പക്ഷെ ഇതിൽ പുറത്തു പഠിക്കുന്ന കുട്ടികളുടെ എണ്ണം ഉൾപ്പെടില്ല. ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് സമഗ്രമായ ഒരു പഠനം നടത്തും. ഇവരെക്കൂടി പരിഗണിക്കുകയാണെങ്കിൽ ഒരു പക്ഷെ ഏതാണ്ട് 16-17 ലക്ഷം കുട്ടികൾ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ട്. ഇത് 20-22 ലക്ഷമായി ഉയർത്തണം.

ഈ വർഷം കോളേജുകൾ തുറക്കുമ്പോൾ 20000 പേർക്ക് അധിക പഠനസൗകര്യം ഉണ്ടാകും. 10 ശതമാനം സീറ്റ് വർദ്ധന, പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെയാണ് ഇത് നേടുക. 2021-22ൽ തെരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും പരീക്ഷണാടിസ്ഥാനത്തിൽ പഠനസൗകര്യം ഒരുക്കും.

44. രണ്ട്, നമ്മുടെ സർവകലാശാലകളിൽ അനുവദിച്ച അധ്യാപക തസ്തികകൾ 1881 ആണ്. പക്ഷെ ഏതാണ്ട് 886 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവ മുഴുവൻ അടിയന്തരമായി നികത്തും. ഇതിനു പുറമേ 150 അധ്യാപക തസ്തികകളെങ്കിലും പുതിയതായി അനുവദിക്കും.

സർ, ഈ 1000ൽപ്പരം തസ്തികകൾക്കു വേണ്ടി വരുന്ന അധികച്ചെലവ് നോൺ പ്ലാനിൽ പ്രത്യേകമായി അനുവദിക്കും.

45. മൂന്ന്, സർവ്വകലാശാലകൾക്കുള്ളിൽ, 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതാണ്. ഏറ്റവും പ്രഗത്ഭരായ വിദഗ്ധരെയോ പണ്ഡിതന്മാരെയോ സേർച്ച് കമ്മിറ്റി വഴി ദേശീയതലത്തിൽ നിന്ന് തിരഞ്ഞെടുത്തതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾ നടത്തുക. ഈ പ്രഗത്ഭമേധാവികളുടെ കൂടി സജീവ പങ്കാളിത്തത്തിലായിരിക്കും സ്കൂളുകൾ രൂപാന്തരപ്പെടുക. സർ, 70കളിൽ സ്ഥാപിതമായ സിഡിഎസ്, ശ്രീചിത്ര തുടങ്ങിയ അരഡസൻ ഉന്നതവിദ്യാഭ്യാസ മികവിന്റെ കേന്ദ്രങ്ങൾ ഇന്നും പ്രസിദ്ധമാണ്. അവയുടെ വിജയത്തിന്റെ ഒരു മുഖ്യഘടകം ഡോ. കെ.എൻ.രാജ്, ഡോ. വലിയത്താൻ തുടങ്ങിയ പ്രഗത്ഭരെ കണ്ടെത്തി അവർക്കു പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടാണ് എന്നത് നാം ഓർക്കണം.

46. ഇപ്രകാരം ആരംഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലെ ശാസ്ത്ര പ്രതിഭകളായ എം.ജി.കെ. മേനോൻ, ഇ.സി.ജി. സുദർശനൻ, ഇ.കെ. അയ്യങ്കാർ, ബി.സി. ശേഖർ, ജി.എൻ. രാമചന്ദ്രൻ, അന്നാമാണി, പി.കെ. മേനോൻ, ആർ.എസ്. കൃഷ്ണൻ, പി.ആർ. പിഷാരഡി, ഇ.കെ. ജാനകിയമ്മാൾ, കെ.ആർ. രാമനാഥൻ, ഗോപിനാഥ് കർത്ത, എം.കെ. വൈനു ബാപ്പു തുടങ്ങിയവരുടെയും ദേശീയതലത്തിലെ ശാസ്ത്രപ്രതിഭകളുടെയും പേരിലായിരിക്കും അറിയപ്പെടുക.

i. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ട്രാൻസ്ലേഷണൽ റിസർച്ച് - സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ കൃഷിയും വ്യവസായവുമായി ബന്ധിപ്പിക്കുന്നതിനുള്ള ശാസ്ത്ര പ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുക.

ii. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ,

iii. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസാസ്റ്റർ റിസൈലൻസ്,

iv. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ പോളിസി സ്റ്റഡീസ് ആന്റ് റിസർച്ച്

v. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി,

vi. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഡാറ്റാ സയൻസ്,

vii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജി,

viii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് മാത്തമറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്,

ix. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് എനർജി മറ്റീരിയൽസ്,

x. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് മെറ്റീരിയൽ സയൻസ് ആന്റ് മെറ്റലർജി,

xi. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്,

xii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ലൈഫ് സയൻസസ്,

xiii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ഡിസൈൻ ഇന്നൊവേഷൻ ആന്റ് സോഷ്യൽ സയൻസസ്,

xiv. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് സോഷ്യൽ എന്റർപ്രണർഷിപ്പ് ആന്റ് നോൺ പ്രോഫിറ്റ് മാനേജ്മെന്റ്,

xv. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ്, ഇന്റർ നാഷണൽ കൊമേഴ്സ്യൽ ആന്റ് എൻവയോൺമെന്റ് ലോ,

xvi. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് ബയോ സയൻസസ് ആന്റ് ജനറ്റിക്സ്,

xvii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഫോർ ഇൻഡസ്ട്രീ 4.0 ടെക്നോളജീസ്,

xviii. ഇന്റർ ഡിസിപ്ലിനറി സ്കൂൾ ഓഫ് സ്പെയ്സ് സയൻസസ് ആന്റ് ടെക്നോളജീസ്,

xix. സ്കൂൾ ഓഫ് ടെക്നോളജി ആന്റ് എൻഹാൻസ്ഡ് എജ്യുക്കേഷൻ,

xx. അഡ്വാൻസ് റിസർച്ച് ഇന്റർവെൻഷൻസ് ഫോർ വെർണാക്കുലർ അപ്ഗ്രഡേഷൻ,

xxi. സ്കൂൾ ഓഫ് ഫോറൻസിക് സയൻസസ്.

47. മേൽപ്പറഞ്ഞ ലിസ്റ്റ് പൂർണ്ണമല്ല. നിലവിലുള്ള യൂണിവേഴ്സിറ്റി സ്കൂളുകൾ / ഡിപ്പാർട്ട്മെന്റുകൾ / സെന്ററുകൾ എന്നിവയുടെ മികവ് പരിശോധിച്ച് അവയെ പുതിയ മികവിന്റെ കേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്താവുന്നതാണ്. കേരളത്തിന്റെ വിവിധ മേഖലകളുടെ വികസന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സഹായത്തോടെ കെ-ഡിസ്കായിരിക്കും ഇതു സംബന്ധിച്ച തീരുമാനമെടുക്കുക.

ഈ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു പ്രത്യേക ധനസഹായമായി 100 കോടി രൂപ വകയിരുത്തുന്നു. ഈ പുതിയ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യസൃഷ്ടിയ്ക്ക് കിഫ്ബിയിൽ നിന്ന് 500 കോടി രൂപ അനുവദിക്കുന്നു.

48. നാല്, പ്രതിമാസം 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഫെലോഷിപ്പ് ഉള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കുന്നു. അധികമായി ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് 50000 രൂപ വരെ ആവശ്യമെങ്കിൽ ലഭ്യമാക്കും. രണ്ടു വർഷത്തേയ്ക്കായിരിക്കും ഫെലോഷിപ്പ്. വേണമെങ്കിൽ ഒരു വർഷം കൂടി ദീർഘിപ്പിക്കാം. മൂന്നു വർഷം കൊണ്ടാണ് ഈ ഫെലോഷിപ്പുകൾ അനുവദിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിദഗ്ധർക്കും ഈ ഫെലോഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ദേശീയ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പ്രത്യേകം പരസ്യം ചെയ്താണ് ആളെ തിരഞ്ഞെടുക്കുക. സർവകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലോ സ്കൂളുകളിലോ ആണ് രജിസ്റ്റർ ചെയ്യുക. എന്നാൽ അതേ സമയം അവർ പുറത്തുള്ള ആശുപത്രികൾ, വ്യവസായങ്ങൾ, സാങ്കേതിക കേന്ദ്രങ്ങൾ ഇവയെല്ലാമായി ബന്ധപ്പെട്ടായിരിക്കും പഠനം നടത്തുക. കേരളത്തിന്റെ ഇന്നത്തെ വികസനാവശ്യങ്ങളുടെ പശ്ചാത്തലത്തിൽ താഴെപ്പറയുന്ന മേഖലകൾക്കാണ് മുൻഗണന നൽകുന്നത്.

· ആയുർവേദത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ബയോ ഇൻഫോമാറ്റിക്സ്, കമ്പ്യൂട്ടേഷണൽ ബയോളജി, ബയോ മാനുഫാക്ചറിംഗ്, ബയോ പ്രോസസിംഗ്, ജനറ്റിക് എഞ്ചിനീയറിംഗ്, സെൽ ആൻഡ് മോളിക്യൂലാർ ബയോളജി, സിസ്റ്റംസ് ബയോളജി, ബയോ ടെക്നോളജി എന്നീ മേഖലകളിലെ ഫെലോഷിപ്പ്.

· റബ്ബറിന്റെയും മറ്റു വാണിജ്യവിളകളുടെയും പശ്ചാത്തലത്തിൽ പോളിമർ സയൻസ് ആന്റ് ടെക്നോളജിയാണ് മറ്റൊരു മുൻഗണനാമേഖല. ബാംബൂ, കയർ, വുഡ് തുടങ്ങിയവയുടെ കോമ്പോസിറ്റുകൾക്കുകൂടി ഈ മേഖലയിൽ മുൻഗണന നൽകും.

· സൈബർ ഫിസിക്കൽ ഡിജിറ്റൽ ടെക്നോളജികളിലുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റോബോട്ടിക്സ്, ബ്ലോക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഗെയിമിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ സെക്യൂരിറ്റി സിസ്റ്റംസ്, ജിയോ സ്പേഷ്യൽ സിസ്റ്റംസ്, ക്വാണ്ടം ടെക്നോളജി ആന്റ് ആപ്ലിക്കേഷൻസ്, സ്പെയ്സ് ടെക്നോളജീസ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ്, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ.

· ജെനറ്റിക്സ്, ജീനോമിക്സ് തുടങ്ങിയ ശാസ്ത്ര ശാഖകളിൽ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങളെ അടിസ്ഥാനമാക്കി ജെനറ്റിക് മെഡിസിൻ, സ്റ്റെംസെൽ ബയോളജി, മെഡിക്കൽ ഇമേജിംഗ്, ബയോ മെഡിക്കൽ ഫോട്ടോണിക്സ്, മെഡിക്കൽ ഡിവൈസസ് ആൻഡ് മോഡലിംഗ്, ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്, എപ്പിഡെമോളജി, അസിസ്റ്റ്യൂ ടെക്നോളജീസ്, ജീനോമിക്സ് ഇൻ മെഡിസിൻ, സോഷ്യൽ മെഡിസിൻ പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് ആന്റ് ടെക്നോളജീസ്,

· നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സാധ്യതകൾക്കായുള്ള അന്വേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എനർജി സ്റ്റോറേജ്, ഫ്യൂവൽ സെൽസ്, ഇ മൊബിലിറ്റി, ബാറ്ററി ടെക്നോളജീസ്, ഫോട്ടോ വോൾട്ടേജ്, സോളാർ തെർമൽ, ബയോ എനർജി മോഡലിംഗ്, ബയോ മാസ് റീസൈക്ക്ളിംഗ്,

· കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായി ഫുഡ് സയൻസ് ആന്റ ടെക്നോളജീസ്, ഫുഡ് പ്രോസസിംഗ്, ലാന്റ് ആന്റ് വാട്ടർ മാനേജ്മെന്റ്, അഗ്രിക്കൾച്ചർ സയൻസസ്, ഓർഗാനിക് ഫാമിംഗ്, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, പ്രിസിഷൻ അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചർ ഡ്രോൺസ്,

· കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ഹൗസിംഗ് ട്രാൻസ്പോർട്ട് ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ, കാലാവസ്ഥാ വ്യതിയാനം, ഡിസാസ്റ്റർ മാനേജ്മെന്റ്, കാർബൺ ഫുട്പ്രിന്റിംഗ്, ഹൈഡ്രോളജിക്കൽ മോഡലിംഗ്, ലാൻഡ് സ്ലൈഡ് പ്രെഡിക്ഷൻ, ഡിസാസ്റ്റർ ഫോർകാസ്റ്റിംഗ്, വേസ്റ്റ് റീസൈക്ലിംഗ്, മലിനീകരണ നിയന്ത്രണം,

· ഇന്നവേഷൻ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്നവേഷൻ ഇക്കോസിസ്റ്റം, ഇന്നവേഷൻ സ്റ്റഡീസ്, ഫ്രൂഗൽ ഇന്നവേഷൻ, ഇന്നവേഷൻ മെത്തഡോളജീസ്,

· കേരളത്തിന്റെ തനതു സംസ്കാരം, കേരള സമൂഹത്തിലെ തുല്യത, കെട്ടുറപ്പ് എന്നിവ ഊട്ടിയുറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ആർക്കിയോളജി ആന്റ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ്, മൈഗ്രേഷൻ സ്റ്റഡീസ്, കല, ചരിത്രം, ഭാഷ, സാമൂഹ്യശാസ്ത്രങ്ങൾ, പരിസ്ഥിതി നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ, കേരള സമ്പദ്ഘടനയുടെ എക്കണോമെട്രിക് മോഡലിംഗ്, കേരളത്തിലെ കോ-ഓപ്പറേറ്റീവ് മേഖലയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിൻടെക് അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളുടെ പ്രയോഗം തുടങ്ങിയവ.

49. അഞ്ച്, കിഫ്ബി ധനസഹായത്തോടെ സർവകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ്. കൊച്ചി സർവകലാശാലയിൽ ഇതിനകം 242 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റു സർവകലാശാലകളുടെ പ്രൊപ്പോസലുകൾ അപ്രൈസൽ ഘട്ടത്തിലാണ്. ലാബുകൾ, ക്ലാസ് മുറികൾ, സ്റ്റുഡന്റ്/ ഫാക്കൽറ്റി ഹോസ്റ്റൽ, ഇന്റർനാഷണൽ ഹോസ്റ്റൽ എന്നിവയ്ക്കാണ് പണം അനുവദിക്കുക.

മേജർ സർവകലാശാലകൾക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതവും കിഫ്ബിയിൽ നിന്നും സഹായം അനുവദിക്കുന്നു.

50. പുതിയ ആസ്ഥാന മന്ദിരം പണിയുന്നതിന് കേരള സാങ്കേതിക സർവകലാശാലയ്ക്കും മെഡിക്കൽ സർവകലാശാലയ്ക്കും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്കും പ്രത്യേകം പണം അനുവദിക്കും. സർ, കിഫ്ബിയിൽ നിന്നും ഇതുവരെ അനുവദിച്ചതടക്കം മൊത്തം 2000 കോടി രൂപ സർവകലാശാലകളുടെ നവീകരണത്തിനായി ചെലവഴിക്കും.

51. ഉന്നതവിദ്യാഭ്യാസ മേഖലയുടെ മൊത്തം പദ്ധതി അടങ്കൽ 1175 കോടി രൂപയാണ്. ഇതിൽ 392 കോടി രൂപ 15 സർവ്വകലാശാലകൾക്കായി നീക്കിവച്ചിരിക്കുന്നു.

52. ഐഐഐടിഎംകെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയായി ഉയർത്തിയിട്ടുണ്ട്. 24 കോടി രൂപ വകയിരുത്തുന്നു. ഇന്നവേറ്റീവ് ഗവേഷണവും സംരംഭകത്വവും വ്യവസായ ഉന്നത വിദ്യാഭ്യാസ മേഖലകളുടെ ഏകോപനവും ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിനായി 20 കോടി രൂപ നീക്കിവെയ്ക്കുന്നു. നൂതന സംരംഭക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ ഡിജിറ്റൽ സർവകലാശാലയ്ക്കു കീഴിലായിരിക്കും.

53. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സ്വന്തമായി ഡിപ്പാർട്ട്മെന്റുകളും ഗവേഷണവും നടത്തുന്ന ഒരു സർവ്വകലാശാലയായി വികസിപ്പിക്കും. ഇവിടെ ആദ്യം സ്ഥാപിക്കുന്ന സ്കൂൾ ഓഫ് എപ്പിഡൊമോളജിക്കൽ സ്റ്റഡീസ് ഡോ. പൽപ്പുവിന്റെ പേരിലായിരിക്കും അറിയപ്പെടുക. തൃശ്ശൂർ മെഡിക്കൽ കോളേജിനെ കാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും.

54. ആറ്, അഫിലിയേറ്റഡ് കോളജുകളിലെ ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യും. കൈറ്റ്സിനു തന്നെയായിരിക്കും ചുമതല. ഇതിനായി 150 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കുന്നു. ഇതിനകം തന്നെ കിഫ്ബിയിൽ നിന്ന് സർക്കാർ കോളജുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 594 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 92 കോടി രൂപയുടെ പ്രൊപ്പോസലുകൾ പരിഗണനയിലാണ്. 2021-22ൽ റൂസായിൽ നിന്ന് 144 കോടി രൂപ അഫിലിയേറ്റഡ് കോളജുകൾക്ക് ലഭ്യമാകും. സർക്കാർ കോളജുകളുടെ പശ്ചാത്തലസൗകര്യ വികസനത്തിന് 56 കോടി രൂപ വകയിരുത്തുന്നു. നാക് അക്രെഡിറ്റേഷനുവേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിന് 28 കോടി രൂപ വകയിരുത്തുന്നു. സർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് 100 വർഷം പിന്നിടുകയാണ്. പിജിയുടെയും പികെവിയുടെയും സ്മാരകമായി പുതിയൊരു ലൈബ്രറി ബിൽഡിംഗ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ രജതജൂബിലി വർഷത്തിലെ പ്രത്യേക സ്കീമുകൾക്ക് 20 കോടി രൂപ അനുവദിക്കുന്നു.

55. കഴിഞ്ഞ ബജറ്റിൽ പറഞ്ഞതുപോലെ ‘എ’യ്ക്കു മുകളിൽ ഗ്രേഡുള്ള എല്ലാ കോളജുകൾക്കും പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. ചില കോർപറേറ്റ് മാനേജ്മെന്റുകൾക്ക് ഇതിനു പുറമേയും കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. മൊത്തം 197 കോഴ്സുകൾക്കാണ് അനുവാദം നൽകിയത്.

56. മേൽപ്പറഞ്ഞ നടപടികൾ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ സർവകലാശാലകൾ നാക് അക്രെഡിറ്റേഷന് 3.5 എന്ന ഗ്രേഡിലേയ്ക്കെങ്കിലും ഉയരണമെന്നതാണ് ലക്ഷ്യം. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഡിപ്പാർട്ടുമെന്റുകളും സ്കൂളുകളും ദേശീയതലത്തിൽ അംഗീകാരം നേടും. എല്ലാറ്റിനുമുപരി അവ വിജ്ഞാന സമൂഹത്തിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിന് പ്രധാന ഉത്തേജകമായി മാറണം.

57. ഉന്നതവിദ്യാഭ്യാസത്തിന്റെ ഈ പരിവർത്തനത്തിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ബന്ധപ്പെട്ട സ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. 131 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 51 കോടി രൂപ കൗൺസിലിന് കീഴെയുള്ള സിഡബ്ല്യൂഡിആർഎം, കെഎഫ്ആർഐ, നാറ്റ്പാക്ക് തുടങ്ങിയ ഏഴ് സ്ഥാപനങ്ങൾക്കാണ്, 50 കോടി രൂപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയ്ക്കും. ഹയർ എഡ്യൂക്കേഷൻ കൗൺസിലിന് 16 കോടി രൂപയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന് 9 കോടി രൂപയും കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് 5 കോടി രൂപയും വകയിരുത്തുന്നു. ഐഎച്ച് ആർഡിയ്ക്ക് 20 കോടി രൂപയും കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി രൂപയും വകയിരുത്തുന്നു.

58. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇ-ജേർണൽ കൺസോർഷ്യം നടപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തുന്നു. സർവ്വകലാശാലകളിലെയും അഫിലേറ്റഡ് കോളേജുകളിലെയും ഡിപ്പാർട്ട്മെന്റുകളെ ഗ്രേഡ് ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്കരിക്കും. മികച്ച ഗ്രേഡ് ലഭിക്കുന്ന ഡിപ്പാർട്ട്മെന്റുകൾക്ക് പ്രത്യേക ധനസഹായം നൽകും. ഉന്നതവിദ്യാഭ്യാസ കൗൺസിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് 5 കോടി രൂപ അനുവദിക്കുന്നു.

കേരളം – ഇന്നവേഷൻ സമൂഹം

59. വിജ്ഞാനോൽപ്പാദനം ഇന്നവേഷൻസായി രൂപാന്തരപ്പെടണം. സമൂഹത്തിലെ പുതിയ അറിവുകൾ സാമ്പത്തിക മേഖലയിലെ സങ്കേതങ്ങളോ, പ്രക്രിയയോ, സംഘാടനമോ, ഉൽപന്നമോ, വിപണനമോ ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഇന്നവേഷൻ അല്ലെങ്കിൽ നൂതനവിദ്യ. കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം. കഴിഞ്ഞ ബജറ്റിന്റെ ഒരു അനുഭവം ഉദാഹരിക്കട്ടെ. കേരള വികസനത്തെ ഗാഢമായി സ്വാധീനിക്കാൻപോന്ന പദ്ധതികളിലൊന്നായി ചകിരിച്ചോറ് കൊണ്ടുള്ള ബൈന്റർലെസ് ബോർഡ് ഉയർത്തിക്കാട്ടിയിരുന്നു. ഈ ആശയം വാഗ്നിനൻ സർവ്വകലാശാലയിലെ ലബോറട്ടറിയിൽ പിറന്നതാണ്. ഈ ആശയത്തെ ഫോംമാറ്റിംഗ്സിന്റെ പൈലറ്റ് പ്ലാന്റിൽ ഒരു പ്രോട്ടോടൈപ്പായിട്ടുണ്ട്. ചകിരിച്ചോറ് അല്ലെങ്കിൽ ഉണക്കത്തൊണ്ടിന്റെ പൊടിയിൽ നിന്ന് ഏറ്റവും ഉറപ്പുള്ള പലക ഒരു രാസപദാർത്ഥവും ഉപയോഗിക്കാതെ നിർമ്മിക്കാനാകുമെന്നു തെളിഞ്ഞിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നതോടെ കേരളത്തിലെ പ്ലൈവുഡ് വ്യവസായത്തിന്റെ മുഖ്യ ഉൽപ്പന്നമായി ഇതു മാറും. ഇത് വ്യവസായ കുതിപ്പിന് ഇടയാക്കുമെന്നു മാത്രമല്ല, കേരളത്തിലെ ഒരു നാളികേരത്തിന് ഉണക്കത്തൊണ്ട് ആണെങ്കിൽപ്പോലും ഒരു രൂപയെങ്കിലും അധികമായി ഉറപ്പുവരുത്തും.

60. ഇതുപോലെ എല്ലാ മേഖലകളിലും ഇന്നവേഷൻ സന്നിവേശിപ്പിക്കാനുള്ള അന്തരീക്ഷ സൃഷ്ടിക്കുവേണ്ടി ഒരു നാല് ഇന കർമ്മപരിപാടി ഈ ബജറ്റ് മുന്നോട്ടുവെയ്ക്കുകയാണ്. സർ, വിദഗ്ധർ മാത്രമല്ല ഇതിൽ പങ്കാളികളാവുക. അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ നൂതനമായ ചിന്തകളെ പുണരുന്ന കൃഷിക്കാർക്കും തൊഴിലാളികൾക്കും മറ്റു സാധാരണക്കാർക്കും ഇതിൽ പങ്കുണ്ടാവും.

61. ഒന്ന്, തങ്ങളുടെ പ്രദേശത്തെ കൃഷി, വ്യവസായം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിലെ ഏതെങ്കിലുമൊരു പ്രശ്നത്തിന് നൂതന സങ്കേതത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തുന്ന ഏതൊരാൾക്കും തങ്ങളുടെ നൂതനവിദ്യ അപ് ലോഡു ചെയ്യുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുണ്ടാകും. കെ-ഡിസ്ക് ഇങ്ങനെ വരുന്ന നൂതന ആശയങ്ങളെയും വിദ്യകളെയും തരംതിരിക്കുകയും അതത് മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യും. അടുത്ത ഘട്ടത്തിൽ സ്റ്റാർട്ട് അപ് മിഷനും കേരള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനും ചേർന്ന് ഈ ഇന്നവേഷൻസിനെ ഗ്രേഡ് ചെയ്ത് അവ പ്രോഡക്ടുകളായി വികസിപ്പിക്കുന്നതിനുള്ള ധനസഹായവും മെന്ററിംഗും ഉറപ്പാക്കും. 5 സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന മുറയ്ക്ക് ഉൽപന്നങ്ങൾ സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിന് ഇവർ മുൻകൈയെടുക്കും. ഇങ്ങനെ വികസിക്കുന്ന സങ്കേതങ്ങൾ നിശ്ചിതവിലയ്ക്ക് ടെൻഡറില്ലാതെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ വാങ്ങുന്നതിന് അവസരമുണ്ടാകും. സേവനങ്ങളുടെയും സങ്കേതങ്ങളുടെയും ടേണോവറിന് ആനുപാതികമായി ഡിഫ്യൂഷൻ സബ്സിഡി നൽകുന്നതിനും പരിപാടിയുണ്ട്. പുതിയ സങ്കേതങ്ങൾ സന്നിവേശിപ്പിക്കുന്നതിൽ ഒരു ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകില്ല എന്നതിനുള്ള ബോധപൂർവമായ ഇടപെടലാണിത്.

62. രണ്ട്, പരീക്ഷണാടിസ്ഥാനത്തിൽ കെ-ഡിസ്ക് നടപ്പാക്കിയ യംഗ് ഇന്നവേഷൻ ചലഞ്ചും അസാപ്പിന്റെ ഹാക്കത്തോണും സംയോജിപ്പിച്ച് കേരള ഇന്നവേഷൻ ചലഞ്ച് എന്ന പേരിൽ വിപുലീകരിക്കുകയാണ്. 20 മേഖലകളിൽ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏത് വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും സംഘങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനു ശേഷം ബന്ധപ്പെട്ട ഡൊമൈൻ കേന്ദ്രങ്ങളിൽ അപേക്ഷകൾ വിശദമായി പരിശോധിക്കും. ഇവിടെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ജില്ലാതലത്തിൽ നേരിട്ട് അവതരണമുണ്ടായിരിക്കും. 25000 രൂപ വീതം 8000 സംഘങ്ങൾക്ക് സമ്മാനം നൽകും. ഇവിടെ നിന്നും സംസ്ഥാന തല അവതരണത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന 2000 സംഘങ്ങൾക്ക് 50,000 രൂപ വീതം സമ്മാനം നൽകും. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രോട്ടോടൈപ്പുകൾ ഉൽപന്നമാക്കി മാറ്റുന്നതിന് മൂന്നുവർഷത്തേയ്ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം സർക്കാർ നൽകും. സർ, കേരള ഇന്നവേഷൻ ചലഞ്ച് പദ്ധതിയ്ക്കായി 40 കോടി രൂപ വകയിരുത്തുന്നു.

63. മൂന്ന്, കേരളത്തിലെ പ്രാദേശിക സർക്കാരുകൾ സ്കീമുകളല്ല, പ്രോജക്ടുകളാണ് നടപ്പാക്കുന്നത്. അതുകൊണ്ട് നൂതന സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തുന്നതിനുള്ള സ്വാതന്ത്ര്യം വളരെയേറെയുണ്ട്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വികസനഫണ്ടിന്റെ അര ശതമാനം “എസ്ബി സെൻ ഇന്നവേഷൻ ഫണ്ടാ”യി മാറ്റിവെയ്ക്കുന്നതാണ്. കെ-ഡിസ്കിന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സ്കീം വിപുലീകരിച്ച് ഓരോ വികസന മേഖലയിലും ഏറ്റവും മികച്ച നൂതനമായ പ്രോജക്ടുകൾക്ക് രൂപം നൽകുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് ഈ ഫണ്ടിൽ നിന്ന് പ്രത്യേക ധനസഹായം നൽകും. ഇതിനായി പുതിയ സങ്കേതങ്ങൾ, സംഘാടനരീതികൾ, പ്രക്രിയാ നവീകരണം, സുതാര്യതയും മോണിറ്ററിംഗും, വിപണനം എന്നീ തുറകളിലെ നൂതനത്വമാണ് പരിശോധിക്കുക. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഡിപിസി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജില്ലാ ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കുന്നതാണ്. ജലനിധി പദ്ധതി ഒളവണ്ണ പഞ്ചായത്തും ആശ്രയ പദ്ധതി നെടുമ്പാശ്ശേരി പഞ്ചായത്തും ബഡ്സ്കൂളുകൾ വെങ്ങാനൂർ പഞ്ചായത്തും ജനകീയ പച്ചക്കറി കഞ്ഞിക്കുഴി പഞ്ചായത്തും കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് ആലപ്പുഴ മുനിസിപ്പാലിറ്റിയുമാണ് ഇന്നവേറ്റ് ചെയ്തതെന്ന് ഓർക്കുക.

എസ്ബി സെൻ ഇന്നവേഷൻ ഫണ്ടിന് 35 കോടി രൂപ നീക്കിവയ്ക്കുന്നു.

64. നാല്, സർക്കാർ വകുപ്പുകളിൽ സ്റ്റാർട്ട് അപ്പ് ഇന്നവേഷൻ സോണുകൾ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സ്റ്റാർട്ട് അപ്പുകളെ ബോധപൂർവ്വം ബന്ധപ്പെടുത്തുന്നതിനുള്ള പരിപാടിയാണിത്. ഒരു ഉദാഹരണത്തിലൂടെ ഈ പരിപാടി എന്തെന്നു വിശദീകരിക്കാം. ഈ സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ മാൻഹോൾ സിനിമയെ പരാമർശിച്ചുകൊണ്ട് ശുചീകരണത്തിന് യന്ത്രവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇതുകേട്ട ഒരുപറ്റം എഞ്ചിനീയറിംഗ് കുട്ടികൾ മാൻഹോൾ ശുചീകരണത്തിന് ബാൻഡിക്യൂട്ട് എന്നൊരു റോബോട്ട് രൂപകൽപ്പന ചെയ്തു. വാട്ടർ അതോറ്റിയിൽ സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഇന്നവേഷൻ സോൺ ഈ കുട്ടികൾ രൂപം നൽകിയ യന്ത്രത്തെ കൂടുതൽ മൂർത്തമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുമെല്ലാം അരങ്ങൊരുക്കി. ഇതിന് അന്തിമരൂപം നൽകുന്നതിനു കെഎഫ്സി സഹായം നൽകി. ഇന്ന് ഈ ജൻറോബോട്ടിക്സ് കമ്പനി ഇന്ത്യയിലെ ഏറ്റവും നല്ല കാമ്പസ് സ്റ്റാർട്ട് അപ്പുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. 200 കോടി രൂപയാണ് ഈ കമ്പനിയുടെ ഇന്നത്തെ വിപണി മൂല്യം.

സ്റ്റാർട്ട് അപ്പ്

65. ഇന്നവേഷൻ പ്രോത്സാഹന സ്കീമുകളിലൂടെ രൂപം കൊള്ളുന്ന ഉൽപന്നങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയിൽ മാത്രമല്ല, നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റു മേഖലകളിലെല്ലാം സ്റ്റാർട്ട് അപ്പുകൾ പ്രസക്തമാണ്. സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ശക്തമായ പ്രോത്സാഹനാന്തരീക്ഷ സൃഷ്ടിയിൽ ദേശീയതലത്തിൽ കേരളം കഴിഞ്ഞ രണ്ടു വർഷമായി ടോപ്പ് പെർഫോർമറാണ്. സ്റ്റാർട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടികൾ പ്രഖ്യാപിക്കുകയാണ്.

66. ഒന്ന്, കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന് രൂപം നൽകും. ഇതിലേയ്ക്ക് 50 കോടി രൂപ വകയിരുത്തുന്നു. പൂർണ്ണമായി പ്രൊഫഷണലും സ്വതന്ത്രവുമായ രീതിയിലായിരിക്കും ഈ ഫണ്ട് പ്രവർത്തിക്കുക. ഏതെങ്കിലും സ്റ്റാർട്ടപ്പ് പുറത്തുനിന്ന് നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ, ഈ ഫണ്ടിൽ നിന്ന് മാച്ചിംഗ് നിക്ഷേപം ലഭ്യമാക്കും. ഇത്തരം സ്റ്റാർട്ട് അപ്പുകൾക്ക് ഇതിനകം സീഡ് ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ അത് ഓഹരി പങ്കാളിത്തമായി മാറ്റും.

67. രണ്ട്, കെഎസ്ഐഡിസിയും കെഎഫ്സിയും കേരള ബാങ്കും സ്റ്റാർട്ട് അപ്പുകൾക്ക് നൽകുന്ന വായ്പയിൽ നഷ്ടമുണ്ടാവുമെങ്കിൽ അതിന്റെ 50 ശതമാനം സർക്കാർ താങ്ങായി നൽകുന്നതാണ്.

68. മൂന്ന്, ഇപ്പോൾ സ്റ്റാർട്ട് അപ്പ് മിഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരള ഫണ്ട് ഓഫ് ഫണ്ട് സ്കീം ഫോർ ടെക്നോളജി പ്രോഡക്ട് സ്റ്റാർട്ട് അപ്പ് വിപുലീകരിക്കുന്നതിനു 20 കോടി രൂപ വകയിരുത്തുന്നു. ഇതും പുറത്തുള്ള വെൻച്വർ ക്യാപിറ്റൽ ഫണ്ടുകളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനു സഹായകരമാകും.

69. നാല്, സ്റ്റാർട്ട് അപ്പുകളുടെ വർക്ക് ഓർഡറിന്റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ പത്തുശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്കൗണ്ട് ചെയ്യുന്നതിനും പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററൽ സെക്യൂരിറ്റി വാങ്ങുന്നതല്ല. അതുപോലെതന്നെ സർക്കാരിന്റെ വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് 1 കോടി രൂപ വരെ ലഭ്യമാക്കും. കെഎഫ്സിയും കേരള ബാങ്കും വഴിയാണ് ഈ സ്കീമുകൾ നടപ്പാക്കുക.

70. അഞ്ച്, കേരള സർക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെണ്ടറുകളിൽ സ്റ്റാർട്ട് അപ്പുകളുമായി ചേർന്നുള്ള കൺസോർഷ്യം മോഡൽ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ കൺസോർഷ്യം പാർട്ട്ണറായി എടുക്കുന്ന ടെണ്ടറുകൾക്ക് ചില മുൻഗണനകൾ നൽകും. ഇത്തരമൊരു സമീപനം എല്ലാ സർക്കാർ വകുപ്പുകളും സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കും.

71. ആറ്, കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുടെ അന്തർദേശീയ കമ്പോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രത്യേക പരിപാടിക്കു രൂപം നൽകും. വിദേശ സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വിദേശ കമ്പനികളും സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് 10 ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ ലോഞ്ച് പാഡുകൾ സ്ഥാപിക്കും.

72. സ്റ്റാർട്ട് അപ്പുകളുടെ വികസനവും വിവിധ വികസനമേഖലകളിലേയ്ക്കുള്ള ഇവയുടെ ഏകോപനവുമാണ് സ്റ്റാർട്ട് അപ് മിഷന്റെ ധർമ്മം. സ്റ്റാർട്ട് അപ് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നവേഷൻ സോൺ കഴിഞ്ഞ വർഷം സ്ഥാപിച്ചിരുന്നു. ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 10 കോടി രൂപ മാറ്റിവെയ്ക്കുന്നു. സ്റ്റാർട്ട് അപ്മിഷന്റെ ആഭിമുഖ്യത്തിലുളള യൂത്ത് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പരിപാടി, സ്റ്റാർട്ട് അപ്പുകളുടെ ഇൻക്യുബേഷൻ, ആക്സിലറേഷൻ, ഉൽപന്നങ്ങളുടെ വികസനവും മാർക്കറ്റിംഗും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ്പുകൾക്കുള്ള പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടി വകയിരുത്തുന്നു. കെഎസ്ഐഡിസിയുടെ ഇന്നവേഷൻ ആക്സിലറേഷൻ സ്കീമിന് 11 കോടി രൂപ വകയിരുത്തുന്നു. സ്റ്റാർട്ട് അപ്പുകൾക്കായി ഒരു മെന്ററിംഗ് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതാണ്.

ഇപ്പോൾ പ്രഖ്യാപിച്ച ആറിന പരിപാടികളുടെ ബലത്തിൽ 20000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ 2021-22ൽ ആരംഭിക്കും.

ഐടി വ്യവസായം

73. പറന്നുയരാൻ തുടങ്ങിയിരുന്ന ഐടി വ്യവസായത്തിന് കൊവിഡ് പകർച്ചവ്യാധി വലിയ തിരിച്ചടിയായി. ചെറിയൊരു ശതമാനം ജീവനക്കാരേ ഇപ്പോൾ ഓഫീസിൽ നിന്ന് പണിയെടുക്കുന്നുള്ളൂ. പല കമ്പനികളും അവരുടെ ഓഫീസ് സ്പേസ് വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിലും 2000 ഐടി പ്രൊഫഷണലുകൾക്ക് ജോലി നൽകുന്ന എട്ടു കമ്പനികൾ തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ചു. ക്വാന്റിഫീ എന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി 2021 ആദ്യപാദത്തിൽ പ്രവർത്തനം ആരംഭിക്കും. ടെക്നോസിറ്റിയിൽ ടോറസ് ഡൗൺടൗണിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ബ്രിഗേഡ് എന്റർപ്രൈസ് വേൾഡ് സെന്ററിന്റെ നിർമ്മാണം ഏപ്രിലിൽ ആരംഭിക്കും. കൊച്ചി ഇൻഫോ പാർക്കിൽ 2000 പേർക്ക് ജോലി നൽകുന്ന 40 കമ്പനികൾ ആരംഭിച്ചു. ഇതിൽ ഏറ്റവും പ്രധാനം അമേരിക്കയിലെ ഓർത്തോ എഫക്ട്സ് എന്ന ഡെന്റൽ കമ്പനിയാണ്. കൊച്ചിയിൽ ക്ലേസീസ് ടെക്നോളജീസ്, മീഡിയാ സിസ്റ്റംസ് സോഫ്റ്റ് സൊല്യൂഷൻസ്, കാസ്പിയൻ ടെക്സ്പാർക്ക്, ഐബിഎസ് സോഫ്റ്റു്വെയർ സർവീസസ് എന്നീ കമ്പനികളുടെ പാർക്കുകളുടെ നിർമ്മാണം വേഗതയിൽ പുരോഗമിക്കുകയാണ്.

74. വികേന്ദ്രീകൃത ഐടി വർക്ക് സ്റ്റേഷനുകൾ തുടങ്ങുമ്പോഴും പാർക്കുകളുടെ വികസന ഊന്നലിൽ ഒരു കുറവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. ടെക്നോപാർക്കിന്റെ വികസനത്തിന് 22 കോടിയും ഇൻഫോ പാർക്കിന് 36 കോടിയും സൈബർ പാർക്കിന് 12 കോടിയും നീക്കിവെയ്ക്കുന്നു. ടെക്നോസിറ്റിയിലും കൊച്ചി ഇൻഫോപാർക്കിലും കിഫ്ബി പിന്തുണയോടെ 4.6 ലക്ഷം ചതുരശ്രയടിയുടെ തൊഴിൽ സമുച്ചയങ്ങൾ 2021-22ൽ ഉദ്ഘാടനം ചെയ്യും.

മറ്റു വൈജ്ഞാനിക വ്യവസായങ്ങൾ

75. കേരളത്തിലെ ജൈവവൈവിദ്ധ്യം, ആയുർവേദ പാരമ്പര്യം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ബയോ ടെക്നോളജി വ്യവസായങ്ങൾക്ക് കേരളത്തിൽ വലിയ സാധ്യതകളുണ്ട്. ബയോ ടെക്നോളജി വ്യവസായ യൂണിറ്റുകളുടെയും ബന്ധപ്പെട്ട ആർ ആൻഡ് ഡി സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് തോന്നയ്ക്കലിലെ 260 ഏക്കർ വിസ്തൃതിയുള്ള ലൈഫ് സയൻസ് പാർക്ക് നിർണായക പങ്കുവഹിക്കും. 70 ഏക്കർ സംരംഭകർ ഏറ്റെടുത്തു കഴിഞ്ഞു. 136 കോടിയുടെ ബയോ ഇൻക്യുബേഷൻ സെന്റർ നിർമ്മാണത്തിലാണ്. 24 കോടി രൂപ വകയിരുത്തുന്നു.

76. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടി രൂപയുടെ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോഗിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞ ഈ പദ്ധതിയ്ക്ക് 24 കോടി രൂപ വകയിരുത്തുന്നു.

77. ഫാർമസ്യൂട്ടിക്കൽ വ്യവസായമാണ് കേരളം ഊന്നേണ്ടുന്ന ഒരു മേഖല. ഇന്ത്യയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ചുകൊണ്ടിരിക്കുമ്പോൾ കെഎസ്ഡിപി കേരളത്തിന്റെ ബദലായി ഉയരുന്നതിൽ നമുക്ക് അഭിമാനിക്കാം. കെഎസ്ഡിപിയുടെ ഉത്പാദനം 2015-16ൽ ഏതാണ്ട് 20 കോടി രൂപയായിരുന്നു. അത് 2020-21ൽ 150 കോടിയായി ഉയരും. നോൺ ബീറ്റാ ലാക്ടം ഇഞ്ചക്ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉൽപാദന ശേഷി 250 കോടി രൂപയായി ഉയരും. നിലവിലുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് 15 കോടി രൂപ അനുവദിക്കുന്നു.

· കിഫ്ബിയിൽ നിന്ന് 150 കോടി രൂപയുടെ ധനസഹായത്തോടെ കെഎസ്ഡിപിയുടെ മാനേജ്മെന്റിൽ കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർത്ഥ്യമാകും.

· അവയവമാറ്റ ശസ്ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോളവില വരുന്നതുമായ 6 ഇനം മരുന്നുകൾ ഫെബ്രുവരിയിൽ 40 രൂപയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും.

· 15 ഫോർമുല മരുന്നുകൾ പുതിയതായി 2021-22ൽ കമ്പോളത്തിൽ ഇറക്കും.

· ഡബ്ല്യു.എച്ച്.ഒ സർട്ടിഫിക്കേഷനോടെ ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് മരുന്ന് കയറ്റുമതി ആരംഭിക്കും.

78. കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിലെ 600 ഏക്കറിൽ 170 ഏക്കർ ബിപിസിഎൽ വാങ്ങിക്കഴിഞ്ഞു. 1864 കോടി രൂപ മുതൽമുടക്കുള്ള പാർക്ക് 3 വർഷത്തിനുള്ളിൽ പൂർത്തിയാകും. ഇവിടെ ബൾക്ക് ഡ്രഗ്ഗുകൾ ഉൽപാദിപ്പിക്കാൻ ഒരു ഫാർമ പാർക്കു കൂടി സ്ഥാപിക്കും.

79. ലൈറ്റ് എഞ്ചിനീയറിംഗ് മേഖലയിൽ പ്രധാനം കെഎസ്ഐഡിസിയുടെ പാലക്കാട്ടെ എഞ്ചിനീയറിംഗ് ഇൻഡസ്ട്രിയൽ പാർക്കാണ്. 5 കോടി രൂപ വകയിരുത്തുന്നു. കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 7 കോടി രൂപ വകയിരുത്തുന്നു. കൊച്ചിയിലെ 240 ഏക്കർ ഹൈടെക് പാർക്കിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

80. ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് കെൽട്രോൺ സ്ഥാപിച്ചത്. പലകാരണങ്ങൾ കൊണ്ടും സാധ്യതകൾ ഉപയോഗപ്പെടുത്താനായില്ല. കേരളത്തിലെ ഇലക്ട്രോണിക് ഹാർഡ് വെയർ വ്യവസായത്തിന്റെ നട്ടെല്ലായി ഇനിയും കെൽട്രോൺ തുടരും. വിവിധ കെൽട്രോൺ സ്ഥാപനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തുന്നു. ആമ്പല്ലൂരെ ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കിന്റെ നിർമ്മാണം ഊർജിതപ്പെടുത്തും.

മറ്റു വൻകിട വ്യവസായങ്ങൾ

81. മൂന്ന് സുപ്രധാന വ്യവസായ വികസന ഇടനാഴികളാണ് ഇന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നാമത്തേത്, കൊച്ചി – പാലക്കാട് ഹൈടെക് ഇൻഡസ്ട്രിയൽ കോറിഡോറാണ്. ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് കമ്പനിയാണ് ഈ പ്രോജക്ട് നടപ്പാക്കുക. 10000 കോടി നിക്ഷേപവും 22000 പേർക്ക് നേരിട്ട് ജോലിയും ലഭ്യമാകും. പാലക്കാടും കൊച്ചിയിലും 2321 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. കിഫ്ബിയിൽ നിന്നാണ് പണം അനുവദിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ‘ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി)’ എന്ന ഹൈടെക് സർവ്വീസുകളുടെയും ഫിനാൻസിന്റെയും ഹബ്ബ് അയ്യമ്പുഴയിൽ 220 ഹെക്ടറിൽ സ്ഥാപിക്കും. 20 കോടി രൂപ വകയിരുത്തുന്നു.

82. രണ്ടാമത്തേത്, മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നമ്മുടെ മുൻകൈയിൽ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴിയാണ്. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാകേണ്ടതുണ്ട്. അതിനിടയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ സമീപത്ത് 5000 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 12000 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

83. മൂന്നാമത്തേത്, ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് പ്രോഗ്രാമാണ്. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പാതയും അതിന്റെ ഇരുവശങ്ങളിലുമായി 10000 ഏക്കറിൽ നോളഡജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവയുടെ ഒരു വമ്പൻ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിർദ്ദിഷ്ട മേഖലയിൽ ആര് ഭൂമി വിൽക്കുന്നതിനു തയ്യാറായാലും കമ്പോളവിലയ്ക്ക് വാങ്ങാൻ കമ്പനി സന്നദ്ധമാകും. വില ലാന്റ് ബോണ്ടായി നൽകാം. റെഡി ക്യാഷ് വേണ്ടവർക്ക് അതും നൽകും. ഭൂമി വിൽക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ലാന്റ് പൂളിംഗ് പദ്ധതിയിൽ പങ്കാളികളാവാം. കൈവശം വയ്ക്കുന്ന ഭൂമിയ്ക്ക് 10 വർഷംകൊണ്ട് നാലിരട്ടി വില വർദ്ധന ഉറപ്പുനൽകും. അല്ലെങ്കിൽ നാലിരട്ടി വിലയ്ക്ക് കമ്പനി വാങ്ങാൻ തയ്യാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്ത് പശ്ചാത്തലസൗകര്യങ്ങൾ ഉറപ്പുവരുത്തി ഇൻവെസ്റ്റേഴ്സിനു കൈമാറും. 25000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തുന്നു.

അങ്ങനെ ഏതാണ്ട് 50000 കോടി രൂപ മുതൽമുടക്കു വരുന്ന 3 വ്യവസായ ഇടനാഴികളുടെ നിർമ്മാണം 2021-22ൽ ആരംഭിക്കും.

84. പ്രധാനപ്പെട്ട വ്യവസായ വികസന ഏജൻസികളായ കെഎസ്ഐഡിസിയ്ക്കും കിൻഫ്രയ്ക്കും മൊത്തം 401 കോടി രൂപ അനുവദിക്കുന്നു. കാസർകോട്, ആമ്പല്ലൂർ, കുറ്റ്യാടി, വയനാട്, കോഴിക്കോട്, കാക്കനാട് എന്നിവിടങ്ങളിൽ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിച്ചു വരികയാണ്.

85. ടയർ അടക്കമുള്ള റബ്ബറധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് സ്ഥാപിക്കുന്നതിനുവേണ്ടി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബ്ബർ ലിമിറ്റഡ് രൂപീകരിക്കും. 1050 കോടി രൂപയാണ് പ്രതീക്ഷിത മുതൽമുടക്ക്. അമുൽ മോഡലിൽ റബ്ബർ സംഭരിക്കുന്നതിനുള്ള സഹകരണസംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും കമ്പനിയുടെ ആസ്ഥാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ന്യൂസ് പ്രിന്റ് ഏറ്റെടുക്കുന്നതിനുവേണ്ടി 250 കോടി രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി 4.5 കോടി രൂപ നീക്കിവെയ്ക്കുന്നു.

86. 2021-22ൽ നിർമ്മാണത്തിലേയ്ക്കു നീങ്ങുന്ന മറ്റൊരു സുപ്രധാന കാർഷിക മൂല്യവർദ്ധിത വ്യവസായ സംരംഭമാണ് പാലക്കാട്ടെ സംയോജിത റൈസ് ടെക്നോളജി പാർക്ക്. 20 കോടി രൂപ അനുവദിക്കുന്നു. വയനാട്ടെ കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ നിർമ്മാണം കിഫ്ബി ധനസഹായത്തോടെ പൂർത്തിയാക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ അനുവദിക്കുന്നു.

87. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മൊത്തം 250 കോടി രൂപ വകയിരുത്തുന്നു. ഈ സ്ഥാപനങ്ങളുടെ സാങ്കേതിക നവീകരണത്തിനും ഉൽപന്ന വൈവിദ്ധ്യവത്കരണത്തിനുമാണ് പണം ചെലവഴിക്കുക. കെമിക്കൽ വ്യവസായങ്ങൾക്ക് 57 കോടി രൂപയും ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് 25 കോടി രൂപയും എഞ്ചിനീയറിംഗ് വ്യവസായങ്ങൾക്ക് 42 കോടി രൂപയും സെറാമിക് വ്യവസായങ്ങൾക്ക് 13 കോടി രൂപയും ഇലക്ട്രിക്കൽ വ്യവസായങ്ങൾക്ക് 57 കോടിരൂപയും ടെക്സ്റ്റൈൽ വ്യവസായത്തിന് 28 കോടി രൂപയും മറ്റുള്ളവയ്ക്ക് 21 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. 35 കോടി രൂപ പ്രവർത്തന മൂലധനത്തിനായി വകയിരുത്തുന്നു.

88. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ കേരളത്തിന്റെ സ്ഥാനം 2021-22ൽ ആദ്യത്തെ 10ലേയ്ക്ക് ഉയർത്തുന്നതിനുള്ള തീവ്രപരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒറ്റ സ്ഥലത്ത് അപേക്ഷകൾ നൽകിയാൽ മതി; അഡ്വാൻസ് അനുമതിയും ലഭിക്കും എന്ന രീതിയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കും.

ടൂറിസം

89. കോവിഡുമൂലം സമ്പൂർണ അടച്ചുപൂട്ടലിലേയ്ക്ക് നീങ്ങിയ മേഖലയാണ് ടൂറിസം. ടൂറിസം സംരംഭകർക്ക് പലിശയിളവോടു കൂടിയ വായ്പയും ഹൗസ് ബോട്ടുകൾക്ക് ധനസഹായവും അനുവദിക്കുകയുണ്ടായി. കെടിഡിസിയ്ക്ക് ശമ്പളം നൽകുന്നതിനുവേണ്ടി 35 കോടി രൂപ അനുവദിക്കുകയുണ്ടായി. 2021-22ൽ ടൂറിസം മേഖല സാധാരണനിലയിലേയ്ക്ക് തിരിച്ചു വരും. ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് നടപ്പുവർഷത്തിൽ തന്നെ ഊർജ്ജിത മാർക്കറ്റിംഗ് ആരംഭിച്ചു തുടങ്ങി. 25 കോടി രൂപ അധികമായി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

90. കേരള ടൂറിസത്തിൽ ഇപ്പോൾ ഏറ്റവുമധികം ഊന്നുന്നത് ഹെറിറ്റേജ് സ്പൈസ് റൂട്ട് പ്രോജക്ടിലാണ്. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്കു പുറമെ, തിരുവനന്തപുരവും കോഴിക്കോടും 2021-22ൽ ഇതിന്റെ ഭാഗമാകുന്നുണ്ട്. ഈ പദ്ധതികൾക്കായി 40 കോടി രൂപ അനുവദിക്കുന്നു. തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്കുവേണ്ടി 10 കോടി രൂപ പ്രത്യേകം വകയിരുത്തുന്നു. സർ, ഹെറിറ്റേജ് ടൂറിസം പദ്ധതികളുടെ ലക്ഷ്യം വിനോദ സഞ്ചാരം മാത്രമ